അമേരിക്ക കണ്ടെത്തിയതിന് പിന്നിലെ അവകാശികളാര്? ഡോ. പി എം മുസ്തഫ കൊച്ചിന്‍
ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയ നാലാമത്തെ വിദേശ സഞ്ചാരിയായ അല്‍ബിറൂനീ (അബൂറയ്ഹാൻ മുഹമ്മദ് ഇബ്‌നു അഹ്മദില്‍ ബിറൂനി 973 – 1050) യുടെ പ്രവചനത്തിന്റെ പുലര്‍ച്ചയാണ് കൊളംബസിന്റെ അമേരിക്ക കണ്ടുപിടുത്തമെന്ന് പ്രമുഖ ചരിത്രകാരനായ വേലായുധന്‍ പണിക്കശേരി, കേരള സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുന്ന സര്‍വ വിജ്ഞാന കോശത്തില്‍ അല്‍ബിറൂനി എന്ന ശീര്‍ഷകത്തില്‍ പറയുന്നു: ”അമേരിക്കന്‍ വന്‍കര തികച്ചും അക്കാലത്ത് അജ്ഞാതമായിരുന്നു. അത്‌ലാന്റിക് സമുദ്രത്തിനപ്പുറത്ത് ജനവാസമുണ്ടെന്ന് അല്‍ബിറൂനി പ്രവചിച്ചിരുന്നു. ആ പ്രവചനം ശരിയാണെന്ന് കൊളംബസ് തെളിയിച്ചു.” (വാള്യം 2, പേജ് 381). അറ്റ്‌ലാന്റിക്കിനപ്പുറം കുറെ ജനതയും നാഗരികതയുമുണ്ടെന്ന് കൊളംബസിന് മൂന്ന് ശതകം മുമ്പ് ജീവിച്ച സ്‌പെയിന്‍കാരനായ ഇബ്‌നുല്‍ അറബി (1165) യും പറഞ്ഞിട്ടുണ്ട്.3
കൊളംബസ് അറബിക്കപ്പലില്‍
ഇറ്റലിയിലെ ജെനോവയില്‍ 1451 ല്‍ ജനിച്ച ക്രിസ്റ്റഫര്‍ കൊളംബസ് പതിനാലാം വയസ്സ് മുതല്‍ കപ്പല്‍ ജോലിയിലേര്‍പ്പെട്ടിരുന്നു. 1467 ല്‍ തന്റെ പതിനാറാം വയസ്സില്‍ ഒരു അറബിക്കപ്പലിലെ അപ്രശസ്തനായ നാവികനായിരുന്നു അദ്ദേഹം. 1476 ല്‍ ഇറ്റാലിയന്‍ ചരക്കുകപ്പല്‍ കടല്‍ കൊള്ളക്കാരുടെ അക്രമത്തില്‍ നശിച്ചപ്പോള്‍ പലകയില്‍ പിടിച്ചുകിടന്ന് കൊളംബസ് പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബനിലെത്തി. കടല്‍ മാര്‍ഗം ഏഷ്യയിലെത്താനുള്ള ഒരു പുതിയ പദ്ധതിയുമായി പോര്‍ച്ചുഗല്‍ രാജാവിനെ അദ്ദേഹം സമീപിച്ചു. ഫ്രാന്‍സിനെയും ഇംഗ്ലണ്ടിനെയും സമീപിച്ചെങ്കില്‍ രാജാക്കന്മാര്‍ തയ്യാറായില്ല. ”അറ്റ്‌ലാന്റിക് മറികടന്ന് സുഗന്ധ വ്യഞ്ജനങ്ങളുടെ നാടായ പൗരസ്ത്യദേശ ദേശത്തേക്കുള്ള വഴി കണ്ടുപിടിക്കാം, യാത്രയ്ക്കു വേണ്ട സഹായങ്ങള്‍ നല്‍കണം” എന്ന അപേക്ഷയുമായി 1490 ല്‍ സ്‌പെയിനിലെ ഇസബെല്ലാ രാജ്ഞിയെ കാണാനെത്തി. ലഭിക്കുന്ന വാണിജ്യ വിഭവങ്ങളുടെ 10 ശതമാനവും ഉന്നത പദവിയും നല്‍കണമെന്നതായിരുന്നു നിബന്ധന.
