13 Sunday
October 2024
2024 October 13
1446 Rabie Al-Âkher 9

അവന്‍ വിധിച്ചതേ നടക്കൂ

എം ടി അബ്ദുല്‍ഗഫൂര്‍


അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) പറയുന്നു: ഞാന്‍ നബി(സ)യുടെ പിന്നിലായിരിക്കെ ഒരു ദിവസം എന്നോട് പറഞ്ഞു: മോനെ, ഞാന്‍ ചില വാചകങ്ങള്‍ നിനക്ക് പഠിപ്പിച്ചുതരാം. നീ അല്ലാഹുവിനെ സൂക്ഷിക്കുക. എന്നാല്‍ അല്ലാഹു നിന്നെ സംരക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിച്ചാല്‍ അവനെ നിനക്ക് നിന്റെ മുന്നില്‍ കാണാവുന്നതാണ്. നീ വല്ലതും ചോദിക്കുകയാണെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവോട് സഹായം തേടുക. നീ അറിയുക. ലോകത്തുള്ള മുഴുവനാളുകളും ഒരുമിച്ച് നിനക്ക് വല്ല ഉപകാരവും ചെയ്യാന്‍ ഉദ്ദേശിച്ചാലും അല്ലാഹു നിനക്ക് വിധിച്ചതല്ലാതെ യാതൊരു ഉപകാരവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. അതുപോലെ നിനക്ക് വല്ല ഉപദ്രവവും വരുത്താന്‍ അവര്‍ മുഴുവനും യോജിച്ചാലും അല്ലാഹു കണക്കാക്കിയതല്ലാതെ നിനക്ക് ഒരു ഉപദ്രവവുമേല്‍പ്പിക്കാന്‍ അവര്‍ക്ക് കഴിയില്ല. പേനകള്‍ ഉയര്‍ത്തപ്പെടുകയും പേജുകള്‍ ഉണങ്ങുകയും ചെയ്തിരിക്കുന്നു”. (തിര്‍മിദി)

വളരെ പ്രധാനപ്പെട്ട സദുപദേശങ്ങളാണ് തന്റെ സതീര്‍ഥ്യന് തിരുനബി(സ) നല്‍കുന്നത്. ഒരു മനുഷ്യന്റെ ജീവിത വിജയത്തിന് അനിവാര്യമായ കാര്യങ്ങള്‍ പഠിപ്പിക്കുകയാണ് തിരുനബി(സ). സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിനോടുള്ള കടപ്പാടും ബാധ്യതയും പൂര്‍ത്തിയാക്കുകയും അവന്റെ കല്‍പനകള്‍ അനുസരിക്കാന്‍ ശ്രദ്ധിക്കുകയും അവന്റെ നിയമപരിധിയില്‍ അതിരുകവിയാതെ നിലനില്‍ക്കുകയും ചെയ്യുകയെന്നതാണ് അവനെ സൂക്ഷിക്കുകയെന്നതിന്റെ വിവക്ഷ. വിശ്വാസ-ധര്‍മ-കര്‍മ മണ്ഡലങ്ങളെ കാത്തുസൂക്ഷിക്കുന്ന തരത്തില്‍ ജീവിതത്തെ ചിട്ടപ്പെടുത്തുന്നവന്റെ കാവല്‍ രക്ഷിതാവില്‍ നിക്ഷിപ്തമെന്നത്രെ ഈ തിരുവചനത്തിന്റെ പൊരുള്‍. മനുഷ്യന് അവന്റെ മുമ്പിലൂടെയും പിന്നിലൂടെയും തുടരെത്തുടരെ വന്നുകൊണ്ട് അല്ലാഹുവിന്റെ കല്‍പനപ്രകാരം അവനെ കാത്തുസൂക്ഷിക്കുന്ന (മലക്കുകള്‍) ഉണ്ട്. (13:11) എന്ന ഖുര്‍ആന്‍ വചനം ഇതിലേക്ക് സൂചന നല്‍കുന്നു.
ആകാശ ഭൂമികളുടെ ആധിപത്യം ആര്‍ക്കാണോ അവനോട് മാത്രം പ്രാര്‍ഥിക്കുകയും അവനെ മാത്രം ആരാധിക്കുകയും ചെയ്യുകയെന്ന ഇസ്‌ലാമിന്റെ അടിസ്ഥാന തത്വത്തെ ഊന്നിപ്പറഞ്ഞ് പഠിപ്പിക്കുകയാണ് നബിതിരുമേനി. സര്‍വവും അവനില്‍ ഭരമേല്‍പിക്കുവാനും അവന്റെ ഏകത്വത്തിന് സാക്ഷികളാവാനും വിശ്വാസികളെ ആഹ്വാനം ചെയ്യുകയാണീ തിരുവചനം. നന്മയുടെയും തിന്മയുടെയും നിര്‍ണയം അല്ലാഹുവില്‍ നിന്നാണെന്നുള്ള വിശ്വാസത്തിന്റെ അടിസ്ഥാന തത്വത്തെ സ്വീകരിക്കുവാനുള്ള പ്രേരണയും ഇതില്‍ അടങ്ങിയിരിക്കുന്നു. അല്ലാഹുവിന് പുറമെ മഹാന്മാരായ ഔലിയാക്കളില്‍നിന്നും ഖബ്റില്‍ മറമാടപ്പെട്ടു കിടക്കുന്നവരില്‍ നിന്നും ജിന്ന് പിശാചുക്കളില്‍നിന്നും അഭൗതികമായ മാര്‍ഗത്തില്‍ ഉപകാരമോ ഉപദ്രവമോ പ്രതീക്ഷിക്കുകയും അവരോട് സഹായമര്‍ഥിക്കുകയും ചെയ്യുന്നവരുടെ അബദ്ധജഡിലമായ വിശ്വാസത്തെ തുറന്നെതിര്‍ക്കുകകൂടിയാണീ തിരുവചനം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x