9 Monday
September 2024
2024 September 9
1446 Rabie Al-Awwal 5

അവതരണ ലക്ഷ്യത്തിനൊത്ത ഖുര്‍ആന്‍ അധ്യാപനം – ഡോ. പി എം മുസ്തഫ കൊച്ചിന്‍

ജീവിച്ചിരിക്കുന്നവര്‍ക്ക് മരണാനന്തര ജീവിതത്തെക്കുറിച്ച് താക്കീതു നല്‍കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍ (36:70). അനന്തമായ മരണാനന്തര ജീവിതം സൗഭാഗ്യകരമാക്കാനുള്ള ഇഹലോക ജീവിതമാണ് ഖുര്‍ആനിന്റെ ഒരു പ്രമേയം. ദൗര്‍ഭാഗ്യമുണ്ടാക്കുവാനല്ല ഖുര്‍ആന്‍ അവതീര്‍ണമായത്. (20:1-2)
മനുഷ്യരില്‍ ഏറ്റവും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആര് എന്ന് പരീക്ഷിച്ചറിയുവാനാണ് മരണവും മരണാനന്തര ജീവിതവും അല്ലാഹു സൃഷ്ടിച്ചത് (67:2). പരലോകത്തുവെച്ച് മനുഷ്യന്‍ പറയുന്ന ഒരു ഉദ്ധരണി ഖുര്‍ആനിലുണ്ട്: ”അയ്യോ! ഞാന്‍ എന്റെ ഈ ജീവിതത്തിന് വേണ്ടിയായിരുന്നു മുന്‍കൂട്ടി ഒരുങ്ങേണ്ടിയിരുന്നത്” (89:24). ”മനുഷ്യരില്‍ ഏറ്റവും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നത് ആര് എന്ന് പരീക്ഷിച്ചറിയാനാണ് ഈ ഭൂമുഖം അല്ലാഹു അലംകൃതമാക്കിയത്.” (18:7)
ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും (ഹുദന്‍) തിരിച്ചറിവും (ഫുര്‍ഖാന്‍) നല്‍കുന്നതിനായാണ് ഖുര്‍ആന്‍ റമദാനില്‍ അവതരിപ്പിച്ചത് (2:185). വകതിരിവിലേക്ക് (റുശ്ദ്) വഴി നടത്തുന്നതാണ് ഖുര്‍ആന്‍ എന്ന് ജിന്നുകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട് (72:1-2). ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുന്നുവെന്ന് (17:9) അല്ലാഹു പറയുന്നു.
സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കുന്ന ഗ്രന്ഥം (5:15-16), നേരായ പാതയിലേക്ക് വഴി കാണിക്കുന്ന പ്രകാശം (42:52), അജ്ഞതയാകുന്ന ഇരുളില്‍ നിന്ന് വിജ്ഞാനമാകുന്ന വെളിച്ചത്തിലേക്ക് കൊണ്ടുവരുന്ന ഗ്രന്ഥം (14:1) എന്നീ ഖുര്‍ആനിക വിശേഷണങ്ങളില്‍ നിന്നുതന്നെ ഖുര്‍ആനിന്റെ അവതരണ ലക്ഷ്യം നമുക്ക് സുവ്യക്തമായി ലഭിക്കും.
ഖുര്‍ആനിന്റെ ആദ്യകാല സമൂഹത്തില്‍ ഉണ്ടായ വമ്പിച്ച മാറ്റത്തിന് കാരണം അവര്‍ ഈ അവതരണ ലക്ഷ്യം ശരിക്ക് ഉള്‍ക്കൊണ്ടു എന്നതാണ്. ഇന്ന് ഖുര്‍ആനാകുന്ന വിളക്ക് കൈയില്‍ വെച്ച് ഇരുട്ടില്‍ തപ്പുന്നുണ്ടെങ്കില്‍ അല്ലാഹുവിന്റെ വേദം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ കാര്യമായ പിഴവ് സംഭവിച്ചിരിക്കുന്നു എന്നതാണ്. പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത് ഉള്‍ക്കൊള്ളാതെ സ്ഥിരം പഠിച്ചുകൊണ്ടിരിക്കുന്നത് യഥാര്‍ഥ പഠനമല്ല എന്ന് തിരിച്ചറിയേണ്ടതുണ്ട്. ശേഷികള്‍ (skills) ആവശ്യമുള്ള അധ്യാപനമാണ് പരിശീലനം. ഖുര്‍ആനില്‍ തഅ്‌ലീം (.അധ്യാപനം) എന്ന പദം പ്രയോഗിച്ചിരിക്കുന്നത് ആ അര്‍ഥത്തിലാണ്.
