9 Monday
September 2024
2024 September 9
1446 Rabie Al-Awwal 5

ഇടതുപക്ഷം സംഘ്പരിവാറിന് പഠിക്കുന്നതെന്തിന്?

ഹബീബ് റഹ്‌മാന്‍ കൊടുവള്ളി


കെ കെ ലതിക ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തത് പ്രചരിപ്പിക്കാനല്ല, നാടിന് ആപത്തെന്നറിയിക്കാന്‍ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗവും തളിപ്പറമ്പ് എംഎല്‍എയുമായ എം വി ഗോവിന്ദന്‍! യുഡിഎഫിലെ പ്രമുഖ കക്ഷികളിലൊന്നായ കേരളാ കോണ്‍ഗ്രസ് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നിട്ട് പോലും കഴിഞ്ഞ ലോക്‌സഭ ഇലക്ഷനില്‍ തോറ്റു തുന്നംപാടിയ അനുഭവം തൊട്ടുമുമ്പിലുണ്ടായിട്ടും സിപിഎമ്മും കൂട്ടാളികളും കളിക്കുന്ന ഈ കളി എന്ത് വൈരുദ്ധ്യാത്മക ഭൗതികവാദമാണാവോ? ഇസ്‌ലാമിലെ സാങ്കേതിക സംജ്ഞകളായ ‘കാഫിര്‍’ പ്രയോഗവും ഇസ്‌ലാമിലെ പ്രഥമ ആരാധനയായ നമസ്‌കാരവും പോലും ‘വടകര വിവാദ’ങ്ങളിലേക്ക് വലിച്ചിഴച്ചുകൊണ്ടുവന്നുള്ള ഇടതുപക്ഷത്തിന്റെ കുബുദ്ധി അപാരം എന്നല്ലാതെ എന്തു പറയാന്‍.
സത്യത്തെ പൂര്‍ണമായി സത്യമാണെന്ന് മനസ്സിലാക്കിയ ശേഷം സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കായി അത് നിഷേധിക്കുന്നവനാണ് കാഫിര്‍. പേരു കൊണ്ടോ രൂപം കൊണ്ടോ സ്വഭാവം കൊണ്ടുപോലുമോ ഒരാള്‍ക്കും ഒരാളെയും കാഫിറോ മുസ്‌ലിമോ ആക്കുക സാധ്യമല്ല. അതൊക്കെ തീരുമാനിക്കേണ്ടത് സാക്ഷാല്‍ ദൈവം തമ്പുരാനാണ്. ഒരാളുടെ ബാഹ്യ ആചാരങ്ങള്‍ കൊണ്ട് ഒരു വിശ്വാസിയെ നമുക്ക് അവരവരുടെ മതത്തോട് ചേര്‍ത്തുവിളിക്കാമെങ്കിലും ആരുടെയും ഉള്ളുകള്ളികള്‍ അറിയാനുള്ള കഴിവ് നമുക്കില്ലല്ലോ.
ഒരു യഥാര്‍ഥ മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം ഒരിക്കലും ഒരാളെയും കാഫിര്‍ എന്ന് വിളിക്കാനുള്ള വിദൂര അനുവാദം പോലുമില്ല. നേരെമറിച്ച്, സത്യം സത്യമായി എല്ലാവരെയും അറിയിച്ചുകൊടുക്കാനും സ്‌നേഹസാഹോദര്യബുദ്ധ്യാ, ലവലേശം നിര്‍ബന്ധിക്കാതെ അവരെ സത്യമാര്‍ഗത്തിലേക്ക് ക്ഷണിക്കാനുമാണ് കടപ്പെട്ടിരിക്കുന്നത്. അല്ലാതെ ഒരാളെയും കാഫിറാക്കലോ (സത്യനിഷേധി) ‘മുശ്‌രിക്ക്’ ആക്കലോ (ബഹുദൈവ വിശ്വാസി) ഒരു യഥാര്‍ഥ വിശ്വാസിക്ക് ചേര്‍ന്നതല്ല. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ ഇടതുപക്ഷം ആളുകളെ കാഫിറാക്കുന്ന തിരക്കിലാണ്!
പച്ചയായ വര്‍ഗീയ പ്രചാരണത്തിന്റെ പ്രതിസ്ഥാനത്ത് നേതാക്കള്‍ വരെ എത്തിയിട്ടും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് മിണ്ടാട്ടമില്ലെന്ന് മാത്രമല്ല, അതിനെ ന്യായീകരിക്കുകയും ചെയ്യുന്നു എന്നുവന്നാല്‍ ഇങ്ങനെയൊക്കെയല്ലാതെ മറ്റെന്താണ് മനസ്സിലാക്കേണ്ടത്? ഈരാറ്റുപേട്ട പൂഞ്ഞാറിലെ ഒരുകൂട്ടം പ്ലസ്ടു വിദ്യാര്‍ഥികള്‍ അവസാന ക്ലാസും കഴിഞ്ഞ് തങ്ങളുടെ വിടവാങ്ങലിന്റെ ഭാഗമായി ഫോട്ടോയെടുക്കാന്‍ പൂഞ്ഞാര്‍ പള്ളിയുടെ അടുത്തുള്ള മനോഹരമായ കുരിശുപള്ളിക്ക് സമീപം വന്നു ഫോട്ടോ എടുത്തപ്പോള്‍ ഉണ്ടായ പുകിലൊന്നും നാം മറന്നിട്ടില്ലല്ലോ. കേന്ദ്രത്തിലെ ബിജെപിയുടെ ന്യൂനപക്ഷവിരുദ്ധതകളെ ഏറിയോ കുറഞ്ഞോ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെയും വിശിഷ്യാ ആഭ്യന്തര വകുപ്പിനെയും വിദ്യാഭ്യാസ വകുപ്പിനെയുമൊക്കെ സ്വാധീനിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. അതിന്റെ സ്വാധീനങ്ങളും ബഹിര്‍സ്ഫുരണങ്ങളുമൊക്കെ ഇടയ്ക്കിടെ നുരഞ്ഞുപൊങ്ങിക്കൊണ്ടിരിക്കുന്നു.
പൂഞ്ഞാര്‍ സംഭവം തന്നെ ന്യൂനപക്ഷ ഭൂരിപക്ഷമായ ഈരാറ്റുപേട്ടയെ പ്രേതഭൂമിയാക്കി മാറ്റാനുള്ള ആര്‍എസ്എസ് അജണ്ടകള്‍ക്ക് ശക്തി പകരാനുള്ള ശ്രമമായി വേണം കരുതാന്‍. ഇതുപോലെത്തന്നെയാണ് മലപ്പുറത്തെക്കുറിച്ചുള്ള പ്രസ്താവനകളും. മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണെന്നും അവിടത്തെ കുട്ടികള്‍ കോപ്പിയടിച്ചാണ് വിജയിച്ചതെന്നും അവിടെ നടക്കുന്ന സമരങ്ങളൊക്കെ തീവ്രവാദികളുടെ അഴിഞ്ഞാട്ടങ്ങളാണെന്നും പ്രസ്താവനയിറക്കുന്നു. അതും ഇടതുപക്ഷത്തിന്റെ ഏറ്റവും ഉത്തരവാദപ്പെട്ടവര്‍!
മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളെക്കുറിച്ചൊക്കെ ഇത്തരം വ്യാജ ആരോപണങ്ങള്‍ അവര്‍ പല സമയത്തായി നടത്തുന്നതായി കാണാം. ഇപ്പോഴിതാ മലബാറില്‍ സ്‌കൂള്‍-കോളജ് അഡ്മിഷനുകളുടെ അവസാന സമയത്ത് കുട്ടികളെ കുത്തിനിറക്കാനും അവരുടെ പഠനനിലവാരം കുറയ്ക്കാനുമായി പേരിന് കുറച്ച് സീറ്റുകള്‍ നല്‍കുന്നു. എന്നിട്ടിപ്പോള്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു എന്ന പരിഹാസ്യമായ പരിവേദനവും അധികാരികള്‍ തന്നെ നടത്തുന്നു.
