ഇസ്‌ലാം മതവിദ്യാഭ്യാസം മൗലിക സ്രോതസ്സുകളും പരിണാമങ്ങളും
ഡോ. ജാബിര്‍ അമാനി
വിശ്വാസം, മതജീവിതം, അറിവന്വേഷണം, വിജ്ഞാന വിനിമയം തുടങ്ങിയവ മനുഷ്യനെ ഇതര സൃഷ്ടികളില്‍ നിന്ന് വ്യതിരിക്തനാക്കുന്നു. ദൈവിക സന്ദേശങ്ങളെ സ്വീകരിക്കുന്നതിന് ഈ സവിശേഷതയെ ഉപയോഗപ്പെടുത്താനും (21:33, 7:54, 51:47, 55:33, 15:14-15, 88:17-20) ഇന്ദ്രിയാവബോധം നഷ്ടപ്പെടുത്തുന്നതിനെ നികൃഷ്ടതയായും ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട് (8:22, 7:179). വൈജ്ഞാനിക ശാസ്ത്രാന്വേഷണത്തിന്റെയും മുന്നേറ്റത്തിന്റെയും പ്രചോദന സ്രോതസ്സായി ഖുര്‍ആനിനെയും പ്രവാചക അധ്യാപനങ്ങളെയും കാണാന്‍ കഴിയും (20:114, 12:170, 171, 96:15, 39:9, 3:18, 58:11, 35:28, 13:16, 16:78). ബുദ്ധിക്ക് അതീതമായ അമാനുഷിക അദ്ഭുതങ്ങള്‍ (മുഅ്ജിസത്ത്) മാത്രം കാണിച്ച് മനുഷ്യരെ വിശ്വസിപ്പിക്കുകയല്ല ഇസ്‌ലാം ചെയ്യുന്നത്. അന്ധമായ അനുകരണങ്ങളെ നിരുത്സാഹപ്പെടുത്തുകയും കണ്ണും കാതും ഹൃദയവും സന്‍മാര്‍ഗ ദര്‍ശനത്തിന്റെ (ഹുദാ) ദൈവികത തിരിച്ചറിയാന്‍ ആഹ്വാനം നടത്തുകയുമാണ് ചെയ്യുന്നത് (41:53).
ആശ്ചര്യവും അദ്ഭുതവും നിറഞ്ഞ അയഥാര്‍ഥ കഥകളിലൂടെ ആത്മീയ ചൂഷണ-വാണിഭങ്ങള്‍ സജീവമായി കാണുന്ന ഇക്കാലത്ത് ഇസ്‌ലാമിന്റെ ഈ വീക്ഷണം ഏറെ പ്രസക്തമാണ്. മതാധ്യാപനങ്ങളെ മുഴുവന്‍ ബുദ്ധിയുടെ മൂശയിലിട്ട് സ്ഥാപിച്ചെടുത്തിട്ടേ വിശ്വസിക്കാവൂ എന്നല്ല. ആരാധനാപരമായ (തഅ്ബുദീ) ചില നിര്‍ദേശങ്ങള്‍ മനുഷ്യന്റെ പരിമിതമായ ബുദ്ധിക്കും യുക്തിക്കും പ്രത്യക്ഷത്തില്‍ നിര്‍വചിക്കാനും നിര്‍ധാരണം ചെയ്യാനും കഴിഞ്ഞുകൊള്ളണമെന്നില്ല. പ്രത്യേകിച്ച് അദൃശ്യജ്ഞാനത്തിന്റെ (ഗൈബ്) മേഖലകള്‍. അവയുടെ താല്‍പര്യങ്ങള്‍ മനുഷ്യബുദ്ധിക്ക് അതീതമാണ്.
ഇല്‍മ് എന്ന പദം (അറിവ്) വിവിധ രൂപങ്ങളിലൂടെ 800ഓളം തവണ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. കൂടാതെ ലുബ്, നുഹാ, അഖ്ല്‍, ഫിക്ര്‍, ഹിക്മത്ത്, ബസ്വീറത്ത്, ബുര്‍ഹാന്‍, നള്‌റ് തുടങ്ങിയ ജ്ഞാനത്തെയും അറിവന്വേഷണങ്ങളെയും കുറിക്കുന്ന പദങ്ങളും അനവധിയാണ്.
