ഇബ്‌റാഹീം നബി പറഞ്ഞുവെച്ചത് – നിസ്താര്‍
മുസ്‌ലിം സമൂഹം ഒരു ഹജ്ജിന് കൂടി സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്. ഹജ്ജിന്റെ സന്ദര്‍ഭത്തില്‍ ഓര്‍ക്കുന്ന ഒരു കുടുംബമാണ് ഇബ്‌റാഹീം നബിയുടെ കുടുംബം. വിശുദ്ധ ഖുര്‍ആനി ല്‍ വന്ന ഇബ്രാഹിം പ്രവാചകന്റെ പ്രാര്‍ഥനകള്‍ നമ്മുടെ ജീവിതത്തിന് വെളിച്ചം നല്‍കുന്നതാണ്.
ലക്ഷണമൊത്ത കുടുബത്തെ വാ ര്‍ത്തെടുക്കല്‍ നിര്‍ബന്ധമായ നമ്മുടെ ദൗത്യമാണ്. വ്യക്തിയുടേയും കുടുംബങ്ങളുടേയും ഇസ്‌ലാമികവത്ക്കരണം പ്രവാചകന്മാരുടെ ഊന്നലുകളായിരുന്നു. ഇബ്‌റാഹിം നബി ലക്ഷണമൊത്ത കുടുബനാഥനായിരുന്നു. അദ്ദേഹത്തിന്റെ പ്രാര്‍ഥന അവിടുത്തെ ജീവിത നിലപാടുകൂടിയായിരുന്നു. മുസ്‌ലിംപേരുള്ള ആള്‍ക്കൂട്ടത്തിനു വേണ്ടിയായിരുന്നില്ല പ്രവാചകന്റെ പ്രാര്‍ഥന. അത്തരം സമുദായത്തിന് ഭൂമിയി ലൊരു ചലനവും സൃഷ്ടിക്കാന്‍ കഴിയില്ല.
ഇബ്‌റാഹീം നബിയുടെ ഒരു പ്രാ ര്‍ഥന ഇതാണ്. ‘ഞങ്ങളുടെ നാഥാ! എന്റെ മക്കളില്‍ ചിലരെ, കൃഷിയില്ലാത്ത ഈ താഴ്‌വരയില്‍, നിന്റെ ആദരണീയ മന്ദിരത്തിനടുത്ത് ഞാന്‍ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ നാഥാ! അവര്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കാനാണത്. അതിനാല്‍ നീ ജനമന സ്സുകളില്‍ അവരോട് അടുപ്പമുണ്ടാക്കേണമേ. അവര്‍ക്ക് ആഹാരമായി കായ്കനികള്‍ നല്‍കേണമേ. അവര്‍ നന്ദി കാണിച്ചേക്കാം.’ (14 : 37)
തന്റെ അസാനിധ്യത്തിലും കുടുബം ദീനിയായി വളരണമെന്ന ഇബ് റാഹിം നബിയുടെ ഈ ആഗ്രഹമാണ് മുകളിലെ പ്രാര്‍ഥനയില്‍ നാം കാണുന്നത്. കുടുംബത്തെ വീട്ടിലാക്കി പ്രവാസലോകത്ത് കഴിയുന്ന രക്ഷിതാക്കള്‍ ഈ പ്രാര്‍ഥന അവരുടെ ജീവിതത്തിന്റെ നിലപാടാക്കി മാറ്റണം.
നേരെ ചൊവ്വെ നമസ്‌ക്കരിക്കുന്നവരാകണം എന്ന് പറഞ്ഞാല്‍ കൃത്യമായി നമസ്‌കരിക്കുകയും ജീവിതത്തില്‍ സൂക്ഷ്മതയില്ലാത്ത നമസ്‌കാരക്കാരാക്കണമെന്നോ അല്ല. ജീവിതത്തെ സ്വാധീനിക്കാത്ത നമസ്‌ക്കാരക്കാരെ സൃഷ്ടിക്കലായിരുന്നില്ല പ്രവാചകന്റെ ലക്ഷ്യം. ജീവിതത്തിലുടനീളം ധാര്‍മികത പാലിക്കുന്ന ഒരു സമൂഹം.
