22 Sunday
December 2024
2024 December 22
1446 Joumada II 20

ഇസ്‌ലാമും സിഖ് മതവും പാരസ്പര്യത്തിന്റെ വര്‍ത്തമാനങ്ങള്‍ – എം എസ് ഷൈജു

ഡല്‍ഹി കലാപ നാളുകളില്‍ കലാപ ബാധിത പ്രദേശങ്ങളിലെ മുസ്‌ലിം വിഭാഗങ്ങള്‍ക്ക് അവിടങ്ങളിലുള്ള സിഖ് മതവിശ്വാസികഖള്‍ നല്‍കിയ പിന്തുണയും സഹകരണവുമാണ് ഭീതിതമായ കലാപ വാര്‍ത്തകള്‍ക്കിടയിലും ഏറെ ശ്രദ്ധിക്കപ്പെട്ട ചില വര്‍ത്തമാനങ്ങള്‍. ഒറ്റപ്പെട്ട് പോയ മുസ്‌ലിം വിഭാഗക്കാരെ പ്രശ്‌നബാധിത സ്ഥലങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താനും അവര്‍ക്ക് വേണ്ട സുരക്ഷയൊരുക്കാനും അവര്‍ നടത്തിയ ശ്രമങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
സിഖ് മത വിശ്വാസികളെപ്പോലെ തന്നെ കലാപത്തിനിരയായ മുസ്‌ലിംകള്‍ക്ക് സംരക്ഷണ കവചമൊരുക്കുന്നതില്‍ ഹിന്ദുമത വിശ്വാസികളായ അനേകം പേരും മുന്നിട്ടിറങ്ങിയതിന്റെ വാര്‍ത്തകള്‍ ദേശീയ പത്രങ്ങളൊക്കെ പ്രസിദ്ധീകരിക്കുകയും ചെയ്തു. സിഖുകാര്‍ തങ്ങളുടെ ഗുരുദ്വാരകളും പ്രാര്‍ഥനാ ഇടങ്ങളും മുസ്‌ലിംകള്‍ക്കായി തുറന്നുവെച്ചു. ഡല്‍ഹിയുടെ ഓരോ കോണില്‍ നിന്നും ഇത്തരത്തിലുള്ള അനേകം വാര്‍ത്തകള്‍ പങ്കുവെക്കപ്പെട്ടു. ഇതിന്റെ നന്ദി സൂചകമായി പ്രദേശത്തെ മുസ്‌ലിംകള്‍ മുസ്‌ലിം -സിഖ് സൗഹൃദത്തിന്റെ പുതിയ അധ്യായങ്ങള്‍ പലതും സൃഷ്ടിക്കുന്ന വാര്‍ത്തകളും നാം ഇതിനോടകം വായിച്ചു. ഈയൊരു പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ചരിത്രത്തില്‍ നിലനിന്നിട്ടുള്ള സിഖ്- മുസ്‌ലിം സൗഹൃദങ്ങളുടെയും സഹകരണങ്ങളുടെയും ചരിത്രവും വസ്തുതകളും നമ്മുടെ ഇന്നലെകളില്‍ നിന്ന് നാം വായിച്ചറിയേണ്ടതുണ്ട്.

