1 Friday
March 2024
2024 March 1
1445 Chabân 20

അനാഥയുടെ സ്വത്ത്  വിധിയും സമീപനവും – പി മുസ്തഫ നിലമ്പൂര്‍

ഏഴ് വന്‍പാപങ്ങളില്‍ അഞ്ചാമതായി നബി(സ) താക്കീതു ചെയ്തത് അനാഥയുടെ സ്വത്ത് ഭുജിക്കലാണ്. അനാഥകളെയും അശരണരെയും അവഗണിക്കുന്ന കാലഘട്ടത്തിലാണ് പ്രവാചകന്റെ(സ) നിയോഗം. വഹ്‌യ് ലഭിക്കുന്നതിന് മുമ്പും നബി(സ) അനാഥരുടെ അത്താണിയായിരുന്നു. വഹ്‌യ് ലഭിച്ച് ഭയചകിതനായി ഓടിവന്ന നബി(സ)യെ ഖദീജ(റ) ആശ്വസിപ്പിക്കുന്ന അവസരത്തില്‍ ‘അനാഥരുടെ സംരക്ഷകനായ താങ്കളെ രക്ഷിതാവ് കൈവെടിയുകയില്ല’ എന്ന് പറയുന്നുണ്ട്.
പിതാവിനെ നേരില്‍ കാണാന്‍ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത നബി(സ)ക്ക് പിതാമഹനും പിന്നീട് പിതൃവ്യനുമാണ് സംരക്ഷണം നല്‍കിയത്. വളര്‍ത്തുമ്മമാരാല്‍ സംരക്ഷിക്കപ്പെട്ട നബി(സ) തന്റെ മാതാവിന്റെയടുക്കല്‍ തിരിച്ചെത്തി അല്‍പ കാലത്തിനകം തന്നെ മാതാവ് മരണമടഞ്ഞു. അനാഥത്വത്തിന്റെ തേങ്ങലുകള്‍ അറിഞ്ഞ നബി(സ)ക്ക് അല്ലാഹുവിന്റെ പ്രത്യേക അനുഗ്രഹത്താല്‍ സുരക്ഷിതത്വം ലഭിച്ചതിനെ കുറിച്ച് അല്ലാഹു പറയുന്നു: ”നിന്നെ അവന്‍ ഒരു അനാഥയായി കണ്ടെത്തുകയും എന്നിട്ട് (നിനക്ക്) ആശ്രയം നല്‍കുകയും ചെയ്തില്ലേ?” (സൂറതുദ്ദുഹാ: 6). സ്വത്തും സമ്പത്തും ഉണ്ടെങ്കിലും അത്താണിയാകുന്ന പിതാവിന്റെ സംരക്ഷണമില്ലാത്ത അവസ്ഥ വേദനാജനകമാണ്. എന്നാല്‍ സാമ്പത്തിക പ്രയാസം കൂടി അനുഭവിക്കുന്നവരാണെങ്കില്‍ ആ സാഹചര്യം വിവരണാതീതമാണ്. അതുകൊണ്ട് മതത്തിന്റെ അടിസ്ഥാന തത്വത്തിലേക്കാണ് അനാഥ സംരക്ഷണത്തെ ചേര്‍ത്തുപറഞ്ഞത്. മത നിഷേധിയെ പരിചയപ്പെടുത്തികൊണ്ട് അല്ലാഹു താക്കീതു ചെയ്ത ആദ്യ പ്രസ്താവന അനാഥയെ അവഗണിക്കുന്നവനെ സംബന്ധിച്ചതാണ്: ”മതത്തെ വ്യാജമാക്കുന്നവനാരെന്ന് നീ കണ്ടുവോ? അനാഥയെ തള്ളിക്കളയുകയും പാവപ്പെട്ടവന്റെ ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവനത്രെ അത്.”
ആരാധനകളില്‍ ആത്മാര്‍ഥത പുലര്‍ത്തുന്നവരില്‍ മേല്‍ സ്വഭാവം ഉണ്ടാകില്ലെന്നും മനസ്സിനെ സ്വാധീനിക്കാതെ ബാഹ്യപ്രകടനങ്ങളില്‍ മാത്രം തല്‍പരരായ നാമമാത്ര വിശ്വാസികളാണ് മതത്തിന്റെ ചൈതന്യത്തെ നിഷേധിക്കുന്നവരെന്നും തുടര്‍ന്നുള്ള വചനങ്ങളില്‍ അല്ലാഹു ഓര്‍മിപ്പിക്കുന്നുണ്ട്.
