13 Sunday
October 2024
2024 October 13
1446 Rabie Al-Âkher 9

അറബി ഭാഷാപഠനം ‘മതവിജ്ഞാന’മെന്ന  കാഴ്ചപ്പാട് മാറുന്നു – ബാബു രാമചന്ദ്രന്‍

ഒരു വിദേശഭാഷ പഠിക്കാന്‍ പലര്‍ക്കും പലതുണ്ടാവാം കാരണങ്ങള്‍. ഫ്രഞ്ചും ജര്‍മനും സ്പാനിഷും ഒക്കെ നമ്മുടെ സ്‌കൂള്‍ സിലബസുകളുടെ ഭാഗമാണ്. അവ പലരും അഭ്യസിച്ചും പോരുന്നു. മറ്റേതു ഭാഷയെക്കാളും, കേരളീയരുടെ സംസ്‌കാരത്തോട് ഇഴയടുപ്പം കാത്തു സൂക്ഷിക്കുന്ന ഒരു വിദേശഭാഷയാണ് അറബി. കേരള ജനതയിലെ മുസ്‌ലിം പ്രാതിനിധ്യവും, നമ്മുടെ സമ്പദ് വ്യവസ്ഥയില്‍ അറബ് രാഷ്ട്രങ്ങളില്‍ തൊഴിലെടുക്കുന്ന കേരളീയര്‍ വഹിക്കുന്ന പ്രസക്തമായ പങ്കും ആവാം അതിനുള്ള കാരണം. അതുകൊണ്ടു തന്നെ, കേരളം വിട്ട് ഗള്‍ഫ് നാടുകളില്‍ ജോലി നേടാനുള്ള പരിശ്രമങ്ങളുടെ ഭാഗമായി അറബി പഠനങ്ങള്‍ ഒരുപാട് നടക്കുന്നുണ്ട്. പ്രധാനമായും ഇസ്‌ലാം മതത്തില്‍ നിന്നുള്ളവരാണ് അറബി പഠിക്കുന്നതെങ്കിലും ചെറുതല്ലാത്ത ഒരു ശതമാനം ഇതരമതവിഭാഗക്കാരും ഈ ഭാഷ  പഠിക്കുന്നുണ്ട്.
ഇനി പറയാന്‍ പോവുന്നത് അതിനെപ്പറ്റിയല്ല. കേരളത്തില്‍ തന്നെ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ അറബി എന്ന ഭാഷ തുറന്നു വെച്ചിരിക്കുന്ന വലിയൊരു സാധ്യതയെയും അത് കൃത്യമായി തിരിച്ചറിഞ്ഞ് അതിനുള്ള പരിശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന രണ്ടു മിടുക്കികളെയും പറ്റിയാണ്. അറബിയുടെ അക്കാദമികമായ പഠനത്തിലാണ് പ്രീജ എന്ന ഹിന്ദു പെണ്‍കുട്ടിയും അലന്‍ എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയും. അവരുടെ മതം അങ്ങനെ തന്നെ അടയാളപ്പെടുത്തുന്നത്, ഭാഷയെ മതത്തിന്റെ അതിരുകള്‍ക്കുള്ളില്‍ ബന്ധിച്ചു നിര്‍ത്തുന്ന ശീലം നമ്മുടെ സമൂഹത്തില്‍ ഇന്നും നിലനില്ക്കുന്നതു കൊണ്ടുമാത്രമാണ്.
മലയാളത്തെയും മറ്റു ഭാഷകളെയും പോലെ കൃത്യമായ അക്കാദമിക പഠന സൗകര്യങ്ങള്‍ ഉള്ള അറബി ഭാഷയ്ക്കും കേരളത്തിലെ ഒട്ടുമിക്ക സര്‍ക്കാര്‍ കോളജുകളിലും പ്രത്യേക വിഭാഗങ്ങള്‍ നിലവിലുണ്ട്. അത്തരത്തില്‍, അറബിസാഹിത്യം ആധികാരികമായി പഠിക്കാന്‍ അവസരമുള്ള ഒരു കലാലയമാണ് തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളജ്. അവിടെ അറബിവിഭാഗം തലവന്‍ ഡോ. ഷംനാദും അസിസ്റ്റന്റ് പ്രൊഫസറായ ഡോ. എം എ അസ്‌കറും അടങ്ങുന്ന വിദഗ്ധരായ അധ്യാപകരുടെ സേവനം ലഭ്യമാണ്. ഇവിടെ ഡിഗ്രിക്കും പി ജിയ്ക്കും പഠിക്കുന്നവരാണ് അലനും പ്രീജയും.
