അറബികള്‍ ഭൂവിജ്ഞാനങ്ങളുടെ കുലപതിമാര്‍ ഡോ. പി എം മുസ്തഫ കൊച്ചിന്‍
ഭൂമിയെ സംബന്ധിച്ച വ്യവസ്ഥാപിത പഠനമാണ് ഭൂമിശാസ്ത്രം (ജ്യോഗ്രഫി). ഭൂവിജ്ഞാനീയവും (ജിയോളജി) സമുദ്രശാസ്ത്രവും (ഓഷ്യാനോഗ്രാഫി) അഗ്നിപര്‍വത ശാസ്ത്രവും (വോല്‍ക്കാറോളജി) ഭൂകമ്പശാസ്ത്രവും (സീസ്‌മോളജി) ശിലാശാസ്ത്രവും (പെട്രോളജി) ഭൗതിക ശാസ്ത്രവും (ജിയോ ഫിസിക്‌സ്) ഭൂരസതന്ത്രവും (ജിയോ കെമിസ്ട്രി) ഭൂമിശാസ്ത്രത്തിന്റെ ശാഖകളില്‍ പെട്ടവയാണ്.
ഖുര്‍ആനല്‍ ഭൂമി (അര്‍ദ്) എന്നത് 450 സ്ഥലത്ത് പരാമര്‍ശിക്കുന്നുണ്ട്. ചിന്തയ്ക്ക് പരിഗണന നല്‍കുന്ന ഖുര്‍ആന്‍ ഭൂമിശാസ്ത്ര പഠനത്തിന് പ്രചോദനമേകുന്നുണ്ട്. ”ഭൂമി പരത്തപ്പെട്ടത് (സത്വ്ഹ്) എങ്ങനെ എന്ന് മനുഷ്യന്‍ ചിന്തിച്ചു നോക്കുന്നില്ലേ?” (88:20) എന്ന് ഖുര്‍ആന്‍ ചോദിക്കുന്നു. ഭൂമിയെ ഒരു മെത്ത (ഫിറാശ്) ആക്കി വിതാനിച്ചവന്‍ (മാഹിദ്) ആയ അല്ലാഹു എത്രയോ നല്ലവന്‍” (51:48) എന്ന ഖുര്‍ആനിക വചനം ഭൂമിയെക്കുറിച്ച പഠനം അല്ലാഹുവിനെ അറിയുന്നതിന് സഹായകമാകണം എന്നതിലേക്ക് സൂചനയാണ്.
പര്യവേക്ഷണങ്ങള്‍ക്കായി ഭൂമിയില്‍ യാത്ര ചെയ്യണമെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. ‘സൃഷ്ടിയുടെ ആരംഭം’ (29:20), ‘പര്യവസാനം’ (27:69) എന്നിവ എപ്രകാരമാണെന്ന് മനസ്സിലാക്കാം. ”ഭൂമിയില്‍ നിന്നാണ് നാം നിങ്ങളെ സൃഷ്ടിച്ചത്. അതിലേക്ക് തന്നെ നാം നിങ്ങളെ തിരിച്ചയക്കുന്നു. അതില്‍നിന്നുതന്നെ മറ്റൊരിക്കല്‍ നാം നിങ്ങളെ പുറത്തുകൊണ്ടുവരികയും ചെയ്യും” (20:55). ഈ വചനം മണ്ണുമായി മനുഷ്യനുള്ള ആത്മബന്ധം വ്യക്തമാക്കുന്നു.
ആകാശത്തിന്റെ കൂടെ ചേര്‍ത്താണ് ഭൂമിയെ ഖുര്‍ആന്‍ മിക്കവാറും പരാമര്‍ശിക്കുന്നത്. ‘ഭൂമിയും ആകാശങ്ങളും ഒട്ടിച്ചേര്‍ന്നത് (റത്ഖ്) ആയിരുന്നു’ (21:30). 1948-ല്‍ ജോര്‍ജ് ഗാമോ റാല്‍ഫ് ആല്‍ഫര്‍ വന്‍ വിസ്‌ഫോടന (ബിഗ് ബാംഗ്) സിദ്ധാന്തം ആവിഷ്‌ക്കരിക്കുന്നതിന് പതിമൂന്ന് നൂറ്റാണ്ടു മുമ്പ് ഖുര്‍ആന്‍ ഉപയോഗിച്ച റത്ഖ് എന്ന വാക്കില്‍ ഈ കാര്യം ഉള്‍ച്ചേരുന്നുണ്ട്. അല്ലാഹു മനുഷ്യനുവേണ്ടി ഭൂമിയെ വിരിപ്പ് (ബിസാത്വ്) ആക്കി (71:19), മെത്ത (ഫിറാശ്) ആക്കി (2:22), തൊട്ടില്‍ (മഹ്ദ്) ആക്കി (20:53, 43:10) വിശാലം (മദ്ദ) ആക്കി (13:3, 15:19, 50:7) എന്നിവ ഭൂമിയെ സൂക്ഷ്മമായി മനസ്സിലാക്കാന്‍ ഖുര്‍ആനിന്റെ അനുയായികളെ പ്രചോദിപ്പിച്ച പദപ്രയോഗങ്ങളാണ്.
ഭൂമിയെ എന്തിന് സൃഷ്ടിച്ചു?
