11 Wednesday
December 2024
2024 December 11
1446 Joumada II 9

അഭിനവ നവോത്ഥാനവും ഫാസിസവും – ഡോ. യു എ ബഷീര്‍ കോറാട്

മാസങ്ങളായി നമ്മുടെ എല്ലാ മീഡിയകളും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് ശബരമല സ്ത്രീ പ്രവേശം. ഈ അടുത്ത കാലത്ത് നടന്ന സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇത്രയേറെ ജനശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരു പ്രശ്‌നം ഉണ്ടെന്നു തോന്നുന്നില്ല. ഇതിനു ഒരു വര്‍ഗീയ പരിവേഷം വന്നു ചേര്‍ന്നിട്ടുണ്ടോ എന്നത് പരിശോധിക്കേണ്ടതുണ്ട്. ഈ വിഷയത്തില്‍ എത്രയെത്ര സമരങ്ങളായാണ് നാം കണ്ടത്. ബി ജെ പി ആര്‍ എസ് എസ് സമരപന്തലില്‍ സമരം വളരെ ജോറായി നടന്നു. അവസാനം ഫണം മടക്കി കിടക്കാന്‍ നിവര്‍ത്തിയ പായ ചുരുട്ടിക്കൂട്ടേണ്ടിയും വന്നു. സ്വന്തം പ്രശ്‌നത്തില്‍ ജീവനൊടുക്കേണ്ടി വന്ന ഒരാളുടെ മരണം പോലും ഈ അക്കൗണ്ടില്‍ എഴുതിച്ചേര്‍ത്ത് കേരളത്തെ നിശ്ചലമാക്കിയ ഹര്‍ത്താല്‍ പോലും നാം അനുഭവിച്ചുകഴിഞ്ഞു. ആ ഹര്‍ത്താലിന്റെ ബാക്കി പത്രമായ ഹര്‍ത്താലുകള്‍ ആഴ്ചതോറും നാം ആഘോഷിക്കുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഹര്‍ത്താല്‍ ഇന്ന് കേരളീയരുടെ ദിനചര്യയായി മാറിയിരിക്കുന്നു.
എന്നാല്‍ ഈ അപശബ്ദങ്ങള്‍ക്കിടയില്‍ ചില അപശബ്ദങ്ങള്‍ നാം കേള്‍ക്കാതിരുന്നുകൂടാ. ശബരിമല വിഷയം മാറി അതൊരു വര്‍ഗീയ ചുവയുള്ള പ്രതിഷേധമായോ എന്ന് തീര്‍ത്തും സംശയിക്കേണ്ടിയിരിക്കുന്നു. വര്‍ഗീയത എന്നതിലുപരി ഒരു പ്രത്യേക മത വിഭാഗത്തിനോടുള്ള ഒടുങ്ങാത്ത പക ദര്‍ശിക്കുന്ന ചില പ്രവര്‍ത്തനങ്ങളെങ്കിലും കാണാനായി.
ശബരിമല പ്രശ്‌നം ചില രാഷ്ട്രീയ പാര്‍ട്ടികളുടെ അടിത്തറ വികസനത്തിനുള്ളതാകുമ്പോള്‍ മറ്റു ചില പാര്‍ട്ടികള്‍ക്ക് അതിലുപരി അവര്‍ കാലങ്ങളായി കൊണ്ടുനടക്കുന്ന വര്‍ഗീയ വിഷം നടപ്പാക്കാനുള്ള ഗ്രൗണ്ട് ഒരുക്കലായി പരിണമിച്ചിരിക്കുകയാണ്. ഈ വിഷയങ്ങള്‍ക്കിടയില്‍ ഒരു പ്രത്യേക മതവിഭാഗത്തെ ഉന്നംവെക്കുന്ന ചില പരാമര്‍ശങ്ങള്‍ക്കും ചിലരെങ്കിലും മുതിരുകയുണ്ടായി. ആ ചര്‍ച്ച മാനം മുട്ടിയപ്പോള്‍ കേരളത്തിലെ ഭരണ പക്ഷത്തെ പ്രധാന പാര്‍ട്ടിയുടെ നേതാവ് ചോദിച്ചു ‘എന്തുകൊണ്ട് മുസ്്‌ലിം സ്ത്രീകള്‍ ബാങ്ക് കൊടുക്കുന്നില്ല ? എന്തുകൊണ്ട് നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ മുസ്്‌ലിം സ്ത്രീകളെ അനുവദിക്കുന്നില്ല’ പ്രസക്തമായ ചോദ്യങ്ങള്‍ എന്നു പറഞ്ഞ് ചാനല്‍ ചര്‍ച്ച തൊഴിലാളികള്‍ മണിക്കൂറുകളോളം ചാനലുകളില്‍ തപസ്സിരുന്നു. എന്നാല്‍ ഇതരവിഭാഗങ്ങളിലെ ആരാധനകളിലെ സ്ത്രീ കാര്‍മികത്വം ഇക്കൂട്ടര്‍ക്ക് പ്രശ്‌നമാകുന്നേയില്ല. അപ്പോള്‍  പ്രശ്‌നം അതല്ല, മുസ്്‌ലിം ന്യൂനപക്ഷത്തിനെ എതിര്‍ക്കുക എന്നതാണ്. ഇത് തെളിയിക്കുന്നത് ഇന്ത്യയില്‍ വിശിഷ്യാ കേരളത്തില്‍ വര്‍ഗീയത അല്ല മറിച്ചു മുസ്്‌ലിം വിരോധമാണ് എന്നാണ്.