ഒരു പിതാവിന്റെ ഊന്നലും ശ്രദ്ധയും എന്താവണമെന്ന് ഇബ്‌റാഹീം പ്രവാചകന്റെ പ്രാര്‍ഥന നമ്മെ പഠിപ്പിക്കുന്നുണ്ടു. ‘ഞങ്ങളുടെ നാഥാ! നീ ഞങ്ങളിരുവരെയും നിനക്കു കീഴ്‌പ്പെടുന്നവരാക്കേണമേ! ഞങ്ങളുടെ സന്തതികളില്‍നിന്ന് നിനക്കു കീഴ്‌പ്പെടുന്ന ഒരു സമുദായത്തെ ഉയര്‍ത്തിക്കൊണ്ടുവരേണമേ! ഞങ്ങളുടെ ഉപാസനാക്രമങ്ങള്‍ ഞങ്ങള്‍ക്കു നീ കാണിച്ചു തരേണമേ! ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കേണമേ; സംശയമില്ല, നീ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാമയനും തന്നെ.'(2:128)
താങ്കള്‍ക്ക് ജനങ്ങളുടെ നേതൃപദവി നല്‍കിയിരിക്കുന്നുവെന്ന് അല്ലാഹു പറഞ്ഞപ്പോള്‍ ഇബ്‌റാഹിം നബി ആവശ്യപ്പെട്ടു, തന്റെ സന്തതികള്‍ക്കും നല്‍കണം അല്ലാഹു അതിനോട് ഇ ങ്ങനെ പ്രതികരിച്ചു. അപ്പോള്‍ അല്ലാഹു അരുളി: ‘നിന്നെ ഞാന്‍ ജനങ്ങളുടെ നേതാവാക്കുകയാണ്.’ ഇബ്‌റാഹീം ആവശ്യപ്പെട്ടു: ‘എന്റെ മക്കളെയും.’ അല്ലാഹു അറിയിച്ചു: ‘എന്റെ കരാര്‍ അക്രമികള്‍ക്കു ബാധകമല്ല.'(2 : 124)
പ്രവാചകന്റെ മക്കള്‍ക്കോ പണ്ഡിതന്റെ കുടുംബത്തിനോ റിസര്‍വ് ചെയ്തതല്ല സ്വര്‍ഗം. സമുദായത്തിന്റെ ഭാഗമായാല്‍ മതിയെന്ന ധാരണയെ തിരുത്തുന്നു. സ്വലാത്തും ദിക്‌റും സമ്മേളനങ്ങളിലൂടെ എണ്ണം തികച്ചാല്‍ രക്ഷപെടുമെന്ന വ്യാമോഹം അവസാനിപ്പിക്കാനുള്ള ആഹ്വാനമാണിത്. കുറുക്കുവഴി മില്ലത്തായി സ്വീകരിച്ചവര്‍ ഇന്ന് സമുദായത്തിന്റെ ഭാഗമാണ്. അമ്പലത്തില്‍ പോകുന്നവനും, ചര്‍ച്ചില്‍ പോകുന്നവനും പള്ളിയില്‍ വരുന്നവനും ജീവിത മൈതാനത്തില്‍ ഒരു വ്യത്യാസവുമില്ല.
‘മക്കള്‍ക്കും നേതൃത്വം വേണം’, എന്ന ആവശ്യത്തിന് ‘മക്കളില്‍ അക്രമികള്‍ക്ക് നല്‍കാനാവില്ല’ എന്ന് അല്ലാഹു മറുപടിയും പറയുന്നുണ്ട്. നേതാവ് ആരുടെയെങ്കിലും മകനോ മകളോ ആവുന്നതല്ല കാര്യം, ആദില്‍ (നീതിമാന്‍) ആകുന്നതാണ്; ‘ളാലിം’ (അക്രമി)ആകാതിരിക്കുന്നതാണ്. നീതിയുടെ പക്ഷത്ത് നമുക്ക് നില്‍ക്കാന്‍ കഴിയുമൊ? എന്നതാണ് പ്രസക്തമായ ചോദ്യം. തന്റെ ആദര്‍ശം തന്റെ മരണത്തോടെ അണഞ്ഞുപോകരുത് എന്ന ആഗ്രഹം നാം ഇബ്‌റാഹീം നബിയില്‍ നിന്ന് പകര്‍ത്തേണ്ട അവസരമാണിത്. നമ്മുടെ സ്വത്ത് മാത്രമല്ല ആദര്‍ശത്തെ കൂടി അനന്തരമെടുക്കുന്ന മക്കള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണം.