അസമിലെ പൗരത്വ പ്രതിസന്ധി
അസമില്‍ പൗരത്വ പ്രതിസന്ധി വീണ്ടും രൂക്ഷമായിരിക്കുന്നു. സി എ എ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുന്നതിന് മുമ്പ് തന്നെ അസമില്‍ പൗരത്വ രജിസ്റ്ററും മറ്റു നടപടികളും ആരംഭിച്ചിരുന്നു. 1985-ലെ അസം കരാര്‍ പ്രകാരമാണ് പൗരത്വ നിര്‍ണയ പ്രക്രിയകള്‍ നടന്നത്. എന്നാല്‍ തുടക്കം മുതല്‍ തന്നെ ഒട്ടേറെ പരാതികള്‍ ഈ വിഷയത്തിലുണ്ടായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട പൗരത്വ നിര്‍ണയ പ്രക്രിയ ഓരോ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും ചര്‍ച്ചാ വിഷയമാക്കി മാറ്റുകയും ധ്രുവീകരണത്തിന് ശ്രമിക്കുകയുമാണ് ബി ജെ പി ചെയ്യാറുള്ളത്. അതിര്‍ത്തി സംസ്ഥാനമെന്ന നിലക്ക് വിദേശ രാജ്യങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് ബംഗ്ലാദേശികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് ബി ജെ പി ആരോപിക്കുന്നത്. എന്നാല്‍, പതിറ്റാണ്ടുകളായി അസമില്‍ താമസിക്കുന്നവരെയാണ് നുഴഞ്ഞുകയറ്റക്കാര്‍ എന്ന് വിളിച്ചുകൊണ്ട് പുറത്താക്കാന്‍ ശ്രമിക്കുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് 28 പേരെയാണ് വിദേശികളെന്ന് മുദ്രകുത്തി തടങ്കല്‍ പാളയത്തിലേക്ക് അയച്ചത്. ഇവരുടെ പേര് വിവരങ്ങള്‍ പുറത്ത് വന്നപ്പോഴാണ് യഥാര്‍ഥ വസ്തുത പുറംലോകമറിയുന്നത്. ഇവര്‍ക്കെല്ലാം തന്നെ താമസ സര്‍ട്ടിഫിക്കറ്റും ആധാറും പാന്‍കാര്‍ഡുമുണ്ട്. അസമിലെ ബാര്‍പേട്ട ജില്ലയിലെ ഫോറിനേഴ്‌സ് ട്രൈബ്യൂണലാണ് ഇവരെ വിദേശികളെന്ന് മുദ്രകുത്തിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനം നല്‍കിയ റെസിഡന്റ് സര്‍ട്ടിഫിക്കറ്റോ സര്‍ക്കാര്‍ നല്‍കിയ ആധാറോ തെളിവായി സ്വീകരിക്കാന്‍ ട്രൈബ്യൂണല്‍ തയ്യാറായില്ല. സി എ എ സമരകാലത്ത് ചൂണ്ടിക്കാണിച്ചതു പോലെ തന്നെ, രേഖകള്‍ ഇല്ലാത്തതുകൊണ്ടല്ല, പ്രസ്തുത രേഖകള്‍ സമര്‍പ്പിച്ച് വാദിച്ചെടുക്കാന്‍ കഴിയാതെയാണ് നിരവധി പേര്‍ക്ക് പൗരത്വം നഷ്ടമാകുന്നത്. നൂറ്റാണ്ടുകളായി അസമില്‍ ബന്ധുക്കളോടൊപ്പം താമസിക്കുന്നവര്‍ പോലും ഇപ്പോള്‍ തടങ്കല്‍ പാളയത്തിലുണ്ട്. ഇന്ത്യയിലെ ഗ്രാമീണ ജിവിതം എന്നത് രേഖകള്‍ക്കും തെളിവുകള്‍ക്കും അപ്പുറമാണ്. കൃത്യമായ രേഖ സൂക്ഷിക്കുന്നവരോ അത് സമയാസമയങ്ങളില്‍ പുതുക്കുന്നവരോ അല്ല ഇന്ത്യയുടെ ഗ്രാമവാസികള്‍. നൂറ്റാണ്ടുകള്‍ക്കപ്പുറം കുടുംബവേരുള്ളവര്‍ക്ക് പോലും മതിയായ രേഖകള്‍ ഉണ്ടാവണം എന്നില്ല. ട്രൈബ്യൂണല്‍ നിശ്ചയിക്കുന്ന രേഖകള്‍ യഥാസമയം ഹാജരാക്കാന്‍ കഴിയാതെ പോവുകയും ചെയ്‌തേക്കാം. ഈയൊരു യാഥാര്‍ഥ്യ ബോധം ഉള്ളതുകൊണ്ടാണ് പൗരത്വ രജിസ്റ്റര്‍ ഇന്ത്യയില്‍ പ്രായോഗികമല്ല എന്ന് സാമൂഹിക നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.
