ഇസ്മാഈല്‍ ഹനിയ്യ ഹമാസിന്റെ നയതന്ത്രജ്ഞന്‍
ടി ടി എ റസാഖ്
‘അദ്ദേഹം മികവുറ്റ ഒരു രാഷ്ട്രീയ നേതാവായിരുന്നു. യുദ്ധവുമായിട്ടോ ചെറുത്തു നില്‍പ് സംഘര്‍ഷങ്ങളുമായിട്ടോ അദ്ദേഹത്തിന് നേരിട്ട് ബന്ധമുണ്ടായിരുന്നില്ല’ – ഗസ്സയിലെ അല്‍ഷാത്വി അഭയാര്‍ഥി ക്യാമ്പില്‍ ജനിച്ചു വളര്‍ന്ന ഇസ്മാഈല്‍ ഹനിയയുടെ അന്നത്തെ സുഹൃത്തുക്കളും അയല്‍വാസികളും അദ്ദേഹത്തെ അനുസ്മരിക്കുന്നതിങ്ങനെയാണ്.
സമാധാന ദൗത്യവുമായി മധ്യസ്ഥ ശ്രമങ്ങളില്‍ നേതൃത്വപരമായ പങ്കാണദ്ദേഹം നിര്‍വഹിച്ചത്. ഇസ്രായേലിന് ഇനിയും യുദ്ധം നിര്‍ത്താന്‍ താല്‍പര്യമില്ല എന്നാണദ്ദേഹത്തെ പോലുള്ള ഒരു വ്യക്തിയെ വധിച്ചതില്‍ നിന്നും നാം മനസിലാക്കേണ്ടത്.
‘ഇത്തരമൊരു വാര്‍ത്ത കേള്‍ക്കുക എന്നത് ഞങ്ങള്‍ക്കത്ര എളുപ്പമായിരുന്നില്ല. എന്നാല്‍ അല്ലാഹുവിന്റെ തൃപ്തി അതാണെങ്കില്‍ ഞങ്ങള്‍ക്കതില്‍ സന്തോഷമേ ഉള്ളു. നമ്മളെല്ലാം അവനിലേക്കാണല്ലോ മടക്കം – ഈ നിയോഗത്തില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ചദ്ദേഹത്തിന് തികഞ്ഞ ബോധ്യമുണ്ടായിരുന്നു. സ്വയം തിരഞ്ഞടുത്ത വഴികളില്‍ ഇന്ന് അദ്ദേഹം രക്തസാക്ഷികളുടെ കൂടെ ചേര്‍ന്നു കഴിഞ്ഞു. ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകരുടെ കൂടെയും. അദ്ദേഹത്തിന്റെ മക്കളും പേരമക്കളും നേരത്തെ തന്നെ ഈ മാര്‍ഗത്തില്‍ യാത്രയായവരാണല്ലോ. എല്ലാ വിശ്വാസികളും ആഗ്രഹിക്കുന്ന മരണം.’
‘ഞാന്‍ അല്‍ഷാത്വി ക്യാമ്പില്‍ അദ്ദേഹത്തിന്റെ അയല്‍വാസിയായിരുന്നു. അബുല്‍ അബീദിയെ (അദ്ദേഹത്തെ നാട്ടുകാര്‍ വിളിക്കുന്ന പേര്) പോലെ മറ്റൊരു വ്യക്തിയെ കാണാന്‍ കഴിയില്ല. വിനയവും മതനിഷ്ഠയും സമ്മേളിച്ച വ്യക്തി. ഇവിടെ പടിഞ്ഞാറേ പള്ളിയിലാണ് അദ്ദേഹം വരാറുള്ളത്. അദ്ദേഹം പള്ളിയില്‍ എത്തുമ്പോള്‍ നാട്ടുകാരെല്ലാം അദ്ദേഹത്തിന്റെ കൂടെയുള്ള നമസ്‌കാരത്തിനായി പള്ളിയില്‍ ഒരുമിച്ചു കൂടും. വിശിഷ്ടനും വിശ്വസ്തനും സല്‍ക്കര്‍മിയുമായ ഒരു മനുഷ്യന്‍’. ‘അദ്ദേഹം എനിക്കൊരു അയല്‍വാസിയും ഒരു പിതാവും ആയിരുന്നു. അയല്‍വാസികള്‍ക്ക് എപ്പോഴും വളരെയധികം പരിഗണന നല്‍കിയ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ദുഃഖങ്ങളും സന്തോഷങ്ങളും ഞങ്ങളുമായി പങ്കുവെയ്ക്കും. അനുഗൃഹീതനായ നേതാവ് മാത്രമായിരുന്നില്ല അദ്ദേഹം, നല്ലൊരു കുടുംബ നാഥനും നല്ലൊരു സുഹൃത്തും നല്ല അയല്‍വാസിയുമായിരുന്നു. അദ്ദേഹത്തെ സമീപിക്കുന്നവര്‍ക്കൊക്കെ തന്നാല്‍ കഴിയുന്നതെല്ലാം അദ്ദേഹം ഏറ്റെടുത്ത് ചെയ്തു’ -ഇങ്ങനെ പോകുന്നു അദ്ദേഹത്തെ നേരിട്ടറിയുന്നവരുടെ ഓര്‍മകള്‍.