2021 ഡിസംബര്‍ 18ന് രാത്രി എസ്ഡിപിഐ നേതാവ് കെ എസ് ഷാന്‍ കൊല്ലപ്പെടുന്നു. 19ന് രാവിലെ ബിജെപി നേതാവ് രണ്‍ജിത് ശ്രീനിവാസും കൊല്ലപ്പെടുന്നു. ഈ രണ്ട് കേസുകളിലും അന്വേഷണം നടത്തി പ്രതികളെ പിടികൂടിയിരുന്നു. കഴിഞ്ഞ ജനുവരി 30 ന് രണ്‍ജിത് വധക്കേസിലെ 15 പ്രതികളും വധശിക്ഷക്ക് വിധിക്കപ്പെട്ടു. പക്ഷേ, ആദ്യ സംഭവമായ ഷാന്‍ കൊലക്കേസ് ഇഴഞ്ഞുനീങ്ങുകയാണ്. കുറ്റപത്രം സമര്‍പ്പിച്ചിട്ട് രണ്ട് വര്‍ഷം പിന്നിട്ടു. കേസിന്റെ മുന്നോട്ടുപോക്കിനെ കുറിച്ച് വ്യാപക പരാതി ഉയര്‍ന്നതോടെയാണ് ഈ അടുത്തിടെ പി പി ഹാരിസിനെ പ്രോസിക്യൂട്ടറായി നിയമിച്ചത്. ഇതിനു ശേഷമാണ് രണ്‍ജിതിന്റെ കൊലപാതകികള്‍ക്ക് അതിശീഘ്രം ശിക്ഷ വിധിച്ച ആലപ്പുഴ സെഷന്‍സ് കോടതി കേസ് പരിഗണിക്കാന്‍ തയാറായതു തന്നെ. ഇപ്പോള്‍ ഷാന്‍ വധക്കേസിലെ 13 പ്രതികളും ജാമ്യം ലഭിച്ച് പുറത്ത് വിലസിനടക്കുന്നുണ്ട്! ചുരുക്കത്തില്‍, രണ്ടാം കേസില്‍ വേഗം വാദം പൂര്‍ത്തിയാക്കി വധശിക്ഷ വിധിച്ചപ്പോള്‍ ഒന്നാം കേസ് പ്രാരംഭ നടപടികള്‍ പോലുമാവാതെ ഇഴഞ്ഞുനീങ്ങുന്നു!

കൊടിഞ്ഞിയില്‍ ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ ഫൈസല്‍ എന്നൊരു യുവാവ് കൊല്ലപ്പെടുന്നു. സ്വാഭാവികമായും കുറ്റവാളികളെ പെട്ടെന്ന് പിടികൂടി ശിക്ഷ വിധിക്കേണ്ടതാണ്. പക്ഷേ, ഒട്ടനവധി പ്രക്ഷോഭങ്ങള്‍ക്കു ശേഷം മാത്രം പ്രതികളെ പിടികൂടുന്നു. മദ്യത്തിലും മദിരാക്ഷിയിലും ആറാടി വണ്ടിയോടിച്ച വെങ്കിട്ടരാമന്‍ എന്ന കൊലയാളി സിറാജ് ലേഖകന്‍ ബഷീറിനെ കൊല്ലുന്നു. പ്രൊമോഷനോട് പ്രൊമോഷന്‍ നല്‍കിയ അദ്ദേഹത്തെ ആ സ്ഥാനത്തു നിന്ന് അല്‍പമൊന്ന് മാറ്റാന്‍ വര്‍ഷങ്ങള്‍ നീണ്ട ശക്തമായ പ്രക്ഷോഭം നടത്തേണ്ടിവരുന്നു. എന്നിട്ടോ? ഇപ്പോള്‍ ദുരിതാശ്വാസനിധിയുടെ കാവല്‍ക്കാരനാക്കിയിരിക്കുന്നു!
