27 Saturday
July 2024
2024 July 27
1446 Mouharrem 20

അന്‍ബിയാ ഔലിയാക്കളുടെ  മരണാനന്തര ജീവിതം – പി കെ മൊയ്തീന്‍ സുല്ലമി

അന്‍ബിയാക്കള്‍ക്കും ഔലിയാക്കള്‍ക്കും മരണമില്ല, അവര്‍ ബര്‍സഖിയായ ജീവിതത്തിലും മറ്റുള്ളവരുടെ വിളിയും പ്രതീക്ഷിച്ച് ഖബ്‌റില്‍ കിടക്കുകയാണ് എന്ന വിധത്തിലാണ് യാഥാസ്ഥിതിക പുരോഹിതന്മാര്‍ ജനങ്ങളെ പഠിപ്പിച്ചിട്ടുള്ളത്. അതിനവര്‍ സൂറത്ത് ജാസിയയിലെ 21-ാം വചനം ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടിരിക്കുന്നു. അതിപ്രകാരമാണ്: ”അതല്ല തിന്മകള്‍ പ്രവര്‍ത്തിച്ചവര്‍ വിചാരിച്ചിരിക്കകയാണോ, അവരെ നാം വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ പോലെ അഥവാ അവരുടെ ജീവിതവും മരണവും തുല്യമായ നിലയില്‍ ആക്കുമെന്ന്? അവര്‍ വിധി കല്പിക്കുന്നത് വളരെ ചീത്ത തന്നെ”(ജാസിയ 21)
ഇവിടെ അല്ലാഹുവിന്റെ ചോദ്യം സത്യനിഷേധികളോടാണ്. അഥവാ സത്യനിഷേധികള്‍ക്ക് ഭൗതിക ജീവിതത്തില്‍ ലഭിച്ച സുഖവും പരിഗണനയും പരലോകത്തും ലഭിക്കുമെന്നാണോ അവര്‍ വിചാരിക്കുന്നത്. അങ്ങനെയാണ് അവരുടെ വിചാരമെങ്കില്‍ ആ വിചാരം വളരെ മോശപ്പെട്ടതാണ് എന്നതാണ് മേല്‍ വചനം സൂചിപ്പിക്കുന്നത്. ഇവിടെ സമസ്തക്കാരടക്കമുള്ള യാഥാസ്ഥിതികര്‍ ആയത്തിന്റെ ആദ്യ ഭാഗവും അവസാന ഭാഗവും മുറിച്ചുകളഞ്ഞ് അതിന്റെ നടുവിലെ വചനത്തെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്. അതിപ്രകാരമാണ്: ”അന്‍ബിയാ ഔലിയാക്കന്മാരുടെ ജീവിതവും മരണവും സമമാണ്.”
എന്നാല്‍ ആയത്തിലെ പരാമര്‍ശം സത്യനിഷേധികളെക്കുറിച്ചാണ്. അത് ബോധ്യപ്പെടാതിരിക്കാനാണ് ആദ്യഭാഗവും അവസാന ഭാഗവും മുറിച്ചുകളഞ്ഞു മധ്യഭാഗം മാത്രം വ്യാഖ്യാനിക്കുന്നത്. ഇമാം ഇബ്‌നു കസീര്‍(റ) മേല്‍ വചനത്തെ വ്യാഖ്യാനിക്കുന്നത് ശ്രദ്ധിക്കുക: ”നരകക്കാരും സ്വര്‍ഗക്കാരും സമമല്ല എന്ന് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞതു പോലെ സത്യവിശ്വാസികളും സത്യനിഷേധികളും (പരലോകത്ത്) തുല്യരല്ല എന്നാണ് അല്ലാഹു പറഞ്ഞത്. ‘അവരുടെ ജീവിതവും മരണവും സമമാകുമോ?’ എന്നതിന്റെ താല്‍പര്യം ‘അവരെ നാം (നിഷേധികളെ) ഇഹത്തിലും പരത്തിലും തുല്യമാക്കുമെന്നാണോ’ എന്നതാണ്? (ഇബ്‌നു കസീര്‍ 4:150)
