3 Tuesday
December 2024
2024 December 3
1446 Joumada II 1

‘അവാമിലീഗ് സംവരണം’ അവസാനിപ്പിച്ച ജനകീയ പ്രക്ഷോഭം

ഖാദര്‍ പാലാഴി


ജനരോഷം ബംഗ്ലാദേശിലായിരുന്നെങ്കിലും അതിന്റെ തീയും പുകയും കണ്ടത് കേരളത്തിലെ സോഷ്യല്‍ മീഡിയയിലായിരുന്നു. കുറച്ച് ശമനമുണ്ടെങ്കിലും ഇപ്പോഴും അത് തുടരുന്നു. സംഘികളും ക്രിസംഘികളും സവര്‍ക്കറൈറ്റ് നാസ്തികരും ഏതാണ്ട് ഒരേ രൂപത്തിലും കമ്മ്യൂണിസ്റ്റുകാര്‍ അല്‍പം വ്യത്യസ്തമായും ജമാഅത്തെ ഇസ്‌ലാമിക്കാര്‍ വേറൊരു രീതിയിലുമാണ് ബംഗ്ലാദേശ് സംഭവങ്ങളെ കണ്ടത്.
യഥാര്‍ഥത്തില്‍ എന്താണ് കാര്യം? ഇന്ത്യയുടെ ചിരകാല സുഹൃത്തും 20 വര്‍ഷമായി അവാമി ലീഗിന്റെ പ്രധാനമന്ത്രിയുമായ ഹസീന വാജിദിനെതിരെ നടന്ന യുവജന പ്രക്ഷോഭത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ ഹസീന ആഗസ്ത് 5നു രാജ്യം വിട്ടോടി ഇന്ത്യയില്‍ അഭയം തേടി. ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്‌ലാമിക്കാരാണ് എല്ലാറ്റിനും പിറകില്‍ കളിച്ചത് എന്നാണ് സംഘികളും കമ്മ്യൂണിസ്റ്റുകാരും ഒരേ സ്വരത്തില്‍ പറഞ്ഞത്. അതുകൊണ്ടുതന്നെ ഇനി അവിടെ താലിബാനിസം പിടിമുറുക്കുമെന്നും മുല്ലാ ഭരണമാണ് വരികയെന്നും അവര്‍ പറഞ്ഞു. ഇതു സംഭവിക്കുന്നതോടെ ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് രക്ഷയില്ലാതാവുമെന്നും ക്ഷേത്രങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കുമെന്നും വിലയിരുത്തപ്പെട്ടു. പക്ഷേ, ആഗസ്ത് 8ന് രാത്രി പുതിയ ഇടക്കാല ഭരണസംവിധാനം നിലവില്‍ വന്നപ്പോള്‍ അതില്‍ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി പോയിട്ട് പ്രക്ഷോഭത്തില്‍ മുന്നില്‍ നിന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ പോലും പ്രതിനിധി ഉണ്ടായിരുന്നില്ല. നൊബേല്‍ സമ്മാന ജേതാവ് ഡോ. മുഹമ്മദ് യൂനുസ് അധ്യക്ഷനായ 14 അംഗ മന്ത്രിസഭയില്‍ നാല് വനിതകളും ഉണ്ടായിരുന്നുവെന്നത് അടിവരയിടേണ്ടതാണ്. അതില്‍ മൂന്നു പേരും ഹിജാബ് ധരിക്കാത്തവര്‍. പിന്നെ ഒരു ഹിന്ദുവും ഒരു ബുദ്ധമതക്കാരനും.
ടി ജി മോഹന്‍ദാസ്, മറുനാടന്‍, കര്‍മ, പോരാളി ഷാജിമാര്‍, അഡ്വ. ജയശങ്കര്‍ തുടങ്ങിയവര്‍ക്കൊന്നും സഹിക്കാത്ത ഭരണസംവിധാനം. ജയശങ്കര്‍ പറഞ്ഞു, മുഹമ്മദ് യൂനുസ് ഉള്‍പ്പെടെ എല്ലാവരെയും മുന്നില്‍ നിര്‍ത്തി കളിക്കുന്നത് ജമാഅത്തെ ഇസ്‌ലാമി തന്നെയാണെന്ന്.