ശബരി മല സ്ത്രീ പ്രവേശത്തോടനുബന്ധിച്ചു ചില  സ്ത്രീകള്‍ മല കയറാന്‍ തയ്യാറെടുത്തുവന്നു. അവരെ ആക്ടിവിസ്റ്റുകള്‍ എന്ന് മുദ്രകുത്തി തടഞ്ഞു ആക്രമിച്ചു. മല കയറാന്‍ വന്ന തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ അവര്‍ മടങ്ങി പോകുന്നതുവരെ മുദ്രാവാക്യം വിളിച്ചു തടഞ്ഞു. എന്തായിരുന്നു മുദ്രാവാക്യം? ഭക്തിയോടെ ഉരുവിടേണ്ട ശരണ മന്ത്രങ്ങളായിരുന്നു അവ. എന്നിട്ടു അതിനെതിരില്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ? ഇതേ പോലെ മുസ്്‌ലിംകള്‍ക്കിടയില്‍ ഒരു പ്രശ്‌നം വന്നാല്‍ ഇത്തരത്തിലുള്ള ഒരു പ്രതിഷേധത്തില്‍ തക്്ബീര്‍ മുദ്രാവാക്യമായി ഉയര്‍ത്തുന്നത് ഒന്നാലോചിച്ചുനോക്കൂ. ദൃശ്യ മാധ്യമങ്ങള്‍ക്കു ഒരാഴ്ചക്കുള്ള ചര്‍ച്ചക്ക് മരുന്നാകും? ഇവിടത്തെ പോലീസ് അത് വിളിച്ചവര്‍ക്കെതിരില്‍ തീവ്രവാദം ചുമത്താന്‍ പറ്റുമോയെന്നു നിയമോപദേശം തേടില്ലേ? എന്തേ ഇങ്ങനെ ഒരു ഇരട്ടത്താപ്പ്? മുഖ മക്കന അണിയുന്നതോ പര്‍ദ അണിയുന്നതോ സ്ത്രീയുടെ എന്തണിയണമെന്നുള്ള അവകാശവാദത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് ചിലര്‍ വാദിക്കുന്നു. സ്വന്തം മതത്തിന്റെ നിയമങ്ങള്‍ ഒരു മത സദസ്സില്‍ പറഞ്ഞതിന് ഒരധ്യാപകനെ ക്രൂശിച്ചത് ഈ കേരളം കണ്ടതാണ്. ‘വത്തക്ക സമരം’ എന്ന ഒരു പുതിയ രീതിക്ക് നാം സാക്ഷിയായതല്ലേ? ആ അധ്യാപകനെന്നതിരില്‍ ഏതെല്ലാം കേസ്സെടുത്തു? എന്നാല്‍  ഇറുകിയ തൊലി ഒട്ടി നില്‍ക്കുന്ന ജീന്‍സ് പാന്റ്‌സ് ധരിച്ചു കുര്‍ബാനക്ക് വരുന്ന സ്ത്രീകളെ വിലക്കുക മാത്രമല്ല, ക്രിസ്ത്യന്‍ പാതിരിമാര്‍ ചെയ്തത്. അവര്‍ക്കെതിരില്‍ അവരെ കളിയാക്കുന്ന പ്രസംഗങ്ങള്‍ വരെ ഇറക്കി. യു