അസമില്‍, രേഖകള്‍ ഉണ്ടെങ്കിലും ഒരാളെ വിദേശിയായി പ്രഖ്യാപിക്കാന്‍ നിരവധി അവസരങ്ങളുണ്ട്. ബംഗാളി മുസ്‌ലിംകളെ വിദേശികളായി മുദ്രകുത്താന്‍ എളുപ്പമാണ്. അവര്‍ എത്ര രേഖകള്‍ സമര്‍പ്പിച്ചിട്ടും അത് മതിയാകാതെ വരുന്നു. അതേ സമയം, ഇതര മതസ്ഥര്‍ക്ക് രേഖകള്‍ ഇല്ലെങ്കിലും സി എ എയുടെ ആനുകൂല്യത്തില്‍ പൗരന്മാരായി തുടരാം എന്നതാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ ഏറ്റവും വലിയ അനീതി. പൗരത്വ സമര കാലത്ത് ചൂണ്ടിക്കാണിച്ചിരുന്നതു പോലെയുള്ള വിവേചനത്തിന്റെ നഗ്‌നമായ രൂപമാണ് ഇപ്പോള്‍ അസമില്‍ നടക്കുന്നത്. തടങ്കല്‍ പാളയത്തിലായവര്‍ നിരവധി വര്‍ഷങ്ങളായി നിയമപോരാട്ടത്തിലായിരുന്നു. ഇനി അവര്‍ക്ക് മുമ്പിലുള്ളത് സുപ്രീംകോടതിയിലെ നിയമപോരാട്ടമാണ്. എന്നാല്‍ ഈ പ്രതിസന്ധി നിയമം കൊണ്ട് മാത്രം മറികടക്കാന്‍ കഴിയുന്ന ഒന്നല്ല.
യഥാവിധി രേഖകള്‍ ഉണ്ടായിരിക്കുക എന്നത് ഇന്ത്യയെ പോലുള്ള ഒരു രാജ്യത്ത് പ്രായോഗികമല്ല. ഉള്ള രേഖകളില്‍ തന്നെ നിരവധി അപാകതകള്‍ ഉണ്ടാവും. അതില്‍ ചിലതെല്ലാം അപരിഹാര്യമായി തുടരുകയും ചെയ്‌തേക്കാം. അതുകൊണ്ട് തന്നെ രാഷ്ട്രീയ തീരുമാനമാണ് ഈ കാര്യത്തില്‍ ഉണ്ടാവേണ്ടത്. നിയമപോരാട്ടം ഒരു വഴിക്ക് മുന്നോട്ടുപോകുമ്പോള്‍ തന്നെ, നിസ്സഹായരായ ഈ വിഭാഗത്തിന് വേണ്ടി സംസാരിക്കാന്‍ നമുക്ക് സാധിക്കണം. ഭരിക്കുന്ന സര്‍ക്കാറിനെ സംബന്ധിച്ചേടത്തോളം ഇത് തെരഞ്ഞെടുപ്പില്‍ വോട്ട് ധ്രുവീകരിക്കാനുള്ള ഒരുപാധി മാത്രമാണ്. എന്നാല്‍ ഇരകളാക്കപ്പെടുന്ന ബംഗാളി മുസ്‌ലിംകളുടെ ജീവിതമാണ് ഹോമിക്കപ്പെടുന്നത്. അവര്‍ക്ക് വേണ്ടി സുപ്രീംകോടതിയില്‍ നടക്കുന്ന നിയമപോരാട്ടം വിജയിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. അതേസമയം, സി എ എയുമായി ബന്ധപ്പെട്ട കേസുകള്‍ നിലവില്‍ സുപ്രീംകോടതിയിലുണ്ട്. മതഭേദമന്യെ അതില്‍ എല്ലാവരെയും ഉള്‍പ്പെടുത്തുകയോ അല്ലെങ്കില്‍ വിവേചന സ്വഭാവത്തിലുള്ള നിയമം റദ്ദാക്കുകയോ ചെയ്യുമെന്നാണ് നമ്മുടെ പ്രത്യാശ. അസമിലെ നിലവിലെ പ്രശ്‌നം നേരിട്ട് സി എ എയുമായി ബന്ധമില്ലെങ്കിലും സി എ എയുടെ ചുവട് പിടിച്ച് വരാവുന്ന പൗരത്വ രജിസ്റ്ററിന്റെ മിനിയേച്ചര്‍ അപകടം അസമില്‍ നിന്ന് മനസ്സിലാക്കാനാവും.