22 Sunday
December 2024
2024 December 22
1446 Joumada II 20

അതിജീവനത്തിന്റെ വര്‍ത്തമാനം

ഡോ. സുബൈര്‍ വാഴമ്പുറം


തെക്കുപടിഞ്ഞാറന്‍ ഏഷ്യയില്‍ പരക്കെ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളിലൊന്നാണ് ഫലസ്തീന്‍-ഇസ്രായേല്‍ പ്രശ്‌നം. ചരിത്രപരമായും സാംസ്‌കാരികമായും രാഷ്ട്രീയമായും ആഴമേറിയ ഒരു പ്രശ്‌നമാണിത്. ബൈബിളില്‍ കാനാന്‍ എന്നും അറബിയില്‍ കന്‍ആന്‍ എന്നും അറിയപ്പെടുന്ന ഈ പ്രദേശം മെഡിറ്ററേനിയന്‍ സമുദ്രത്തിനും ജോര്‍ദാന്‍ നദിക്കും ഇടയില്‍ സ്ഥിതി ചെയ്യുന്നു. ബിസി അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗ്രീക്ക് ചരിത്രകാരനായിരുന്ന ഹെറോഡോട്ടസിന്റെ രേഖകളില്‍ ഫലസ്തീന്‍ എന്ന പേര് കാണാം. ബി സി 12ാം നൂറ്റാണ്ടില്‍ ഈ പ്രദേശത്ത് അധിവസിച്ചിരുന്ന ഫിലിസ്തിയന്‍ എന്ന ജനസമൂഹത്തില്‍ നിന്നാണ് ഫലസ്തീന്‍ എന്ന പേര് ഉണ്ടായതെന്ന് പറയപ്പെടുന്നു. ഇസ്‌ലാമിക ചരിത്രവുമായി ആഴത്തില്‍ ബന്ധമുള്ള ഒരു പ്രദേശമാണ് ഫലസ്തീന്‍. ഇബ്‌റാഹീം നബി(അ), ഇസ്ഹാഖ് നബി(അ), യഅ്ഖൂബ് നബി(അ), യൂസുഫ് നബി(അ), ശുഐബ് നബി(അ), ലൂത്വ് നബി(അ), ദാവൂദ് നബി(അ), സുലൈമാന്‍ നബി(അ) തുടങ്ങിയ പ്രവാചകന്മാരുടെ സ്പര്‍ശമേറ്റ മണ്ണാണിത്. 16 മാസത്തോളം മുസ്‌ലിംകളുടെ ഖിബ്‌ലയായിരുന്ന മസ്ജിദുല്‍ അഖ്‌സയും ഫലസ്തീനിലാണ്.
ഫലസ്തീന്‍ വിഷയം കേവലം ഒരു മുസ്‌ലിം പ്രശ്‌നമായി ഒതുങ്ങുന്നില്ല. പ്രശ്‌നം അനുഭവിക്കുന്നവരില്‍ മുസ്‌ലിംകളുടെ എണ്ണം താരതമ്യേന കൂടുതലാണെന്ന് പറയാം. 13 മില്യണില്‍ അധികം വരുന്ന ഫലസ്തീന്‍ വംശജരില്‍ 20%ലധികം ക്രിസ്ത്യാനികളും ജൂതന്മാരുമാണ്. ഇസ്രായേല്‍ വംശജരില്‍ മുഴുവനും ജൂതന്മാരുമല്ല. 18% മുസ്‌ലിംകളും 2% ക്രിസ്ത്യാനികളും വളരെ കുറച്ചു മറ്റു സമുദായങ്ങളും കഴിഞ്ഞാല്‍ 74 ശതമാനം ജൂതരാണ് ഇസ്രായേലില്‍ ഉള്ളത്. ഈ ജൂതരില്‍ തന്നെ ഇസ്രായേലിന്റെ ഫലസ്തീന്‍ ജനതയോടുള്ള അക്രമങ്ങളെയും കൈയേറ്റങ്ങളെയും എതിര്‍ക്കുന്ന ധാരാളം പേരുണ്ട്.
