27 Saturday
July 2024
2024 July 27
1446 Mouharrem 20

അല്‍ജീരിയയില്‍  രാഷ്ട്രീയ മാറ്റത്തിന്റെ കാറ്റ് – സൈഫുദ്ദീന്‍ കുഞ്ഞ്

അല്‍ജീരിയന്‍ ഭരണകൂടം ശക്തമായ പ്രക്ഷോഭം നേരിട്ടുകൊണ്ടിരിക്കുകയാണിപ്പോള്‍. അറബ് വസന്തകാലത്ത് താരതമ്യേന ശാന്തമായിരുന്ന അല്‍ജീരിയന്‍ സമൂഹം പ്രസിഡന്റ് അബ്ദുല്‍അസീസ് ബൂതഫ്‌ലീക്കക്കെതിരെ തെരുവിലിറങ്ങിയിരിക്കുന്നു. ഇരുപത് വര്‍ഷമായി ഭരിക്കുന്ന 82 വയസ്സുള്ള ബൂതഫ്‌ലീക്ക അഞ്ചാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറായതോടെയാണ് പ്രതിഷേധം രൂക്ഷമായത്. പ്രക്ഷോഭകാരികളുടെ ആവശ്യം അംഗീകരിക്കേണ്ടി വന്നതോടെ പ്രസിഡന്റ് തീരുമാനം പിന്‍വലിക്കുകയും തെരഞ്ഞെടുപ്പ് നീട്ടിവെക്കുകയും ചെയ്തു. എങ്കിലും പ്രക്ഷോഭകാരികള്‍ ഭരണമാറ്റം അനിവാര്യമാണ് എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
2013-ല്‍ പക്ഷാഘാതത്തിന് വിധേയനായ അബ്ദുല്‍അസീസ് ബൂതഫ്‌ലീക്ക പൊതു പരിപാടികളില്‍ പങ്കെടുക്കാതിരുന്നതും മിക്ക രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയങ്ങളിലും അദ്ദേഹത്തിന്റെ അഭാവം പ്രകടമായതും ഈ പുതിയ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ഹേതുവായിട്ടുണ്ട്. നോര്‍ത്ത് ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ വലിയ സൈനിക ശക്തിയായ അല്‍ജീരിയയുടെ രാഷ്ട്രീയത്തില്‍ മിലിട്ടറിയുടെ അപ്രമാദിത്തവും മുന്‍കാല ചരിത്രത്തിലെ ക്രൂരതകളും അറബ് വസന്തകാലത്ത് അല്‍ജീരിയന്‍ സമൂഹത്തെ പ്രതിഷേധ പ്രകടനങ്ങളില്‍ നിന്ന് പിറകിലോട്ട് വലിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് വേണം കരുതാന്‍.
രാഷ്ട്രീയ ചരിത്രം
1962-ല്‍ ഫ്രഞ്ച് അധിനിവേശത്തില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ച ശേഷവും ആഭ്യന്തര രാഷ്ട്രീയ രംഗം സംഘര്‍ഷ ഭരിതമായിരുന്നു. സ്വാതന്ത്ര്യസമരത്തിന് ചുക്കാന്‍ പിടിച്ച നാഷനല്‍ ലിബറേഷന്‍ ഫ്രണ്ട് (എഫ് എല്‍ എന്‍) സോഷ്യലിസ്റ്റ് ജനാധിപത്യമാണ് അല്‍ജീരിയയില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചത്. ദേശീയത, ഇസ്‌ലാം, ബെര്‍ബര്‍ സമൂഹത്തിന്റെ പൈതൃകം എന്നിവയെല്ലാം ഇഴുകിച്ചേര്‍ന്നതാണ് അല്‍ജീരിയന്‍ രാഷ്ട്രീയം. 1963-ലെ ഭരണഘടനയില്‍ സോഷ്യലിസ്്റ്റ് ഡെമോക്രസി നടപ്പിലാക്കുകയും മനുഷ്യനെ ചൂഷണം ചെയ്യുന്നതില്‍ നിന്ന് ചെറുക്കുക എന്നതും മൗലിക ലക്ഷ്യങ്ങളില്‍ ഒന്നായി എഴുതിച്ചേര്‍ത്തിരുന്നു. 1967-ലെ ഭരണഘടനയില്‍ സോഷ്യലിസ്റ്റ് വ്യവസ്ഥ നടപ്പിലാക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനായി സാമൂഹിക- സാമ്പത്തിക വികസനത്തില്‍ പൊതുജനത്തെ സജ്ജരാക്കുക എന്നും ചേര്‍ത്തിരുന്നു.
