30 Saturday
November 2024
2024 November 30
1446 Joumada I 28

ഇന്നമാ വലിയ്യുകുമുല്ലാഹു – പി കെ മൊയ്തീന്‍ സുല്ലമി

ഇന്നമാ വലിയ്യുകുമുല്ലാഹു’ എന്ന് തുടങ്ങുന്ന മാഇദയിലെ 55-ാം വചനത്തെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് മുസ്‌ലിയാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്നത് അല്ലാഹുവിനെ സംരക്ഷണ വിഷയത്തില്‍ നബി(സ)യോട് തുല്യപ്പെടുത്തുകയാണ്. ഒരിക്കലും മനുഷ്യന്റെ കഴിവിനെ സ്രഷ്ടാവിന്റെ കഴിവിനോട് തുലനംചെയ്യാനോ താരതമ്യപ്പെടുത്താനോ പാടുള്ളതല്ല. അതൊക്കെ നഗ്‌നമായ ശിര്‍ക്കാണ്. അല്ലാഹു ‘വലിയ്യാ’കുന്നു എന്നു പറഞ്ഞാല്‍ അവന്‍ ഇഹത്തിലും പരത്തിലും അറ്റവും പരിധിയുമില്ലാത്ത നിലയില്‍ രക്ഷ നല്‍കുന്നവനാകുന്നു എന്നാണ് മുസ്‌ലിംകള്‍ അംഗീകരിച്ചുവരുന്നത്. എന്നാല്‍ നബി(സ)യെക്കുറിച്ചോ സത്യവിശ്വാസികളെ സംബന്ധിച്ചോ ‘വലിയ്യാകുന്നു’ എന്ന നിലയില്‍ ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുള്ളത് ദൃശ്യവും ഭൗതികവുമായ നിലയിലുള്ള അല്‍പകാലത്തെ സംരക്ഷണമാണ്.
വലിയ്യ് എന്ന പദത്തിന് സ്‌നേഹിതന്‍, രക്ഷാധികാരി, സഹായി, കൈകാര്യകര്‍ത്താവ് എന്നിങ്ങനെ വിവിധ അര്‍ഥങ്ങളുണ്ട്. ഈ അര്‍ഥങ്ങളിലെല്ലാം മേല്‍പറഞ്ഞ പദം വിശുദ്ധ ഖുര്‍ആനില്‍ ഉപയോഗിച്ചതായി കാണാന്‍ കഴിയും. ”സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ ഉറ്റമിത്രങ്ങളാക്കി സ്വീകരിക്കരുത്” (നിസാഅ് 144). മേല്‍വചനത്തില്‍ ‘ഔലിയാക്കളാക്കരുത്’ എന്നാണ് പ്രയോഗം. വലിയ്യ് എന്ന പദത്തിന് ചങ്ങാതി, മിത്രം, സ്‌നേഹിതന്‍ എന്നീ അര്‍ഥങ്ങളാണ് ഇവിടെ. അതിന്റെ ബഹുവചനമാണ് ‘ഔലിയാഅ്’ എന്നത്.
”തീര്‍ച്ചയായും ഈ ഗ്രന്ഥം അവതരിപ്പിച്ചവനായ അല്ലാഹുവാകുന്നു എന്റെ രക്ഷാധികാരി.” (അഅ്‌റാഫ് 196) ഇവിടെ വലിയ്യ് എന്ന പദത്തിന് രക്ഷാധികാരി, കൈകാര്യകര്‍ത്താവ് എന്നൊക്കെയാണ് അര്‍ഥം.
മേല്‍പറഞ്ഞ പദങ്ങളെല്ലാം സൃഷ്ടികള്‍ക്കും സ്രഷ്ടാവിനും വിശുദ്ധ ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുണ്ട്. പക്ഷെ പ്രസ്തുത പദങ്ങള്‍ സ്രഷ്ടാവുമായി ബന്ധപ്പെടുത്തുമ്പോള്‍ അര്‍ഥത്തില്‍ വലിയ വ്യത്യാസങ്ങളുണ്ട്. രക്ഷാധികാരി എന്നതിന്റെ അറബി പദമാണ് വലിയ്യ് എന്നത്. ഭൗതികമായി പരിമിതമായ നിലയില്‍ ജനങ്ങളുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രക്ഷാധികാരികള്‍ക്കും ഈ ലോകം മുഴുവന്‍ സൃഷ്ടിച്ചു പരിപാലിച്ചു രക്ഷനല്‍കുന്ന അല്ലാഹുവിനും വലിയ്യ് എന്നുതന്നെയാണ് ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുള്ളത്. പക്ഷേ അല്ലാഹുവിന്റെ ഏകത്വം നശിപ്പിക്കാന്‍ പ്രതിജ്ഞയെടുത്തിട്ടുള്ള ചിലര്‍ സ്രഷ്ടാവിനുള്ള സംരക്ഷണ കഴിവ് സൃഷ്ടികള്‍ക്കും ഉണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്തു പ്രചാരണം അഴിച്ചുവിട്ടിരിക്കുകയാണ്. അതിന്നവര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വചനം ഇതാണ്: ”അല്ലാഹുവും അവന്റെ ദൂതനും താഴ്മയോടു കൂടി നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന സത്യവിശ്വാസികളും മാത്രമാകുന്നു നിങ്ങളുടെ ഉറ്റമിത്രങ്ങള്‍.” (മാഇദ 55).
