27 Saturday
July 2024
2024 July 27
1446 Mouharrem 20

ഇമാം ശാഫിഈ(റ)യും ഇസ്‌ലാഹീ ആദര്‍ശങ്ങളും -പി കെ മൊയ്തീന്‍ സുല്ലമി

തങ്ങള്‍ ശാഫിഈ ഇമാമിന്റെ മദ്ഹബുകാരാണെന്നു അവകാശമുന്നയിക്കുന്ന കേരളത്തിലെ മുഖ്യധാരാ മുസ്‌ലിംകള്‍ കര്‍മശാസ്ത്രപരമായ ഒട്ടുമിക്ക കാര്യങ്ങളിലും ഇമാം ശാഫിഈ(റ)ക്ക് എതിരാണെന്ന് അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ യഥാര്‍ഥ അനുയായികളുടെയും അധ്യാപനങ്ങള്‍ പരിശോധിച്ചാല്‍ കണ്ടെത്താന്‍ കഴിയും. സ്ത്രീകള്‍ ജുമുഅയില്‍ പങ്കെടുക്കല്‍ ഹറാമാണെന്നാണ് കേരളത്തിലെ ഇരുവിഭാഗം സമസ്തക്കാരും സംസ്ഥാനക്കാരും വാദിച്ചുപോരുന്നത്. തങ്ങളുടെ വാദം സ്ഥാപിക്കാന്‍ ഇമാം ശാഫിഈ(റ)യുടെ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു: ”പ്രതിബന്ധങ്ങളില്ലാത്ത പുരുഷന്മാര്‍ക്ക് ജുമുഅ നിര്‍ബന്ധമാണ്. മുഅ്മിനീങ്ങളുടെ മാതാക്കള്‍ (പ്രവാചകപത്‌നിമാര്‍) ആരും തന്നെ (ആ നിലയില്‍) ജുമുഅക്കോ ജമാഅത്തിനോ പുറപ്പെട്ടിരുന്നതായി നാം മനസ്സിലാക്കിയിട്ടില്ല. നിര്‍ബന്ധമായ കാര്യങ്ങള്‍ അനുഷ്ഠിക്കാന്‍ പ്രവാചകനും ഭാര്യമാരും തമ്മിലുള്ള സ്ഥാനം പരിഗണിക്കുമ്പോള്‍ അതിനേറ്റവും അര്‍ഹര്‍ അവര്‍ തന്നെയാണ്. സ്ത്രീകള്‍ക്ക് ജുമുഅ നിര്‍ബന്ധമാണ് എന്ന് പ്രസ്താവിച്ച ഒരാളെയും നാം മനസ്സിലാക്കിയിട്ടുമില്ല” (ഇഖ്തിലാഫുല്‍ ഹദീസ് 7:173)
സ്ത്രീകള്‍ക്ക് ജുമുഅയില്‍ പങ്കെടുക്കല്‍ നിഷിദ്ധമാണെന്ന് സ്ഥാപിക്കാന്‍ മുസ്‌ല്യാക്കള്‍ പണ്ടുമുതലേ ഉദ്ധരിച്ചുവരാറുള്ള വചനങ്ങളാണ് മേല്‍ ഉദ്ധരിച്ചത്. ഇമാം ശാഫിഈ(റ)യുടെ പ്രസ്താവനയുടെ ആദ്യഭാഗവും അവസാനഭാഗവും ഒഴിവാക്കി ഈ ഭാഗം മാത്രം വായിക്കുകയാണ് അവരുടെ പതിവ്. ”മുഅ്മിനീങ്ങളുടെ മാതാക്കള്‍ ആരും തന്നെ ജുമുഅക്കോ ജമാഅത്തിനോ പുറപ്പെട്ടിരുന്നതായി നാം മനസ്സിലാക്കിയിട്ടില്ല” എന്ന ഇമാം ശാഫിഈ(റ)യുടെ പ്രസ്താവന നിര്‍ബന്ധം എന്ന നിലയില്‍ മുഅ്മിനീങ്ങളുടെ മാതാക്കള്‍ ജുമുഅ ജമാഅത്തുകള്‍ക്ക് പുറപ്പെട്ടതോ അവരുടെ മേല്‍ അത് നിര്‍ബന്ധമാക്കിയതായോ നാം മനസ്സിലാക്കിയിട്ടില്ല എന്നാണ്. മേല്‍ പ്രസ്താവന മുഴുവന്‍ വായിക്കുന്ന ആര്‍ക്കും അത് ബോധ്യപ്പെടും. താഴെ വരുന്ന ഭാഗം അത് കൂടുതല്‍ ബോധ്യപ്പെടുത്തുന്നു.
