3 Tuesday
December 2024
2024 December 3
1446 Joumada II 1

ആത്മവിശുദ്ധിയിലാണ് വിജയം

ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി


ആത്മവിശുദ്ധി നേടിയവന്‍ വിജയിച്ചിരിക്കുന്നു. റബ്ബിന്റെ നാമം സ്മരിക്കുകയും നമസ്‌കരിക്കുകയും ചെയ്യുന്നവന്‍. എന്നാല്‍ നിങ്ങള്‍ ഐഹിക ജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. പരലോകമാകട്ടെ, അതാണ് കൂടുതല്‍ ഉത്തമവും ബാക്കി നില്‍ക്കുന്നതും. (വി.ഖു 87:14-17)
ഈമാനും അമലുകളുമായി ജീവിതം വിജയത്തിലെത്തിക്കുന്നവനാണ് യഥാര്‍ഥ മുസ്ലിം. അല്ലാഹുവിന് സര്‍വതും സമര്‍പ്പിച്ചവനാണ് താന്‍ എന്ന ബോധമാണ് ഇതിന് അവനെ സജ്ജമാക്കേണ്ടത്. നമ്മുടെ മനസ്സിനെയും സമീപനങ്ങളെയും നിയന്ത്രിക്കുന്ന ഈ ബോധത്തെ ലളിതമായി ആവിഷ്‌കരിക്കുകയാണ് മേല്‍ വചനങ്ങള്‍. ഐഹിക പാരത്രിക ജീവിതത്തോടുള്ള സമീപനം ഈ ചിന്തയെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും ഇവിടെ ഓര്‍മപ്പെടുത്തുന്നു.
വിജയം വരിക്കാന്‍ പല മാര്‍ഗങ്ങളുണ്ടെങ്കിലും, ആത്യന്തികമായി വേണ്ടത് വൃത്തിയുള്ള മനസ്സ് തന്നെയാണ്. ആത്മവിശുദ്ധിയിലേക്ക് നമ്മെ എത്തിക്കുന്നതുംഇതാണ്. അല്ലാഹുവും റസൂലും പഠിപ്പിക്കുന്ന വിശ്വാസവും ആരാധനകളും സ്വഭാവ സംസ്‌കരണ ധര്‍മ മൂല്യങ്ങളും തന്നെ ധാരാളമാണ് ആത്മവിശുദ്ധി നേടാന്‍. ഈ കല്‍പ്പനകളെല്ലാം ലളിതവും പ്രായോഗികവുമാണ്. ഭൂമിയില്‍ നിന്ന് ലഭിക്കുന്ന വിഭവങ്ങള്‍ പലവിധ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് നമുക്ക് ഉപയോഗിക്കാന്‍ കഴിയുന്നത്. അസംസ്‌കൃത പദാര്‍ഥങ്ങള്‍ കൊണ്ട് ജീവിതം സാധ്യമല്ല. ഈ അര്‍ഥ സങ്കല്‍പ്പം തന്നെയാണ് മനസ്സിന്റെ സംസ്‌കരണത്തിനുമുളളത്.
