9 Monday
September 2024
2024 September 9
1446 Rabie Al-Awwal 5

ഇമാം മാലിക്കിന്റെ നിദാനശാസ്ത്ര സംഭാവനകള്‍

എ അബ്ദുല്‍ഹമീദ് മദീനി


മാലികുബ്‌നു അനസ് അബീ ആമിര്‍ യമനി അല്‍ അസ്ബഹി, ഹിജ്‌റ 93ല്‍ ഖലീഫ വലീദുബ്‌നു അബ്ദുല്‍ മലികിന്റെ ഭരണകാലത്ത് മദീനയില്‍ ജനിച്ചു. അബ്ബാസി ഖലീഫ ഹാറൂന്‍ റഷീദിന്റെ കാലത്ത് ഹിജ്‌റ 179ല്‍ മദീനയില്‍ അന്തരിച്ചു. ഇമാമു ദാറുല്‍ ഹിജ്‌റ എന്ന പേരില്‍ പ്രസിദ്ധി നേടി. 40 വര്‍ഷം അമവി കാലഘട്ടത്തിലും 46 വര്‍ഷം അബ്ബാസി കാലഘട്ടത്തിലുമായാണ് അദ്ദേഹം ജീവിച്ചത്. അദ്ദേഹത്തിന്റെ പിതാവിന്റെ പിതാമഹന്‍ ആമിര്‍ സഹാബിയും പിതാമഹന്‍ താബിഇയുമായിരുന്നു. അദ്ദേഹം ചെറുപ്രായത്തില്‍ തന്നെ ഖുര്‍ആനും ഏതാനും ഹദീസുകളും മനഃപാഠമാക്കിയിരുന്നു. ആ കാലത്ത് മസ്ജിദുന്നബവിയില്‍ പ്രസിദ്ധ പണ്ഡിതന്മാര്‍ ക്ലാസുകള്‍ നടത്തിക്കൊണ്ടിരുന്നു. പ്രസിദ്ധ പണ്ഡിതനായ റബീഅത്തുല്‍ റഅ്‌യിന്റെ ക്ലാസിലാണ് മാലികിനെ മാതാവ് ചേര്‍ത്തിയത്. പ്രമാണങ്ങളില്‍ വ്യക്തമായ പരാമര്‍ശം വന്നിട്ടില്ലെങ്കില്‍ ഇജ്തിഹാദ് ചെയ്ത് വിധി കണ്ടെത്തി വിധി കൊടുക്കുന്ന രീതിയിലാണ് അദ്ദേഹം സ്വീകരിച്ചത്. തന്റെ ഗുരുനാഥന്‍ റബീഅയുടെ പ്രഭാഷണങ്ങള്‍ ചെറുപ്പകാലത്തു തന്നെ അദ്ദേഹത്തിന് ഇജ്തിഹാദിനുള്ള പ്രേരണ നല്‍കി.
മറ്റു പ്രഗത്ഭരായ പണ്ഡിതന്മാരുടെ ക്ലാസുകളിലും അദ്ദേഹം പങ്കെടുക്കാറുണ്ടായിരുന്നു. ഒരു പണ്ഡിതനില്‍ നിന്ന് ഖുര്‍ആന്‍ വ്യാഖ്യാനം പഠിച്ചപ്പോള്‍ മറ്റൊരു പണ്ഡിതനില്‍ നിന്ന് ഹദീസ് പഠിച്ചു. വേറൊരു ഗുരുവില്‍ നിന്ന് സഹാബിമാരുടെ ഫത്‌വകളും മറ്റു ചിലരില്‍ നിന്ന് വിശ്വാസശാസ്ത്രവും അഭ്യസിച്ചു. വിവിധ ചിന്താഗതികള്‍ക്കുള്ള മറുപടിയും അദ്ദേഹം മനസ്സിലാക്കി. ഇങ്ങനെ വ്യത്യസ്ത പണ്ഡിതന്മാരില്‍ നിന്ന് പഠിച്ച വിഷയങ്ങള്‍ റബീഅയുടെയും മറ്റു മുതിര്‍ന്ന പണ്ഡിതന്മാരുടെയും മുന്നില്‍ ചര്‍ച്ച ചെയ്യുകയും ഉറപ്പുവരുത്തുകയും ചെയ്തുകൊണ്ടിരുന്നു. ഈ കാലഘട്ടത്തില്‍ ഇമാം മാലികില്‍ സ്വാധീനം ചെലുത്തിയ പ്രധാന പണ്ഡിതനാണ് അബ്ദുറഹ്‌മാനുബ്‌നു ഹുര്‍മുസ്. 