ട്യൂബ് പോലെയുള്ള സോഷ്യല്‍ മീഡിയകളില്‍ ഇപ്പോഴും അവ സുലഭമായി കാണാം. എന്തേ ഈ അച്ചന്‍മാര്‍ക്കെതിരെ നിയമ നടപടി എടുക്കാത്തത്? രാവേറുവോളം ചാനലുകളില്‍ അടയിരുന്ന് ചര്‍ച്ച ചെയ്യാതിരുന്നത്? ഒന്നുമില്ല. അതൊരു മുസ്‌ലിം സ്ത്രീ പര്‍ദ ധരിച്ചാല്‍ അത് സ്ത്രീകളോടുള്ള അവകാശ ലംഘനമായി. എന്നാല്‍ ആ പര്‍ദയേക്കാള്‍ മുന്തിയ പര്‍ദ ഒരു കന്യാസ്ത്രീ ധരിച്ചാലോ? ആരെങ്കിലും ഏതെങ്കിലും പുരോഗമന വാദി സ്ത്രീകളെ ഇത്തരം വസ്ത്രത്തിനുള്ളില്‍ തളിച്ചിടുന്നു എന്ന് പറഞ്ഞിട്ടുണ്ടോ? അതും പോകട്ടെ! മനുഷ്യ പരമ്പര ഈ ഭൂമിയില്‍ നിലനില്‍ക്കണമെങ്കില്‍ സ്ത്രീ-പുരുഷ  ലൈംഗിക ബന്ധം വേണം. അതിന്റെ നിയമപരമായ കൂടിച്ചേരലല്ലേ വിവാഹം? ഈ ഒരു പ്രക്രിയ മതപരമായി കന്യാ സ്ത്രീകള്‍ക്ക് പാടില്ല. ഇതിലും വലിയ ഒരു മനുഷ്യാവകാശ ലംഘനമുണ്ടോ? ഇതിനെതിരില്‍ എവിടെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍? നാളിതുവരെ ഇതിനെക്കുറിച്ച് പറഞ്ഞ ഏതെങ്കിലും മനുഷ്യാവകാശ പ്രവര്‍ത്തകനെയോ ഞങ്ങള്‍, അതിന്റെ ഹോള്‍സെയില്‍ ഡീലര്‍മാര്‍ ആണെന്ന് വാദിക്കുന്ന ഏതെങ്കിലും ഇടതുപക്ഷ നേതാവിനെയോ യുക്തിവാദിയെയോ നിങ്ങള്‍ കണ്ടിട്ടുണ്ടോ? ചില വിഭാഗവും ക്രിസ്ത്യന്‍ പാതിരിമാരും വൈവാഹിക ജീവിതം നയിക്കാതെ ജീവിച്ചു മരിക്കുന്നു. എന്തേ പാതിരിമാര്‍ക്കു വിവാഹം പാടില്ല എന്ന് പറയുന്ന മതം ക്രൂരമാണെന്നാരും പറയാത്തത്? എന്നാല്‍ പരിമിതമായ രീതിയില്‍ ഒരുപാട് നിബന്ധനകള്‍ക്കു വിധേയമായി ബഹുഭാര്യാത്വം സ്വീകരിക്കാമെന്ന് പറഞ്ഞ മുസ്‌ലിം നിയമത്തിനെതിരില്‍ കരി ഓയില്‍ ഒഴിക്കുന്നത് നാം കാണുന്നില്ലേ എന്തേ ഇങ്ങനെ ഒരു ദ്വിമുഖം? ഇത് വര്‍ഗീയത ആണോ? ഇതാണ് മുസ്്‌ലിം വിരോധം.