ഈ വചനമാണ് നബി(സ)യുടെ മരണശേഷം അവിടുത്തോട് വിളിച്ചുതേടാന്‍ തെളിവാക്കുന്നത്! മേല്‍പറഞ്ഞ വചനത്തില്‍ മരണത്തെക്കുറിച്ചോ സഹായതേട്ടത്തെ സംബന്ധിച്ചോ യാതൊരുവിധ സൂചനയും ഇല്ല. ഈ വചനത്തിന്റെ തഫ്‌സീറില്‍ ഇങ്ങനെ ഒരു സൂചനപോലും ആരും രേഖപ്പെടുത്തിയിട്ടുമില്ല. സൂറതുന്നിസാഅ് 144-ാം വചനത്തില്‍ വന്ന പോലെ ഇവിടെയും വലിയ്യ് എന്ന പദത്തിന്റെ അര്‍ഥം ‘ഉറ്റമിത്രം’ എന്നുതന്നെയാണ്. സുന്നീ പരിഭാഷകളും തഫ്‌സീറുകളും അതിന് സാക്ഷ്യം വഹിക്കുന്നു. രണ്ടാമതായി ഈ ആയത്തിന്റെ അവതരണ സന്ദര്‍ഭവും അതാണ് വ്യക്തമാക്കുന്നത്. അഥവാ ജീവിച്ചിരിക്കുന്ന സ്വഹാബികളായിരുന്ന ഉബാദതുബ്‌നു സ്വാമിത്(റ), അബ്ദുല്ലാഹിബ്‌നു സലാം(റ) എന്നിവരെപ്പോലെ യഹൂദികളാലും മറ്റും, മുസ്‌ലിംകളായതിന്റെ പേരില്‍ ബഹിഷ്‌കരിക്കപ്പെടുകയും ദ്രോഹിക്കപ്പെടുകയും ചെയ്യുന്നവര്‍ക്ക് സഹായവും സംരക്ഷണവും സൗഹൃദവും പ്രദാനംചെയ്യാന്‍ കല്‍പിച്ചുകൊണ്ടുള്ളതാണ് ഈ വചനം. അത്തരക്കാരോട് നല്ല മൈത്രീബന്ധം പുലര്‍ത്തി ജീവിക്കാനാണ് ജീവിച്ചിരിക്കുന്ന നബി(സ)യോടും സ്വഹാബികളോടും അല്ലാഹു കല്പിക്കുന്നത്.
മൂന്നാമതായി, ഈ വചനം നബി(സ)യുടെ ജീവിതകാലത്ത് അവതരിച്ചതാണ്. മരണശേഷവും വഹ്‌യിറക്കുന്ന ഒരു സമ്പ്രദായം അല്ലാഹു വെച്ചിട്ടുണ്ടായിരുന്നുവെങ്കില്‍ ഖുറാഫികള്‍ക്ക് മരിച്ചവരോട് സഹായംതേടാന്‍ തിരിച്ചും മറിച്ചും വളച്ചും ദുര്‍വ്യാഖ്യാനം ചെയ്തു ഒപ്പിക്കാമായിരുന്നു! അതിനും ഇവിടെ യാതൊരുവിധ പഴുതുമില്ല.
