ഇസ്‌ലാമും സ്ത്രീകളുടെ തീരുമാന സ്വാതന്ത്ര്യവും – ഖലീലുര്‍റഹ്മാന്‍ മുട്ടില്‍
സ്വാതന്ത്ര്യം മനുഷ്യന്റെ ജീവവായുവാകുന്നു. അതിന് വിലക്കുകളും കുരുക്കുകളും വീഴുമ്പോള്‍ ശ്വാസതടസ്സം കണക്കെ ജീവിത മുന്നേറ്റങ്ങള്‍ക്കും തടസ്സങ്ങള്‍ നേരിടും. അതുകൊണ്ട് തന്നെ മനുഷ്യന്‍ ഇടപെടുന്ന സകലമേഖലകളിലും സ്വാതന്ത്ര്യത്തിനു വേണ്ടി ഇസ്‌ലാം വാദിക്കുന്നുണ്ട്. അതോടൊപ്പം പൊതുനന്മയ്ക്ക് വിഘാതമാകുന്ന വ്യക്തിസ്വാതന്ത്ര്യത്തെ നിരുത്സാഹപ്പെടുത്തുകയോ വിലക്കുകയോ ചെയ്യുന്നുമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ ലോകമാദരിക്കുന്ന വ്യക്തിത്വങ്ങളെ നിന്ദിക്കുന്നതും മതസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇതര മതസ്ഥരെ അന്യായമായി ഉന്മൂലനം ചെയ്യുന്നതും രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ മറവില്‍ ഭരണാധികാരികളുടെ നന്മകള്‍ പോലും തിന്മയായി ചിത്രീകരിക്കുന്നതും സമൂഹനന്മയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നതുകൊണ്ട് ഇസ്‌ലാം അവയെല്ലാം കര്‍ശനമായി നിരോധിക്കുന്നു. വ്യക്തി പക്ഷത്തുനിന്നും വീക്ഷിക്കുമ്പോള്‍ ഇത്തരം വിലക്കുകള്‍ ഒരുപക്ഷേ അവന്റെ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നവയായിരിക്കാം. ആലോചനാ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും തീരുമാന സ്വാതന്ത്ര്യവുമെല്ലാം ഈ മാനദണ്ഡത്തിനു വിധേയമായി മാത്രമേ മതം അനുവദിച്ചുകൊടുക്കുന്നുള്ളൂ. ഈ മൂന്ന് സ്വാതന്ത്ര്യവും ഇസ്‌ലാം ആണിനും പെണ്ണിനും ഒരുപോലെ വകവെച്ചുകൊടുക്കുന്നുമുണ്ട്. ഇവയില്‍ ആണിന് പരമോന്നത മേധാവിത്വം നല്കുകയും അതിനുകീഴില്‍ അഭിപ്രായപ്രകടന സ്വാതന്ത്ര്യം പോലുമില്ലാതെ സ്ത്രീ നരകിക്കുകയും ചെയ്യണമെന്ന് ഇസ്‌ലാം ആഗ്രഹിക്കുന്നില്ല.