ഇസ്‌ലാം, വിജ്ഞാനത്തെ മതേതരം, ആത്മീയം എന്നോ ഭൗതികം, മതപരം എന്നോ വേര്‍തിരിക്കുന്നില്ല. അത് ശരിയായ വീക്ഷണവുമല്ല. ഫലപ്രദം, ഫലശൂന്യം (ഇല്‍മു നാഫിഅ്) എന്നീ വര്‍ഗീകരണമാണ് കൂടുതല്‍ യുക്തിസഹമായിട്ടുള്ളത്. അറിവിനെ ജീവിതവും സംസ്‌കാരവുമായി ബന്ധിപ്പിക്കുകയും തിരിച്ചറിവും തിരുത്തും നിര്‍വഹിക്കാന്‍ പര്യാപ്തമാക്കുകയുമാണ് ഇസ്‌ലാം ചെയ്തത്. ആധുനിക വിജ്ഞാനങ്ങളോടും വികാസങ്ങളോടും ഇതേ സമീപനം തന്നെയാണ് ഇസ്‌ലാമിനുള്ളത്.
അറിവന്വേഷണങ്ങള്‍ക്ക് അതിര്‍വരമ്പുകള്‍ നിശ്ചയിക്കുന്ന രീതി പില്‍ക്കാലത്ത് രൂപപ്പെട്ടതും ഖുര്‍ആനിന്റെ മൗലിക സത്യങ്ങള്‍ക്ക് എതിരുമാണ്. അതുകൊണ്ടുതന്നെ അറിവ് സ്വീകരിക്കുന്നതിന് വിഹിതമായ ഏതു വഴികളെയും സ്രോതസ്സുകളെയും പൂര്‍വകാല മുസ്‌ലിംകള്‍ തേടിയിട്ടുണ്ട്. ക്രൈസ്തവര്‍, ജൂതന്മാര്‍, യവന തത്വചിന്തകര്‍, ഹെല്ലനിക് തത്വചിന്തകര്‍, ഇന്ത്യന്‍ സമൂഹത്തിലെ ധൈഷണികര്‍ എന്നിവരില്‍ നിന്നെല്ലാം ആദ്യകാല മുസ്‌ലിംകള്‍ അറിവുകള്‍ നിര്‍ലോഭം സ്വീകരിച്ചിട്ടുണ്ട്.
അറിവിന്റെ
സ്രോതസ്സ്
ആദ്യകാല മുസ്‌ലിം ഭരണാധികാരികളില്‍ മിക്കവരും ജ്ഞാനാര്‍ജന വഴികളെ കലവറയില്ലാതെ പിന്തുണച്ചിട്ടുമുണ്ട് (NKP Sinha, Islam in India, Synthesis of Culture, Patna, 1996, p. 4). അറബികളില്‍ നിന്ന് വിവിധ ജ്ഞാനശാഖകളുടെ ഒരു മഹാപ്രവാഹം തന്നെ ലോകത്തിന് ലഭ്യമായതും മുസ്‌ലിം നാഗരികതകളിലെ ആദാനപ്രദാനങ്ങളുടെ ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ഇസ്‌ലാമും വിജ്ഞാനങ്ങളുടെ ആധുനികവത്കരണവും പരസ്പരം ഏറ്റുമുട്ടുന്നില്ല.
ശാസ്ത്രലോകത്തിന് മഹത്തായ സംഭാവനകള്‍ക്ക് ശക്തി പകര്‍ന്നത് അറബികളാണ്.. നിരീക്ഷണം, അവലോകനം, ചിന്ത എന്നിവയുടെ അടിസ്ഥാനത്തിലുള്ള ബൗദ്ധിക വിശ്വാസമാണ് ഇസ്‌ലാം മൗലികമായി താല്‍പര്യപ്പെടുന്നത് എന്നതിനാല്‍, ക്രൈസ്തവ സമൂഹത്തില്‍ കാണപ്പെട്ട മത-ശാസ്ത്ര സംഘട്ടനങ്ങളും ഹോളോകോസ്റ്റ് വിവാദങ്ങളും മുസ്‌ലിംകള്‍ക്കിടയില്‍ ഒട്ടും കാണപ്പെട്ടിട്ടില്ല (Thomas Cleary, The Essential Koran, Harper Colins, ND 1994, p. 7).
