26 Friday
July 2024
2024 July 26
1446 Mouharrem 19

അബ്ദുല്‍ഖാദിര്‍ പുല്ലങ്കോട്

കാളികാവ്: പണ്ഡിതനും എഴുത്തുകാരനുമായിരുന്ന അബ്ദുല്‍ഖാദിര്‍ മദനി പുല്ലങ്കോട് (74) അന്തരിച്ചു. പുല്ലങ്കോട്, ഉദിരംപൊയില്‍ പ്രദേശങ്ങളില്‍ മുജാഹിദ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച അദ്ദേഹം ഈ രണ്ട് പ്രദേശങ്ങളിലും നിലവിലുള്ള സലഫി മസ്ജിദുകള്‍ നിര്‍മിക്കുന്നതിലും സജീവമായ പങ്കുവഹിച്ചു.കിഴക്കന്‍ ഏറനാട്ടില്‍ തൗഹീദീ പ്രബോധനം സാധ്യമാക്കുന്നതില്‍ സുപ്രധാന കണ്ണിയായി നിലകൊണ്ടു. ആദര്‍ശ പ്രബോധന രംഗത്ത് സൗമ്യവും ആത്മാര്‍ഥവുമായ സേവനങ്ങള്‍ സമര്‍പ്പിച്ചു. ദീര്‍ഘകാലം വ്യത്യസ്ത പള്ളികളില്‍ ഖത്തീബായിരുന്നു. കെ എന്‍ എം കാളികാവ് മണ്ഡലം പ്രസിഡന്റ്, സംസ്ഥാന കൂടിയാലോചന സഭാംഗം, മദ്‌റസാ പാഠപുസ്തക രചയിതാവ്, കാളികാവ് സിറാജുല്‍ ഉലൂം അറബിക്കോളജ് പ്രസിഡന്റ് തുടങ്ങി ഒട്ടേറെ പദവികള്‍ വഹിച്ചു. പ്രബോധന രംഗത്തും സംഘാടന രംഗത്തും വലിയ മാതൃകയായിരുന്നു.
മുജാഹിദ് നേതാക്കളും പണ്ഡിതരുമായി സുദൃഢമായ അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹം തന്റെ പ്രദേശത്ത് അവരെ കൊണ്ടുവന്ന് പ്രബോധന രംഗം സജീവമാക്കി. ഡോ. എം ഉസ്മാന്‍ സാഹിബ്, കെ പി മുഹമ്മദ് മൗലവി, എ പി അബ്ദുല്‍ഖാദിര്‍ മൗലവി, എന്‍ പി അബ്ദുല്‍ഖാദിര്‍ മൗലവി, കെ കെ മുഹമ്മദ് സുല്ലമി തുടങ്ങിയവര്‍ അതില്‍പ്പെടും. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ സജീവ സഹചാരി കൂടിയായിരുന്നു അദ്ദേഹം. മുസ്‌ലിംലീഗിന് വേണ്ടി പാട്ടുകള്‍ എഴുതിയാണ് ലീഗ് വേദികളില്‍ ശ്രദ്ധേയനായത്. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ വണ്ടൂര്‍ ഉപജില്ലാ പ്രസിഡന്റും മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായി പ്രവര്‍ത്തിച്ചു. ചന്ദ്രിക ആഴ്ചപ്പതിപ്പ്, അല്‍മനാര്‍, ശബാബ്, വിചിന്തനം, പുടവ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ നിരവധി ചരിത്ര ലേഖനങ്ങളും കവിതകളും എഴുതിയിട്ടുണ്ട്. സ്വഹാബികള്‍, വെളിച്ചം വിതറിയ തിരുനബി, സ്വഹാബിമാരുടെ ചരിത്രം, ഉമര്‍ബ്ന്‍ അബ്ദുല്‍ അസീസ്, കാലം മായ്ക്കാത്ത കാല്‍പാടുകള്‍, മാതൃകാ മഹതികള്‍ തുടങ്ങി ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചു.
കാളികാവ് ഗ്രാമപഞ്ചായത്ത് പ്രഥമ ബോര്‍ഡ് മെമ്പറായിരുന്ന പുല്‍പ്പാടന്‍ മമ്മദ് (നാണിപ്പ) ഹാജിയുടെയും ഫാത്തിമയുടേയും മകനായി 1946-ല്‍ ജനിച്ച അബ്ദുല്‍ഖാദിര്‍ മദനി അമ്പലക്കടവ് എ എം എല്‍ പി സ്‌കൂള്‍, കാളികാവ് ജി യു പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കരുവാരക്കുണ്ട്, കല്ലാമൂല തുടങ്ങിയ പള്ളിദര്‍സുകളില്‍ പഠിച്ചതിനു ശേഷം പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍ നിന്നാണ് അഫ്ദലുല്‍ ഉലമ ബിരുദം കരസ്ഥമാക്കിയത്. എടവണ്ണ ഇസ്‌ലാഹിയ ഓറിയന്റല്‍ ഹൈസ്‌കൂളില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് പി എസ് സി മുഖേന സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. 2001-ല്‍ പുല്ലങ്കോട് ജി എല്‍ പി സ്‌കൂളില്‍ നിന്നാണ് വിരമിച്ചത്. ശേഷം എടവണ്ണ ജാമിഅ നദ്‌വിയ്യയില്‍ അല്‍പകാലം അധ്യാപകനായിരുന്നു.
മര്‍ഹൂം എന്‍ ഉസ്മാന്‍ മദനി (പത്തപ്പിരിയം) യുടെ സഹോദരി ആയിശയാണ് ഭാര്യ. റാഇദ്, മുഹമ്മദ് അക്‌റം, സുറയ്യ, സിദ്ദീഖ, ഡോ. നര്‍ഗീസ് എന്നിവരാണ് മക്കള്‍. പരേതനായ ജലീല്‍ ഫൈസി പുല്ലങ്കോട്, അബ്ബാസ് ഹാജി, അബ്ദുറഷീദ്, റൈഹാനത്ത്, സുബൈദ, മൈമൂന, ഹസ്‌ന എന്നിവര്‍ സഹോദരങ്ങളാണ്. സര്‍വശക്തന്‍ പാപങ്ങള്‍ പൊറുത്തു കൊടുത്ത് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)
പി എം എ വഹാബ്

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x