നാലാമതായി ഈ വചനം ‘കഴിഞ്ഞു പോയവര്‍ക്കും ശേഷിക്കുന്നവര്‍ക്കും ബാധകമാണ്’ എന്ന് തഫ്‌സീര്‍ ബഹ്‌റുല്‍ മുഹീത്വില്‍ പറഞ്ഞിട്ടുണ്ട് എന്നാണ് ഈ വിഷയത്തിലുള്ള ഏറ്റവും വലിയ തുരുപ്പുശീട്ട്. അതിനെന്താ? അങ്ങനെത്തന്നെയാണ് വേണ്ടത്. ഇസ്‌ലാമിക ആദര്‍ശത്തിന്റെ പേരില്‍ കുടുംബങ്ങളാലും മറ്റും ബഹിഷ്‌കരിക്കപ്പെടുന്നവര്‍ അല്ലാഹുവോട് നിരന്തരം പ്രാര്‍ഥന മുഖേന ബന്ധപ്പെട്ടുകൊണ്ടും മറ്റു വിശ്വാസികളുമായി മൈത്രീബന്ധം പുലര്‍ത്തിയും ഐക്യവും സ്‌നേഹവും കാത്തുസൂക്ഷിച്ചുകൊണ്ട് എക്കാലത്തുമുള്ള മുസ്‌ലിംകളും ജീവിക്കേണ്ടതാണ്. കഴിഞ്ഞുപോയവര്‍ അപ്രകാരമാണ് ജീവിച്ചുപോന്നത്. ഇനി വരാന്‍ പോകുന്നവരും ജീവിക്കേണ്ടത് അപ്രകാരം തന്നെയാണ്. അതാണ് അബൂഹയ്യാന്‍(റ) തന്റെ തഫ്‌സീര്‍ ബഹ്‌റുല്‍ മുഹീത്വില്‍ പറഞ്ഞത്. അതിലെവിടെയാണ് മരണപ്പെട്ടവരോടുള്ള പ്രാര്‍ഥന?
അഞ്ചാമതായി മാഇദയിലെ 55-ാം വചനത്തിന് ഇമാം റാസി(റ) സഹായിയെന്നും സംരക്ഷകന്‍ എന്നും വലിയ്യിന് അര്‍ഥം കൊടുത്തിട്ടുണ്ട് എന്ന് ഉദ്ധരിച്ചതാണ് ദുര്‍വ്യാഖ്യാനം. വലിയ്യിന് അപ്രകാരം മുഫസ്സിറുകള്‍ അര്‍ഥം കൊടുത്തിട്ടില്ല എന്ന വാദം ഇവിടെ ആര്‍ക്കും ഇല്ലല്ലോ? ആ അര്‍ഥത്തിലും മറ്റു ചില വചനങ്ങള്‍ക്ക് മുഫസ്സിറുകള്‍ ‘വലിയ്യ്’ എന്ന പ്രയോഗം നടത്തിയിട്ടുണ്ട്. ഇവിടെ അതിന്റെ അര്‍ഥം ‘ഉറ്റമിത്രം’ എന്നാണ്. കെ വി മുഹമ്മദ് മുസ്‌ലിയാരെപ്പോലുള്ളവര്‍ എന്തുകൊണ്ടാണ് നിങ്ങളുടെ വാദം തള്ളിയത്? ഇനി വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ പോലും, മാഇദയിലെ 55-ാം വചനത്തിന് സഹായിയെന്നോ സംരക്ഷകന്‍ എന്നോ അര്‍ഥം കൊടുക്കുന്നതില്‍ യാതൊരു തെറ്റുമില്ല. കാരണം, ഇസ്‌ലാമിക ആദര്‍ശത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുകയും ബഹിഷ്‌കരിക്കപ്പെടുകയും ചെയ്യുന്നവര്‍ക്ക് ഭൗതികമായ നിലയില്‍ സഹായവും സംരക്ഷണവും നല്‍കുകയെന്നത് എക്കാലത്തെയും മുസ്‌ലിംകളുടെ ബാധ്യതയാണ്. അവരെ അദൃശ്യമായ നിലയില്‍ സഹായിക്കുകയെന്നത് അല്ലാഹുവിന്റെയും ബാധ്യതയാണ്. ഇതിലെവിടെയാണ് മരണപ്പെട്ടവരോട് സഹായംതേടാന്‍ തെളിവ്?
ആറാമതായി, ഇവിടെ ‘വലിയ്യിന്’ മരണാനന്തരം സഹായം തേടപ്പെടുന്നവന്‍ (അപ്രകാരമാണ് യാഥാസ്ഥിതികരുടെ ദുര്‍വ്യാഖ്യാനം) എന്നാണ് അര്‍ഥമെങ്കില്‍ മാഇദയിലെ 55-ാം വചനത്തില്‍ നബി(സ)യെക്കുറിച്ച് മാത്രമല്ല പരാമര്‍ശം. മറിച്ച്, ‘നമസ്‌കാരം നിലനിര്‍ത്തുകയും സകാത്ത് കൊടുക്കുകയും ചെയ്യുന്ന സത്യവിശ്വാസികളും മാത്രമാണ്’ എന്ന നിലയിലാണ് വചനം തുടരുന്നത്. അപ്പോള്‍ നബി(സ)യോട് മാത്രമല്ല നാം മരണാനന്തരം സഹായം തേടേണ്ടത്. മറിച്ച്, നമസ്‌കാരം നിലനിര്‍ത്തി സകാത്ത് കൊടുത്ത് മരണപ്പെട്ടുപോയ സത്യവിശ്വാസികളായി നാം കണക്കാക്കുന്ന മുഹമ്മദ്, പോക്കര്‍, മമ്മദ് എന്നുവേണ്ട എല്ലാവരോടും പ്രാര്‍ഥിക്കാം എന്നാണ് വരുന്നത്. അപ്പോള്‍ ശിര്‍ക്കിന് പൊതുവത്ക്കരണം വന്നു. പിന്നെ എന്തിനാണ് സഹായതേട്ടം നബി(സ)യില്‍ മാത്രം ഒതുക്കി സ്വകാര്യവത്കരണം നടത്തുന്നത്! അതിനുള്ള തെളിവ് എന്താണ്!