അല്‍ജീരിയന്‍ സ്വാതന്ത്ര്യസമരങ്ങളില്‍ ഇസ്്‌ലാമിക വിശ്വാസവും പ്രധാന പ്രചോദനമായിരുന്നതിനാല്‍ നാഷനല്‍ ലിബറേഷന്‍ ഫ്രണ്ടിന് മുസ്്‌ലിംകളുടെ വികാരത്തെ തിരസ്‌ക്കരിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ, അല്‍ജീരിയയുടെ ആദ്യ പ്രസിഡന്റായ അഹ്്മദ് ബിന്‍ ബല്ലക്ക് (ഭരണം 1963-1965) ശക്തമായ പ്രതിഷേധം നേരിടേണ്ടി വന്നിട്ടുണ്ട്. ബെര്‍ബര്‍ പൈതൃകത്തിനും ഇസ്്‌ലാമിക സംസ്‌കാരത്തിനുമെതിരെയുള്ള രാഷ്ട്രീയ തീരുമാനങ്ങള്‍ ട്രിപ്പൊളി പ്രോഗ്രാം എന്ന പേരില്‍ എഫ് എല്‍ എന്‍ നേതൃത്വം നടപ്പിലാക്കാന്‍ ശ്രമിച്ചത് പ്രതിഷേധം വിളിച്ചുവരുത്തി. ആ രാഷ്ട്രീയ സാമൂഹിക സാഹചര്യം അഹമ്മദ്ബിന്‍ ബല്ലയെ സമ്മര്‍ദത്തിലാക്കുകയും മുസ്‌ലിം സമൂഹത്തോട് കൂടുതല്‍ അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്തു. മാര്‍ക്‌സിസ്റ്റ് സാമ്പത്തിക വിശകലനം സ്വീകരിക്കുന്നു എങ്കിലും പ്രത്യയശാസ്ത്രമായി മാര്‍ക്‌സിസത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കുകയില്ല. കാരണം ഞങ്ങള്‍ അറബ് വംശജരും മുസ്‌ലിംകളുമാണെന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. ഇതേകാലത്തുതന്നെ അറബി ഭാഷയ്ക്ക് കൂടുതല്‍ പ്രചാരണം നല്‍കാന്‍ അദ്ദേഹം തയ്യാറായത് ശ്രദ്ധേയമായ ചുവടുവെപ്പായിരുന്നു.
ഫ്രഞ്ച് ഭാഷയുടെയും സംസ്‌കാരത്തിന്റെയും ശക്തമായ സ്വാധീനം നിലനിന്നിരുന്ന അല്‍ജീരിയന്‍ സമൂഹത്തില്‍ അറബി ഭാഷയുടെ പ്രധാന്യവും പൈതൃകവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ അല്‍ജെയ്ഷ് എന്ന ദേശീയപത്രം ആരംഭിക്കുകയും ചെയ്തു.
1965-ല്‍ അഹ്മദ് ബിന്‍ ബല്ലയെ സ്ഥാനഭ്രഷ്ടനാക്കി അധികാരത്തിലെത്തിയ ഹുരി ബൂമദീനി (ഭരണകാലം 1966-78) ഇടതുപക്ഷ വീക്ഷണം ശക്തമായി നടപ്പിലാക്കാന്‍ ശ്രമിച്ച ഭരണാധികാരിയാണ്. എങ്കിലും അല്‍ജീരിയന്‍ സാമൂഹിക പശ്ചാത്തലത്തില്‍ ബെര്‍ബര്‍ പൈതൃകവും ഇസ്‌ലാമിക സാന്നിധ്യവും അനിഷേധ്യമാണ് എന്ന് ബൂമദീനിയും മനസ്സിലാക്കിയിരുന്നു. നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ നേതൃത്വത്തിലുള്ള ഒറ്റപ്പാര്‍ട്ടി ഭരണകൂടം വിമത രാഷ്ട്രീയസ്വരങ്ങള്‍ ഉയരുന്നത് തടഞ്ഞിരുന്നു. അല്‍ജീരിയയില്‍ ബഹുകക്ഷിഭരണം സാധ്യമാവുന്നത് ഷാദുലിബിന്‍ ജദീദിന്റെ (ഭരണം 1979-92) കാലത്താണ്. രാഷ്ട്രീയ സാമൂഹിക അസമത്വത്തിനെതിരെ 1988-ല്‍ നടന്ന ആഭ്യന്തര കലാപത്തെ സൈന്യം ക്രൂരമായി അടിച്ചമര്‍ത്തുകയും നൂറുകണക്കിനാളുകള്‍ കൊല്ലപ്പെടുകയും ചെയ്തത് അല്‍ജീരിയന്‍ രാഷ്ട്രീയത്തിലെ പ്രധാന വഴിത്തിരിവായിരുന്നു.
