19 Wednesday
June 2024
2024 June 19
1445 Dhoul-Hijja 12

ഇന്ത്യന്‍ മഹാ സമുദ്രവും മലബാറിന്റെ സംസ്‌കാരവും ചരിത്ര പ്രക്രിയകളുടെ ഉല്‍പ്പന്നമാണ് സ്വത്വങ്ങള്‍ – ഡോ. മഹ്മൂദ് കൂരിയ

കേരളമെന്ന സമൂഹനിര്‍മിതിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ മുസ്‌ലിം സമൂഹത്തിന്റെ ചരിത്രം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. കേരളത്തില്‍ ഇസ്‌ലാമിന്റെ തുടക്കവും സമൂഹമായി രൂപപ്പെടലും എങ്ങനെയാണ്?
കേരളത്തിന്റെ ചരിത്രത്തില്‍ മുസ്‌ലിംകളുടെ ഉത്ഭവത്തെക്കുറിച്ചുള്ള ഗഹനമായ പഠനങ്ങള്‍ വിരളമാണ്. എന്നല്ല, ഒരുപാട് പഠനങ്ങളുണ്ട്. എന്നാല്‍ ആധികാരികമായി ചരിത്രരചനാ രീതിശാസ്ത്രം പിന്തുടര്‍ന്നുകൊണ്ടുള്ള പഠനങ്ങള്‍ തുലോം കുറവാണ്. ഒരുപാട് വിശ്വാസങ്ങളും ഐതിഹ്യങ്ങളുമാണ് കേരളത്തിലെ ഇസ്‌ലാമിന്റെ തുടക്കവുമായി ബന്ധപ്പെട്ടുള്ളത്. ഏഴാം നൂറ്റാണ്ടില്‍ പ്രവാചകന്റെ കാലത്തു തന്നെ കേരളത്തില്‍ ഇസ്‌ലാം എത്തിയെന്നും ഇല്ലായെന്നുമുള്ള വിശ്വാസങ്ങളും സംവാദങ്ങളും നടക്കുന്നുണ്ട്. ഇവ തമ്മിലുള്ള ആധികാരികമായ കണ്‍ക്ലൂഷനിലേക്ക് കേരളത്തിലെ ചരിത്രകാരന്മാര്‍ക്ക് ഇതുവരെ എത്താന്‍ കഴിഞ്ഞിട്ടില്ല. കേരളത്തിന്റെ ചരിത്രമെഴുതിയ വലിയ ചരിത്ര പണ്ഡിതര്‍ക്കൊന്നും അറബി പോലുള്ള ഭാഷ വശമില്ലാഞ്ഞത് വിനയായിട്ടുണ്ട്.

 

കേരളമൊരു തീരദേശം എന്ന നിലയില്‍ കച്ചവടത്തിന് വലിയ സാധ്യതയുള്ള മേഖലയാണ്. സ്വാഭാവികമായും ആ വഴിക്ക് കേരളത്തിലേക്ക് ഇസ്‌ലാം വരാം. ചേരമാന്‍ പെരുമാളുടെയൊക്കെ ഉദാഹരണങ്ങള്‍ നമുക്ക് മുമ്പിലുണ്ട്. അതിന്റെയൊരു ആവിര്‍ഭാവത്തെക്കുറിച്ച് ആധികാരികമായി വിശ്വസിക്കാന്‍ കഴിയുന്ന ചരിത്രസന്ദര്‍ഭം ഇത്ര നൂറ്റാണ്ടു മുതല്‍ അല്ലെങ്കില്‍ ഇന്ന വര്‍ഷം മുതല്‍ എന്ന് പറയാന്‍ കഴിയുമോ?
ഇസ്‌ലാമിന്റെ ആവിര്‍ഭാവ കാലത്ത് അതായത് ഏഴാം നൂറ്റാണ്ടില്‍ തന്നെ കേരളത്തിലേക്ക് ഇസ്‌ലാം എത്തിയിരിക്കാം. കച്ചവടത്തിന്റെയും ഇന്ത്യന്‍ മഹാസമുദ്രം വഴിയുള്ള സാംസ്‌കാരിക വിനിമയത്തിന്റെയും അടിസ്ഥാനത്തില്‍ ഇസ്‌ലാം അക്കാലത്തു തന്നെ ഇവിടെയെത്തി എന്ന് അനുമാനിക്കുന്നവരുണ്ട്. പക്ഷേ, ഇത് സാമാന്യബുദ്ധിയുടെ അടിസ്ഥാനത്തില്‍ പറയുന്നതാണ്. ഇത് ഉറപ്പിച്ചു പറയണമെന്നുണ്ടെങ്കില്‍ വ്യക്തമായ തെളിവുകളോ ഇന്‍സ്‌ക്രിപ്ഷനോ എത്തിഗ്രാഫിക് ടെക്‌സ്റ്റോ ആയിട്ടുള്ള സ്രോതസസ്സുകള്‍ കിട്ടണം. അത്തരം സ്രോതസ്സുകള്‍ പലതും ഉണ്ട് എന്ന് പറയുന്നുണ്ടെങ്കിലും അവയെ സംബന്ധിച്ച് ശാസ്ത്രീയമായിട്ടുള്ള പഠനങ്ങള്‍ നടന്നിട്ടില്ല. ചേരമാന്‍ പെരുമാളിനെ കുറിച്ചുവരുന്ന കാര്യങ്ങള്‍ തന്നെ ഐതിഹ്യങ്ങളാണ്. ചേരമാന്‍ പെരുമാള്‍ മക്കത്തുപോയെന്നും മറ്റുമുള്ള ഐതിഹ്യങ്ങള്‍ രൂപപ്പെടുന്നത് അദ്ദേഹത്തിന്റെ കാലശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടാണ്.

