27 Wednesday
September 2023
2023 September 27
1445 Rabie Al-Awwal 12

ഇസ്‌ലാമിക നവോത്ഥാനം അല്‍കവാകിബിയുടെ ചിന്താലോകം-ഫാത്തിമ ഹാഫിദ്

വ്യത്യസ്ത അറബ് ഇസ്‌ലാമിക രാജ്യങ്ങളില്‍ രൂപപ്പെട്ട പാശ്ചാത്യ അധിനിവേശത്തിന്റെ ഫലമായി പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രാരംഭം മുതല്‍ക്കു തന്നെ ഇസ്‌ലാമികലോകത്ത് സാംസ്‌കാരിക പ്രതിസന്ധി അനുഭവിച്ചു തുടങ്ങിയിരുന്നു. ഇത് ഇസ്‌ലാമികലോകത്തെ അടിസ്ഥാനപരമായ ഒരു ഭീഷണിയിലേക്ക് നയിച്ചു; മുമ്പേ ഗമിക്കുന്ന പടിഞ്ഞാറന്‍ നാഗരികതയുടെ സ്വീകരണത്തിനും തിരസ്‌കരണത്തിനും ഏതു മാര്‍ഗം അവലംബിക്കണമെന്ന ചോദ്യത്തിലേക്ക്. ഇതിന്റെ മറുപടിയെന്നോണം ഇസ്‌ലാമികലോകത്ത് മൂന്നു തരം ചിന്താഗതികള്‍ രൂപം പൂണ്ടു.
സലഫി സമീപനം: അറേബ്യന്‍ ഉപഭൂഖണ്ഡത്തിലും യമനിലുമായാണ് ഈ സമീപനം കൂടുതല്‍ ശ്രദ്ധയൂന്നിയത്. ഇസ്‌ലാമിക പാരമ്പര്യത്തിന്റെയും പ്രമാണങ്ങളുടെയും ശക്തമായ ബാന്ധവം പാശ്ചാത്യനാഗരികതയുടെ സ്വാധീനത്തിന് മറുപടിയെന്നോണം അവതരിപ്പിക്കപ്പെട്ടു എന്നുള്ളത് ഇതിന്റെ പ്രത്യേകതയാണ് .
പാശ്ചാത്യ സമീപനം: ഏതാനും ശവാമി ക്രിസ്തീയ ചിന്തകരുടെയും ചില ഈജിപ്ഷ്യന്‍ ചിന്തകരുടെയും സംഭാവനയാണീ ചിന്താരീതി. പാശ്ചാത്യ അനുകരണത്തെ അതിജയിക്കാനുള്ള ഏക മാര്‍ഗമായി അവരിതിനെ മുമ്പോട്ട് വെച്ചു.
നവീകരണ സമീപനം: അടിസ്ഥാനപരമായ ഇസ്‌ലാമിക മൂല്യങ്ങളിലും ചിന്തകളിലും ശ്രദ്ധയൂന്നുന്നതോടൊപ്പം അവയെ കാലാനുസൃതമായി ഇണക്കിച്ചേര്‍ക്കാനും ഈ സമീപനവക്താക്കള്‍ ശ്രമിച്ചു. വേറിട്ട ഒരു ചിന്താമിശ്രിതത്തിനു അത് ജന്മംനല്‍കി; മതത്തിന്റെ ശുദ്ധമായ അടിസ്ഥാനങ്ങളിലേക്കുള്ള തിരിച്ചുപോക്ക് ഉന്നം വെക്കുന്ന സലഫിസത്തിന്റെയും ഇസ്‌ലാമിക സിന്താന്തങ്ങള്‍ക്കു വിരുദ്ധമാവാത്ത പാശ്ചാത്യ സാംസ്‌കാരിക ചിന്താ അടിസ്ഥാനങ്ങളുടെയും ഒരു മിശ്രിതം.