13 വര്‍ഷം ഇബ്‌നു ഹുര്‍മുസിന്റെ പ്രധാന ശിഷ്യനായി അദ്ദേഹം കഴിഞ്ഞുകൂടി. ഇബ്‌നു ഹുര്‍മുസ് തനിക്കറിയാത്ത ഒരു വിഷയത്തിലും ഫത്‌വ കൊടുക്കാറില്ല. ഈ സ്വഭാവം ഇമാം മാലികില്‍ വലിയ സ്വാധീനം ചെലുത്തി. മസ്ജിദുന്നബവിയിലെ പഠനത്തില്‍ ഒതുങ്ങിനില്‍ക്കാതെ കൂടുതല്‍ പഠിക്കാനും സ്വതന്ത്രമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും അദ്ദേഹം ഗുരുനാഥന്മാരുടെ വീടുകളില്‍ പോവുക പതിവായിരുന്നു.
പഠനത്തില്‍ മുഴുകവെ വ്യാപാരിയായിരുന്ന പിതാവ് മരണപ്പെട്ടു. കുടുംബഭാരം തന്റെ ചുമലിലായി. അവകാശമായി കിട്ടിയ വ്യാപാര സ്ഥാപനങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ സാധിക്കാത്തതിനാല്‍ പൊളിഞ്ഞുപോയി. കടുത്ത ദാരിദ്ര്യം നിമിത്തം പലപ്പോഴും മുഴുപ്പട്ടിണി അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും കൂട്ടുകാരനായി. ഈ സന്ദര്‍ഭത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് ആവശ്യമായ സ്‌കോളര്‍ഷിപ്പ് നല്‍കണമെന്ന് അദ്ദേഹം ഭരണകര്‍ത്താക്കളോട് ആവശ്യപ്പെട്ടു. ആരും അത് ചെവിക്കൊണ്ടില്ല. ഭരണാധികാരികള്‍ അവരുടെ അധികാരം നിലനിര്‍ത്താനുള്ള തിരക്കിലായിരുന്നു. വിശപ്പ് സഹിക്കാന്‍ കഴിയാതെ തന്റെ മകള്‍ ബോധരഹിതയായി കിടന്നിട്ടുണ്ട്. ഭരണാധികാരികളുടെ പാരിതോഷികങ്ങള്‍ സ്വീകരിക്കുന്നതില്‍ ഒരു തെറ്റും അദ്ദേഹം കണ്ടിരുന്നില്ല; അവരുടെ ചട്ടുകമാകാതിരുന്നാല്‍ മതി എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
ഈജിപ്തുകാരനായ ലൈസുബ്‌നു സഅ്ദ് എന്ന വിദ്യാര്‍ഥിയെ അദ്ദേഹത്തിന് കൂട്ടിനു കിട്ടി. അദ്ദേഹം ഹജ്ജിന് വരുമ്പോഴെല്ലാം മസ്ജിദുന്നബവിയില്‍ അദ്ദേഹത്തിന്റെ ക്ലാസില്‍ പങ്കെടുക്കാറുണ്ടായിരുന്നു. രണ്ടു പേരുടെയും ബുദ്ധിസാമര്‍ഥ്യം അവരെ പരസ്പരം ആകര്‍ഷിച്ചു. അവര്‍ക്കിടയില്‍ സ്‌നേഹവും ബഹുമാനവും വളര്‍ന്നു. തന്റെ ഗുരുനാഥന്‍ അഭിമാനബോധത്താല്‍ പ്രാരാബ്ധം പുറത്തുകാണിക്കാതിരിക്കുകയാണെന്ന് ധനികനായ ലൈസ് മനസ്സിലാക്കി. തുടര്‍ന്ന് അദ്ദേഹം മാലികിനെ സാമ്പത്തികമായി സഹായിച്ചുകൊണ്ടിരുന്നു.
