22 Sunday
December 2024
2024 December 22
1446 Joumada II 20

ഇസ്‌ലാം, ഖിലാഫത്ത്, ഇഖാമത്തുദ്ദീന്‍

പി കെ മൊയ്തീന്‍ സുല്ലമി


ഖിലാഫത്ത് എന്ന പദം കൊണ്ട് ഭരണം എന്നാണ് ഉദ്ദേശിക്കുന്നത്. ‘ഖലീഫ’ എന്ന വാക്കിന്റെ അര്‍ഥം പ്രതിനിധി, പിന്‍ഗാമി എന്നൊക്കെയാണ്. മുസ്‌ലിംകളില്‍ ഒരു ന്യൂനപക്ഷം ഇസ്‌ലാമിക ഭരണം നിര്‍ബന്ധമാണ് എന്ന് വാദിക്കുന്നവരാണ്. ഇസ്‌ലാമിക ഭരണം ഉണ്ടായാലും ഇല്ലെങ്കിലും അന്ത്യദിനത്തില്‍ അല്ലാഹു സമ്പൂര്‍ണമായ വിധം സത്യവും നീതിയും നടപ്പില്‍വരുത്തുന്നതാണ്. ”അവരോടൊപ്പം നാം വേദഗ്രന്ഥവും തുലാസും (നീതിയും) ഇറക്കിക്കൊടുക്കുകയും ചെയ്തു” (ഹദീദ് 25). ”അന്ന് ഓരോ വ്യക്തിക്കും താന്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം പൂര്‍ണമായി കൊടുക്കപ്പെടുന്നതാണ്. ഒരനീതിയും അവരോട് കാണിക്കപ്പെടുന്നതല്ല” (ആലുഇംറാന്‍ 25).
ഇത്തരം വചനങ്ങള്‍ ഖുര്‍ആനില്‍ ആവര്‍ത്തിച്ചു വന്നിട്ടുണ്ട്. ഇസ്‌ലാമിക ഭരണത്തിന് അമിതമായ പ്രാധാന്യം നല്‍കിപ്പോരുന്നത് ശീഅകളാണ്. ഇബ്‌നു തൈമിയ്യ പറയുന്നു: ”ഭരണം എന്നത് അവര്‍ക്ക് (ശീഅകള്‍ക്ക്) എക്കാലത്തും മുഖ്യ പ്രശ്‌നമാണ്. അത് ദീനിന്റെ വിധിവിലക്കുകളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതുമാണ്” (മിന്‍ഹാജുസ്സുന്നത്തിന്നബവിയ്യ് 1:49). മനുഷ്യര്‍ ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയാണ് എന്നാണ് ഇവരുടെ വാദം. അഥവാ ദൈവത്തിന്റെ പ്രതിനിധിയെന്ന നിലയില്‍ ഭൂമിയില്‍ ദൈവിക ഭരണം നിലനിര്‍ത്തല്‍ നിര്‍ബന്ധമാണെന്നും അവര്‍ വാദിക്കുന്നു. ”താനിതാ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കാന്‍ പോകുകയാണ് എന്ന് താങ്കളുടെ നാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം. അവര്‍ (മലക്കുകള്‍) പറഞ്ഞു: അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ നീ നിയോഗിക്കുന്നത്?” (അല്‍ബഖറ 30). ഈ വചനത്തിന് അവര്‍ മനുഷ്യന്‍ ദൈവത്തിന്റെ പ്രതിനിധിയാണെന്ന് തെറ്റായി വ്യാഖ്യാനിക്കുന്നു.
ഇവിടെ ‘ഖലീഫ’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മനുഷ്യരുടെ പ്രതിനിധി എന്നാണ്. തെറ്റും ശരിയും ചെയ്യുന്ന മനുഷ്യര്‍ക്ക് നൂറ് ശതമാനം സത്യവും നീതിയും പുലര്‍ത്തുന്ന ദൈവത്തിന്റെ പ്രതിനിധിയാകാന്‍ സാധ്യമല്ല. തൗഹീദ് അംഗീകരിക്കുന്ന ഒരു സത്യവിശ്വാസിക്ക് അത് അംഗീകരിച്ചുകൊടുക്കാന്‍ സാധ്യവുമല്ല. മനുഷ്യര്‍ കുഴപ്പക്കാരും രക്തം ചിന്തുന്നവരുമാണെന്ന് മലക്കുകള്‍ തന്നെ പറഞ്ഞിട്ടുമുണ്ട്. മറ്റൊരു കാരണം, ദൈവത്തിന് തുല്യനായി ആരും തന്നെ ഇല്ല എന്നതാണ്. ”അവനെപ്പോലെ (അവനു തുല്യരായി) യാതൊരു വസ്തുവുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്” (ശൂറാ 11). ”അവന് തുല്യനായി ആരും തന്നെയില്ല” (ഇഖ്‌ലാസ് 4).
