9 Monday
September 2024
2024 September 9
1446 Rabie Al-Awwal 5

അല്ലാഹുവിലേക്ക് അടുക്കാനുള്ള മാര്‍ഗമാണ് തവസ്സുല്‍

പി മുസ്തഫ നിലമ്പൂര്‍


കേരളത്തിലെ മുസ്‌ലിംകളില്‍ തവസ്സുല്‍ എന്ന പദം കേള്‍ക്കാത്തവര്‍ ഉണ്ടാകാന്‍ സാധ്യതയില്ല. വളരെ വിശദമായി ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമാണിത്. അല്ലാഹുവിലേക്ക് പങ്കാളികളെ ചേര്‍ക്കുന്നവര്‍ ഈ വാക്കിനെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടിരിക്കുന്നു. എന്താണ് തവസ്സുല്‍ എന്നു മനസ്സിലാക്കേണ്ടതുണ്ട്. ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള മാര്‍ഗമാണ് വസീല. ആ മാര്‍ഗം ഉപയോഗപ്പെടുത്തുന്നതിന് തവസ്സുല്‍ എന്നു പറയുന്നു. വിശുദ്ധ ഖുര്‍ആനില്‍ ഈ പദം രണ്ടു തവണ പരാമര്‍ശിച്ചിട്ടുണ്ട്. രണ്ടും അല്ലാഹുവിലേക്ക് അടുക്കാനുള്ള മാര്‍ഗത്തെക്കുറിച്ചാണ് പരാമര്‍ശിച്ചത് (5:35, 17:57).
ഇമാം റാഗിബ് പറയുന്നു: ”ആഗ്രഹപൂര്‍വം ഒരു വസ്തുവിലേക്ക് എത്തുക എന്നതാണ് വസീലത്ത്… അറിവു കൊണ്ടും ആരാധന കൊണ്ടും മതത്തിലെ സത്കര്‍മങ്ങള്‍ സൂക്ഷിച്ചുകൊണ്ടും അല്ലാഹുവിലേക്ക് അടുക്കാനുള്ള മാര്‍ഗം സ്വീകരിക്കലാണ് യഥാര്‍ഥത്തില്‍ വസീല. അത് സാമീപ്യം എന്നതിന് തുല്യമാണ്” (അല്‍മുഫ്‌റദാത്). ”അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന പുണ്യകര്‍മങ്ങള്‍” (ജലാലൈനി). ”പുണ്യകര്‍മങ്ങള്‍ അനുഷ്ഠിച്ചും പാപങ്ങള്‍ വര്‍ജിച്ചും അല്ലാഹുവിന്റെ പ്രതിഫലവും സാമീപ്യവും തേടുക” (ബൈളാവി).
വിശുദ്ധ ഖുര്‍ആനിന്റെ വ്യാഖ്യാനം ഗ്രഹിക്കാനായി നബി(സ)യുടെ പ്രാര്‍ഥന ലഭിച്ച ഇബ്‌നു അബ്ബാസ്(റ) എന്ന സഹാബിയും സുഫ്‌യാനുസ്സൗരി, മുജാഹിദ്, ഖതാദ, അബൂവാഇല്‍, സുദ്ദി, ഇബ്‌നു സൈദ് മുതലായ താബിഉകളും സാമീപ്യം എന്നാണ് വസീലക്ക് അര്‍ഥം പറഞ്ഞിട്ടുള്ളത്. ഖതാദ പറഞ്ഞു: ”നിങ്ങള്‍ അവനെ അനുസരിച്ചുകൊണ്ടും പുണ്യകര്‍മങ്ങള്‍ ചെയ്തുകൊണ്ടും അവന്‍ തൃപ്തിപ്പെടുന്ന കാര്യങ്ങളിലൂടെ അവനിലേക്ക് സാമീപ്യം തേടുക.” ഇമാമുമാരായ എല്ലാ പണ്ഡിതന്മാരും തവസ്സുലിനും വസീലക്കും നല്‍കിയ അര്‍ഥത്തില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല (ഇബ്‌നു കസീര്‍). അനുവദനീയമായ തവസ്സുലും നിഷിദ്ധമായ തവസ്സുലും ഉണ്ട്.