മക്കളുടേയും പേരക്കുട്ടിയുടെയും മരണവാര്‍ത്ത അറിഞ്ഞ് മരുമകള്‍ ഈനാസിനെ സമാധാനിപ്പിക്കാനാണദ്ദേഹം അവസാനമായി ഗസ്സയിലെത്തത്. അഭിമാനത്തോടെയാണദ്ദേഹം അവരുടെ മരണത്തെ നേരിട്ടത്. ഈനാസിനെ രക്തസാക്ഷികളുടെ ഉമ്മ എന്നദ്ദേഹം വിശേഷിപ്പിച്ചപ്പോള്‍, താങ്കള്‍ രക്തസാക്ഷികളുടെ ഉപ്പയും ഉപ്പാപ്പയുമാണല്ലാ എന്ന് മരുമകളും പ്രതികരിച്ചു. ഗസ്സയില്‍ കൊല്ലപ്പെട്ട പതിനേഴായിരം കുട്ടികളില്‍ ഒരാളെന്നതിലപ്പുറം കൊല്ലപ്പെട്ട തന്റെ മൂന്ന് മക്കള്‍ക്ക് യാതൊരു പ്രാധാന്യവുമില്ല എന്നാണദ്ദേഹം പ്രഖ്യാപിച്ചത്.
‘പ്രിയപ്പെട്ടവനേ, ഗസ്സയിലെ എല്ലാ രക്തസാക്ഷികളോടും എന്റെ സലാം പറയുക. ദൈവ സന്നിധിയില്‍ താങ്കള്‍ക്ക് എല്ലാം എളുപ്പമായിരിക്കട്ടെ. ഈ ലോകത്തും പരലോകത്തും എന്റെ ഇഷ്ടവും ആശ്രയവുമാണ് നിങ്ങള്‍. താങ്കളുടെ കരുത്തും ക്ഷമയുമെല്ലാം ഞങ്ങള്‍ക്കും അനന്തരം ലഭിച്ചിട്ടുണ്ട്’. ഈ പ്രാര്‍ഥനയും വാക്കുകളുമായാണ് ഭാര്യ അമല്‍ ഹനിയ്യ അദ്ദേഹത്തെ അവസാനമായി യാത്ര അയച്ചത്.