17.38 കോടിയാണ് 2024ലെ ബംഗ്ലാദേശ് ജനസംഖ്യ. ഇതില്‍ മുസ്‌ലിംകള്‍ 90.4% ആണ്. ഹിന്ദു 8.2%, ബൗദ്ധര്‍ 0.6%, ക്രിസ്ത്യന്‍ 0.4%, അമിനിസ്റ്റ് 0.2%, സിഖ്-ജൈന-ബഹായി മതക്കാര്‍ 0.2%. അതായത് മുഹമ്മദ് യൂനുസ് ഉള്‍പ്പെടെ 15 പേരുള്ള മന്ത്രിസഭയില്‍ ജനസംഖ്യയില്‍ 8.8% മാത്രമുള്ള വിഭാഗത്തിന് രണ്ട് പ്രതിനിധികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നോക്കണേ ജമാഅത്തെ ഇസ്‌ലാമിക്ക് ഫ്രീയായി കിട്ടിയ ക്രെഡിറ്റ്! ഇന്ത്യയിലെ ബിജെപിക്കാരെ കാണിക്കാന്‍ ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്‌ലാമി കരുതിക്കൂട്ടിയാണ് ഹിന്ദുക്കളെ ഭരണസമിതിയില്‍ എടുത്തത് എന്നൊന്നും ഇതുവരെ ആരും പറഞ്ഞതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല.
ഏതായാലും ഒരു കാര്യം ശരിയാണ്. ബംഗ്ലാദേശിലെ മൊത്തം ജനസംഖ്യയേക്കാള്‍ കൂടുതല്‍ മുസ്‌ലിംകളുള്ള ഇന്ത്യയിലെ സംഘ്പരിവാര്‍ മാതൃകാഭരണത്തില്‍ 72 അംഗ മന്ത്രിസഭയില്‍ ഒരൊറ്റ ‘ദേശശത്രു’ പോലുമില്ല. ബിജെപി ഒറ്റയ്ക്കും മുന്നണിയായും ഭരിക്കുന്ന 16 സംസ്ഥാനങ്ങളില്‍ ഒരു മന്ത്രി പോയിട്ട് ഒരു എംഎല്‍എ പോലുമില്ല. മാത്രമല്ല, ഭരണകൂടം നേരിട്ട് ബുള്‍ഡോസര്‍ അയച്ച് മുസ്‌ലിംകളുടെ വീടുകള്‍ ഇടിച്ചു നിരപ്പാക്കുന്നു. ബാബരി മസ്ജിദിനു പിറകെ പുതിയ പുതിയ പള്ളികള്‍ തകര്‍ക്കാന്‍ കോപ്പുകൂട്ടുന്നു. ഏറ്റവുമവസാനം വഖ്ഫ് സ്വത്തുക്കള്‍ സ്വന്തമാക്കാനും കരുക്കള്‍ നീക്കുന്നു.
സംഘ്പരിവാറും അതിന്റെ കാര്യസ്ഥപ്പണിയെടുക്കുന്ന നാസ്തിക മോര്‍ച്ചക്കാരും മറ്റും ഇങ്ങനെയൊക്കെ പറയുകയും ചെയ്യുകയും ചെയ്തില്ലെങ്കിലാണ് നാം അദ്ഭുതപ്പെടുക. എന്നാല്‍ മാര്‍ക്‌സിസം-ലെനിനിസത്തിന്റെ അടിസ്ഥാനത്തിലൂന്നി ഇന്ത്യയിലെയും ലോകത്തെയും രാഷ്ട്രീയ-സാമൂഹിക-ചലനങ്ങളെ നിരീക്ഷിക്കുന്നവരെന്ന് അവകാശപ്പെടുന്നവര്‍ അതേ സ്വരത്തില്‍ സംസാരിക്കുന്നത് കണ്ടപ്പോള്‍ കഷ്ടം തോന്നി.
