അനൂപ് വി ആര്‍
ശബരിമലയില്‍ ഭരണഘടന സംരക്ഷിക്കാന്‍ അരയും തലയും മുറുക്കുമെന്ന് പറയുന്ന അതേ സര്‍ക്കാര്‍ തന്നെയാണ്, അതേ സമയത്ത് തന്നെ അംബേദ്കര്‍ നിര്‍മിച്ച അതേ ഭരണഘടനയുടെ അന്തസത്തയായ സാമൂഹിക നീതിയെ സംവരണത്തെ അടിവേരോടെ മാന്തുന്ന നീക്കവുമായി മുന്നോട്ട് വന്നിരിക്കുന്നത്. പുതുതായി രൂപീകരിക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ നിന്ന് പട്ടികജാതി/ പട്ടികവര്‍ഗ/ പിന്നോക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ സംവരണാനൂകൂല്യങ്ങള്‍ എടുത്ത് കളയാനുള്ള നീക്കത്തെ അതര്‍ഹിക്കുന്ന ഗൗരവത്തില്‍ ആരൊക്കെ കാണുന്നു എന്ന് കാത്തിരുന്നു കാണാം. അതെന്തായാലും ദിവസത്തില്‍ അഞ്ച് നേരവും അംബേദ്കറിനെ പിടിച്ച് ആണയിടുന്നവര്‍, സാമ്പത്തിക സംവരണ കാര്യത്തില്‍ ഇതിന് മുന്‍പും ഇതേ നിലപാട് എടുത്തിട്ടുള്ള ഇതേ സര്‍ക്കാറിലെ മന്ത്രിമാരെ കൂട്ടി ഭരണഘടനാ സംരക്ഷണ മഹാമഹങ്ങള്‍, നടത്തിയവര്‍, നടത്തികൊണ്ടിരിക്കുന്നവര്‍… നടത്താന്‍ പോവുന്നവര്‍… ഇനിയെങ്കിലും ഇതിനെതിരെ രംഗത്ത് വരുമെന്നാണ് കരുതുന്നത്. ഇനിയും അധികാരത്തില്‍ അര്‍ഹമായ പങ്ക് ലഭിച്ചിട്ടില്ലാത്തവരെ സംബന്ധിച്ച്, പതിനെട്ടാം പടി കയറുന്നതിലും പ്രധാനം പബ്ലിക് സര്‍വ്വീസില്‍ കയറുന്നത് തന്നെയാണ്.