എഡി 638ല്‍ ഉമറിബ്‌നില്‍ ഖത്വാബ്(റ) ഒരു തുള്ളി രക്തം വീഴ്ത്താതെ ബൈസാന്റിയന്‍ സാമ്രാജ്യത്തില്‍ നിന്ന് സമാധാനപരമായി ജറൂസലമിനെ മോചിപ്പിച്ചു. അബൂഉബൈദ(റ)യുടെ നേതൃത്വത്തിലുള്ള മുസ്‌ലിം സൈന്യത്തിനു മുന്നില്‍ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ബൈസാന്റിയന്‍ സാമ്രാജ്യത്തിന് അടിയറവു പറയേണ്ടിവന്നു. ഖലീഫയുടെ മുമ്പില്‍ കീഴടങ്ങാന്‍ തങ്ങള്‍ തയ്യാറാണെന്ന് അവര്‍ അബൂഉബൈദയെ അറിയിച്ചതിന്റെ ഫലമായി മദീനയില്‍ നിന്ന് ഖലീഫ നേരിട്ടെത്തി ജറൂസലമിന്റെ താക്കോല്‍ ഏറ്റുവാങ്ങി. ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ പരിപാലിക്കുമെന്നും നിര്‍ബന്ധിതമായി ആരെയും മതം മാറ്റില്ലെന്നും ഉമര്‍(റ) അവര്‍ക്ക് ഉറപ്പു നല്‍കി. അങ്ങനെ നൂറ്റാണ്ടുകളായി ബൈസാന്റിയന്‍ ഭരണത്തിനു കീഴില്‍ പീഡിപ്പിക്കപ്പെട്ട, ആരാധനാ സ്വാതന്ത്ര്യമില്ലാതിരുന്ന ജൂതര്‍ക്ക് ഖലീഫ ഉമര്‍(റ) ആ വിശുദ്ധ മണ്ണില്‍ നിര്‍ഭയമായ താമസമൊരുക്കുകയും ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തു.
1099ല്‍ യൂറോപ്യര്‍ ജറൂസലം പിടിച്ചടക്കുവോളം ഈ വാക്ക് പാലിക്കപ്പെട്ടു. 638 മുതല്‍ 1099 വരെ 461 വര്‍ഷങ്ങള്‍ ജൂതരും മുസ്‌ലിംകളും ക്രിസ്ത്യാനികളും മറ്റു മതസ്ഥരും ഈ മണ്ണില്‍ മാറിമാറി വന്ന മുസ്‌ലിം ഭരണത്തില്‍ ഏകോദര സഹോദരന്മാരായി കൊണ്ടും കൊടുത്തും സന്തോഷത്തോടെ ജീവിച്ചു. ഇക്കാലയളവില്‍ അമവികളും അബ്ബാസികളും ഫാത്തിമികളും മറ്റും ഇവിടെ ഭരണം നടത്തി. 1099ല്‍ ജറൂസലം മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെട്ടു. ഇതോടുകൂടി ജൂതരുടെ കഷ്ടകാലവും ആരംഭിച്ചു. മുസ്‌ലിംകള്‍ക്കും ഈ കാലയളവില്‍ നില്‍ക്കക്കള്ളിയില്ലാതായി. 1099 മുതല്‍ 1187 വരെ ഫലസ്തീന്‍ പ്രത്യേകിച്ച് ജറൂസലം യൂറോപ്യന്‍ ക്രൂസേഡര്‍ അധിനിവേശത്തിനു കീഴിലായിരുന്നു. ഇത് ലാറ്റിന്‍ കിങ്ഡം ഓഫ് ജറൂസലം എന്ന് അറിയപ്പെടുന്ന ക്രിസ്ത്യന്‍ സാമ്രാജ്യത്തിന്റെ കാലമായിരുന്നു.
1187ല്‍ സുല്‍ത്താന്‍ സലാഹുദ്ദീന്‍ അയ്യൂബിയുടെ നേതൃത്വത്തില്‍ മുസ്‌ലിംകള്‍ ജറൂസലം തിരിച്ചുപിടിക്കുന്നതുവരെ ഇത് ക്രിസ്ത്യന്‍ സാമ്രാജ്യത്തിനു കീഴിലായിരുന്നു. 1187ല്‍ സലാഹുദ്ദീന്‍ ക്രൂസേഡര്‍മാരെ പരിപൂര്‍ണമായും പരാജയപ്പെടുത്തി. സലാഹുദ്ദീന്‍ അയ്യൂബിയുടെ ഭരണത്തിനു കീഴില്‍ ജൂതരെ വീണ്ടും അവിടെ പുനരധിവസിപ്പിച്ചു. മുമ്പുണ്ടായിരുന്നപോലെ തന്നെ അവര്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കി. 1244ല്‍ സാലിഹ് അയ്യൂബ് എന്ന ഈജിപ്ഷ്യന്‍ സുല്‍ത്താന്റെ കാലത്ത് മുസ്‌ലിംകള്‍ക്ക് വീണ്ടും ജറൂസലം നഷ്ടമായി. 1250 വരെ ജറൂസലം വീണ്ടും ക്രൂസേഡര്‍മാരുടെ കൈകളിലായി.