ആഭ്യന്തര സമ്മര്‍ദത്തിനു വിധേയനായ ഷാദുലി ബിന്‍ജദീദ് ബഹുകക്ഷി ഭരണവ്യവസ്ഥ നടപ്പിലാക്കാന്‍ തയ്യാറായി. നാഷനല്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ അധികാര പ്രമത്തത, കെടുകാര്യസ്ഥത, അഴിമതി, സ്വജനപക്ഷപാതിത്വം, ഉദ്യോഗസ്ഥ വൃന്ദത്തിന്റെ മേധാവിത്വം, പട്ടാളത്തിന്റെ ആഭ്യന്തര രാഷ്ട്രീയത്തിലുള്ള മേല്‍ക്കൈ എന്നിവയെല്ലാം അല്‍ജീരിയന്‍ രാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇസ്‌ലാമിസ്റ്റ് പാര്‍ട്ടികളുടെ രംഗപ്രവേശം. 1989 ഫെബ്രുവരി 19-ന് ഇസ്‌ലാമിക സംഘടനകളുടെ നേതൃത്വത്തില്‍ ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രണ്ട് (എഫ് ഐ എസ്) സ്ഥാപിതമാവുകയും 1990-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 4.5 മില്യന്‍ വേട്ടു നേടി വിജയിക്കുകയും ചെയ്തു. എന്നാല്‍ എഫ് ഐ എസ്സിന്റെ വിജയത്തില്‍ പട്ടാളം അതൃപ്തരാവുകയും 1992-ലെ രണ്ടാംഘട്ട തെരഞ്ഞെടുപ്പിനു മുമ്പേ തന്നെ പട്ടാളം അധികാരം കയ്യിലെടുക്കുകയും ചെയ്തു. ഇത് അല്‍ജീരിയന്‍ സ്വാതന്ത്ര്യത്തിനുശേഷമുള്ള വലിയ ആഭ്യന്തര കലാപത്തിലേക്ക് നയിച്ചു. 1992 മുതല്‍ 2002 വരെ നീണ്ടുനിന്ന ഈ രക്തരൂഷിത കലാപത്തില്‍ ഒരു ലക്ഷത്തിലധികം പേര്‍ കൊല്ലപ്പെടുകയും അന്‍പതിനായിരത്തിലധികം പേര്‍ അഭയാര്‍ഥികളായി മാറുകയും ചെയ്തു.