ഇസ്‌ലാമിക ഭരണം നിര്‍ബന്ധമാണ് എന്ന് വാദിക്കുന്നവരുടെ മറ്റൊരു ന്യായം അല്ലാഹു ‘മാലിക്കുല്‍ മുല്‍ക്’ (രാജാധിരാജന്‍) ആണെന്നാണ്. അവര്‍ അല്ലാഹുവിന്റെ പരമാധികാരം ശറഈ നിയമങ്ങളില്‍ മാത്രം പരിമിതപ്പെടുത്തിയിരിക്കുകയാണ്. അല്ലാഹുവിന്റെ പരമാധികാരം മതപരമായ നിയമനിര്‍മാണങ്ങളില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. അത് വ്യാപകവും വിശാലവുമാണ്. ”പറയുക: ആകാശത്തു നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നവന്‍ ആരാണ്? അല്ലെങ്കില്‍ കേള്‍വിയും കാഴ്ചയും അധീനപ്പെടുത്തുന്നവന്‍ ആരാണ്? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്? അവര്‍ (മുശ്‌രികുകള്‍) പറയും: അല്ലാഹു എന്ന്” (യൂനുസ് 31).
”താങ്കള്‍ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്റെ കൈയിലാണ്. അവന്‍ അഭയം നല്‍കുന്നു. അവനെതിരില്‍ (എവിടെ നിന്നും) അഭയം ലഭിക്കുന്നതുമല്ല. അങ്ങനെയുള്ളവന്‍ ആരാണ്? അവര്‍ പറയും, അതെല്ലാം അല്ലാഹുവിനുള്ളതാണ്” (മുഅ്മിനൂന്‍ 88,89).
നിയമനിര്‍മാണം നടത്തുകയെന്നത് ഭരണാധികാരികളുടെ ഉത്തരവാദിത്തത്തില്‍ പെട്ടതാണ്. അത് അല്ലാഹു മാത്രം കൈകാര്യം ചെയ്യുന്ന ഒന്നല്ല. മറിച്ച് സമ്പത്ത്, ആരോഗ്യം എന്നിവ പോലെ അല്ലാഹു നല്‍കുന്ന അനുഗ്രഹമാണ് ഭരണം. അത് വിശ്വാസിക്കും അവിശ്വാസിക്കും നല്‍കിയേക്കാം. നംറൂദ് രാജാവിന് ഭരണം നല്‍കിയതിനെ സംബന്ധിച്ച് ഖുര്‍ആന്‍ പറയുന്നു: ”ഇബ്‌റാഹീമിനോട് അദ്ദേഹത്തിന്റെ നാഥന്റെ കാര്യത്തില്‍ തര്‍ക്കിച്ചവനെപ്പറ്റി നീ അറിഞ്ഞില്ലേ? അല്ലാഹു അവന് ഭരണം (ആധിപത്യം) നല്‍കിയതു കാരണത്താലാണ് അവനതിന് ഒരുമ്പെട്ടത്” (അല്‍ബഖറ 258). ഇബ്‌റാഹീമും(അ) നംറൂദും തമ്മില്‍ നടന്ന തര്‍ക്കം പ്രസിദ്ധമാണല്ലോ.
”പറയുക, ആധിപത്യത്തിന്റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ ആധിപത്യം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന് നീ ആധിപത്യം എടുത്തുനീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ പ്രതാപം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു. നിന്റെ കൈവശമത്രെ നന്മയുള്ളത്” (ആലുഇംറാന്‍ 26).
ലോകത്തിന്റെ എല്ലാ ഭാഗത്തും അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ട്. ”ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല” (ഫാത്വിര്‍ 24). ”തീര്‍ച്ചയായും എല്ലാ സമുദായത്തിലേക്കും നാം ദൂതന്മാരെ നിയോഗിച്ചയച്ചിട്ടുണ്ട്” (നഹ്ല്‍ 36).