1250ല്‍ സ്ഥാപിതമായ മംലൂക് രാജവംശം ജറൂസലമിന്റെ ചരിത്രത്തില്‍ നിര്‍ണായക ഘട്ടമായി കണക്കാക്കപ്പെടുന്നു. മംലൂക് സുല്‍ത്താനേറ്റ് 1517 വരെ നിലനിന്നു. മംലൂക്കുകള്‍ ഇസ്‌ലാമിന്റെ ശക്തമായ സംരക്ഷകരായിരുന്നു. ഇവര്‍ ജറൂസലമിലെ ഇസ്ലാമിക പുണ്യസ്ഥലങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനും മുന്‍ഗണന നല്‍കി. ഈ കാലഘട്ടത്തില്‍ മസ്ജിദുല്‍ അഖ്‌സ, ഡോം ഓഫ് ദ റോക്ക് തുടങ്ങിയ പുണ്യസ്ഥാനങ്ങള്‍ പുനരുദ്ധരിച്ചു. അവര്‍ ജറൂസലമിനെ സംരക്ഷിക്കുകയും നിര്‍ണായക മാറ്റങ്ങള്‍ കൊണ്ടുവരുകയും ചെയ്തു. 1291ല്‍ അവസാനത്തെ ക്രൂസേഡര്‍ കോട്ടയും അവര്‍ പിടിച്ചെടുത്തു. ഇതോടെ ഹോളിലാന്‍ഡിലെ ക്രൂസേഡര്‍ പ്രഭാവം അവസാനിച്ചു.
1517ല്‍ ഉസ്മാനിയാ സാമ്രാജ്യം മംലൂക്കുകളെ പരാജയപ്പെടുത്തി ഫലസ്തീനെ അവരുടെ ഭാഗമാക്കി. 1917 വരെ ഈ കാലഘട്ടം നീണ്ടുനിന്നു. 400 വര്‍ഷം നീണ്ടുനിന്ന ഈ ഭരണത്തില്‍ മുസ്‌ലിംകള്‍ക്ക് അവരുടെ മതപരമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനുള്ള പൂര്‍ണ സ്വാതന്ത്ര്യം ഉസ്മാനിയാ ഭരണകൂടം ഉറപ്പാക്കി. മുസ്‌ലിംകള്‍ സമൂഹത്തിലെ പല മേഖലകളിലും മുന്‍തൂക്കം നേടി. പ്രത്യേകിച്ച് ഭരണകൂടത്തിലും വാണിജ്യത്തിലും. ഇക്കാലയളവില്‍ ജറൂസലമിലെ നിരവധി പുണ്യസ്ഥലങ്ങള്‍ പുനരുദ്ധരിക്കപ്പെട്ടു.
16ാം നൂറ്റാണ്ടില്‍ ഉസ്മാനിയാ നിയമസംഹിതകളെ സമഗ്ര പരിഷ്‌കരണത്തിനു വിധേയമാക്കിയ സുലൈമാന്‍ ഒന്നാമന്‍, പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ സുലൈമാന്‍ ദ മാഗ്‌നിഫിഷ്യന്റ് എന്ന പേരില്‍ അറിയപ്പെടുന്ന ഇദ്ദേഹം പഴയ മതമന്ദിരങ്ങള്‍ പുതുക്കിപ്പണിയുകയും മോടിപിടിപ്പിക്കുകയും ചെയ്തു. അഖ്‌സാ പള്ളിയും ഡോം ഓഫ് ദ റോക്കും പുനരുദ്ധാരണം നടത്തി.

ഉസ്മാനിയാ ഭരണകാലത്ത് ക്രിസ്ത്യാനികള്‍ക്കും യഹൂദര്‍ക്കും മതപരമായ അവകാശങ്ങള്‍ സ്വതന്ത്രമായി നിര്‍വഹിക്കാന്‍ അനുവാദം ലഭിച്ചു. ക്രിസ്ത്യന്‍ പള്ളികള്‍, യഹൂദ സിനഗോഗുകള്‍ എന്നിവ പുനര്‍നിര്‍മിക്കുകയും സംരക്ഷിക്കുകയും ചെയ്തു. പുണ്യസ്ഥലങ്ങളുടെ പരിപാലനത്തിനൊപ്പം ഉസ്മാനി ഭരണകൂടം നഗരത്തിന്റെ വികസനത്തിന് ഉത്തേജനം നല്‍കി. പുണ്യസ്ഥലങ്ങളും വിദ്യാലയങ്ങളും ശിക്ഷണകേന്ദ്രങ്ങളും സമൂഹത്തില്‍ ഉന്നത നിലവാരം ഉറപ്പാക്കി.
1917ല്‍ ബ്രിട്ടീഷ് സൈന്യം ഫലസ്തീനില്‍ പ്രവേശിക്കുകയും ഉസ്മാനിയാ സാമ്രാജ്യത്തെ ഫലസ്തീനില്‍ നിന്നു പുറത്താക്കുകയും ചെയ്തു. ഇതേ സമയത്തുതന്നെ ബാല്‍ഫോര്‍ പ്രഖ്യാപനവും നടന്നു. ബ്രിട്ടീഷ് ഭരണാധികാരികള്‍ ഫലസ്തീനില്‍ ഒരു യഹൂദി ഹോംലാന്‍ഡ് സ്ഥാപിക്കുമെന്നായിരുന്നു ഈ പ്രഖ്യാപനം. ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തില്‍, യഹൂദരുടെ പിന്തുണ നേടാനാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ പ്രഖ്യാപനം നടത്തിയത്. ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനത്തോടെ 1947ല്‍ ഐക്യരാഷ്ട്രസഭ ഫലസ്തീന്‍ പ്രദേശത്തെ രണ്ടു സംസ്ഥാനങ്ങളായി വിഭജിക്കുന്നതിനു വേണ്ടി ഒരു പദ്ധതി അവതരിപ്പിച്ചു. ഇത് ‘ഐക്യരാഷ്ട്രസഭയുടെ ഫലസ്തീന്‍ വിഭജന പദ്ധതി’ എന്ന് അറിയപ്പെടുന്നു. പക്ഷേ, ഈ പദ്ധതി പല കാരണങ്ങളാല്‍ നടപ്പായില്ല.
ബ്രിട്ടീഷ് ഭരണാധികാരികള്‍ ഫലസ്തീനില്‍ ഒരു യഹൂദി ഹോംലാന്‍ഡ് സ്ഥാപിച്ചത് തിടുക്കപ്പെട്ടായിരുന്നു. ഇതിനു മുമ്പേ ഇതിനായി കണ്ടെത്തിയ സ്ഥലം അമേരിക്കയായിരുന്നു. അമേരിക്കയില്‍ ഒരു ജൂതരാഷ്ട്രം സ്ഥാപിക്കുക എന്ന പദ്ധതി 19ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ സജീവമായിരുന്നു. അതിനായി സ്ഥലം കണ്ടെത്തുകയും ചെയ്തിരുന്നു. പിന്നീടത് ഉപേക്ഷിക്കപ്പെട്ടു. മറ്റൊരു പദ്ധതി ബ്രിട്ടീഷ്-ഉഗാണ്ട പ്രോഗ്രാമായിരുന്നു. ഇതൊരു ബ്രിട്ടീഷ് പദ്ധതിയായിരുന്നു. 1903ല്‍ വേള്‍ഡ് സയണിസ്റ്റ് ഓര്‍ഗനൈസേഷന്റെ ആറാമത്തെ യോഗത്തില്‍ ഈ പദ്ധതി ചര്‍ച്ചയ്ക്ക് വന്നു. 177 വോട്ടുകള്‍ക്കെതിരെ 275 വോട്ട് നേടി ഈ പദ്ധതി പാസായി. ബ്രിട്ടീഷ് അധീനതയില്‍ ഉണ്ടായിരുന്ന കിഴക്കന്‍ ആഫ്രിക്കയില്‍ ഒരു ജൂതരാഷ്ട്രം, അതും 13,000 ച.കി.മീ വിസ്തൃതിയുള്ള ഒരു മാതൃരാജ്യം. അതായിരുന്നു പദ്ധതി. പക്ഷേ, ഇതും നടപ്പായില്ല.