ആധുനിക യൂറോപ്യന്‍ നാഗരികതയുടെ അടിത്തറ യഥാര്‍ഥത്തില്‍ അറബികളിലൂടെ കൈമാറിയ വൈജ്ഞാനിക വികാസവും ശാസ്ത്രീയമായ കണ്ടെത്തലുകളുമാണ് (ങ ച ഞീ്യ, ഔാമിശാെ, ഞല്ശ്മഹശാെ മിറ വേല കിറശമി ഒലൃശമേഴല, ഞലിമശമൈിരല, ഇമഹരൗേേമ, 1999, ു. 122). ഇബ്‌നുസീന (980-1037), ഇബ്‌നു ഹൈതം (965-1039), ജാബിറുബ്‌നു ഹയ്യാന്‍, ഇമാം റാസി, അല്‍ബിറൂനി, ഇബ്‌നു റുഷ്ദ്, മുഹമ്മദുബ്‌നു മൂസാ അല്‍ ഖവാരിസ്മി, ഇബ്‌നു ബൈത്വര്‍, ഇമാം ഗസ്സാലി (1058-1111), ഇബ്‌നു ഖല്‍ദൂന്‍ തുടങ്ങിയ വിഖ്യാതരായ മുസ്‌ലിം ശാസ്ത്രജ്ഞരും അവരുടെ സംഭാവനകളും വിലയിരുത്തിയാല്‍ ഇസ്‌ലാമിക വൈജ്ഞാനിക-നാഗരികതയുടെ ശോഭനചിത്രങ്ങളെ നമുക്ക് കണ്ടെത്താനാവും. ഇവയാണ് പാശ്ചാത്യ നവോത്ഥാന ചലനങ്ങളെ (Reform movements) പോലും ക്രമീകരിച്ചതും ഉദ്ദീപിപ്പിച്ചതും എന്നു ലോകം വിലയിരുത്തിയിട്ടുണ്ട്.
നടേ സൂചിപ്പിച്ചതുപോലെ ശാസ്ത്ര-തത്വചിന്ത-വൈജ്ഞാനിക-ദാര്‍ശനിക രംഗങ്ങളില്‍ ഉഗ്രപ്രതാപികളായി പരിഗണിക്കപ്പെടുന്നവര്‍ ചരിത്രത്തില്‍ അനിതരസാധാരണമായ ദൗത്യം അടയാളപ്പെടുത്തിയത് ഇസ്‌ലാം പകര്‍ന്ന വൈജ്ഞാനിക തൃഷ്ണയും ജ്ഞാനാര്‍ജന ലോകത്തേക്കുള്ള പ്രോത്സാഹനങ്ങളുമാണ്. യുദ്ധഘട്ടത്തില്‍ പോലും ഒരു സംഘം വിജ്ഞാനകുതുകികള്‍ ദൗത്യവാഹകരാവണമെന്ന ഖുര്‍ആനികാധ്യാപനം സമകാലിക മുസ്‌ലിംകള്‍ക്ക് ശക്തമായ ദിശാബോധം പകരുന്നതാണ്.
”സത്യവിശ്വാസികള്‍ ആകമാനം (യുദ്ധത്തിന്) പുറപ്പെടാവതല്ല. എന്തെന്നാല്‍ അവരിലെ ഓരോ വിഭാഗത്തില്‍ നിന്നും ഓരോ സംഘം പുറപ്പെട്ടുപോയിക്കൂടേ, എങ്കില്‍ (ബാക്കിയുള്ളവര്‍ക്ക് നബിയോടൊപ്പം നിന്ന്) മതകാര്യങ്ങളില്‍ ജ്ഞാനം നേടാനും, തങ്ങളുടെ ആളുകള്‍ (യുദ്ധത്തില്‍ നിന്ന്) അവരുടെ അടുത്തേക്ക് തിരിച്ചുവന്നാല്‍ അവര്‍ക്ക് താക്കീത് നല്‍കാനും കഴിയുമല്ലോ. അവര്‍ സൂക്ഷ്മത പാലിച്ചേക്കാം” (9:122).