മൂന്നാമത്തെ സമീപനരീതി അവലംബിക്കുന്ന പണ്ഡിതന്മാരിലെ ശ്രദ്ധേയ വ്യക്തിത്വമാണ് അബ്ദുര്‍റഹ്മാന്‍ അല്‍ കവാകിബി (1854 1902). ഇസ്‌ലാമിക നവീകരണ ചിന്താനിര്‍മിതിയില്‍ ഏറെ സ്വാധീനമുണ്ടാക്കിയ പണ്ഡിത ത്രയങ്ങളിലൊന്നായി നമുക്ക് കവാകിബിയെ ഗണിക്കാം; ജമാലുദ്ദീന്‍ അഫ്ഘാനി, മുഹമ്മദ് അബ്ദു, കവാകിബി എന്നിങ്ങനെ.
ജമാലുദ്ദീന്‍ അഫ്ഘാനിയും ഒരളവോളം മുഹമ്മദ് അബ്ദുവും മുസ്‌ലിം ലോകത്തെ നാഗരികവും സാംസ്‌കാരികവുമായ പിന്നാക്കത്തിന്റെ കാരണത്തെ പാശ്ചാത്യ സാമ്രാജ്യത്തിന്റെ പിടിയിലകപ്പെട്ടതിനു ശേഷമുണ്ടായിത്തീര്‍ന്ന രാഷ്ട്രീയ കാരണങ്ങളിലേക്കു ചൂണ്ടിയപ്പോള്‍, കവാകിബി അഭിപ്രായപ്പെട്ടത് ഇസ്‌ലാമിക ലോകത്തിന്റെ തന്നെ പൂര്‍ണ അധപ്പതനത്തിനു കാരണമായേക്കാവുന്ന പരസ്പര ബന്ധിതമായ തീര്‍ത്തും മതപരമായ ആഭ്യന്തരഘടകങ്ങളാണ് ഈ പിന്നാക്കത്തിന് കാരണമെന്നാണ്. സാമൂഹികവും മതപരവുമായ നവോത്ഥാനം ചര്‍ച്ച ചെയ്യുന്ന ഉമ്മുല്‍ഖുറാ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തില്‍ ഈയൊരു ചര്‍ച്ചക്ക് വേണ്ടി മാത്രം ഭൂരിഭാഗം അധ്യായങ്ങളും നീക്കിവെച്ചതായി കാണാം.

മതം, പുരോഗതി പിന്നാക്കാവസ്ഥ
മതനവീകരണവും നവോത്ഥാനവും ചര്‍ച്ചക്കെടുക്കുന്നതിനു മുമ്പേ, മതം എന്നുള്ളതിന്റെ വിവക്ഷയും പുരോഗതിയിലും പിന്നാക്കാവസ്ഥയിലും മതത്തിന്റെ ബന്ധവുമാണ് ഉമ്മുല്‍ഖുറായില്‍ കവാകിബി പ്രഥമമായി വിശദീകരിക്കുന്നത്. ജീവികളില്‍ നിലനില്‍ക്കുന്ന ഒരു പ്രബലശക്തിയുടെ അസ്തിത്വത്തെക്കുറിച്ചുള്ള തിരിച്ചറിവും ആ ശക്തിക്കു മുമ്പില്‍ ചിന്തയിലൂടെ സാധ്യമാവുന്ന കീഴ്‌പ്പെടലിനെയുമാണ് മതം എന്നതിന് കവാകിബി വിവക്ഷ നല്‍കുന്നത്.
പിന്നീട് കവാകിബി മതത്തെ വിവിധങ്ങളായി തരംതിരിക്കുന്നുണ്ട്; യഥാര്‍ഥമതം, യഥാര്‍ഥമതത്തില്‍ നിന്നും രൂപപ്പെട്ട വക്രീകരിക്കപ്പെട്ട മതം, അല്ലെങ്കില്‍ യഥാര്‍ഥ മതവുമായി അടിസ്ഥാനബന്ധം പോലുമില്ലാത്ത തീര്‍ത്തും വക്രീകരിക്കപ്പെട്ട മതം എന്നിങ്ങനെ. ഈ വക്രീകരണം മതത്തില്‍ പുതുതായി വല്ലതും അധികരിപ്പിച്ചോ വല്ലതും ഇല്ലായ്മ ചെയ്‌തോ കാര്യങ്ങളെ പരസ്പരം കൂട്ടിച്ചേര്‍ത്തോ ഒക്കെ ആവാം. ഇതില്‍ മതത്തിന്റെ ഏത് അര്‍ഥത്തിലുള്ള വക്രീകരണമാണെങ്കിലും അടിസ്ഥാനപരമായി രണ്ടു കാരണങ്ങളിലേക്കു അവ മടങ്ങുന്നതായി കവാകിബി വിശ്വസിക്കുന്നു; ഒന്ന്, ദൈവത്തിനു പങ്കു ചേര്‍ക്കല്‍ മറ്റൊന്ന് മതത്തിലെ കാര്‍ക്കശ്യനിലപാടുകള്‍.