ഡല്‍ഹി കലാപം ആരംഭിക്കുന്നതിന് മുമ്പു തന്നെ ഡല്‍ഹിയില്‍ നടന്നുവന്ന സി എ എ വിരുദ്ധ സമരങ്ങളില്‍ സാന്നിധ്യമറിയിച്ച് കൊണ്ടാണ് സിഖ് സമൂഹം മുസ്‌ലിംകളുമായി സൗഹൃദത്തിന്റെ പുതിയ അധ്യായങ്ങള്‍ രചിക്കാന്‍ തുടങ്ങുന്നത്. ശഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍ക്ക് ഭക്ഷണം നല്‍കാനായി തന്റെ ഫഌഷും മറ്റു ആസ്തികളും വിറ്റ ഒരു സിഖുകാരന്റെ വാര്‍ത്ത പ്രാധാന്യപൂര്‍വം ദേശീയ പത്രങ്ങളും പ്രാദേശിക പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡല്‍ഹിയിലെ കലാപ പ്രദേശങ്ങളിലെ സ്ത്രീകളെയും കുട്ടികളെയും സുരക്ഷിതരാക്കാനും തകര്‍ന്ന വീടുകള്‍ പുതുക്കിപ്പണിയാനും സമ്പത്തും അധ്വാനവും കൊണ്ട് കൂടെ നിന്ന നൂറ് കണക്കിന് സിഖുകാര്‍ രാജ്യത്തെ മതസഹവര്‍ത്തിത്വത്തിന്റെ പുതിയൊരു കാഴ്ചയായിരുന്നു. പല ഗുരുദ്വാരകളും താത്ക്കാലിക ആശുപത്രികളും താമസ സ്ഥലങ്ങളുമായി. പല സിഖ് കുടുംബങ്ങളും കലാപത്തിന്റെ ഇരകളായ മുസ്‌ലിം കുടുംബങ്ങള്‍ക്ക്  സംരക്ഷണം തീര്‍ത്തു. കാലങ്ങളായി തങ്ങള്‍ക്കും പ്രദേശത്തെ സിഖുകാര്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന, ഒരു ഗുരുദ്വാരയുമായി ബന്ധപ്പെട്ട കേസില്‍ നിന്ന് പിന്മാറിക്കൊണ്ട് യു പി യിലെ സഹാറന്‍പൂരിലെ മുസ്‌ലിംകള്‍ സിഖ് വിശ്വാസികളോടുള്ള തങ്ങളുടെ കടപ്പാടും നന്ദിയും പ്രകാശിപ്പിച്ചു. വിവാഹങ്ങളിലും ആഘോഷങ്ങളിലും മുസ്‌ലിംകള്‍ സിഖ് ആചാരങ്ങളും വേഷങ്ങളും അണിഞ്ഞുകൊണ്ട് സൗഹൃദത്തിന്റെ പുതിയ ആത്മ ബന്ധങ്ങള്‍ക്ക് മിഴിവേകുന്നു. ഇത്തരം സൗഹൃദത്തിന്റെയും പാരസ്പര്യത്തിന്റെയും പുതുവഴികള്‍ ഏറെയുണ്ടെന്ന് ഈ വിഭാഗം ജനങ്ങളും തിരിച്ചറിയുന്ന ഒരു സാഹചര്യമാണ് രാജ്യത്ത് നിലവില്‍ സംജാതമായിരിക്കുന്നത്.
മുസ്‌ലിം- സിഖ് ബന്ധങ്ങളുടെ ചരിത്രം ആരംഭിക്കുന്നത് സിഖ് മതത്തിന്റെ ആരംഭകാലത്ത് തന്നെയാണ്. പതിനാലാം നൂറ്റാണ്ടില്‍ ചിന്തകനും യാത്രികനും ജ്ഞാനാന്വേഷിയുമായിരുന്ന ഗുരു നാനാക്കാണ് സിഖ് മതം സ്ഥാപിക്കുന്നത്. പഞ്ചാബിന്റെ സാമൂഹിക പശ്ചാത്തലത്തിലാണ് സിഖ് മതം പിറക്കുന്നത്. ധാരാളമായി ഹിന്ദുക്കള്‍ ഇസ്‌ലാം മതത്തിലേക്ക് കുടിയേറിയ ഒരു സ്ഥലമാണ് പഞ്ചാബ്. പതിനാലാം