അല്‍ജീരിയയിലെ ഇസ്‌ലാമിക് പാര്‍ട്ടികള്‍
അബ്ബാസ് മദനിയും അലിബെല്‍ഹാജും നേതൃത്വം കൊടുത്ത ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രന്റ്, അള്‍ജീരിയയില്‍ അറബ് സ്‌പെഷലിസ്റ്റുകളായ നാഷണല്‍ സാല്‍വേഷന്‍ ഫ്രന്റ് സൃഷ്ടിച്ച സാമൂഹിക സാമ്പത്തിക രാഷ്ട്രീയ അരക്ഷിതാവസ്ഥയെയും അസമത്വത്തെയും അഭിമുഖീകരിക്കുകയും ശോഭനാജനകമായ ഭാവി വാഗ്ദത്തം ചെയ്യുകയും ചെയ്തിരുന്നു. 1962 മുതല്‍ 1988 വരെ അല്‍ജീരിയന്‍ സമൂഹത്തിലെ ഒറ്റപ്പാര്‍ട്ടി ഭരണകൂടം സൃഷ്ടിച്ച എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി ജനങ്ങള്‍ തെരഞ്ഞെടുത്തത് ഐ എഫ് എസിനെ ആയിരുന്നു. അബ്ബാസ് മദനിയും അലിബെല്‍ഹാജും രാഷ്ട്രത്തിലെ സാമൂഹിക അസമത്വത്തെ ഉയര്‍ത്തിക്കാട്ടി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി. അല്‍ജീരിയന്‍ രാഷ്ട്രീയത്തിലെ ഇസ്‌ലാമിന്റെ സ്ഥാനവും ശരീഅത്തിന്റെ നടപ്പിലാക്കലും പോലുള്ള വിഷയങ്ങളില്‍ അബ്ബാസ് മദനിയും അലിബെല്‍ഹാജും വ്യത്യസ്ത വീക്ഷണഗതി ഉള്ളവരായിരുന്നു.
ദ്രുതഗതിയില്‍ അല്‍ജീരിയന്‍ സമൂഹത്തിലും ഭരണക്രമത്തിലും ഇസ്‌ലാമികവത്കരണം നടപ്പിലാക്കണമെന്ന് അലിബല്‍ഹാജ് വാദിച്ചപ്പോള്‍ ജനാധിപത്യക്രമത്തിലൂടെയും അവധാനതയോടെയും ക്രമാനുഗതമായും സമീപിക്കേണ്ടതാണ് ഇസ്‌ലാമിക രാഷ്ട്രീയം എന്ന് അബ്ബാസ് മദനിയും അഭിപ്രായപ്പെട്ടു. അല്‍ജീരിയന്‍ ആഭ്യന്തര കലാപത്തോടെ എഫ് ഐ എസ്സിന്റെ രാഷ്ട്രീയ പ്രാധാന്യം നഷ്ടപ്പെടുകയും അബ്ബാസ് മദനി ഖത്തറിലേക്ക് അഭയാര്‍ഥിയായി പോവുകയും ചെയ്തു. എഫ് ഐ എസ്സിന്റെ സ്വീകാര്യത ഇസ്‌ലാമിക രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാധാന്യത്തെക്കുറിച്ച് അല്‍ജീരിയയില്‍ കൂടുതല്‍ സംവാദത്തിന് കാരണമായി. ഇസ്‌ലാമിക പണ്ഡിതരുടെ നേതൃത്വം, വിശ്വസ്തത, മതമൂല്യങ്ങളോടുള്ള സമര്‍പ്പണം, സുതാര്യത, പൊതുജനങ്ങള്‍ക്കിടയിലെ സ്വീകാര്യത, സോഷ്യലിസ്റ്റ്, നാഷണലിസ്റ്റ് മൂല്യങ്ങളോടുള്ള എതിര്‍പ്പ്, അല്‍ജീരിയന്‍ ചരിത്രവും പൈതൃകവുമായുള്ള ഈ സംഘടനകളുടെ ബന്ധം എന്നിവയെല്ലാം എഫ് ഐ എസ്സിന്റെ പൊതുസ്വീകാര്യതയ്ക്ക് ആക്കംകൂട്ടിയിരുന്നു. എഫ് ഐ എസ്സിനു പുറമെ ഹമാസ്, അന്നഹ്ദ എന്നീ ഇസ്‌ലാമിസ്റ്റ് പാര്‍ട്ടികള്‍ക്കും അല്‍ജീരിയന്‍ സമൂഹത്തില്‍ വ്യക്തമായ സ്വാധീനം ഉണ്ടായിരുന്നു.