കൊളംബസിന്റെ കപ്പലില്‍ അറബികള്‍
1492 ജനുവരിയില്‍ മുസ്്‌ലിം സൈന്യം സ്‌പെയിനിലെ ഗ്രാനഡ പിടിച്ചടക്കിയിരുന്നു. ഇതേ വര്‍ഷം ആഗസ്ത് 3-ാം തിയ്യതിയാണ് സാന്താമര്‍യാ, നീനാ, പിന്റാ എന്നീ മൂന്നു കപ്പലുകളുമായി സ്‌പെയിനിലെ പാലോസ് തുറമുഖത്ത് നിന്ന് കൊളംബസും കൂട്ടരും പുറപ്പെട്ടത്. കപ്പലിലെ മൂന്നിലൊരു ഭാഗം സഹയാത്രികര്‍ സ്‌പെയിനിലെ അറബി നാവികരായിരുന്നു. അവര്‍ ഉപയോഗിച്ചിരുന്ന ആസ്‌ട്രോലാബ്, കോമ്പസ്, ഷഡ്‌കോണം എന്നീ നാവിക ഉപകരണങ്ങള്‍ അറബികളുടേതായിരുന്നു. സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പര്യവേക്ഷകര്‍ക്ക് സ്‌പെയിനിലെ അറബി മുസ്‌ലിംകള്‍ വഴികാട്ടികളായിരുന്നു.
അറബിയാവുന്ന കൊളംബസ്
അറബികള്‍ സമുദ്ര സഞ്ചാരത്തിനുപയോഗിച്ചുവന്ന ആസ്‌ട്രോലാബ് പോലുള്ള ഉപകരണങ്ങളെക്കുറിച്ചും സമ്പ്രാദയത്തെപ്പറ്റിയും പ്രതിപാദിക്കുന്ന നിരവധി ഗ്രന്ഥങ്ങളും ഭൂപടങ്ങളും കൊളംബസ് അറബി ഭാഷയില്‍ നിന്ന് നേരിട്ട് തന്നെ പഠിച്ചിരുന്നു. കൊളംബസിന്റെ മരണശേഷം മാത്രം പ്രസിദ്ധം ചെയ്ത അദ്ദേഹത്തിന്റെ ഒരു ലേഖനത്തില്‍ മഹാ സമുദ്രത്തിനപ്പുറം ഒരു പുതിയ വന്‍കരയുണ്ടെന്ന് അറബി പണ്ഡിതരുടെ പുസ്തകങ്ങളില്‍ നിന്നാണ് തനിക്ക് വിവരം കിട്ടിയതെന്ന് രേഖപ്പെടുത്തിയതായി പ്രശസ്ത ഫ്രഞ്ച് ചരിത്രകാരന്‍ റോനന്റെ ‘ഇബിന്‍ റുശ്ദും അദ്ദേഹത്തിന്റെ മാര്‍ഗവും’ എന്ന കൃതിയില്‍ പറയുന്നുണ്ട്.
കൊളംബസിന്റെ ലൈബ്രറിയില്‍ അറബി ഗ്രന്ഥം
കൊളംബസിന്റെ സ്വകാര്യ ലൈബ്രറിയില്‍ അറബി ഭൂമിശാസ്ത്രജ്ഞനായ അല്‍ ഇദ്‌രീസി (1100 – 1166) യുടെ നുസ്ഹതുല്‍ മുശ്താഖ് ഫീ ഇഖ് തിറാഇല്‍ ആഫാഖ്’ എന്ന ഗ്രന്ഥം ഉണ്ടായിരുന്നുവെന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇദ്‌രീസിയുടെ കാലത്തിന് മുമ്പു തന്നെ എട്ട് പേരടങ്ങുന്ന ഒരു മുസ്്‌ലിം സംഘം അമേരിക്കയില്‍ എത്തിയതായി ഈ പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. സിസിലിയിലെ രജാവ് റോജര്‍ രണ്ടാമന്റെ സദസ്സിലെ പണ്ഡിതനായ ഇദ്‌രീസി തന്റെ യാത്രയ്ക്കിടയില്‍ കിട്ടിയ അറിവിന്റെയടിസ്ഥാനത്തില്‍ 1154 ല്‍ രാജാവിന് വേണ്ടി ലോകഭൂപടം വരച്ചിരുന്നു.
