29 Tuesday
April 2025
2025 April 29
1446 Dhoul-Qida 1

അവഗണന അരുത് – സി കെ റജീഷ്

മഹാത്മജി തീവണ്ടിയില്‍ പോര്‍ബന്തിറിലേക്കുള്ള യാത്രയിലാണ്. അവിടെ വന്‍ ജനാവലി ഗാന്ധിജിയെ വരവേല്‍ക്കാനായി കാത്തിരിപ്പുണ്ട്. നിറയെ യാത്രക്കാരുള്ള തീവണ്ടിയില്‍ മറ്റൊരാളുമായി സീറ്റ് പങ്കുവെച്ച് ഗാന്ധിജി യാത്ര തുടര്‍ന്നു. സഹയാത്രികന്‍ സീറ്റ് മുഴുവന്‍ സ്വന്തമാക്കി വിശാലമായി ഇരിക്കുന്നു. ഗാന്ധിജിക്ക് കഷ്ടിച്ച് ഇരിക്കാന്‍ മാത്രമുള്ള ഇടമേ ഉള്ളൂ. നന്നേ ഞെരുങ്ങിയിരുന്ന് ഗാന്ധിജി നേരം വെളിപ്പിച്ചു. സഹയാത്രികന്‍ സുഖനിദ്ര കഴിഞ്ഞ് ഉണര്‍ന്നു. അടുത്തിരിക്കുന്ന ആള്‍ക്ക് ബുദ്ധിമുട്ടാവരുതെന്ന ചിന്ത പോലും അയാളുടെ മനസ്സിലില്ല. പോര്‍ബന്തറിലേക്കുള്ള യാത്രയിലാണ് അദ്ദേഹവും. ജനങ്ങളെല്ലാം ആദരിക്കുന്ന മഹാത്മജിയെ ഒരു നോക്ക് കാണാനാണ് അദ്ദേഹം പോകുന്നത്.
ദീര്‍ഘനേരം കഴിഞ്ഞ് വണ്ടി പോര്‍ബന്തര്‍ സ്റ്റേഷനിലെത്തി. സഹയാത്രികന്‍ ആദ്യമിറങ്ങി. പിന്നാലെ ഗാന്ധിജിയും വന്‍ ജനാവലി ഉപചാരപൂര്‍വം ഗാന്ധിജിയെ വരവേല്‍ക്കുന്നത് അയാള്‍ ശ്രദ്ധിച്ചു. താന്‍ കാണാന്‍ കൊതിച്ച ആ മഹാത്മജിയായിരുന്നു തന്റെ സഹയാത്രികനായി വണ്ടിയിലുണ്ടായിരുന്നതെന്ന കാര്യം അയാള്‍ മനസ്സിലാക്കി. ലോകം മുഴുവന്‍ ആദരിക്കുന്ന ഗാന്ധിജിയെ വേണ്ട വിധം പരിഗണിക്കാത്തതില്‍ അദ്ദേഹത്തിന് കുറ്റബോധമുണ്ടായി. ഒടുവില്‍ ഗാന്ധിജിയുടെ കൈപിടിച്ച് അയാള്‍ മാപ്പിരന്നു. അപ്പോഴും സൗമ്യഭാവം കൈവിടാതെ ഗാന്ധിജി ഒരു ഉപദേശം നല്‍കി.
”മനുഷ്യര്‍ക്കെല്ലാം മാന്യമായ പരിഗണന നല്‍കാന്‍ നമുക്ക് കഴിയണം. മറ്റൊരാളുടെ മനസ്സില്‍ നമുക്കൊരിടം നേടാന്‍ കഴിയുന്നത് അപ്പോഴാണ്.”
ജീവിതയാത്രയില്‍ നാമെല്ലാം മനസ്സില്‍ സൂക്ഷിക്കേണ്ട ഒരു ഉപദേശമാണ് ഗാന്ധിജി നല്‍കിയത്.  പരിഗണനയാണ് പരസ്പമുള്ള ബന്ധത്തിന് ബലം നല്‍കുന്നത്. പരിഗണിക്കപ്പെടാനുള്ള കൊതി കുഞ്ഞുനാള്‍ മുതല്‍ തന്നെ മനസ്സില്‍ മുളപൊട്ടുന്നു. പരിഗണനയുടെ പാരസ്പര്യത്തിലൂടെ ബന്ധങ്ങളുടെ അഴക് നാം ആസ്വദിക്കുന്നു. പരിഗണന നല്‍കുന്ന നിര്‍വൃതിയിലൂടെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും നമ്മുടെ മനസ്സ് വെമ്പുന്നു. പരിഗണിക്കേണ്ടവരില്‍ നിന്ന് അവഗണനയാണ് നേരിടേണ്ടിവരുന്നതെങ്കിലോ? അത് മനസ്സില്‍ നോവ് പടര്‍ത്തും. ബന്ധങ്ങള്‍ക്ക് വിള്ളല്‍ വീഴും. സൗന്ദര്യമില്ലാത്ത സൗഹൃദമായി അത് ബാക്കിയാവും. പരിഗണിക്കാത്തവരുമായുള്ള ചങ്ങാത്തത്തിന് ഒരു ചന്തവും കാണില്ല. അവഗണന അവജ്ഞയാണ് സമ്മാനിക്കുന്നത്. ഒരു ചെറുപുഞ്ചിരി, ഹസ്തദാനം, നല്ല വാക്ക് ഇവയൊക്കെ മതിയാവും ഒരാളുടെ മനസ്സില്‍ നമുക്കും ഒരിടം കിട്ടാന്‍. അര്‍ഹമായ പരിഗണന നല്‍കുന്നവര്‍ക്ക് അളവറ്റ സ്നേഹാദരവുകള്‍ അനുഭവിക്കാനാവുന്നു. നബി(സ) മക്കയിലെ പ്രമുഖ ഖുറൈശി നേതാക്കളോട് സംസാരിക്കവേ അന്ധനായ അബ്ദുല്ലാഹിബ്നു ഉമ്മിമത്തൂമിന് അര്‍ഹമായ പരിഗണന കിട്ടിയില്ല. ഈ പിഴവ് പറ്റിയ നബി(സ)യെ അല്ലാഹു തിരുത്തി (80:114). പിന്നീട് നബി(സ) ആ മഹാനെ പൂര്‍വാധികം ആദരവോടെ പരിഗണിക്കുകയും ചെയ്തു.

Back to Top