യഥാര്‍ഥ മതം മാത്രമാണ് പുരോഗതിക്കു സംരക്ഷണം തീര്‍ക്കുന്നത്. അപ്പോള്‍ മതം വക്രീകരിക്കപ്പെടുമ്പോള്‍ അതിന്റെ അനുയായികള്‍ സ്വാഭാവികമായും അധപ്പതനത്തിലേക്കു നയിക്കപ്പെടുന്നു. മറ്റു മതങ്ങള്‍ക്ക് സംഭവിച്ചത് പോലെ വക്രീകരണത്തിന്റെ അടിസ്ഥാനകാരണങ്ങളായ ശിര്‍ക്കും കാര്‍ക്കശ്യവും ശുദ്ധമതമായ ഇസ്‌ലാമിനെയും ബാധിച്ചു. ആദ്യകാല മുസ്‌ലിംകള്‍ വിശ്വസിച്ചതും അനുഷ്ഠിച്ചതുമായ ശുദ്ധമതമായിത്തീര്‍ന്നില്ല പില്‍ക്കാല മുസ്‌ലിംകള്‍ അനുഷ്ഠിച്ചുപോന്ന മതം. വക്രതയുടെ മതം അവരെ അധപ്പതനത്തിലേക്ക് നയിച്ചു.

ഉദാസീനതയുടെ ആവിര്‍ഭാവം
ആധുനിക മുസ്‌ലിംകള്‍ വക്രീകരിക്കപ്പെട്ട മതത്തില്‍ വിശ്വസിക്കുന്നു എന്ന അനുമാനത്തില്‍ നിന്നും വക്രീകരിക്കപ്പെട്ട മതത്തിന്റെ ഉല്പന്നമായി രംഗപ്രവേശം ചെയ്യുന്ന ‘മത’ ഉദാസീനത’യെ കവാകിബി പരിചയപ്പെടുത്തുന്നു. താഴെ പറയുന്ന മതരംഗങ്ങളില്‍ ഇതിന്റെ അടയാളങ്ങള്‍ കവാകിബി എണ്ണിപ്പറയുന്നുണ്ട്.
വിശ്വാസരംഗം: ജബ്‌രിയാക്കളുടെ വിശ്വാസരംഗത്തെ ചിന്താഗതികള്‍ ഇതിനു ഉദാഹരണമായി കാണിക്കുന്നുണ്ട് അദ്ദേഹം . മുസ്‌ലിം സമൂഹത്തെ ബാഹ്യമായി കദ്‌രിയാക്കളും ആന്തരികമായി ജബ്‌രിയാക്കളുമായി തീര്‍ക്കാന്‍ ഈ ചിന്താഗതികള്‍ കാരണമായി. ജീവിതവിരക്തിയിലേക്കും ഔന്നത്യബോധം, നേതൃമോഹം തുടങ്ങിയ ആഗ്രഹങ്ങളുടെ ഹത്യയിലേക്കും മരണത്തിനും മുമ്പേ ഒരു മൃതശരീരം കണക്കെ ജീവിക്കാനുമൊക്കെ ജബ്‌രിയാക്കളുടെ വിശ്വാസങ്ങള്‍ മുസ്‌ലിം ഉമ്മത്തിനെ പ്രേരിപ്പിച്ചു. ശരീഅത്ത് വിധിക്കാത്തതും മനുഷ്യബുദ്ധിക്കു തൃപ്തിപ്പെടാന്‍ കഴിയാത്തതുമായ, അപ്രകാരം ആലസ്യത്തിലേക്കും ഉദാസീനതയിലേക്കും നയിക്കുന്ന മയക്കുമരുന്നിനെക്കാള്‍ ഭീകരവുമായ ചിന്തകളാണ് വിശ്വാസരംഗത്തിനു മേല്‍ ഇവര്‍ കുത്തിവെച്ചത് .
