11 Thursday
April 2024
2024 April 11
1445 Chawwâl 2

ഇമാം ശാഫിഈയും ഇസ്‌ലാഹീ ആദര്‍ശങ്ങളും – പി കെ മൊയ്തീന്‍ സുല്ലമി

ഇസ്‌ലാമിക പാണ്ഡിത്യ ലോകത്ത്അനിഷേധ്യ ശബ്ദമാണ് ഇമാം ശാഫിഈ(റ). അദ്ദേഹത്തിന്റെ മദ്ഹബുകാരാണ് തങ്ങളെന്ന് അവകാശവാദമുന്നയിക്കുന്നവരാണ് കേരളത്തിലെ ഭൂരിപക്ഷ മുസ്‌ലിംകളും. ഇമാം ശാഫിഈ(റ)യുടെ മതപരമായ വിഷയങ്ങളിലുള്ള അഭിപ്രായങ്ങള്‍ വായിച്ചാല്‍ ഇവരുടെ അവകാശവാദം വ്യാജമാണെന്ന് ബോധ്യപ്പെടും. കേരളത്തിലെ യാഥാസ്ഥിതി വിഭാഗങ്ങള്‍ കേവലം നാട്ടാചാരങ്ങളെയും പാരമ്പര്യങ്ങളെയും വ്യത്യസ്ത ത്വരീഖത്തുകളെയും അന്ധമായി അനുകരിച്ചു വരുന്നവരാണ്. എന്നാല്‍ ഇമാം ശാഫിഈ(റ) ആഹ്വാനം ചെയ്യുന്നത് ശുദ്ധ ഖുര്‍ആനിന്റെ വിശദീകരണമായ സുന്നത്തുകള്‍ അനുസരിക്കാനാണ്.
ശാഹ് വലിയ്യുല്ലാഹി ദഹ്‌ലവിയുടെ പ്രസ്താവന ശ്രദ്ധിക്കുക: ”ഹാകിം, ബൈഹഖി(റ) ഇമാം ശാഫിഈയില്‍ നിന്നും ഉദ്ധരിക്കുന്നു: എന്റെ അഭിപ്രായങ്ങള്‍ നബി(സ)യുടെ ചര്യക്ക് വിരുദ്ധമാണെങ്കില്‍ നിങ്ങള്‍ നബിചര്യയനുസരിച്ച് പ്രവര്‍ത്തിക്കണം. എന്റെ  പ്രസ്താവനയെ നിങ്ങള്‍ മതിലില്‍ എറിഞ്ഞുകൊള്ളണം. ഒരു ദിവസം അദ്ദേഹം (തന്റെ ശിഷ്യന്‍) മുസ്‌നി(റ)യോട് പറയുകയുണ്ടായി: ഇബ്‌റാഹീമേ, ഞാന്‍ പറയുന്ന സകല കാര്യങ്ങളും നീ അന്ധമായി അനുകരിക്കരുത്. അക്കാര്യത്തില്‍ നീ ചിന്തിക്കണം. ഇത് ദീനാണ്. അദ്ദേഹം ഇപ്രകാരവും പ്രസ്താവിക്കാറുണ്ടായിരുന്നു: താരതമ്യം ചെയ്തുകൊണ്ടോ മറ്റു നിലയിലോ അത് എത്രതന്നെ അവര്‍ അധികരിച്ചു പ്രസ്താവിച്ചാലും അല്ലാഹുവിന്റെ ദൂതന്റെ വാക്കല്ലാതെ മറ്റൊരാളെയും ഇസ്‌ലാമില്‍ പ്രമാണമാക്കാവുന്നതല്ല” (ഹുജ്ജതുല്ലാഹില്‍ ബാലിഗ 1: 515-516)
ശിര്‍ക്കിലേക്കോ ബിദ്അത്തുകളിലേക്കോ നയിക്കുന്ന ഒരു പ്രസ്താവനയും ഇമാമിന്റെ ഗ്രന്ഥങ്ങളില്‍ ദര്‍ശിക്കാന്‍ സാധ്യമല്ല. എന്നാല്‍ ചില വിഷയങ്ങളില്‍ സ്വഹീഹായ ഹദീസുകള്‍ ലഭിക്കാത്തതിന്റെ പേരില്‍ അദ്ദേഹം അഭിപ്രായം പറഞ്ഞിട്ടുണ്ട്. അത് ശരിയല്ലെങ്കില്‍ സ്വഹീഹായ ഹദീസുകളിലേക്ക് മടങ്ങാന്‍ അദ്ദേഹം ആഹ്വാനം ചെയ്തിട്ടുമുണ്ട്. ഇമാം നവവി(റ) രേഖപ്പെടുത്തുന്നു: ”ഇമാം ശാഫിഈ(റ) പറഞ്ഞു: എന്റെ ഗ്രന്ഥത്തില്‍ നബിചര്യക്ക് വിരുദ്ധമായി നിങ്ങള്‍ വല്ലതും കാണുന്ന പക്ഷം നിങ്ങള്‍ എന്റെ വാക്ക് ഉപേക്ഷിക്കുകയും നബിചര്യയെ അനുകരിച്ചു പ്രസ്താവന നടത്തുകയും വേണം” (അല്‍മജ്മൂഅ് ശറഹില്‍മുഹദ്ദബി 1:63).