മാലിക് അത് സ്വീകരിക്കാന്‍ വൈമനസ്യം കാട്ടിയെങ്കിലും തന്റെ ശിഷ്യന്റെ നിര്‍ബന്ധത്തിന് വഴങ്ങി അത് സ്വീകരിച്ചുപോന്നു. അധികം താമസിയാതെ മാലികിന്റെ അഭ്യര്‍ഥന ഭരണകര്‍ത്താക്കള്‍ അംഗീകരിച്ചു. വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് കൊടുക്കാന്‍ തുടങ്ങി. അതോടെ മാലികും കുടുംബവും നിത്യദാരിദ്ര്യത്തില്‍ നിന്നു കരകയറി. തുടര്‍ന്ന് അദ്ദേഹം ഇബ്‌നു ശിഹാബുസ്സുഹ്‌രി, നാഫിഅ്, ഇബ്‌നു സിനാദ്, യഹ്‌യബ്നു സഈദുല്‍ അന്‍സാരി എന്നീ പ്രഗത്ഭ പണ്ഡിതന്മാരുടെ ശിഷ്യത്വം സ്വീകരിച്ചു. ഇവരുടെ ശിഷ്യത്വം പ്രസിദ്ധ പണ്ഡിതന്മാരില്‍ ഒരാളായി വളരാന്‍ അദ്ദേഹത്തെ സഹായിച്ചു.
വളരെ വിദൂരങ്ങളില്‍ നിന്ന് ഇമാം മാലികിന്റെ ഫത്‌വ തേടി ആളുകള്‍ വരാറുണ്ടായിരുന്നു. സൂക്ഷ്മമായി അറിയാത്ത വിഷയത്തെപ്പറ്റി എനിക്കറിഞ്ഞുകൂടാ എന്നു പറയാന്‍ അദ്ദേഹത്തിനു മടിയില്ലായിരുന്നു. ഒരിക്കല്‍ ആഴ്ചകളോളം യാത്ര ചെയ്ത് ഇമാം മാലികിന്റെ അടുത്തു വന്ന ഒരു സംഘം 40 മസ്അലകളെപ്പറ്റി അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ 36 ഉം തനിക്കറിയില്ല എന്നാണ് മറുപടി പറഞ്ഞത്. ഇത് അദ്ദേഹത്തിന്റെ പദവി ഉയര്‍ത്തുകയാണ് ചെയ്തത്.
അദ്ദേഹം സാധാരണ പറയാറുണ്ട്, എല്ലാ ചോദ്യങ്ങള്‍ക്കും ഉടനടി ഉത്തരം നല്‍കുന്നവന്‍ ഭ്രാന്തനാണെന്ന്. അദ്ദേഹം മസ്ജിദുന്നബവിയില്‍ ക്ലാസ് നടത്തിയിരുന്നത് ഖലീഫ ഉമറുല്‍ ഫാറൂഖിന്റെ ഇരിപ്പിടത്തില്‍ വെച്ചായിരുന്നു. താമസിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്തത് അബ്ദുല്ലാഹിബ്‌നു മസ്ഊദിന്റെ വീടും. പ്രഗത്ഭ സഹാബിമാരെ പിന്‍പറ്റുന്നതില്‍ ഇമാം മാലികിന് അതീവ താല്‍പര്യം ഉണ്ടായിരുന്നു.