ആലോചനാ സ്വാതന്ത്ര്യമാണ് വ്യക്തി എന്ന നിലയില്‍ ഓരോ ആണിനും പെണ്ണിനും പ്രഥമമായി ലഭിക്കേണ്ടത്. അതിന്നനുസരിച്ചായിരിക്കുമല്ലോ തുടര്‍ന്നുള്ള അഭിപ്രായവും തീരുമാനവുമെല്ലാം രൂപീകരിക്കുന്നത്. എന്നാല്‍ ആലോചിക്കാനുള്ള സ്വാതന്ത്ര്യം ഇസ്‌ലാം ആണിനെന്നപോലെ സ്ത്രീകള്‍ക്കും നല്കുക മാത്രമല്ല, നിര്‍ബന്ധമായും ഈ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തണമെന്നു അനുശാസിക്കുക കൂടി ചെയ്യുന്നു. ഖുര്‍ആന്‍ വചനങ്ങളിലധികവും അവസാനിക്കുന്നത് ‘നിങ്ങള്‍ ചിന്തിക്കുന്നില്ലേ’ ‘നിങ്ങള്‍ ആലോചിക്കുന്നില്ലേ’ എന്നിങ്ങനെ ആലോചനാസ്വാതന്ത്ര്യത്തെ പ്രയോഗവത്കരിക്കാനുള്ള ആഹ്വാനവുമായിട്ടാകുന്നു. ഈ സംബോധനകള്‍ ആണ്‍വര്‍ഗത്തോട് മാത്രമുള്ളതല്ലെന്നത് പ്രത്യേകം പ്രസ്താവ്യമാകുന്നു. സ്ത്രീശാക്തീകരണത്തിന്റെ മറവില്‍ ആധുനിക സ്ത്രീ ആര്‍ജിച്ചെടുത്ത പുരുഷമേധാവിത്വത്തിനെതിരില്‍ മാത്രം ചിന്തിക്കാനുള്ള ആലോചനാസ്വാതന്ത്ര്യമല്ല മതം നല്കുന്നത്. പുരുഷചിന്തയ്ക്ക് വിധേയമാവുന്നതും അല്ലാത്തതുമായ സകല സമസ്യകളെക്കുറിച്ചും സ്ത്രീകള്‍ക്കും ആലോചനാ സ്വാതന്ത്ര്യം അത് നല്കുന്നുണ്ട്.
ആലോചനയിലൂടെ രൂപീകരിച്ചെടുക്കുന്ന അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യമാണ് വ്യക്തികള്‍ക്കു ലഭിക്കേണ്ട മറ്റൊരു സ്വാതന്ത്ര്യം. ഇതും ഇസ്‌ലാം സ്ത്രീകള്‍ക്ക് അനുവദിച്ചുകൊടുക്കുന്നുണ്ട്. നിത്യജീവിത വിഹാരമേഖലയായ കുടുംബമെന്ന ചെറുയൂണിറ്റിലെ പ്രശ്‌നങ്ങളിലും സാമൂഹ്യ പ്രശ്‌നങ്ങളിലും വിവാദവിഷയങ്ങളില്‍ കോടതി മുറികളിലും തന്റെ അഭിപ്രായം പ്രകടിപ്പിക്കാന്‍ അവള്‍ക്ക് ഇസ്‌ലാം അനുമതി നല്കുന്നുണ്ട്. പ്രവാചകജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിത്വം ഋജുവായ അഭിപ്രായങ്ങളുള്ള ഭാര്യ ഖദീജയുടേതായിരുന്നു. നിസ്സാരവും ഗുരുതരവുമായ പ്രശ്‌നങ്ങളിലെല്ലാം അദ്ദേഹം ഭാര്യമാരോട് അഭിപ്രായം തേടിയിരുന്നു. രോഗാതുരനായി കിടക്കുന്ന പ്രവാചകന്‍ ഭാര്യ ആഇശയുടെ വീട്ടില്‍ അന്ത്യസമയങ്ങള്‍ കഴിച്ചുകൂട്ടുന്നതിനുള്ള തീരുമാനമെടുക്കും മുമ്പ് മറ്റു ഭാര്യമാരോടെല്ലാം അഭിപ്രായം തേടി. അവര്‍ അനുകൂലാഭിപ്രായം പ്രകടിപ്പിച്ചപ്പോള്‍ മാത്രാമാണദ്ദേഹം അതൊരു തീരുമാനമായി കൈക്കൊണ്ടത്.
പക്ഷേ സമൂഹത്തില്‍ ചിലര്‍ പ്രശ്‌നങ്ങളില്‍ ഭാര്യമാരുടെ അഭിപ്രായം തേടുന്നതിനെ ആണത്വത്തിന് അപമാനമായി കരുതുന്നവരാണ്. സ്വന്തം കുഞ്ഞിന് പേരിടുന്ന കാര്യത്തില്‍ പോലും ഭാര്യയുടെ അഭിപ്രായം തേടാറില്ല. തന്റെ കുഞ്ഞിന്റെ പേരിനെക്കുറിച്ച് ഭാര്യക്കും ഒരു സങ്കല്പമുണ്ടാവുമല്ലോ? അവ പരിഗണിക്കുന്നത് അപമാനവും ആണത്വത്തിന് നിരക്കാത്തതുമാണെന്ന് കരുതുന്നവര്‍ സകല പ്രശ്‌നങ്ങളിലും ഭാര്യമാരുടെ അഭിപ്രായം തേടിയ പ്രവാചകചര്യയെ അവമതിക്കുകയാകുന്നു.
