ആഗോള കായിക ഹബായി ഖത്തര്‍
ഐ എ എ എഫ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനുകൂടി ഖത്തര്‍ ആതിഥ്യം വഹിച്ചതോടെ ആഗോള കായിക ഹബ്ബെന്ന വിളിപ്പേര് ഖത്തര്‍ ഒരിക്ക ല്‍കൂടി ശരിവെച്ചിരിക്കുകയാണ്. ലോക ചാമ്പ്യന്‍ഷിപ്പിന്റെ പ്രധാന വേദിയെന്ന നിലയില്‍ ലോകകപ്പ് ഫുട്ബാളിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വേദിയായ ഖലീഫ രാജ്യാന്തര സ്‌റ്റേഡിയവും ഇതിനോടകം ചരിത്രത്തില്‍ ഇടംനേടിക്കഴിഞ്ഞു. ലോക നിലവാരത്തിലുള്ള അത്‌ലറ്റിക്‌സ് സംവിധാനങ്ങളാണ് ഖലീഫ സ്‌റ്റേഡിയത്തില്‍ ലോക ചാമ്പ്യന്‍ഷിപ്പിനായി സജ്ജമാക്കിയിട്ടുള്ളത്.
ഹാമര്‍ത്രോക്കുള്ള ഹാമര്‍ ചുമക്കുന്നതിനുള്ള കൊച്ചു കാറുകള്‍ ഉള്‍പ്പെടെ നവീന ആവിഷ്‌കാരങ്ങള്‍ക്കും ഈ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ് വേദിയായി. നേരത്തേ ഡയമണ്ട് ലീഗ് ചാമ്പ്യന്‍ഷിപ്പും ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പും വിജയകരമായി സംഘടിപ്പിച്ചു. ഖലീഫ സ്‌റ്റേഡിയം ലോക ചാമ്പ്യന്‍ഷിപ്പിന്റെ സന്നദ്ധതയും തയാറെടുപ്പും ലോകത്തെ അറിയിച്ചിരുന്നു. ഇതാദ്യമായാണ് ദോഹ ഡയമണ്ട് ലീഗ് ഖലീഫ രാജ്യാന്തര സ്‌റ്റേഡിയത്തിലെത്തുന്നത്. ഇതുവരെ ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ് സ്‌റ്റേഡിയമായിരുന്നു ചാമ്പ്യന്‍ഷിപ്പിന് ആതിഥ്യം വഹിച്ചിരുന്നത്. ഖത്തര്‍ അത്‌ലറ്റിക്‌സിന്റെ പുതിയ തട്ടകമായാണ് ഖലീഫ സ്‌റ്റേഡിയത്തെ വിശേഷിപ്പിക്കുന്നത്.
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയതും ഏറ്റവും മികവുറ്റതുമായ ചാമ്പ്യന്‍ഷിപ്പായി ദോഹ ചാമ്പ്യന്‍ഷിപ് ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്ന് ഐ എ എ എഫ് തലവന്‍ സെബാസ്റ്റിയന്‍ കോ നേരത്തേതന്നെ വ്യക്തമാക്കിക്കഴിഞ്ഞു.
200ലേറെ രാജ്യങ്ങളില്‍നിന്നായി രണ്ടായിരത്തോളം രാജ്യാന്തര അത്‌ലറ്റുകളാണ് ഇത്തവണ ലോക ചാമ്പ്യന്‍ഷിപ്പിനെത്തിയിരിക്കുന്നത്. ഏകദേശം പുരുഷതാരങ്ങളുടെ അത്രതന്നെ വനിതാ താരങ്ങളും ഇത്തവണ ചാമ്പ്യന്‍ഷിപ്പിനെത്തിയിട്ടുണ്ട്. ചരിത്രത്തിലാദ്യമായി അര്‍ധരാത്രിയിലെ കൃത്രിമ വെളിച്ചത്തിലെ മാരത്തണ്‍ മത്സരങ്ങളും മിക്‌സഡ് റിലേ മത്സരങ്ങളും ദോഹ ചാമ്പ്യന്‍ഷിപ്പിന്റെ മാത്രം കുത്തകയായി മാറിക്കഴിഞ്ഞു.