നൂറ്റാണ്ടിലെ ഹിന്ദു സമൂഹത്തില്‍ നിലനിന്നിരുന്ന കടുത്ത ജാതീയതയും വിമോചനങ്ങളും അതിന്റെ പേരില്‍ നിരാക്ഷേപം നടന്ന് പോന്ന ജാതി പീഡനങ്ങളുമാണ് ഇസ്‌ലാമിലേക്ക് കീഴ്ത്തട്ടുകാരായ ജനങ്ങളുടെ വന്‍തോതിലുള്ള ഒരു ഒഴുക്കിന് കാരണമായത്. തങ്ങള്‍ക്ക് താല്‍പര്യമില്ലാത്ത കീഴ്ത്തട്ടുകാര്‍ ഇസ്‌ലാമിലേക്ക് ചേക്കേറുന്നതില്‍ ലാഹോറിലെയും പഞ്ചാബിലെയും മറ്റു സ്ഥലങ്ങളിലെയും ജന്മിമാര്‍ക്ക് കാര്യമായ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നില്ല. ഹിന്ദു- മുസ്‌ലിം എന്നൊരു രാഷ്ട്രീയ, സാമുദായിക ഭിന്നത രൂപപ്പെടാത്ത അക്കാലത്ത് മുസ്‌ലിം പണ്ഡിതരും അക്കാലത്തെ ആത്മീയ നേതാക്കളും പുരോഹിതന്മാരുമൊക്കെ കീഴ്ത്തട്ടുകാരായ ഹിന്ദു ജനതയെ കൂടുതല്‍ ആകര്‍ഷിക്കുകയും  ചെയ്തിരുന്നു.

ഹിന്ദു മതത്തിനുള്ളില്‍ രൂപം കൊണ്ട മാനവിക വിരുദ്ധതയും ജാതീയതയില്‍ ഉറഞ്ഞ വരേണ്യ ചിന്തകളും ഗുരുനാനാക്കിനെ അസ്വസ്ഥപ്പെടുത്തി. മനുഷ്യരില്‍ അടിച്ചേല്പിക്കുന്ന ഉച്ചനീചത്വങ്ങള്‍ക്ക് അന്ത്യം വരുത്താനുള്ള ആലോചനകളിലായിരുന്നു ഗുരു. ഹിന്ദുമതത്തിനുള്ളില്‍ ഒരു പരിഷ്‌ക്കരണമെന്ന ആശയത്തിന് വലിയ പ്രസക്തിയില്ലെന്നാണ് ഗുരു കരുതിയത്. ഹിന്ദു മതത്തിന്റെ ദൈവശാസ്ത്ര സങ്കല്പങ്ങളോട് അദ്ദേഹത്തിന് പ്രതിപത്തി തോന്നിയില്ല. ഇസ്‌ലാം മുന്നോട്ടു വെക്കുന്ന ഏകദൈവ ദര്‍ശനവും ദൈവ സങ്ക്‌ലപങ്ങളുമാണ് കൂടുതല്‍ കരണീയവും സ്വീകരിക്കാന്‍ യോജ്യവുമെന്ന നിലപാടായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.
എന്നാല്‍ ഇസ്‌ലാമിനുള്ളില്‍ നിലനില്‍ക്കുന്ന പൗരോഹിത്യവും മതത്തിന് മേല്‍ ചിലര്‍ക്ക് മാത്രം ലഭിക്കുന്ന ആധിപത്യവും സ്വതന്ത്ര ചിന്തക്ക് മതത്തിനുള്ളില്‍ അനുഭവപ്പെടുന്ന ഇടുക്കവും അദ്ദേഹത്തിന് സ്വീകാര്യമായിരുന്നില്ല. മതം പുരോഹിതരുടെ കുത്തകയായിരുന്ന ഒരു ഏര്‍പ്പാട്, നിലനിന്ന ഇസ്‌ലാം മതത്തില്‍ അദ്ദേഹത്തിന് അനുഭവപ്പെട്ടു. ഇസ്‌ലാമിനും ഹിന്ദു ദര്‍ശനങ്ങള്‍ക്കുമിടയില്‍ മനുഷ്യന്റെ സാമൂഹികവും ആത്മീയവുമായ ഉദ്ധാരണത്തിന് ഉതകുന്ന ഒരു ഇടമുണ്ടെന്ന നിഗമനത്തിലാണ് സിഖ് മതമെന്ന ഒരു ദാര്‍ശനിക വ്യവസ്ഥക്ക് ഗുരുനാനാക്ക് രൂപം നല്‍കുന്നത്.