സംരക്ഷണം
അനാഥയെ സ്വന്തം മക്കളെപ്പോലെ സ്‌നേഹവും കാരുണ്യവും നല്‍കി സുരക്ഷിതത്വ ബോധം ഉണ്ടാകുമാറ് സംരക്ഷിക്കുകയെന്നതാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. നബി(സ) പറഞ്ഞു: ”മുസ്‌ലിംകളുടെ വീടുകളില്‍ ഏറ്റവും നല്ല വീട് നല്ല പെരുമാറ്റവും നന്മയും ലഭിക്കുന്ന അനാഥയുള്ള വീടാണ്.” (ഇബ് നുമാജ). നബി(സ)പറഞ്ഞു: ”ഞാനും അനാഥസംരക്ഷകനും സ്വര്‍ഗത്തില്‍ ഇതുപോലെയാണ്. എന്നിട്ട് അദ്ദേഹം ചൂണ്ടുവിരലും നടുവിരലും തമ്മില്‍ വിടര്‍ത്തി ചൂണ്ടി.” (ബുഖാരി 5304)
ആദരിക്കുക
അനാഥകളെ സംരക്ഷിച്ചതു കൊണ്ട് മാത്രം അവരോടുള്ള ബാധ്യത തീരുന്നില്ല. അവര്‍ക്ക് അംഗീകാരം നല്‍കുകയും ആദരിക്കുകയും ചെയ്യേണ്ടതുണ്ട്. ഒരു പിതാവില്‍ നിന്ന് മക്കള്‍ക്ക് ലഭിക്കുന്ന കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശവും ആദരവും അവര്‍ക്ക് നല്‍കേണ്ടതുണ്ട്. ”അല്ല, പക്ഷെ നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല.” (ഫജര്‍ 17). നബി(സ) പറഞ്ഞു: ”വല്ലവനും ഒരു അനാഥയുടെ ശിരസ്സിലൂടെ അല്ലാഹുവിന്റെ സംതൃപ്തി കാംക്ഷിച്ച് കൊണ്ട് തലോടിയാല്‍ അവന്റെ കൈ സ്പര്‍ശിച്ച ഓരോ മുടിയുടെ കണക്കിനും അവന് പ്രതിഫലം ലഭിക്കും.” (അഹ്മദ്). ”ബഹുമാനിക്കപ്പെടുന്ന അനാഥയുടെ വീടാണ്, വീടുകളില്‍ അല്ലാഹുവിന് ഏറ്റവും തൃപ്തിയുള്ളത്.” (ത്വബറാനി). നബി(സ) പറയുന്നു: ”എന്നെ സത്യവുമായി നിയോഗിച്ചവന്‍ തന്നെ സത്യം. വല്ലവനും അനാഥയോട് കാരുണ്യം കാണിക്കുകയും സംസാരത്തില്‍ അവനോട് സൗമ്യവും മാര്‍ദവവും പുലര്‍ത്തുകയും ചെയ്താല്‍ അന്ത്യനാളില്‍ അല്ലാഹു അവനെ ശിക്ഷിക്കുകയില്ല. തീര്‍ച്ച.” (ത്വബറാനി)
കടുത്ത നിലപാട്
അനാഥകളോട് കടുത്ത നിലപാട് സ്വീകരിക്കുകയും അനാദരിക്കുകയും അവഗണിക്കുകയും ചെയ്യുന്നത് കടുത്ത പാപമാണ്. അത് മതനിഷേധത്തിന്റെ പാതയാണെന്ന് നാം നേരത്തെ സൂചിപ്പിച്ചതാണ്. നബി(സ)പറഞ്ഞു: ”നിങ്ങള്‍ അനാഥയുടെ കരച്ചിലിനെ ഭയപ്പെടുവിന്‍.” (ഇസ്ബഹാനി). സ്വന്തം മക്കളെപ്പോലെ സ്വന്തം വീട്ടില്‍ വളര്‍ത്തുന്ന സംവിധാനമാണ് ഇസ്‌ലാമിന്റെ താല്‍പര്യം. എന്നാല്‍ സൗകര്യാര്‍ഥം അനാഥശാലകളും സുരക്ഷിതത്വ മേഖലകളും നല്ലതുതന്നെ. എന്നാല്‍ പലപ്പോഴും ഈ സ്ഥാപനങ്ങളില്‍ അനാഥകള്‍ പീഡിപ്പിക്കപ്പെടുകയോ അവകാശങ്ങള്‍ ഹനിക്കപ്പെടുകയോ ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. അവര്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നുണ്ടോ എന്ന് അന്വേഷിക്കണം. അവര്‍ക്ക് പ്രത്യേക ഡ്രസ്സ്‌കോഡും പട്ടാള ചിട്ട പോലുള്ള നിയമാവലികളും അടിച്ചേല്‍പിക്കുന്നുണ്ടോ എന്ന് നോക്കണം. പലപ്പോഴും മനശ്ശാസ്ത്ര സമീപനം പോലും ലഭിക്കുന്നില്ല എന്നും ആരോപണമുണ്ട്. ഇത് നമുക്ക് ഗുണത്തെക്കാള്‍ ദോഷകരമാണ്.
മാരക രോഗങ്ങളാല്‍ പരീക്ഷിക്കപ്പെടുകയും മരണമടയുകയും ചെയ്തവരുടെ മക്കള്‍ സംരക്ഷകരില്ലാതെ ഒരു നേരത്തെ വിശപ്പ് പോലും മാറാത്ത അനേകം കുട്ടികളുടെ കണ്ണിരൊപ്പാന്‍ അവര്‍ക്ക് സാന്ത്വനവും സംരക്ഷണവും നല്‍കി അനാഥശാലകള്‍ ആരംഭിച്ച ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ നേതാക്കള്‍ മാതൃകാപരമായും കാരുണ്യത്തോടും സ്വന്തം മക്കളെപ്പോലെ പരിഗണിക്കുന്നവരായിരുന്നു. ഇപ്പോഴും ഇതേ ഗുണകാംക്ഷയോടെ സേവനം ചെയ്യുന്നവരെ വിസ്മരിക്കുന്നില്ല. അബുദ്ദര്‍ദാഅ് (റ) പറയുന്നു: നബി(സ)യുടെ അടുത്ത് ഒരാള്‍ വന്നു. മനസ്സിന്റെ കഠിന സ്വഭാവത്തെക്കുറിച്ച് ആവലാതിപ്പെട്ടു. അപ്പോള്‍ നബി(സ) പറഞ്ഞു: നിന്റെ മനസ്സ് മാര്‍ദവമുള്ളതായിത്തീരാന്‍ നീ ആഗ്രഹിക്കുന്നുവെങ്കില്‍ നീ അനാഥയോട് കരുണ കാണിക്കുകയും അവനെ തലോടുകയും ചെയ്യുക.” (അഹ്മദ് 2:263). നബി(സ)പറഞ്ഞു: ”അല്ലാഹുവേ അനാഥകള്‍, സ്ത്രീകള്‍ എന്നീ രണ്ട് ദുര്‍ബല വിഭാഗത്തിന്റെ അവകാശം ഹനിക്കുന്നവരെ ഞാന്‍ പാപികളായി കാണുന്നു.” (നസാഈ)
അനാഥകള്‍ ധനമുള്ളവരോ ഇല്ലാത്തവരോ ആകാം. ധനമില്ലാത്ത അനാഥയെ അതറിയിക്കാതെ സ്വന്തം മക്കള്‍ക്ക് നല്‍കുന്ന സംരക്ഷണം അവര്‍ക്കും നല്‍കണം. ധനമുള്ള അനാഥകളെ അവര്‍ പ്രായപൂര്‍ത്തിയാകുന്നത് വരെ അവരുടെ ധനം മാന്യമായും ഗുണകാംക്ഷയോടും സംരക്ഷിക്കപ്പെടണം. പ്രായപൂര്‍ത്തിയെത്തിയാല്‍ അവരെ അത് ഏല്‍പ്പിക്കുകയാണ് വേണ്ടത്. അതുവരെ അവരുടെ ധനത്തെ ഫലപ്രദമായി ഉപയോഗിക്കുകയും അതിന്റെ ഗുണങ്ങള്‍ അവര്‍ക്ക് നല്‍കുകയും ചെയ്യണം. എന്നാല്‍ അവരുടെ ധനം ന്യായമായും ഗുണകാംക്ഷാപരമായും അല്ലാഹുവിന്റെ കല്‍പനക്കനുസൃതമായി ഉപയോഗിക്കാം.