ഇരുവരും പ്ലസ്റ്റു വരെ പഠിച്ചത് സയന്‍സ് ഗ്രൂപ്പ് എടുത്താണ്. അതുകഴിഞ്ഞാണല്ലോ എല്ലാവരുടെയും പഠനജീവിതത്തിലെ വഴിത്തിരിവ്. ആ ഘട്ടത്തിലാണ് പ്രീജ, ഏത് കോഴ്‌സ് തിരഞ്ഞെടുത്താല്‍ സര്‍ക്കാര്‍ ജോലി കിട്ടും എന്ന ചോദ്യത്തെ അഭിമുഖീകരിക്കുന്നത്. അപ്പോഴാണ് അവളോട് ഒരു സുഹൃത്ത് അറബി ഭാഷാ പഠനം എന്ന ഏറെ സാധ്യതകള്‍ ഒളിഞ്ഞിരിക്കുന്ന ഒരു കോഴ്‌സിനെപ്പറ്റി പറയുന്നത്. ഈ സാധ്യതകള്‍ ഒറ്റനോട്ടത്തില്‍ ആര്‍ക്കും വെളിപ്പെടുന്ന ഒന്നല്ല. അത് മനസ്സിലാക്കണമെങ്കില്‍, നമ്മുടെ സംവരണ സംവിധാനം പ്രവര്‍ത്തിക്കുന്നത് എങ്ങനെ എന്ന കാര്യത്തില്‍ കൃത്യമായ ഒരു ധാരണ വേണം. എല്ലാ ജോലികളെയും പോലെ അറബി അധ്യാപകരുടെ സര്‍ക്കാര്‍ ജോലി ഒഴിവുകളിലും കൃത്യമായ സംവരണ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ട്. ഓരോ ഒഴിവും നികത്തപ്പെടുന്നത് നെറ്റും കെ-ടെറ്റും ബി എഡും ടി ടി സിയും പോലുള്ള കൃത്യമായ യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ഥികളെ വെച്ചു മാത്രമാണുതാനും. പക്ഷേ, അവിടെ പലപ്പോഴും പല സംവരണ വിഭാഗങ്ങളിലും യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഇല്ലാത്തതിനാല്‍ ആ ഒഴിവുകള്‍ നികത്തപ്പെടാതെ പോവുകയാണ്. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടൊക്കെ വന്ന ശേഷം ഇപ്പോള്‍, ഒരു കാറ്റഗറിയിലെ ഒഴിവ് അത്രയെളുപ്പത്തില്‍ മറ്റൊരു കാറ്റഗറിയിലെ ഉദ്യോഗാര്‍ഥിയെ വെച്ച് നികത്താനാവില്ല. പ്രൈമറി സ്‌കൂള്‍ ടീച്ചര്‍, ഹൈസ്‌കൂള്‍ ടീച്ചര്‍, പ്ലസ് ടു ടീച്ചര്‍, കോളജ് അധ്യാപകര്‍  അങ്ങനെ ഒഴിവ് എന്തുമാവട്ടെ, അതിനു നിഷ്‌കര്‍ഷിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വന്നാല്‍ മാത്രമേ പി എസ് സിക്ക് പ്രസ്തുത വിഭാഗത്തിലെ ഒഴിവുകള്‍ നികത്താനാവൂ.