എന്തുകൊണ്ടാണ് കീഴ്ത്തട്ടുകാരായ ഹിന്ദുക്കള്‍ക്ക് ഇസ്‌ലാം ഒരഭയ സ്ഥാനമായി അനുഭവപ്പെടുന്നതെന്ന് മനസ്സിലാക്കാന്‍ ഗുരുനാനാക്ക് ശ്രമിച്ചു. സാമൂഹ്യ സങ്കല്പങ്ങളാണ് അതിന്റെ കാരണങ്ങളെന്ന് അദ്ദേഹം മനസ്സിലാക്കി. ഇസ്‌ലാം ഒരറ്റത്ത് എത്രത്തോളം ഉദാരവും മാനവികവും വൈജ്ഞാനികവുമാണോ, മറ്റേ അറ്റത്ത് അത്രത്തോളം മാനവിക വിരുദ്ധതയും പൗരോഹിത്യവും യാഥാസ്ഥിതികതയും, ജ്ഞാന വിരുദ്ധതയും കൊണ്ടും കലര്‍ന്ന് പങ്കിലമായി നിലനില്‍ക്കുന്നുണ്ടെന്ന ഗുരുനാനാക്കിന്റെ നിരീക്ഷണമാണ് സിഖ് മതമെന്ന ആത്മീയ ധാരയുടെ പിറവിക്ക് നിദാനമായിട്ടുള്ളത്. ഇത് രണ്ടിനുമിടയില്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍കും യോജിക്കാനും സഹകരിക്കാനും പങ്കുവെക്കാനും കഴിയുന്ന ഒരു വിശ്വാസധാരയുടെ പ്രസക്തിയില്‍ അദ്ദേഹം വിശ്വാസമര്‍പ്പിക്കുകയും ചെയ്തു.
സിഖ് മത രൂപീകരണത്തിന്റെ ആദ്യകാലങ്ങളില്‍ സൗഹൃദത്തിലും സൗഹാര്‍ദത്തിലും കഴിഞ്ഞുപോന്ന ഒരു ചരിത്രമാണ് ഇസ്‌ലാം- സിഖ്് മതങ്ങള്‍ക്ക് പറയാനുള്ളത്. പരസ്പരം കലഹിക്കേണ്ട സാഹചര്യങ്ങളൊന്നും ഇരു മതങ്ങള്‍ക്കുമിടയില്‍ നിലനിന്നിരുന്നില്ല. ഇസ്‌ലാം മതം അതീവ പ്രധാനമായി കാണുന്ന ദൈവ സങ്കല്പത്തിലെ ഏകതാ ബോധത്തോട് ഏറെക്കുറെ സമരസപ്പെട്ട് പോകുന്ന ഒരു വിശ്വാസമാണ് സിഖ് മതത്തിലുള്ളത്. എന്നാല്‍ തുടര്‍ന്നുള്ള കാലയളവില്‍ ഇരു മതങ്ങള്‍ക്കുമിടയില്‍ നിലനിന്നിരുന്ന സൗഹാദര്‍ങ്ങള്‍ക്ക് ചില ഉലച്ചിലുകള്‍ സംഭവിച്ചത് ശുദ്ധമായ രാഷ്ട്രീയ കാരണങ്ങളാലായിരുന്നു. ലോധി വംശവും മുഗളന്മാരുമാണ് സിഖ്- മുസ്‌ലിം അകല്‍ച്ചക്ക് കാരണമായത്.
