21 Saturday
December 2024
2024 December 21
1446 Joumada II 19

ഇസ്‌റാഅ് മിഅ്‌റാജില്‍ സവിശേഷ ആചാരങ്ങളുണ്ടോ? പി കെ മൊയ്തീന്‍ സുല്ലമി

നബി(സ)യിലൂടെ അല്ലാഹു വെളിപ്പെടുത്തിയ രണ്ട് മുഅ്ജിസത്തുക്കളാണ് ഇസ്‌റാഉം മിഅ്‌റാജും. ഇസ്‌റാഅ് എന്നത് രാപ്രയാണമാണ്. ഒരു രാത്രി കൊണ്ട് മസ്ജിദുല്‍ ഹറാമില്‍ നിന്നും ആയിരത്തോളം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മസ്ജിദുല്‍ അഖ്‌സ വരെയുള്ള യാത്രയാണിത്. ഇത് ഖുര്‍ആന്‍ കൊണ്ട് സ്ഥിരപ്പെട്ടതാണ്. അല്ലാഹു പറയുന്നു: ”തന്റെ ദാസനെ (നബിയെ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സ്വായിലേക്ക് നിശായാത്ര ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന്‍.” (ഇസ്‌റാഅ് 1).
മിഅ്‌റാജ് എന്നത് ആകാശാരോഹണമാണ്. മസ്ജിദുല്‍ അഖ്‌സ്വായില്‍ നിന്നും ഏഴ് ആകാശം വരെ ജിബ്‌രീല്‍ എന്ന മലക്കിന്റെ അകമ്പടിയോടെ അല്ലാഹു നബി(സ)യെ സഞ്ചരിപ്പിക്കുകയുണ്ടായി. ഇതാണ് മിഅ്‌റാജ്. ഇത് ഹദീസ് കൊണ്ട് സ്ഥിരപ്പെട്ടതാണ്.
വിശുദ്ധ ഖുര്‍ആനിന് ശേഷം അല്ലാഹു നബി(സ)യിലൂടെ വെളിപ്പെടുത്തിയ വലിയ രണ്ട് മുഅ്ജിസത്തുകളാണ് ഇസ്‌റാഉം മിഅ്‌റാജും. ഖുര്‍ആനില്‍ വിശ്വസിക്കല്‍ നിര്‍ബന്ധമായതു പോലെ ഇസ്‌റാഇലും മിഅ്‌റാജിലും വിശ്വസിക്കലും നമുക്ക് നിര്‍ബന്ധമാണ്. വിശ്വാസകാര്യങ്ങളായാലും കര്‍മപരമായ കാര്യങ്ങളായാലും അതിനോടനുബന്ധിച്ചുണ്ടാക്കുന്ന അനാചാരങ്ങള്‍ സമൂഹത്തില്‍ വ്യാപകമാണ്.
അത്തരം അനാചാരങ്ങള്‍ ഇസ്‌റാഇനോടും മിഅ്‌റാജിനോടും ചേര്‍ത്തും ഉണ്ടായിട്ടുണ്ട്. റജബ് 27-ലെ നോമ്പ് അത്തരം അനാചാരങ്ങളില്‍ പെട്ടതാണ്. മിഅ്‌റാജ് സംഭവം റജ്ബ് 27-നാണെന്നാണ് ഈ വിഭാഗം വിശ്വസിക്കുന്നത്. ഇത് ശരിയല്ല. കാരണം ഇസ്‌റാഉം മിഅ്‌റാജും സംഭവിച്ചത് എന്നാണെന്നത് സംബന്ധിച്ച് ശരിയായ സ്ഥിരീകരണമില്ല.