ബംഗ്ലാദേശിലെ തെറ്റും ശരിയുമായ സംഭവവികാസങ്ങളുടെ പിന്നില്‍ ജമാഅത്തെ ഇസ്‌ലാമി മാത്രമാണോ? എന്താണ് അവിടെ സംഭവിച്ചത്? ഒറ്റനോട്ടത്തില്‍ കാര്യമിതാണ്:
തൊഴിലില്ലാതെ വലഞ്ഞ യുവാക്കള്‍ 1972 മുതല്‍ രാജ്യത്ത് നിലവിലുള്ള ‘അവാമി ലീഗ് സംവരണ’ത്തിനെതിരെ പ്രതിഷേധിച്ചു. എല്ലാം കൂടി 56% ആയിരുന്നു സംവരണം. അതില്‍ 30%ഉം അവാമി ലീഗുകാര്‍ക്കും അവരുടെ പേരമക്കള്‍ക്കുമായിരുന്നു. 1857 മുതല്‍ 90 വര്‍ഷം സ്വാതന്ത്ര്യസമരം നടത്തിയ ശേഷമാണ് ഇന്ത്യക്ക് 1947ല്‍ സ്വാതന്ത്ര്യം ലഭിച്ചത്. എന്നാല്‍ നമ്മുടെ രാജ്യത്ത് സ്വാതന്ത്ര്യഭടന്‍മാര്‍ക്ക് പെന്‍ഷന്‍ ഉണ്ടെന്നല്ലാതെ തൊഴിലില്‍ സംവരണമില്ല. ആ പെന്‍ഷന്‍ അവരുടെ ഒന്നാം തലമുറക്കോ രണ്ടാം തലമുറക്കോ കിട്ടുന്നുമില്ല. എന്നാല്‍ താരതമ്യേന എത്രയോ കുറഞ്ഞ കാലം നടന്ന ബംഗ്ലാദേശ് വിമോചന സമരത്തിന്റെ പേരില്‍ അവാമി ലീഗുകാര്‍ക്ക് പതിറ്റാണ്ടുകളായി ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കയായിരുന്നു.
1996 മുതല്‍ 2001 വരെയും 2009 മുതല്‍ 2024 വരെയുമാണ് ഹസീന വാജിദ് ബംഗ്ലാദേശ് പ്രധാനമന്ത്രിയായത്. ഏറ്റവുമധികം കാലം പ്രധാനമന്ത്രിപദത്തിലിരുന്ന വനിത എന്ന അവരുടെ റെേക്കാര്‍ഡ് അടുത്ത കാലത്തൊന്നും ഭേദിക്കപ്പെടില്ല. പുറത്താക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ 2029 വരെ അവര്‍ക്ക് അധികാരത്തില്‍ തുടരാമായിരുന്നു. അതാവട്ടെ ഒരുകാലത്തും തകരാത്ത റെക്കോര്‍ഡ് ആയി തുടരുകയും ചെയ്യുമായിരുന്നു. 2009 മുതലുള്ള രണ്ടാം ടേമില്‍ ഹസീന രാജ്യത്തിന്റെ ജിഡിപി ശക്തമാക്കുകയും പ്രതിശീര്‍ഷ വരുമാനം ഉയര്‍ത്തുകയും ചെയ്തിരുന്നെങ്കിലും ഈ അടുത്ത കാലത്തായി അത് താഴോട്ട് പോയി. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം 44% കുറഞ്ഞു. ബംഗ്ലാ കറന്‍സിയായ താക്കയുടെ മൂല്യം 28% ഇടിഞ്ഞു. വിലക്കയറ്റം രൂക്ഷമായി. രാജ്യത്തിന്റെ മുഖ്യ വരുമാനസ്രോതസ്സായ ടെക്‌സ്‌റ്റൈല്‍ വ്യവസായരംഗത്ത് മാന്ദ്യം പ്രകടമായി. 17 കോടി ജനങ്ങളില്‍ 30% യുവാക്കളുള്ള രാജ്യത്ത് തൊഴിലില്ലാത്ത യുവാക്കള്‍ പെരുകി.
അതിന്റെ കൂടെയാണ് സര്‍ക്കാര്‍ജോലികളില്‍ ഭരണകക്ഷിക്കാര്‍ക്ക് സംവരണം തുടര്‍ന്നത്. 1972ല്‍ രാഷ്ട്രപിതാവ് മുജീബുറഹ്‌മാന്റെ കാലത്ത് തുടങ്ങിയ ഈ അനീതി പട്ടാളഭരണം വന്നപ്പോഴും ബിഎന്‍പിയുടെ ഖാലിദാ സിയ ഭരിച്ചപ്പോഴും അവസാനിപ്പിച്ചില്ല എന്നതാണ് ഏറ്റവും കൗതുകകരമായത്. ഏതായാലും പ്രക്ഷോഭം കനത്തപ്പോഴേക്കും സുപ്രീം കോടതി സംവരണം 5% ആക്കി കുറച്ചിരുന്നു. പക്ഷേ, അപ്പോഴേക്കും 200ഓളം യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. പ്രക്ഷോഭകരെ ഹസീന വാജിദ് റസാക്കര്‍മാര്‍ എന്നു വിശേഷിപ്പിച്ചത് പ്രക്ഷോഭകരെ വല്ലാതെ കോപാകുലരാക്കി.