ഇമാം മാലികിന് പ്രധാനമായും രണ്ടു ക്ലാസുകളാണ് ഉണ്ടായിരുന്നത്. ഒന്ന് ഫിഖ്ഹിലും മറ്റൊന്ന് ഹദീസിലും. അദ്ദേഹത്തെ തേടി ആളുകള്‍ വീട്ടില്‍ വന്നാല്‍ വേലക്കാരി അവരോട് കാര്യങ്ങള്‍ ചോദിക്കും. നിങ്ങള്‍ ഹദീസ് പഠിക്കാനാണോ? ഫിഖ്ഹ് മസ്അലകള്‍ പഠിക്കാനോ? ഫിഖ്ഹ് മസ്അലകള്‍ ആണെങ്കില്‍ അദ്ദേഹം വന്നവരുടെ സംശയങ്ങള്‍ അപ്പോള്‍ തന്നെ തീര്‍ത്തുകൊടുക്കും. ഹദീസ് പഠിക്കാനാണ് വന്നതെങ്കില്‍ കുളിച്ചു ശുദ്ധി വരുത്തി സുഗന്ധം പൂശി നല്ല വസ്ത്രം ധരിച്ച് തലപ്പാവണിഞ്ഞ് ഇരിപ്പിടത്തില്‍ ഇരുന്നു ഭക്തിയോടെ ഹദീസ് പഠിപ്പിച്ചുകൊടുക്കും. വിവിധ നാടുകളില്‍ നിന്ന് ധാരാളം ആളുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ മാത്രം വീട് വിശാലമായിരുന്നില്ല. അതിനാല്‍ ഓരോ നാട്ടുകാരെയും വേര്‍തിരിച്ച് ഇരുത്താന്‍ അദ്ദേഹം ഏര്‍പ്പാട് ചെയ്തു. അങ്ങനെ ഹിജാസുകാര്‍ക്ക് പ്രവേശിക്കാം, സിറിയക്കാര്‍ക്ക് പ്രവേശിക്കാം, ഇറാഖുകാര്‍ക്ക് പ്രവേശിക്കാം എന്നു വിളിച്ചുപറയുമ്പോള്‍ അതതു നാട്ടുകാര്‍ പ്രവേശിച്ചുകൊണ്ടിരുന്നു. ഭാവനാപരമായ മസ്അലകളില്‍ അദ്ദേഹം ഫത്‌വ കൊടുത്തിരുന്നില്ല.
ലൈസുബ്‌നു സഅ്ദ് പറഞ്ഞതായി ഖാദി ഇംലാദ് ഉദ്ധരിക്കുന്നു. അബൂഹനീഫയും മാലികും ഇടയ്ക്കിടെ ചര്‍ച്ചകള്‍ നടത്താറുണ്ടായിരുന്നു. ഒരു ദിവസം ചര്‍ച്ചയ്ക്കു ശേഷം ഞാന്‍ മാലികിനെ കണ്ടപ്പോള്‍ ചോദിച്ചു: ‘നിങ്ങള്‍ എന്തിനാണ് നെറ്റിത്തടത്തില്‍ നിന്ന് വിയര്‍പ്പ് തുടച്ചുകൊണ്ടിരിക്കുന്നത്?’ മാലിക്: ‘ഞാന്‍ അബൂഹനീഫയുമായി നടന്ന ചര്‍ച്ചയില്‍ വിയര്‍ത്തതാണ്. അബൂഹനീഫ കര്‍മശാസ്ത്ര വിദഗ്ധനാണ്.’ ലൈസ് തുടരുന്നു. പിന്നെ ഞാന്‍ അബൂഹനീഫയോട് ചോദിച്ചു: ‘മാലികിനെപ്പറ്റി എന്താണ് അഭിപ്രായം?’ ‘പെട്ടെന്ന് സത്യസന്ധമായ ഉത്തരം പറയുകയും സൂക്ഷ്മമായ വിമര്‍ശനം നടത്തുകയും ചെയ്യുന്ന മാലികിനെ പോലെ മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല’ എന്നാണ് അബൂഹനീഫ പറഞ്ഞത്. ഇമാം മാലിക് രാഷ്ട്രീയക്കാരില്‍ നിന്ന് പൂര്‍ണമായും വിട്ടുനിന്നു. ഭരണാധികാരികളോടും അവരെ എതിര്‍ക്കുന്നവരോടും സമദൂരം പാലിച്ചു. ഭരണാധികാരികളെ ഉപദേശിച്ചു തിരുത്താനാണ് അദ്ദേഹം ശ്രമിച്ചത്.
പരീക്ഷണം
അമവികളുടെയും അബ്ബാസികളുടെയും ഭരണകാലത്താണ് ഇമാം മാലിക് ജീവിച്ചത്. അബ്ബാസി ഖലീഫ അബൂജഅ്ഫര്‍ അല്‍ മന്‍സൂറിന്റെ കാലത്താണ് മാലിക് കഠിനമായ പരീക്ഷണങ്ങള്‍ക്ക് വിധേയനായത്. സമ്മര്‍ദത്തിനു വഴങ്ങി സത്യം ചെയ്താല്‍ സ്വീകാര്യമല്ലെന്ന റസൂലി(സ)ന്റെ വചനം അദ്ദേഹം ജനങ്ങള്‍ക്ക് വിവരിച്ചുകൊടുത്തു. നിര്‍ബന്ധിച്ച് ഒരാളെക്കൊണ്ട് വിവാഹമോചനം ചെയ്യിച്ചാല്‍ അത് ത്വലാഖായിത്തീരില്ലെന്നും അദ്ദേഹം ഫത്‌വ കൊടുത്തു.

ഇതുപോലെ നിര്‍ബന്ധിച്ച് ബൈഅത്ത് ചെയ്യിച്ചാല്‍ ശറഇയായി ബൈഅത്താവില്ലെന്നും ഫത്‌വ നല്‍കി. നബിചര്യ പ്രാവര്‍ത്തികമാക്കുക എന്ന ഉദ്ദേശ്യത്തോടെ മദീനാവാസികളില്‍ ചിലര്‍ ഖലീഫ മന്‍സൂറിനുള്ള ബൈഅത്ത് പിന്‍വലിക്കാന്‍ ഈ ഫത്‌വ കാരണമായി. മുഹമ്മദുന്നഫ്‌സുസ്സകിയ്യയുടെ പക്ഷം ചേര്‍ന്ന് പ്രക്ഷോഭത്തിനും കൂറുമാറ്റത്തിനും ആളുകള്‍ ശ്രമിക്കുന്നതിനാല്‍ ഈ ഹദീസ് വിവരണത്തില്‍ നിന്ന് പിന്മാറണമെന്നും ഫത്‌വ പിന്‍വലിക്കണമെന്നും പറഞ്ഞുകൊണ്ട് മദീനാ ഗവര്‍ണര്‍ ഇമാം മാലികിന്റെ അടുത്തേക്ക് ദൂതനെ അയച്ചു. പക്ഷേ, ഭരണാധികാരികള്‍ക്കു വേണ്ടി സത്യം മറച്ചുവെക്കാന്‍ അദ്ദേഹം തയ്യാറായില്ല. മദീനാ ഗവര്‍ണറുടെ നിര്‍ദേശം വകവെക്കാതെ നബി(സ)യുടെ ഹദീസിനെ വിശദീകരിക്കുകയും എല്ലാ തരം നിര്‍ബന്ധങ്ങള്‍ക്കും ഈ ഹദീസ് ബാധകമാണെന്ന് അദ്ദേഹം പ്രസ്താവിക്കുകയും ചെയ്തു. അതിനു പുറമെ സത്യം മറച്ചുവെക്കുന്നവരെ അല്ലാഹു ശപിക്കുമെന്ന ഹദീസ് കൂടി അദ്ദേഹം ഉദ്ധരിച്ചു.
ഇക്കാരണത്താല്‍ പട്ടാളത്തെ അയച്ച് ഇമാം മാലികിനെ ചാട്ടവാര്‍ കൊണ്ടടിച്ചു. അദ്ദേഹത്തിന്റെ കൈ കുഴഞ്ഞുപോയി. അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കി. തന്നിമിത്തം മദീനയിലെ ബഹുജനങ്ങളും അദ്ദേഹത്തിന്റെ വിദ്യാര്‍ഥികളും മറ്റു ലോക പണ്ഡിതന്മാരും ഇളകിവശായി. അവരെല്ലാം ധിക്കാരികളായ ഭരണാധികാരികളെ ശപിച്ചുകൊണ്ടിരുന്നു. ഖലീഫ മന്‍സൂറിന് ജനങ്ങള്‍ ബൈഅത്ത് ചെയ്തപ്പോള്‍, ബൈഅത്ത് ലംഘിക്കുന്നവരുടെ വിവാഹബന്ധം സ്വമേധയാ വേര്‍പെടും എന്നുകൂടി ബൈഅത്തിന്റെ വാചകത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മന്‍സൂറിനോടുള്ള കൂറ് പിന്‍വലിക്കുന്നതോടെ അവരുടെ ഭാര്യമാരെ നിര്‍ബന്ധപൂര്‍വം അവരില്‍ നിന്ന് വേര്‍പ്പെടുത്തുകയും അതു വിവാഹമോചനമായി നടപ്പില്‍ വരുത്തുകയും ചെയ്തു. ഈ സമയത്താണ് ഇമാം മാലിക് ഫത്‌വ ഇറക്കിയത്. അതുപോലെ ഇമാം മാലിക് താത്കാലിക വിവാഹം (മുത്അ) അനുവദനീയമല്ല എന്ന അഭിപ്രായക്കാരനായിരുന്നു. ഈ വിഷയത്തില്‍ ഇബ്‌നു അബ്ബാസിന്റെ അഭിപ്രായം അദ്ദേഹം സ്വീകരിച്ചില്ല.