ക്യൂബയില്‍ മസ്ജിദ്
കൊളംബസിന്റെ ഒന്നാം യാത്രയില്‍ ‘പിന്റാ’യിലെ നാവികരാണ് ആദ്യം ക്യൂബന്‍ (വടക്കെ അമേരിക്ക) കര കണ്ടത്. അത് ചൈനയാണെന്നാണ് അവര്‍ കരുതിയത്. കരയില്‍ ഒരു മസ്‌ജിദിന്റെ താഴികക്കുടം ശ്രദ്ധയില്‍ പെട്ടതിനാല്‍ അവിടെ അറബികള്‍ ഉണ്ടായിരിക്കുമെന്ന നിഗമനത്താല്‍ അവരവിടെ ഇറങ്ങിയില്ല. അവര്‍ ഇറങ്ങിയ ഗ്വാട്ടിമാല (വടക്കേ അമേരിക്ക) ക്കടുത്തുള്ള മറ്റൊരു ദീപിന് ‘സാന്‍ സാല്‍വദോര്‍’ എന്ന് നാമകരണം ചെയ്തു.അവിടത്തെ ടെയിനോ ആദിവാസികള്‍ അവരെ സ്വീകരിച്ചു. പിന്നീട് രണ്ട് അമേരിക്കന്‍ ഭൂഖണ്ഡങ്ങള്‍ക്കുമിടയിലുള്ള കരീബിയന്‍ കടലില്‍ ക്യൂബക്കടുത്തുള്ള പശ്ചിമേന്ത്യന്‍ ദ്വീപ് സമൂഹത്തിലെ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ ഹിസ്പാനിയോലായില്‍ ഇറങ്ങി. 1493 മാര്‍ച്ചില്‍ കൊളംബസ് സ്‌പെയിനില്‍ തിരിച്ചെത്തി.
കൊളംബസിന്റെ യാത്രോദ്ദേശം
യഥാര്‍ഥത്തില്‍ കൊളംബസിന്റെ യാത്രോദ്ദേശ്യം സ്വര്‍ണവേട്ടയായിരുന്നു. ആദ്യത്തെ രണ്ടാഴ്ചകളിലെഴുതിയ ഡയറിക്കുറിപ്പില്‍ 75 സ്ഥലത്ത് സ്വര്‍ണം പരാമര്‍ശിക്കുന്നുവെന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ചരിത്രഗവേഷകനായിരുന്ന സാമുവല്‍ എലിയറ്റ് മാരിസണിന്റെ ‘കൊളംബസിന്റെ ചരിത്രം’ എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശമുണ്ട്.
ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍
സ്‌പെയിന്‍കാരും കൊളംബസും എത്തിയശേഷം ചര്‍ച്ചയാക്കി മാറ്റിയ ഒരു പള്ളിയുടെ അവശിഷ്ടം ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ ആസുവാ പട്ടണത്തില്‍ കാണാം. ചുമരില്‍ ‘ലാ ഇലാഹാ ഇല്ലല്ലാഹ്’ (അല്ലാഹുവല്ലാതെ മറ്റൊരാരാധ്യനില്ല – ഖുര്‍ആന്‍ 47:19) എന്ന് അറബിയില്‍ കൊത്തി വെച്ചത് ഇന്നും കാണാം. കൊളംബസിന്റെ 3-ാം യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് വാസ്‌കോഡ ഗാമ (1460 – 1524) ആദ്യമായി കടല്‍മാര്‍ഗം ഇന്ത്യയിലെത്തിയ യൂറോപ്യന്‍ സഞ്ചാരിയായ വിവരം കൊളംബസ് അറിഞ്ഞത്.
ബ്രസീല്‍ കണ്ടെത്തിയത്
ഗാമയുടെ പിന്‍ഗാമിയായി പോര്‍ച്ചുഗീസ് നാവികന്‍ പെഡ്രോ അല്‍ വാരിഥ് കാബ്രാല്‍ (1467 – 1519) ഇന്ത്യയിലേക്ക് പുറപ്പെട്ട് ആഫ്രിക്കന്‍ തീരം കഴിഞ്ഞ് എത്തിച്ചേര്‍ന്ന നാട്ടില്‍ കുറെ കുരിശുകള്‍ കണ്ടു. ആ നാട്ടിന് ബ്രസീല്‍ (ശരിയായ കുരിശുകളുടെ നാട്) എന്ന് പേരിട്ടു. 1500 മാര്‍ച്ച് ഒമ്പതിനാണിത്. ഈ സംഘത്തിലെ ഇറ്റലിയിലെ, ഫ്‌ളോറന്‍സുകാരനായ അമേരിഗോ വെസ്പുചി (1451 – 1512) യുടെ വിവരണത്തില്‍ നിന്നാണ് ആ ഭൂഖണ്ഡത്തിന് അമേരിക്ക എന്ന പേര്‍ ലഭിച്ചത്. 1507 ല്‍ ജര്‍മന്‍ ഭൂപട നിര്‍മാതാവായ വാള്‍ട്ട് സീ മുള്ളര്‍ പുതിയ ഭൂഖണ്ഡത്തിന് ഭൂപടത്തില്‍ അമേരിക്ക എന്ന് പേര് രേഖപ്പെടുത്തി.