അവിഹിതമായോ അക്രമപരമായോ അന്യായമായോ അവരുടെ ധനം ഉപയോഗിക്കുന്നവര്‍ നരകാഗ്നിയാണ് അതിലൂടെ സ്വന്തമാക്കുന്നത്. അത് വന്‍ പാപങ്ങളില്‍പെട്ടതാണ്. ”അനാഥയ്ക്ക് പ്രാപ്തിയെത്തുന്നതുവരെ ഏറ്റവും നല്ല രീതിയിലല്ലാതെ അവന്റെ സ്വത്തിനെ നിങ്ങള്‍ സമീപിക്കരുത്. നിങ്ങള്‍ കരാറ് നിറവേറ്റുക. തീര്‍ച്ചയായും കരാറിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുന്നതാണ്.” (ഇസ്‌റാഅ് 34). ”അനാഥകള്‍ക്ക് അവരുടെ സ്വത്തുക്കള്‍ നിങ്ങള്‍ വിട്ടുകൊടുക്കുക. നല്ലതിന് പകരം ദുഷിച്ചത് നിങ്ങള്‍ മാറ്റിയെടുക്കരുത്. നിങ്ങളുടെ ധനത്തോട് കൂട്ടിച്ചേര്‍ത്ത് അവരുടെ ധനം നിങ്ങള്‍ കളയുകയുമരുത്. തീര്‍ച്ചയായും അത് ഒരു കൊടും പാതകമാകുന്നു.” (നിസാഅ് 2)
”അനാഥകളെ നിങ്ങള്‍ പരീക്ഷിച്ചു നോക്കുക. അങ്ങനെ അവര്‍ക്ക് വിവാഹ പ്രായമെത്തിയാല്‍ നിങ്ങളവരില്‍ കാര്യബോധം കാണുന്ന പക്ഷം അവരുടെ സ്വത്തുകള്‍ അവര്‍ക്കു വിട്ടുകൊടുക്കുക. അവര്‍ (അനാഥകള്‍) വലുതാകുമെന്ന് കണ്ട് അമിതമായും ധൃതിപ്പെട്ടും അത് തിന്നു തീര്‍ക്കരുത്. ഇനി (അനാഥയുടെ സംരക്ഷണമേല്‍ക്കുന്ന) വല്ലവനും കഴിവുള്ളവനാണെങ്കില്‍ (അതില്‍ നിന്ന് എടുക്കാതെ) മാന്യത പുലര്‍ത്തുകയാണ്. വേണ്ടത് വല്ലവനും ദരിദ്രരാണെങ്കില്‍ മര്യാദ പ്രകാരം അയാള്‍ക്കതില്‍ നിന്ന് ഭക്ഷിക്കാവുന്നതാണ്. എന്നിട്ട് അവരുടെ സ്വത്തുക്കള്‍ അവര്‍ക്ക് നിങ്ങള്‍ ഏല്‍പ്പിച്ചു കൊടുക്കുമ്പോള്‍ നിങ്ങളതിന് സാക്ഷി നിര്‍ത്തേണ്ടതുമാണ്. കണക്കുനോക്കുന്നവനായി അല്ലാഹു തന്നെ മതി.” (നിസാഅ് 6)
”തീര്‍ച്ചയായും അനാഥകളുടെ സ്വത്തുക്കള്‍ അന്യായമായി തിന്നുന്നവര്‍ അവരുടെ വയറുകളില്‍ തിന്നു നിറക്കുന്നത് തീ മാത്രമാകുന്നു. പിന്നീട് അവര്‍ നരകത്തില്‍ കത്തിയെരിയുന്നതുമാണ്.” (നിസാഅ് 10)
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x