സൂഫിസം: മതരംഗത്തെ കീഴടക്കിയ, സാധരണ മുസ്‌ലിമിനെ സന്ദേഹിയാക്കിത്തീര്‍ത്ത അക്കാലത്തു അനുഷ്ഠിച്ചു പോന്നിരുന്ന സൂഫിസത്തെ നിശിതമായി വിമര്‍ശിക്കുന്നുണ്ട് കവാകിബി. ഈ സൂഫി വക്താക്കള്‍ ഉന്നതമായ പണ്ഡിതപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. മതത്തിനു പരിചിതമല്ലാതിരുന്ന പണ്ഡിത വേഷപ്രകടനങ്ങള്‍ക്കും വിരക്തിയുടെ മാര്‍ഗങ്ങള്‍ക്കും അത് കാരണമായി. മഹത്വം നഷ്ടപ്പെട്ടവന്‍ അഹങ്കാരത്തിലും ധനം കുറഞ്ഞവന്‍ വസ്ത്രത്തിന്റെ മോടിയിലും അഭയം കണ്ടെത്തുന്നതു കണക്കെ അറിവ് കുറഞ്ഞവന്‍ സൂഫിസത്തില്‍ അഭയം കണ്ടെത്തുന്നു എന്നത് സുവിദിതമാണല്ലോ?
ഖുര്‍ആനിന്റെ പുതു വ്യാഖ്യാനങ്ങളിലൂടെയും ക്രിസ്തീയ ജൂത പരിസരങ്ങളിലെ ആചാരരൂപങ്ങള്‍ സൂഫി ആചാരങ്ങളില്‍ ചേര്‍ത്തുവെച്ചുമൊക്കെ യഥാര്‍ഥ ഇസ്‌ലാമിക മതത്തെ അവര്‍ സന്ദേഹങ്ങള്‍ നിറഞ്ഞ ഇടമാക്കി മാറ്റി. ദുഃഖകരമെന്നു പറയാം, ഇത്തരം സൂഫി വക്താക്കള്‍ക്ക് സമൂഹത്തില്‍ വലിയ സ്വീകാര്യത ലഭിക്കുകയും അധികാരികളുടെ അടുപ്പക്കാരായി മാറാന്‍ അത് കാരണമാവുകയും ചെയ്തു. ഒടുക്കം, മതവിശ്വാസരംഗത്തു ആശയക്കുഴപ്പങ്ങളുണ്ടാക്കുകയും പണ്ഡിത വിഭാഗത്തിന് പദവികളും ജീവിതാസ്വാദനങ്ങളും വിലക്കപ്പെട്ടതാണെന്ന തരത്തിലേക്കുള്ള കുടുസ്സതയിലേക്കും സൂഫിചിന്തകള്‍ കാര്യങ്ങളെ കൊണ്ടെത്തിച്ചു.
ഔദ്യോഗിക പണ്ഡിതപദവികള്‍: കവാകിബിയുടെ വീക്ഷണപ്രകാരം ഇത് ഒരു വ്യാജ പണ്ഡിതവിഭാഗത്തിന്റെ രംഗപ്രവേശമാണ്. വായന പോലും അറിയാത്ത, തങ്ങളുടെ ആശ്രിതരായിട്ടുള്ള ഒരു വിഭാഗത്തിനു അധികാരികളും നേതാക്കന്മാരും പണ്ഡിതപദവി നല്‍കുകയും അതുവഴി ഈ വിഭാഗം അല്ലാഹുവിനോട് പ്രത്യക്ഷത്തില്‍ തന്നെ എതിരാളികളായി രംഗത്ത് വരികയും ചെയ്തു. അധികാരികളുടെ കൈകളില്‍ മുത്തം നല്‍കി, ദുനിയാവിനു വേണ്ടി മതത്തെ വില്‍ക്കാനും ദൈവം നിഷിദ്ധമാക്കിയത് അനുവദനീയമാക്കാനും അനുവദനീയമാക്കിയത് നിഷിദ്ധമാക്കാനും മടികാണിക്കാത്ത ഈ വിഭാഗത്തില്‍ നിന്നും മറ്റെന്താണ് പ്രതീക്ഷിക്കാനുള്ളത്? ഈ അവസരത്തിലെ ശ്രേഷ്ഠജിഹാദ് ഇത്തരം വ്യാജപണ്ഡിതരുടെ എണ്ണം കുറക്കാനുള്ള പരിശ്രമങ്ങളും പൊതുജനങ്ങളെ ഇക്കൂട്ടര്‍ക്കുള്ള അന്ധമായ ആദരവില്‍ നിന്നും അകറ്റുക എന്നുള്ളതുമാണെന്ന് കവാകിബി പറഞ്ഞു വെക്കുന്നുണ്ട്. കാരണം ജനങ്ങള്‍ ഈ വ്യാജന്മാര്‍ക്ക് അമിതമായ ആദരവുകള്‍ അര്‍പ്പിക്കുമ്പോള്‍ അധികാരവൃന്ദവും പലപ്പോഴും അതിനു നിര്‍ബന്ധിതരായിത്തീരുന്നതായാണ് അനുഭവങ്ങള്‍.