ഹെയ്തിയിൽ
താന്‍ കാലുകുത്തിയ ഹെയ്തി ഇന്ത്യയിലാണെന്നാണ് മരണം വരെ കൊളംബസ് വിശ്വസിച്ചത്. അവസാനകാലത്ത് ദരിദ്രനായ അദ്ദേഹം രാജാവ് നല്‍കിയ നിസാര പെന്‍ഷന്‍ കൊണ്ടാണ് ജീവിച്ചത്. അമേരിക്ക കണ്ടുപിടിച്ചത് ക്രിസ്റ്റഫര്‍ കൊളംബസ് എന്ന ഇറ്റാലിയന്‍ നാവികനാണെന്ന സിദ്ധാന്തം ഇന്ന് ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
കാനഡയിലെത്തിയത് ആര്‍?
വെനീഷ്യന്‍ പൗരനായ ഇറ്റാലിയന്‍ സുഗന്ധവ്യാപാരി ജോണ്‍ കാബട്ട് (1450 -1499) കൊളംബസിന് മുന്‍പേ അമേരിക്കയിലെത്തിയെന്ന് ഡിസ്‌കവറി ന്യൂസ് പുറത്തുവിട്ട ‘കാബട്ട് രേഖ’ സൂചിപ്പിക്കുന്നു. ഇംഗ്ലണ്ടിലെ ഹെന്റി ഏഴാമന്റെ അനുമതിയോടെ ബ്രിസ്റ്റലില്‍ (ഇംഗ്ലണ്ട്) നിന്ന് യാത്രയായ കാബട്ട് 1497 ല്‍ തന്നെ വടക്കേ അമേരിക്കയിലെ ന്യൂഫൗണ്ട് ലാന്റി (കാനഡ) ലെത്തിയതായി ഫ്‌ളോറന്‍സിലെ ഒരു ആര്‍ക്കൈവ്‌സില്‍ നിന്ന് ലഭിച്ച പുരാതന രേഖകളുടെ സഹായത്തോടെ ഡിസ്‌കവറി അവകാശപ്പെടുന്നു. കാനഡ കണ്ടെത്തിയ ഈ സഞ്ചാരി ആ നാടിന് ന്യൂ ഇംഗ്ലണ്ട് എന്നാണ് അന്ന് പേര് വിളിച്ചത്.
1496 നും 1498 നുമിടയില്‍ മൂന്ന് യാത്രകള്‍ അദ്ദേഹം നടത്തി. 1497 മെയില്‍ ‘മാത്യു’ എന്ന കപ്പലില്‍ നടത്തിയ തന്റെ രണ്ടാം യാത്രയിലാണ് കാനഡയിലെ നോവസ്കോഷ്യ, ബ്രെട്ടന്‍ മുനമ്പ്, റേസ് മുനമ്പ് എന്നിവിടങ്ങളില്‍ ഇറങ്ങിയത്. കാനഡയിലെ കാബട്ട് കടലിടുക്ക് അദ്ദേഹത്തിന്റെ പേരിലറിയപ്പെടുന്നു. ആഗസ്റ്റില്‍ അദ്ദേഹം ബ്രിസ്റ്റോലില്‍ തിരിച്ചെത്തി.