”ജുമുഅ നിര്‍ബന്ധമില്ലാത്ത അടിമകള്‍, പ്രായപൂര്‍ത്തിയെത്താത്ത കുട്ടികള്‍, സ്ത്രീകള്‍, പ്രതിബന്ധമുള്ള സ്വതന്ത്രന്മാര്‍ എന്നിവരൊന്നും ജുമുഅ പിരിയുന്നതിന് മുമ്പ് ദുഹ്ര്‍ നമസ്‌കരിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. കാരണം അവര്‍ക്കൊക്കെ ജുമുഅക്ക് വരാന്‍ സാധിച്ചെങ്കിലോ. അവര്‍ക്ക് ജുമുഅക്ക് വരുന്നതാണ് ഉത്തമം” (അല്‍ഉമ്മ് 1:168). അപ്പോള്‍ ഇമാം ശാഫിഈ(റ)യുടെ നിലപാട് സ്ത്രീകള്‍ക്കും ജുമുഅ നിര്‍ബന്ധമില്ലാത്തമറ്റുള്ളവര്‍ക്കും ഉത്തമം അവരൊക്കെ ജുമുഅക്ക് വരികയെന്നതാണ്. മുസ്‌ല്യാക്കള്‍ പറയുന്നതാകട്ടെ സ്ത്രീകള്‍ ജുമുഅയില്‍ പങ്കെടുക്കുന്നത് ഹറാമാണ് എന്നാണ്.
ശാഫിഈ മദ്ഹബുകാരാണെന്ന് അവകാശവാദമുന്നയിക്കുന്നവര്‍ പരക്കെ നടത്തിവരാറുള്ള ഒരു അനാചാരമാണ് നിര്‍ബന്ധ നമസ്‌കാരശേഷമുള്ള കൂട്ടുപ്രാര്‍ഥന. ഇമാം ശാഫിഈ(റ) അതിനെ ഖണ്ഡിക്കുന്നത് ഇമാം ബുഖാരി ഉമ്മുസലമ(റ)യില്‍ നിന്നും ഉദ്ധരിക്കുന്ന ഹദീസ് വെച്ചുകൊണ്ടാണ്. അതിപ്രകാരമാണ്: ”ഉമ്മുസലമ(റ) പറഞ്ഞതുപോലെ ജമാഅത്തിന് വരുന്ന സ്ത്രീകള്‍ പിരിഞ്ഞുപോകുന്ന സമയം മാത്രമേ ഇമാം (സലാം വീട്ടിയതിനു ശേഷം) മുസ്വല്ലയില്‍ ഇരിക്കാവൂ” (അല്‍ഉമ്മ് 1:111). ഇമാം നവവി(റ) പറയുന്നു: ”പിന്നില്‍ ജമാഅത്തിന് സ്ത്രീകള്‍ ഇല്ലെങ്കില്‍ ഇമാം സലാം വീട്ടിയ ഉടനെ മുസ്വല്ലയില്‍ നിന്ന് എഴുന്നേല്ക്കല്‍ സുന്നത്താകുന്നു എന്ന് ഇമാം ശാഫിഈ(റ)യും അനുയായികളും പ്രസ്താവിച്ചിരിക്കുന്നു. ഇപ്രകാരം ശാഫിഈ(റ) തന്റെ മുഖ്തസ്വര്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ അനുയായികള്‍ അതില്‍ ഏകോപിക്കുകയും ചെയ്തിരിക്കുന്നു” (ശറഹുല്‍ മുഹദ്ദബ് 3:489)
മേല്‍ പറഞ്ഞ രണ്ട് പ്രസ്താവനകളില്‍ നിന്നും രണ്ട് കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. ഒന്ന്, നമസ്‌കാരശേഷമുള്ള കൂട്ടുപ്രാര്‍ഥന ശാഫിഈ(റ)യുടെ മദ്ഹബിന് വിരുദ്ധമാണ്. രണ്ട്, സ്ത്രീകള്‍ ജമാഅത്ത് നമസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നതിന് ഇമാം ശാഫിഈ(റ) എതിരല്ല. അതാണ് പുണ്യകരം എന്നുകൂടി അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു.