ഇന്ത്യന്‍ പാര്‍ലിമെന്റില്‍ ആസാമിലേക്കുള്ള കൂടിയേറ്റ ബില്ല് കൊണ്ടുവന്നു. ബംഗ്ലാദേശില്‍ നിന്നോ മറ്റു പ്രദേശങ്ങളില്‍ നിന്നുള്ള മുസ്്‌ലിം അല്ലാത്ത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം കൊടുക്കും! അവിടെ നിന്ന് കുടിയേറുന്ന മുസ്്‌ലിംകള്‍ക്ക് പൗരത്വം കൊടുക്കാത്തതിന്റെ കാരണമെന്താണ്? അവര്‍ മനുഷ്യരല്ലേ? ഏതാണ്ട് എണ്‍പത്തൊന്ന് വര്‍ഷം മുമ്പ് കൊണ്ടുവന്ന മുസ്്‌ലിം ശരീഅത്ത് നിയമത്തെ ഒന്ന് മാറ്റിനോക്കാന്‍ നമ്മുടെ കൊച്ചു കേരളത്തില്‍ ഒരു ശ്രമം ആഴ്ചകള്‍ക്കു മുമ്പ് നടന്നു. ഇവിടത്തെ മുസ്്‌ലിംകള്‍ ആ മതസ്ഥരാണെന്നു തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റും ഇസ്്‌ലാമിക ശരീഅത്ത് നിയമപ്രകാരം ജീവിച്ചു കൊള്ളാമെന്നുള്ള സത്യവാങ്മൂലവും കൊടുക്കേണ്ട ഗതികേട് ഇവിടത്തെ മുസ്്‌ലിം സമൂഹത്തിനു വരുമായിരുന്നു; ആ നിയമം വന്നാല്‍. എക്‌സ്ട്രാ ഓര്‍ഡിനറി ഗസറ്റായി മന്ത്രി ജലീല്‍ അതുകൊണ്ടുവരാന്‍ ശ്രമിച്ചു. പക്ഷെ, അനിതര സാധാരണമായ എതിര്‍പ്പ് മൂലം അത് പിന്‍വലിക്കാന്‍ തീരുമാനിച്ചു എന്ന് കേള്‍ക്കുന്നു. നിങ്ങള്‍ ചിന്തിച്ചുനോക്കൂ എന്തിനാണ് നാളിതുവരെ മുസ്്‌ലിമായി ജീവിച്ച ഒരു മനുഷ്യന്‍ ഞാന്‍ മുസ്്‌ലിമാണെന്നും ഇസ്്‌ലാമിക ശരീഅത്ത് പ്രകാരം ജീവിക്കാന്‍ തയ്യാറാണെന്നുമുള്ള ഒരു സമ്മത പത്രമോ – വിസമ്മത പത്രമോ കൊടുക്കുന്നത്?  എന്നാല്‍ ഇവിടെ പല തരത്തില്‍ പെട്ട, ക്ഷത്രിയന്‍, നായര്‍, നമ്പൂതിരി, ഈഴവന്‍, പട്ടികജാതി മുതലായവര്‍ ഇല്ലേ, ഓരോ വിഭാഗവും ഒരേ വ്യക്തി നിയമമാണോ പിന്‍തുടരുന്നത്? അല്ലല്ലോ? പിന്നെന്തേ അവരുടെ വ്യക്തി നിയമം മാറ്റാന്‍ തുനിയാത്തത്? വിശിഷ്യാ അവര്‍ ഓരോ വിഭാഗവും ഓരോ  വ്യക്തിനിയമം വെച്ച് പുലര്‍ത്തുമ്പോള്‍? മറ്റൊന്നുമല്ല ചായ്ഞ്ഞു കിടക്കുന്ന മരത്തില്‍ കേറാനാണ് എളുപ്പം!
പെട്ടെന്നുള്ളൊരു സ്ത്രീ ശാക്തീകരണത്തിനും, നവ നവോത്ഥാനത്തിനുമൊക്കെ ഹേതുവായത് ശബരിമല സ്ത്രീ പ്രവേശനത്തെച്ചൊല്ലിയുള്ള സുപ്രീംകോടതി വിധിയാണോ? ഇതൊരു തുറുപ്പു ചീട്ടായി സംഘ് പരിവാറെന്നല്ല എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എടുത്തു. വിരോധാഭാസമെന്നു പറയട്ടെ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ ഇതില്‍ കളിക്കുന്നത് തീര്‍ത്തും അത്ഭുതമുളവാക്കുന്നു. സംഘപരിവാറും മറ്റു വലതുപക്ഷ പ്രസ്ഥാനങ്ങളും വോട്ടു ബാങ്കുകള്‍ അന്വേഷിക്കുമ്പോള്‍ തങ്ങളുടെ കാല്‍ ചുവട്ടിലെ മണ്ണൊഴുകുന്നു എന്ന് മനസ്സിലാക്കിയത് കൊണ്ടാകാം ഇടതുപക്ഷത്തിന് ഇതില്‍ ഇത്ര താല്പര്യമുളവാകാന്‍ കാരണം. ഏതായാലും കേരളത്തിലിതു ഇന്നൊരു വര്‍ഗീയ പ്രശ്‌നമായി മാറുന്നു. ഇവിടത്തെ ഇടതുപക്ഷത്തിന്റെ അപചയമാണ് കേരള മണ്ണില്‍ ഇന്നത്തെ പോലെയുള്ള വര്‍ഗീയ ധ്രുവീകരണത്തിനു കാരണം.
