അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റിയെ ദേശവിരുദ്ധമെന്ന് മുദ്രയടിക്കുന്നു – അഭയ് കുമാര്‍
അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ ഇപ്പോഴും സാധാരണ നില കൈവന്നിട്ടില്ല. അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിക്കെതിരെ ഒടുവിലുണ്ടായ ഇടിത്തീ നിങ്ങളെപ്പോലെ എന്നെയും നടുക്കി. എ എം യു വിന്റെ ഇപ്പോഴത്തെയും മുമ്പത്തെയും വിദ്യാര്‍ഥി യൂണിയന്‍ ഭാരവാഹികളുള്‍പ്പെടെ പതിനാല് വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തിരിക്കുന്നു. കാമ്പസില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നാണ് എഫ് ഐ ആറില്‍ അവര്‍ക്കെതിരെയുള്ള ആരോപണം. അടിസ്ഥാനരഹിതമാണ് അവര്‍ക്കെതിരായ കുറ്റാരോപണങ്ങള്‍. സംഘപരിവാര്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന മുകേഷ് ലോധിയാണ് പരാതിക്കാരന്‍. ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ അലീഗഡ് ജില്ലാ പ്രസിഡന്റാണ് മുകേഷ് ലോധി. ജെ എന്‍ യു വിലുണ്ടായ വിവാദത്തിലും സാക്ഷികളെല്ലാം സംഘ്പരിവാര്‍ സംഘടനകളില്‍ നിന്നുള്ളവരായിരുന്നു.
ബി ജെ പി 2014-ല്‍ അധികാരത്തില്‍ വന്നതു മുതല്‍ വിയോജിക്കുന്നവരെ നിശബ്ദരാക്കാന്‍ ‘ദേശവിരുദ്ധം’ എന്ന ടാഗ് ഉപയോഗിച്ചു. എ എം യുവിലെപ്പോലെ ജെ എന്‍ യുവിലെയും വിദ്യാര്‍ഥികളും അധ്യാപകരും ‘ദേശവിരുദ്ധരെന്നും’ ‘ജിന്നയെ പിന്തുണയ്ക്കുന്നവരെന്നും’ ‘പാകിസ്താനെ പിന്തുണയ്ക്കുന്നവരെന്നും’ ബ്രാന്‍ഡ് ചെയ്യപ്പെട്ടു. വര്‍ഗീയ മാധ്യമങ്ങളുടെ സഹായത്തോടെ ഹിന്ദുത്വ ശക്തികള്‍ ‘ദേശവിരുദ്ധര്‍ക്കെതിരെ’ വിഷം ചീറ്റിക്കൊണ്ടേയിരിക്കുന്നു. എന്നാല്‍ അവരിലാരും ആരോപണങ്ങള്‍ തെളിയിക്കാന്‍ കോടതിയിലോ പരസ്യമായോ ഒരു തെളിവും കൊണ്ടുവരില്ല. തീ പടര്‍ത്താന്‍ പണിപ്പെടുന്ന മാധ്യമങ്ങളുടെ പങ്കാണ് ഏറെ ദൗര്‍ഭാഗ്യകരം. എന്റെ വ്യക്തിപരമായ അനുഭവം പറയാം. ഇതെഴുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഒരു പത്രപ്രവര്‍ത്തകന്‍ എന്റെയടുത്ത് വന്ന് പുല്‍വാമയില്‍ സി ആര്‍ പി എഫിനെതിരെയുണ്ടായ അക്രമണത്തെക്കുറിച്ച് എന്റെ അഭിപ്രായം ചോദിച്ചു. മുന്‍വിധിയുമായെത്തിയ അയാള്‍ ചോദിച്ചതിങ്ങനെ: ‘അഫ്‌സല്‍ ഗുരുവിന് അനുകൂലമായി വലിയൊരു പ്രകടനം നടന്നിരുന്നു. പുല്‍വാമ അക്രമണത്തിനെതിരായും അത്തരം പ്രകടനം ജെ എന്‍ യുവില്‍ സംഘടിപ്പിച്ചിരുന്നോ?’