ചേരമാന്‍ പെരുമാളിന്റെ സംഭവത്തിന് ചരിത്രരേഖകളുടെ പിന്‍ബലമില്ലേ?
ഏഴാം നൂറ്റാണ്ടില്‍ അങ്ങനെ സംഭവിച്ചുവെന്ന് പറയുന്നതിന് ചരിത്രപരമായ പിന്തുണയില്ല. ചുരുങ്ങിയത് അഞ്ഞൂറ് വര്‍ഷമെങ്കിലും കഴിഞ്ഞതിനു ശേഷമാണ് അത്തരമൊരു വാദം വരുന്നത്. ഇസ്‌ലാമുമായി ബന്ധപ്പെട്ട ഏറ്റവും പ്രാമാണികമായ തെളിവ് നമുക്ക് കിട്ടുന്നത് ഒമ്പതാം നൂറ്റാണ്ടിലും പതിമൂന്നാം നൂറ്റാണ്ടിലുമൊക്കെയാണ്. കോഴിക്കോട് മുച്ചുന്തി പള്ളിയിലെ ശിലാഫലകമാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്. എങ്കില്‍ തന്നെ ഒരു സമൂഹമായി മുസ്‌ലിം കള്‍ രൂപപ്പെട്ടതിനോ അല്ലെങ്കില്‍ അതിനു അനുബന്ധമായിട്ടുള്ള ആര്‍കിടെക്ചറുകളോ എത്തിഗ്രാഫിക് ടെക്‌സ്റ്റോ ആയിട്ടുള്ള തെളിവുകള്‍ പതിമൂന്നാം നൂറ്റാണ്ടിനു മുമ്പുള്ളത് ഇപ്പോഴും പറയത്തക്കതായി കിട്ടിയിട്ടില്ല.

മാപ്പിള സംസ്‌കൃതിയുടെ തുടക്കം എങ്ങനെയാണ്?
മാപ്പിള സമൂഹത്തിന് കച്ചവടവുമായും ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധപ്പെട്ടും വലിയൊരു ബന്ധമുണ്ട്. മാപ്പിള എന്നു വിശേഷിപ്പിക്കപ്പെടുന്നത് മുസ്‌ലിം സമുദായത്തെ മാത്രമല്ല, മൂന്ന് അബ്രഹാമിക് സമുദായങ്ങള്‍ അതിന്റെ ഭാഗമാണ്. അതായത് മുസ്‌ലിംകളും ജൂതന്മാരും ക്രിസ്ത്യാനികളും മാപ്പിളമാരായിരുന്നു. അറേബ്യയില്‍ നിന്ന് കേരളത്തിലെത്തി ഇവിടെ കല്യാണം കഴിക്കുകയും കച്ചവടം നടത്തുകയും ചെയ്ത് ജീവിച്ചിരുന്ന എല്ലാവരും മാപ്പിള സമൂഹത്തിന്റെ ഭാഗമായി അറിയപ്പെട്ടു. പില്‍ക്കാലത്തെ ചരിത്രരചനയില്‍ മാപ്പിളമാരെന്നത് മുസ്‌ലിംകളെ മാത്രം പരിചയപ്പെടുത്തുന്ന പദമായി മാറി. പ്രത്യേകിച്ച് കൊളോണിയല്‍ ചരിത്രരചനയില്‍ ഒരു ഏകശിലാരൂപീകരണം നടന്നതായിട്ട് നമുക്ക് കാണാന്‍ കഴിയും. പതിമൂന്നാം നൂറ്റാണ്ടോടു കൂടിയാണ് മാപ്പിളമാരുടെ ചരിത്രം സംബന്ധിച്ച ശക്തമായ തെളിവുകള്‍ ലഭിക്കുന്നത്. ഏഴാം നൂറ്റാണ്ടിലോ അതിനു മുമ്പു തന്നെയോ അറേബ്യയില്‍ നിന്നുള്ള ആളുകള്‍ ഇവിടെ വന്നിരിക്കാം. മുസ്‌ലിം ഏഴാം നൂറ്റാണ്ടില്‍ തന്നെ വന്നിരിക്കാം.

