1 Friday
March 2024
2024 March 1
1445 Chabân 20

ഇസ്‌ലാം മതത്തിന്റെ അടിത്തറ – എ അബ്ദുല്‍അസീസ് മദനി

മൂന്നാം പ്രമാണം:
ഇജ്മാഅ്
നബി(സ)യുടെ കാലശേഷം മുസ്‌ലിം സമൂഹത്തില്‍ മതകാര്യങ്ങളില്‍ പഠനഗവേഷണ പ്രാപ്തിയുള്ളവര്‍ സ്വീകരിക്കുന്ന ഐക്യകണ്‌ഠേനയുള്ള മതവിധികളാണ് ഇജ്മാഅ് കൊണ്ട് അര്‍ഥമാക്കുന്നത്. (ജംഉല്‍ജവാമിഅ് 184/2, ഇര്‍ശാദുല്‍ഫുഹൂല്‍ 61)

ഇജ്മാഇന്റെ
ഖുര്‍ആന്‍ സാക്ഷ്യം
1) തനിക്ക് സന്മാര്‍ഗം വ്യക്തമായിക്കഴിഞ്ഞശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്തുനില്ക്കുകയും വിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്നപക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അവന്‍ ബഹുദൂരം പിഴച്ചുപോയിരിക്കുന്നു (അന്നിസാഅ് 115)
2) നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക. അവന്റെ ദൂതനെ അനുസരിക്കുക. നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക.
ഇജ്മാഅ് സ്വതന്ത്രപ്രമാണമല്ലെന്നും ഖുര്‍ആനും ഹദീസുകളും അവലംബമാക്കി മാത്രമേ ഇജ്മാഇനെ പ്രമാണമായി അംഗീകരിക്കാവൂ എന്നും സ്പഷ്ടമാണല്ലോ
ഇജ്മാഇന്റെ പ്രാമാണികതയ്ക്ക്
ഹദീസുകളില്‍ നിന്നുള്ള തെളിവ്
1. എന്റെ സമൂഹത്തില്‍ നിന്നും ഒരുവിഭാഗം സത്യത്തില്‍ നിലകൊള്ളുന്നവരായിരിക്കും എന്ന് നബി(സ) പറഞ്ഞു. സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ഇഅ്തിസ്വാം.
2. ഥൗബാനില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. എന്റെ സമുദായത്തില്‍ ഒരുവിഭാഗം സത്യത്തില്‍ നിലകൊള്ളുന്നവരായിരിക്കും; അല്ലാഹുവിന്റെ കല്പനയുള്ള കാലത്തോളം. അവരെ കൈവെടിയുന്നവര്‍ ഒരു പ്രയാസവും അവര്‍ക്കുണ്ടാക്കുകയില്ല. (സ്വഹീഹു മുസ്‌ലിം, കിതാബുല്‍ ഇമാറത്ത് 170)
3) എന്റെ സമുദായം ഒരിക്കലും തെറ്റായകാര്യത്തില്‍ ഏകോപിച്ച തീരുമാനമെടുക്കുകയില്ല. (ഇബ്‌നുമാജ, അല്‍ഫിതന്‍ 8, അബൂദാവൂദ്, ഫിതന്‍ 1). ഇജ്മാഇന് ഖുര്‍ആനില്‍ നിന്നോ ഹദീസുകളില്‍ നിന്നോ അവലംബം ഉണ്ടാവണം. ഇല്ലെങ്കില്‍ ഇജ്മാഅ് തെളിവാകുകയില്ല.
1) ഇജ്മാഇന് ഒരു അവലംബം അനിവാര്യമാണ്. ഇല്ലെങ്കില്‍ ഇജ്തിഹാദിന്(ഗവേഷണം) വെച്ച ഉപാധിക്ക് യാതൊരര്‍ഥവുമുണ്ടാവില്ല. അതാണ് ശരിയായ വീക്ഷണം. യാതൊരു അവലംബവുമില്ലാതെ മതപരമായ ഒരുകാര്യത്തില്‍ അഭിപ്രായം പറയുന്നത് അബദ്ധമാണ് (ജംഉല്‍ജവാമിഅ് 2/195)
2) പണ്ഡിതന്മാര്‍ അവരുടെ അഭിപ്രായങ്ങള്‍ തുറന്നു പറയണം. മൗനം പാലിച്ചാല്‍ അത് ഖണ്ഡിതമായ ഇജ്മാഅ് ആവുകയില്ല. ഇമാം ഗസ്സാലി പറയുന്നത് നോക്കുക. ചില സ്വഹാബികള്‍ ഒരു വിഷയത്തില്‍ ഫത്‌വ(മതവിധി) നല്‍കി. മറ്റ് ചിലര്‍ മൗനം പാലിച്ചു. എങ്കില്‍ അത് ഇജ്മാഅ് ആയി പരിഗണിക്കപ്പെടുകയില്ല. മൗനം പാലിച്ചവരിലേക്ക് ഫത്‌വകള്‍ ചേര്‍ക്കപ്പെടാവുന്നതുമല്ല. (അല്‍മുസ്തസ്വ്ഫാ 1/188)