പ്രവാചകനില്‍ നിന്നും മതാധ്യാപനങ്ങള്‍ നേരിട്ടു പഠിച്ച സ്വഹാബിവനിതകള്‍ സാമൂഹ്യപ്രശ്‌നങ്ങളിലും ആര്‍ജവത്തോടെ അഭിപ്രായം പ്രകടിപ്പിക്കുകയും പ്രതികരിക്കുകയും ചെയ്തിരുന്നു. പ്രവാചകാനുയായികളില്‍ പ്രമുഖനായ രണ്ടാം ഖലീഫ ഉമര്‍ (റ) വെള്ളിയാഴ്ച പള്ളിയിലെ മിന്‍ബറില്‍വെച്ച് പ്രസംഗിച്ചുകൊണ്ടിരിക്കുന്നു. പ്രസംഗത്തിനിടയില്‍ അദ്ദേഹം പുരുഷന്‍ സ്ത്രീക്കു നല്കുന്ന വിവാഹമൂല്യത്തെക്കുറിച്ച്, അതിന്റെ തോത് കുറയ്ക്കണമെന്ന് പ്രസ്താവന നടത്തി. പുരുഷന്മാര്‍പോലും പ്രതികരിക്കാന്‍ മടിക്കുന്ന നിശ്ശബ്ദമായ ആ സദസ്സില്‍ വെച്ച് ശ്രോതാക്കളിലൊരു സ്ത്രീ അതിനെതിരില്‍ പ്രതികരിച്ചു. കൂമ്പാരമായി മഹ്ര്‍ നല്‍കുന്നതിനെ അല്ലാഹു വിലക്കിയിട്ടില്ലെന്നും (4:20) അതുകൊണ്ടു താങ്കള്‍ക്ക് വിലക്കാനുള്ള അധികാരമില്ലെന്നും മിന്‍ബറിലേക്ക് നോക്കി ഉമറിനോയ് പറഞ്ഞ ആ സ്ത്രീയുടെ അഭിപ്രായം ഉമര്‍(റ) സ്വീകരിക്കുകയും ഉടന്‍ പറഞ്ഞത് പിന്‍വലിക്കുകയും ചെയ്തു. സ്ത്രീകള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമില്ലെന്നുപറഞ്ഞ് ഉമര്‍(റ) ആ സ്ത്രീയെ ആക്ഷേപിക്കുകയോ ഭരണാധികാരിയെ ചോദ്യംചെയ്തു എന്നതിന്റെ പേരില്‍ അവളെ അറസ്റ്റുചെയ്യുകയോ ചെയ്തില്ല. ഇസ്‌ലാം സ്ത്രീകള്‍ക്ക് വകവെച്ചുകൊടുക്കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിനും വിശ്വാസിസമൂഹം പെണ്ണഭിപ്രായങ്ങള്‍ക്കു നല്കിയ സ്വീകാര്യതയ്ക്കുമുള്ള പ്രകടമായ തെളിവാകുന്നു ഈ സംഭവം. കാരണം ഖലീഫ പ്രസംഗിക്കുന്ന പള്ളിയിലെ ശ്രോതാക്കളായ പുരുഷന്മാരും സ്ത്രീക്ക് അഭിപ്രായപ്രകടന സ്വാതന്ത്ര്യമില്ലെന്നു പറഞ്ഞുകൊണ്ട് അവളെ എതിര്‍ക്കുകയോ ശാസിക്കുകയോ ചെയ്തില്ല.