1971ലെ ബംഗ്ലാദേശ് വിമോചനസമരകാലത്ത് പാകിസ്താന്‍ അനുകൂല നിലപാട് സ്വീകരിച്ചവരെ വിളിച്ച പേരാണ് റസാക്കര്‍ എന്നത്. സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന്റെ പ്രതിഷേധം ആളിക്കത്തിക്കുന്നതായിരുന്നു ഈ ചീത്തവിളി. അതുകൊണ്ടാണ് സുപ്രീം കോടതി സംവരണം 5% ആക്കി കുറച്ചിട്ടും പ്രക്ഷോഭകര്‍ തെരുവുകളില്‍ നിന്ന് പിരിഞ്ഞുപോകാതിരുന്നത്. യഥാര്‍ഥത്തില്‍ പ്രക്ഷോഭത്തിനു പിറകില്‍ ബിഎന്‍പിക്കാരും ജമാഅത്തെ ഇസ്‌ലാമിക്കാരും പാര്‍ട്ടിരഹിത അസംതൃപ്ത യുവജനക്കൂട്ടങ്ങളും മാത്രമല്ല ഉണ്ടായിരുന്നത്. നീണ്ട 15 വര്‍ഷത്തെ തുടര്‍ഭരണത്തില്‍ അവഗണിക്കപ്പെട്ട അവാമി ലീഗുകാരും ഉണ്ടായിരുന്നു. അതായത് ലക്ഷണമൊത്തൊരു ജനകീയ പ്രക്ഷോഭം. ഇത്തരമൊരു സമരത്തില്‍ ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പെട്ടു എന്ന ഒറ്റക്കാരണം കൊണ്ടാണ് ഇന്ത്യയിലെയും കേരളത്തിലെയും ചാനലുകളും പാര്‍ട്ടിക്കാരും പ്രക്ഷോഭത്തെയാകെ തള്ളിപ്പറഞ്ഞത്.
ജമാഅത്തെ ഇസ്‌ലാമി തീര്‍ച്ചയായും ബംഗ്ലാദേശിലെ മൂന്നാമത്തെ വലിയ രാഷ്ട്രീയപ്പാര്‍ട്ടിയാണ്. അവര്‍ നിഷേധിച്ചാലും ഇല്ലെങ്കിലും പാകിസ്താനെ പിളര്‍ത്തി ബംഗ്ലാദേശ് ഉണ്ടാക്കുന്നതിന് ജമാഅത്തെ ഇസ്‌ലാമി എതിരായിരുന്നു. അവര്‍ മാത്രമല്ല പീപ്പിള്‍സ് പാര്‍ട്ടിയും എതിരായിരുന്നു. അത് സ്വാഭാവികവുമാണ്. പാകിസ്താന്‍ എന്ന രാഷ്ട്രം പിളരുന്നത് അവിടത്തെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക് എതിര്‍ക്കാന്‍ എല്ലാ ന്യായങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ ബംഗ്ലാദേശ് സംരക്ഷിക്കാനായി പാകിസ്താന്‍ അയച്ച ഒരു ലക്ഷത്തോളം വരുന്ന പാക് സൈനികരെ ജമാഅത്ത് സഹായിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വ്യാപകമായി നടന്ന അക്രമസംഭവങ്ങളില്‍ 60,000ഓളം പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് ജമാഅത്ത് അവകാശപ്പെടുന്നുണ്ടെങ്കിലും അത് സത്യമാവാനിടയില്ല. ഏതായാലും സ്വതന്ത്ര ബംഗ്ലാദേശ് രൂപീകരിച്ച ഉടനെ ശൈഖ് മുജീബുറഹ്‌മാന്‍ രാജ്യത്ത് ജമാഅത്തെ ഇസ്‌ലാമിയോടൊപ്പം മുസ്‌ലിം ലീഗിനെയും പീപ്പിള്‍സ് പാര്‍ട്ടിയെയും നിരോധിക്കുകയുണ്ടായി.