മരണവീടുകളില്‍ അടിയന്തിരങ്ങള്‍ നടത്തി മരണവീട്ടുകാരെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന സമ്പ്രദായം കേരളത്തിലെ യാഥാസ്ഥിതിക മുസ്‌ലിംകള്‍ക്കിടയില്‍ നടന്നുവരുന്നുണ്ട്. യഥാര്‍ഥത്തില്‍ ഇത് ഹൈന്ദവാചാരമാണ്. മരണവീട്ടുകാര്‍ക്ക് അയല്‍വാസികളും കുടുംബങ്ങളും ഒരു രാവും പകലും ഭക്ഷണം ഉണ്ടാക്കിനല്‍കണം എന്നതാണ് ഇമാം ശാഫിഈ(റ) രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനുപകരം കേരളത്തിലെ മുസ്‌ല്യാക്കന്മാര്‍ മരണവീട്ടില്‍ ചെന്ന് വയറുനിറച്ച് ഭക്ഷണം കഴിച്ച് മടങ്ങുന്ന കാഴ്ചയാണ് നാം കണ്ടുവരാറുള്ളത്. മുഅ്തത് യുദ്ധത്തില്‍ ജഅ്ഫറുബ്‌നു അബീത്വാലിബ്(റ) മരണപ്പെട്ടപ്പോള്‍ നബി(സ) പറയുകയുണ്ടായി: ”നിങ്ങള്‍ ജഅ്ഫറിന്റെ കുടുംബത്തിന് ഭക്ഷണം ഉണ്ടാക്കി നല്കുക. മരണമെന്ന വിഷമം അവര്‍ക്ക് വന്നു ഭവിച്ചിരിക്കുന്നു.” (അബൂദാവൂദ്, തിര്‍മിദി)
ഈ ഹദീസിന്റെ വിശദീകരണത്തില്‍ ഇമാം ശാഫിഈ(റ) പറയുന്നു: ‘മയ്യിത്തിന്റെ അയല്‍വാസികളും അടുത്തബന്ധുക്കളും മയ്യിത്തിന്റെ വീട്ടുകാര്‍ക്ക് മരണപ്പെട്ട പകലിലും രാത്രിയിലും അവരുടെ വിശപ്പടക്കാവുന്നവിധം ഭക്ഷണം കൊണ്ടുപോയി കൊടുക്കണം. നമുക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള നല്ല ആളുകളുടെ ചര്യ അപ്രകാരമാകുന്നു.” (അല്‍ഉമ്മ് 1:247). മുസ്‌ല്യാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്ന ചാവടിയന്തിരം അനാചാരമാണെന്ന് ഇമാം നവവി(റ) അടക്കമുള്ള ശാഫിഈ(റ)യുടെ മദ്ഹബിലുള്ള പണ്ഡിതന്മാര്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ”എന്നാല്‍ മരണവീട്ടുകാര്‍ ഭക്ഷണമുണ്ടാക്കുകയും (അത് ഭക്ഷിക്കാന്‍) ജനങ്ങളെ ഒരുമിച്ചുകൂട്ടുകയും ചെയ്യുകയെന്ന കാര്യത്തില്‍ യാതൊരുവിധ തെളിവും ഉദ്ധരിക്കപ്പെട്ടിട്ടില്ല. അത് നല്ലതല്ലാത്ത അനാചാരവുമാണ്.” (ശറഹുല്‍ മുഹദ്ദബ് 5:320)
വെള്ളിയാഴ്ച ജുമുഅകളിലെ ഖുതുബകള്‍ ദുഹ്ര്‍ നമസ്‌കാരത്തിലെ രണ്ട് റക്അത്ത് നമസ്‌കാരത്തിന് പകരമുള്ളതാണെന്നും അതിനാല്‍ ജുമുഅ ഖുത്ബ അറബി ഭാഷയിലായിരിക്കല്‍ നിര്‍ബന്ധമാണെന്നും കേരളത്തിലെ സകല യാഥാസ്ഥിതികരും വാദിച്ചുകൊണ്ടിരിക്കുന്നു. (അവരില്‍പെട്ട ചിലര്‍ മലയാളത്തില്‍ ഖുതുബ നടത്തിവരുന്നുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല.) പ്രസ്തുതവാദം ദുര്‍ബലവും അപ്രസക്തവുമാണെന്നാണ് ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇമാം ശാഫിഈ(റ)യും പ്രസ്തുതവാദം തള്ളിക്കളയുന്നതായി കാണാം.