ഭൂമിയെ അല്ലാഹു കളിയായും (21:16) നിരര്‍ഥകമായും (38:27) സൃഷ്ടിച്ചതല്ല എന്ന് ഖുര്‍ആന്‍ പറഞ്ഞു. പിന്നെ എന്തിനുവേണ്ടിയാണ് അതിനെ സൃഷ്ടിച്ചത്? ഖുര്‍ആന്‍ മറുപടി പറയുന്നു: ”ഭൂമിയെ അല്ലാഹു മനുഷ്യര്‍ക്കായി വെച്ചു (55:10), മനുഷ്യനു വേണ്ടി സൃഷ്ടിച്ചു (2:29), ഭൂമിയില്‍ അവന്ന് ഉപജീവനം ഏര്‍പ്പെടുത്തി (15:20) അവനുവേണ്ടി അതില്‍ വ്യത്യസ്ത വര്‍ണങ്ങള്‍ സൃഷ്ടിച്ചു (16:13).
ഭൂമിശാസ്ത്ര
വികസനം എങ്ങനെ?
ചുരുക്കിപ്പറഞ്ഞാല്‍ ഭൗമപ്രതിഭാസങ്ങളെ പഠനവിധേയമാക്കണമെന്നും ഭൂമിയിലൂടെ സഞ്ചരിക്കണമെന്നും മുസ്‌ലിം ശാസ്ത്രജ്ഞര്‍ക്ക് തോന്നിയതിനു പിന്നില്‍ ഖുര്‍ആനായിരുന്നു പ്രചോദനം. ഭൂമിയെയും പൂര്‍വികരെയും സംബന്ധിച്ച ഖുര്‍ആനിക ചരിത്രം, മക്കയിലേക്കുള്ള ഹജ്ജ് യാത്ര (3:97), നമസ്‌കാരത്തിന് ഖിബ്‌ല നിര്‍ണയത്തിന്റെ ആവശ്യകത (2:144,149,150) ഇവയൊക്കെ ഭൂമിശാസ്ത്രത്തെ വികസിപ്പിച്ച ഘടകങ്ങളായിരുന്നു. വിജ്ഞാന സമ്പാദനത്തിനും വ്യാപാരത്തിനുമുള്ള അറബികളുടെ യാത്രകളും ഈ മേഖലയില്‍ സംഭാവനകളര്‍പ്പിച്ചിട്ടുണ്ട്.
അറബികള്‍
ഗുരുവെന്ന നിലയില്‍
ഭൂമി പ്രപഞ്ച കേന്ദ്രവും അത് പരന്നതും നിശ്ചലമായി നില്‍ക്കുന്നതുമെന്ന ടോളമിയുടെ (എ ഡി 168) സിദ്ധാന്തത്തെ പോളണ്ടുകാരനായ നിക്കോളാസ് കോപ്പര്‍ നിക്കസ് (1473-1542) തിരുത്തിക്കൊണ്ട് ഭൂമിയും മറ്റു ഗ്രഹങ്ങളും സൂര്യനെ ചുറ്റി സഞ്ചരിക്കുന്നുവെന്ന് പ്രസ്താവിച്ചു. ഇതിനെ പിന്തുണച്ചു കൊണ്ട് ഇറ്റലിക്കാരനായ ഗലീലിയോ ഗലീലിയും (1564-1640) രംഗപ്രവേശം ചെയ്തു. സൂര്യനെ കേന്ദ്രമാക്കിയുള്ള ദീര്‍ഘവൃത്തീയ പഥങ്ങളിലാണ് ഗ്രഹങ്ങള്‍ ചലിക്കുന്നതെന്ന് ജര്‍മന്‍കാരനായ ജോഹന്നാസ് കെപ്ലര്‍ (1571-1630) സിദ്ധാന്തിച്ചു. എന്നാല്‍ ഇവര്‍ക്ക് മുമ്പു തന്നെ അബുര്‍റയ്ഹാന്‍ അല്‍ബീറൂനി (973-1048) ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ‘സൂര്യന്റെ ശാസ്ത്രം’ (ഹിക്മതുല്‍ ഐന്‍) എന്ന കൃതിയില്‍ സകരിയല്‍ ഖസ്‌വീനീയും (1203-1283) സൗര കേന്ദ്ര സിദ്ധാന്തം മുന്നോട്ടു വെക്കുന്നുണ്ട്.
‘ഉദയാസ്തമന സ്ഥാനങ്ങളുടെ നാഥന്‍’ (70:41) ‘ഓരോന്നും നിശ്ചിത ഭ്രമണ പഥത്തിലൂടെ നീന്തിത്തുടിച്ചുകൊണ്ടിരിക്കുന് നു’ (21:33, 36:40) എന്നിവ ഭ്രമണ സിദ്ധാന്തത്തിന് ഉപോല്‍ബലകമായി അറബി ശാസ്ത്രജ്ഞര്‍ പരിഗണിച്ച ഖുര്‍ആനിക വചനങ്ങളാണ്. നുസൈ്വറുദീനുത്ത്വുസിയുടെ (1201-1274) ശിഷ്യനായ ഖുത്വ്ബുദ്ദീന്‍ ശീറാസീയുടെ (1236-1311) നിഹായതുല്‍ ഇദ്‌റാക്കില്‍ ഭൂമിയുടെ ഭ്രമണം പരാമര്‍ശ വിഷയമാണ്. അബുല്‍ഫിദാ ഇമാമുദ്ദീന്‍ ഇസ്മാഈല്‍ (1273-1331) തഖാവീമുല്‍ ബുല്‍ദാനില്‍ ദിനമാറ്റത്തെക്കുറിച്ച് വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്.