അവിടെയാണ് നേരത്തെ പറഞ്ഞ വലിയൊരു സാധ്യത കടന്നുവരുന്നത്. നിങ്ങള്‍ സംവരണ വിഭാഗത്തിലെ സാമാന്യം തരക്കേടില്ലാതെ പഠിക്കാന്‍ കഴിവുള്ള ഒരു വിദ്യാര്‍ഥിയാണ് എന്ന് സങ്കല്പിക്കുക. അറബി എന്ന ഭാഷ ഒരല്പം കഷ്ടപ്പെട്ടാണെങ്കിലും പഠിച്ചെടുത്താല്‍, വേണ്ട യോഗ്യതകള്‍ നേടിയാല്‍, മിനക്കെട്ട് മറ്റേതെങ്കിലും ഭാഷയോ, അല്ലെങ്കില്‍ സാങ്കേതിക വിഷയങ്ങളോ ഒക്കെ പഠിച്ചെടുക്കുന്നതിന്റെ പത്തിരട്ടി  സാധ്യതയുണ്ട് ഒരു സര്‍ക്കാര്‍ ജോലി കിട്ടാന്‍. നെറ്റ് ക്ലിയര്‍ ചെയ്തു എന്ന് വിചാരിക്കുക, നിങ്ങളെക്കാത്ത് നാലോ അഞ്ചോ വേക്കന്‍സികള്‍ ഇപ്പോഴേ ഒഴിഞ്ഞു കിടപ്പുണ്ട്, യോഗ്യതയുള്ള ഉദ്യോഗാര്‍ഥിയെ കിട്ടാഞ്ഞതുകൊണ്ടുമാത്രം നികത്തപ്പെടാതെ.
ഈ ഒരു സാധ്യത തിരിച്ചറിഞ്ഞ് അത് പ്രയോജനപ്പെടുത്താന്‍ തയ്യാറായ സമര്‍ഥരായ രണ്ടു വിദ്യാര്‍ഥിനികളാണ് പ്രീജയും അലനും. പ്രീജ പഠിക്കുന്നത് എം എ അറബിക്കാണ്, അലന്‍ ബി എ അറബിക്കും. തൊഴില്‍ സമ്പാദനത്തിനുള്ള സാധ്യത തിരിച്ചറിഞ്ഞാണ് രണ്ടുപേരും അറബി എന്ന ഭാഷ തെരഞ്ഞെടുത്തതെങ്കിലും, കൂടുതല്‍ പഠിച്ചതോടെ ആ ഭാഷയുമായി പ്രണയത്തിലായിരിക്കുകയാണ് ഇരുവരും. സമ്പന്നമായ ഒരു സാഹിത്യം അറബിക്കു സ്വന്തമാണെന്നും യൂണിവേഴ്‌സിറ്റി കോളജ് പോലെ വളരെ വിശാലമായ അക്കാദമിക സൗകര്യങ്ങളും വിചക്ഷണരായ അധ്യാപകരുമുള്ള ഒരിടത്ത് അതിലേക്ക് അനായാസം മുങ്ങാങ്കുഴിയിടാന്‍ പറ്റിയ അന്തരീക്ഷമാണുള്ളതെന്നും അവര്‍ പറയുന്നു.