എന്നാല്‍ അന്ധമായ അനുകരണക്കാര്‍ നബിചര്യയിലേക്ക് മടങ്ങാന്‍ തയ്യാറില്ലാതെ തെറ്റുകളില്‍ തന്നെ ഉറച്ചു നില്‍ക്കുന്ന അവസ്ഥയാണുള്ളത്. കേരളത്തിലെ മുജാഹിദുകള്‍ കര്‍മശാസ്ത്രപരമായ മിക്ക കാര്യങ്ങളിലും ഇമാം ശാഫിഈ(റ) യുടെ വീക്ഷണങ്ങളോടൊപ്പമാണ്. ഇത് ഇമാമിനോടുള്ള താല്‍പര്യം കൊണ്ടല്ല. മറിച്ച്, ഖുര്‍ആനും സുന്നത്തും അപ്രകാരം ആയതുകൊണ്ടു മാത്രമാണ്. മുജാഹിദുകള്‍ ഒരു ഇമാമിനും എതിരല്ല. ഖബറുകള്‍ കെട്ടിപ്പൊക്കല്‍ ഹറാമാണെന്നാണ് നബി(സ) പഠിപ്പിച്ചത്. തൗഹീദ് സംരക്ഷിക്കാനാണ് നബി(സ) അപ്രകാരം അരുളിയത്. ”ഖബ്‌റ് കുമ്മായമിടുന്നതും, അതിന്മേല്‍ ഇരിക്കുന്നതും അതിന്മേല്‍ എടുപ്പുണ്ടാക്കുന്നതും അതിന്മേല്‍ എഴുതുന്നതും നബി(സ) നിരോധിച്ചിരിക്കുന്നു” (മുസ്‌ലിം, അബൂദാവൂദ്).