കുടുംബത്തിലും സമൂഹത്തിലുമുള്ള എല്ലാ ബാധ്യതകളും നിര്‍വഹിച്ചുകൊണ്ടായിരിക്കണം മുസ്ലിം ആത്മവിശുദ്ധി കൈവരിക്കേണ്ടത്. ജീവിത ഗന്ധിയായ ഒരു കാര്യവും മാറ്റിവെക്കാതെ തന്നെ മതം നിര്‍ദ്ദേശിക്കുന്ന തസ്‌കിയത്ത് സ്വന്തമാക്കാന്‍ കഴിയും. ‘അല്ലാഹു തന്റെ കൂടെയുണ്ട്, താന്‍ അവനോടൊപ്പം നില്‍ക്കണം’ എന്ന ചിന്ത മനസ്സ് പ്രസരിപ്പിച്ചു കൊണ്ടേയിരിക്കണം. ഈ അവസ്ഥയിലാണ് ദിക്‌റുല്ല (ദൈവ സ്മരണ) നിലനില്‍ക്കുന്നത്. തസ്‌കിയത്തിന് തിളക്കം കൂട്ടുന്നതുംഅതാണ്.
നാവ് കൊണ്ട് ഉരുവിടുന്ന ഏതാനും പദങ്ങള്‍ മാത്രമല്ല ദിക്ര്‍. അതിലേറെ മനസ്സ് സദാസമയവും ദൈവ ചിന്തയില്‍ വ്യാപൃതമായിരിക്കണം. അതിന്റെ സ്വാഭാവിക പ്രതിഫലനമായി വരുന്നതാണ് തഹ്‌ലീല്‍, തസ്ബീഹ് തുടങ്ങിയ ദിക്‌റുകള്‍. വിവിധ സന്ദര്‍ഭങ്ങളിലെ നിശ്ചിത പ്രാര്‍ഥനകളും ദിക്‌റുല്ലയെ ശക്തിപ്പെടുത്തുന്നു. നമസ്‌കാരം ദൈവസ്മരണ നിലനിര്‍ത്താനുള്ള മുഖ്യ ആരാധനയാണ് (20:14) നമസ്‌കാരത്തില്‍ ശ്രദ്ധ കുറയുമ്പോള്‍ അല്ലാഹുവില്‍ നിന്ന് മനസ്സ് അകലുന്നു. ജീവനുള്ളവനും മരിച്ചവനും പോലെയാണ് അല്ലാഹുവിനെ സ്മരിക്കുന്നവനും അതില്ലാത്തവനും എന്ന് നബി(സ) പറയുന്നുണ്ട്. തസ്‌കിയത്ത് ബോധം നഷ്ടപ്പെടുന്ന സാഹചര്യം ജാഗ്രതയോടെ കാണേണ്ടതുണ്ട്. അതോടെ ജീവിതം നിയന്ത്രണ പരിധിക്ക് പുറത്ത്പോകുന്നു.
ദുന്‍യാവിനോടുള്ള ആസക്തിയാണ് ഇതിന് കാരണമായി ഖുര്‍ആന്‍ കാണുന്നത്. മോഹങ്ങള്‍ക്ക് പിന്നാലെ പോകുന്ന മനസ്സിനെ ആര്‍ക്കും നിയന്ത്രിക്കാനാവില്ല. മണ്ണിന് മാത്രമെ മനുഷ്യന്റെ ഉള്ളം നിറക്കാനാവൂ(മുസ്ലിം) എന്ന നബിവചനം ശ്രദ്ധേയമാണ്. ധര്‍മ മൂല്യങ്ങള്‍ സൂക്ഷിച്ച് കൊണ്ട് ജീവിതം ആസ്വദിക്കുന്നതിന് മതം എതിരല്ല. അല്ലാഹുവിനോടും സ്വന്തത്തോടും സമൂഹത്തോടുമുള്ള ബാധ്യതാ ബോധം വിസ്മരിക്കുമ്പോഴാണ് ഭോഗാസക്തി മനസ്സിനെകീഴടക്കുന്നത്.
സത്യം, നീതി, ഹറാം, ഹലാല്‍ തുടങ്ങിയവയെ മറികടക്കാനുള്ള തന്ത്രങ്ങളിലേക്കാണ് ഭോഗാസക്തി മനുഷ്യനെ എത്തിക്കുന്നത്. ജീവിതം ഹൃദ്യമാകാന്‍, മനസ്സ് ശാന്തമാകാന്‍, പാപമുക്തനായി ജീവിക്കാന്‍, പരലോക വിചാരണ ലളിതമാകാന്‍, അല്ലാഹു പിണങ്ങാതിരിക്കാന്‍ ആത്മവിശുദ്ധിയില്‍ കഴിയുക എന്നത് തന്നെയാണ് ലളിതവുംപ്രായോഗികവും.

Back to Top