ദാവൂദ് നബി(അ)ക്ക് പടച്ചട്ട നിര്‍മാണവും (21:80), സുലൈമാന്‍ നബി(അ)ക്ക് പക്ഷി സംസാരവും (27:16), യൂസുഫ് നബി(അ)ക്ക് സ്വപ്‌ന വ്യാഖ്യാനവും (12:21, 37:101), ആദം നബി(അ)ക്ക് നാമങ്ങളും, (2:31-33), ഈസാനബി(അ) ക്ക് ഗ്രന്ഥങ്ങളും പഠിപ്പിച്ചു എന്നു ഖുര്‍ആന്‍ പറയുന്നിടത്തൊക്കെ തഅ്‌ലീം എന്ന വാക്കാണ് കാണുക.
വേട്ടപട്ടിയെ നായാട്ടുരീതി പഠിപ്പിക്കുന്നതും(5:4), പിശാച് പഠിപ്പിച്ച സിഹ്‌റിനെ (2:102) കുറിച്ചും ജാലവിദ്യക്കാര്‍ക്ക് ആ വിദ്യ പഠിപ്പിച്ചത് മൂസാ(അ) ആണെന്ന ഫിര്‍ഔനിന്റെ വാദവും (20:71, 26:49) യഥാര്‍ഥ ജ്ഞാനം ആര്‍ജിച്ചെടുക്കാന്‍ ഖിദ്ര്‍(അ) യെ അനുഗമിക്കുന്ന മൂസാ(അ)യുടെ പഠനവും(18:66) ഖുര്‍ആന്‍ പരാമര്‍ശിക്കുന്നിടത്ത് തഅ്‌ലീം എന്ന പ്രയോഗമാണുള്ളത്.
മുഹമ്മദ് നബി(സ)യെ കവിത പഠിപ്പിച്ചിട്ടില്ലെന്നും (36:69), അനറബിയായ ഒരു മനുഷ്യന്‍ നബി(സ)യെ പഠിപ്പിച്ചതല്ല ഖുര്‍ആനെന്നും (16:103) ആരോപകര്‍ പറയുന്നതുപോലെ അദ്ദേഹം ഒരു വിദ്യാര്‍ഥി (മുഅല്ലം) (44:14) അല്ല എന്നിങ്ങനെ ഖുര്‍ആന്‍ പറയുന്നിടത്തും തഅ്‌ലീം എന്ന പദരൂപം കാണാം.
നബി(സ)ക്ക് അറിയാത്തത് അല്ലാഹുവാണ് പഠിപ്പിച്ചതെന്നും (4:113), അത് അവന്‍ ജിബ്‌രീല്‍(അ) മുഖേനയാണ് പഠിപ്പിച്ചതെന്നും(53:5) അതിന്റെ അടിസ്ഥാനത്തില്‍ നബി(സ) സമൂഹത്തെ ഗ്രന്ഥവും തത്ത്വജ്ഞാനവും പഠിപ്പിക്കുകയാണ് ഉണ്ടായതെന്നും (3:164, 62:2) അല്ലാഹു ഖുര്‍ആനിലൂടെ വ്യക്തമാക്കുന്നു. മേല്‍ പറയപ്പെട്ട ഖുര്‍ആനിക പരാമര്‍ശങ്ങളില്‍ പഠിപ്പിക്കല്‍ (തഅ്‌ലീം) എന്നത് പരിശീലനത്തിന്റെ തലമുള്ളതാണെന്ന് മനസ്സിലാക്കാനാണ് ഇത്രയും വിശദീകരിച്ചത്.