യഥാര്‍ഥത്തിലയാള്‍ ചോദ്യം ചോദിക്കുകയായിരുന്നില്ല, എന്നെക്കുടുക്കുവാന്‍ കെണിയൊരുക്കുകയായിരുന്നു. പുല്‍വാമയിലെ ആക്രമണം ജെ എന്‍ യുവിലുള്ളവര്‍ ആഘോഷിച്ചിട്ടുണ്ടാകും എന്നയാള്‍ കരുതി. നാണക്കേടല്ലേ? യാഥാര്‍ഥ്യമറിയാന്‍ ഒരു മിനിറ്റുപോലും അയാള്‍ ചെലവഴിച്ചില്ല. ഇടതു പക്ഷ സംഘടനകളായ സി പി ഐ, സി പി എം, സി പി ഐ (എം എല്‍) ഉം, ജെ എന്‍ യു വിദ്യാര്‍ഥി യൂണിയനും പുല്‍വാമയിലെ അക്രമണത്തെ കടുത്ത വാക്കുകളില്‍ അപലപിച്ചിരുന്നു. ജെ എന്‍ യു കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ അനുഭവിച്ചത് എ എം യു കുറഞ്ഞതോ കൂടിയതോ ആയ അളവില്‍ കുറേ വര്‍ഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്നു. എ എം യു വിലെ മുസ്‌ലിം ടാഗുമായാണ് അതിന് ബന്ധം. വര്‍ഗീയ ശക്തികള്‍ മാത്രമല്ല, മതേതര പാര്‍ട്ടികളിലെ ‘നല്ല’ സംഘികളും എ എം യുവിനെ ‘ദേശവിരുദ്ധരുടേ’തെന്ന് ചിലപ്പോഴൊക്കെ മുദ്ര കുത്തിയിട്ടുണ്ട്.
വര്‍ഗീയ ശക്തികളുടെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ നിഷ്പക്ഷമായി ചരിത്രം പഠിക്കുന്നവര്‍ അംഗീകരിക്കില്ല. 19-ാം നൂറ്റാണ്ടില്‍ സര്‍ സയ്യിദ് അഹമ്മദ്ഖാന്‍ സ്ഥാപിച്ച എ എം യു മുസ്‌ലിംകളുടെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് ശ്രമിക്കുകയും ഒരു വലിയ അളവു വരെ അതില്‍ വിജയിക്കുകയും ചെയ്തു. തുടക്കം മുതലേ ‘മുസ്‌ലിം’ എന്ന പദം എ എംയുവിന്റെ പേരിലുണ്ടെങ്കിലും അതിന്റെ വാതിലുകള്‍ ഒരിക്കലും അമുസ്‌ലിംകള്‍ക്കായി അടച്ചിട്ടിരുന്നില്ല. ഈ യൂണിവേഴ്‌സിറ്റിയെ അലങ്കരിച്ച മിടുമിടുക്കരായ നിരവധി വിദ്യാര്‍ഥികളും അധ്യാപകരും അമുസ്‌ലിംകളായിരുന്നു. എ എം യുവിലെ രാഷ്ട്രീയപരമായ ചായ്‌വും മാറിക്കൊണ്ടേയിരുന്നു. എ എം യുവിന്റെ പ്രാരംഭകാലത്ത് രാഷ്ട്രീയപരമായ പ്രക്ഷോഭങ്ങളോട് അകലം പാലിച്ചെങ്കിലും 1920 കളിലും 1930 കളിലും ഗാന്ധിജിയുടെ രംഗപ്രവേശം എ എം യുവിനെയും സ്വാധീനിച്ചു. ഗാന്ധിജിക്ക് ഇഷ്ടപ്പെട്ട ഒരിടമായിരുന്നു എ എം യു. ഖിലാഫത്ത് മൂവ്‌മെന്റിലേക്ക് പല സുഹൃത്തുക്കളെയും ഗാന്ധിജി എ എം യുവില്‍ നിന്ന് കണ്ടെത്തി. ദേശീയ വിദ്യാഭ്യാസ നയത്തെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിക്കണമെന്ന കോണ്‍ഗ്രസിന്റെ ആഹ്വാനപ്രകാരം ജാമിയ മില്ലിയ്യ ഇസ്‌ലാമിയ്യ രൂപീകരിച്ചത് പോലും എ എം യുവിലെ വിദ്യാര്‍ഥികളാണ്.