ഗോളാകൃതിയിലുള്ള ഭൂമി
”അല്ലാഹു രാത്രിയെക്കൊണ്ട് പകലിന്‍മേല്‍ ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട് രാത്രിയില്‍ മേല്‍ചുറ്റി പൊതിയുന്നു” (39:5) എന്ന ഖുര്‍ആനിക പരാമര്‍ശം ഭൂമിയുടെ ഗോളാകൃതിയെ സൂചിപ്പിക്കുന്നു. ഉരുണ്ട വസ്തുവില്‍ എന്തെങ്കിലും ചുറ്റി ഗോളാകൃതിയിലാക്കുന്നതിനാണ് കവ്വറ (യുകവ്വിറു തക്‌വീര്‍) എന്ന പദം അറബിയില്‍ ഉപയോഗിക്കുന്നത്. കുറത് എന്നാല്‍ പന്ത് എന്നര്‍ഥം.
10-ാം നൂറ്റാണ്ടിലെ ഇഖ്‌വാനുസ്സ്വഫായുടെ ലേഖനങ്ങളില്‍ ഭൂമിക്ക് ഗോളാകാരമെന്ന് തെളിവുകള്‍ സഹിതം പറഞ്ഞിട്ടുണ്ട്. ”ഭൂമി പന്തുപോലെ ഉരുണ്ടതാണ്. വെള്ളം അതുമായി പ്രകൃത്യാ തന്നെ ഒട്ടിനില്‍ക്കുന്നു. അതൊരിക്കലും വേര്‍പ്പെടുകയുമില്ല” എന്ന ശരീഫുല്‍ ഇദ്‌രീസിയുടെ (1099-1153) പരാമര്‍ശം വിപ്ലവകരമായിരുന്നു.
‘ഭൂമിയുടെ രൂപം’ (സ്വൂറതുല്‍ അര്‍ദ്) എന്ന പേരില്‍ മുഹമ്മദ് ബിന്‍ മൂസല്‍ ഖുവാരിസ്മിക്ക് (780-847) (അല്‍ഗോരിഥ്മി) ഒരു ഗ്രന്ഥമുണ്ട്. അബൂഅലീ ഇബ്ന്‍ റസ്തഹ് (മരണം 903) പറയുന്നു: ”ഭൂമി ഗോള പഥത്തിനുള്ളില്‍ ഉള്ളുനിറഞ്ഞ് നില്‍ക്കുന്നതും, വായുവില്‍ നിലകൊള്ളുന്നതും പന്തുപോലെ ഗോളാകാരമുള്ളതുമാണ്. അതിനുള്ള തെളിവ് സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ ഉദിക്കുന്നതും അസ്തമിക്കുന്നതും ലോകത്തിന്റെ എല്ലായിടത്തും ഒരേ സമയത്തല്ല. ചന്ദ്രഗ്രഹണം പോലുള്ള സംഭവ വികാസങ്ങളും ഭൂമിയിലെ എല്ലാ സ്ഥലത്തും ഒരേ സമയത്തല്ല അനുഭവപ്പെടുന്നത്”
ഭൂമി പരന്നതോ?!
ഭൂമി പരന്നതാണെന്ന വിശ്വാസത്തെ ചോദ്യം ചെയ്ത ഇബ്ന്‍ ഖുര്‍ദാദ് ബസ് (1314-1364) തന്റെ അല്‍മസാലിക് വല്‍ മമാലിക് എന്ന കൃതിയില്‍ പറയുന്നു: ”പന്തുപോലെ ഗോളാകൃതിയിലുള്ളതാണ് ഭൂമി. പ്രപഞ്ചത്തിനുള്ളില്‍ അതിനെ വെച്ചിരിക്കുന്നത് കോഴിമുട്ടക്കകത്തെ മഞ്ഞക്കരു പോലെയാണ്.” ശിഹാബുദ്ദീനുല്‍ മുഖദ്ദസീ (1314 – 1364) പറഞ്ഞ ഏകദേശ ഗോളാകൃതിയെന്ന ചിന്തയെ അടിവരയിടുന്നതാണ് ഐസക് ന്യൂട്ടന്റെ (1642- 1727) ഭൂമിയുടെ ആകൃതിക്കുള്ള കാരണങ്ങളെ പറ്റിയുള്ള പഠനങ്ങള്‍.
”ഭൂമി പന്തുപോലെ ഉള്ളതാണ്. വെള്ളം അതുമായി പ്രകൃത്യാ തന്നെ ഒട്ടി നില്‍ക്കുന്നു. അതൊരിക്കലും വേര്‍പെടുകയില്ല” എന്ന ഇദ്‌രീസിയുടെ പരാമര്‍ശമായിരുന്നു ഈ രംഗത്ത് വിപ്ലവാത്മക പഠനത്തിന് നാന്ദി കുറിക്കാന്‍ സഹായകമായത്. സിസിലിയിലെ രാജാവും വിജ്ഞാന പ്രേമിയും അറബി വസ്ത്ര ധാരിയുമായി റോജര്‍ (1101-1154) രണ്ടാമന്റെ റമുവിലെ കൊട്ടാരത്തിലെ ആസ്ഥാന ഭൂമിശാസ്ത്രജ്ഞനായിരുന്നു ഇദ്‌രീസി. അദ്ദേഹത്തിന്റെ നുസ്ഹതുല്‍ മുശ്താഖ് ഫീ ഇഖ്‌റാഖില്‍ ആഫാഖ് എന്ന കൃതി ‘റോജറിന്റെ പുസ്തകം’ (കിതാബുറൂജാര്‍) എന്നാണ് അറിയപ്പെടുന്നത്.