സ്വതന്ത്രമായ ഒരു സാമൂഹ്യാവിഷ്‌ക്കാരമായി സിഖ് മതത്തെ കണ്ട ഗുരുനാനാക്കും തുടര്‍ന്നുവന്ന ഗുരുക്കന്മാരും ആ സ്വതന്ത്ര സാമൂഹിക വീക്ഷണത്തെയാണ് പ്രകാശിപ്പിക്കാന്‍ ശ്രമിച്ചത്. തത്വത്തില്‍ രാജാക്കന്മാരുടെയും സുല്‍ത്താന്മാരുടെയും ഭരണത്തെ അംഗീകരിക്കുമ്പോള്‍ തന്നെ അതിനുള്ളില്‍ നിന്ന് സിഖ് മതത്തിന്റെ ഒരു സാമൂഹികാവിഷ്‌ക്കാരത്തിനായാണ് അത് ശ്രമിച്ചത്. ഭരണകര്‍ത്താക്കള്‍ക്ക് ഈ ആഭ്യന്തര ആവിഷ്‌ക്കാരവും സമാന്തര ഘടനാ രൂപീകരണവും ഭൂഷണമായി തോന്നിയില്ല. ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് കടുത്ത എതിര്‍പ്പുകള്‍ സിഖ് ആചാര്യന്മാര്‍ക്കും ഗുരുക്കന്മാര്‍ക്കുമിടയില്‍ രൂപപ്പെടാന്‍ തുടങ്ങി. സമാന്തരമായൊരു ഭരണം രൂപപ്പെടുത്താനുള്ള നീക്കമാണ് സിഖ് ഗുരുക്കന്മാര്‍ നടത്തുന്നതെന്ന് വിലയിരുത്തിക്കൊണ്ട് മുഗള്‍ ചക്രവര്‍ത്തിമാര്‍ സിഖുകാരെ ആക്രമിച്ചു. മുസ്‌ലിം ഭരണാധികാരികളും സിഖ് മതക്കാരും തമ്മില്‍ രൂപപ്പെട്ട ശത്രുതാ ബോധം കാലക്രമേണ മുസ്‌ലിംകളും സിഖുകാരും തമ്മിലുള്ള രാഷ്ട്രീയ വിയോജിപ്പും സംഘര്‍ഷവുമായി പരിവര്‍ത്തനം ചെയ്യപ്പെട്ടു.
സിഖ് മതമെന്നത് അടിസ്ഥാനപരമായി സാമൂഹിക ഘടനയുടെ നിര്‍മാണം ഉന്നം വെക്കുന്ന ഒരു പ്രത്യയ ശാസ്ത്രമാണ്. സംഘര്‍ഷങ്ങളോട് രാജിയാകാതെ തന്നെ ഒരു ഭരണ ക്രമീകരണത്തിന് സിഖ് മത നേതൃത്വം എപ്പോഴും ശ്രമിച്ചുകൊണ്ടിരുന്നു. അതാകട്ടെ സംഘര്‍ഷങ്ങളെ മൂര്‍ച്ഛിപ്പിക്കാന്‍ പോന്നതായിരുന്നു.