ഇടതുപക്ഷ അപചയത്തിന് ഒരുപാട് കാരണങ്ങള്‍ ഉണ്ട്. അതില്‍ ഗൗരവമേറിയത് വര്‍ഗീയ ശക്തികളില്‍ നിന്നുള്ള വര്‍ഗീയ കോമരങ്ങളുടെ പാര്‍ട്ടിയിലേക്കുള്ള നുഴഞ്ഞു കയറ്റമാണ്. ഇത് ഇന്നും പാര്‍ട്ടി ഗൗരവമായി എടുത്തിട്ടില്ല എന്നതിനുദാഹരണമാണ് കോണ്‍ഗ്രസ്സില്‍ സംഘപരിവാറില്‍ നിന്നുള്ളവര്‍ നുഴഞ്ഞുകയറിയിട്ടുണ്ട് എന്നുള്ള ഇടതു നേതാക്കളുടെ പത്ര പ്രസ്താവനകള്‍. ‘നേരന്തിയോളം നെഞ്ച് വിരിച്ചു, നഷ്ടപ്പെടാന്‍ കൈവിവലങ്ങുകള്‍ മാത്രം കിട്ടാനുള്ളത് പുതിയൊരു ലോകം’ എന്ന് വിളിക്കുന്നവര്‍ മൂവന്തി മുതല്‍ രാവേറോളം സംഘി ശാഖകളില്‍ ആയുധ പരിശീലനത്തിനും ശത്രുക്കളുടെ കഴുത്തെങ്ങനെ വെട്ടാം എന്ന പരിശീലനത്തിനുംപോകുന്ന കാഴ്ച കാണാം. നാളിതുവരെ പാര്‍ട്ടി ഇത് ഗൗരവത്തില്‍ എടുത്തിട്ടില്ല. ഇത്തരക്കാരാണ് അവസരം കിട്ടുമ്പോള്‍ വര്‍ഗീയത പുറത്തെടുത്തു പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഒരു ഇടതുപക്ഷ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയും മകനും അദ്ദേഹത്തിന് വേണ്ടി കാടാമ്പുഴ അമ്പലത്തില്‍ പുഷ്പം കൊണ്ട് തുലാഭാരം നടത്തി. അതിനദ്ദേഹം നടത്തിയ ന്യായീകരണം ‘എന്റെ ഭാര്യയും മകനും ദൈവ വിശ്വാസികളാണ് അവരുടെ വിശ്വാസപ്രകാരം അവര്‍ ചെയ്യുന്നു അവരുടെ വിശ്വാസത്തില്‍ ഞാന്‍ ഇടപെടില്ല’ ഇങ്ങനെ പറഞ്ഞ അദ്ദേഹമെന്തേ മുസ്്‌ലിം പള്ളികളില്‍ സ്ത്രീകള്‍ എന്തുകൊണ്ട് ബാങ്ക് കൊടുക്കുന്നില്ല, ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം കൊടുക്കണം എന്ന് പറയുന്നു. അതവരുടെ വിശ്വാസമാണ്. ഞാന്‍ അതില്‍ ഇടപെടില്ല എന്ന് എന്തേ പറയാത്തത്? അപ്പോള്‍ അവനവന്റെ വീട്ടില്‍ ഒരു നിയമവും മറ്റുള്ളവന്റെ വീട്ടില്‍ മറ്റൊരു നിയമവും വേണമെന്ന് വാദിക്കുന്നതാണ് ആരാണ്?
പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീക്കും കല്യാണം എന്ന പ്രക്രിയ കൂടാതെ തന്നെ ലിവിംഗ് ടുഗദര്‍ എന്ന സാങ്കേതിക നൂലില്‍ ഒരു പ്രശ്‌നവും ഇല്ലാതെ ജീവിക്കാന്‍ പറ്റുന്ന ഒരു രാജ്യത്ത് എണ്‍പത്തഞ്ച് ദിവസത്തോളം വീട്ടു തടങ്കലില്‍ ജീവിച്ച ഒരു പെണ്‍ കുട്ടിയുടെ കദന കഥ കേരള ചരിത്രത്തില്‍ വരും തലമുറയ്ക്ക് പഠിക്കാനുണ്ടാകും. എണ്‍പത്തഞ്ച് ദിവസത്തോളം യാതൊരു കാരണവും കൂടാതെ അച്ഛന് കരുതല്‍ തടങ്കലില്‍ വെക്കാന്‍ കൊടുത്തു. കൂടെ പഠിക്കുന്ന സഹപാഠികള്‍ക്കുപോലും ഒന്ന് കാണാനോ കൂടെയുണ്ട് എന്നൊരു സന്ദേശം കൊടുക്കാനോ പോലീസ് സമ്മതിച്ചില്ല. എന്തായിരുന്ന കാരണം? സ്വമനസ്സാലെ മതം മാറുകയും ഇഷ്ടമുള്ള പുരുഷനെ വിവാഹം കഴിക്കുകയും ചെയ്തു എന്നതാണ് ഹാദിയ എന്ന പെണ്‍കുട്ടി ചെയ്ത തെറ്റ്. അവ രണ്ടിനും ഇന്ത്യന്‍ ഭരണഘടന പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിക്ക് അവകാശം നല്‍കുന്നില്ലേ? പിന്നെന്തു പറ്റി? മാറിയ മതം ഇസ്‌ലാമിലേക്കായിരുന്നു. അതാണ് സംഘികളെ പ്രകോപിപ്പിച്ചത്. മുന്‍ നിരയില്‍ അവരായിരുന്നെങ്കിലും മറ്റുള്ള പലര്‍ക്കും അത് പിടിച്ചിച്ചിട്ടില്ല എന്ന് കേരളജനതക്കറിയാം. ഒരുപാട് രാവുകള്‍ നമ്മുടെ മീഡിയ ചര്‍ച്ച തൊഴിലാളികള്‍ കൊണ്ടാടിയില്ലേ? മാനസിക രോഗമെന്ന് പേര് പറഞ്ഞു പൂട്ടിയിട്ടപ്പോള്‍ വിളിച്ചിരുന്നത് അഖില എന്നായിരുന്നു. ഇന്നും ചില മാധ്യമങ്ങള്‍ അഖില ഹാദിയ എന്നല്ലേ വിളിക്കാറ്. ഒരു പ്രത്യേക മത വിഭാഗത്തിനോട് എന്താണിത്ര അസഹിഷ്ണുത!
നമ്മുടെ നാടിനെ ‘ഗോഡ്‌സ് ഓണ്‍ കണ്‍ട്രി’ എന്നല്ലേ വിളിക്കാറ്. ഇപ്പോള്‍ എന്ത് വിളിക്കണം? ഇക്കഴിഞ്ഞ ഹര്‍ത്താല്‍ ഉത്സവത്തിന് കോഴിക്കോടുള്ള ഒരമ്പലത്തില്‍ നിന്ന് വിളിച്ച മുദ്രാവാക്യമെന്തായിരുന്നു? മുസ്്‌ലിംകളെ മുഴുവന്‍ കൊല്ലുമെന്നും മുസ്്‌ലിം പള്ളികള്‍ മുഴുവന്‍ പൊളിക്കുമെന്നും, ദൃശ്യ മാധ്യമങ്ങള്‍ ഇത് ലൈവ് ആയി റിപ്പോര്‍ട്ട് ചെയ്തത് നാം കണ്ടില്ലേ? ഇവരെ ഹൈന്ദവര്‍ എന്ന് വിളിക്കാമോ? ഒരിക്കലുമില്ല. മറിച്ചു വര്‍ഗീയ കോമരങ്ങള്‍ എന്ന് വിളിക്കാം. ഇത്തരക്കാരാണ് നമ്മുടെ നാടിനെ നശിപ്പിക്കുന്നത്. ലോകമിന്നേവരെ കണ്ടിട്ടില്ലാത്ത മത സഹിഷ്ണുത കാണിച്ച വിഭാഗമാണ് കേരളത്തിലെ ഹിന്ദുക്കള്‍. ഇവിടത്തെ ഹിന്ദുക്കള്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് മത