ആദം(അ)യുടെ മകന്റെ മുമ്പില്‍ കാക്ക എന്ന പക്ഷി ഒരു പരിശീലകനായി (മുഅല്ലിം) വരുന്ന രംഗം ഖുര്‍ആനിലുണ്ട്. ലോകത്തെ ആദ്യ അന്യായവധത്തിന് വിധേയനായ ആദംനബി(അ)യുടെ മകന്റെ മൃതശരീരത്തിന് മുന്നില്‍ ഘാതകനായ സഹോദരന്‍ ആ ഭൗതികജഡം സംസ്‌കരിക്കേണ്ടത് എങ്ങനെ എന്നറിയാതെ അന്ധാളിച്ച് നിന്നപ്പോള്‍ അത് കാണിച്ചുകൊടുക്കാനായി ഭൂമിയില്‍ ചിക്കിച്ചികയുന്ന ഒരു കാക്കയെ പരിശീലകനായി അല്ലാഹു അയച്ചുകൊടുത്തു. ഇത് കണ്ട് അയാള്‍ വിലപിച്ചു: ‘കഷ്ടം, എന്റെ സഹോദരനെ മറമാടുന്ന കാര്യത്തില്‍ ഈ കാക്കയെ പോലെയാവാന്‍പോലും എനിക്കായില്ലല്ലോ?” (5:27-31)
മൃതദേഹം സംസ്‌കരിക്കുന്ന വിദ്യ പഠിപ്പിച്ച കാക്കയാണ് മാനവചരിത്രത്തിലെ ആദ്യ പരിശീലകന്‍. മനുഷ്യന്‍ പലതും പഠിക്കുന്നത് പലപ്പോഴും നിസ്സാരമെന്ന് തോന്നുന്ന ജീവികളില്‍ നിന്നാണ്. മനുഷ്യന്‍ പൊതുവെ അകറ്റിനിര്‍ത്തുകയും ശബ്ദംപോലും ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്ന ഒരു പക്ഷിയെ തന്നെ അല്ലാഹു ഇക്കാര്യത്തിന് തെരഞ്ഞെടുത്തയച്ചു എന്നത് ശ്രദ്ധേയ കാര്യമാണ്. കാക്കയെന്ന പക്ഷി ഗുരുവും മനുഷ്യന്‍ അതിന്റെ ശിഷ്യനും.
സൂറതുല്‍ കഹ്ഫില്‍ ഒരു ട്രെയിനറെയും അദ്ദേഹം ട്രെയിനിംഗില്‍ എഫക്ടീവായി തന്റെ ധര്‍മം നിര്‍വഹിക്കുന്ന കാഴ്ചയും നമുക്ക് കാണാം. അല്ലാഹുവിന്റെ ദാസന്‍ എന്ന്, പേരുപറയാതെ പരാമര്‍ശിച്ച പരിശീലകനോട് പദവിയില്‍ മികച്ചുനില്ക്കുന്ന മൂസാ(അ) എന്ന പരിശീലക വിദ്യാര്‍ഥി ചോദിച്ചു: ”താങ്കള്‍ക്ക് വകതിരിവ് (റുശ്ദ്) കിട്ടിയതില്‍ നിന്ന് എന്നെ പരിശീലിപ്പിക്കാന്‍ ഞാന്‍ താങ്കളെ അനുഗമിക്കട്ടെ.” (18:66)
പരിശീലകന്റെ മറുപടി വന്നു. ”എന്നെ സഹിക്കാന്‍ താങ്കള്‍ക്കാവില്ല. അനുഭവവേദ്യമാകാത്തിടത്തോളം താങ്കളെന്നെ എങ്ങനെ സഹിക്കാന്‍?” (18:67,68)
വിജ്ഞാനാര്‍ജനത്തിലൂടെ വകതിരിവ് നേടാന്‍ പരിശീലക വിദ്യാര്‍ഥിക്ക് ഉണ്ടാവേണ്ടത് സഹനവും (സ്വബ്ര്‍) ലഭിക്കേണ്ടത് അനുഭവസാക്ഷ്യവും (ഖുബ്ര്‍) ആണ്. പരിശീലന പ്രക്രിയ സമയമെടുത്ത് അവധാനതയോടെ സാവകാശമാണ് നടക്കേണ്ടത്. പരിശീലകന്‍ പരിശീലക വിദ്യാര്‍ഥിക്ക് അനുഭവസാക്ഷ്യങ്ങള്‍ നല്‍കുമ്പോഴാണ് അവ അവന് അനുഭവജ്ഞാനമാവുക. അനുഭവാത്മകപഠനം (Experiencial Learning) പരിശീലനത്തിന്റെ മാറ്റുകൂട്ടും.