എന്നുമാത്രമല്ല, ചരിത്രത്തില്‍ ഈ സംഭവം ഉല്ലേഖനം ചെയ്തുകൊണ്ട് പില്‍കാല മുസ്‌ലിംലോകവും അതംഗീകരിക്കുകയാണ് ചെയ്തത്. ഇതുപോലെ വിവാദമായേക്കാവുന്ന പ്രശ്‌നങ്ങളില്‍ ആവശ്യമായിവന്നാല്‍ സ്ത്രീകളുടെ സാക്ഷ്യം രേഖപ്പെടുത്താമെന്ന് മതം അറിയിക്കുന്നു. അതിനുദാഹരണമാണ് പരസ്പരം കടംനല്കുമ്പോള്‍ രണ്ടു സാക്ഷികളുടെ സാന്നിധ്യത്തില്‍ അത് രേഖപ്പെടുത്തണമെന്നും പുരുഷ സാക്ഷികളുടെ അഭാവത്തില്‍ രണ്ട് സ്ത്രീകളുടെയും ഒരു പുരുഷന്റെയും സാക്ഷിത്വം സ്വീകരിക്കുകയും ചെയ്യണമെന്ന ഖുര്‍ആനിന്റെ നിര്‍ദേശം(2:282). തര്‍ക്കങ്ങള്‍ ഉടലെടുത്താല്‍ സാക്ഷിമൊഴി കോടതിയില്‍ സ്വീകാര്യമാണെന്നത് ഊഹിക്കാവുന്നതേയുള്ളൂ.
മതം സ്ത്രീയുടെ വ്യക്തിത്വമുള്‍ക്കൊണ്ടുകൊണ്ട് അനുയോജ്യമായ സ്വാതന്ത്ര്യം നല്കുന്നുണ്ടെങ്കിലും സമൂഹമധ്യേ പലപ്പോഴും അവള്‍ക്ക് അഭിപ്രായസ്വാതന്ത്ര്യം ലഭ്യമല്ലാതെ പോവുന്നുണ്ട്. ‘തലയിരിക്കുമ്പോള്‍ വാലിളകേണ്ടതില്ല’പോലുള്ള ചൊല്ലുകളിലെ പ്രതികള്‍ പലപ്പോഴും സ്ത്രീകളായിരിക്കും. ഭര്‍ത്താവുള്ളപ്പോള്‍ ഭാര്യ അഭിപ്രായപ്രകടനം നടത്തുന്നതും ആണുങ്ങളുടെ ചര്‍ച്ചക്കിടയില്‍ സ്ത്രീകള്‍ ഇടപെടുന്നതുമെല്ലാം സമൂഹത്തിലെ അധികമാളുകള്‍ക്കും രസിക്കാറില്ല. ഇത് മതത്തിന്റെ കുഴപ്പമല്ല; മതാനുയായികള്‍ മതം ആചരിക്കുന്നതിലുള്ള കുഴപ്പമാകുന്നു. ജനാധിപത്യത്തിന്റെ ഈറ്റില്ലമാകുന്നു ഇന്ത്യ. അഭിപ്രായസ്വാതന്ത്ര്യം, ജനാധിപത്യം നല്കുന്ന അതിപ്രധാനമായ പൗരാവകാശവും. പക്ഷേ, സ്ത്രീകള്‍ക്കെതിരായ മുന്‍വിധി ഇന്ത്യാരാജ്യത്തെ ജനാധിപത്യവാദികളില്‍ പോലും നിലനില്‍ക്കുന്നത് കാണാം. ഇത് ജനാധിപത്യത്തിന്റെ കുഴപ്പമല്ലല്ലോ?
