ആത്മ വിമര്‍ശനത്തിന് സന്നദ്ധരാവുക
അമീന്‍ സമാന്‍ കണിയാപുരം
എല്ലാ മനുഷ്യരും സ്വന്തം അഭിമാനത്തെ സംരക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ആളുകള്‍ക്കിടയില്‍ സത്കീര്‍ത്തി ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല. മഹാനായ ഇബ്‌റാഹീം നബി(അ) ”എനിക്ക് പില്‍ക്കാലക്കാര്‍ക്കിടയില്‍ സത്കീര്‍ത്തി നല്‍കണേ റബ്ബേ” എന്ന് പ്രാര്‍ഥിച്ചതായി ഖുര്‍ആനില്‍ കാണാം (26:84). അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)യുടെ ചരിത്രപ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗത്തില്‍ മനുഷ്യന്റെ അഭിമാനത്തിന് ക്ഷതമേല്‍പിക്കരുത് എന്ന തത്വം പ്രഖ്യാപിക്കുമ്പോഴും മനുഷ്യന്റെ അഭിമാനത്തെ എത്രത്തോളമാണ് ഇസ്‌ലാം ആദരിച്ചതെന്ന് മനസ്സിലാക്കാം. മനുഷ്യരെല്ലാം തെറ്റ് ചെയ്യുന്നവരാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. കാരണം, പടച്ച റബ്ബ് അവനെ സൃഷ്ടിച്ചത് ദുര്‍ബലത നിറഞ്ഞ പ്രകൃതത്തിലാണ്. തെറ്റ് ചെയ്യുമ്പോള്‍ അത് അംഗീകരിക്കാന്‍ മടി കാണിക്കുന്നതും മാനുഷികമാണ്. അതേസമയം, തെറ്റിനെ അംഗീകരിച്ച് തിരുത്താന്‍ സന്നദ്ധരാകുമ്പോള്‍ മനുഷ്യന്റെ മഹത്വം വര്‍ധിക്കും.
മറ്റുള്ളവര്‍ക്കിടയില്‍ സ്വന്തം അഭിമാനത്തിനു ക്ഷതമേല്‍പിക്കാതെ തെറ്റ് തിരുത്താന്‍ സാധിക്കില്ല എന്ന അബദ്ധ ധാരണ പലരിലും നിലനില്‍ക്കുന്നുണ്ട്. പക്ഷേ, പ്രവാചകന്മാരായ യുഗപുരുഷന്മാരെല്ലാം തെറ്റുകള്‍ ഏറ്റുപറഞ്ഞ് കുറ്റസമ്മതം നടത്തിയവരാണെന്ന് വിശുദ്ധ ഖുര്‍ആന്‍ വഴി മനസ്സിലാക്കാന്‍ കഴിയും. ഒരു തെറ്റ് സംഭവിച്ചത് ബോധ്യപ്പെട്ടാല്‍ അതില്‍ ശഠിച്ചുനില്‍ക്കാതെ പശ്ചാത്തപിച്ചുമടങ്ങുന്നവരാണ് മനുഷ്യരില്‍ ഉത്തമനെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. സ്വന്തം പ്രവര്‍ത്തനങ്ങളില്‍ വന്ന പാകപ്പിഴവുകള്‍ പരിശോധിക്കാന്‍ മറക്കുന്നത് വിശ്വാസിക്ക് ഭൂഷണമല്ല. ബുദ്ധിയുള്ളവര്‍ സ്വന്തം പ്രവര്‍ത്തനങ്ങളെ സദാ ആത്മപരിശോധന നടത്തണമെന്നാണ് ഖുര്‍ആന്‍ ഉദ്‌ബോധിപ്പിക്കുന്നത്:
”നിങ്ങള്‍ ജനങ്ങളോട് നന്മ കല്‍പിക്കുകയും നിങ്ങളുടെ സ്വന്തം കാര്യത്തില്‍ (അത്) മറന്നുകളയുകയുമാണോ? നിങ്ങള്‍ വേദഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ. നിങ്ങളെന്താണ് ചിന്തിക്കാത്തത്?” (അല്‍ബഖറ 44). ഒരുപാട് നന്മകള്‍ ചെയ്യുന്നതിനെക്കാള്‍ പലപ്പോഴും നല്ലത്, തെറ്റുകളെ ഒഴിവാക്കുന്നതിലെ ജാഗ്രതയാകുന്നത് അതുകൊണ്ടാണ്. കാരണം തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നത് നന്മയാണ് എന്ന മഹിത സന്ദേശം ഇസ്‌ലാം മുന്നോട്ടുവെക്കുന്നുണ്ട്.