അബ്ദുല്ല ജബല്ലയും അന്നഹ്ദയും
അബ്ദുല്ല ജബല്ലയുടെ നേതൃത്വത്തിലുള്ള അന്നഹ്ദ ഈജിപ്തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ പ്രത്യയശാസ്ത്ര പശ്ചാത്തലമുള്ള സംഘടനയാണ്. അല്‍ജീരിയന്‍ സമൂഹത്തില്‍ ഇസ്‌ലാമിക മൂല്യങ്ങളുടെ പുനസ്ഥാപനമാണ് അന്നഹ്ദ ലക്ഷ്യമായി സ്വീകരിച്ചത്.Political Pluralism (രാഷ്ട്രീയ ബഹുസ്വരത), Popular Political sovergency (ജനകീയ രാഷ്ട്രീയ പരമാധികാരം), Rule of Law(നിയമ വാഴ്ച) എന്നിവയിലൂടെ സെക്യുലറിസ്റ്റിക് അസഹിഷ്ണുതക്കെതിരെ പൊരുതുക എന്നതാണ് അന്നഹ്ദ രീതിശാസ്ത്രമായി സ്വീകരിച്ചത്. 1989-ല്‍ എഫ് ഐ എസ്സിന്റെ രൂപീകരണത്തില്‍ അന്നഹ്ദയുടെ നേതാക്കളായ അബ്ദുല്‍ഖാദര്‍ ഹശാനി, അലി ജിദ്ദി തുടങ്ങി പല പ്രമുഖരും പങ്കുചേര്‍ന്നെങ്കിലും അബ്ദുല്ല ജബല്ല വിട്ടുനില്ക്കുകയാണ് ചെയ്തത്. എഫ് ഐ എസ്സിന്റെ അനുയായിവൃന്ദത്തില്‍ ഇസ്‌ലാമികാശയങ്ങളും പ്രായോഗികമായ അവബോധവും കുറവാണ് എന്നതിനാല്‍ എഫ് ഐ എസ്സിന്റെ ആശയങ്ങള്‍ നടപ്പിലാക്കാന്‍ പ്രയാസകരമാണ് എന്നാണ് അബ്ദുല്ല ജബല്ല നിരീക്ഷിച്ചത്.
എഫ് ഐ എസ് അല്‍ജീരിയയിലെ ഇസ്‌ലാമിക പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ആരംഭിച്ചതും വിമതസ്വരങ്ങളെ അരികുവത്ക്കരിക്കാന്‍ ശ്രമിച്ചതും അബ്ദുല്ല ജബല്ല ശക്തമായി വിമര്‍ശിച്ചു. അബ്ദുല്ല ജബല്ല ഹറകത്തുല്‍ ഇസ്‌ലാഹി അല്‍വതനി എന്ന സംഘടനയും 2011-ല്‍ ‘ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് ഫ്രണ്ട്’ എന്ന മറ്റൊരു രാഷ്ട്രീയപാര്‍ട്ടിയും രൂപീകരിച്ചിരുന്നു. അല്‍ജീരിയയില്‍ രാഷ്ട്രീയത്തില്‍ സ്വന്തമായ രാഷ്ട്രീയ ആവിഷ്‌ക്കാരം ആഗ്രഹിക്കുന്ന വ്യക്തി എന്ന നിലയില്‍ അദ്ദേഹം തന്നെ നേതൃത്വം കൊടുത്ത പാര്‍ട്ടികളെ വിഭജിക്കാനും വിഘടിപ്പിക്കാനും മടിച്ചിരുന്നില്ല. 1999-ലും 2004-ലും പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹം മത്സരിച്ചിരുന്നു.