അതിനാല്‍ അദ്ദേഹത്തെ വിചാരണ ചെയ്യാന്‍ ബഗ്ദാദിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തോട് ചോദിച്ചു: ‘മുത്അ വിവാഹത്തെപ്പറ്റി താങ്കളുടെ അഭിപ്രായം എന്താണ്?’ മാലിക്: ‘ഹറാം.’ ‘അപ്പോള്‍ ഇബ്‌നു അബ്ബാസിന്റെ അഭിപ്രായത്തെപ്പറ്റി എന്തു പറയുന്നു?’ മാലിക്: ‘അത് അദ്ദേഹത്തിന്റെ അഭിപ്രായം. ഞാന്‍ പറയുന്നത് അല്ലാഹുവിന്റെ കിതാബ് അനുസരിച്ചുള്ള അഭിപ്രായമാണ്.’ ഇതിന്റെ പേരിലും അദ്ദേഹം ശിക്ഷിക്കപ്പെട്ടിരുന്നു. അദ്ദേഹം അപ്പോള്‍ പറഞ്ഞുകൊണ്ടിരുന്നു: ‘ബഗ്ദാദുകാരേ, എന്നെ അറിയാത്തവരുണ്ടെങ്കില്‍ ശരിക്കും അറിഞ്ഞോളൂ. ഞാനാണ് മാലികുബ്‌നു അനസ്. മുത്അ വിവാഹം അനുവദനീയമാണെന്ന് പറയാത്തതിന്റെ പേരിലാണ് ഇവ്വിധം എന്നെ ശിക്ഷിക്കുന്നത്. ഞാന്‍ ഒരിക്കലും അല്ലാഹു ഹറാമാക്കിയതിനെ ഹലാലാക്കുകയില്ല.’
തുടര്‍ന്ന് ജനങ്ങളുടെ പ്രക്ഷോഭം ശക്തിപ്പെട്ടു. ഖലീഫ മന്‍സൂര്‍ നഫ്‌സുസ്സക്കിയയുടെ വിപ്ലവം അടിച്ചമര്‍ത്തുകയും അദ്ദേഹത്തെയും അനുയായികളെയും കൊന്നൊടുക്കുകയും ചെയ്തു. ശേഷം ഇമാം മാലികിനെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയുമുണ്ടായി. അദ്ദേഹത്തെ വിട്ടയക്കാന്‍ മദീനാ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് ഇമാം പതിവു ക്ലാസുകളെല്ലാം പുനരാരംഭിച്ചു. പിന്നീട് ഹജ്ജ് കാലത്ത് മന്‍സൂര്‍ ഹിജാസില്‍ വന്നപ്പോള്‍ ഇമാം മാലികിനെ സന്ദര്‍ശിച്ചു ഇപ്രകാരം ക്ഷമാപണം നടത്തി:
‘കഴിഞ്ഞ സംഭവങ്ങളൊന്നും ഞാന്‍ ചെയ്തതല്ല. ഞാന്‍ അറിയുകയുമില്ല. താങ്കളുടെ സാന്നിധ്യമുള്ളപ്പോള്‍ ഇരു ഹറമിലെയും ജനങ്ങള്‍ നന്മയിലായിരിക്കും. ശിക്ഷയില്‍ നിന്ന് അവര്‍ക്കുള്ള സുരക്ഷിതത്വം താങ്കളില്‍ കൂടിയായിരിക്കും. വലിയ ഒരപകടത്തില്‍ നിന്ന് താങ്കള്‍ അവരെ രക്ഷിച്ചു. അവരാണെങ്കിലോ വളരെ വേഗത്തില്‍ കുഴപ്പത്തിലേക്ക് എടുത്തുചാടുന്നവരാണ്. മദീനാ ഗവര്‍ണറെ തടവിലിടാനും താങ്കള്‍ അനുഭവിച്ചതിന്റെ ഇരട്ടി ശിക്ഷ അയാള്‍ക്ക് നല്‍കാനും ഞാന്‍ കല്‍പിച്ചിട്ടുണ്ട്.’ ഇതു കേട്ടപ്പോള്‍ മാലിക് പറഞ്ഞു: ‘അമീറുല്‍ മുഅ്മിനീന്‍, താങ്കള്‍ക്ക് അല്ലാഹു സൗഖ്യം നല്‍കട്ടെ. നബി(സ)യോടും അങ്ങയോടുമുള്ള അദ്ദേഹത്തിന്റെ ബന്ധമോര്‍ത്ത് ഞാന്‍ അദ്ദേഹത്തിന് മാപ്പ് നല്‍കിയിരിക്കുന്നു.’
തുടര്‍ന്ന് ഖലീഫ ഇമാം മാലികിന് വിലപിടിപ്പുള്ള പാരിതോഷികങ്ങള്‍ നല്‍കുകയും എല്ലാ സഹായങ്ങളും വാഗ്ദത്തം ചെയ്യുകയും ചെയ്തു. ഈ പരീക്ഷണ ശേഷം ഇമാം മാലികിന് ജനഹൃദയങ്ങളില്‍ ഉണ്ടായിരുന്ന സ്ഥാനം വളരെ ഉയര്‍ന്നു. അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയും ഭക്തിയും ഖലീഫാ മന്‍സൂറിനെ അത്ഭുതപ്പെടുത്തി. അദ്ദേഹം ഇമാമിന് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തു. ഖലീഫ പറഞ്ഞു: മദീനാ ഗവര്‍ണറോ മക്കാ ഗവര്‍ണറോ ഹിജാസിലെ മറ്റേതെങ്കിലും ഗവര്‍ണര്‍മാരോ താങ്കള്‍ക്കോ മറ്റുള്ളവര്‍ക്കോ ദ്രോഹപരമായി വല്ലതും ചെയ്താല്‍ എനിക്ക് എഴുതുക, ഞാന്‍ അവര്‍ക്ക് ഉചിതമായ ശിക്ഷ നല്‍കും. ഇത്ര വലിയ അധികാരം തനിക്കുണ്ടായിട്ടും മാലിക് ആരെപ്പറ്റിയും ഖലീഫയോട് പരാതി പറഞ്ഞില്ല. തെറ്റ് ചെയ്തവരെ ഉപേക്ഷിക്കുകയാണ് ചെയ്തത്.
ഇതിനു പുറമെ ഖലീഫ മന്‍സൂര്‍ അദ്ദേഹത്തെ വളരെ പ്രധാനപ്പെട്ട ഒരു ചുമതല ഏല്‍പിച്ചുകൊണ്ട് പറഞ്ഞു: ‘താങ്കള്‍ ഖലീഫക്ക് പ്രത്യേകം ആവശ്യമായ കാര്യങ്ങളും ജനങ്ങളില്‍ നിന്ന് അക്രമങ്ങളും ബുദ്ധിമുട്ടുകളും ഒഴിവാക്കി അവര്‍ക്ക് നന്മ വരുത്തുന്ന കാര്യങ്ങളും ഉള്‍ക്കൊള്ളിച്ച് എനിക്ക് എഴുതണം. നബി(സ)യുടെ ഹദീസുകളും സഹാബത്തിന്റെ അഭിപ്രായങ്ങളും അവരുടെ വിധികളും ഫത്‌വകളും ഉള്‍ക്കൊള്ളുന്ന ഒരു മഹത്തായ ഗ്രന്ഥം രചിക്കണം.’ ഇമാം ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും ഖലീഫ അദ്ദേഹത്തെ വിട്ടില്ല. ഖലീഫ പറഞ്ഞു: ‘താങ്കളേക്കാള്‍ പാണ്ഡിത്യമുള്ള ഒരാളും ഇന്ന് ജീവിച്ചിരിപ്പില്ല. അതിനാല്‍ താങ്കള്‍ ഇതേറ്റെടുത്തേ പറ്റൂ.’