ഇപ്പോള്‍ ഗ്ലോബല്‍ മുസ്‌ലിം എന്ന ഒരു ഐഡന്റിറ്റിയെ നമുക്ക് കാണാന്‍ കഴിയും. കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് കുടിയേറ്റം മൂലവും പല തരത്തിലുള്ള സാംസ്‌കാരിക വിനിമയം കൊണ്ടും ഉണ്ടായിട്ടുള്ള സംഗതിയാണിത്. അതിനപ്പുറത്തുള്ള തനത് കേരള മുസ്‌ലിം ഐഡന്റിറ്റിയെ എങ്ങനെ വിലയിരുത്തുന്നു?
കേരളത്തില്‍ മുസ്‌ലിംകള്‍ക്കെന്നല്ല ആര്‍ക്കും തനതായ ഐഡന്റിറ്റി എന്നൊന്നില്ല. ഒരുപാട് ചരിത്ര പ്രക്രിയകളിലൂടെ രൂപപ്പെട്ടുവന്ന ഒരു സമ്മേളനമാണ് എല്ലാ തരത്തിലുള്ള ഐഡന്റിറ്റികളും. മുസ്‌ലിം കളുടെ ഐഡന്റിറ്റിയും അതുപോലെ തന്നെയാണ്. നിരവധി ദേശങ്ങളില്‍ നിന്നും ഒരുപാട് കാലങ്ങളിലൂടെ രൂപപ്പെട്ടുവന്ന ഐഡന്റിറ്റിയാണ് അവരുടേത്. കേരളത്തിലെ പഴയ രേഖകള്‍ പരിശോധിച്ചാല്‍ നിരവധി പ്രദേശങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ ഇവിടെ വന്നിട്ടണ്ട്. അറേബ്യ, പേര്‍ഷ്യ, ഇറാഖ്, ഇറാന്‍, ഒമാന്‍, സിറിയ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ കോഴിക്കോടും കൊല്ലത്തുമൊക്കെ മതപണ്ഡിതരും കച്ചവടക്കാരുമായിട്ടൊക്കെ ജോലി ചെയ്തിരുന്നു.
കേരള മുസ്‌ലിംകളുടെ ചരിത്രത്തില്‍ ഏറെ സംഭാവന നല്‍കിയിട്ടുള്ളവരാണ് ആഫ്രിക്കന്‍ സമൂഹം. 13,14 നൂറ്റാണ്ടു മുതല്‍ കേരളത്തിലെ മുസ്‌ലിം ജീവിതത്തില്‍ ആഫ്രിക്കന്‍ സാന്നിധ്യവും സ്വാധീനവും വളരെ പ്രകടമാണ്. ജഡ്ജുമാരായും കോടതിയിലെ നിയമ ഉപദേഷ്ടാക്കളായും പള്ളിയിലെ ഇമാമുമാരായും കടല്‍ സംരക്ഷകരായിട്ടുമൊക്കെ അവര്‍ ജോലി ചെയ്തിരുന്നു. എത്യോപ്യയില്‍ നിന്നും സോമാലിയയില്‍ നിന്നുമൊക്കെ ആളുകള്‍ കടല്‍ വഴിയും സില്‍ക്ക്‌റൂട്ട് വഴിയും കേരളത്തിലെത്തിയിട്ടുണ്ട്. പ്രധാനമായും കടല്‍മാര്‍ഗമാണ് വന്നത്. അറേബ്യക്കാരെ പൊതുവെ എല്ലാവരും പറയുമെങ്കിലും ആഫ്രിക്കക്കാരെക്കുറിച്ച് കൂടുതല്‍ പറയാറില്ല. ചൈനയില്‍ നിന്ന് ഒരുപാട് മുസ്‌ലിംകള്‍ കേരളത്തില്‍ വന്നിട്ടുണ്ട്. മാഹ്‌വന്‍, ഷന്‍ഹ പോലുള്ളവര്‍ അവരില്‍ പ്രമുഖരാണ്. കേരളത്തില്‍ കൂടുതല്‍ ശാഫിഈ സുന്നി മുസ്‌ലിംകളാണ്. 14,15 നൂറ്റാണ്ടുകളില്‍ ചൈനയില്‍ നിന്നു വന്നവര്‍ ഹനഫി മുസ്‌ലിംകളായിരുന്നു. അവര്‍ കേരളത്തിലെ മുസ്‌ലിം കള്‍ക്ക് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഈ നിലയില്‍ ആഗോളപരമായി തന്നെ ഇസ്‌ലാം സമൃദ്ധമായി ഇവിടെ നിലനിന്നിരുന്നു.