ആലോചനാ-അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ സ്ത്രീക്ക് നല്കുന്ന ഇസ്‌ലാം, അതിപ്രധാനമായ തീരുമാന സ്വാതന്ത്ര്യവും അവള്‍ക്ക് നല്കുന്നുണ്ട്. ലോകത്തെവിടെയുമുള്ള സമൂഹങ്ങളില്‍ ഏറ്റവുംകൂടുതല്‍ വിവാദങ്ങളും കോലാഹലങ്ങളും സൃഷ്ടിക്കുന്ന പ്രശ്‌നമാണ് മതപരിവര്‍ത്തനം. കുടുംബത്തിന്റെയോ ഭര്‍ത്താവിന്റെയോ മാതാപിതാക്കളുടെയോ മതം ഒരു സ്ത്രീ ഉപേക്ഷിക്കുകയും മറ്റൊരു മതം ആശ്ലേഷിക്കുകയും ചെയ്താല്‍ അത് ധിക്കാരവും ധാര്‍ഷ്ട്യവുമായി കാണുകയും അവളുടെ ജീവനുപോലും ഭീഷണിയായിത്തീരുകയും ചെയ്യും. ഇത് പുരുഷന്‍ ചെയ്താലും കുറ്റകരമായിട്ടാണ് സമൂഹം കാണുന്നതെങ്കിലും മതപരിവര്‍ത്തനം നടത്തിയ സ്ത്രീ നേരിടേണ്ടത്ര പീഡനം പുരുഷന്‍ നേരിടേണ്ടിവരാറില്ല. എന്നാല്‍ ഈ മേഖലയില്‍ പോലും ഇസ്‌ലാം പുരുഷനു നല്കുന്നതുപോലെയുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്കും നല്കുന്നുണ്ട്. അവിശ്വാസികള്‍ക്ക് ഉദാഹരണമായി ഖുര്‍ആന്‍ ഉദാഹരിക്കുന്നത് പ്രവാചകന്മാരായ നൂഹ് നബിയുടെയും ലൂത്വ്‌നബിയുടെയും ഭാര്യമാരെയാണ്(66:10). അവരുടെമേല്‍ ഖുര്‍ആന്‍ ആരോപിക്കുന്ന കുറ്റം, സച്ചരിതരായ അവരുടെ ഭര്‍ത്താക്കളെ വഞ്ചിച്ചുവെന്നതത്രെ. ഇസ്‌ലാം ആശ്ലേഷിക്കുന്നത് പ്രപഞ്ചത്തിലെ സൃഷ്ടികളില്‍ ആരോടെങ്കിലുമുള്ള കടപ്പാടോ അത് കൈവെടിയുന്നത് അവരോടുള്ള വഞ്ചനയോ അല്ല; മറിച്ച് സ്രഷ്ടാവായ അല്ലാഹുവിനോടുള്ള വഞ്ചനയാകുന്നു. ഈ രണ്ടുസ്ത്രീകളും ഇസ്‌ലാം കൈയൊഴിഞ്ഞുകൊണ്ട് അല്ലാഹുവെ വഞ്ചിച്ചതിനു പുറമെ ഭര്‍ത്താക്കള്‍ക്കെതിരില്‍ ശത്രുവിനെ സഹായിക്കുകയും അവരുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കെതിരില്‍ പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ട് അവരെയും ചതിച്ചു. പക്ഷേ അല്ലാഹുവിനെ വഞ്ചിച്ചതിനെക്കുറിച്ച് ഖുര്‍ആന്‍ പ്രത്യേകം ഒന്നും പറഞ്ഞില്ല. ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനുള്ള അവരുടെ സ്വാതന്ത്ര്യത്തെ അല്ലാഹു തടസ്സപ്പെടുത്തുകയുമുണ്ടായില്ല. മറിച്ച്, കൂടെ കഴിയുന്ന പ്രവാചകന്മാരെ വഞ്ചിച്ചതിനെയാണ് അല്ലാഹു അധിക്ഷേപിച്ചത്. തൊട്ടടുത്ത വചനങ്ങളില്‍ വിശ്വാസിനികള്‍ക്ക് ഉദാഹരണമായി ഉദാഹരിച്ചത് ഫറോവയുടെ പത്‌നിയെയാകുന്നു. ഭര്‍ത്താവ് ഫിര്‍ഔനിന്റെ പാരമ്പര്യ മതമുപേക്ഷിച്ച് പ്രകൃതി മതത്തെ തെരഞ്ഞെടുത്ത ആ മഹതിയുടെ തീരുമാന സ്വാതന്ത്ര്യത്തെ അല്ലാഹു വിമര്‍ശിക്കാതെ ലോകം തനിക്കെതിരില്‍ ആര്‍ത്തിരമ്പുമെന്ന് മനസ്സിലാക്കിയിട്ടും ശരിയായ തീരുമാനത്തില്‍ ഉറച്ചുനിന്ന ആ മഹതിയെ പ്രശംസിക്കുകയാണ് ചെയ്തത്.