പാകിസ്താനനുകൂല മൂവ്‌മെന്റിന് എ എം യു അടിസ്ഥാനം നല്‍കി എന്ന ആരോപണം അര്‍ധ സത്യമാണ്. 1940 കളില്‍ മുസ്‌ലിംലീഗ് ഒരു സംഘം അനുയായികളെ എ എംയുവില്‍ നിന്ന് നേടിയെടുത്തിരുന്നു എന്നത് സത്യമാണ്. ലീഗിന്റെ എതിരാളികളും എ എംയുവില്‍ നിന്ന് അനുയായികളെ നേടിയെടുത്തിരുന്നല്ലോ. അതുകൊണ്ടു തന്നെ യൂണിവേഴ്‌സിറ്റിയെ മൊത്തത്തില്‍ ഒരേ ചായം തേക്കുന്നത് ശരിയല്ല. ലീഗിന്റെ പാകിസ്താന്‍ വാദത്തെ എ എം യു പിന്തുണച്ചിരുന്നു എന്നാരോപിക്കുന്നവര്‍ ചരിത്രത്തെ മുഴുവനായിത്തന്നെ നോക്കണം. 1930 കളുടെ അവസാനം വരെ കോണ്‍ഗ്രസും ലീഗും ഹിന്ദു മഹാസഭയും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു എന്നത് വസ്തുതയല്ലേ. ലീഗുമായും പാകിസ്താന്‍ വാദവുമായി ബന്ധപ്പെട്ടും കോണ്‍ഗ്രസ് നേതൃത്വത്തിനകത്തു ഭിന്നതയുണ്ടായി എന്നത് യാഥാര്‍ഥ്യമല്ലേ? പട്ടേലും നെഹ്‌റുവും ഒടുവില്‍ ഗാന്ധിജിയും പാകിസ്താന്‍ വാദത്തെ സ്വീകരിച്ചു എന്നതും മൗലാനാ ആസാദ് അപ്പോഴും പാകിസ്താന്‍ വാദത്തോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി എന്നതും സത്യമല്ലേ? ദേശദ്രോഹം, വിഭജനം എന്നീ ഉമ്മാക്കികള്‍ ഉണ്ടാക്കി അവയെ എ എംയുവുമായി ബന്ധിക്കുന്നവര്‍ എ എം യു ലീഗിനെ പിന്തുണച്ചതുകൊണ്ടല്ല വിഭജനമുണ്ടായതെന്നത് ഒരിക്കലും മറക്കരുത്. ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ഇടയില്‍ അധികാര പങ്കാളിത്തമുണ്ടാവാതെയും ഫെഡറല്‍ ഘടന സ്വീകരിക്കാതെയുമിരുന്നാല്‍ രാജ്യവിഭജനമൊഴിവാക്കാന്‍ ആര്‍ക്കും കഴിയാത്തവിധം 1930 കളുടെയും 1940 കളുടെയും അവസാനത്തില്‍ കൂടുതല്‍ മോശമായ അവസ്ഥയിലേക്ക് ചരിത്രമെത്തിയിരുന്നു. അധികാരം പങ്കുവെക്കാതെയും ന്യൂനപക്ഷത്തിന്റെ ശബ്ദങ്ങള്‍ കേള്‍ക്കാതെയുമിരുന്നാല്‍ 1940 കളുടെ അവസാനത്തില്‍ നാം കണ്ടപോലെ അത് അസ്ഥിരതയിലേക്ക് നയിക്കുമായിരുന്നു.
അതുകൊണ്ടാണ് മൗലാനാ അബുല്‍കലാം ആസാദിന്റെ നേതൃത്വത്തില്‍ ഉപഭൂഖണ്ഡത്തിലെ ഒരു വലിയ കൂട്ടം മുസ്‌ലിംകള്‍ ശക്തമായെതിര്‍ത്തിട്ടും രാജ്യവിഭജനം സംഭവിച്ചത്. മുസ്‌ലിംകള്‍ക്ക് ന്യായമായ പങ്ക് അനുവദിക്കണമെന്ന ലീഗിന്റെ ആവശ്യം ഉള്‍ക്കൊള്ളുന്നതില്‍ കോണ്‍ഗ്രസിന്റെ പരാജയമാണ് രാജ്യ വിഭജനത്തിന് മുഖ്യകാരണം. പാകിസ്താന്റെ ജന്മവും എ എം യുവിനെ അതുമായി ബന്ധപ്പെടുത്താനുള്ള ശ്രമവും ചരിത്രപരമായ യാഥാര്‍ഥ്യവുമായി ഒത്തുപോകുന്നതല്ല. വിഭജനത്തിനു മുമ്പും ശേഷവും എ എംയു ഇടതു ചിന്താധാരയുടെ ശക്തമായ കേന്ദ്രമായിരുന്നു എന്ന കാര്യം വര്‍ഗീയ വാദികള്‍ പലപ്പോഴും മറച്ചുവെക്കുന്നു. വ്യക്തമായും ഇടതുപക്ഷ ചിന്താധാരയെ പ്രതിനിധീകരിച്ച നിരവധി കവികളും സംഗീതജ്ഞരും നോവലിസ്റ്റുകളും എഴുത്തുകാരും ചരിത്രകാരന്മാരും സാമൂഹ്യ ശാസ്ത്രജ്ഞരും എ എം യുവില്‍ നിന്ന് വന്നിട്ടുണ്ട്. ഉറുദു കവിതകളുടെയും മധ്യകാല ചരിത്രത്തിന്റെയും മേഖലകളില്‍ ലോകപ്രസിദ്ധമായ സംഭാവനകള്‍ നല്‍കാനും ഇന്ത്യക്ക് അഭിമാനമായി മാറാനും എ എം യുവിന് കഴിഞ്ഞിട്ടുണ്ട്. ശാസ്ത്രരംഗത്ത് മികവുറ്റ എഞ്ചിനീയര്‍മാരെയും ഡോക്ടര്‍മാരെയും എ എം യു സംഭാവന ചെയ്തിട്ടുണ്ട്. പശ്ചിമേഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെത്തിപ്പെട്ട അവരില്‍ ചിലര്‍ രാജ്യത്തിന് സമ്പത്തും പ്രശസ്തിയും നേടിത്തന്നിട്ടുണ്ട്.