മുസ്‌ലിം കള്‍ക്ക് ഇവിടെ അറക്കല്‍ രാജവംശമുണ്ട്. മാതൃദായക്രമം നിലനില്‍ക്കുന്ന കുടുംബസംവിധാനങ്ങളുണ്ട്. ആ ചരിത്രം എങ്ങനെയാണ്.
എന്റെ പ്രധാനപ്പെട്ട പഠനമേഖലയാണിത്; മാതൃദായക്രമവും ഇന്ത്യന്‍ മഹാസമുദ്രവും എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വലിയൊരു കാന്‍വാസ് പരിശോധിച്ചാല്‍ ആഫ്രിക്കന്‍ തീരങ്ങള്‍ മുതല്‍ ചൈനയുടെ തീരങ്ങള്‍ വരെ എല്ലാ സ്ഥലങ്ങളിലും മാതൃദായക്രമത്തിന്റെ വിവിധ അംശങ്ങള്‍ കാണാന്‍ പറ്റും. മാതൃദായക്രമം പിന്തുടരുന്ന ഏറ്റവും വലിയ സമുദായം ഇന്തോനേഷ്യയിലെ വെസ്റ്റ് സുമാത്രയിലെ മിനംഗാബാവു സമുദായമാണ്. ഇവിടെ അഞ്ചു മില്യനോളം ഇസ്‌ലാം കള്‍ മരുമക്കത്തായം പിന്തുടരുന്നുണ്ട്.
അറക്കല്‍ രാജ്ഞിമാര്‍ ഉണ്ടായിരുന്നതു പോലെ തന്നെ 1350-ന്റെയും 1800-ന്റെയും ഇടയിലുള്ള 450 വര്‍ഷത്തിനിടയില്‍ ഏറെക്കുറെ മുന്നൂറോളം രാജ്ഞിമാര്‍ ഇന്ത്യന്‍ മഹാസമുദ്ര തീരങ്ങളില്‍ വന്നിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രവും മരുമക്കത്തായവും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമുണ്ട്. ആ ബന്ധത്തിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്.

മതത്തിലെ സ്ത്രീ, സ്ത്രീയുടെ പദവി തുടങ്ങിയവയൊക്കെ ചര്‍ച്ചാവിഷയങ്ങളാണല്ലോ. മാതൃദായക്രമത്തില്‍ സ്ത്രീ മുഖ്യകേന്ദ്രമായി വരുന്ന വ്യവസ്ഥയാണ്. പൂര്‍ണമായ അര്‍ഥത്തില്‍ അങ്ങനെ നടപ്പിലായോ എന്നത് മറ്റൊരു ചോദ്യമാണ്. താങ്കളുടെ കാഴ്ചപ്പാടില്‍ ഈ സമുദായത്തിലെ സ്ത്രീകളുടെ റോള്‍ എങ്ങനെയായിരുന്നു?
പുരുഷ കേന്ദ്രീകൃത സമൂഹങ്ങളില്‍ നിന്നും കൂടുതല്‍ മുന്‍ഗണന ഇത്തരം സമുദായങ്ങളിലെ സ്ത്രീകള്‍ക്കുണ്ട്. സമ്പത്താണല്ലോ എല്ലാറ്റിന്റെയും അടിസ്ഥാനം. അനന്തരാവകാശ നിയമത്തില്‍ മുസ്‌ലിം സ്ത്രീക്ക് കിട്ടുന്നത് പുരുഷന് ലഭിക്കുന്നതിന്റെ പകുതിയാണ്. മാതൃദായക്രമം നിലനില്‍ക്കുന്ന സമുദായത്തില്‍ അത് ഇന്തോനേഷ്യയിലെ മിനംഗബാവു ആണെങ്കിലും മൊസാംബിക്കിലാണെങ്കിലും മാതൃദായക്രമം നിലനില്‍ക്കുന്നിടത്തെല്ലാം ഇവര്‍ക്ക് മുഖ്യ പരിഗണന ലഭിക്കുന്നു. ഇതിനു സമാനമായ രീതിയാണ് മലബാറിലുമുള്ളത്. ഇവരിലെ അനന്തരാവകാശ നിയമങ്ങളില്‍ പലപ്പോഴും പുരുഷന് ഒന്നും ലഭിക്കാത്ത അവസ്ഥ വരുന്നു. ചിലപ്പോള്‍ പകുതി ലഭിക്കും. അനന്തരാവകാശം പൂര്‍ണമായും സ്ത്രീക്ക് ലഭിക്കുന്ന ക്രമമാണ് പലപ്പോഴും ഈ സമുദായത്തിലുള്ളത്. അതുകൊണ്ടുതന്നെ സാമ്പത്തികമായി സ്ത്രീ മുന്നിലായിരുന്നു. അത് അവരുടെ മതജീവിതത്തിലും സാംസ്‌കാരിക ജീവിതത്തിലുമെല്ലാം വലിയ പ്രതിഫലനങ്ങളുണ്ടാക്കിയിരുന്നു.