വ്യത്യസ്ത നാടുകളില്‍ പ്രവാചകന്മാരെ നിയോഗിക്കാന്‍ രണ്ട് കാരണങ്ങളുണ്ടായിരുന്നു. ഒന്ന്: അല്ലാഹുവെ മാത്രം ആരാധിക്കുന്ന ജനവിഭാഗങ്ങളാക്കുക. വ്യത്യസ്ത നാടുകളില്‍ ജനങ്ങള്‍ വ്യത്യസ്ത വസ്തുക്കളെയും ജീവികളെയും ആരാധിച്ചുപോന്നിട്ടുണ്ട്. വിഗ്രഹങ്ങള്‍, വൃക്ഷങ്ങള്‍, ഗുഹകള്‍, മരണപ്പെട്ടവര്‍, ആള്‍ദൈവങ്ങള്‍, ജിന്നുകള്‍, മലക്കുകള്‍, വ്യത്യസ്ത ജീവികള്‍, സൂര്യചന്ദ്രന്മാര്‍, നക്ഷത്രങ്ങള്‍ എന്നിവ അവയില്‍ ചിലതാണ്.
അതേയവസരത്തില്‍ ലോക സ്രഷ്ടാവായ അല്ലാഹുവിനെ എക്കാലത്തും ബഹുദൈവ വിശ്വാസികളും അംഗീകരിച്ചുപോന്നിട്ടുമുണ്ട്. അത് വിശുദ്ധ ഖുര്‍ആനില്‍ വ്യാപിച്ചുകിടക്കുന്ന യാഥാര്‍ഥ്യമാണ്. അല്ലാഹുവിനു പുറമെ ജനങ്ങള്‍ പൂജിച്ചും ആരാധിച്ചും കൊണ്ടിരിക്കുന്ന ഒന്നുംതന്നെ യഥാര്‍ഥ ദൈവങ്ങളല്ല, മറിച്ച്, ദൈവത്തിലേക്ക് തങ്ങളെ അടുപ്പിക്കുന്ന മാധ്യമങ്ങളോ ശുപാര്‍ശകരോ ദൈവത്തിന്റെ അവതാരങ്ങളോ ആയിരുന്നു പ്രസ്തുത ആരാധ്യന്മാര്‍. മക്കയിലെ മുശ്‌രിക്കുകള്‍ സാക്ഷാല്‍ പ്രപഞ്ചനാഥനെ അല്ലാഹുവെന്നാണ് വിളിച്ചിരുന്നത്. എങ്കില്‍ ഇന്ത്യയിലെ മുശ്‌രിക്കുകള്‍ സാക്ഷാല്‍ ദൈവത്തെ വിളിക്കുന്നത് ജഗദീശ്വരന്‍ എന്നോ ദൈവം തമ്പുരാന്‍ എന്നോ ആണ്. ക്രിസ്ത്യാനികള്‍ സാക്ഷാല്‍ ദൈവത്തെ വിളിക്കുന്ന പേര് യഹോവ എന്നുമാണ്. ഇംഗ്ലീഷുകാര്‍ അല്ലാഹുവിനെ വിളിക്കുന്ന പേര് ഗോഡ് എന്നും ഉര്‍ദുവില്‍ ഖുദാ എന്നുമാണ്. അപ്പോള്‍ അല്ലാഹു പ്രവാചകന്മാരെ അയച്ചത് ദൈവമുണ്ട് എന്ന് പഠിപ്പിക്കാനായിരുന്നില്ല. മറിച്ച്, അവര്‍ ഉണ്ട് എന്ന് അംഗീകരിച്ചുപോരുന്ന ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന് പഠിപ്പിക്കാനായിരുന്നു.
അല്ലാഹു അരുളി: ”ഞാനല്ലാതെ യാതൊരു ആരാധ്യനുമില്ല, അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ താങ്കള്‍ക്കു മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല” (അന്‍ബിയാഅ് 25). ”തീര്‍ച്ചയായും എല്ലാ സമുദായത്തിലും നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും ദുര്‍മൂര്‍ത്തികളെ വെടിയുകയും വേണം എന്ന് പ്രബോധനം ചെയ്യാന്‍ വേണ്ടി” (നഹ്ല്‍ 36).