മുജീബുറഹ്‌മാനും കുടുംബവും 1975ല്‍ കൊല്ലപ്പെട്ട ശേഷം അധികാരത്തില്‍ വന്ന ഭരണകൂടം ജമാഅത്തിനു മേലുള്ള നിരോധനം നീക്കം ചെയ്തു. മാത്രമല്ല, ജനറല്‍ ഇര്‍ഷാദിന്റെ 1983-90 കാലത്തെ പട്ടാളഭരണത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ അവാമി ലീഗും ബിഎന്‍പിയും ജമാഅത്തെ ഇസ്‌ലാമിയും ഒരുമിച്ചാണ് അണിനിരന്നത്. ശൈഖ് ഹസീനയുടെ ആദ്യ ടേമിലെ (1996 – 2001) ഭരണം പോലെയായിരുന്നില്ല തുടര്‍ച്ചയായി 15 വര്‍ഷം ഭരിച്ച (2009 – 2014, 2014 – 2019, 2019 – 2024) കാലത്തെ ഭരണം. 2014ലെയും 2019ലെയും തിരഞ്ഞെടുപ്പ് തീര്‍ത്തും പ്രഹസനമായിരുന്നു.
മുഖ്യ പ്രതിപക്ഷമായ ബിഎന്‍പിയെയും അതിന്റെ നേതാവായ ബീഗം ഖാലിദ സിയയെയും അടിച്ചമര്‍ത്തി. നിരവധി കേസുകളില്‍ കുടുക്കി ഖാലിദയെ തടവിലാക്കി. അഞ്ചാം ടേമിലേക്ക് 2024 ജനുവരിയില്‍ നടന്ന തിരഞ്ഞെടുപ്പ് തരികിടയായിരുന്നുവെന്ന് യുഎന്‍ പോലും അഭിപ്രായപ്പെട്ടു. നിരോധിക്കപ്പെട്ടതിനാല്‍ ജമാഅത്തെ ഇസ്‌ലാമി മത്സരരംഗത്ത് ഉണ്ടായിരുന്നില്ല. ബിഎന്‍പി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും ചെയ്തു. ഒരു ഇലക്ഷന്‍ ഫീല്‍ ഉണ്ടാക്കാന്‍ വേണ്ടി അവാമി ലീഗുകാരെ തന്നെ സ്വതന്ത്ര വേഷത്തില്‍ മത്സരിപ്പിച്ചു. ചില മണ്ഡലങ്ങളില്‍ സ്വതന്ത്രരെ വാടകയ്‌ക്കെടുത്തു.
തന്റെ നാലാം ടേമില്‍ വിമോചന സമരകാലത്തെ അക്രമങ്ങള്‍ക്ക് പ്രതിചേര്‍ത്ത് 98കാരനായ ജമാഅത്ത് നേതാവ് ഗുലാം അഅ്‌സം ഉള്‍പ്പെടെയുള്ളവരെ തൂക്കിലേറ്റി. അതുകൊണ്ടുതന്നെ ഹസീന വാജിദിനെ പുറത്താക്കാന്‍ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ വര്‍ധിതവീര്യത്തോടെ പങ്കെടുക്കുമെന്നുറപ്പാണ്. ബിഎന്‍പിക്കാരും അവസരം കാത്തിരിക്കുകയായിരുന്നു. പക്ഷേ, പ്രക്ഷോഭം വഴിതെറ്റി ബംഗ്ലാദേശിലെ ന്യൂനപക്ഷമായ ഹിന്ദുക്കളെയും ബൗദ്ധരെയും ക്രിസ്ത്യാനികളെയുമൊക്കെ ആക്രമിക്കുന്നതിലേക്ക് നീങ്ങി എന്നത് പൂര്‍ണമായും തെറ്റല്ല എന്നാണ് റിപോര്‍ട്ടുകള്‍ കാണിക്കുന്നത്. ഇതിന് രണ്ടു കാരണങ്ങളുണ്ട്. ന്യൂനപക്ഷങ്ങള്‍ പൊതുവേ അവാമി ലീഗിലാണ് അണിനിരന്നിട്ടുള്ളത്.