ഏഴാമതായി ഈ വചനത്തിന് മരണപ്പെട്ടവരുമായി പുലബന്ധം പോലുമില്ല എന്നത് സാമാന്യബുദ്ധിയുള്ള ആര്‍ക്കും ബോധ്യപ്പെടുന്നതാണ്. മേല്‍വചനത്തിലെ ‘വലിയ്യിന്’ മരണാനന്തരം സഹായം തേടപ്പെടുന്നവര്‍ എന്ന വ്യാഖ്യാനം ശരിയാണെങ്കില്‍, പ്രസ്തുത വചനത്തില്‍ ‘നമസ്‌കാരം നിലനിര്‍ത്തുകയും, സകാത്ത് കൊടുക്കുകയും ചെയ്യുന്ന സത്യവിശ്വാസികളും മാത്രമാണ്’ എന്നും കൂടി ഉണ്ടാവരുതല്ലോ. മേല്‍വചനം മരണപ്പെട്ടവരെ സംബന്ധിച്ചായിരുന്നുവെങ്കില്‍ മരണപ്പെട്ടവര്‍ ജീവിച്ചിരിക്കുന്നവരെപ്പോലെ നമസ്‌കരിക്കുകയും സകാത്ത് കൊടുക്കുകയും ചെയ്യുമോ?
എട്ടാമതായി, അല്ലാഹുവിന്റെ കഴിവും നബി(സ) അടക്കമുള്ള സൃഷ്ടികളുടെ കഴിവും തുല്യപ്പെടുത്തി ജനങ്ങളെ സൂപ്പര്‍ശിര്‍ക്കിലേക്ക് നയിക്കുകയാണ് മുസ്‌ല്യാക്കള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അല്ലാഹുവിന്റെ ‘വിലായത്തും’ (സംരക്ഷണം) സൃഷ്ടികളുടെ സംരക്ഷണവും തുല്യമാണോ? ഒരിക്കലുമല്ല. അല്ലാഹുവിന്റെ കേള്‍വി, ശക്തി, കാഴ്ച എന്നിവ സൃഷ്ടികളുടേതിന് തുല്യമാണോ? അല്ലാഹുവിന്റെ കേള്‍വിക്കും കാഴ്ചയ്ക്കും പരിധിയില്ല. സൃഷ്ടികളുടേതിന് പരിധിയുണ്ട്. അല്ലാഹു ‘വലിയ്യാ’കുന്നു (സംരക്ഷകനാകുന്നു) എന്നതുപോലെയാണോ നബി(സ) അടക്കമുള്ള മനുഷ്യരുടെ സംരക്ഷണം? അല്ലാഹുവിന്റെ മൈത്രീബന്ധം പോലെയാണോ സൃഷ്ടികളുടെ മൈത്രീബന്ധം?
”നിങ്ങളുടെ വലിയ്യ് അല്ലാഹുവും റസൂലും മാത്രമാകുന്നു” എന്നുമാത്രം മാഇദയിലെ 55-ാം വചനത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം നടത്തുന്നത് ശരിയല്ല. സംരക്ഷണത്തിലോ രക്ഷാകര്‍തൃത്വത്തിലോ അല്ലാഹുവോടൊപ്പം നബി(സ)യെ പങ്കുചേര്‍ക്കല്‍ അവന്റെ ഏകത്വത്തില്‍ പങ്കുചേര്‍ക്കലാണ്. താഴെ വരുന്ന വചനം ശ്രദ്ധിക്കുക.
യൂസുഫ് നബി(അ)യുടെ പ്രസ്താവന: ”ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവേ, നീ ഇഹത്തിലും പരത്തിലും എന്റെ വലിയ്യ് (രക്ഷാധികാരി) ആകുന്നു” (യൂസുഫ് 101)
Back to Top