അല്‍ശൈബി കുടുംബം വിശുദ്ധ കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാര്‍
ഡോ. സുബൈര്‍ വാഴമ്പുറം
മക്കയിലെ കഅ്ബ ഇസ്‌ലാമിക വിശ്വാസികളുടെ വിശുദ്ധ ഗേഹമാണ്. നിത്യവും അതിനെ ഖിബ്‌ലയായി സ്വീകരിച്ച് ഓരോ മുസ്‌ലിമും നമസ്‌കരിക്കുന്നു. ജീവിതത്തില്‍ ഒരിക്കലെങ്കിലും അവിടെയെത്തി ആ പുണ്യഗേഹം മനസ്സു നിറയെ കണ്ട് ആസ്വദിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. മഖ്ബൂലും മബ്‌റൂറുമായ ഹജ്ജും ഉംറയും നിര്‍വഹിക്കാന്‍ അവസരം ലഭിക്കണമെന്ന് പ്രാര്‍ഥിക്കുന്നു.
ലോകത്തുള്ള മറ്റേതൊരു സ്ഥലത്തേക്കാളും അവരതിനെ പവിത്രമായി കാണുന്നു. ഇതിന്റെ പരിപാലനവും സംരക്ഷണവും ഏറെ ഗൗരവത്തോടെയും വിശ്വാസത്തോടെയും അവര്‍ കാണുന്നു. അല്‍ശൈബി കുടുംബം വിശ്വപ്രസിദ്ധമായ ഒരു അറബ് കുടുംബമാണ്. അവരുടെ ചരിത്രവും പരിചയവും ഇസ്‌ലാമിക ചരിത്രത്തില്‍ വലിയ പ്രസക്തി വഹിക്കുന്നു. കഅ്ബയെ സംരക്ഷിക്കുകയും പവിത്രത പാലിക്കുകയും ചെയ്യുന്ന ഉത്തരവാദിത്തം ഈ കുടുംബം വഹിക്കുന്നു. കഅ്ബയുടെ ദൈവിക പ്രാധാന്യം കൊണ്ടും മുസ്‌ലിംകള്‍ അതിനു നല്‍കുന്ന പ്രാധാന്യം കൊണ്ടും അല്‍ശൈബി കുടുംബം ഇസ്‌ലാമിക ലോകത്ത് ഏറെ ആദരിക്കപ്പെടുന്നു. ആ പവിത്ര മന്ദിരത്തിന്റെ താക്കോല്‍ സൂക്ഷിപ്പുകാര്‍ എന്ന വിശുദ്ധ പദവി അല്‍ശൈബി കുടുംബത്തിനാണ് നല്‍കിയിരിക്കുന്നത്.
ഖുസൈ ബിന്‍
കിലാബ്
ഖുസൈ ബിന്‍ കിലാബില്‍ നിന്നാണ് (മുഹമ്മദ് നബിയുടെ നാലാം തലമുറയിലെ മുന്‍ഗാമി) അല്‍ശൈബി കുടുംബ പാരമ്പര്യത്തിന്റെ തുടക്കം. കാലങ്ങളായി അവരുടെ കൈവശമാണ് കഅ്ബയുടെ സംരക്ഷണ ചുമതല. ഹിജ്‌റ എട്ടാം വര്‍ഷത്തില്‍ നബി(സ) മക്ക കീഴടക്കിയ ശേഷം കഅ്ബയുടെ ഉള്ളില്‍ കയറാനും കഅ്ബ കഴുകാനുമായി കഅ്ബയുടെ താക്കോല്‍ തിരക്കി. താക്കോല്‍ക്കൂട്ടം ഉണ്ടായിരുന്നത് ഉസ്മാനുബ്‌നു ത്വല്‍ഹയുടെ കൈവശമായിരുന്നു. താക്കോല്‍ വാങ്ങാനായി പ്രവാചകന്‍ അലി(റ)യെ ത്വല്‍ഹയുടെ അടുത്തേക്കയച്ചു. അന്ന് ഇസ്‌ലാം മതവിശ്വാസിയല്ലാത്ത ത്വല്‍ഹ താക്കോല്‍ നല്‍കാന്‍ വിസമ്മതിച്ചു. ചെറിയ ബലപ്രയോഗത്തിലൂടെയാണ് അത് വാങ്ങിയത്. ഈ സാഹചര്യം അല്ലാഹുവിന്റെ കോപത്തിനിടയാക്കി. പ്രവാചകന്‍ കഅ്ബയുടെ അകത്തു കയറിയതോടെ അല്ലാഹുവിന്റെ സന്ദേശം വന്നു: ”വിശ്വസിച്ചേല്‍പിക്കപ്പെട്ട അമാനത്തുകള്‍ അവയുടെ അവകാശികള്‍ക്ക് നിങ്ങള്‍ കൊടുത്തു വീട്ടണമെന്നും, ജനങ്ങള്‍ക്കിടയില്‍ നിങ്ങള്‍ തീര്‍പ്പു കല്‍പിക്കുകയാണെങ്കില്‍ നീതിയോടെ തീര്‍പ്പു കല്‍പിക്കണമെന്നും അല്ലാഹു നിങ്ങളോട് കല്‍പിക്കുന്നു. എത്രയോ നല്ല ഉപദേശമാണ് അവന്‍ നിങ്ങള്‍ക്ക് നല്‍കുന്നത്. തീര്‍ച്ചയായും എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു അല്ലാഹു” (വി.ഖു 4:58). ഇതോടെ ഖേദം പ്രകടിപ്പിച്ച് പ്രവാചകന്‍ താക്കോല്‍ക്കൂട്ടം ത്വല്‍ഹക്കു തന്നെ തിരികെ കൊടുക്കുന്നു. അതിനെത്തുടര്‍ന്ന് ത്വല്‍ഹ ഇസ്‌ലാം മതവിശ്വാസിയായി.
പ്രവാചകന്‍ ജനിക്കും മുമ്പുതന്നെ വിശുദ്ധ കഅ്ബയുടെ സംരക്ഷണ ചുമതല അല്‍ശൈബി കുടുംബത്തിനായിരുന്നു. വിശുദ്ധ കഅ്ബയുടെ സൂക്ഷിപ്പുകാര്‍ എന്ന അധികാരവും പദവിയും അല്‍ശൈബി കുടുംബത്തെ അറബികള്‍ക്കിടയില്‍ ആദരണീയരാക്കിയിരിക്കുന്നു. ”ത്വല്‍ഹയുടെ മക്കളേ, വിശുദ്ധ കഅ്ബാലയത്തിന്റെ താക്കോല്‍ എക്കാലവും നിങ്ങള്‍ കൈവശം വെക്കുക, അതിനെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുക, അക്രമിയല്ലാതെ ഇത് നിങ്ങളില്‍ നിന്ന് പിടിച്ചുപറിക്കില്ല” – പ്രവാചകന്‍ പറഞ്ഞു. അല്‍ശൈബി അല്ലാത്ത ഒരാളും ഇന്നുവരെ കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരായിട്ടില്ല. എല്ലാ വര്‍ഷവും മുഹര്‍റം 15നു കഅ്ബയുടെ വാതില്‍ തുറന്ന് അകം കഴുകുന്ന ചടങ്ങിന് അല്‍ശൈബിയാണ് നേതൃത്വം നല്‍കാറുള്ളത്. 35 സെ.മീ നീളമുള്ള ഇരുമ്പില്‍ നിര്‍മിച്ചതാണ് കഅ്ബയുടെ താക്കോല്‍. സാദിന്‍ എന്നാണ് താക്കോല്‍ സൂക്ഷിപ്പുകാരന് പറയുന്ന പേര്‍.
കഅ്ബയുടെ അകവും പുറവും വൃത്തിയാക്കല്‍, അറ്റകുറ്റപ്പണികള്‍ക്ക് നേതൃത്വം കൊടുക്കല്‍, കഅ്ബ കഴുകല്‍, സുഗന്ധം പൂശല്‍, കിസ്‌വ അണിയിക്കല്‍, കിസ്‌വ ഇസ്തിരിയിടല്‍, കിസ്‌വ മോടി പിടിപ്പിക്കല്‍, കഅ്ബക്കകത്തേക്ക് സന്ദര്‍ശകരെ സ്വീകരിക്കല്‍, അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സാദിനിന്റെ ചുമതലകളില്‍ പെട്ടതാണ്.
