ഇടയാള സങ്കല്‍പം പൗരോഹിത്യ ചൂഷണത്തിന് – ഐ എസ് എം
കൊണ്ടോട്ടി: പ്രപഞ്ച സ്രഷ്ടാവിനോട് അടുക്കാന്‍ ഇടയാളന്മാരെ ആവശ്യമുണ്ടെന്ന് പ്രചരിപ്പിക്കുന്നത് പൗരോഹിത്യ ചൂഷണത്തിന് വേണ്ടിയാണെന്നും മതത്തിലുള ആത്മവിശ്വാസക്കുറവാണ് അതിലൂടെ പ്രകടിപ്പിക്കുന്നതെന്നും ഐ എസ് എം സംസ്ഥാന സമിതി കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ സംഘടിപ്പിച്ച ‘പ്രാര്‍ഥനയ്ക്ക് ഇടയാളന്മാരോ’ വിശദീകരണ സമ്മേളനം അഭിപ്രായപ്പെട്ടു.
പരാശ്രയ മുക്തനായ ഏകദൈവത്തെയാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. എല്ലാറ്റിനും കഴിവുള്ള ഈ ദൈവത്തിലേക്ക് അടുക്കാന്‍ മധ്യവര്‍ത്തികളുടെ ആവശ്യമുണ്ടെന്ന് പ്രചരിപ്പിക്കുന്നത് വങ്കത്തമാണ്. നേരിട്ട് പടച്ചവനോട് പ്രാര്‍ഥിക്കാനാണ് ഇസ്‌ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്. ഈ അധ്യാപനമാണ് വിശ്വാസികള്‍ ജീവിതത്തില്‍ പുലര്‍ത്തുന്നത്. ഈ ആദര്‍ശ പ്രഖ്യാപനം പരിഹാസമാണെന്ന് കരുതുന്നവര്‍ വിശ്വാസപരമായി ഗുരുതരമായ പിഴവാണ് ഇപ്പോഴും പ്രചരിപ്പിക്കുന്നത്. ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നവര്‍ തെറ്റ് തിരുത്തണമെന്നും സംഗമം ആവശ്യപ്പെട്ടു.
സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജന. സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം മുട്ടില്‍, ഇബ്‌റാഹീം ബുസ്താനി, അബൂബക്കര്‍ മൗലവി പുളിക്കല്‍, സി. മമ്മു, അബ്ദുല്‍അസീസ് മാസ്റ്റര്‍, മുഹമ്മദലി ചുണ്ടക്കാടന്‍, ബഷീര്‍ പുളിക്കല്‍, ശരീഫ് കോട്ടക്കല്‍, അബ്ദുല്ലത്തീഫ് മംഗലശ്ശേരി പ്രസംഗിച്ചു.