ജലാലൈനി തഫ്‌സീറില്‍ കൊടുത്ത വ്യാഖ്യാനം ഇപ്രകാരമാണ്: ”അവര്‍ (കാഫിറുകള്‍) വിചാരിക്കുന്നുണ്ടോ? ദുനിയാവിനെപ്പോലെ പരലോകത്തും അവര്‍ക്ക് നന്മ ലഭിക്കുമെന്ന്” (2:567). മരണാനന്തരം എല്ലാവരുടെയും ശരീരം മണ്ണില്‍ ലയിക്കും എന്നാണ് വിശുദ്ധ ഖുര്‍ആന്‍ സംശയരഹിതമായി പഠിപ്പിക്കുന്നത്. അല്ലാഹു പറയുന്നു: ”അതില്‍  (ഭൂമിയില്‍) നിന്നാണ് നിങ്ങളെ സൃഷ്ടിച്ചത്. അതിലേക്കു തന്നെ നിങ്ങളെ നാം മടക്കുന്നു. അതില്‍ നിന്നു തന്നെ മറ്റൊരു പ്രാവശ്യം നിങ്ങളെ നാം പുറത്തുകൊണ്ടുവരികയും ചെയ്യും”(ത്വാഹാ 55)
മേല്‍ പറഞ്ഞ വചനത്തെ  ഇമാം ഇബ്‌നു കസീര്‍(റ) വിശദീകരിക്കുന്നത് ഇപ്രകാരമാണ്: ”നിങ്ങള്‍ മരണപ്പെട്ടുകഴിഞ്ഞാല്‍ മണ്ണില്‍ എത്തുന്നു. നിങ്ങള്‍ നുരുമ്പിക്കഴിഞ്ഞാല്‍ അതില്‍ നിന്നു തന്നെ നിങ്ങളെ ഞാന്‍ പുറത്തുകൊണ്ടുവരികയും ചെയ്യും” (3:156). മറ്റൊരു വചനം ഇപ്രകാരമാണ്: ”അവിടെ (ഭൂമുഖത്ത്) ഉള്ളവരെല്ലാവരും നശിച്ചുപോകുന്നവരാകുന്നു. മഹത്വവും ഉദാരതയും ഉള്ളവനായ നിന്റെ രക്ഷിതാവിന്റെ മുഖം അവശേഷിക്കുന്നതാണ്” (26:27). മേല്‍വചനത്തിന് ഇബ്‌നു കസീര്‍ നല്‍കിയ വ്യാഖ്യാനങ്ങള്‍ ഇപ്രകാരമാണ്: ”അല്ലാഹുവല്ലാത്ത സകല വസ്തുക്കളും നശിച്ചുപോകുന്നതാണ്” (3:273). ജലാലൈനി നല്‍കിയ വ്യാഖ്യാനം ശ്രദ്ധിക്കുക: ”അഥവാ ഭൂമിയിലുള്ള സകല ജീവജാലങ്ങളും നശിച്ചുപോകുന്നതാണ്.” (2:606)
മരണപ്പെട്ട മഹത്തുക്കളുടെ ശരീരം മാത്രമല്ല ഭൂമിയില്‍ ലയിക്കുക. മറിച്ച് ജീവിച്ചിരിക്കുന്ന മഹത്തുക്കളുടെ ശരീരം മണ്ണില്‍ ലയിക്കുന്നതാണ്. മുന്നൂറു വര്‍ഷം അല്ലാഹു ഒരു ഗുഹയില്‍ ഉറക്കിക്കിടത്തിയ അല്ലാഹുവിന്റെ ഔലിയാക്കളായിരുന്നു അസ്വ്ഹാബുല്‍ കഹ്ഫ് അഥവാ ഗുഹാവാസികള്‍. അവര്‍ മരണപ്പെട്ടവരായിരുന്നില്ല. അവരുടെ ശരീരം പോലും ഭൂമി ഭക്ഷിക്കും എന്നാണ് വിശുദ്ധ ഖുര്‍ആന്‍ സൂചന നല്‍കുന്നത്. അല്ലാഹു പറയുന്നു: ”അവര്‍ ഉണര്‍ന്നിരിക്കുന്നവരാണെന്ന് നീ ധരിച്ചുപോകും. (യഥാര്‍ഥത്തില്‍) അവര്‍ ഉറങ്ങുന്നവരത്രെ. നാം അവരെ ഇടത്തോട്ടും വലത്തോട്ടും മറിച്ചുകൊണ്ടിരിക്കുന്നു”(അല്‍കഹ്ഫ് 18)