കാസര്‍കോഡ് പള്ളിയില്‍ കയറി ഹിന്ദുത്വ വര്‍ഗീയവാദികള്‍ റിയാസ് മൗലവിയെ വെട്ടിക്കൊല്ലുന്നു. പ്രതികള്‍ മനോരോഗികളാകുന്നു. ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍. വര്‍ഗീയതയും ഇസ്‌ലാമോഫോബിയയും ഇളക്കിവിടാനായി ട്രെയിനുകളില്‍ വരെ തീവെപ്പും സ്‌ഫോടനവും നടത്തിനോക്കുന്നവരൊക്കെയും മനോരോഗികളോ കേവലം കുറ്റവാളികള്‍ മാത്രമോ ആകുന്നു. മറുഭാഗത്ത് ഏതെങ്കിലും ലഘുവായതോ സ്വാഭാവികമായതോ ആയ കുറ്റങ്ങള്‍ ചെയ്തവര്‍ മുസ്‌ലിം നാമധാരികളാണെങ്കില്‍ അവരൊക്കെയും (ചത്ത നായയെ കുഴിച്ചിടാന്‍ വലിച്ചുകൊണ്ടുപോകുന്നവരാണെങ്കില്‍ പോലും) തീവ്രവാദത്തിന്റെയും രാജ്യദ്രോഹത്തിന്റെയും കൊടും കുറ്റവാളികളാവുന്നു. കേരളത്തില്‍ ഈ അസുഖം കൂടുതലായി തുടങ്ങിയത് അടുത്ത കാലത്ത് വിശിഷ്യാ ഇടതുപക്ഷത്തിന്റെ രണ്ടാം വരവോടെയാണ്.
ഇതിനേക്കാളൊക്കെ ഭീകരമാണ് ക്രിസ്ത്യന്‍-മുസ്‌ലിം സൗഹൃദത്തെ തച്ചുതകര്‍ത്ത് ക്രിസ്ത്യന്‍ വിഭാഗത്തെ തങ്ങളുടെ വോട്ട്ബാങ്കാക്കാനുള്ള ഇടതുപക്ഷ ശ്രമം. ലൗ ജിഹാദിലും ഹലാല്‍ ഭക്ഷണവിവാദത്തിലുമൊക്കെ നമുക്കത് കാണാം. പാലാ ബിഷപ്പ് മുസ്‌ലിംകള്‍ക്കെതിരെ നാര്‍ക്കോട്ടിക് ജിഹാദെന്ന വൃത്തികെട്ട പ്രസ്താവന നടത്തിയപ്പോള്‍ അദ്ദേഹത്തെ മഹത്വവത്കരിക്കാന്‍ മത്സരിക്കുകയായിരുന്നല്ലോ ഇടതുപക്ഷ മന്ത്രിമാര്‍ അടക്കമുള്ളവര്‍! എസ്എന്‍ഡിപി നേതാവിന്റെ മറ്റൊരു പ്രസ്താവന കൂടി വന്നിരിക്കുന്നു, ‘മുസ്‌ലിംകള്‍ ഈഴവരുടെ ശത്രുക്കളാണ്’ എന്ന്. ഇനി ആ നേതാവിനെ മഹത്വപ്പെടുത്താനുള്ള ശ്രമം നമുക്ക് കാത്തിരുന്നു കാണാം! വൈദികരും ക്രിസ്ത്യന്‍ മതവിശ്വാസികളുമടക്കം അദാനിക്ക് തീറെഴുതിക്കൊടുത്ത വിഴിഞ്ഞത്ത് സമരം ചെയ്ത് പോലീസ് സ്റ്റേഷന്‍ വരെ ചുട്ടുകരിച്ചിട്ടും അത് തീവ്രമോ ഭീകരമോ അല്ല. നേരെമറിച്ച് തങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുത്തുന്ന ഗെയില്‍ പൈപ്പിനെതിരെ മലപ്പുറത്ത് സമരം ചെയ്തവര്‍ മതതീവ്രവാദികളും വികസനവിരോധികളും!
ശബരിമല വിഷയം കത്തിച്ച് മതഭ്രാന്തിന് കോപ്പുകൂട്ടിയവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കപ്പെടുന്നു. എന്നാല്‍ സമാധാനപരമായി പൗരത്വനിയമത്തിനെതിരെ സമരം ചെയ്തവര്‍ക്കെതിരെ കേസുകള്‍ തുടരുന്നു. കുറ്റ്യാടിയില്‍ ആര്‍എസ്എസുകാര്‍ പൗരത്വത്തിന് അനുകൂലമായി സമരം ചെയ്തപ്പോള്‍ കടയടച്ചുപോയ ആള്‍ക്കെതിരെ പോലും കേസ് വരുന്നു. സിപിഎം അനുഭാവികളായ അലനും താഹക്കുമെതിരെ യുഎപിഎ ചുമത്തുമ്പോള്‍ പോലും പച്ചയായ വര്‍ഗീയത. ഇത് ചൂണ്ടിക്കാണിക്കുന്നവരെ മാവോവാദികളും വര്‍ഗീയവാദികളുമാക്കുന്നു!