ഓര്‍മപ്പെടുത്തലുകളുടെ അഭാവം: നന്മകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കലും തിന്മയെ തടയലും ഇസ്‌ലാമിക സ്വഭാവമര്യാദകളില്‍ പ്രധാനമാണ്. മഹിതമായ ഈ സ്വഭാവഗുണത്തിന്റെ അഭാവം അലസതയിലേക്കു മുസ്‌ലിം ഉമ്മത്തിനെ കൊണ്ടെത്തിക്കാന്‍ പ്രധാനകാരണമായിത്തീര്‍ന്നിട്ടുണ്ടെന്നു കവാകിബി നിരീക്ഷിക്കുന്നു. ഇസ്‌ലാമിന്റെ ആദ്യകാലങ്ങളില്‍ മതനിയമങ്ങള്‍ എല്ലാവര്‍ക്കും സുവ്യക്തമായിരുന്നു. വിലക്കപ്പെട്ടതെന്ത്, അനുവദിക്കപ്പെട്ടതെന്ത് എന്ന് ഓരോരുത്തര്‍ക്കും അറിവുണ്ടായിരുന്നു. നന്മയുടെ ഉപദേശവും തിന്മയുടെ വിരോധവും ഓരോ മുസ്‌ലിം അംഗത്തിന്റെയും ബാധ്യതയായി അന്ന് ഗണിച്ചിരുന്നു . പിന്നീട്, ഇസ്‌ലാമിക ആദര്‍ശവലയത്തിനു വിസ്തൃതി കൈവന്നു തുടങ്ങിയപ്പോള്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ശരിയാംവണ്ണം നടപ്പിലാവുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായി മുഹ്തസിബുകള്‍ (നിരീക്ഷകര്‍) നിലവില്‍ വന്നു. കപടവിശ്വാസികളുടെയും മറ്റും രംഗപ്രവേശത്തോടെ നിരീക്ഷണവൃത്തി പലപ്പോഴും സമ്പാദന മാര്‍ഗമായി മാറി. പിന്നീടത് സൈനികവൃത്തി മാത്രമായി പരിമിതപ്പെട്ടു. ഒടുക്കം മഹത്തായ ഈ ഇസ്‌ലാമിക സ്വഭാവരൂപം ഉമ്മത്തിന് കൈമോശം വന്നു.
ഇസ്‌ലാമികലോകത്തിനു കൈവന്ന അധപ്പതനവും അതുവഴി പ്രത്യക്ഷപ്പെട്ട ഉദാസീനഭാവവും വ്യക്തമാക്കുന്ന കവാകിബി, ഇതിനെ വിപാടനം ചെയ്യാന്‍ ആവശ്യമായ നവീകരണപദ്ധതികള്‍ പറഞ്ഞുവെക്കാനും മറക്കുന്നില്ല. ഇജ്തിഹാദിന്റെ വാതിലുകള്‍ തുറന്നിടല്‍, മദ്ഹബ് പക്ഷപാതിത്വങ്ങളുടെ നിര്‍മാര്‍ജനം, ആധുനികശാസ്ത്രവും മതവും തമ്മിലുള്ള അന്തരം കുറക്കല്‍ തുടങ്ങിയ വിവിധ പോംവഴികള്‍ അദ്ദേഹം മുന്നോട്ടു വെക്കുന്നു. പ്രഥമമായ രണ്ടു നിബന്ധനകളുടെ പൂര്‍ത്തീകരണം സാധ്യമായാല്‍ മാത്രമേ അദ്ദേഹം മുന്നോട്ടുവെച്ച പോംവഴികള്‍ പ്രായോഗികമാവൂ എന്നും അദ്ദേഹം ഓര്‍മപ്പെടുത്തുന്നു.