ഈ ചരിത്രം വഴിമാറുന്നതും മാതൃദായക്രമം ഇല്ലാതാകുന്നതും സ്ത്രീ പിന്നോട്ടുപോകുന്നതും എപ്പോഴാണ്. അതിന്റെ സാമൂഹികമായ കാരണങ്ങള്‍ എന്തെല്ലാമാണ്?
ഇതിന് ഒരുപാട് കാരണങ്ങളുണ്ട്. കാള്‍മാര്‍ക്‌സും ഏഗല്‍സുമൊക്കെ പറയുന്നത് മരുമക്കത്തായമായിരുന്നു മനുഷ്യകുല ചരിത്രത്തിന്റെ അടിസ്ഥാനപരമായ കുടുംബവ്യവസ്ഥ എന്നാണ്. ഏംഗല്‍സിന്റെ ഒരിജിന്‍ ഓഫ് ഫാമിലിയില്‍ ഇത് അടിവരയിട്ട് പറയുന്നുണ്ട്. പുരാവസ്തു ശാസ്ത്രത്തിന്റെയും നരവംശ ശാസ്ത്രത്തിന്റെയും പശ്ചാത്തലത്തിലാണ് അദ്ദേഹം ഇത് സമര്‍ഥിക്കുന്നത്. പക്ഷേ, ചരിത്രപരമായിട്ട് അതിന് ഇപ്പോഴും ശരിയായ പഠനം നടന്നിട്ടില്ല.
ഇത്തരം ഒരുപാട് സമൂഹങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. നമ്മുടെ കാഴ്ചപ്പാടില്‍ അവരെ പലപ്പോഴും, പ്രത്യേകിച്ച് പുരുഷ കേന്ദ്രീകൃതമായിട്ടുള്ള കേരളം പോലുള്ള സ്ഥലങ്ങളില്‍ രണ്ടാം കണ്ണോടെ കാണുകയും അവരെ പരിഹസിക്കുകയൊക്കെ ചെയ്യുന്നുണ്ട്. അവരെക്കുറിച്ചുള്ള പഠനങ്ങളും ബോധവത്കരണങ്ങളുമാണ് പലപ്പോഴും ഇല്ലാതെ പോകുന്നത്.
വിവിധ ഘടകങ്ങള്‍ ഇവയുടെ പിന്നാക്കത്തിനും ആക്കം കൂട്ടിയിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടോടെ വന്ന പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ മാതൃദായക്രമങ്ങള്‍ക്കെതിരെ നിശിതമായ വിമര്‍ശമുന്നയിച്ചിട്ടുണ്ട്. സാമ്പത്തികമായി വന്ന മാറ്റങ്ങളും ഇവയുടെ പിന്നാക്കത്തിന് കാരണമായി. പുരുഷ കേന്ദ്രീകരണം പ്രതിഫലിപ്പിക്കുന്ന കൊളോണിയലിസം ഇതിന് വലിയ കാരണമായിട്ടുണ്ട്. പോര്‍ച്ചുഗീസുകാര്‍ നടത്തിയിരുന്ന മൊസാംബിക്കിലാണെങ്കിലും ഡച്ചുകാര്‍ നടത്തിയിരുന്ന ഇന്തോനേഷ്യയിലാണെങ്കിലും ബ്രിട്ടീഷുകാര്‍ നടത്തിയിരുന്ന കണ്ണൂരിലാണെങ്കിലും പുരുഷ കേന്ദ്രീകൃതമായിരുന്നു അത്. ഈ രീതിയിലുള്ള പ്രതിഭാസങ്ങള്‍ ഈ സമൂഹങ്ങളെ പിന്നോട്ട് തള്ളുന്നതിന് പ്രധാന കാരണങ്ങളായി.