ആദ്യത്തെ ഗ്ലോബ് ഏത്?
മനുഷ്യനിര്‍മിതമായ ആദ്യ ഗ്ലോബ്, ഇദ്‌രീസി, തയ്യാറാക്കിയതിന് പിന്നില്‍ റോജറിന്റെ പങ്ക് നിഷേധിക്കാനാവില്ല. രാജാവ് അദ്ദേഹത്തിന് നല്‍കിയ നാല് ലക്ഷം വെള്ളിനാണയത്തില്‍ (ദിര്‍ഹം) മൂന്നിലൊരു ഭാഗം ഉപയോഗിച്ച്, ടോളമിയുടെ ഭൂപടങ്ങള്‍ പരിശോധിച്ച് രണ്ടു മീറ്റര്‍ വ്യാസമുള്ള ഒരു വെള്ളി ഗ്ലോബ് നിര്‍മിച്ച് രാജാവിന് സമ്മാനമായി നല്‍കി. രാജാവില്‍ നിന്ന് അദ്ദേഹത്തിന് ഒരു ലക്ഷം വെള്ളി നാണയങ്ങളും ഒരു വാഹനവും മറ്റു പാരിതോഷികങ്ങളും ലഭിക്കുകയുണ്ടായി എന്ന് കോണോര്‍ഡ് മില്ലര്‍ പ്രസ്താവിക്കുന്നു.
ഭൂപടം ഭൂപ്രദേശമാണോ?
ഭൂപട നിര്‍മാണത്തില്‍ അറബ് മുസ്‌ലിംകള്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അവര്‍ തയ്യാറാക്കിയ ഭൂപടങ്ങള്‍ കൃത്യതയിലും സൂക്ഷ്മതയിലും വേറിട്ടു നില്‍ക്കുന്നു. അക്ഷാംശ- രേഖാംശങ്ങള്‍ മേപ്പുകളില്‍ കാണിക്കുന്നതിന് ആവശ്യമായ പ്രക്ഷേപണ്‍ (പ്രൊജക്ഷന്‍) അവര്‍ വരച്ചുണ്ടാക്കി.
ഹജാജിബ്‌നു യൂസുഫിന് (661- 714) വേണ്ടി അദയ്‌ലം പ്രദേശത്തിന്റെ ഭൂപടം വരച്ചിരുന്നു. മന്‍സ്വൂരിന്റെ (745-775) കാലത്ത് ബസ്വറായിലെ ചതുപ്പ് നിലങ്ങളുടെ ഭൂപടം തയ്യാറാക്കിയിരുന്നു. മഅ്മൂനിന്റെ കാലത്ത് നിര്‍മിച്ച ഭൂപടമായ അസ്‌സ്വൂറതുല്‍ മഅ്മൂനിയാ (മഅ്മൂനി ഭൂപടം) ആണ് ചരിത്രത്തിലെ മികച്ച ആദ്യ ഭൂപടമായി അറിയപ്പെടുന്നത്. ടോളമിയുടേതിനെക്കാള്‍ മികച്ചതെന്നാണ് മസ്ഊദീ അതിനെ വിശേഷിപ്പിച്ചത്. സാബിത് ബിന്‍ ഖുര്‍റായുടെ (836-901) ഭൂപടം സ്വിഫാതു ദുന്‍യാ (ലോകത്തിന്റെ വര്‍ണനകള്‍) എന്നറിപ്പെടുന്നു.
ഇസ്ത്വഖ്‌രീയുടെ (മരണം 957) അല്‍അഖാലീയിലും അല്‍ബിറൂനീയുടെ തഹ്‌നീമിലും ഇദ്‌രീസിയുടെ ആഥാറുല്‍ ബാഖിയ്യായിലും ഭൂപടങ്ങള്‍ കാണാം. ഖവാരിസ്മീ, ഇബിന്‍ ഹൗഖല്‍ നസ്വീനി (910-977) ഖസ്‌വീനീ, ശംസുദ്ദീന്‍ ദിമശ്ഖീ (മരണം 1329), ഉമറുബിനുല്‍ വര്‍ദീ (മരണം 1457) എന്നിവര്‍ ഭൂപട നിര്‍മാണ വിദഗ്ധരായിരുന്നു.
ഏതാണ് ആദ്യ അറ്റ്‌ലസ്
ലോകത്തെ ആദ്യത്തെ അറ്റ്‌ലസായി അറിയപ്പെടുന്നത് അല്‍ബല്‍ഖീയുടെ (850-934) ‘ഭൂഖണ്ഡങ്ങളുടെ ഭൂപടങ്ങള്‍’ (സ്വുവറുല്‍ അഖാലീം) എന്ന വര്‍ണ അറ്റ്‌ലസാണ്. എന്നാല്‍ ആധുനിക അറ്റ്‌ലസിന് രൂപകല്പന ചെയ്തത് 16-ാം നൂറ്റാണ്ടിലെ അബ്രഹാം ഒര്‍ലിസയ് ആണ്. ‘അല്ലാഹുവിന്റെ ഭൂമി വിശാലമാണ്’ (4:93, 29:56, 39:10) എന്നീ ഖുര്‍ആന്‍ പരാമര്‍ശങ്ങള്‍ ഭൂമിയുടെ വിശാലത അളക്കാന്‍ അതിന്റെ അനുയായികളെ പ്രേരിപ്പിച്ചു.