ഈ ഹദീസിനെ വിശദീകരിച്ച് ഇമാം ശാഫിഈ(റ) പറയുന്നു: ”ഖബ്‌റുകള്‍ ഭൂമിയില്‍ നിന്നും ഒരു ചാണ്‍ മാത്രമേ ഉയര്‍ത്താവൂ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതു കുമ്മായമിടാതിരിക്കാനും കെട്ടിപ്പൊക്കാതിരിക്കാനുമാണ് ഞാന്‍ ആശിക്കുന്നത്. കെട്ടിപ്പൊക്കലും കുമ്മായമിടലും അഹങ്കാരവും അഴകും ഉണ്ടാക്കിത്തീര്‍ക്കുന്നതാണ്. മരണം എന്നത് അവ രണ്ടിന്റെയും സ്ഥാനമല്ല. മുഹാജിറുകളുടെയും അന്‍സാരികളുടെയും ഖബ്‌റുകള്‍ കെട്ടിപ്പൊക്കിയതായി ഞാന്‍ കണ്ടിട്ടില്ല. ഖബറുകള്‍ കെട്ടിപ്പൊക്കുന്നതും കുമ്മായമിടുന്നതും നബി(സ) നിരോധിച്ചതായി ത്വാഊസില്‍(റ) നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മക്കയിലെ ഭരണാധികാരികള്‍ കെട്ടിപ്പൊക്കിയ ഖബറുകള്‍ പൊളിച്ചുനീക്കാന്‍ കല്പിക്കുന്നതായി ഞാന്‍ കണ്ടിട്ടുണ്ട്. ഒരു കര്‍മശാസ്ത്ര പണ്ഡിതന്മാരും (പൊളിച്ചു നീക്കുന്നതിനെ) ആക്ഷേപിച്ചതായും ഞാന്‍ കേട്ടിട്ടില്ല.” (അല്‍ഉമ്മ് 1:246)
മേല്‍ ഉദ്ധരണിയുടെ അടിസ്ഥാനത്തില്‍ ഇമാം ശാഫിഈ(റ)യുടെ മദ്ഹബുകാരനായ ഇബ്‌നുഹജറുല്‍ ഹൈതമിയുടെ പ്രസ്താവന ഇപ്രകാരമാണ്: ”ഖബ്‌റുകള്‍ കെട്ടിപ്പൊക്കുന്ന വിഷയത്തില്‍ ഹറാമാകുന്ന കാര്യത്തില്‍ സ്വാലിഹീങ്ങളുടെ ഖബറുകള്‍, പണ്ഡിതന്മാരുടെ ഖബറുകള്‍ എന്നീ വ്യത്യാസങ്ങളൊന്നുമില്ല” (ഫതാവല്‍ കുബ്‌റാ 2:17). ബഹുഭൂരിപക്ഷം കര്‍മശാസ്ത്രപരമായ കാര്യങ്ങളിലും ഇമാം ശാഫിഈ(റ) സ്വീകരിച്ചിട്ടുള്ള നയം ഖുര്‍ആനിന്റെയും സുന്നത്തിന്റെയുമാണ്. അല്ലാഹു പറയുന്നു: ”മനുഷ്യന് തന്റെ അധ്വാനഫലമല്ലാതെ മറ്റൊന്നുമില്ല” (നജ്മ്: 39). ഈ വചനത്തിന്റെ അടിസ്ഥാനത്തില്‍ മയ്യിത്തിന്റെ മേല്‍ ഖുര്‍ആന്‍ പാരായണം ചെയ്താല്‍ അതിന്റെ പ്രതിഫലം മയ്യിത്തിന് ലഭിക്കുകയില്ലെന്ന ഇമാം ശാഫിഈ(റ)യുടെ പ്രസ്താവന ഇമാം നവവി(റ) രേഖപ്പെടുത്തുന്നുണ്ട്: ”എന്നാല്‍ (മരണപ്പെട്ടവരുടെ മേല്‍) ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലത്തെക്കുറിച്ച് ഇമാം ശാഫിഈ(റ)യുടെ പ്രസിദ്ധമായ അഭിപ്രായം മരണപ്പെട്ടവന് അതിന്റെ പ്രതിഫലം ലഭിക്കുകയില്ല എന്നാണ്. ഇമാം ശാഫിഈ(റ) യുടെയും അതിനോട് യോജിക്കുന്നവരുടെയും അതിനുള്ള തെളിവ് ‘മനുഷ്യന്ന് അവന്റെ അധ്വാനഫലമല്ലാതെ മറ്റൊന്നും ലഭിക്കുന്നതല്ല’ എന്ന അല്ലാഹുവിന്റെ വചനമാണ്” (ശറഹുമുസ്‌ലിം 1:138).