 

 

കേരളത്തിലെ നായര്‍ സമുദായത്തിലും മരുമക്കത്തായ സമ്പ്രദായം നിലനിന്നിരുന്നു. നമ്മുടെ സമീപകാല ചരിത്രത്തില്‍ പോലും. അവിടെയും സമാനമായ വിധത്തിലുള്ള പാറ്റേണ്‍ കാണാന്‍ കഴിയുമോ?

ഞാന്‍ നേരത്തെ പറഞ്ഞ എല്ലാ നാടുകളിലും മുസ്‌ലിം കളാണ് മരുമക്കത്തായ സമ്പ്രദായം പിന്തുടരുന്നത്. സാഹിലീ കോസ്റ്റ്, ആഫ്രിക്കന്‍ കോസ്റ്റ് എന്നിവിടങ്ങളില്‍ ക്രിസ്ത്യാനികളും ഈ സമ്പ്രദായം പിന്തുടരുന്നുണ്ട്. കേരളത്തില്‍ ഹിന്ദുക്കള്‍ക്കിടയിലാണ് കൂടുതല്‍ കാണാന്‍ കഴിയുന്നത്. നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ ചില സമുദായങ്ങള്‍ക്കിടയിലും കാണാന്‍ പറ്റും. കേരളത്തില്‍ നായര്‍ സമുദായത്തിനിടയില്‍ മാത്രമായിരുന്നില്ല മരുമക്കത്തായ സമ്പ്രദായം നിലനിന്നിരുന്നത്. 19-ാം നൂറ്റാണ്ടിലുള്ള ഒരു രേഖയനുസരിച്ച് കേരളത്തില്‍ മാത്രം 27-ഓളം സമുദായങ്ങള്‍ മരുമക്കത്തായം അനുവര്‍ത്തിച്ചു ജീവിച്ചിരുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമായിരുന്നു നായര്‍ സമുദായം. ഇന്ത്യന്‍ മഹാസമുദ്രവുമായുള്ള വിനിമയത്തിന് ഏറ്റവും അനുഗുണമായ ഒരു സാമൂഹ്യ വ്യവസ്ഥയായിരുന്നു മരുമക്കത്തായം. ആണുങ്ങള്‍ക്ക് കച്ചവടക്കാരായിട്ടും കപ്പിത്താന്മാരായിട്ടുമൊക്കെ കടല്‍ വഴി പോകണമായിരുന്നു. അതേസമയം കുടുംബവും വീടും സ്ഥലവും സ്വത്തും നോക്കി നടത്തിയിരുന്നത് സ്ത്രീകളായിരുന്നു. അതുകൊണ്ടു തന്നെയായിരിക്കും നായര്‍ സമുദായത്തിലും മറ്റു ഇരുപതിലധികം സമുദായങ്ങള്‍ക്കിടയിലും ഈയൊരു വ്യവസ്ഥ നിലനിന്നത്.

ഈ വ്യവസ്ഥയെക്കുറിച്ച് പഠിക്കുമ്പോള്‍ രണ്ടു നൂറ്റാണ്ട് മുമ്പുള്ള സ്ത്രീ, അത് മുസ്‌ലിം സമുദായത്തിലായാലും ഹിന്ദു സമുദായത്തിലായാലും ഇന്നത്തെക്കാള്‍ എംപവേര്‍ഡ് ആയിരുന്നോ?
രാഷ്ട്രീയമായി നോക്കുകയാണെങ്കില്‍ മുന്നൂറോളം രാജ്ഞിമാരാണ് 450 വര്‍ഷത്തനിടക്ക് ഉണ്ടായത്. സമ്പത്തിന്റെ പൂര്‍ണമായ അധികാരം മരുമക്കത്തായ സമ്പ്രദായത്തില്‍ സ്ത്രീകള്‍ക്കാണ്. സ്വത്ത് വില്‍ക്കാനോ കടം കൊടുക്കാന്‍ പോലുമോ ആണിന് യാതൊരു അധികാരവുമുണ്ടായിരുന്നില്ല. എല്ലാ നിലയിലും മാതൃദായക്രമത്തില്‍ സ്ത്രീക്ക് അധികാരമുണ്ടായിരുന്നു.