പൊതുവില്‍ ഇങ്ങനെയൊക്കെയാണെങ്കിലും പ്രാദേശികമായും തൊഴില്‍ പരമായും മുസ്‌ലിംകളും സിഖുകാരും സൗഹാര്‍ദങ്ങളില്‍ കഴിഞ്ഞുപോന്ന അനേകമിടങ്ങള്‍ പഞ്ചാബിനുള്ളില്‍ തന്നെയുണ്ടായിരുന്നു. ഇന്ത്യാ വിഭജന കാലത്തെ സിഖ്- മുസ്‌ലിം കലാപങ്ങളില്‍ പോലും ആക്ഷേപമായി നിലനിന്ന അനേകം പ്രദേശങ്ങള്‍ പഞ്ചാബിലുണ്ടായിരുന്നു. കലാപകാരികളായ മുസ്‌ലിം സംഘങ്ങളില്‍ നിന്ന് സിഖുകാരെ സംരക്ഷിച്ച മുസ്‌ലിംകളുടെയും, കൊലവിളിയുയര്‍ത്തി പാഞ്ഞുനടന്ന സിഖ് തീവ്രവാദ ഗ്രൂപ്പുകളുടെ സംഘങ്ങളില്‍ നിന്ന് മുസ്‌ലിംകളെ രക്ഷിച്ച് നിര്‍ത്തിയ സിഖുകാരുടെയും അനേകം ചരിത്രങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ഇന്ത്യാ വിഭജനത്തോടെയാണ് രാജ്യം കണ്ട ഏറ്റവും വലിയ സിഖ്- മുസ്‌ലിം കലാപം അരങ്ങേറുന്നത്. വിഭജനവുമായി ബന്ധപ്പെട്ട് ബ്രിട്ടണ്‍ കൂടുതല്‍ പരിഗണന കൊടുത്തത് മുസ്‌ലിം- ഹിന്ദു പ്രശ്‌നങ്ങള്‍ക്കാണ്. ഈ രണ്ട് പക്ഷത്തെയും രാഷ്ട്രീയക്കാര്‍ ബ്രിട്ടനു മേല്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ മാത്രം ശക്തരായിരുന്നു. അതുകൊണ്ടുതന്നെ മുസ്‌ലിംകള്‍ക്ക് ലഭിച്ച ഒരു പരിഗണനയും രാഷ്ട്രീയ ലാഭങ്ങളും തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന അമര്‍ഷം സിഖ് മതത്തിനുള്ളിലെ അവാന്തര ഗ്രൂപ്പുകളില്‍ ആളിക്കത്തി. തങ്ങളുടെ പുണ്യസ്ഥലങ്ങളും ആത്മീയ കേന്ദ്രങ്ങളുമുള്‍പ്പെടുന്ന ഒരു പ്രത്യേക രാഷ്ട്രീയാസ്തിത്വമെന്ന അവകാശം ലഭിക്കാതെ പോയത് മുസ്‌ലിംകള്‍ കാരണമാണെന്ന് പല സിഖ് വിഭാഗങ്ങളും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.
ബ്രിട്ടീഷ് പഞ്ചാബില്‍ നിലനിന്ന രാഷ്ട്രീയ പശ്ചാത്തലവും ബ്രിട്ടന്‍ വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ച് മുസ്‌ലിം വിഭാഗങ്ങള്‍ക്കുവേണ്ടി സിഖ് മതക്കാര്‍ക്ക് ഹിതകരമല്ലാത്ത വിധം പ്രീണന നയം നടപ്പിലാക്കിയെന്ന ധാരണപ്പിശകുകളും കൊണ്ടാണ് വിഭജന കാലത്തെ സിഖ്- മുസ്‌ലിം സംഘര്‍ഷങ്ങള്‍ രൂപപ്പെടുന്നത്. പഞ്ചാബ് പല നിലക്കും സിഖ് ജനതയുമായി ആത്മബന്ധമുള്ള സ്ഥലമായിരുന്നു; ഒരിക്കലും വിഛേദിക്കാനാകാത്ത ഒരാത്മബന്ധം. അതിനെ വെട്ടിമുറിച്ച് രണ്ടാക്കുന്നതിലുള്ള ഹൃദയ വേദനയിലായിരുന്നു പൊതുവെ സിഖ്കാര്‍.