അനുവദനീയമായ
തവസ്സുല്‍

ദാസന്മാര്‍ക്ക് സ്രഷ്ടാവിലേക്ക് സാമീപ്യം സിദ്ധിക്കാനും അവന്റെ സ്‌നേഹം സമ്പാദിക്കാനും അല്ലാഹുവും അവന്റെ പ്രവാചകനും നമ്മെ അറിയിച്ചതിനെ അവലംബിക്കേണ്ടവരാണ് നാം. ഏത് കാര്യങ്ങള്‍ മുഖേനയാണ് ഒരു അടിമ തന്റെ സ്രഷ്ടാവിലേക്ക് അടുക്കുക എന്ന് അല്ലാഹു പറഞ്ഞതായി നബി നമ്മെ അറിയിച്ചിട്ടുണ്ട്. സ്രഷ്ടാവുമായി ഒരു അടിമ ഏറ്റവും കൂടുതല്‍ അടുക്കുന്നത് അല്ലാഹു അവനു നിര്‍ബന്ധമാക്കിയ നിര്‍ബന്ധിത കാര്യങ്ങള്‍ കൊണ്ടാണ്. അതിനു ശേഷം സുന്നത്തായ കര്‍മങ്ങള്‍ മുഖേന ഒരു അടിമ അവനിലേക്ക് അടുത്തുകൊണ്ടേയിരിക്കും. അങ്ങനെ അവന്റെ അവയവങ്ങള്‍ അല്ലാഹു ഇഷ്ടപ്പെടുന്ന നിലയിലല്ലാതെ അവന്‍ ചരിക്കുകയില്ല (സംഗ്രഹം: ബുഖാരി 6502).
നിര്‍ബന്ധിതമോ ഐച്ഛികമോ ആയ കാര്യങ്ങള്‍ അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചുകൊണ്ട് നാം നിര്‍വഹിച്ചാല്‍ അതിനെ വസീലയാക്കി അല്ലാഹുവിനോട് നമുക്ക് സഹായം തേടാവുന്നതാണ്. ”നിങ്ങളുടെ സ്വത്തുക്കളാകട്ടെ നിങ്ങളുടെ മക്കളാകട്ടെ, നമ്മുടെ അടുക്കല്‍ നിങ്ങള്‍ക്കു സാമീപ്യസ്ഥാനം നല്‍കുന്നവയല്ല തന്നെ. പക്ഷേ, വിശ്വസിക്കുകയും സത്കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാരോ അക്കൂട്ടര്‍ക്ക് അവര്‍ പ്രവര്‍ത്തിച്ചതിന് ഇരട്ടി പ്രതിഫലമുണ്ടായിരിക്കും. അവരാകട്ടെ മണിമന്ദിരങ്ങളില്‍ നിര്‍ഭയരുമായിരിക്കും” (വി.ഖു. 34:37).
സത്കര്‍മങ്ങള്‍ കൊണ്ട് സഹായം തേടാന്‍ ഖുര്‍ആന്‍ പറയുന്നുണ്ട്: ”ക്ഷമയും നമസ്‌കാരവും വഴി നിങ്ങള്‍ സഹായം തേടിക്കൊള്ളുവിന്‍. നിശ്ചയമായും ഇത് വലിയ (ഭാരിച്ച) കാര്യം തന്നെയാകുന്നു, ഭക്തന്മാര്‍ക്കൊഴികെ” (അല്‍ബഖറ 45). നമുക്കു മുമ്പുള്ള സമൂഹത്തിലെ മൂന്നു പേര്‍ ഗുഹയില്‍ അകപ്പെട്ടപ്പോള്‍ അവര്‍ ആത്മാര്‍ഥമായി ചെയ്തിട്ടുള്ള സത്കര്‍മങ്ങള്‍ തവസ്സുലാക്കി പ്രാര്‍ഥിക്കുകയും അതിന് ഉത്തരം കിട്ടുകയും ചെയ്തത് ഹദീസുകളില്‍ (ബുഖാരി 2272, 2333, മുസ്‌ലിം 2743) വന്നിട്ടുണ്ട്: ”അല്ലാഹുവിന് ഏറ്റവും നല്ലതായ (അത്യുല്‍കൃഷ്ടമായ) നാമങ്ങളുണ്ട്. ആകയാല്‍ അവ (ആ നാമങ്ങള്‍) കൊണ്ട് നിങ്ങള്‍ അവനെ വിളി(ച്ചു പ്രാര്‍ഥി)ച്ചുകൊള്ളുവിന്‍. അവന്റെ നാമങ്ങളില്‍ ക്രമക്കേടു കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുകയും ചെയ്യുവിന്‍. അവര്‍ പ്രവര്‍ത്തിച്ചുവരുന്നതിന് അവര്‍ക്കു വഴിയെ പ്രതിഫലം നല്‍കപ്പെടും” (അല്‍അഅ്‌റാഫ് 180).
അല്ലാഹുവിന്റെ വിശുദ്ധ നാമങ്ങള്‍ കൊണ്ട് സഹായം തേടാവുന്നതാണ്. ”(നബിയേ,) പറയുക: നിങ്ങള്‍ ‘അല്ലാഹു’ എന്നു വിളിച്ചുകൊള്ളുക, അല്ലെങ്കില്‍ ‘റഹ്‌മാന്‍’ എന്നു വിളിച്ചുകൊള്ളുക. ഏതുതന്നെ നിങ്ങള്‍ വിളിക്കുന്നതായാലും (നല്ലതുതന്നെ, കാരണം) അവന് ഏറ്റവും നല്ല (ഉല്‍കൃഷ്ട) നാമങ്ങളുണ്ട്. നിന്റെ നമസ്‌കാരത്തെ നീ ഉറക്കെയാക്കരുത്, അതിനെ നീ പതുക്കെയുമാക്കരുത്, അതിന് (രണ്ടിനും) ഇടയില്‍ ഒരു മാര്‍ഗം നീ തേടുകയും ചെയ്യുക” (വി.ഖു. 17:110).
ജീവിച്ചിരിക്കുന്ന സഹോദരന്‍മാരോട് അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യാം. സഹാബികള്‍ നബിയോട് ആവശ്യപ്പെടുന്നത് നോക്കൂ: ”അല്ലാഹുവിന്റെ ദൂതരേ, അങ്ങയുടെ ശുപാര്‍ശയില്‍ ഞങ്ങളെയും ഉള്‍പ്പെടുത്താന്‍ അല്ലാഹുവിനോട് ഒന്നു പ്രാര്‍ഥിക്കാമോ? അപ്പോള്‍ നബി(സ) പറഞ്ഞു: അല്ലാഹുവേ, ഇവരെ നീ അതില്‍ ഉള്‍പ്പെടുത്തേണമേ” (അഹ്‌മദ് 19724).
വിരോധിക്കപ്പെട്ട
തവസ്സുല്‍

ജീവിച്ചിരിക്കുന്നവരോ മരിച്ചിരിക്കുന്നവരോ ആയിട്ടുള്ളവരെ കൊണ്ട് ഹഖ് (ബാധ്യത), ജാഹ് (ബഹുമാനം), ബര്‍കത്ത് (ഗുണവര്‍ധനവ്) എന്നിവ കൊണ്ടുള്ള തവസ്സുല്‍ വിരോധിക്കപ്പെട്ടതാണ്. അല്ലാഹുവിന് ആരോടും പ്രത്യേകമായ ഒരു ബാധ്യതയുമില്ല. അവന്‍ മഹാ പരിശുദ്ധനാണ്. ഖുര്‍ആന്‍ പറയുന്നു: ”പ്രത്യുപകാരം നല്‍കപ്പെടേണ്ടതായ യാതൊരു അനുഗ്രഹവും അവന്റെ പക്കല്‍ ഒരാള്‍ക്കുമില്ല. തന്റെ അത്യുന്നതനായ രക്ഷിതാവിന്റെ പ്രീതി തേടുക എന്നതല്ലാതെ” (92:19,20).
ദാസന്മാരോടുള്ള കാരുണ്യത്താല്‍ അല്ലാഹു അവന്റെ മേല്‍ സ്വയം ബാധ്യതയേറ്റ ചിലതുണ്ട്. അത് വിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളും നമ്മെ ബോധ്യപ്പെടുത്തിയിട്ടുമുണ്ട് (വി.ഖു. 8:4, 40:47,60). അതിനപ്പുറത്തേക്ക് ആരോടും പ്രത്യേകമായ ബാധ്യത അല്ലാഹുവിനില്ല തന്നെ. ഇതൊന്നും ആരുടെയും അവകാശമല്ല, അല്ലാഹുവിന്റെ ഔദാര്യമാണ്. അതിനാല്‍ ഹഖ്, ജാഹ്, ബര്‍കത്ത് എന്നിവ കൊണ്ടുള്ള തവസ്സുല്‍ വിരോധിക്കപ്പെട്ടതാണ്.