”ഇങ്ങനെ ഒരു ആഗ്രഹം വീട്ടില്‍ പറഞ്ഞപ്പോള്‍ ആദ്യം എല്ലാവരും എതിര്‍പ്പു പ്രകടിപ്പിച്ചു. ഞാന്‍ ഭാഷ പഠിച്ചുപഠിച്ച് ഒടുക്കം മതം മാറിക്കളയുമോ എന്നായിരുന്നു അവരുടെ ചിന്ത. പഠിക്കാന്‍ പോവുന്നത് സാഹിത്യമാണെന്നും മതം അല്ലെന്നുമൊക്കെ ഞാന്‍ അവരോട് പറഞ്ഞു മനസ്സിലാക്കി. ഒടുവില്‍ ‘നിങ്ങള്‍ക്ക് നിങ്ങളുടെ മകളെ വിശ്വാസമുണ്ടെങ്കില്‍ മാത്രം പഠിക്കാന്‍ അനുവാദം തന്നാല്‍ മതി’ എന്ന ഒരു ഇമോഷണല്‍ ഡയലോഗില്‍ അവര്‍ വീഴുകയായിരുന്നു. എന്തായാലും അറബി പഠനത്തെപ്പറ്റി തുടക്കത്തിലുണ്ടായിരുന്ന തെറ്റിദ്ധാരണകളൊക്കെ ഇപ്പോള്‍ മാറിയിട്ടുണ്ട്…” -പ്രീജ പറഞ്ഞു. അലന്‍ ആദ്യം പഠിച്ചിറങ്ങിയത് ടി ടി സിക്ക് സമാനമായ അഫ്‌സല്‍ ഉലമ കോഴ്‌സാണ്. ആദ്യം അത് മതിയായിരുന്നു പ്രൈമറി തലത്തില്‍ ജോലി കിട്ടാന്‍. എന്നാല്‍ അലന്‍ പഠിച്ചിറങ്ങാന്‍ നേരത്തേക്ക് കെ-ടെറ്റ് നിര്‍ബന്ധമാക്കി. അപ്പോഴേക്കും അറബി ഭാഷയിലും സാഹിത്യത്തിലും താത്പര്യം വര്‍ധിച്ച അലന്‍ വിശദമായ പഠനത്തിനായി അറബി സാഹിത്യത്തില്‍ ബിരുദപഠനത്തിനു വേണ്ടി യൂണിവേഴ്‌സിറ്റി കോളജില്‍ അഡ്മിഷന്‍ എടുക്കുകയായിരുന്നു. അഡോണസിന്റെയും ദര്‍വീഷിന്റെയും നിസാര്‍ ഖബ്ബാനിയുടെയും മറ്റും കവിതകളെപ്പറ്റിയും ഷെഹറസാദിന്റെ ആയിരത്തൊന്നു രാവുകളുടെ നിഗൂഢമായ കഥകളെപ്പറ്റിയും, എന്തിന് ഏറ്റവും പുതിയ സാഹിത്യകൃതി എന്നടയാളപ്പെടുത്താവുന്ന  ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ ഇന്‍ര്‍നാഷണല്‍ പ്രൈസ് നേടിയ ഒമാനി എഴുത്തുകാരി ജോഖ അല്‍ഹാര്‍സിയുടെ ‘സെലസ്റ്റിയല്‍ ബോഡീസ്’ എന്ന നോവലിനെക്കുറിച്ചും  വരെ അവര്‍ ഏറെ ആവേശത്തോടെ സംസാരിച്ചു. അറബി പഠനമെന്നാല്‍ ഖുര്‍ആന്‍ മാത്രമാണെന്ന തെറ്റിദ്ധാരണ നേരത്തെയുണ്ടായിരുന്നു. മറ്റേതൊരു ഭാഷയും പോലെ പഠിച്ചെടുക്കാവുന്ന ഒരു ഭാഷയാണ് അറബിയെന്നും വളരെ രസകരമായ ഒരു ഭാവനാപ്രപഞ്ചം, അറബിസാഹിത്യത്തിലും നിങ്ങളെക്കാത്തിരിപ്പുണ്ടെന്നും ഇരുവരും പറയുന്നു.
സുരേഷും ചിത്രയും അമൃതയും ഇവിടെ അറബി പഠിപ്പിക്കുകയാണ്
ചിത്രയും അമൃതയും സുരേഷും വിദ്യാര്‍ഥികള്‍ക്കൊപ്പം
അറിവു നുകരുന്നതിനും അത് പകര്‍ന്നു നല്കുന്നതിനും അതിര്‍വരമ്പുകളില്ലെന്ന് ആവര്‍ത്തിക്കുകയാണ് ചെമ്മാട് തൃക്കുളം ഗവ. ഹൈസ്‌കൂളിലെ അറബി അധ്യാപകര്‍. മുസ്‌ലിംകള്‍ക്കു മാത്രമായി അറബി ഭാഷ പതിച്ചു നല്കിയിടത്തു നിന്ന് മതത്തിന്റെ വേലിക്കെട്ടുകളില്‍ കുടുങ്ങിക്കിടക്കേണ്ടതല്ല ഭാഷ എന്ന സന്ദേശമാണ് സ്‌കൂളിലെ അറബി അധ്യാപകര്‍ നല്കുന്നത്. സുരേഷ്‌കുമാര്‍, ചിത്ര, അമൃത എന്നീ മൂന്നു പേരാണ് തൃക്കുളം ഗവ. ഹൈസ്‌കൂളിലെ എല്‍ പി വിഭാഗം അറബി അധ്യാപകര്‍.