കാരണങ്ങള്‍ (ഒന്ന്): സ്വഫീയ്യുര്‍റഹ്മാന്‍ മുബാറക്്പൂരി(റ) പറയുന്നു: ”ഇസ്‌റാഅ് സംഭവിച്ചത് നബി(സ)ക്ക് നുബുവ്വത്ത് ലഭിച്ച അതേ വര്‍ഷത്തിലായിരുന്നു എന്നാണ് ഇബ്‌നുജരീറുത്ത്വബ്‌രിയുടെ അഭിപ്രായം. ഇമാം നവവി(റ)യും ഖുര്‍ത്വുബി(റ)യും പറയുന്നത് നുബുവ്വത്ത് ലഭിച്ച് അഞ്ചുവര്‍ഷം കഴിഞ്ഞതിനു ശേഷമാണ് അത് സംഭവിച്ചത് എന്നാണ്. നുബുവ്വത്തിന്റെ 12-ാം വര്‍ഷം റജബ് 27-ന് ആണെന്നും പറയപ്പെട്ടിട്ടുണ്ട്. അത് സംഭവിച്ചത് ഹിജ്‌റയുടെ 16 മാസം മുമ്പ് റമദാനിലാണെന്നും പറയപ്പെട്ടിട്ടുണ്ട്. ഹിജ്‌റയുടെ ഒരു വര്‍ഷവും രണ്ടു മാസവും മുമ്പ് മുഹര്‍റം മാസത്തിലാണെന്നും അഭിപ്രായമുണ്ട്. നുബുവ്വത്തിന്റെ 13-ാം വര്‍ഷം ഹിജ്‌റയുടെ ഒരു വര്‍ഷം മുമ്പ് റബീഉല്‍ അവ്വലിലാണെന്നും പറയപ്പെട്ടിട്ടുണ്ട്.” (അര്‍റഹീഖുല്‍ മഖ്തൂം, പേജ് 142)
ഇബ്‌നുഹജറുല്‍ അസ്ഖലാനി(റ) രേഖപ്പെടുത്തിയത് ഇപ്രകാരമാണ്: ”ഇസ്‌റാഉം മിഅ്‌റാജും സംഭവിച്ച സന്ദര്‍ഭം നിര്‍ണയിക്കുന്ന വിഷയത്തില്‍ പത്തിലധികം അഭിപ്രായങ്ങളുണ്ട്. അത് സംഭവിച്ചത് റമദാനിലാണെന്നും ശവ്വാല്‍ മാസത്തിലാണെന്നും റബീഉല്‍ അവ്വലിലാണെന്നും റബീഉല്‍ ആഖിറിലാണെന്നും അഭിപ്രായമുണ്ട്” (ഫത്ഹുല്‍ബാരി 9:67,68)
ഇബ്‌നു കസീര്‍(റ) പറയുന്നു: ”ഇമാം സുദ്ദി(റ) പ്രസ്താവിച്ചത് ഇസ്‌റാഅ് ഉണ്ടായത് ദുല്‍ഖഅ്ദ മാസത്തിലായിരുന്നു എന്നാണ്. ഇമാം സുഹ്‌രിയും ഉര്‍വയും അത് സംഭവിച്ചത് റബീഉല്‍ അവ്വലിലാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. അത് റജബ് 27-നാണെന്നു പറയപ്പെട്ടിട്ടുണ്ടെങ്കിലും അതിന്റെ (ഹദീസിന്റെ) പരമ്പര സ്വഹീഹല്ല” (അല്‍ബിദായത്തു വന്നിഹായ 3:127, 128). ഇതില്‍ നിന്ന് മനസ്സിലാകുന്നത് മിഅ്‌റാജുണ്ടായത് റജബ് 27-നാണ് എന്നത് അടിസ്ഥാന രഹിതമാണെന്നാണ്. അതിനാല്‍ തന്നെ മിഅ്‌റാജ് നോമ്പ് അടിസ്ഥാനമില്ലാത്തതാണ്.
(രണ്ട്): മിഅ്‌റാജും ഇസ്‌റാഉം സംഭവിച്ചത് മഗ്‌രിബിന്റെയും സ്വുബ്ഹിയുടെയും ഇടക്കാണ്. നോമ്പ് നിര്‍ബന്ധമാണെങ്കിലും സുന്നത്താണെങ്കിലും അത് പകല്‍ സമയത്ത് മാത്രമേ ചര്യയാക്കപ്പെട്ടിട്ടുള്ളൂ.
(മൂന്ന്): നബി(സ) അന്ന് നോമ്പനുഷ്ഠിക്കുകയോ അതിന് കല്പിക്കുകയോ ചെയ്തിട്ടില്ല.