മാതൃദായക്രമം പിന്തുടരുന്ന കുടുംബങ്ങളില്‍ കുടുംബത്തിന്റെ തലവന്‍ ആരായിരുന്നു. നായര്‍ സമുദായത്തില്‍ അമ്മാവന്‍ എന്ന പദവിക്ക് മുന്തിയ പരിഗണനയുണ്ട്. സങ്കല്‍പത്തില്‍ ഇതിന്റെ തലവന്‍ എന്ന നിലയില്‍ സ്ത്രീ ഇരിക്കുകയും യഥാര്‍ഥത്തില്‍ അധികാരം മറ്റൊരാള്‍ കയ്യടക്കുകയും ചെയ്യുന്ന രീതിയുണ്ടോ?
യഥാര്‍ഥത്തില്‍ ഈ സമ്പ്രദായത്തില്‍ സ്ത്രീക്ക് തന്നെയായിരുന്നു അധികാരം. ഇതിന് മാറ്റം വന്നതിന് ഒരു ചരിത്രമുണ്ട്. ജി അരുണിമയുടെ ദേര്‍ കംസ് പപ്പ എന്ന പുസ്തകത്തില്‍ ഇത് പ്രതിപാദിക്കുന്നുണ്ട്. ബ്രിട്ടീഷ് സര്‍ക്കാറാണ് അമ്മാവന്‍ എന്ന സ്ഥാനം കുടുംബങ്ങള്‍ക്കകത്ത് നിര്‍മിച്ചത്. സ്ത്രീ പൂര്‍ണമായും കുടുംബത്തിന്റെ തലവന്‍ ആയിരിക്കുക എന്നുള്ളത് കൊളോണിയല്‍ കാഴ്ചപ്പാടിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതായിരുന്നു. അതുകൊണ്ടു തന്നെ സ്വത്തുക്കളുടെയും നിയമങ്ങളുടെയും കൈകാര്യ കര്‍തൃത്വത്തിനും കുടുംബങ്ങളുടെ നടത്തിപ്പിനും മുതിര്‍ന്ന പുരുഷന്‍ വേണമെന്ന് 1890-കളോടെ കൊളോണിയല്‍ ഗവണ്‍മെന്റാണ് ഡിമാന്റ് ചെയ്തത്. ആ ദിശയില്‍ മരുമക്കത്തായ സമ്പ്രദായത്തില്‍ പുരുഷന് പുരുഷനായതു കൊണ്ടു മാത്രം അധികാരം കിട്ടുന്ന സ്ഥിതിവിശേഷമുണ്ടായത് ഇവിടെയാണ്. അത് പൂര്‍ണമായും ഒരു കൊളോണിയല്‍ നിര്‍മിതിയാണെന്നാണ് അരുണിമ സമര്‍ഥിക്കുന്നത്. ഇതിനു മുമ്പ് പുരുഷന്‍ പുരുഷനായതു കൊണ്ടു മാത്രം അധികാരം കിട്ടുന്ന ഒരു രീതി മാതൃദായക്രമത്തില്‍ ഉണ്ടായിരുന്നില്ല.
കേരളത്തില്‍ മാത്രമല്ല, എല്ലാ സമുദായങ്ങളിലും അമ്മാവന്‍ എന്നത് നിര്‍മിച്ചെടുക്കപ്പെട്ട ഒന്നാണ്. പത്തൊമ്പതാം നൂറ്റാണ്ടോടെയാണ് അമ്മാവന്‍ എന്ന ആവിര്‍ഭാവമുണ്ടാകുന്നത്. അമ്മാവന്‍ മാത്രമല്ല മുതിര്‍ന്ന കാരണവരും ഇങ്ങനെ തന്നെ. അതുകൊണ്ടാണ് എല്ലായിടത്തും രാജ്ഞിമാരെ കാണുന്നത്. ചെറിയ കുടുംബങ്ങളില്‍ പോലും നേതൃസ്ഥാനത്ത് പുരുഷന്മാരെ കാണാന്‍ കഴിയില്ല. സ്ത്രീകളെ മാത്രമാണ് മിക്ക കുടുംബങ്ങളുടെയും ചരിത്രത്തില്‍ കാണുന്നത്.