36 വര്‍ഷം സ്‌പെയിനില്‍ ചെലവഴിക്കുകയും ഹഡ്‌സണ്‍ ഉള്‍ക്കടലിലേക്കുള്ള പ്രവേശന കവാടം കണ്ടെത്തുകയും ചെയ്ത സെബാസ്റ്റ്യന്‍ കാബട്ട് (1476 – 1557) ജോണ്‍ കാബട്ടിന്റെ പുത്രനാണ്. കാബട്ടിനും മുമ്പു തന്നെ യൂറോപ്പില്‍ നിന്ന് നാവികര്‍ അമേരിക്കന്‍ തീരങ്ങളിലെത്തിയിട്ടുണ്ടെന്ന സൂചനയും രേഖയിലുണ്ട്. ബ്രിസ്റ്റലിലെ വ്യാപാരികള്‍ വളരെ നേരത്തെ തന്നെ ലോകത്തിന്റെ വിവിധ ദിക്കുകളില്‍ എത്തിയിട്ടുണ്ടെന്നാണ് ‘കാബട്ട് രേഖ’യില്‍ നിന്ന് മനസ്സിലാകുന്നതെന്ന് ഫ്‌ളോറന്‍സ് സര്‍വകലാശാലയിലെ ചരിത്രവിഭാഗം പ്രൊഫസര്‍ ഫ്രാന്‍സിസ് കെ ബ്രൂസ് കോലി പറയുന്നു,
കാബട്ടും അറബികളും
കാബട്ടിന്റെ യാത്രകള്‍ക്കും അറബികളുമായുള്ള സഹവാസം സഹായകമായിട്ടുണ്ടെന്ന് എന്‍ ബി എസ് പ്രസിദ്ധീകരിച്ച വിശ്വാസ വിജ്ഞാന കോശത്തിലെ സൂചനയില്‍ നിന്ന് മനസ്സിലാക്കാം.
‘ലെവന്തയിലേക്കുള്ള വ്യാപാര യാത്രയ്ക്കിടയില്‍ മെക്ക സന്ദര്‍ശിക്കുകയും അവിടെ ഉണ്ടായിരുന്ന വാണിഗ്വരന്മാരുമായി പരിചയപ്പെടുകയും ചെയ്തു. കിഴക്കും പടിഞ്ഞാറുമായുള്ള വാണിജ്യത്തിന്റെ ഒരു കേന്ദ്രമായിരുന്നു അക്കാലത്ത് മെക്ക. പൗരസ്ത്യ ലോകത്തിലേക്ക് കടലിലൂടെ ഒരു മാര്‍ഗം കണ്ടുപിടിച്ചാല്‍ വെനീസിന്റെയും ജനോവായുടെയും കച്ചവട പ്രാമാണ്യം വര്‍ധിക്കുമെന്നും മനസ്സിലാക്കിയ കാബട്ട് അതിനു തുനിഞ്ഞു സാമ്പത്തിക സഹായം തേടി. (വാള്യം 4, പേജ് 594)
അറബികള്‍ മുമ്പന്മാര്‍
കൊളംബസി്‌ന്റെയും കാബട്ടിന്റെ ഗുരുക്കന്മാരായി അറബി നാവികര്‍ അറ്റ്‌ലാന്റിക്കിലൂടെ അമേരിക്കയിലെത്തിയതായി നിരവധി തെളിവുകളുണ്ട്.”വളരെ പണ്ടു മുതലേ അമേരിക്ക അറബികള്‍ക്ക് സുപരിചിതമായിരുന്നു. 1100 ന് മുമ്പ് മുതല്‍ അറബികള്‍ അമേരിക്കന്‍ തീരത്ത് പലതവണ വന്നിട്ടുണ്ട്. ” (ന്യൂസ് വീക്ക്, ഏപ്രില്‍ 1960)
മെക്‌സിക്കോയില്‍
കൊളംബസിന് മുമ്പ് ജീവിച്ച മുസ്്‌ലിം അറബികളുടെ അവശിഷ്ടങ്ങള്‍ വടക്കേ അമേരിക്കയിലെ ലാറിഡോ (മെക്‌സിക്കോ) പട്ടണത്തില്‍ സുലഭമായിരുന്നു. നാലു വശങ്ങളില്‍ ‘ലാ ഗാലിബ ഇല്ലല്ലാഹ്’ (അല്ലാഹു മാത്രമാണ് അതിജയിക്കുന്നവന്‍) എന്ന് അറബിയില്‍ ഉല്ലേഖം ചെയ്ത ഒരു മിനാരം കാണാം.