തൗഹീദിനു പുറമെ ഓരോ നാട്ടിലും നടക്കുന്ന അഴിമതികളും ധിക്കാരങ്ങളും തോന്നിവാസങ്ങളും പ്രവാചകന്മാര്‍ ശക്തിയുക്തം എതിര്‍ക്കുകയും ചെയ്തിരുന്നു. ലൂത്ത് നബി(അ)യുടെ കാലത്ത് നടന്നിരുന്ന സ്വവര്‍ഗരതിയും ശുഐബ് നബി(സ)യുടെ കാലത്ത് നടന്നിരുന്ന കച്ചവടത്തിലെ അഴിമതിയും മൂസാ നബി(അ)യുടെ കാലത്ത് നടന്നിരുന്ന ഫറോവയുടെ മര്‍ദനങ്ങളും അതില്‍ ചിലതാണ്. അത്തരം ചെയ്തികള്‍ക്കെതിരില്‍ പ്രവാചകന്മാര്‍ ശക്തിയുക്തം പ്രതികരിച്ചിരുന്നതായി വിശുദ്ധ ഖുര്‍ആനില്‍ നിന്നു ഗ്രഹിക്കാന്‍ സാധിക്കും.
പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചയച്ചത് ‘ഹുകൂമത്തെ ഇലാഹി’ (ദൈവിക ഭരണം) സ്ഥാപിക്കാനായിരുന്നില്ല. മറിച്ച് ‘ഇഖാമത്തുദ്ദീന്‍’ (മതം നിലനിര്‍ത്തല്‍) സ്ഥാപിക്കാന്‍ വേണ്ടിയായിരുന്നു. അത് പ്രവാചകന്മാര്‍ നിലനിര്‍ത്തുകയും ചെയ്തു. ”നൂഹിനോട് കല്‍പിച്ചതും താങ്കള്‍ക്ക് നാം ബോധനം നല്‍കിയതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരോട് നാം കല്‍പിച്ചതുമായ കാര്യം, നിങ്ങള്‍ മതത്തെ നേരാവണ്ണം നിലനിര്‍ത്തുക, അതില്‍ നിങ്ങള്‍ ഭിന്നിക്കാതിരിക്കുക എന്ന കാര്യം അല്ലാഹു നിങ്ങള്‍ക്ക് മതനിയമമായി നിശ്ചയിച്ചിരിക്കുന്നു” (ശൂറാ 13). ഇവിടെ നൂഹ് നബി(അ), ഇബ്‌റാഹീം നബി(അ), മൂസാ നബി(അ), ഈസാ നബി(അ) എന്നിവരോട് അല്ലാഹു കല്‍പിക്കുന്നത് ദീന്‍ നിലനിര്‍ത്താനാണ്. ഉലുല്‍ അസ്മില്‍ പെട്ട നാല് പ്രവാചകന്മാര്‍ക്കും അല്ലാഹു ഭരണം പ്രദാനം ചെയ്തിട്ടില്ല. അവര്‍ സഹിച്ച ത്യാഗങ്ങള്‍ തൗഹീദിനു വേണ്ടിയായിരുന്നു.
അല്ലാഹു ഭരണം നല്‍കി അനുഗ്രഹിച്ചത് മൂന്ന് പ്രവാചകന്മാര്‍ക്കു മാത്രമായിരുന്നു. ദാവൂദ്(അ), സുലൈമാന്‍(അ), മുഹമ്മദ്(സ) എന്നിവരായിരുന്നു അവര്‍. എല്ലാ കാര്യങ്ങളുടെയും മാതൃക കാണിച്ചുകൊടുത്തപ്പോള്‍ ഭരണത്തിന്റെ മാതൃകയും അല്ലാഹു നബി(സ)ക്കു കാണിച്ചുകൊടുത്തു എന്നു മാത്രം. ശൂറാ 13-ാം വചനത്തില്‍ നിന്നു നമുക്ക് മനസ്സിലാക്കാവുന്ന കാര്യം ഖിലാഫത്ത് (ഭരണം) ഇഖാമത്തുദ്ദീനില്‍ ഉള്‍പ്പെടുകയില്ല എന്നതാണ്.