മതപഠനരംഗത്തെ നവീകരണമാണ് അതില്‍ ഒന്നാമത്തേത് . മതബോധം ഉയര്‍ത്താന്‍ ഉപകരിക്കുന്ന സ്‌കൂളുകളുടെ വ്യാപനം സാധ്യമാക്കേണ്ടതുണ്ട്. നിലവിലെ പാഠ്യപദ്ധതിയുടെ നവീകരണം ഇതിനു അനിവാര്യമാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തീര്‍ക്കാന്‍ സഹായിക്കുന്ന ലളിതവും ഹ്രസ്വവുമായ പാഠ്യപദ്ധതിയാവണം ഇതിനായി തെരഞ്ഞെടുക്കേണ്ടത്. മതപഠനത്തോടൊപ്പം മറ്റു ശാസ്ത്രവിഷയങ്ങളില്‍ അവഗാഹം നേടാന്‍ പര്യാപ്തമാംവിധമാവണം പാഠ്യപദ്ധതി. ലളിതമായതില്‍ നിന്ന് തുടങ്ങി ഉന്നതപഠനത്തില്‍ അവസാനിക്കും വിധം മൂന്നു ഘട്ടങ്ങളായി വേണം പഠനരൂപം ക്രമപ്പെടുത്താന്‍.
രണ്ടാമതായി കവാകിബി മുന്നോട്ടുവെക്കുന്നത് മിതവാദികളായ സലഫികളുടെ ഒരു ആഗോളസംഘാടനത്തിന്റെ ആവശ്യകതയാണ്. രാഷ്ട്രീയ കാര്യങ്ങളുമായി ബന്ധപ്പെടാത്തതും ഒരൊറ്റ ഇസ്‌ലാമിക അധികാരരാഷ്ട്രത്തിനു കീഴിലും വരാത്തവിധം സ്വതന്തവുമായിരിക്കണം ഈ സംഘടനാസംവിധാനം. മതത്തിലെ ബിദ്അത്തുകളുടെയും വക്രതകളുടെയും വിപാടനത്തിനായിരിക്കണം ആദ്യ പരിഗണന. യുവാക്കളെ ശരിയാംവണ്ണം അഭ്യസിപ്പിക്കല്‍, ഓരോ ഗ്രാമത്തിലും സംഘര്‍ഷങ്ങളും ബഹളങ്ങളും സൃഷ്ടിക്കാതെ നന്മയുടെ ഓര്‍മ്മപ്പെടുത്തലുകള്‍ക്കും തിന്മയുടെ പ്രതിരോധത്തിനും ഉതകുന്ന മതബോധമുള്ളവരുടെ കൂട്ടായ്മ സൃഷ്ടിച്ചെടുക്കല്‍ തുടങ്ങിയവയിലും ശ്രദ്ധ പതിയേണ്ടതുണ്ട്. ആധുനിക മുസ്‌ലിംസമൂഹത്തിന്റെ അധപ്പതന കാരണങ്ങള്‍ വ്യക്തമാക്കിയും നവീകരത്തിന്റെ മാര്‍ഗങ്ങള്‍ സൂചിപ്പിച്ചും പൂര്‍ണമായ ഒരു നവീകരണപദ്ധതിയാണ് യഥാര്‍ഥത്തില്‍ കവാകിബി ഈ ഗ്രന്ഥത്തിലൂടെ മുമ്പോട്ട് വെക്കുന്നത് എന്ന് നിസ്സംശയം പറയാം.
വിവ. എം ഉമൈര്‍ഖാന്‍

0 0 vote
Article Rating
Back to Top
1
0
Would love your thoughts, please comment.x
()
x