ഇടതുപക്ഷത്തിന്റെ മുസ്‌ലിം സ്‌നേഹത്തിന്റെ മകുടോദാഹരണമാണല്ലോ ഇപ്പോള്‍ അവര്‍ മുസ്‌ലിം സംവരണ വിഷയത്തിലും മുസ്‌ലിം ന്യൂനപക്ഷ വകുപ്പിലും വഖ്ഫ് ബോര്‍ഡിലും വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിലുമൊക്കെ കാട്ടിക്കൂട്ടുന്ന തോന്ന്യാസങ്ങള്‍. ഏറ്റവും ഒടുവില്‍ ഇപ്പോള്‍ വികലാംഗരുടെ പേരു പറഞ്ഞ് 2 ശതമാനം കൂടി തടഞ്ഞുവെക്കാന്‍ ശ്രമിക്കുന്നുണ്ട്. മലബാറിലെ വിദ്യാഭ്യാസ അവസ്ഥയൊക്കെ എത്ര കുറച്ചു പറയുന്നുവോ അത്രയും നന്ന്. മുസ്‌ലിം ചിഹ്നങ്ങളോടും സംസ്‌കാരങ്ങളോടും അവര്‍ക്കുള്ള കലിപ്പ് പറയാതിരിക്കുന്നതാണ് ഭേദം. പര്‍ദയും തട്ടവും മക്കനയുമൊക്കെ അവരെ സംബന്ധിച്ചേടത്തോളം ഏഴാം നൂറ്റാണ്ടിലെ സംസ്‌കാരവും തനി പഴഞ്ചനുമാണ്. ആണും പെണ്ണും ഒന്നിച്ച് അഴിഞ്ഞാടി നടക്കുന്നതും ലിബറലിസവുമൊക്കെയാണ് അവരെ സംബന്ധിച്ചേടത്തോളം തനി മാതൃകാപരവും പുരോഗമനപരവും!
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കലാപഭൂമികളെ പിറകോട്ടു തള്ളുംവിധം കോഴിക്കോട് ജില്ലയിലെ നാദാപുരം മേഖലയിലെ ഇടതുപക്ഷത്തിന്റെ സ്ഥിരം നരനായാട്ടിന് പിറകിലെ പ്രചോദനവും പിന്തുണയും ജില്ലാ നേതൃത്വമാണെന്ന് പുറമേ നിന്ന് കാണുന്നവര്‍ക്ക് മനസ്സിലാക്കാന്‍ ഒട്ടും പ്രയാസമില്ല.
സംഘ്പരിവാറിന്റെ കൈകളാല്‍ കൊല്ലപ്പെട്ട ഒട്ടനവധി പ്രവര്‍ത്തകരുണ്ടെങ്കിലും അവരുടെയൊന്നും സ്മാരകശിലകള്‍ക്കു മുമ്പില്‍ കാണാത്തവിധം ‘മുസ്‌ലിം തീവ്രവാദികളാല്‍ കൊല്ലപ്പെട്ട സഖാവ്’ എന്ന വിശേഷണം നാദാപുരത്തെ സംഘടനാ പ്രവര്‍ത്തകന്റെ പ്രതിമയ്ക്കു കീഴില്‍ എഴുതിവെച്ചത് തീവ്രവാദ ആരോപണം മുസ്‌ലിം സമുദായത്തിനു മാത്രം ചേരുന്നതാണെന്ന് വരുത്തിത്തീര്‍ക്കാനല്ലെങ്കില്‍ പിന്നെ മറ്റെന്തിന്? അല്ലെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് ആര്‍എസ്എസ് തീവ്രവാദികള്‍ എന്ന് വാക്പിഴവായി പോലും വിശേഷിപ്പിക്കാന്‍ മടിക്കുന്നത്?