ഭൂമിയുടെ ചുറ്റളവ്
ഫ്രഞ്ച് രാജാവ് ഹെന്‍ട്രി രണ്ടാമന്‍ പാരീസിന് വടക്കുള്ള സമതലത്തില്‍ വെച്ച് ഭൂമിയുടെ ചുറ്റളവ് 24480 ഇറ്റാലിയന്‍ നാഴികയാണെന്ന് നിര്‍ണയിച്ചിരുന്നു. ഇതിന് 700 വര്‍ഷം മുമ്പു തന്നെ മഅ്മൂനിന്റെ കാലത്ത് അത് നിര്‍ണയിച്ചിരുന്നു. മൂസാബിന്‍ ശാകിറിന്റെ പുത്രന്മാര്‍ ഒരു സമതലത്തില്‍ നടത്തിയ പരീക്ഷണത്തിലൂടെ ഒരു ഡിഗ്രിയുടെ അകലം 66.66 മൈലാണെന്നും അതിനെ 360 ഡിഗ്രി കൊണ്ട് ഗുണിച്ച് 24,000 മൈല്‍ (38640 കിലോമീറ്റര്‍) ആണെന്നും സ്ഥാപിച്ചു. ഭൂമിയുടെ ചുറ്റളവ് 22900 മൈല്‍ (36640 കിലോമീറ്റര്‍) ആണെന്ന് ഇദ്‌രീസിയും കണക്കാക്കിയിട്ടുണ്ട്. ഭൂമിയുടെ ഭൂമധ്യരേഖയിലൂടെയുള്ള യഥാര്‍ഥ ചുറ്റളവ് 40,075 കി.മീ ആണ്.
ഭൂമിയുടെ വ്യാസത്തെ കുറിച്ച ആദ്യപഠനം നടത്തിയത് അല്‍ മുതവക്കിലിന്റെ (861) കാലത്തെ അല്‍ഫര്‍ഗാനീയാണ്. കെയ്‌റോവിലെ ഫുസ്ത്വാത്വില്‍ നൈല്‍ നദീ പഠനത്തിലേര്‍പ്പെട്ട അദ്ദേഹം ഇത് 6500 മൈല്‍ (10465 കി.മീ) ആണെന്നാണ് ഗണിച്ചെടുത്തത്. ഭൂമിയുടെ ഭൂമധ്യരേഖയിലൂടെയുള്ള യഥാര്‍ഥ വ്യാസം 12756 കി.മീ. ആണ്. ”നിങ്ങള്‍ എവിടെയായിരുന്നാലും മസ്ജിദുല്‍ ഹറാമിന്റെ നേര്‍ക്കാണ് മുഖം തിരിക്കേണ്ടത്”(2:144) എന്ന ഖുര്‍ആനിക വചനം ഓരോ നാടിന്റെയും ഖിബ്‌ല കണ്ടുപിടിക്കല്‍ മുസ്‌ലിംകളുടെ ബാധ്യതയായി മാറി. അത് ഭൂമിശാസ്ത്ര പഠനത്തിലേക്ക് നയിച്ചു.
അബൂഅബ്ദില്ല അല്‍ബതാനീയുടെ (858-929) അസ്സീജ് എന്ന കൃതിയില്‍ ഖിബ്‌ലയെക്കുറിച്ച് കാര്യങ്ങളുണ്ട്. വെറും ക്ഷേത്രഗണിതം മാത്രം ഉപയോഗിച്ച് ഖിബ്‌ല വരച്ചു കണ്ടുപിടിക്കുന്ന ഒരു മാര്‍ഗം ടോളമി രണ്ടാമന്‍ എന്നറിയപ്പെടുന്ന അല്‍ഹസന്‍ ബിന്‍ ഹൈഥം (965-1039) കണ്ടുപിടിച്ചു. ഈ വഴി ഉപയോഗിച്ച് കണ്ടെത്തിയ അളവുകള്‍ അല്‍ബിറൂനി തന്റെ ഖാറൂനുല്‍ മസ്ദി എന്ന ഗ്രന്ഥത്തില്‍ പ്രസിദ്ധപ്പെടുത്തി. സ്‌ഫെറിക്കല്‍ ട്രിഗോനോമെട്രി ഉപയോഗിച്ച് ഖിബ്‌ല കണ്ടുപിടിച്ച ഇബ്ന്‍ യൂസുഫ് (മരണം 1009) ന്റെ നാമം ചരിത്രത്തിലുണ്ട്.
അക്ഷാംശവും രേഖാംശവും
ബഗ്ദാദിന്റെ അക്ഷാംശം മൂസാബിന്‍ ശാകിറിന്റെ പുത്രന്മാര്‍ മഅ്മൂനിന്റെ കാലത്ത് സിഞ്ചാര്‍ സമതലത്തില്‍ വെച്ച് നിര്‍ണയിച്ചു. ഫുസ്ത്വാത്വിന്റെ അക്ഷാംശം ഇബിന്‍ യൂസുഫും തിട്ടപ്പെടുത്തി. ഇബ്‌നുല്‍ ഹൈഥം അക്ഷാംശ -രേഖാംശ നിര്‍ണയത്തെക്കുറിച്ച് ഗ്രന്ഥം രചിച്ചിട്ടുണ്ട്. അല്‍ബിറൂനിയുടെ തഫ്ഹീം, അല്‍ഹിജ് എന്നീ കൃതികളില്‍ ഇതിന്നാവശ്യമായ ഗണിത വിജ്ഞാനമുണ്ട്.