നാലാം പ്രമാണം –
ഖിയാസ് (അല്‍ഇജ്തിഹാദ്)
മതകാര്യങ്ങളില്‍ ഗവേഷണ പഠനങ്ങളില്‍ സമാനസ്വഭാവമാണ് ഇജ്തിഹാദ്, ഖിയാസ് എന്നിവയ്ക്കുള്ളത്. ഒരു പുതിയ സംഭവത്തില്‍ ഖുര്‍ആനിലോ ഹദീസുകളിലോ ഇജ്മാഇലോ വ്യക്തമായി വിധി കാണാതെ വരുമ്പോള്‍ അതേ സംഭവത്തോട് സമാനമായ മുമ്പ് വന്ന സംഭവങ്ങളുടെ വിധികള്‍ ഖുര്‍ആനിലും ഹദീസുകളിലുമൊക്കെ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ രണ്ട് സംഭവങ്ങളിലുമുള്ള സമാനത അടിസ്ഥാനപ്പെടുത്തി(ഇല്ലത്ത്) യുക്തമായ മതവിധിയിലെത്തുന്നതാണ് ഖിയാസ്.
കര്‍മപരമായ വിധികള്‍ക്ക് ഖിയാസ് ശറഇയ്യായ രേഖയാണെന്ന് മുസ്‌ലിംകളില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഖുര്‍ആനിനും ഹദീസുകള്‍ക്കും ഇജ്മാഇനും എതിരായി ഖിയാസ് തെളിവാക്കാവതല്ല.

ഖിയാസിന്റെ പ്രാമാണികതയ്ക്കുള്ള
ഖുര്‍ആനില്‍ നിന്നുള്ള തെളിവ്
ഖുര്‍ആന്‍ 4:51 വചനം ഖിയാസിന്റെ ആവശ്യകതയിലേക്ക് സൂചന നല്‍കുന്നു. തര്‍ക്കവിഷയങ്ങളില്‍ അല്ലാഹുവിനെയും റസൂലിനെയും അവലംബിക്കുക എന്ന നിര്‍ദേശവും ഖിയാസിന്റെ പ്രസക്തി ബോധ്യപ്പെടുത്തുന്നു. കാരണം ഖുര്‍ആനിന്റെ മൂലവാക്യങ്ങള്‍ നിര്‍ണിതമാണ്. എന്നാല്‍ മനുഷ്യരുടെ പ്രശ്‌നങ്ങള്‍ നിര്‍ണിതമല്ലതാനും. കാലിക വിഷയങ്ങളില്‍ യുക്തമായ മതവിധി കണ്ടെത്താന്‍ ഖിയാസ് അനിവാര്യമാണ്.

ഹദീസുകളില്‍ നിന്നും
ഖിയാസിനുള്ള തെളിവ്
മുആദുബ്‌നു ജബലിനെ യമനിലേക്ക് അയക്കുമ്പോള്‍ നബി(സ) അദ്ദേഹത്തോട് ചോദിച്ചു. നിനക്ക് മതത്തില്‍ ഒരു പ്രശ്‌നം വന്നാല്‍ നീ അത് എങ്ങനെ പരിഹരിക്കും? മുആദ്(റ) പറഞ്ഞു. ഞാന്‍ ഖുര്‍ആന്‍കൊണ്ട് വിധിക്കും. ഖുര്‍ആനില്‍ ഇല്ലെങ്കില്‍ സുന്നത്ത് കൊണ്ട് വിധിക്കും. സുന്നത്തിലും കണ്ടില്ലെങ്കില്‍ ഞാന്‍ ഗവേഷണം ചെയ്തുകൊണ്ട് വിധിക്കും. അപ്പോള്‍ നബി(സ) അതിനെ എതിര്‍ത്തില്ല. എന്നല്ല മുആദി(റ)ന്റെ ഇജ്തിഹാദ് ചെയ്യുമെന്ന അഭിപ്രായത്തെ നബി(സ) തൃപ്തിപ്പെടുകയും ചെയ്തു.
സ്വഹാബിമാര്‍ ഖിലാഫത്തിന് അമാനത്തിനോട് താരതമ്യപ്പെടുത്തി, നബി(സ)യുടെ വഫാത്തിനുശേഷം അബൂബക്കര്‍ സ്വിദ്ദീഖിന് ബൈഅത്ത് ചെയ്തുകൊണ്ട് പറഞ്ഞതിപ്രകാരമാണ്. ദീനിയായ കാര്യത്തിന് (നമസ്‌കാരത്തിന് ഇമാമത്ത് നില്‍ക്കാന്‍ പറഞ്ഞത്) അല്ലാഹുവിന്റെ റസൂല്‍ അദ്ദേഹത്തിന് നേതൃത്വം നല്‍കാന്‍ തൃപ്തിപ്പെട്ടുവെങ്കില്‍ ദുന്‍യാ കാര്യത്തില്‍ എന്തുകൊണ്ട് നമുക്കദ്ദേഹത്തെ നേതാവായി തൃപ്തിപ്പെട്ടുകൂടാ.
ഖിയാസ് കൊണ്ട് ഒരു സുന്നത്ത്(ചര്യ) സ്ഥിരപ്പെടുകയില്ലെന്ന് സിഫ്‌റുസ്സആദ എന്ന ഗ്രന്ഥത്തില്‍ പറയുന്നു. ഇബ്‌നുകസീറിലും അപ്രകാരം പറഞ്ഞതായി കാണാം. ഹദീസ് സ്വഹീഹായി കണ്ടാല്‍ അതാണ് എന്റെ മദ്ഹബ് എന്ന് പ്രഖ്യാപിച്ച ശാഫിഈ(റ)യുടെ വാക്ക് ഈ സന്ദര്‍ഭത്തില്‍ നാം ശ്രദ്ധിക്കുക. അന്‍ബിയാക്കന്മാരുടെതല്ലാത്ത സ്വപ്‌നങ്ങളൊന്നും ഇസ്‌ലാമില്‍ രേഖയല്ല എന്നുകൂടി മനസ്സിലാക്കുക.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x