എന്തിനായിരുന്നു അല്ലാഹു അവരെ ഇടത്തോട്ടും വലത്തോട്ടും മറിച്ചിട്ടുകൊണ്ടിരിക്കുന്നത്? ഇബ്‌നു കസീര്‍(റ) രേഖപ്പെടുത്തുന്നു: ”ഇബ്‌നു അബ്ബാസ്(റ) പറയുന്നു: അല്ലാഹു അവരെ (ഇടത്തോട്ടും വലത്തോട്ടും) മറിച്ചിരുന്നില്ലെങ്കില്‍ അവരുടെ ശരീരം ഭൂമി തിന്നുകളയുമായിരുന്നു” (3:76). ജലാലൈനി രേഖപ്പെടുത്തുന്നു: ”അവരെ അല്ലാഹു തിരിച്ചും മറിച്ചും കിടത്തിയത് ഭൂമി അവരുടെ ശരീരം ഭക്ഷിക്കാതിരിക്കാന്‍ വേണ്ടിയാണ്”(2:340). അപ്പോള്‍ ജീവിച്ചിരിക്കുന്നവരുടെ ശരീരവും ഭൂമിയില്‍ ലയിക്കുമെന്ന് മനസ്സിലാക്കാം.
പ്രവാചകന്മാരായിരുന്നാലും ഔലിയാക്കന്മാരായിരുന്നാലും മരണത്തില്‍ എല്ലാവരും തുല്യരാണ്. മരണാനന്തരം സ്ഥാനമാനങ്ങളിലും പ്രതിഫലത്തിലും മാത്രമേ വ്യത്യാസമുള്ളൂ. നബി(സ)യുടെ മരണ കാര്യത്തില്‍ പണ്ഡിതനും മഹാനും മാതൃകാ പുരുഷനുമായ ഉമറിനു(റ) പോലും സംശയമുണ്ടായിരുന്നു. സൂറത്തു ആലു ഇംറാനിലെ 144-ാം വചനം അബൂബക്കര്‍(റ) അദ്ദേഹത്തെ ഓതിക്കേള്‍പ്പിച്ചപ്പോള്‍ മാത്രമാണ് ഉമറിന്(റ) പ്രസ്തുത സംശയം ഇല്ലാതായത്. നബി(സ)യുടെ മരണത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ”തീര്‍ച്ചയായും താങ്കള്‍ മരിക്കുന്നവനാകുന്നു. അവരും മരിക്കുന്നവരാകുന്നു.”(സുമര്‍ 30)
പ്രവാചകന്മാരടക്കം ലോകത്ത് മരണപ്പെട്ട സകല മനുഷ്യരും മരണശേഷം അന്ത്യദിനത്തില്‍ മാത്രമേ ജീവന്‍ നല്‍കപ്പെടൂ എന്നത് വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന പാഠമാണ്. അല്ലാഹു പറയുന്നു: ”പിന്നീട് തീര്‍ച്ചയായും നിങ്ങള്‍ അതിനുശേഷം മരിക്കുന്നവരാകുന്നു. പിന്നീട് ഉയിര്‍ത്തെഴുന്നേല്പിന്റെ നാളില്‍ തീര്‍ച്ചയായും നിങ്ങള്‍ എഴുന്നേല്പിക്കപ്പെടുന്നതാണ്”(അല്‍മുഅ്മിനൂന്‍ 15-16). മരണത്തിലോ ഉയിര്‍ത്തെഴുന്നേല്പിലോ അന്‍ബിയാ, ഔലിയാക്കളെ അല്ലാഹു വേര്‍തിരിച്ചു കാണിക്കുന്നില്ല. ”അന്‍ബിയാക്കന്മാരുടെ ശരീരം ഭക്ഷിക്കുകയെന്നത് ഭൂമിക്ക് അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു.” തിര്‍മിദി ഒഴികെ അഞ്ചുപേരും റിപ്പോര്‍ട്ടു ചെയ്ത ഹദീസാണിത്.