ഭൂമധ്യരേഖയില്‍ നിന്ന് ധ്രുവം വരെയുള്ള അകലത്തെ 90 ഡിഗ്രികളായും, ഭൂമധ്യരേഖയെ 360 ഡിഗ്രികളായും വിഭജിച്ച മുഖ്ദ്ദസീ തെക്കേ അര്‍ധഗോളങ്ങളിലാണ് വന്‍കരകള്‍ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് വിവരിച്ചു. ഭൂഖണ്ഡ സിദ്ധാന്ത ഉപജ്ഞാതാവായ ജര്‍മന്‍കാരന്‍ ആല്‍ഫ്രെഡ് വെഗ്‌നര്‍ക്ക് (1880-1930) മുമ്പ് തന്നെ, ഇദ്‌രീസി തന്റെ നുസ്ഹ്ത് എന്ന കൃതിയില്‍ ഭൂമിയെ 7 ഭൂഖണ്ഡങ്ങള്‍ (ഇഖ്‌ലീം) ആയി വിഭജിച്ചിട്ടുണ്ട്.
സമുദ്രശാസ്ത്ര ഗുരുക്കള്‍
അറ്റ്‌ലാന്റിക് മഹാസമുദ്രത്തിന് ഇന്ത്യന്‍ മഹാ സമുദ്രവുമായി ബന്ധമുണ്ടെന്ന തത്വം അല്‍ബീറൂനി അല്‍ജവാഹിര്‍ എന്ന ഗ്രന്ഥത്തിലൂടെയാണ് ആദ്യമായി അവതരിപ്പിക്കുന്നത്. മധ്യധരണ്യാഴിയെക്കുറിച്ച് ടോളമിക്ക് പറ്റിയ ഭീമാബദ്ധങ്ങള്‍ ഇദ്‌രീസി തുറന്നു കാണിച്ചു. സമുദ്രശാസ്ത്രത്തില്‍ (ഓഷ്യനോഗ്രാഫി) ഇല്‍മുല്‍ ബഹ്ര്‍ എന്ന ഗ്രന്ഥം രചിച്ച വ്യക്തിയാണ് ഇബിന്‍ മാജിദ് (1432 -1498)
”രണ്ട് ജലാശയങ്ങളെ തമ്മില്‍ കൂടിക്കലരാത്ത വിധം അല്ലാഹു അയച്ചുവിട്ടു. അവ രണ്ടിനുമിടയില്‍ അന്യോന്യം അതിക്രമിച്ച് കടക്കാത്ത വിധത്തില്‍ ഒരു തടസ്സം (ബര്‍സഖ്) ഉണ്ട്” (55 റഹ്മാന്‍ 19,20) എന്ന ഖുര്‍ആന്‍ വാക്യം മോറീസ് ബുക്കായ് ഫ്രാന്‍സിലെ സമുദ്രശാസ്ത്രജ്ഞനായ ക്യാപ്റ്റന്‍ ജാക്‌സ് കസ്റ്റോക്കിന് കേള്‍പ്പിച്ച് കൊടുത്തപ്പോള്‍ അത് അദ്ദേഹത്തിന്റെ ഇസ്‌ലാമാശ്ലേഷണത്തിന് നിമിത്തമായി.
അറബ് ഭൂമിശാസ്ത്രജ്ഞന്മാര്‍ ഭൂമിയില്‍ സഞ്ചരിച്ചാണ് മിക്ക കൃതികളും രചിച്ചത്. ‘അല്‍ബുല്‍ദാന്‍’ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ അഹ്മദ് ബിന്‍ അബീയഅ്ഖൂബ് എന്ന യഅ്ഖൂബിയും അബൂസൈദ് ഹസനും (മരണം 916), 16-ാം വയസ് മുതല്‍ സഞ്ചാരിയായിത്തീര്‍ന്ന ഇദ്‌രീസിയും അല്‍ഹറവിയും (1215) സഞ്ചാരികളായിരുന്നു. ഇബ്‌നു ഖുര്‍ദാദ് ബഹ്, അല്‍ജൈഹാനീ (മരണം 942) അബുല്‍ ഫറജ് ഖുദ്ദാമതു ഇബ്‌നുജഅ്ഫര്‍ (949) എന്നിവരുടെ കൃതികളില്‍ സംഭവിച്ച തെറ്റുകള്‍ തിരുത്താന്‍ സാഹസിക യാത്ര നടത്തിയ ഇബ്ന്‍ ഹൗഖല്‍. അല്‍മസാലിക് വല്‍ മമാലിക് എന്ന ഗ്രന്ഥം രചിച്ചു. മുഖദ്ദസിയും സാഹികയാത്ര നടത്തിയവരില്‍ പ്രമുഖനാണ്.