മതബോധവും
ധൈഷണികതയും
വിഖ്യാത അറബി കവി അബ്ദുല്‍ അലാഅ് അല്‍മഅരിയുടെ ഒരു കവിത സമകാലിക വിജ്ഞാന മേഖലകളെ ഇങ്ങനെ അനാവരണം ചെയ്യുന്നു: ”ഭൂമിയില്‍ മനുഷ്യ സമൂഹം രണ്ടു വിഭാഗമാണ്. ബൗദ്ധികമായി ഉയര്‍ന്നവരില്‍ മതജ്ഞാനമില്ല. മതജ്ഞാനമുള്ളവര്‍ക്ക് ധൈഷണിക പ്രഭാവവുമില്ല.”
മതപരമോ ഭൗതികമോ എന്ന വേര്‍തിരിവുകളില്ലാതെ ഗുണാത്മക വൈജ്ഞാനിക ലോകത്തെ പ്രഫുല്ലമാക്കിയ ഗതകാല ചരിത്രം മുസ്‌ലിംകള്‍ക്കുണ്ട്. പക്ഷേ, ആധുനിക വിജ്ഞാനം തികഞ്ഞ വേര്‍തിരിവിലൂടെയാണ് മുന്നോട്ടുപോവുന്നത്. ഉയര്‍ന്ന ധൈഷണിക വ്യക്തിത്വമുള്ളവര്‍ ധാര്‍മിക-സനാതന മൂല്യങ്ങളില്‍ നിന്ന് അകന്ന് തികഞ്ഞ ഭൗതികപ്രമത്തരായി കഴിയുന്നു. ഉയര്‍ന്ന മതജ്ഞാനമുള്ളവര്‍ പക്ഷേ മതാശയങ്ങള്‍ ആചാരാനുഷ്ഠാനങ്ങളുടെ നിബന്ധനകള്‍ (ശര്‍ത്വ്) എണ്ണി വിസ്തരിക്കുകയും കര്‍മശാസ്ത്ര പണ്ഡിതരായി ദൗത്യം നിര്‍വഹിക്കുകയും ചെയ്യുന്നു. മതത്തിന്റെ ബൗദ്ധിക മേഖലകളെ സവിശദം പ്രബോധനം ചെയ്യുന്നവരെ പരിഹാസരൂപേണ ‘അഖ്‌ലാനികള്‍’ (ചിന്തയുള്ളവര്‍) എന്ന് നാമകരണം ചെയ്ത് മുദ്രയടിക്കാനും വരെ ഉല്‍പതിഷ്ണുക്കള്‍ എന്ന് സ്വയം പരിചയപ്പെടുത്തുന്നവര്‍ പോലും രംഗത്തുവരുന്നു. മതനിര്‍ദേശങ്ങളായി കാണപ്പെടുന്ന പാഠങ്ങളെ (Text) കേവലം ‘ഡാറ്റ’കള്‍ മാത്രമായി കണ്ട്, വ്യാഖ്യാന വിശകലനങ്ങള്‍ക്കോ ഇജ്തിഹാദി (ഗവേഷണം) ബന്ധമുള്ളവയെ അപ്രകാരം പരിഗണിക്കാനോ തയ്യാറാവാത്ത സമൂഹമായും ചിലര്‍ മാറിയിട്ടുണ്ട്.