62-കാരനായ ഹനിയ്യ, 2017 ല്‍ രാഷ്ട്രീയ വിഭാഗത്തിന്റെ തലവനായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു വര്‍ഷത്തിനു ശേഷം രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കായി ഗസ്സയില്‍ നിന്ന് ഖത്തറിലേക്ക് താമസം മാറ്റുകയായിരുന്നു. പിന്നീടദ്ദേഹം ഹമാസിന്റെ അന്താരാഷ്ട്ര നയതന്ത്ര പ്രവര്‍ത്തനങ്ങളുടെ മുഖമായി മാറി. തുര്‍ക്കി, ഇറാന്‍, ഖത്തര്‍ എന്നിവയ്ക്കിടയില്‍ സമാധാന ചര്‍ച്ചകള്‍ക്കായി നിരന്തരം യാത്രകള്‍ നടത്തി. അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശത്തെ ഒളിതാവളത്തിലിരുന്ന് ഹമാസിനെ നയിക്കുന്ന, ഇപ്പോള്‍ ഇസ്രായേല്‍ ലക്ഷ്യമിടുന്ന യഹ്യ സിന്‍വാറിനേയും ഈ കഴിഞ്ഞ ദിവസം ഇസ്രായേല്‍ വധിച്ച അല്‍ഖസ്സം ബ്രിഗേഡ് തലവന്‍ മുഹമ്മദ് ദാഇഫിനേയും പോലുള്ള തീവ്രനിലപാടുകാരുമായി ആശയവിനിമയ ബന്ധം നിലനിര്‍ത്തുന്നതില്‍ പ്രധാന കണ്ണിയായി അദ്ദേഹം പ്രവര്‍ത്തിച്ചു. ഫലസ്തീന്റെ കാര്യത്തില്‍ പ്രായോഗിക ബുദ്ധിയും താരതമ്യേന മിതവാദ സമീപനങ്ങളുമാണദ്ദേഹം സ്വീകരിച്ചത്. വാഷിങ്ടണ്‍ പോസ്റ്റ്, ദി ഗാര്‍ഡിയന്‍ പോലുള്ള പാശ്ചാത്യ പത്രങ്ങളും ഇക്കാര്യം അനുസ്മരിക്കുന്നുണ്ട്. ഈയിടെ തുര്‍ക്കി വിദേശകാര്യ മന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയില്‍, 1967-ലെ അതിര്‍ത്തികളോടെ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെട്ടാല്‍, ഹമാസിന്റെ തീവ്ര സൈനിക വിഭാഗമായ അല്‍ഖസ്സാം പിരിച്ചുവിടാന്‍ ഹമാസ് തയ്യാറാണെന്ന് ഹനിയ്യ വാക്കു കൊടുത്തതായി ദി ന്യൂസ് അറേബ്യ റിപ്പോര്‍ട്ട് ചെയ്യുന്നു. യഥാര്‍ഥത്തില്‍ ബഹ്‌റ് മുതല്‍ നഹ്‌റ് വരെ എന്ന ശക്തമായ ആവശ്യത്തില്‍ നിന്ന് മധ്യമ രാഷ്ട്രീയ നിലപാടിലേക്കും അല്‍ഖസ്സാം വരെ പിരിച്ചു വിടാമെന്ന ചിന്തയിലേക്കും ഹമാസിനെ നയിച്ചത് ഹനിയ്യയുടെ പ്രായോഗിക രാഷ്ട്രീയ സമീപനങ്ങളായിരുന്നു.
ഇങ്ങനെ പ്രശ്‌ന പരിഹാരത്തിന്റെ ചര്‍ച്ചയിലിരിക്കേ മധ്യസ്ഥ ചര്‍ച്ചയുടെ നായകനെ തന്നെ വധിക്കുക എന്ന വഞ്ചനാപരമായ സമീപനമാണ് ഇസ്രായേല്‍ സ്വീകരിച്ചത്. ഇന്റര്‍നാഷണല്‍ ക്രൈസിസ് ഗ്രൂപ്പിലെ തഹാനി മുസ്തഫയുടെ അഭിപ്രായത്തില്‍, ‘നിങ്ങള്‍ മിതവാദികളെ എത്ര പേരെ വധിക്കുകയും നിലംപരിശാക്കുകയും ചെയ്യുന്നുവോ ആ സ്ഥാനങ്ങളിലൊക്ക അത്രയധികം തീവ്രചിന്താഗതിക്കാര്‍ കയറിവരികയാണ് ചെയ്യുക. അല്ലെങ്കില്‍, നിങ്ങള്‍ മിതവാദികളെ കടുത്ത തീവ്രവാദികളാക്കി മാറ്റുന്നു. ഇപ്രകാരം ഹമാസിനെ കീഴ്‌പ്പെടുത്തുകയാ മിതപ്പെടുത്തുകയോ ചെയ്യാമെന്ന് ചിന്തിക്കുന്നത് ഗുരുതരമായ അബദ്ധമായി ഭവിക്കും’.