”ഖുത്ബ നമസ്‌കാരം പോലെയായിരുന്നെങ്കില്‍ നബി(സ) ഖുത്ബ നിര്‍വഹിക്കുമ്പോള്‍ (മറ്റു കാര്യങ്ങള്‍) സംസാരിക്കുമായിരുന്നില്ല” (അല്‍ഉമ്മ് 1:180). അഥവാ നമസ്‌കാരത്തില്‍ അതിലുള്‍പ്പെടാത്ത പദങ്ങള്‍ ഉച്ചരിച്ചാല്‍ അത് ബാത്വിലാകും. ഖുത്ബയ്ക്ക് നിശ്ചിതവും നിര്‍ണിതവുമായ പദങ്ങളില്ലാത്തതിനാല്‍ അവസരോചിതം സംസാരിച്ചാല്‍ അത് ബാത്വിലാകുന്നതല്ല. നമസ്‌കാരവും ഖുത്ബയും ഒന്നല്ല. അവ പരസ്പരം താരതമ്യം ചെയ്യാന്‍ പറ്റുന്നതല്ല എന്നാണ് ഇമാം ശാഫിഈ(റ) രേഖപ്പെടുത്തിയത്. അതിപ്രകാരമാണ്: ”ജുമുഅ ഖുത്ബകളിലും മറ്റുള്ള എല്ലാ ഖുത്ബകൡും ഖതീബിനോ മറ്റുള്ളവര്‍ക്കോ താല്പര്യമുള്ള കാര്യങ്ങള്‍ അവരുടെ ഭാഷയില്‍ സംസാരിക്കുന്നതില്‍ വിരോധമില്ല” (അല്‍ഉമ്മ് 1:179)
എന്നാല്‍ സമസ്തക്കാരും മറ്റു യാഥാസ്ഥിതികരും പറയുന്നത് മലയാള ഭാഷയില്‍ ഖുത്ബ നിര്‍വഹിക്കല്‍ ഹറാമാകുന്നു എന്നാണ്. മിക്കവാറും എല്ലാ ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാരും ദുര്‍ബലമോ നിര്‍മിതമോ ആയി പ്രഖ്യാപിച്ചിട്ടുള്ള ബറാഅത്ത് രാവിന്റെ പുണ്യത്തെക്കുറിച്ച് വന്നിട്ടുള്ള ഹദീസുകളും ഇപ്രകാരം തന്നെ. എന്നാല്‍ കേരളത്തിലെ മുസ്‌ലിംകള്‍ അതിന്റെ പുണ്യത്തില്‍ ഉറച്ചുനിന്ന് അതിനുവേണ്ടി വാദിക്കുന്നു.
അക്കാര്യത്തിലും ഇവര്‍ ഇമാം ശാഫിഈ(റ)ക്ക് എതിരാണ്. ഹൈതമി(റ) രേഖപ്പെടുത്തുന്നു: ”ശാമുകാരായ താബിഉകളില്‍ പെട്ട ചിലര്‍ ആ രാവിനെ ആദരിക്കുകയും അന്ന് ആരാധനയില്‍ മുഴുകിയിരുന്നതായി (റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടെങ്കിലും ശരി) അവര്‍ അനാചാരമായി നിര്‍മിച്ചുണ്ടാക്കിയ കാര്യങ്ങളാണ് ജനങ്ങള്‍ പിന്തുടര്‍ന്നുപോന്നിട്ടുള്ളത്. അതിന്നവര്‍ ശരിയായ തെളിവ് അവലംബമാക്കിയിട്ടില്ല. ഇസ്‌റാഈലീ കഥകളെ അവലംബിച്ചാണ് ആ രാവിന് പുണ്യം നല്‍കപ്പെട്ടത് എന്നും പറയപ്പെട്ടിട്ടുണ്ട്. ഇമാം ശാഫിഈ, മാലിക്(റ) എന്നിവരും മറ്റു പണ്ഡിതന്മാരും അപ്രകാരമാണ് പ്രസ്താവിച്ചിട്ടുള്ളത്. നബി(സ)യില്‍ നിന്നോ ഒരൊറ്റ സ്വഹാബിയില്‍ നിന്ന് പോലുമോ ആ രാവിന്റെ പുണ്യത്തെക്കുറിച്ച് യാതൊന്നും സ്വഹീഹായി വരാത്തതിനാല്‍ ആ രാവില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും അനാചാരങ്ങളാണെന്ന് അവരെല്ലാം പ്രസ്താവിച്ചിരിക്കുന്നു” (ഫതാവല്‍കുബ്‌റാ 2:80).
ചില ഉദാഹരണങ്ങള്‍ മാത്രമാണ് ഈ കുറിപ്പില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇനിയും നിരവധി മസ്അലകളില്‍ കേരളത്തിലെ ശാഫി മദ്ഹബുകള്‍ ഇമാം ശാഫിഈ(റ)ക്ക് എതിരാണ്. ഇവരുടെ മദ്ഹബ് നാട്ടാചാരമാണ്

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x