മുസ്‌ലിംകളുടെ മതപരമായ സവിശേഷതയുള്ള ഭാഷ എന്ന് കരുതി അതിനോട് പുറം തിരിഞ്ഞു നില്ക്കാതെയാണ് മൂവരും അറബി എന്ന ഭാഷയുടെ മാധുര്യം നുകര്‍ന്നതും അത് പകരാന്‍ തയ്യാറായതും. പി എസ് സി വഴിയാണ് ഹൈസ്‌കൂളിലെ എല്‍ പി വിഭാഗത്തില്‍ കെ പി സുരേഷ്‌കുമാര്‍, എസ് ചിത്ര, ബി എസ് അമൃത എന്നിവര്‍ അറബി അധ്യാപകരായത്.
അറബി പഠിക്കുന്നവരിലും പഠിപ്പിക്കുന്നവരിലും വലിയൊരുവിഭാഗവും മുസ്‌ലിംകളായിരിക്കും. അവിടെയാണ് തൃക്കുളം ഗവ. ഹൈസ്‌കൂളിലെ അറബി അധ്യാപകരായി ഇവരുടെ കടന്നുവരവ്. കുട്ടികള്‍ക്കും ഏറെ പ്രിയപ്പെട്ടവര്‍. ഖുര്‍ആനും ഹദീസും പഠിച്ചിട്ടുമുണ്ട്. തികഞ്ഞ സന്തോഷത്തോടെയാണ് മൂവരും ഈ വഴി തിരഞ്ഞെടുത്തത്. വേങ്ങരയ്ക്കടുത്ത് മണ്ണില്‍പിലാക്കല്‍ സ്വദേശിയായ കെ പി സുരേഷ്‌കുമാര്‍ 2000-ത്തിലാണ് തൃക്കുളം സ്‌കൂളില്‍ അറബി അധ്യാപകനായെത്തിയത്. അന്തരിച്ച മുന്‍ എം എല്‍ എയും മുന്‍ പി എസ് സി അംഗവുമായ കെ പി രാമന്റെ മകനാണ്. തിരൂരങ്ങാടി യത്തീംഖാനയ്ക്ക് കീഴിലെ ഓറിയന്റല്‍ സ്‌കൂളിലായിരുന്നു എല്‍ പി തലം മുതല്‍ പത്താം ക്ലാസുവരെ പഠിച്ചത്. ഒന്നും രണ്ടും ഭാഷകളായി അറബി മാത്രം പഠിപ്പിക്കുന്ന വിദ്യാലയങ്ങളിലൊന്നാണിത്.
ചിത്രയും അമൃതയും പി എസ് സി നിയമനം കിട്ടിയാണ് ഇവിടെയെത്തിയത്. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ചിത്രയും തിരുവനന്തപുരം മടത്തറ ഇലവുപാലം സ്വദേശിയായ അമൃതയും കാലിക്കറ്റ് സര്‍വകലാശാലയുടെ അഫ്‌സല്‍ ഉലമ കഴിഞ്ഞവരാണ്. കൗതുകത്തോടെ സമീപിച്ച ഒരു ഭാഷയെ അനായാസേന കൈകാര്യം ചെയ്യാനായതിലും കുട്ടികള്‍ക്കതു പകര്‍ന്നുനല്‍കാന്‍ കഴിയുന്നതിലും ഏറെ സന്തോഷമുണ്ടെന്ന് ഇവര്‍ പറയുന്നു.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x