ഹമാസിന്റെ നേതൃത്വം നിരനിരയായി വധിക്കപ്പെടുമ്പോഴും നാം കാണുന്ന യാഥാര്‍ഥ്യവും ഇത് തന്നെയാണ്. ‘ഹനിയ്യയുടെ മരണം ഹമാസിന് ഒരു വലിയ ആഘാതമാണ്, എന്നാല്‍ എല്ലായ്‌പ്പോഴും ഒരു പകരക്കാരനുണ്ട് എന്നതാണ് ചരിത്രം’ എന്നാണ് ഇസ്രായേലി പത്രം ഹാരെറ്റ്‌സ് ഇതു സംബന്ധമായ വാര്‍ത്തക്ക് നല്‍കിയ തലക്കെട്ട്. നാലു വര്‍ഷത്തിലധികം ഇസ്രാേയലീ തടവറയില്‍ കഴിയുകയും നാടുകടത്തപ്പെടുകയും പല തവണ വധശ്രമങ്ങളില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്ത വ്യക്തി എന്ന നിലക്ക് അദ്ദേഹത്തിന്റെ ചിന്താ വ്യതിയാനങ്ങളെ വിലയിരുത്തേണ്ടതുണ്ട്.
മാത്രമല്ല തന്റെ ഗുരുവും ഹമാസ് സ്ഥാപകനുമായ, വീല്‍ ചെയറില്‍ കൊല്ലപ്പെട്ട ശൈഖ് അഹ്‌മദ് യാസീന്റെ ജീവിത പാഠങ്ങളും, ശഹീദ് റന്റീസിയുമായുള്ള സഹവാസവും തനിക്ക് കരുത്തായതായി അദ്ദേഹം പറയാറുണ്ടായിരുന്നു. ഈയിടെ കൊല്ലപ്പെട്ട അല്‍ ഖസ്സാം മേധാവി മുഹമ്മദ് ദാഇഫ്, 22 വര്‍ഷം ഇസ്രായേലീ ജയില്‍ പീഡനം അനുഭവിച്ച ഹമാസ് തലവന്‍ യഹ്യ സിന്‍വാര്‍ തുടങ്ങി നിരവധി പേര്‍ അതിതപ്തമായ പ്രഷര്‍കുക്കര്‍ സമാനമായ മനസിനുടമകളായി മാറാനും കാരണം മറ്റൊന്നല്ല. സ്ത്രീകളും കുട്ടികളുമടങ്ങിയ 90 നിരപരാധികള്‍ കൊല്ലപ്പെട്ട, ടണ്‍കണക്കിന് ഭാരമുള്ള ബോബ് വര്‍ഷിച്ചാണ് ദാഇഫിനെ വധിച്ചത്. ചുരുക്കത്തില്‍ മനുഷ്യത്വരഹിതമായ ശിക്ഷാമുറകള്‍ അക്രമം വളര്‍ത്തിയ ചരിത്രമാണ് നമുക്ക് കാണാന്‍ കഴിയുക. ഗസ്സയിലേക്ക് മടങ്ങാന്‍ കഴിയാതെ ഖത്തറില്‍ കഴിയവേ സമാധാന ദൂതുമായി ഒരു നയതന്ത്രജ്ഞന്റെ ജോലിയാണദ്ദേഹം നിര്‍വഹിച്ചു കൊണ്ടിരുന്നത്. മുല്ലപ്പൂ വിപ്ലവ കാലത്തും സിറിയന്‍ പ്രശ്‌നത്തിലും ഇറാന്‍ – ഹമാസ് ബന്ധം വഷളായപ്പോള്‍, അത് പൂര്‍വസ്ഥിതിയിലാക്കാന്‍ പരിശ്രമിച്ച വ്യക്തിയായിരുന്നു ഹനിയ്യ. ഹമാസിന്റെ മുഖ്യ സാമ്പത്തിക സാങ്കേതിക സഹായവും ഇറാന്‍ തന്നെയാണെന്നത് രഹസ്യമല്ല.