ഇതിനെ സംബന്ധിച്ച് ഇമാം ശൗക്കാനി രേഖപ്പെടുത്തുന്നു: ”തീര്‍ച്ചയായും ഈ ഹദീസിന്റെ പരമ്പരയില്‍ അബ്ദുര്‍റഹ്മാനുബ്‌നു യസീദ് എന്ന വ്യക്തിയുണ്ട്. അദ്ദേഹത്തിന്റെ ഹദീസ് തള്ളിക്കളയേണ്ടതാണ്. തീര്‍ച്ചയായും ഈ ഹദീസ് സ്ഥിരപ്പെട്ടതല്ലെന്ന് ഇബ്‌നുല്‍ അറബി പ്രസ്താവിച്ചിരിക്കുന്നു” (നൈലുല്‍ ഔത്വാര്‍ 3:281). മറ്റൊരു ഹദീസ് ഇപ്രകാരമാണ്: ”തീര്‍ച്ചയായും അല്ലാഹു അന്‍ബിയാക്കന്മാരുടെ ശരീരം ഭക്ഷിക്കുന്നതില്‍ നിന്നും ഭൂമിയെ നിരോധിച്ചിരിക്കുന്നു. അന്‍ബിയാക്കള്‍ക്ക് ഭക്ഷണം നല്‍കപ്പെടുന്നതാണ്” (ഇബ്‌നുമാജ). ഈ ഹദീസിനെ സംബന്ധിച്ച് ഇബ്‌നുകസീര്‍ പറയുന്നു: ”ഈ ഹദീസ് ഒറ്റപ്പെട്ടതും പരമ്പര മുറിഞ്ഞതുമാണ്. ഇബാദത്ത്(റ) അബൂദര്‍ദാഇനെ(റ) കണ്ടിട്ടില്ല” (3:514)
ഈ ലോകത്ത് അല്ലാഹു ആര്‍ക്കെങ്കിലും ശാശ്വത ജീവിതം നല്‍കുമായിരുന്നെങ്കില്‍ അതിന്നര്‍ഹത നബി(സ)ക്കു മാത്രമാണ്. പക്ഷെ നബി(സ)ക്കും അല്ലാഹു ശാശ്വത ജീവിതം നല്‍കിയില്ല. അല്ലാഹു പറയുന്നു: ”നബിയേ, താങ്കള്‍ക്കു മുമ്പ് ഒരു മനുഷ്യനും നാം ശാശ്വത ജീവിതം നല്‍കിയിട്ടില്ല. എന്നിരിക്കെ താങ്കള്‍ മരണപ്പെടുന്ന പക്ഷം അവര്‍ ശാശ്വതരായി ജീവിക്കുമോ?”(അന്‍ബിയാഅ് 34). അന്‍ബിയാ ഔലിയാക്കളടക്കമുള്ളവരുടെ മരണശേഷം അവരുടെ ആത്മാക്കള്‍ ഖബറുകളിലല്ല. മറിച്ച് അല്ലാഹുവിന്റെ പക്കല്‍ ആത്മീയ ലോകത്താണ്. മരണാനന്തരം മലക്കുകള്‍ക്ക് ചോദ്യം ചെയ്യാന്‍ വേണ്ടി അല്‍പ സമയം മാത്രമേ അവരുടെ ആത്മാക്കള്‍ ജഡത്തിലേക്ക് മടക്കൂ. അതിന് മാത്രമേ പ്രമാണമുള്ളൂ.