വിഭജനാനന്തരം സിഖ് സമുദായവും രാജ്യത്തെ മുസ്‌ലിം വിഭാഗവും തമ്മില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. അടിസ്ഥാനപരമായി വിശ്വാസ ആരാധനാ പരമായ കാര്യങ്ങളില്‍ വ്യതിരിക്തത പുലര്‍ത്തുമ്പോള്‍തന്നെ പരസ്പരം മനസ്സിലാക്കാനും  സാസ്‌കാരികവ്യക്തിത്വം ഉള്‍ക്കൊള്ളുവാനും ഇരുവിഭാഗവും അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു എന്നതാണ് അതിന് കാരണം. തീവ്ര ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ വിഭാഗം നടത്തുന്ന പ്രീണനങ്ങള്‍ക്ക് വഴങ്ങാതിരിക്കാനുള്ള ഇച്ഛാശക്തി കൊണ്ടാണ് സി എ എ വിരുദ്ധ സമരം പോലെയുള്ള തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന് പ്രത്യക്ഷമായും എതിരായി നില്‍ക്കുന്ന സമരങ്ങളില്‍ പോലും പങ്കാളികളാകാനും പിന്തുണ നല്‍കാനും സിഖ് സമൂഹത്തിന് സാധിക്കുന്നത്. ഗുരുനാനാക്കിനെ ഹിന്ദു മതത്തിന്റെ ഒരു ധൈഷണികാചാര്യനും സിഖ് മതത്തെ വിശാല ഹിന്ദുമതത്തിന്റെ ആഭ്യന്തര ധാരകളിലൊന്നായി അവതരിപ്പിക്കാനുമുള്ള തീവ്ര ഹൈന്ദവ ശക്തികളുടെ ശ്രമത്തെ സിഖ് സമൂഹം അതിശക്തമായി തള്ളിക്കളഞ്ഞതില്‍ സംഘ് പരിവാര്‍ നിരാശരാണ്. സിഖുകാര്‍ ഹിന്ദുക്കളല്ലെന്ന് ആദ്യം തന്നെ സിഖ് ആത്മീയ നേതാക്കള്‍ പ്രഖ്യാപിക്കുകയും ചെയ്തു.
ഒരു വലിയ വംശഹത്യയുടെ ഇരകളാകേണ്ടി വന്ന ഒരു ചരിത്രവും കൂടി പേറുന്നവരാണ് സിഖുകാര്‍. ഇന്ദിരാഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട സിഖ് വിരുദ്ധ കലാപത്തില്‍ പതിനായിരക്കണക്കിന് സിഖ് മതവിശ്വാസികള്‍ അരും കൊലകള്‍ക്ക് ഇരയായി. ഡല്‍ഹിയിലെ ഓരോ സിഖ് കുടുംബത്തിനും സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് ഒന്നിലധികം ദുരന്തകഥകള്‍ പറയാനുണ്ടാകും. ഓരോ കലാപങ്ങളും ഓരോ കുടുംബങ്ങളില്‍ ഏല്പിക്കുന്ന ആഘാതവും വേദനയും അരക്ഷിതത്വവും നേരിട്ട് അനുഭവിച്ചറിഞ്ഞവരാണ് ഡല്‍ഹിയിലെ സിഖ് സമൂഹം. അതുകൊണ്ട് തന്നെ വംശഹത്യകളോട് അവര്‍ക്കൊരു നിലപാടുണ്ടാകും. അവരുടെ രക്തം വീണ് കുതിര്‍ന്ന മണ്ണാണ് ഡല്‍ഹിയുടേത്. അവിടെ വീഴുന്ന ചോരകള്‍ അവരെ പലതും അനുസ്മരിപ്പിക്കും. ഈയൊരു സ്വാഭാവിക ബോധം കലാപത്തിന് ഇരയായവര്‍ക്കൊപ്പം നില്‍ക്കാന്‍ അവരെ കൂടുതല്‍ പ്രേരിപ്പിച്ചിട്ടുണ്ടാകണം.