അതുകൊണ്ട് ഭരണകക്ഷിക്കാരോടുള്ള കലിപ്പ് തീര്‍ക്കുമ്പോള്‍ ന്യൂനപക്ഷങ്ങളും പെട്ടതായിരിക്കാം. മറ്റൊരു സാധ്യത, അന്താരാഷ്ട്രതലത്തില്‍ ഹസീന വാജിദായിരുന്നു നല്ലത് എന്ന ധാരണയുണ്ടാക്കാന്‍ അവാമി ലീഗുകാര്‍ തന്നെ അക്രമങ്ങള്‍ക്ക് ഇറങ്ങിയിരിക്കാം. ഏതായാലും അവര്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ക്ഷേത്രങ്ങളും ബുദ്ധവിഹാരങ്ങളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഇത് എത്രയും വേഗം അവസാനിപ്പിച്ചില്ലെങ്കില്‍ അത് ഇന്ത്യന്‍ സേനയുടെ രണ്ടാം ഇടപെടലിനു പോലും കാരണമാക്കിയേക്കും.
ഇതൊക്കെയാണെങ്കിലും നമ്മള്‍ കേരളീയര്‍ക്ക് മനസ്സിലാവാത്ത ഒരു കാര്യമുണ്ട്. ഇവിടത്തെ ജമാഅത്തുകാര്‍ എന്തിനാണ് ബംഗ്ലാദേശ് ജമാഅത്തിനെ അന്ധമായി ന്യായീകരിക്കാന്‍ വരുന്നത്? ജമാഅത്തെ ഇസ്‌ലാമി എന്ന പേരില്‍ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ തന്നെ കശ്മീരില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയോട് ബന്ധമില്ലാത്ത കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി വേറെയും പ്രവര്‍ത്തിക്കുന്നുണ്ട്.
ഓരോ സംഘടനയും അതത് പ്രദേശങ്ങളിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് നയനിലപാടുകള്‍ സ്വീകരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും അങ്ങനെയാണ്. പക്ഷേ, ഇന്ത്യന്‍ ജമാഅത്തിന്റെ ഏറ്റവും സുസജ്ജ ഘടകമായ കേരള ജമാഅത്തും അതിന്റെ മാധ്യമങ്ങളും ബംഗ്ലാദേശിലെ ജമാഅത്തുകാരേക്കാള്‍ ആവേശത്തിലാണ് ഒച്ചവെക്കുന്നതും പടക്കം പൊട്ടിക്കുന്നതും അവരുടെ ദുഷ്‌ചെയ്തികള്‍ മറച്ചുപിടിക്കുന്നതും. കുറച്ചൊരു മയത്തില്‍ പോരേ ഈ തുള്ളിച്ചാട്ടം എന്നാണ് ചോദിക്കാനുള്ളത്.
ഏതായാലും പുതിയ ബംഗ്ലാ ഭരണകൂടത്തില്‍ നിന്ന് ആശാവഹമായ വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ട്. ഹസീന വാജിദ് ഇന്ത്യയില്‍ തങ്ങുന്നത് ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദത്തെ ബാധിക്കില്ലെന്ന് പുതിയ ഭരണത്തലവന്‍ ഡോ. മുഹമ്മദ് യൂനുസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ നല്ല സുഹൃത്താണെന്ന് ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് തൗഹീദ് ഹുസൈനും വ്യക്തമാക്കിയിട്ടുണ്ട്.
ഇതൊക്കെയാണെങ്കിലും ഹസീന ഇന്ത്യ വിടാനൊരുങ്ങുകയാണ്. ബംഗ്ലാദേശില്‍ അവര്‍ക്കെതിരെ കൊലക്കുറ്റം ഉള്‍പ്പെടെയുള്ള കേസുകള്‍ കുമിഞ്ഞുകൂടുകയാണ്. കുറ്റവാളികളെ കൈമാറാന്‍ ഇരു രാജ്യങ്ങളും കരാര്‍ ഒപ്പിട്ടതുകൊണ്ട് ഹസീനയെ കൈമാറേണ്ടിവരും. അത് ഇന്ത്യക്ക് കനത്ത ക്ഷീണമുണ്ടാക്കും. അതിനാല്‍, അവരെ ശിഷ്ടജീവിതം സുഖകരമാക്കാന്‍ മറ്റെവിടേക്കെങ്കിലും യാത്രയാക്കുന്നതാണ്നല്ലത്.

Back to Top