മതവിജ്ഞാനങ്ങളെ അക്കാദമിക പഠനമേഖലയായി കൂടി പരിഗണിക്കുന്ന പൂര്‍വസൂരികളുടെ കാഴ്ചപ്പാടില്‍ നിന്ന് പുതിയ തലമുറ ബഹുദൂരം അകലെയാണുള്ളത്. ആധുനികം, ഇസ്‌ലാമികം എന്നു വേര്‍തിരിച്ച് വിജ്ഞാനമേഖലകളെ വര്‍ഗീകരിക്കുന്ന പ്രവണതയും ശക്തമാണ്. ഉപഭോഗതൃഷ്ണയും ഉദ്യോഗാധിഷ്ഠിത വിദ്യാഭ്യാസത്തോടുള്ള അടങ്ങാത്ത താല്‍പര്യവും(കരിയറിസം) ചില പ്രദേശങ്ങളില്‍ മതപാഠശാലകള്‍ അന്യംനിന്നുപോകുന്നതിനു പോലും നിമിത്തമായിട്ടുണ്ട്. പാശ്ചാത്യ കലാലയങ്ങളില്‍ നിന്നും പാശ്ചാത്യ രീതിശാസ്ത്രങ്ങള്‍ വഴി പൗരസ്ത്യ കലാലയങ്ങളില്‍ നിന്നു ഉയര്‍ന്ന ജ്ഞാനം നേടിയവര്‍, അധ്യാപകര്‍, പ്രബോധകര്‍ വരെ പടിഞ്ഞാറിന്റെ ലോക ജീവിതവീക്ഷണങ്ങളും രീതിശാസ്ത്രങ്ങളുമാണ് മതപഠനരംഗത്തു പോലും അപ്ലൈ ചെയ്യുന്നത് എന്ന ദുഃഖവും വിസ്മരിച്ചുകൂടാ.
തദ്ഫലമായി എവിടേക്കും ചരിച്ചും ചാഞ്ഞും വളക്കാവുന്ന, ലിബറല്‍ മെത്തഡോളജിയില്‍ മതവായന നടത്തുന്നവരുടെ എണ്ണം വര്‍ധിച്ചു. അനിസ്‌ലാമിക ലോകവീക്ഷണങ്ങളില്‍ രൂപപ്പെടുത്തിയ വൈജ്ഞാനിക-സാംസ്‌കാരിക സങ്കല്‍പങ്ങളും പുരോഗമനങ്ങളും ദൗര്‍ബല്യങ്ങളും അന്ധമായി ഉള്‍ക്കൊണ്ടവര്‍, തങ്ങള്‍ പ്രതിനിധീകരിക്കുന്ന മതപഠനങ്ങളിലും അധ്യാപനങ്ങളിലും നവോത്ഥാന സംരംഭങ്ങളിലും വരെ അവയുടെ സ്വാധീനങ്ങള്‍ പ്രകടിപ്പിച്ചു. ഇസ്‌ലാമിക ജ്ഞാനാന്വേഷണ രീതിശാസ്ത്രങ്ങളും തത്വങ്ങളും സ്വയം ചോദ്യം ചെയ്ത് ‘ഇമ്മിണി ബല്യ’ മതേതരവാദികളായി രംഗത്തുവരാനുമാണ് ചിലര്‍ ശ്രമിച്ചത്.
ഇത്തരം പ്രവണതകളെല്ലാം ശരിയായ മതവിദ്യാഭ്യാസത്തിന്റെ ചരിത്രപാരമ്പര്യങ്ങളെയാണ് തകര്‍ത്തത്. മതപഠന- പ്രബോധനരംഗത്ത് രൂപപ്പെട്ട ഈ പരിണാമം സമഗ്രമായ മതപഠനത്തിനുള്ള സംവിധാനങ്ങളേയും ഒരു തലമുറയുടെ ജാഗ്രതയും താത്പര്യവുമാണ് കുറച്ചുകൊണ്ടുവന്നത്.
മാനവിക വിഷയങ്ങളോടുള്ള വിമുഖതയും പ്രോത്സാഹനക്കുറവും സമൂഹത്തില്‍ പൊതുവില്‍ കാണാവുന്നതാണ്. പെട്ടെന്ന് ജോലി ലഭിക്കുകയെന്ന ‘കരിയറിസ’ സിദ്ധാന്തങ്ങളുടെ ശക്തമായ മോട്ടിവേഷനുകള്‍ ഗൗരവമായ പഠനങ്ങളെയും അക്കാദമിക വായനകളെയും സാരമായി പരിക്കേല്‍പിച്ചിട്ടുണ്ട്. കോളജുകളിലും സര്‍വകലാശാലകളിലും മാനവിക വിഷയങ്ങള്‍ പഠിക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് താല്‍പര്യം വളരെ കുറവാണ്, പ്രത്യേകിച്ച് ആണ്‍കുട്ടികളുടെ സാന്നിധ്യം തുലോം പരിമിതവുമാണ്. അതുപോലെ സമ്പൂര്‍ണവും ഭാഗികവുമായ മതപാഠശാലകളിലെ കോഴ്‌സുകളുടേയും അവസ്ഥ സ്വാഭാവികമായും ശുഭകരമല്ല.