ഒരു സ്ത്രീയുടെ ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളിലൊന്നാണ് അവളുടെ വിവാഹാന്വേഷണകാലം. ഭര്‍ത്താവിനെ തെരഞ്ഞെടുക്കുന്നതിന് സ്ത്രീക്ക് പൂര്‍ണ സ്വാതന്ത്ര്യം മതം നല്കുന്നുണ്ട്. തന്റെ മനസ്സിന് സംതൃപ്തനായ വിശ്വാസിയെ മതനിബന്ധനകള്‍ക്ക് വിധേയമായി അവള്‍ക്ക് സ്വീകരിക്കാം. മാതാപിതാക്കളോ സഹോദരങ്ങളോ തെരഞ്ഞെടുക്കുന്ന ഭര്‍ത്താവിനെ നിര്‍ബന്ധമായും അംഗീകരിച്ചുകൊള്ളണമെന്ന അടിച്ചേല്പിക്കല്‍ നയം മതത്തിന്റെ സംഭാവനയല്ല. സ്ത്രീയുടെ തീരുമാന സ്വാതന്ത്ര്യത്തെയും വിവേചനാധികാരത്തെയും അംഗീകരിക്കുകയാണ് ഇതിലൂടെ ഇസ്‌ലാം ചെയ്യുന്നത്. എന്നാല്‍ പാശ്ചാത്യരില്‍ നിന്നും ലോകം കടമെടുത്തുകൊണ്ടിരിക്കുന്ന കയറൂരിവിട്ട ലൈംഗിക സ്വാതന്ത്ര്യത്തെ മതം അംഗീകരിക്കുന്നില്ല. ബോയ് ഫ്രണ്ടെന്ന ഓമനപ്പേരില്‍ താല്‍കാലിക ഭര്‍ത്താക്കളെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് തീരുമാന സ്വാതന്ത്ര്യമെന്നതുകൊണ്ട് അര്‍ഥമാക്കുന്നതെങ്കില്‍ അതിന് മതം വിലക്കേര്‍പ്പെടുത്തുന്നുണ്ട്. കാരണം, നടേ സൂചിപ്പിച്ച സാമൂഹ്യനന്മയ്ക്ക് ഹാനികരവും സാമൂഹ്യ വിപത്തിന് നിമിത്തവുമാണ് ഈ സ്വാതന്ത്ര്യം. ”അമേരിക്കയുടെ ഏറ്റവും വലിയ ദുരന്തം റൈഫിളേന്തിയ കുമാരന്മാരും കൈക്കുഞ്ഞിനെയേന്തിയ കുമാരികളുമാണെന്ന്” സ്ഥാനമൊഴിയുമ്പോള്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ നടത്തിയ പ്രസ്താവന ഇതോടൊപ്പം ചേര്ത്തുവായിക്കേണ്ടിയിരിക്കു ന്നു.
ആലോചനാ-അഭിപ്രായ-തീരുമാന സ്വാതന്ത്ര്യങ്ങളെ മതം മനുഷ്യര്‍ക്കംഗീകരിച്ചു നല്കുമ്പോള്‍ അവയുടെ ദുരുപയോഗം തടയാനും ശ്രദ്ധിക്കുന്നുണ്ട്. ഇതര ചെയ്തികളിലെന്നപോലെ സ്വാതന്ത്ര്യം ആസ്വദിക്കുന്നതും അനുവദിക്കുന്നതും ദൈവഹിതത്തിന്നനുസരിച്ചും ദൈവപ്രീതി കരസ്ഥമാക്കാന്‍ വേണ്ടി സദുദ്ദേശ്യത്തോടുകൂടിയുമായിരിക് കണമെന്നാണ് മതം നിര്‍ദേശിക്കുന്നത്. ”നിങ്ങള്‍ ജനങ്ങളോട് നല്ലതു പറയുവീന്‍” (2:83), ”തങ്ങളുടെ കാര്യം തീരുമാനിക്കുന്നത് അന്യോന്യമുള്ള കൂടിയാലോചനയിലൂടെ ആയിരിക്കും”(42:38) എന്നീ ഖുര്‍ആന്‍ വചനങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യവും തീരുമാന സ്വാതന്ത്ര്യവും വഴിമാറിപ്പോവാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ കൂടിയാവുന്നു. ഇവ പാലിക്കല്‍ വിശ്വാസിയായ ആണിന്റെയും പെണ്ണിന്റെയും ബാധ്യതയത്രെ.