സഹിഷ്ണുത കാണിച്ചിരുന്നില്ലെങ്കില്‍ ഈ മണ്ണില്‍ ക്രൈസ്തവ – ഇസ്്‌ലാം മതങ്ങള്‍ ഉണ്ടാകുമായിരുന്നോ? ആദ്യമായി ഇവിടെ കാലു കുത്തിയ സെന്റ് ജോര്‍ജിനെ, മാലിക്ക് ദീനാറിനെയും അനുചരന്‍മാരെയും രണ്ടു കൈയും നീട്ടി സ്വീകരിച്ചു എന്ന് മാത്രമല്ല, അവരെ ആദരിച്ചു അവര്‍ക്കു വേണ്ടതെല്ലാം ചെയ്തുകൊടുത്തത് ഇവിടെയുള്ള ഹൈന്ദവരാണ്. ഇതിനപ്പുറം ഒരു സഹിഷ്ണുത പറയാമോ? പ്രവാചകന്റെ കാലത്ത് ഏഴാം നൂറ്റാണ്ടില്‍ തന്നെ ഈ മണ്ണില്‍ ഇസ്്‌ലാം മതം പ്രചരിച്ചു. ഇവിടത്തെ ഹിന്ദുക്കള്‍ മുസ്്‌ലിം പള്ളികള്‍ ഉണ്ടാക്കാന്‍ സ്ഥലം, പണം മറ്റു സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു, അങ്ങനെ ഇന്ത്യയിലെ തന്നെ ആദ്യത്തെ മുസ്്‌ലിം പള്ളി കൊടുങ്ങല്ലൂരില്‍ സ്ഥാപിതമായി. അതേപോലെ തന്നെ സാമൂതിരി രാജാക്കന്മാര്‍ക്ക് കോഴിക്കോട്ടും സാമൂതിരിയുടെ രാജഭരണ പ്രദേശങ്ങളായ മുഴുവന്‍ മലബാറിലും മുസ്്‌ലിംകള്‍ക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്തത്, സാമൂതിരിയുടെ പടനായകന്‍ കുഞ്ഞാലി മരക്കാര്‍ ആണെന്നത് സുപരിചിതമാണല്ലോ.
മതം നോക്കാതെയാണ് നമ്മില്‍ സൗഹൃദങ്ങളുള്ളത്. സ്‌നേഹപരിലാളനങ്ങളില്‍ മതം തിരുകി വര്‍ഗീയ ധ്രുവീകരണത്തിന് ചില ശക്തികള്‍ ശ്രമിക്കുന്നുണ്ട്. അവരുടെ വലയില്‍ വീണുപോകാതിരിക്കലാണ് വേണ്ടത്. നമ്മുടെ സൗഹൃദങ്ങളില്‍ മുറിപ്പാടുണ്ടാക്കാന്‍ ശ്രമിക്കുന്ന കരാളഹസ്തങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. മലപ്പുറം ഒരു ചെറിയ പാകിസ്താനാണ്. അവിടെ മുസ്‌ലിംകള്‍ക്ക് മാത്രമേ സ്വത്തുവാങ്ങാനും വില്‍ക്കാനും പാടുള്ളൂ. അവിടെ മുക്കിന് മുക്കിന് പശുക്കളെ അറുത്ത് ഗോ മാംസം വില്‍ക്കുന്ന കടകളാണ് എന്ന് വടക്കുനിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു സംഘിവാരിക എഴുതി. ആ ലേഖകന്‍ ജീവിതത്തില്‍ ഒരിക്കല്‍പോലും മലപ്പുറം പോയിട്ട്, കേരളം കണ്ടിട്ടില്ലത്രേ! മലപ്പുറത്തുള്ള ഒരു ഹിന്ദുസഹോദരന്‍ ആ ലേഖകനെ വെല്ലുവിളിച്ചു. ഒരു ദിവസമെങ്കിലും താങ്കള്‍ മലപ്പുറം സന്ദര്‍ശിക്കൂ. അതിനുള്ള എല്ലാ ചെലവുകളും ഞാന്‍ വഹിക്കാം എന്നിട്ടെഴുതൂ എന്ന്. ഇതാണ് സ്ഥിതി. ആടിനെ പട്ടിയാക്കുന്ന സംസ്‌കാരം. സൗഹൃദങ്ങള്‍ വീണ്ടെടുത്ത് മാനവികതയുടെ അധ്യായം രചിക്കാന്‍ നമുക്ക് സാധിക്കലാണ് പരിഹാരം.
Back to Top