ഇമാം ഇബ്‌നുകസീറും(റ) അപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്. ”മനുഷ്യന് അവന്റെ അധ്വാനഫലമല്ലാതെ മറ്റൊന്നുമില്ല (നജ്മ് 39). ഈ വചനത്തില്‍ നിന്നാണ് ഇമാം ശാഫിഈ(റ)യും അദ്ദേഹത്തെ അനുസരിച്ചു ജീവിക്കുന്നവരും ഒരാള്‍ ഖുര്‍ആന്‍ പാരായണം ചെയ്തതിന്റെ പ്രതിഫലം (മയ്യിത്തിന്) ഹദ്‌യ (സംഭാവന) ചെയ്താല്‍ അത് മയ്യിത്തിന് ലഭിക്കുകയില്ല എന്ന മതവിധി നിര്‍ധാരണം ചെയ്തിട്ടുള്ളത്. കാരണം ഖുര്‍ആന്‍ ഓതുകയെന്നത് മയ്യിത്തിന് സാധിക്കുന്ന ന്റെ പ്രവര്‍ത്തനമല്ല. അത്തരം ഒരു ആചാരം നബി(സ) സുന്നത്താക്കുകയോ അതിന് പ്രേരിപ്പിക്കുയോ അതിലേക്ക് മാര്‍ഗദര്‍ശനം നല്‍കുകയോ ചെയ്തിട്ടുമില്ല. അങ്ങനെ വ്യക്തമായൊരു സൂചന മുഖേന നിര്‍ദേശിച്ചിട്ടുമില്ല. അല്ലാഹുവിന്റെ പ്രീതിക്ക് വിധേയരായ സ്വഹാബികളില്‍ നിന്ന് അപ്രകാരം ചെയ്തിരുന്നതായി ഉദ്ധരിക്കപ്പെട്ടിട്ടുമില്ല. അത് പുണ്യമായിരുന്നെങ്കില്‍ അവരൊക്കെ (സ്വഹാബികള്‍) അപ്രകാരം ചെയ്യുമായിരുന്നു.” (ഇബ്‌നുകസീര്‍ 4:658)
കേരളത്തിലെ സുന്നികള്‍ പൊതുവെ അവകാശവാദമുന്നയിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുതയാണ് ഞങ്ങള്‍ ശാഫിഈ ഇമാമിന്റെ മദ്ഹബുകാരാണെന്ന്. മേല്‍ രേഖപ്പെടുത്തിയ മൂന്ന് കാര്യങ്ങളിലും ഇവര്‍ ശാഫിഈ(റ) യോടൊപ്പമല്ല എന്നുള്ളത് നമ്മുടെ വ്യക്തമായ അനുഭവമാണ്. ഒന്ന്: ഇമാം ശാഫിഈ(റ) ജനങ്ങളെ ക്ഷണിച്ചത് ഖുര്‍ആനിലേക്കും സുന്നത്തിലേക്കുമാണ്. ഇവര്‍ ക്ഷണിക്കുന്നത് നാട്ടാചാരങ്ങളിലേക്കും ചില ത്വരീഖത്തുകളിലേക്കുമാണ്. രണ്ട്: ഇമാം ശാഫിഈ(റ) രേഖപ്പെടുത്തിയത് ഖബറുകള്‍ കെട്ടിപ്പൊക്കല്‍ നബി(സ)യുടെയും സ്വഹാബത്തിന്റെയും ചര്യക്ക് വിരുദ്ധമാകുന്നു എന്നാണ്. സമസ്തക്കാരും സംസ്ഥാനക്കാരും മറ്റുള്ള യാഥാസ്ഥിതികരും ഖബ്‌റുകള്‍ കെട്ടിപ്പൊക്കുക മാത്രമല്ല, അവിടെ ശിര്‍ക്കന്‍ ആചരണങ്ങള്‍ നടത്തി വരുമാനമുണ്ടാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. മൂന്ന്: ഇമാം ശാഫിഈ(റ) വിശുദ്ധ ഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ രേഖപ്പെടുത്തിയത് മയ്യിത്തിന്റെ മേല്‍ ഖുര്‍ആന്‍ പാരായണം ചെയ്യല്‍ നബിയുടെയും സ്വഹാബത്തിന്റെയും ചര്യയല്ലെന്നും അതിന്റെ പ്രതിഫലം മയ്യിത്തിന്ന് ലഭിക്കുകയില്ലെന്നുമാണ്. സമസ്തക്കാരും മറ്റും ഈ അനാചാരവും യഥേഷ്ടം നടത്തി പണമുണ്ടാക്കിക്കൊണ്ടിരിക്കുന്നു!
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x