പല മാനദണ്ഡങ്ങള്‍ പ്രകാരവും വിദ്യാഭ്യാസ രംഗത്ത് ദലിതുകളേക്കാള്‍ മോശപ്പെട്ട അവസ്ഥയില്‍ മുസ്‌ലിംകള്‍ എത്തിപ്പെട്ട ഈ വേളയില്‍ എ എം യുവിന്റെ പ്രാധാന്യവും പങ്കാളിത്തവും ഏറുകയാണ്. കേന്ദ്ര ഗവണ്‍മെന്റ് നിയോഗിച്ച സച്ചാര്‍ കമ്മീഷനും രംഗനാഥ് മിശ്ര കമ്മീഷനും മുസ്‌ലിംകളുടെ വിദ്യാഭ്യാസപരമായ ഉന്നമനത്തിനായി ഉടനെ പ്രവര്‍ത്തിക്കണമെന്ന് ഭരണകൂടങ്ങളോടാവശ്യപ്പെട്ടിരുന് നു. ഇത് നിറവേറ്റാന്‍ വേണ്ട സൗകര്യങ്ങളൊരുക്കാനായി എ എം യുവിനും മറ്റു ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ കൂടുതല്‍ ഫണ്ട് നല്‍കണം. രാജ്യത്തിന്റെ പല ഭാഗത്തും-, പ്രത്യേകിച്ചും മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്നിടത്ത് കൂടുതല്‍ കൂടുതല്‍ എ എം യു ഉപ കേന്ദ്രങ്ങള്‍ തുറക്കുകഎന്നതാണ് കാലഘട്ടത്തിന്റെ ആവശ്യം. ഇതു ചെയ്യാതെ ഭരണകൂടം രാഷ്ട്രീയം കളിക്കുകയാണ്.
ബി ജെ പി എ എം യുവിന് രാജ്യമുദ്ര ചാര്‍ത്താന്‍ പണിപ്പെടുന്നു. മുന്‍ ഭരണകൂടങ്ങള്‍ ‘മതമൗലിക വാദി’കളുടെ കേന്ദ്രമെന്നാക്ഷേപിച്ചിരുന്ന മോഡി-യോഗി യുഗത്തിനു മുമ്പേ എ എം യുവിന്റെ ന്യൂനപക്ഷപദവി ദീര്‍ഘകാലമായി വിവാദമാണെന്നതും നാം ശ്രദ്ധിക്കണം. എതിരാളികളെ നിശബ്ദരാക്കാനും കാവി പാര്‍ട്ടിക്ക് വോട്ടു നേടാനും വര്‍ഗീയ രാഷ്ട്രീയം പ്രയോജനപ്പെട്ടേക്കാം. എന്നാല്‍ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ അവിശ്വാസവും, വിദ്വേഷവും അനീതിയും മാത്രമേ അത് സമൂഹത്തില്‍ സൃഷ്ടിക്കൂ.
(ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഓഫ് ഹിസ്റ്റോറിക്കല്‍ സ്റ്റഡീസില്‍ ഗവേഷണ വിദ്യാര്‍ഥിയാണ് അഭയ് കുമാര്‍)
വിവ. സിദ്ദീഖ് സി സൈനുദ്ദീന്‍