(നാല്): ഈ വിഷയത്തില്‍ വന്ന ഹദീസുകള്‍ പരിശോധിച്ചാല്‍ മിഅ്‌റാജ് നോമ്പ് അനാചാരമാണെന്ന് ബോധ്യപ്പെടും. അത് ശ്രദ്ധിക്കുക: ”ഉമര്‍(റ) റജബ് മാസം മിഅ്‌റാജ് നോമ്പ് അനുഷ്ഠിക്കുന്നവരുടെ കൈകള്‍ ഭക്ഷണപ്പാത്രത്തില്‍ വെക്കുന്നതുവരെ അവരെ അടിക്കാറുണ്ടായിരുന്നു. അവരോട് ഇപ്രകാരം പറയുമായിരുന്നു: റജ്ബ് മാസത്തെ ആദരിക്കല്‍ ജാഹിലിയ്യാ സമ്പ്രദായമാകുന്നു.” (മുസ്വന്നഫു ഇബ്‌നിഅബീശൈബ 2:345)
ഇബ്‌നുഹജറും(റ) അപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്. ”റജബ് മാസം നോമ്പു നോല്‍ക്കുന്നവരുടെ കൈകളില്‍ അവര്‍ ഭക്ഷണപാത്രത്തില്‍ കൈകള്‍ വെക്കുന്നതുവരെ ഉമര്‍(റ) അടിക്കാറുണ്ടായിരുന്നു. അവരോട് ഇപ്രകാരം പറയുകയും ചെയ്യും: റജ്ബ് മാസം എന്നത് ജാഹിലിയ്യാ കാലക്കാര്‍ മാത്രം ആദരിക്കുന്ന ഒരു മാസമാകുന്നു.” (തബ്്‌യീനുല്‍ അജബ്, പേജ് 66)
ഇബ്‌നുല്‍ ഖയ്യിം(റ) പറയുന്നു: ”സ്വഹാബത്തും താബിഉകളും ഏതെങ്കിലും കാര്യങ്ങള്‍ കൊണ്ട് ഇസ്‌റാഇന്റെ രാവിന് യാതൊരു വിധ പ്രത്യേകതയും നല്‍കിയിരുന്നില്ല. അവര്‍ അങ്ങനെ ഒരു ദിവസം ഓര്‍ക്കുക പോലും ചെയ്തിരുന്നില്ല. അത് നബി(സ)യുടെ ഏറ്റവും വലിയ ശ്രേഷ്ഠതകളില്‍ ഒന്നായിട്ടുപോലും അവരാരും ആ രാവിനെ പ്രത്യേകമാക്കിയിരുന്നതായി അറിയപ്പെടുന്നില്ല. ഇസ്‌റാഉം മിഅ്‌റാജും സംഭവിച്ച സ്ഥലത്തോ കാലത്തോ അതിന്റെ പേരില്‍ പ്രത്യേകമായ യാതൊരുവിധ ആരാധനയും അവര്‍ ചര്യയാക്കിയിട്ടുമില്ല.” (സാദുല്‍ മആദ് 1:58)
ഇമാം നവവി(റ)യുടെ ഗുരുനാഥനായ അബൂശാമ പറയുന്നു: ”റജബ് മാസത്തിന്റെ ശ്രേഷ്ഠതയെ സംബന്ധിച്ചോ അന്നത്തെ നോമ്പിനെക്കുറിച്ചോ നബി(സ)യില്‍ നിന്നു യാതൊരു റിപ്പോര്‍ട്ടും സ്വഹീഹായി വന്നിട്ടില്ല. അന്ന് നോമ്പനുഷ്ഠിക്കല്‍ വെറുക്കപ്പെട്ടതാണെന്ന് അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവരില്‍ നിന്നു ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അന്ന് നോമ്പനുഷ്ഠിക്കുന്നവരെ ഉമര്‍(റ) ചാട്ടവാറു കൊണ്ട് അടിക്കാറുണ്ടായിരുന്നു.” (കിതാബുല്‍ ബാഇസ്, പേജ് 167)