കരീബിയന്‍ ദ്വീപുകളില്‍
സ്‌പെയിനിലെ കോര്‍ദോവക്കാരനായ അറബ് മുസ്‌ലിംകളിലെ അറിയപ്പെട്ട നാവികനുമായ ഖശ്ഖാശുബിന്‍ സഈദിബിനില്‍ അസ്‌വദ് 889 (എ ഡി) ല്‍ കരീബിയന്‍ ദ്വീപുകളിലെത്തിയിട്ടുണ്ട്. 999 ല്‍ സ്‌പെയിന്‍കാരനായ അറബി യാത്രികന്‍ ഇബിന്‍ ഫര്‍റൂഖ് അമേരിക്കയിലെ ജമയ്ക്ക ദ്വീപിലെത്തിയിരുന്നു.
ജമയ്ക്കായില്‍
അടിമ വംശത്തിലെ എട്ടാം രാജാവായ സുല്‍ത്താന്‍ അശ്‌റഫ് സ്വലാഹുദ്ദീന്‍ ശൈഖ് സൈനുദ്ദീന്‍ അലിയ്യ്ബിന്‍ ഫാദില്‍ അല്‍മാസിന്‍ ദറാനീ ദമാസ്‌കസില്‍ നിന്ന് കയ്‌റോയിലൂടെ അമേരിക്കയിലെ ജസീറതുല്‍ ഖദ്റാഉ് (ജമയ്ക്ക്) എന്ന് ഹരിത ദ്വീപിലെ തുറമുഖത്തേക്ക് 1291 ല്‍ നടത്തിയ നാവിക യാത്രയെ കുറിച്ചുള്ള വിശ്വാസ യോഗ്യമായ ഉദ്ധരണികള്‍ ഇസ്‌ലാമിക ചരിത്ര ഗ്രന്ഥങ്ങളിലുണ്ട്. അല്‍ ഇദ്‌രീസിയും അല്‍ബിറൂനിയും മാത്രമല്ല, മറ്റു ചില പണ്ഡിതരും അറ്റ്ലാന്റിക്കിനപ്പുറത്തെ വന്‍കരയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.
ഇബ്‌നുല്‍ വര്‍ദി
കൊളംബസിന് 130 വര്‍ഷം മുമ്പ് ജീവിച്ച ചരിത്രകാരനും ‘തതിമ്മതുല്‍ മുഖ്തസ്വര്‍ ഫീ അഖ്ബാരില്‍ ബശര്‍’ എന്ന അറബി ഗ്രന്ഥത്തിന്റെ രചയിതാവും ഇബ്‌നുല്‍ വര്‍ദീ എന്നറിയപ്പെടുന്ന – സിറാജുദ്ദീന്‍ അബൂഹഫ്‌സ്വ് ഉമര്‍ ബിനില്‍ മുദഫ്ഫര്‍ ആഫ്രിക്കയുടെ വടക്ക് പടിഞ്ഞാറുള്ള കാനറി ദ്വീപുകള്‍ക്കപ്പുറം ഒരു വന്‍കര (അമേരിക്ക) ഉണ്ടെന്ന വിവരണം തന്റെ ഗ്രന്ഥമായ ‘ഖരീത്വതുല്‍ അജാഇബ് വ ഫറീദതുല്‍ ഗറാഇബ്’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു. പാരീസിലെ ദേശീയ ലൈബ്രറിയില്‍ ഇതിന്റെ കൈയ്യെഴുത്ത് പ്രതി സൂക്ഷിച്ചിട്ടുണ്ട്.
പ്രസിദ്ധ അറബി ചരിത്രകാരന്‍ അബുല്‍ വഫാ പറയുന്നു: ”കൊളംബസിന് 130 കൊല്ലം മുമ്പ് ജീവിച്ച ഇബ്‌നുല്‍ വര്‍ദി’ ഖരീത്വതുല്‍ അജാഇബ് വഫറീദതുല്‍ ഗറാഇബ് എന്ന ഒരു ബൃഹദ് ഗ്രന്ഥം രചിച്ചു. അറബികള്‍ കൊളംബസിന് മൂന്ന് ശതകങ്ങള്‍ക്ക് മുമ്പ് അമേരിക്കയെപ്പറ്റി മനസ്സിലാക്കിയിരുന്നുവെന്ന് പ്രസ്തുത ഗ്രന്ഥം വ്യക്തമാക്കുന്നു. മഞ്ഞക്കടലാസില്‍ പൗരാണിക രീതിയില്‍ അച്ചടിച്ചു സൂക്ഷിച്ചിരുന്ന അപൂര്‍വം കോപ്പികള്‍ ഇന്നും കാണാം. ഇതില്‍ ‘അന്ധകാരങ്ങളുടെ ആഴി’ എന്ന അധ്യായത്തില്‍ ഇബ്‌നുല്‍ വര്‍ദി പറയുന്നു: ”ഭയാനകവും ഉപരിതലത്തിലൂടെയുള്ള യാത്രാക്ലേശവും കാരണമാണ് ഇതിന് അന്ധകാരങ്ങളുടെ ആഴി എന്ന് നാമകരണം ചെയ്തത്. നാഗരികവും നാശോന്മുഖവുമായ പല ദ്വീപുകളുമുണ്ട് ഈ ആഴിയില്‍, 17 ദ്വീപുകള്‍ ജനവാസമുള്ളവയാണ്.’
