അറിവിലൂടെ മാത്രമേ പുരോഗതി കൈവരിക്കാനാവൂ: ഫോക്കസ് സെമിനാര്‍
ഉത്തരേന്ത്യന്‍ പ്രതിനിധികള്‍ക്ക് കോഴിക്കോട് മര്‍കസുദ്ദഅ്‌വയില്‍ നല്‍കിയ സ്വീകരണ സമ്മേളനം പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: അറിവ് ആയുധമാക്കിയുള്ള പോരാട്ടത്തിലൂടെ മാത്രമേ പിന്നോക്കക്കാര്‍ക്ക് പുരോഗതി കൈവരിക്കാന്‍ കഴിയുകയുള്ളൂവെന്ന് ഫോക്കസ് ഇന്ത്യ ദേശീയ സെമിനാര്‍ അഭിപ്രായപ്പെട്ടു. ആശയങ്ങളുടെയും ആര്‍ജവമുള്ള നയനിലപാടുകളുടെയും പോര്‍നിലങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ മാത്രമേ പൗരാവകാശങ്ങളെ പൂര്‍ണ അര്‍ഥത്തില്‍ പ്രാപിക്കാന്‍ കഴിയൂവെന്നും ഫോക്കസ് ദേശീയ സെമിനാര്‍ അഭിപ്രായപ്പെട്ടു.പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, അസം, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നായി അന്‍പതോളം പ്രതിനിധികള്‍ പങ്കെടുത്തു. പ്രതിനിധികള്‍ക്ക് കേരള വിദ്യാഭ്യാസ മോഡല്‍ പരിചയപ്പെടുത്തുന്നതിനായി ഫാറൂഖ് കോളജ്, ജെ ഡി ടി കാമ്പസ്, അരീക്കോട് സുല്ലമുസ്സലാം അറബിക് കോളജ്, പാലക്കാട് ക്രിയേറ്റീവ് സ്‌കൂള്‍, മഞ്ചേരി യൂണിറ്റി വിമന്‍സ് കോളജ്, മങ്കട ഗ്രേസ് പബ്ലിക് സ്‌കൂള്‍, മഞ്ചേരി എയ്‌സ് പബ്ലിക് സ്‌കൂള്‍, പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക് എന്നിവ സന്ദര്‍ശിച്ചു.
ഉത്തരേന്ത്യന്‍ പ്രതിനിധികള്‍ക്ക് കോഴിക്കോട് മര്‍കസുദ്ദഅ്‌വയില്‍ സ്വീകരണം നല്‍കി. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ ഉദ്്ഘാടനം ചെയ്തു. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി പ്രഭാഷണം നടത്തി. ഫോക്കസ് ഇന്ത്യ ജന.സെക്രട്ടറി ശുക്കൂര്‍ കോണിക്കല്‍, ഖദീജ നര്‍ഗീസ്, ഡോ. ജാബിര്‍ ഹുസൈന്‍, രസ്‌നാഉല്‍ ഹഖ്, പി സുഹൈല്‍ സാബിര്‍, ശൈഖ് ഹിജാസ്, അബ്ദുല്‍മജീദ് അല്‍ഹിന്ദി, ഫൈസല്‍ നന്മണ്ട, ഡോ. ജാബിര്‍ അമാനി, ഡോ. ലബീദ് അരീക്കോട്, അബ്ദുറശീദ് ഉഗ്രപുരം, ഡോ. കെ ടി അന്‍വര്‍ സാദത്ത്, യു എ മുനീര്‍ പ്രസംഗിച്ചു.