ഇബ്‌നു തൈമിയ്യ(റ) പറയുന്നു: ”റജബ് 27-ന്റെ രാവിനെയും പകലിനെയും ആദരിക്കല്‍ ഇസ്‌ലാമില്‍ പുതുതായി നിര്‍മിച്ചുണ്ടാക്കിയതാണ്. അത് 4-ാം നൂറ്റാണ്ടിനു ശേഷം ഉണ്ടായതാണ്. പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായത്തില്‍ ആ വിഷയത്തില്‍ വന്നിട്ടുള്ള ഹദീസ് നിര്‍മിതവുമാണ്.” (ഇഖ്തിദ്വാഇസ്സിറാത്തില്‍ മുസ്തഖീം 2:121)
അല്ലാമാ മുഹമ്മദ് അബ്ദുസ്സലാം ഖിദ്വര്‍(റ) പറയുന്നു: ”ഇബ്‌നുഹജര്‍(റ) തന്റെ തബ്‌യീനുല്‍ അജബി ബിമാ വറദ ഫീ ഫദ്‌ലി റജബിന്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: റജ്ബ് മാസത്തിന്റെ ശ്രേഷ്ഠതയെ സംബന്ധിച്ചോ അന്നത്തെ നോമ്പിനെക്കുറിച്ചോ അന്നത്തെ നമസ്‌കാരത്തെ സംബന്ധിച്ചോ തെളിവിന് കൊള്ളാവുന്ന വിധത്തിലുള്ള ഒരു ഹദീസും സ്വഹീഹായി വന്നിട്ടില്ല.” (അസ്സുനനു വല്‍ മുബ്തദആത്ത്, പേജ് 125)
ഈ വിഷയകമായി വന്ന മുഴുവന്‍ ഹദീസുകളും ദുര്‍ബലമോ നിര്‍മിതമോ ആണെന്ന് പരിശോധിച്ചാല്‍ ബോധ്യപ്പെടുന്നതാണ്. ചില ഹദീസുകള്‍ ശ്രദ്ധിക്കുക: ”റജബ് 27-ന് നോമ്പനുഷ്ഠിക്കുന്നവന് 60 മാസം നോമ്പനുഷ്ഠിച്ചതിന്റെ പ്രതിഫലം രേഖപ്പെടുത്തപ്പെടുന്നതാണ്.” (ശഹ്‌റുബ്‌ന ഹൂശബ്). ഈ ഉദ്ധരണിയെക്കുറിച്ച് അബൂശാമ(റ) പറയുന്നു: ”ഈ ഹദീസ് സ്വഹീഹല്ലെന്ന് അബുല്‍ ഖത്ത്വാബ്(റ) പ്രസ്താവിച്ചിരിക്കുന്നു.” (കിതാബുല്‍ ബാഇസ്, പേജ് 232). ഇബ്‌നുഹജര്‍(റ) പറയുന്നു: ”ഈ ഹദീസ് മൗഖൂഫും ദുര്‍ബലവുമാണ്” (തബ്‌യീനുല്‍ അജബ്, പേജ് 60)
മറ്റൊരു റിപ്പോര്‍ട്ട് ഇപ്രകാരം: ”റജബ് അല്ലാഹുവിന്റെ മാസമാണ്. ശഅ്ബാന്‍ തന്റെ സമുദായത്തിന്റെ മാസവുമാകുന്നു. വല്ലവനും റജബില്‍ നോമ്പെടുക്കുന്ന പക്ഷം അവന്‍ കാലം മുഴുവന്‍ നോമ്പനുഷ്ഠിച്ചവനെപ്പോലെയാണ്” (ത്വബ്‌റാനി). ഈ ഹദീസിനെക്കുറിച്ച് അബൂശാമ(റ) പറയുന്നു: ”ഈ ഹദീസ് നബി(സ)യുടെ പേരില്‍ നിര്‍മിച്ചുണ്ടാക്കിയതാണെന്ന് അബുല്‍ ഖത്ത്വാബ്(റ) പ്രസ്താവിച്ചിരിക്കുന്നു” (കിതാബുല്‍ ബാഇസ്, പേജ് 234). ഇബ്‌നുഹജറുല്‍ ഹൈതമി(റ) പറയുന്നു: ”റജബ് 27-ാം രാവിനെക്കുറിച്ചും ശഅ്ബാന്‍ പാതിരാവിനെക്കുറിച്ചും അതിന്റെ ശ്രേഷ്ഠതകളെ സംബന്ധിച്ചും വന്ന സകല റിപ്പോര്‍ട്ടുകളും അടിസ്ഥാന രഹിതവും കളവും അടിത്തറയില്ലാത്തതുമാണ്.” (ഫതാവല്‍കുബ്‌റാ 1:184)