ആ മണ്ണില്‍ തന്നെ ഈ കൃത്യം നടത്തിയതിനു പിന്നില്‍, ഇറാനെ ഒരു തുറന്ന സംഘട്ടനത്തിലേക്ക് വലിച്ചിഴച്ച് അമേരിക്കയുടെ സൈനിക സഹായത്തോടെ നിശ്ശേഷം തകര്‍ക്കുക എന്ന അജണ്ടയാണെന്നാണ് ഹാരെറ്റ്‌സ് (ആഗസ്ത് 4) റിപ്പോര്‍ട്ട് ചെയ്യുന്നത്. അങ്ങനെ മാത്രമേ ഇസ്രായേലിന്റെ ഉറക്കം കെടുത്തുന്ന പ്രതിരോധത്തിന്റെ അച്ചുതണ്ട് എന്നറിയപ്പെടുന്ന ഹമാസിന്റെ സഹായക രാഷ്ട്രങ്ങളെ തകര്‍ക്കാന്‍ കഴിയൂ എന്ന് ഇസ്രായേലിന് ബോധ്യമുണ്ട്. ഇപ്പോള്‍ നടന്നുവരുന്ന യു എസ് സൈനിക തയാറെടുപ്പുകളില്‍ നിന്നും ഇത് വ്യക്തമാണ്.
ഇസ്രായേലുമായി അനുരഞ്ജനവും നയതന്ത്രവുമാണ് സ്വീകരിക്കേണ്ട ശരിയായ വഴിയെന്നാണ് ഹനിയ്യ വിശ്വസിച്ചത്. സഖ്യകക്ഷികളും മുന്‍ എതിരാളികളും പോലും കൊലപാതകത്തെ അപലപിച്ചു സംസാരിച്ചു. ഇന്ത്യയും പ്രമുഖ അറബ് രാഷ്ട്രങ്ങളും മൗനം പാലിച്ചതില്‍ രാഷ്ട്രീയവും അന്താരാഷ്ട്രീയവുമായ കെട്ടിക്കുടുക്കുകളുണ്ടാവാം. ഹനിയ്യ ഫലസ്തീന്‍ പ്രധാനമന്ത്രിയായിരിക്കേയും (2006-2007) ശേഷവും ഫതഹുമായി രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് കൊലപാതകത്തെ ‘ഭീരുത്വവും നിന്ദ്യവും’ എന്ന് വിശേഷിപ്പിക്കുകയും കക്ഷിവഴക്കുകള്‍ മറന്ന് ഒറ്റക്കെട്ടായി നീങ്ങാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. ഒക്ടോബര്‍ 7 ല്‍ ഹമാസ് ഇസായേലില്‍ നടത്തിയ ആക്രമണത്തെ കുറിച്ച് ഹനിയ്യയ്ക്ക് അറിവില്ലായിരുന്നു എന്നാണ് പറയപ്പെടുന്നത്.
എന്നാല്‍ നിര്‍ബന്ധിത സാഹചര്യത്തിലാണെങ്കിലും അദ്ദേഹം തൂഫാനുല്‍ അഖ്‌സ എന്നാവര്‍ത്തിച്ച് അതിനെ വാഴ്ത്തി പറഞ്ഞുവെന്നത് വസ്തുതയാണ്. സമാധാനമാഗ്രഹിക്കുന്ന ഖത്തര്‍ പോലുള്ള ഒരു രാഷ്ട്രം അദ്ദേഹത്തിന് വേദിയൊരുക്കേണ്ടി വന്ന സാഹചര്യവും എടുത്തു പറയേണ്ടതില്ല. ലോകത്ത് സമാനതകളില്ലാത്ത പീഡന പര്‍വം നീന്തിക്കഴിയുന്ന ഫലസ്തീന്‍ ജനത മാത്രമാണ് എല്ലാ വിശ്വാസികളുടേയും മനസിനെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്നത് എന്നതാണ് ഇതിനു പിന്നിലെ യാഥാര്‍ഥ്യം. ഇസ്മാഈല്‍ ഹനിയ്യയെ ഓര്‍ക്കുന്നതും ആ ഒരു സാഹചര്യത്തിലാണ്. അല്ലാഹു അദ്ദേഹത്തിന്റെ തെറ്റുകള്‍ പൊറുത്തു കൊടുക്കുകയും രക്തസാക്ഷികളില്‍ ഉള്‍പെടുത്തുകയും ചെയ്യട്ടെ.