മഹ്ഫൂസ് നഹ്‌നാഹിന്റെ നേതൃത്വത്തിലുള്ള ഹമാസ് അബ്ദുല്ല ജബല്ലയുടെ അന്നഹ്ദയെ പോലെ തന്നെ ഇഖ്‌വാനുല്‍ മുസ്‌ലിമൂനിന്റെ ആശയം സ്വീകരിച്ച സംഘടനയാണ്. ജനാധിപത്യ ക്രമത്തെ അംഗീകരിക്കുകയും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഹമാസ് കരുതുന്നു. പല തവണയായി അല്‍ജീരിയന്‍ ഭരണക്രമത്തില്‍ ചെറിയ തോതിലെങ്കിലും പ്രാതിനിധ്യം ഹമാസിനു ലഭിച്ചിട്ടുണ്ട്. നിലവില്‍ ഹറകത്തുല്‍ മുജ്തമഉല്‍ സില്‍മി എന്ന പേരിലാണ് ഹമാസ് അറിയപ്പെടുന്നത്. 2012-ല്‍ ഹമാസ് നേതാവ് അബൂജര്‍റ സുല്‍ത്താനിയുടെ നേതൃത്വത്തില്‍ അന്നഹ്ദ, അല്‍ഇസ്‌ലാഹ് എന്നീ പാര്‍ട്ടികളുമായി സഹകരിച്ചുകൊണ്ട് ഗ്രീന്‍ അല്‍ജീരിയന്‍ അലയന്‍സ് എന്ന സഖ്യകക്ഷി രൂപീകരിക്കുകയും 2012-ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തിരുന്നു. 262 സീറ്റുകളുള്ള അല്‍ജീരിയന്‍ പാര്‍ലമെന്റില്‍ 49 സീറ്റുകള്‍ മാത്രമേ ഇവര്‍ക്ക് നേടാന്‍ കഴിഞ്ഞുള്ളൂ. 2017-ല്‍ ഉള്‍പ്പാര്‍ട്ടി ഭിന്നതയുടെ പേരില്‍ ‘ഗ്രീന്‍ അല്‍ജീരിയന്‍ അലയന്‍സ്’ പിരിച്ചുവിടുകയാണുണ്ടായത്. ഹമാസും അന്നഹ്ദയും മുസ്‌ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ പശ്ചാത്തലം സ്വീകരിച്ചിട്ടുണ്ടെങ്കിലും വ്യത്യസ്ത രാഷ്ട്രീയ വീക്ഷണവും നയപരിപാടികളുമാണ് ഇരുപാര്‍ട്ടികളും കൈക്കൊള്ളുന്നത്.
അല്‍ജീരിയയിലെ സമകാലിക പ്രക്ഷോഭങ്ങള്‍ ഭരണമാറ്റം ലക്ഷ്യംവെച്ചുകൊണ്ടാണ് നടക്കുന്നതെങ്കിലും നിലവില്‍ പ്രതിപക്ഷ സ്ഥാനത്തുള്ള ഇസ്‌ലാമിക് പാര്‍ട്ടികള്‍ പ്രക്ഷോഭകാരികളുടെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമോ എന്നുള്ളതാണ് പ്രധാനചോദ്യം. അബ്ദുല്ല ജബല്ലയുടെ നേതൃത്വത്തില്‍ മുഖ്യപ്രതിപക്ഷ പാര്‍ട്ടികളുമായി സഹകരിച്ച് പ്രസിഡന്റ് അബ്ദുല്‍അസീസ് ബൂതഹ്‌ലീക്കയെ രാഷ്ട്രീയമായി നേരിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മിലിട്ടറിയുടെ ശക്തമായ പിന്തുണയോടെ നിലനില്ക്കുന്ന ബുതഹ്‌ലീക്കയുടെ എഫ് എല്‍ എന്നിനെ പരാജയപ്പെടുത്തുക എന്നത് പ്രയാസകരമാണ്. മിലിട്ടറി, സുരക്ഷാ സംവിധാനം, വ്യവസായ ഗ്രൂപ്പുകള്‍ എന്നിവരടങ്ങുന്ന ഡീപ്‌സ്റ്റേറ്റ് ആണ് അബ്ദുല്‍അസീസ് ബുതഹ്‌ലീക്കയെ രാഷ്ട്രീയമായി നിലനിര്‍ത്തുന്നത്. തുനീഷ്യ, ലിബിയ, ഈജിപ്ത് എന്നീ നോര്‍ത്താഫ്രിക്കന്‍ രാഷ്ട്രങ്ങളെ അറബ് വസന്തം ആഴത്തില്‍ സ്വാധീനിച്ചെങ്കിലും അല്‍ജീരിയന്‍ രാഷ്ട്രീയത്തില്‍ കാര്യപ്രസക്തമായ ചലനം സൃഷ്ടിക്കാന്‍ പ്രയാസമാണ്. ജനറല്‍ അഹ്മദ് സ്വലാഹ്, പ്രക്ഷോഭകാരികള്‍ അല്‍ജീരിയയെ ആഭ്യന്തര കലാപത്തിലേക്കാണ് നയിക്കുന്നതെന്ന് അഭിപ്രായപ്പെട്ടതും മുന്നറിയിപ്പ് നല്‍കിയതും കൂടുതല്‍ സംഘര്‍ഷഭരിതമായ നാളുകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x