ആകാശാരോഹണ വേളയില്‍ നബി(സ)യും മൂസാനബി(അ)യും തമ്മില്‍ നടന്ന ചര്‍ച്ചയും അല്ലാഹു നമസ്‌കാരം അഞ്ച് വഖ്താക്കി ചുരുക്കിയതും മൂസാനബി(അ)യുടെ ശുപാര്‍ശ കൊണ്ടാണെന്നും അതിനാല്‍ മരണപ്പെട്ട മഹത്തുക്കളോട് തേടാമെന്നും അവര്‍ സഹായിക്കുമെന്നും തെറ്റുദ്ധരിപ്പിച്ച് അവരെ ശിര്‍ക്കിലേക്ക് നയിക്കുന്ന പുരോഹിതന്മാരുമുണ്ട്. യഥാര്‍ഥത്തില്‍ മൂസാനബി(അ) നമസ്‌കാരം കുറച്ചുകൊടുക്കാന്‍ ശുപാര്‍ശ ചെയ്തിട്ടില്ല. നബി(സ) അപ്രകാരം മൂസാ(അ)യോട് ആവശ്യപ്പെട്ടിട്ടുമില്ല. മൂസാനബി(അ) നബി(സ)യോട് പറഞ്ഞത് ഇപ്രകാരമാണ്: ”താങ്കള്‍ താങ്കളുടെ രക്ഷിതാവിലേക്ക് മടങ്ങിച്ചെന്ന് നമസ്‌കാരം ലഘൂകരിച്ച് തരാന്‍ ആവശ്യപ്പടൂ.” (അസ്വ്ഹാബുസ്സുനന്‍)
നബി(സ) പല തവണ മടങ്ങിച്ചെന്ന് നമസ്‌കാരങ്ങളുടെ സമയം കുറച്ചുതരാന്‍ ആവശ്യപ്പെട്ടതു പ്രകാരം അല്ലാഹു തന്നെയാണ് അഞ്ച് വഖ്ത്താക്കി കുറച്ചു കൊടുത്തത്. ഇവിടെ മൂസാനബി(അ)യുടെ ദീര്‍ഘകാല അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ നബി(സ)ക്ക് അല്ലാഹു അദ്ദേഹത്തിലൂടെ ചില പാഠങ്ങള്‍ പഠിപ്പിക്കുകയാണ്. മൂസാനബി(അ) നബി(സ)യുമായി സംസാരിക്കുമ്പോള്‍ അല്ലാഹു അദ്ദേഹത്തിന് ജീവന്‍ നല്‍കിയിരുന്നു. നബി(സ)യും മൂസാനബിയും സംഭാഷണം നടത്തിയത് സമ്പൂര്‍ണമായ നിലയില്‍ ജീവനോട് കൂടിത്തന്നെയായിരുന്നു. അതുകൊണ്ട് ഈ സംഭവം മരിച്ചവരോട് തേടാന്‍ തെളിവാകുന്നതല്ല.
ഇത് നബി(സ)യുടെ മുഅ്ജിസത്താണ്. അത് താരതമ്യം ചെയ്യുന്നതും സാധാരണവത്കരിക്കുന്നതും കുഫ്‌റാണ്. അത് മുഅ്ജിസത്തിനെ നിഷേധിക്കുന്നതിന് തുല്യമാണ്. മൂസാനബി(അ) വടി നിലത്തിട്ടാല്‍ പാമ്പായി മാറുമായിരുന്നു. കൈ കക്ഷത്തില്‍ വെച്ച് പുറത്തെടുത്താല്‍ അല്ലാഹുവിന്റെ അനുമതിയോടെ കൈ പ്രകാശിക്കും. എന്നാല്‍ അപ്രകാരമൊന്നും ചെയ്യാന്‍  ഒരു പുരോഹിതനും സാധ്യമല്ലായെന്നതാണ് അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ പഠിപ്പിക്കുന്നത്.

Back to Top