സഞ്ചാര സാഹിത്യ
സംഭാവനകള്‍
സഞ്ചാര സാഹിത്യത്തില്‍ അറബികള്‍ മികച്ച സംഭാവനകള്‍ നല്‍കിയവരാണ്. അറിയപ്പെട്ടതില്‍ ആദ്യത്തെ യാത്രാവിവരണം അല്‍മുഖ്തദിരിന്റെ (921) കാലത്ത് അഹ്മദ് ബിന്‍ ഫദ്‌ലാലിന്റെ രിസാലതുന്‍ ഫിര്‍റൂസ് എന്നതാണ്. മക്കയിലെക്കുള്ള തന്റെ തീര്‍ഥയാത്രയെ വിവരിച്ച ഇബ്ന്‍ ജുബയ്ര്‍ (1147-1217) ട്രവന്‍സ് ഓഫ് ഇബ്ന്‍ ജുബൈര്‍ (രിസ്‌ലതു ഇബ്‌നു ജുബൈര്‍) എന്ന പേരില്‍ ഇംഗ്ലീഷ് പതിപ്പ് ലണ്ടനനില്‍ നിന്ന് പ്രസിദ്ധീകൃതമായിട്ടുണ്ട്. മംഗോളിയ യാത്ര രചിച്ച അബ്ദുല്ലത്തീഫില്‍ ബഗ്ദാദീ (1162-1231) ചരിത്രത്തിലിടം പിടിച്ചിട്ടുണ്ട്.
വെനീഷ്യന്‍ സഞ്ചാരി മാര്‍ക്കോപോളോ (1254-1324) യേക്കാള്‍ കൂടുതല്‍ സഞ്ചരിച്ച് വിവരണം തയ്യാറാക്കിയ ഇബ്ന്‍ ബത്വൂത്വാ (1304-1378) യുടെ രിഹ്‌ലതു ഇബ്‌നുല്‍ ബത്വൂത്വായില്‍ കടലുകളെക്കുറിച്ച ശാസ്ത്രീയ വിവരം ഉണ്ട്. 28 വര്‍ഷത്തെ സഞ്ചാരത്തില്‍ 1, 24,000 കി.മീ അദ്ദേഹം താണ്ടിയിരുന്നു.
ഇന്ത്യന്‍ ഭൂമിശാസ്ത്രം
ഇന്ത്യയുടെ ഭൂമിശാസ്ത്ര പ്രത്യേകതകളും അറബികള്‍ പഠനവിധേയമാക്കി. അല്‍ബിറൂനിയുടെ തഫ്ഹീമും അല്‍ഹിന്ദും നുസ്ഹതും ഈ മേഖലയിലുള്ള പുസ്തകങ്ങളാണ്. സിന്ധു-ഗംഗാ സമതലം ഒരു കാലത്ത് സമുദ്രമായിരുന്നെന്ന തത്വം ആദ്യമായി പ്രവചിച്ചതും അല്‍ബിറൂനിയാണ്. ഇന്ത്യന്‍ മഹാ സമുദ്ര തീരത്തേക്കുള്ള കച്ചവട കപ്പലിലെ കപ്പിത്താന്മാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് തയ്യാര്‍ ചെയ്ത അജാഇബുല്‍ ഹിന്ദ് എന്ന കൃതി ബര്‍സഖ് ബിന്‍ ശഹരിയാരിന്റേതാണ്.
കേരളം കണ്ട ആദ്യ സഞ്ചാരിയായ സുലൈമാനുത്താജിറും അബൂസൈദ് ഹസനും (916) ചേര്‍ന്ന് ഇന്ത്യയെക്കുറിച്ച് രചിച്ച കൃതിയാണ് സില്‍സിലതുത്തവാരീഖ് (9-ാം നൂറ്റാണ്ട്) പേര്‍ഷ്യ ഉള്‍ക്കടലിലും വിദൂര പൂര്‍വദേശത്തും സഞ്ചരിച്ച് നേടിയ വിവരങ്ങള്‍ മറ്റു കച്ചവടക്കാരുടെ പ്രയോജനത്തിനായി ക്രോഡീകരിക്കുകയാണുണ്ടായത്. കപ്പലോട്ടക്കാരന്‍ സിന്ദ്ബാദിന്റെ സാഹസിക യാത്രകളെപ്പറ്റിയുള്ള കെട്ടുകഥകളുടെ വിവരണം ഇത്തരം യഥാര്‍ഥ യാത്രാവിവരണത്തില്‍ നിന്നാണ് ശേഖരിച്ചിട്ടുള്ളത്.
കേരളീയ ഭൂമിശാസ്ത്രം
കേരളം കണ്ട സഞ്ചാരികളില്‍ 20 ശതമാനവും അറബ് മുസ്‌ലിംകളായിരുന്നു. സുലൈമാനുത്താജിര്‍, ഇബ്ന്‍ ഖുര്‍ദാദ് ബഹ്, അബൂസൈദ് ഹസന്‍, മസ്ഊദി, ബിറൂനി, ഇദ്‌രീസീ, അബുല്‍ ഫിദാ മുഹമ്മദ് (940-998) ഇബ്‌നു ബത്വൂത്വ, അബ്ദുര്‍ റസ്സാഖ് സമര്‍ഖജീ (1413-1482) എന്നിവരാണവര്‍. ചൈനക്കാരനായ മുസ്‌ലിം സഞ്ചാരി മാഹ്വാന്‍ 1408 ല്‍ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. ശിലകള്‍, ഖനിജങ്ങള്‍, പര്‍വതം, അഗ്നിപര്‍വത സ്‌ഫോടനം എന്നീ മേഖലകളില്‍ മുമ്പേ പഠനം നടത്തിയവരാണ് അറബികള്‍. ഇതിന് പ്രചോദനമായിട്ടുള്ളത് ഖുര്‍ആനാണ്.