കാനറീ ദ്വീപുകള്‍ക്കപ്പുറം
കൊളംബസിന് 150 വര്‍ഷം മുമ്പ് ജീവിച്ച അബൂസനാഉല്‍ ഇസ്വ്ഫഹാനീ കാനറി ദ്വീപുകള്‍ക്കപ്പുറം സ്ഥിതി ചെയ്യുന്ന ചില ദ്വീപുകളെ വിവരിക്കുന്നുണ്ട്. ഭൂമിയുടെ ആകെ കരപ്രദേശത്തിന്റെ നാലിലൊന്ന് ഭാഗമുള്ള തെക്കും വടക്കുമുള്ള അമേരിക്കന്‍ വന്‍കരകളുടെ കണ്ടെത്തലിന് പിന്നില്‍ കൊളംബസല്ലെന്ന് വ്യക്തമാണ്.
അവകാശികളും അപഹര്‍ത്താക്കളും
അറിയപ്പെടാതെ പോയ കണ്ടെത്തലുകള്‍ക്ക് നിരവധി സംഭവങ്ങളുണ്ട്. ഓസ്‌ട്രേലിയ കണ്ടെത്തിയ സഞ്ചാരി ക്യാപ്റ്റന്‍ ജയിംസ് കുക്ക് (1728 – 1779)ആണെങ്കിലും 1642 ല്‍ ഡച്ച് നാവികനായ ആബെല്‍ ടാസ്മാന്‍ (1603 – 1659) ഓസ്‌ട്രേലിയായിലെ ടാസ്മാനിയാ ദ്വീപില്‍ എത്തുകയും അതിന് തന്റെ പേര് നല്‍കുകയും ചെയ്തത്. കപ്പലില്‍ ലോകം ചുറ്റിയ ആദ്യ സഞ്ചാരിയായ ഫെര്‍ഡിനന്റ് മഗല്ലന്‍ (1480 – 1521) ആണ് 1519 ല്‍ പസഫികിന് ആ പേര് നല്‍കിയതെങ്കിലും പസഫിക് കണ്ട ആദ്യ യൂറോപ്യന്‍ (1513) വാസ്‌കോഡ ബല്‍ബോവ എന്ന സ്‌പെയിന്‍കാരനാണ്. ഫ്രഞ്ചുകാരനായ സാമുവല്‍ ഡിചാപ്ലിന്‍ (1567 – 1635) ആണ് കാനഡയിലെ സെന്റ് ലോറന്‍സ് നദി 1603 ല്‍ കണ്ടെത്തിയത്. എന്നാല്‍ 1535 ല്‍ ഫ്രാന്‍സിലെ ജാക്വസ് കാര്‍ത്തിയാ കാനഡയിലെ സെന്റ് ലോറന്‍സ് നദിയിലെത്തിയിരുന്നു.
ഗ്രന്ഥസൂചി
1. സര്‍വവിജ്ഞാന കോശം, വാല്യം 7, പേജ് 113, വാല്യം 8, പേജ് 789, 790.
2. വിശ്വവിജ്ഞാന കോശം: വാല്യം 5, പേജ് 520, വാല്യം 4, പേജ് 594
3. ഇസ്‌ലാമിക വിജ്ഞാന കോശം വാല്യം 2, പേജ് 392
4. കാനഡ – കുടിയേറ്റക്കാരുടെ നാട്, പി എ മോനോന്‍
5. Global Parasites Winin Pereira & Jeremy
Sea Brook
Sea Brook
6. Outline of American Geography, US Dept of
State
State
7. Outline of US History Beauro of International Information Praysons, Us Dept of State
8. Year 501, the conquest Continues Dr. Noam Chomsky