അല്ലാഹു പറയുന്നു: ”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരിച്ചുപോയവരായി നീ ഗണിക്കരുത്. എന്നാല്‍ അവര്‍ അവരുടെ രക്ഷിതാവിന്റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ഉപജീവനം നല്‍കപ്പെട്ടുകൊണ്ടിരിക്കുന്നു’‘(ആലുഇംറാന്‍ 169). പ്രസ്തുത വചനത്തിന്റെ വ്യാഖ്യാനത്തില്‍ ഇബ്‌നുകസീര്‍(റ) ഇമാം മുസ്‌ലിമിന്റെ  ഹദീസ് തെളിവാക്കിക്കൊണ്ട് ഉദ്ധരിക്കുന്നു: ”ഇമാം മുസ്‌ലിം മസ്‌റൂഖില്‍ നിന്നും പ്രസ്താവിക്കുകയുണ്ടായി: മസ്‌റൂഖ്(റ) പ്രസ്താവിച്ചു: ഞാന്‍ മേല്‍ വചനത്തെക്കുറിച്ച് അബ്ദുല്ല(റ)യോട് ചോദിക്കുകയുണ്ടായി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞങ്ങളതിനെ സംബന്ധിച്ച് നബി(സ)യോട് ചോദിക്കുകയുണ്ടായി. അപ്പോള്‍ അവിടുന്ന് പറഞ്ഞു: സത്യവിശ്വാസികളുടെയും ശുഹദാക്കളുടെയും ആത്മാക്കള്‍ പച്ച നിറത്തിലുള്ള പക്ഷികളുടെ മേടകളിലാണ്. അവ ഉദ്ദേശിക്കുന്നതുപോലെ അവ സ്വര്‍ഗത്തില്‍ വിരാജിക്കുകയാണ്.”(മുഖ്തസ്വര്‍ ഇബ്‌നുകസീര്‍ 1:336)
ഇമാം ബൈദ്വാവി ഈ വചനം വിശദീകരിച്ച് രേഖപ്പെടുത്തി: ”മഹത്തുക്കളുടെ ആത്മാക്കള്‍ ജഡത്തോടൊപ്പമല്ലെന്ന് ഈ വചനം ഉണര്‍ത്തുന്നു” (ബൈളാവി, ആലുഇംറാന്‍ 169). ഹന്‍ബലീ മദ്ഹബിലെ പ്രമുഖ പണ്ഡിതനായിരുന്ന അബ്ദുറഹ്മാനുല്‍ ഹന്‍ബലീ(റ) രേഖപ്പെടുത്തുന്നു: ”നബി(സ) ഭൗതിക ജീവിതത്തെപ്പോലെ ഖബറില്‍ ജീവനോടെ കഴിച്ചുകൂട്ടിയിരുന്നെങ്കില്‍ സ്വഹാബികള്‍ അവരുടെ സകല സംശയങ്ങളും അവിടെ ചെന്ന് ചോദിച്ചു സംശയം തീര്‍ക്കുമായിരുന്നു”(അദ്ദുററുസ്സുന്നിയ്യ 1:366).
ഇബ്‌നുല്‍ ഖയ്യിം(റ) രേഖപ്പെടുത്തുന്നു: ”നബി(സ) ഖബ്‌റില്‍ ജീവിച്ചിരിക്കുന്നുണ്ട് എന്ന വിഷയത്തില്‍ ഒരു ഹദീസും സ്വഹീഹായി വന്നിട്ടില്ല”(അദ്ദുററുസ്സുന്നിയ്യ 1:544). സകല യാഥാസ്ഥിതികരും മദീന സന്ദര്‍ശിക്കാറുള്ളത് നബി(സ)യോട് പാപമോചനം തേടാനും ആവശ്യങ്ങള്‍ ചോദിക്കാനുമാണ്. മേല്‍ പറഞ്ഞ രണ്ടു കാര്യങ്ങളും ശിര്‍ക്കാണെന്നതില്‍ തര്‍ക്കമില്ല.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x