അന്വേഷണം
അബ്ദുള്ള പേരാമ്പ്ര
ദൈവത്തെ
അന്വേഷിച്ചു നടക്കുകയായിരുന്നു ഞാന്‍.
ഞാന്‍ പോകാത്ത കുന്നുകളോ,
കയറാത്ത കാടുകളോ,
മുറിച്ചു നീന്താത്ത പുഴകളോ
അലഞ്ഞുതിരിയാത്ത സമതലങ്ങളോ
ഉണ്ടായിരുന്നില്ല.
എവിടേയും
ദൈവത്തെ എനിക്ക്
കാണാന്‍ കഴിഞ്ഞില്ല.
ഒടുവിലായെത്തിയത്
ഈ മരുഭൂമിയിലാണ്.
ക്ഷീണിച്ചും ദാഹിച്ചും
ഞാനൊരു മരത്തിനു കീഴെ
ആകാശം നോക്കി കിടന്നു !
‘ എവിടെയാണ് ദൈവം?’
ഞാന്‍ മരത്തിനോട് ചോദിച്ചു.
പൊടുന്നനെ,
ആ മരമാകെ പൂത്തുലഞ്ഞു
മരത്തില്‍ നിന്നും
നിറയെ പൂക്കള്‍ കൊഴിയാന്‍ തുടങ്ങി.
ദൈവമേ,
എന്റെ കണ്ണുകള്‍ നിറയാന്‍ തുടങ്ങി.