എന്നാല്‍ ഇസ്‌ലാമിക ഖിലാഫത്ത് ഒരിക്കലും തള്ളിക്കളയേണ്ട ഒന്നല്ല. ഒരു നാട്ടില്‍ ബഹുഭൂരിപക്ഷവും മുസ്‌ലിംകളാണെങ്കില്‍ ഇസ്‌ലാമിക ഭരണം സ്ഥാപിക്കാന്‍ പരിശ്രമം നടത്തല്‍ അവരുടെ ബാധ്യതയാണ്. എന്നാല്‍ ഇസ്‌ലാമിക ഭരണാധികാരിക്കും തെറ്റുകള്‍ സംഭവിക്കാം. നബി(സ) അക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്: ”കേസുമായി വരുന്ന ചിലര്‍ മറ്റു ചിലരെക്കാള്‍ വാചാലതയുള്ളവരായേക്കാം. അതിനാല്‍ (വാചാലത കൊണ്ട്) വല്ലവനും എന്നില്‍ നിന്നും അപരന്റെ അവകാശം പിടിച്ചുപറ്റുന്നപക്ഷം അവര്‍ നരകത്തിലെ തീക്കഷണമാണ് സ്വീകരിക്കുന്നത്” (ബുഖാരി).
എന്നാല്‍ ഇന്ത്യ പോലുള്ള രാഷ്ട്രങ്ങളില്‍ മുസ്‌ലിംകള്‍ വളരെ ന്യൂനപക്ഷമാണ്. അവര്‍ ഇസ്‌ലാമിക ഭരണം സ്ഥാപിക്കാന്‍ ശ്രമം നടത്തല്‍ ആത്മഹത്യാപരമായിരിക്കും. ഹജ്ജ് നിര്‍വഹിക്കാന്‍ കഴിവില്ലാത്തവരും സകാത്ത് കൊടുക്കാന്‍ കഴിവില്ലാത്തവരും അവ നിര്‍വഹിക്കാന്‍ പരിശ്രമങ്ങള്‍ നടത്തേണ്ടതില്ലല്ലോ. അവ രണ്ടിനും അല്ലാഹു കഴിവു കൊടുക്കുമ്പോള്‍ നിര്‍വഹിച്ചാല്‍ മതി. അല്ലാഹു അരുളി: ”അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല” (അല്‍ബഖറ 286). ഈ യാഥാര്‍ഥ്യം ചിലരിപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം ശരിയായ രീതിയിലാണെങ്കിലും ഏട്ടില്‍ ഇപ്പോഴും മാറ്റം വരുത്തിയിട്ടില്ല.
അപ്പോള്‍ നമ്മുടെ ‘ഇഖാമത്തുദ്ദീന്‍’ ശരിയായ രീതിയില്‍ മതപ്രബോധനം നടത്തുകയെന്നത് മാത്രമാണ്. ആദം(അ) അല്ലാഹുവിന്റെ ഖലീഫയല്ല (പ്രതിനിധി). മറിച്ച് മനുഷ്യവര്‍ഗത്തിന്റെ പ്രതിനിധിയാണ്. ഇമാം ഇബ്‌നു കസീര്‍ രേഖപ്പെടുത്തിയതു ശ്രദ്ധിക്കുക: ”ഒരു തലമുറക്കു ശേഷം മറ്റൊരു തലമുറ, ഒരു കാലക്കാര്‍ക്കു ശേഷം മറ്റൊരു കാലക്കാര്‍” (മുഖ്തസര്‍ ഇബ്‌നി കസീര്‍ 1:49). ഇതേ ആശയം വിശുദ്ധ ഖുര്‍ആനിലും കാണാം. അല്ലാഹു അരുളി: ”അവനത്രെ നിങ്ങളെ ഭൂമിയില്‍ ഖലീഫമാര്‍ (പിന്‍ഗാമി) ആക്കിയത്” (ഫാത്വിര്‍ 39).
”അവര്‍ നിങ്ങളെ ഭൂമിയിലെ ഖലീഫമാര്‍ (പിന്‍ഗാമികള്‍) ആക്കുന്നു” (നംല് 62). അപ്പോള്‍ ഖുലഫാ എന്നു പറഞ്ഞാല്‍ മാറിമാറി വരുന്ന മനുഷ്യ തലമുറയാണ്. അതിന്റെ ആദ്യത്തെ ഖലീഫയാണ് (പ്രതിനിധി) ആദം (അ). അല്ലാതെ ദൈവത്തിന്റെപ്രതിനിധിയല്ല.

Back to Top