മറ്റുള്ളവരെക്കൊണ്ട് ചെയ്യാവുന്ന തവസ്സുല്‍ അവരുടെ പ്രാര്‍ഥന മാത്രമാണ്. അത് അവരുടെ ജീവിതകാലത്ത് മാത്രമേ സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് നബി(സ) ജീവിച്ചിരിക്കുന്ന കാലത്ത് നബി(സ)യോട് പ്രാര്‍ഥിക്കാനായി ആവശ്യപ്പെട്ട സഹാബിമാര്‍, അദ്ദേഹത്തിന്റെ വഫാത്തിനു ശേഷം ഉമറി(റ)ന്റെ കാലത്ത് ക്ഷാമം ബാധിച്ചപ്പോള്‍ നബി(സ)യെ തവസ്സുല്‍ ചെയ്യാതെ അദ്ദേഹത്തിന്റെ പിതൃവ്യനായ അബ്ബാസി(റ)നെ പ്രാര്‍ഥനയ്ക്കു വേണ്ടി ചുമതലപ്പെടുത്തിയത്. ഹഖ്, ജാഹ്, ബര്‍കത്ത് എന്നിവ കൊണ്ടുള്ള തവസ്സുല്‍ സംബന്ധിച്ച് അബൂജഅ്ഫര്‍ ത്വഹാവി പറയുന്നു:
”തീര്‍ച്ചയായും ഇത് പ്രാര്‍ഥനയില്‍ അതിരു കവിയലാണ്. നിങ്ങള്‍ നിങ്ങളുടെ റബ്ബിനെ വിളിച്ചു പ്രാര്‍ഥിക്കുക, താഴ്മയോടും ഗോപ്യമായ നിലക്കും. നിശ്ചയം, നിയമം ലംഘിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല” (7:55). ”(ഹഖ്, ജാഹ്, ബര്‍കത്ത് എന്നിവ കൊണ്ടുള്ള) പ്രാര്‍ഥന ബിദ്അത്തുകാരുടേതാണ്. ഇത് നബിയില്‍ നിന്നും സഹാബിമാരില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടില്ല. വിവരദോഷികളും ബുദ്ധിശൂന്യരുമായ ചിലര്‍ ജപിച്ചുകെട്ടുമ്പോള്‍ ഉപയോഗിക്കുന്നവയാണ്” (ശറഹു അഖീദതു ത്വഹാവിയ്യ).
ഹനഫീ പണ്ഡിതനായ നുഅ്മാന്‍ ഖൈറുദ്ദീന്‍ ആലൂസി (മരണം: ഹി. 1317) രേഖപ്പെടുത്തുന്നു: ”നബിയുടെയും ഔലിയാക്കളുടെയും മസ്ജിദുല്‍ ഹറാമിന്റെയും മശ്ഹറുല്‍ ഹറാമിന്റെയും ഹഖ് കൊണ്ട് തവസ്സുല്‍ ചെയ്യുന്നത് ഹറാമിന്റെ ഗൗരവമുള്ള കറാഹത്താകുന്നു. ഇമാം മുഹമ്മദിന്റെ അഭിപ്രായം, നരകശിക്ഷയ്ക്ക് കാരണമായേക്കാവുന്ന ഹറാം പോലെയാണ് അത് എന്നത്രേ. സ്രഷ്ടാവിന് സൃഷ്ടികളോട് യാതൊരു ബാധ്യതയുമില്ല എന്നതാണ് അതിന്റെ കാര്യം” (ജലാഉല്‍ അയ്‌നൈന്‍ 516).
തിര്‍മിദിയുടെ ശറഹില്‍ അബ്ദുര്‍റഹ്‌മാന്‍ മുബാറക്പൂരി രേഖപ്പെടുത്തുന്നു: ”നബിയെ കൊണ്ടുള്ള തവസ്സുല്‍ അനുവദനീയമാകുന്നത് അദ്ദേഹത്തിന്റെ ജീവിതകാലത്തു മാത്രമാണ്. അതുതന്നെയും അദ്ദേഹത്തിന്റെ പ്രാര്‍ഥനയുമാണ്. ഉത്തമരും സദ്‌വൃത്തരുമായ മറ്റുള്ളവരുടെ തവസ്സുലും അപ്രകാരം തന്നെ. എന്നാല്‍ മരണാനന്തരം നബിയെക്കൊണ്ടോ മരണമടഞ്ഞ മറ്റു സദ്‌വൃത്തരെക്കൊണ്ടോ ഉള്ള തവസ്സുല്‍ അനുവദനീയമല്ല” (സംഗ്രഹം: തുഹ്ഫതുല്‍ അഹ്‌വേദി).

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x