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതവേദിയില്‍ തന്നെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമടക്കമുള്ളവര്‍ സാക്ഷിയായ ഉന്നത വിദ്യാഭാസ വകുപ്പ് അംഗീകാരം നല്‍കിയ സ്വാഗതഗാനത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അവതരിപ്പിക്കപ്പെട്ട, സാഹോദര്യവും മതമൈത്രിയും ദേശസ്‌നേഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്‌കാര സംഗീതശില്‍പത്തില്‍ മുസ്‌ലിം വേഷധാരിയെ തീവ്രവാദിയായും ഭീകരനായും ചിത്രീകരിച്ചത് യാദൃച്ഛികമാണെന്ന് അരിയാഹാരം കഴിക്കുന്ന കേരളക്കാര്‍ വിശ്വസിക്കണമോ?
അല്ലെങ്കില്‍ ഭരണകൂടം തന്നെ വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ അവതരിപ്പിക്കുന്ന സമകാലിക ഇന്ത്യയിലും അതിന്റെ അനുരണനങ്ങള്‍ മോശമല്ലാത്ത രീതിയില്‍ പ്രതിഫലിക്കുന്ന കേരളത്തിലും വിദ്യാര്‍ഥികളിലും വായനക്കാരിലുമൊക്കെ ഇസ്‌ലാമോഫോബിയയും മുസ്‌ലിം വിരുദ്ധതയും ഒളിച്ചുകടത്താനുള്ള ശ്രമമാണിതെന്ന ഗുരുതര ആരോപണമാണോ ശരി? എപ്പോഴും ഇസ്‌ലാം-മുസ്‌ലിം സംജ്ഞകളെയല്ലാതെ ഒരു തവണയെങ്കിലും ഇടതു വിപ്ലവപ്രസ്ഥാനം ഇത്തരത്തില്‍ ഹിന്ദു-ക്രൈസ്തവ മത-സാമുദായിക ഐഡന്റിറ്റിയെ ടാര്‍ഗറ്റ് ചെയ്ത് വര്‍ഗീയ കാര്‍ഡ് കളിച്ചതിന്റെ ഒരൊറ്റ ഉദാഹരണമെങ്കിലും ഉണ്ടോ?
മുസ്‌ലിംകള്‍ക്ക് മുന്‍ൈകയുള്ളതെല്ലാം ഭീകരവാദവും രാജ്യവിരുദ്ധവുമായിരിക്കും എന്ന സംഘ്പരിവാര്‍ പ്രചാരണം അവരെയും തോല്‍പിക്കും വിധമാണ് ഇടതുപക്ഷം നടത്തിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങളെല്ലാം മുസ്‌ലിം തീവ്രവാദികളാണ് നയിക്കുന്നത് എന്ന് അനവധി ഇടതുപക്ഷ നേതാക്കള്‍ പ്രസ്താവിച്ചത് ഇതോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
ഇതോടൊപ്പം സംസ്ഥാന ആഭ്യന്തര വകുപ്പിനെയും പോലീസ് സേനയെയും സമ്പൂര്‍ണമായി സംഘ്പരിവാറിന് വിധേയപ്പെടുത്തിയിരിക്കുന്നു. ഹാദിയ വിഷയം മുതല്‍ പൗരത്വ വിഷയത്തിലടക്കം നാമത് പച്ചയായി കണ്ടതാണല്ലോ. നവോത്ഥാന കേരളത്തെ തകര്‍ക്കാനുള്ള സംഘ്പരിവാര്‍ പദ്ധതിക്ക് മരുന്നിട്ടുകൊടുക്കുന്ന ഈ പരിപാടി ഇടതുപക്ഷം എത്ര വേഗം നിര്‍ത്തുന്നുവോ അത്രയും നല്ലത്. അല്ലാത്തപക്ഷം കേരളത്തില്‍ സുരേഷ് ഗോപിമാര്‍ ഇനിയും വളരുകയായിരിക്കും ഫലം. ആ വര്‍ഗീയാഗ്‌നിയില്‍ എല്ലാവരും ചുട്ടുചാമ്പലാക്കപ്പെടുമെന്ന കാര്യം കേരള ജനത മനസ്സിലാക്കണം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x