മതം പഠിക്കുവാനുള്ള സോഴ്‌സുകളും മതവിദ്യാഭ്യാസ മേഖലകളും കൂടുതലും ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെയായി പരിവര്‍ത്തിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയുള്ള മതപഠനം ‘മുറിവൈദ്യന്മാരെ’ സൃഷ്ടിക്കാനാണ് കൂടുതലും സഹായകമായത്. മതവിജ്ഞാനങ്ങളില്‍ അവസാന വാക്ക് പറയുന്ന മഹാപണ്ഡിതരായിട്ടോ മുഫ്തിമാരായിട്ടോ ആണ് പിന്നീട് പലരും അറിയപ്പെടുന്നത്.
ലോകത്തിന്, പാശ്ചാത്യര്‍ക്ക് പ്രത്യേകിച്ചും വൈജ്ഞാനിക മാതൃകയും സ്‌കൂള്‍ ഓഫ് തോട്ടും സംഭാവന ചെയ്ത ഒരു സമൂഹത്തിന്റെ പിന്‍തലമുറ വിജ്ഞാനങ്ങളെ പാശ്ചാത്യവത്കരിച്ച് പിന്മാറുന്ന പരിണാമസന്ധിക്ക് പരിഹാരങ്ങള്‍ തേടേണ്ടതുണ്ട്. ഡോ. റാജി ഫാറൂഖിയുടെ കഹെമാമശ്വമശേീി ീള ഗിീംഹലറഴല എന്ന ഗ്രന്ഥം പരിഹാരങ്ങളെക്കുറിച്ച് ഗൗരവമായി ചര്‍ച്ച ചെയ്യുന്നുണ്ട്.
ഫലപ്രദമായ ഒരു വിജ്ഞാനവും മതദൃഷ്ട്യാ അന്യവും മതവിരുദ്ധവുമല്ലെന്നിരിക്കെ, നാം ഭൗതികമെന്ന് വിളിക്കുന്ന ജ്ഞാനശാഖകളോട് വിയോജിപ്പും വിമുഖതയും ഒട്ടും ശരിയല്ല. വിദ്യാര്‍ഥികള്‍ താന്താങ്ങളുടെ അഭിരുചികളും താല്‍പര്യവും ജോലിസാധ്യതയും പരിഗണിച്ച് തിരഞ്ഞെടുക്കുന്ന കോഴ്‌സുകളില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുന്നത് തികഞ്ഞ ആത്മഹത്യയാണ്. നവോത്ഥാനത്തിന്റെ പിറകോട്ടുള്ള യാത്രയുമാണ്.
എന്നാല്‍ കേരള പശ്ചാത്തലത്തില്‍, പ്രത്യേകിച്ചും സെക്കുലര്‍ കലാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ധാര്‍മിക ശിക്ഷണം ഉറപ്പുവരുത്തുന്ന ഹോസ്റ്റല്‍ സംവിധാനങ്ങളുടെ വലിയ സാധ്യതകളാണ് മുന്നില്‍ കാണുന്നത്. വ്യക്തിത്വവും മാന്യമായ ജീവിതവും കശക്കിയെറിയുന്ന യുക്തിവാദ-ലിബറലിസ ആശയധാരകളും ലഹരിമാഫിയകളും നിറഞ്ഞാടുന്ന വര്‍ത്തമാനകാലത്ത് ഇത്തരം സംവിധാനങ്ങളുടെ പ്രസക്തി വലുതാണ്. അക്കാദമിക പഠനങ്ങള്‍ ഔട്ട്‌സോഴ്‌സ് ചെയ്യുകയും വിദ്യാര്‍ഥികള്‍ക്ക് ഉദാത്തമായ ശിക്ഷണവും മതപഠനവും ഉറപ്പുവരുത്താനുമായാല്‍ ഉയര്‍ന്ന സദ്ഫലങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയും. (തുടരും)