ഡോ. സാലിഹ് ബിന്‍
സൈനുല്‍ ആബിദീന്‍ അല്‍ശൈബി
മുഹമ്മദ് നബിയുടെ കാലം മുതല്‍ വിശുദ്ധ കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പ് ചുമതല വഹിച്ച 77-ാമത്തെ വ്യക്തിയായിരുന്നു ഡോ. സ്വാലിഹ് ബിന്‍ സൈനുല്‍ ആബിദീന്‍ അല്‍ശൈബി. മക്കയിലാണ് ശൈഖ് ജനിച്ചത്. ഇസ്‌ലാമിക പഠനത്തില്‍ ഗവേഷണ ബിരുദം നേടി. യൂണിവേഴ്‌സിറ്റി പ്രഫസറായി വിരമിച്ച അദ്ദേഹം മതവും ചരിത്രവുമായി ബന്ധപ്പെട്ട ഒട്ടനവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 2014ല്‍ അമ്മാവന്‍ അബ്ദുല്‍ഖാദര്‍ ത്വാഹാ അല്‍ശൈബിയുടെ മരണത്തെത്തുടര്‍ന്നാണ് സ്വാലിഹ് അല്‍ശൈബി കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരനാകുന്നത്.
ഡോ. സാലിഹ് അധ്യാപകനായാണ് ആദ്യം ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് ഉമ്മുല്‍ ഖുറാ യൂണിവേഴ്‌സിറ്റിയില്‍ ലക്ചറര്‍, അസിസ്റ്റന്റ് പ്രഫസര്‍, ഏഴര വര്‍ഷം ഡോക്ട്രിന്‍ ഡിപാര്‍ട്ട്‌മെന്റ് തലവന്‍, ഫഹദ് രാജാവിന്റെ കാലത്ത് റിയാദില്‍ സ്ഥാപിതമായ പുതിയ ശൂറാ കൗണ്‍സില്‍ അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നൂറു തവണ കഅ്ബ കഴുകല്‍ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ 22ന് ഡോ. സാലിഹ് മക്കയില്‍ അന്തരിച്ചു. പ്രവാചക കുടുംബവും അനുചരന്മാരും അന്ത്യവിശ്രമം കൊള്ളുന്ന മക്കയിലെ ജന്നത്തുല്‍ മുഅല്ലയിലാണ് അദ്ദേഹത്തെ ഖബറടക്കിയത്.
അബ്ദുല്‍വഹാബ് ബിന്‍ സൈനുല്‍ ആബിദീന്‍ അല്‍ശൈബി
ഡോ. സാലിഹ് ബിന്‍ സൈനുല്‍ ആബിദീന്‍ അല്‍ശൈബിയുടെ നിര്യാണത്തെ തുടര്‍ന്ന് ശൈഖ് അബ്ദുല്‍ വഹാബ് ബിന്‍ സൈനുല്‍ ആബിദീന്‍ അല്‍ശൈബി കഅ്ബയുടെ 78-ാമത് പരിചാരകനായി ചുമതലയേറ്റു. മക്കയില്‍ നടന്ന ഔപചാരിക ചടങ്ങില്‍ താക്കോല്‍ക്കൂട്ടം ശൈഖ് അബ്ദുല്‍വഹാബ് അല്‍ശൈബി ഏറ്റുവാങ്ങി. കഅ്ബയുടെ പ്രധാന വാതില്‍, മേല്‍ക്കൂരയിലേക്കുള്ള വാതില്‍, കഅ്ബയുടെ അകത്തുള്ള പെട്ടി, മഖാമു ഇബ്‌റാഹീം എന്നിവയുടെ താക്കോല്‍ക്കൂട്ടമാണ് കൈമാറിയത്. മഖാമു ഇബ്‌റാഹീമിന്റെ സ്‌ക്രൂഡ്രൈവറും ഇതോടൊപ്പം കൈമാറി.
സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും കീഴില്‍ ഈ ജോലി നിര്‍വഹിക്കാന്‍ അല്ലാഹു തന്നെ സഹായിക്കട്ടെയെന്ന് കഅ്ബയുടെ താക്കോല്‍ ഏറ്റുവാങ്ങിയ ശേഷം ശൈഖ് അബ്ദുല്‍വഹാബ് അല്‍ശൈബി പറഞ്ഞു.