ന്യായാധിപന്മാരുടെയും കര്‍മശാസ്ത്ര പണ്ഡിതന്മാരുടെയും അഭിപ്രായ വ്യത്യാസങ്ങളില്‍ നിന്ന് ജനങ്ങളെയും രാഷ്ട്രത്തെയും രക്ഷിച്ച് ഏകീകരിക്കുക എന്നതായിരുന്നു മന്‍സൂറിന്റെ ലക്ഷ്യം. അങ്ങനെ ഖലീഫയുടെ നിര്‍ദേശങ്ങള്‍ അദ്ദേഹം സ്വീകരിച്ചു. ഇങ്ങനെ എല്ലാവരെയും കൂട്ടിയിണക്കാന്‍ പറ്റുന്ന ഒരു ഗ്രന്ഥം രചിക്കണമെന്ന് അദ്ദേഹം ഇതിനു മുമ്പുതന്നെ ആലോചിച്ചിരുന്നു. അങ്ങനെ ഇമാം മാലിക് രചിച്ച ഗ്രന്ഥമാണ് പ്രസിദ്ധമായ അല്‍ മുവത്വ.
പിന്നീട് ഖലീഫ ഹാറൂന്‍ റശീദ് ഈ ഗ്രന്ഥം കഅ്ബയില്‍ കെട്ടിത്തൂക്കി എല്ലാവരെക്കൊണ്ടും അംഗീകരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, ഇമാം മാലിക് അതിന് അനുവദിച്ചില്ല.
ഒരിക്കല്‍ ഖലീഫ ഹാറൂന്‍ റശീദ് ഇമാം മാലികിനോട് കൊട്ടാരത്തില്‍ വന്നു പുത്രന്മാരായ അമീനിനും മഅ്മൂനിനും മുവത്വ പഠിപ്പിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു. അപ്പോള്‍ മാലിക് പറഞ്ഞു: ‘വിദ്യ തേടിപ്പോവുകയാണ് വേണ്ടത്. വിദ്യ ആരെയും തേടിപ്പോവാറില്ല.’ ഇത് ശരിയാണെന്ന് മനസ്സിലാക്കിയ ഖലീഫ ഇമാം മാലികിന്റെ സദസ്സില്‍ ജനങ്ങളുടെ കൂടെ ഇരുന്ന് മുവത്വ പഠിക്കാന്‍ തന്റെ പുത്രന്മാരെ അയച്ചു.
ഇമാം ക്ലാസില്‍ എപ്പോഴും ഇങ്ങനെ ആവര്‍ത്തിച്ചു പറയാറുണ്ടായിരുന്നു: ‘ഞാന്‍ ഒരു മനുഷ്യനാണ്. തെറ്റും ശരിയും എന്നില്‍ നിന്നും വരാം. അതിനാല്‍ എന്റെ വാക്കുകള്‍ അല്ലാഹുവിന്റെ കിതാബിനോടും നബി(സ)യുടെ സുന്നത്തിനോടും ഒത്തുനോക്കണം. കിതാബിനോടും സുന്നത്തിനോടും യോജിച്ചത് സ്വീകരിക്കാം. അല്ലാത്തത് തള്ളിക്കളയുകയും ചെയ്യുക.’ ഇമാം മാലിക് 40 വര്‍ഷം മദീനയില്‍ ഖുര്‍ആനും ഹദീസും ഫിഖ്ഹും ക്ലാസെടുത്തുകൊണ്ടിരുന്നു. 83ാം വയസ്സില്‍ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. (തുടരും)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x