ഇപ്പോഴും നമ്മള്‍ പഠിക്കുന്ന ചരിത്രത്തില്‍ രാജാക്കന്മാരുടെ ചരിത്രമാണ് ഭൂരിഭാഗമുള്ളത്. രാജ്ഞിമാരുടെ ചരിത്രം പ്രധാന ധാരയില്‍ ഇല്ലല്ലോ.
രാജ്ഞിമാരുടെ ചരിത്രം മാത്രമല്ല, സ്ത്രീകളുടെ ചരിത്രം തന്നെയില്ല. കേരളത്തില്‍ ധാരാളം ചരിത്രകാരന്മാരുണ്ട്. 1800-നു മുമ്പുള്ള കേരളത്തിലെ അഞ്ചു സ്ത്രീകളുടെ പേരു പറയാന്‍ പറഞ്ഞാല്‍ എത്ര പേര്‍ക്കതിനു കഴിയും? ഒരാളുടെ ഭാര്യയോ ഭര്‍ത്താവോ മകളോ എന്ന നിലയില്‍ അല്ലാത്ത അഞ്ചു പേരുടെ പേരു പറയാന്‍ കഴിയില്ല. കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെയും ലോകത്തിന്റെ തന്നെയും ചരിത്രം എപ്പോഴും പുരുഷ കേന്ദ്രീകൃതമായാണ് എഴുതപ്പെട്ടിട്ടുള്ളത്. ഇത് മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

സ്ത്രീകള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടാതെ പോയത് എന്തുകൊണ്ടായിരിക്കും?
ഇതുവരെ വന്നിട്ടുള്ള ചരിത്രകാരന്മാരെല്ലാവരും പുരുഷന്മാരാണ്. പാശ്ചാത്യ യൂണിവേഴ്‌സിറ്റികളില്‍ പോലും സ്ത്രീകള്‍ക്ക് പ്രവേശനം ലഭിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെയാണ്. പ്രഫഷണലായി ചരിത്രം എഴുതാനുള്ള അവസരം കിട്ടിയിരുന്നത് ഒരുപാട് കാലമായിട്ട് ആണുങ്ങള്‍ക്ക് മാത്രമാണ്. ഫെമിനിസം എന്ന മൂവ്‌മെന്റ് അടുത്ത കാലത്താണ് പ്രത്യേകിച്ച് ചരിത്രത്തിനകത്തൊക്കെ വരുന്നത്. ആ ഒരു മാറ്റം അടുത്ത കാലത്താണ് സംഭവിക്കുന്നത്.

മാതൃദായക്രമം മാറി സമകാലിക കേരളത്തിലെ നമ്മുടെ സമൂഹത്തിലെ കുടുംബങ്ങളിലേക്കു വന്നതില്‍ ഉണ്ടായിട്ടുള്ള മാറ്റം നിരീക്ഷിച്ചിട്ടുണ്ടോ?
1970-കള്‍ക്കു ശേഷം സ്ത്രീക്ക് മുമ്പുണ്ടായിരുന്ന ഇടങ്ങള്‍ കുറഞ്ഞുവന്നു എന്നുള്ളത് നേരാണ്. പൊതുഇടങ്ങളിലും കുടുംബത്തിനകത്തും സ്ത്രീയെ കൂടുതല്‍ ഉള്ളിലേക്ക് മാറ്റാനുള്ള, അത് സിനിമയിലായാലും സാഹിത്യത്തിലായാലുമൊക്കെ പ്രവണത നിലനിന്നിരുന്നു. സമൂഹത്തില്‍ നടക്കുന്ന സമ്പ്രദായങ്ങളുടെ പ്രതിഫലനമായിരിക്കാം സിനിമയിലും സാഹിത്യത്തിലുമൊക്കെ പ്രകടമായത്. സ്ത്രീയെ ഒരു ഭാഗത്ത് ഇരുത്താനുള്ള ശ്രമങ്ങളാണ് വീണ്ടും വീണ്ടും നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ മാത്രമല്ല, എല്ലായിടത്തും മുമ്പുള്ളതിനെക്കാളേറെ സ്ത്രീയെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളാണ് കാണാനാവുന്നത്. ഇതിന്റെ മറ്റൊരു വശം, എത്രത്തോളം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവോ അതിനെക്കാള്‍ പൂര്‍വാധികം ശക്തിയോടെ സ്ത്രീകള്‍ മുന്നോട്ടുവരുമെന്ന് തന്നെയാണ്. ഇതാണ് ചരിത്രം സൂചിപ്പിക്കുന്നത്. ഇതു തന്നെയാണ് ലോകത്തിന്റെ പ്രതിഭാസവും

2.5 2 votes
Article Rating
Back to Top
0
Would love your thoughts, please comment.x
()
x