രാജ്യത്ത് സിഖ് സമൂഹത്തില്‍ നിന്ന് മുസ്‌ലിം വിഭാഗങ്ങള്‍ക്ക് ഏറെ പഠിക്കാനുണ്ട്. മുസ്‌ലിംകളെപ്പോലെ തന്നെ വിഭനത്തിന്റെ ഇരകളാകേണ്ടി വന്ന ഒരു സമൂഹമാണ് അവരും. ആഭ്യന്തര സംഘര്‍ഷങ്ങളും പ്രത്യയശാസ്ത്ര വിയോജിപ്പുകളും അവര്‍ക്കിടയിലും ആവോളമുണ്ട്. രാജ്യത്തെ ഒരു പ്രധാനമന്ത്രിയെ വധിച്ച വലിയ ഒരു കുറ്റാരോപണം രാജ്യത്തെ സിഖ് സമൂഹത്തിന് മുകളില്‍ ഒരു വാള് പോലെ തൂങ്ങിനിന്നിരുന്നു. വിഭജന വാദമുയര്‍ത്തുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ സിഖ് സമൂഹത്തിലുമുണ്ട്്. ഇതൊക്കെയാണെങ്കിലും രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ന്നുവരാന്‍ സിഖ് സമൂഹത്തിന് സാധിച്ചു. രാജ്യത്തിന്റെ വ്യാവസായിക ഭൂപടത്തിലും അഭിവൃദ്ധിയിലും വലിയ തോതിലുള്ള സിഖ് പങ്കാളിത്തമുണ്ട്. ഒരു വലിയ കലാപത്തിന്റെ ഇരകളാകേണ്ടി വന്നിട്ടും അവര്‍ എങ്ങും ഓടിപ്പോയില്ല. ഏത് കോണ്‍ഗ്രസും അതിന്റെ നേതാക്കളുമാണോ സിഖ് വിരുദ്ധരായി മാറിയത് അതിന്റെ നേതൃത്വത്തിലേക്ക് തന്നെ അവര്‍ കയറി. അവധാനതയോടെയും സമചിത്തതയോടെയും മുന്നോട്ട് പോകാനും കൂടെയുള്ളവരെ കൊണ്ടുപോകാനും കഴിയുന്ന നേതാക്കളാണ് അവരെ അതിന് സജ്ജമാക്കിയത്. ഒരിക്കല്‍ പരിഹാസ കഥാപാത്രങ്ങളായിരുന്നു അവരെങ്കില്‍ അവരിന്ന് രാജ്യത്തിന്റെ സമ്പത്ത് കൂടിയാണ്.
സിഖ് മത നേതൃത്വവും പ്രശംസ അര്‍ഹിക്കുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്ക് പിറകില്‍ നിന്നാരംഭിച്ച ഒരു സംഘര്‍ഷത്തിന്റെ കഥകള്‍ പറഞ്ഞും പൊലിപ്പിച്ചും അവര്‍ സിഖ് മതവിശ്വാസികളെ ഇസ്‌ലാം വിരുദ്ധരാക്കിയില്ല. വിഭജനത്തിന്റെയും കലാപങ്ങളുടെയും ചരിത്രങ്ങള്‍ മാത്രം ഓര്‍ക്കാതെ മനുഷ്യനെയും മനുഷ്യ സൗഹാര്‍ദത്തെയും കുറിച്ചാലോചിക്കാന്‍ ഒരു സിഖ് മതവിശ്വാസിക്ക് എങ്ങനെ സാധിക്കുമെന്ന് അവര്‍ കാണിച്ചു തന്നത് അങ്ങനെയാണ്. ആരാധനാലയങ്ങള്‍ തുറന്നുവെക്കാനും ഫഌറ്റും വസ്തുക്കളും വിറ്റു നീതി നിഷേധിക്കപ്പെട്ടവരുടെ പക്ഷത്ത് നില്‍ക്കാനും അവര്‍ക്ക് അത്താണിയാകാനും ഒരു മതസമൂഹമെന്ന നിലയില്‍ സിഖുകാര്‍ കാണിച്ച ഹൃദയവിശാലതയും സഹകരണ ബോധവും ഇനിയും വലിയ പാഠങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. സിഖുകാരിലോ മുസ്‌ലിംകളിലോ മാത്രമല്ല, മതം അന്ധതയായി മാറാത്ത മുഴുവന്‍ മനുഷ്യര്‍ക്കും അതില്‍ പാഠങ്ങളുണ്ട്.

Back to Top