പര്‍വതശാസ്ത്രം
ഭൂമിയില്‍ മലകളെ ആണി (വത്ദ്) ആക്കി (78:7), ഉറച്ചുനില്‍ക്കുന്ന (റാസിയാ) പര്‍വതങ്ങളെ സ്ഥാപിച്ചു. (15:19) 27:61, 50:7) ഉന്നതങ്ങളായ (ശാമിഖ്) ഉറച്ച മലകളെ സ്ഥാപിച്ചു (77:27) എന്ന് ഖുര്‍ആന്‍ പറയുന്നു. ഇവയൊക്കെ ഭൂമി ഇളകാതിരിക്കാന്‍ (16:15, 21:31, 31:10) സംവിധാനിച്ചതാണ്. ഫിസിക്കല്‍ ജിയോളജിയ ഐസോസ്റ്റാറ്റിക് ബാലന്‍സിനെക്കുറിച്ച് 1889 ആണ് പഠനങ്ങള്‍ വന്നിട്ടുള്ളത്. പര്‍വത രൂപീകരണം, അഗ്നിപര്‍വത സ്‌ഫോടന കാരണം എന്നിവയെക്കുറിച്ച് ഇബ്ന്‍സീന അല്‍മആദിന്‍ എന്ന തന്റെ കൃതിയില്‍ പരാമര്‍ശിക്കുന്നു. ആല്‍പ്‌സ് മുതല്‍ ഹിമാലയം വരെയുള്ള മലകളെക്കുറിച്ച് അല്‍ബിറൂനി വിവരം നല്‍കിയതും നിഹാമയിലെ മലകളെപ്പറ്റി ഇബ്ന്‍ അസ്ബാജിന്റെ ഗ്രന്ധവും സമഖ്ശരീയുടെ (മരണം 1144) കൃതിയും വെളിച്ചമേകി.
ഭൂമിശാസ്ത്ര കൃതികള്‍
മസ്ഊദിയുടെ മുറൂജൂദഹബ് എന്ന കൃതിയും ശിഹാബുദ്ദീന്‍ തിഫാശീയുടെ (മരണം 1253) അസ്ഹാറുല്‍ അഫ്കാറും അല്‍ഹമദാനീ ഇബ്ന്‍ ഹാഇക്കിന്റെ (893 -945) കൃതിയും ശിലാശാസ്ത്രം (പെറ്റ്‌റോളജി), ഖനിജശാസ്ത്രം (മിനറലോളജി) എന്നീ മേഖലകളില്‍ വെട്ടം നല്‍കുന്നുണ്ട്.
മഹ്മൂദ് ബിന്‍ ഉമറുല്‍ ഇസ്വ്ഫഹാനിയുടെ (1119) മസാലികുല്‍ അബ്‌സ്വാര്‍, അനുഫാര്‍ഗാനീയുടെ അല്‍മദ്ഖല്‍, അബുല്‍ഫിദയുടെ (1273-1331) തഖ്‌വീമുല്‍ ബുല്‍ദാന്‍, താരീഖുല്‍ ബശ്ര്‍, അകിന്‍ദിയുടെ (801-874) റസ്മുല്‍ മഅ്മൂര്‍, സറഖ്‌സീയുടെ (899) മസാലിക് എന്നീ ഗ്രന്ഥങ്ങള്‍ ഭൂമിശാസ്ത്ര ഗ്രന്ഥങ്ങളാണ്.
അഹ്മദ് ദീനവരി (828-898) ഹംദുല്ലാ മുസ്തൗഫീ (1281-1349), മഹ്മൂദുല്‍ കശ്ഗരി (1005-1102), അമീന്‍ അഹ്മദ് റാസീ (1594), ഇബ്‌നു റുശ്ദ് (1126-1198) എന്നിവരും ഭൂമിശാസ്ത്രജ്ഞരുടെ ഗണത്തില്‍ വരുന്നവരാണ്.
അബുല്‍ഖാസിം ഉബൈദുല്ലാ ഹിബ്ന്‍ അബ്ദുല്ലയുടെ അല്‍മസാലിക് പില്‍ക്കാലക്കാര്‍ എടുത്തുദ്ധരിക്കുന്ന ഗ്രന്ഥങ്ങളില്‍ പെട്ടതാണ്. നസ്വീറുല്‍ ഖുസ്‌റു (1045) എന്ന സഞ്ചാരിയുടെ സഫര്‍ നാമ ഒരു നല്ല ഭൂമിശാസ്ത്ര ഗ്രന്ഥമാണ്. യാഖൂത്വുല്‍ ഹമവിയുടെ ഒന്‍പത് വര്‍ഷമെടുത്ത് രചിച്ച ഭൂമിശാസ്ത്ര കൃതിയാണ് മുഅ്ജമുല്‍ ഖുല്‍ദാന്‍. അറബികള്‍ സംഭാവന ചെയ്ത ഭൂമിശാസ്ത്ര സാങ്കേതിക പദങ്ങളാണ്. അസിമുത് (ദിഗംശം) അസ്‌ട്രോലാബ് (താരാലംബകം), അല്‍മനാഖ്, സെനിത് എന്നിവ.