പഠിപ്പിക്കുന്ന ഗുരുവിന്റെ പേരിനേക്കാള്‍ ആ ഗുരു എന്ത്, എങ്ങനെ പകര്‍ന്നു നല്കി എന്നതാണ് പ്രധാനം. ഈ സഹവാസ പരിശീലനം അവസാനിച്ചപ്പോള്‍ ഗുരുശിഷ്യബന്ധം അവസാനിച്ചുപോകുന്ന കാഴ്ച(18:78) ഖുര്‍ആനില്‍ കാണാം.
അല്ലാഹുവിന്റെ വേദവും വിദ്യയും പഠിപ്പിച്ചുതരുന്ന, മനുഷ്യരില്‍ നിന്ന് നിയോഗിച്ച മുഹമ്മദ് നബി(സ) എന്ന പരിശീലക ഗുരുവിനെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. ഖുര്‍ആന്‍ ഓതിക്കേള്‍പ്പിച്ച് അവരെ സംസ്‌കരിക്കുകയും ഗ്രന്ഥവും വിജ്ഞാനവും പഠിപ്പിച്ച് വ്യക്തമായ വഴിപിഴവില്‍ നിന്ന് തിരിച്ചുകൊണ്ടുവരുന്ന പ്രവാചകനാണ് മുഹമ്മദ് നബി(സ). (2:151, 3;164, 62:2)
ഗുരുവില്‍ ഉത്തമമാതൃകയുണ്ടാവണം. മുഹമ്മദ് നബി (33:21), ഇബ്‌റാഹീം നബി (60:4-6) എന്നിവരില്‍ ഉത്തമവും ഉദാത്തവുമായ മാതൃകയുണ്ട് എന്ന് ഖുര്‍ആന്‍ പറയുന്നു. പ്രയോഗവത്കരിക്കുന്നവനാണ് യഥാര്‍ഥ ഗുരു. ചെയ്യാത്ത കാര്യങ്ങള്‍ പറയുന്നത് ക്രോധ കാരണമാണ് (61:2-3) എന്ന് ഉണര്‍ത്തുന്നു ഖുര്‍ആന്‍. സ്വയം മറന്ന് ജനങ്ങളോട് നന്മ കല്പിക്കുന്നതും ഖുര്‍ആന്‍ പഠനവും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും (2:44) ഖുര്‍ആന്‍ പറയുന്നു.
ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന അധ്യാപകന്‍ റബ്ബാനിയ്യ് ആണ്. ആരാണ് ഈ റബ്ബാനി? വേദഗ്രന്ഥം പഠിപ്പിച്ചും; പഠിച്ചുകൊണ്ടിരിക്കുന്നതിലൂടെയും റബ്ബാനിയ്യാവുക (3:79) എന്ന ഖുര്‍ആനിക പ്രയോഗം വളരെ അര്‍ഥവത്താണ്. സ്വയം വളരാന്‍ ശ്രമിക്കുകയും സമൂഹത്തെ വളര്‍ത്താന്‍ പരിശ്രമിക്കുകയും ചെയ്യുന്ന പരിശീലകര്‍ക്ക് പറയുന്ന സാങ്കേതിക ശബ്ദാവലിയാണ് റബ്ബാനീ
അധ്യാപകനില്‍ നിസ്വാര്‍ഥത (Unselfishness) വേണം. സമൂഹത്തെ സന്മാര്‍ഗം പഠിപ്പിച്ച പ്രവാചകരായ നൂഹ്(26:109), ലൂത്വ് (26:164), ശുഐബ് (26:180) എന്നീ പ്രവാചകന്മാര്‍ അവരുടെ ജനതയോട് പ്രതിഫലമൊന്നും വാങ്ങാതെയാണ് സേവനമനുഷ്ഠിച്ചത് (10:72). തനിക്കുള്ള പ്രതിഫലം അല്ലാഹുവില്‍ നിന്നാണെന്നാണ് ലൂത്വ്, നൂഹ്, ശുഐബ് എന്നീ പ്രവാചകരെപ്പോലെ മുഹമ്മദ് നബി(സ)യും പറഞ്ഞത്. (34:47)
അധ്യാപകന്റെ ക്ലാസ് ഏകപക്ഷീയമായ പ്രഭാഷണം ആവരുത്. പകരം സംവദിക്കാന്‍ അവസരമൊരുക്കണം. സ്രഷ്ടാവായ അല്ലാഹു സൃഷ്ടിയായ ഇബ്‌ലീസുമായി സംവദിക്കുന്നതും (2:30,31), മുഹമ്മദ് നബി(സ)യുമായി ളിഹാര്‍ വിഷയത്തില്‍ സംവദിക്കുന്ന സ്വഹാബാ വനിതയെക്കുറിച്ചും (58:1) ഖുര്‍ആനിലുണ്ട്. മുഹമ്മദ് നബി(സ) പരുഷഹൃദയനും മുരട്ടുവാദിയുമായിരുന്നെങ്കില്‍ സംബോധിതര്‍ അകന്നുപോകുമായിരുന്നു (3:159). പ്രമേയങ്ങളും തത്ത്വവും പ്രയോഗവും ഒരേപോലെ പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. പാഠം (Text)പഠിപ്പിക്കുന്നതോടൊപ്പം പാഠസന്ദര്‍ഭം (Context) കൂടി പഠിപ്പിച്ചിരിക്കണം. അധ്യാപകന്‍, സമഗ്രവും സന്തുലിതവും സമ്പൂര്‍ണവും, സര്‍വതോന്മുഖവുമായ വ്യക്തിത്വവികാസത്തിന് ഊന്നല്‍ നല്‍കണം, ബോധന പ്രക്രിയയില്‍.
ഖുര്‍ആന്റെ ഉദ്ഗ്രഥിതസമീപനമാണ് (Integrated Approach)അഭികാമ്യമായിട്ടുള്ളത്. കണികാവാദം (Atomism) അഭികാമ്യമല്ല. കാടും മരവും ഒരുപോലെ കാണണം. ഖുര്‍ആനിന്റെ ചില ഭാഗങ്ങള്‍ ചിലതിനെ വ്യാഖ്യാനിക്കുന്നു എന്ന ഖുര്‍ആനിക ശാസ്ത്ര തത്ത്വത്തെ കണികാവാദം നിരാകരിക്കുന്നു. ഖുര്‍ആനിനെ വ്യത്യസ്ത ഖണ്ഡങ്ങളാക്കി വിഭജനം നടത്തിക്കളഞ്ഞവരെക്കുറിച്ച് ഖുര്‍ആന്‍ (15:90,91) ഉണര്‍ത്തുന്നുണ്ട്. മനുഷ്യമനസ്സുകളെ സമൂലമായി പരിവര്‍ത്തിപ്പിക്കുന്ന ഖുര്‍ആന്‍ എന്ന വേദഗ്രന്ഥത്തെ ആ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളാനായെങ്കില്‍! ”അറിവുള്ളവരും അറിവില്ലാത്തവരും സമമാവുമോ? ബുദ്ധിമാന്മാര്‍ മാത്രമേ തിരിച്ചറിവ് നേടുകയുള്ളൂ.” (സുമര്‍ 9)
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x