ഇനിയും മൗനം തുടരുത് കെ പി അബൂബക്കര്‍ മുത്തനൂര്‍
സമൂഹം മൊത്തം ദുഷിച്ച് നാറിയ ഒരവസ്ഥാ വിശേഷമാണ് ഇന്ന് കാണാന്‍ കഴിയുന്നത്. സാമ്പത്തികവും ലൈംഗികവുമായ രംഗത്താണ് ഈ നാറ്റം അനുഭവപ്പെട്ടത്. അംഗുലീപരിമിതമായ സാത്വികര്‍ ഇവിടെയുണ്ടെന്ന കാര്യം നിഷേധിക്കുന്നില്ല. കിട്ടുന്ന അവസരങ്ങളിലെല്ലാം കഴിയുന്ന രീതിയില്‍ അന്യരുടെ പണം സ്വന്തം കീശയിലാക്കാന്‍ മത്സരിക്കുകയാണ് ഒരു വിഭാഗമെങ്കില്‍ മാസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞുങ്ങളെ പോലും ലൈംഗികാവശ്യത്തിന് ഉപയോഗപ്പെടുന്നിടത്താണ് മറ്റൊരു വിഭാഗം മത്സരിക്കുന്നത്. ഇരകളുടെ കൂട്ടത്തില്‍ വയോവൃദ്ധകളെയും കാണാം.
ലൈംഗിക അരാജകത്വത്തിലായാലും സാമ്പത്തിക ക്രമക്കേടുകളിലായാലും മുസ്‌ലിം സമുദായവും ഒട്ടും പിറകിലല്ല എന്ന സത്യം കാണാതിരുന്നുകൂടാ. മുസ്‌ലിംകള്‍ക്ക് കണക്കിലേറെ സംവരണം കിട്ടുന്ന മേഖലകളാണ് ഇവ രണ്ടും. കുഞ്ഞുനാളില്‍ തന്നെ ദൈവത്തെ പറ്റിയും നരക സ്വര്‍ഗങ്ങളെപ്പറ്റിയുമൊക്കെ നല്ലവണ്ണം സ്‌റ്റേജുകളിലൂടെയും പേജുകളിലൂടെയും മുസ്‌ലിംകള്‍ പഠിക്കുന്നുണ്ട്. വഅദ് പരമ്പരയും സെമിനാറുകളും സിമ്പോസിയങ്ങളും സോഷ്യല്‍ മീഡിയകളുമൊക്കെ വേറെയും. ഇവയിലൂടെയൊക്കെ കിട്ടുന്ന പഠനം പരീക്ഷയെഴുതാനും ഗ്രേഡ് വാങ്ങാനുമാണ് പ്രയോഗത്തില്‍ വരുത്താനല്ല എന്ന് വന്നിരിക്കുന്നു. അതുകൊണ്ടുതന്നെ പറയട്ടെ, എല്ലാ ഭിന്നതകളും മറന്ന്, മുസ്‌ലിം സംഘടനകളുടെ നേതാക്കളും പണ്ഡിതന്മാരും ഒന്നിച്ചിരുന്ന് സമുദായാംഗങ്ങളില്‍ നിന്ന് ഒലിച്ചിറങ്ങിക്കൊണ്ടിരിക്കുന്ന മൂല്യം ഉറപ്പിച്ച് നിര്‍ത്താന്‍ യത്‌നിക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു. പണ്ഡിതന്മാര്‍ ഇനിയും മൗനം വെടിയുന്നില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം ദൂരവ്യാപകമായിരിക്കും.