ജൂതരെ എവിടെയെങ്കിലും കുടിയിരുത്തുക എന്ന യൂറോപ്പിന്റെ ശ്രമങ്ങള്‍ പിന്നീട് ഫലസ്തീനിലേക്ക് തിരിഞ്ഞു. ഒരു ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിനായി തിയോഡോര്‍ ഹെര്‍സല്‍, സയണിസ്റ്റ് ഓര്‍ഗനൈസേഷന്‍ സ്ഥാപിക്കുകയും ഫലസ്തീനിലേക്കുള്ള ജൂതകുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അതിനെത്തുടര്‍ന്ന് 1948 മെയ് 14ന് പുതിയ രാജ്യം സൃഷ്ടിച്ചതായും അതിന്റെ പേര് ഇസ്രായേല്‍ എന്നായിരിക്കുമെന്നും ജൂതനേതാവും ഇസ്രായേലിന്റെ പ്രഥമ പ്രധാനമന്ത്രിയുമായ ദാവീദ് ബെന്‍ഗൂരിയന്‍ പ്രഖ്യാപിച്ചു. അറബ് ലോകം ഇതിനെതിരെ ശക്തമായി പ്രതികരിച്ചു. 1948ലെ അറബ്-ഇസ്രായേല്‍ യുദ്ധത്തില്‍ ഇസ്രായേല്‍ വിജയം നേടി. ഇതിനെ തുടര്‍ന്ന് പല ഫലസ്തീനികളും അവരുടെ വീടുകളില്‍ നിന്ന് ഒഴിപ്പിക്കപ്പെട്ടു. ഫലസ്തീന്‍ അഭയാര്‍ഥികളുടെ പ്രശ്‌നം ഇതോടെ ആരംഭിച്ചു.
1967ലെ ആറു ദിവസം നീണ്ട യുദ്ധത്തില്‍ ഇസ്രായേല്‍ വന്‍ വിജയം നേടിയപ്പോള്‍ ഗസ്സാ മുനമ്പ്, വെസ്റ്റ്ബാങ്ക്, കിഴക്കന്‍ ജറൂസലം എന്നിവ ഉള്‍പ്പെടെയുള്ള ഫലസ്തീനിന്റെ ചരിത്രപരമായ പല ഭാഗങ്ങളും ഇസ്രായേല്‍ കൈവശപ്പെടുത്തി.
1964ല്‍ ഫലസ്തീന്‍ ജനതയ്ക്ക് സ്വന്തമായൊരു രാഷ്ട്രം എന്ന ലക്ഷ്യത്തോടെ യാസിര്‍ അറഫാത്ത് സ്ഥാപിച്ച രാഷ്ട്രീയ സംഘടനയാണ് പിഎല്‍ഒ (ഫലസ്തീന്‍ വിമോചന സംഘടന). രാഷ്ട്രീയ ചെറുത്തുനില്‍പുകളുടെ ഇന്‍തിഫാദകളുടെ കാലത്ത് ഫലസ്തീന്‍ ജനതയ്ക്കിടയില്‍ അറഫാത്ത് നിറഞ്ഞുനിന്നു. പക്ഷേ, പല സമ്മര്‍ദത്തിനും വഴങ്ങി അദ്ദേഹത്തിന് ചില ഒത്തുതീര്‍പ്പുകളിലേക്കു പോകേണ്ടിവന്നു. ഇതിനിടയ്ക്കാണ് ശൈഖ് അഹ്‌മദ് യാസീന്റെ കീഴില്‍ 1987 ഡിസംബര്‍ 17ന് ഇന്‍തിഫാദക്ക് പിന്തുണ പ്രഖ്യാപിച്ച് ഹമാസ് (ഹറകതു മുഖാവമവതില്‍ ഇസ്‌ലാമിയ്യ) എന്ന സംഘടന രൂപം കൊള്ളുന്നത്.
ഈ രണ്ടു പ്രസ്ഥാനങ്ങളും തമ്മില്‍ പലപ്പോഴായി പല വിഷയങ്ങളിലും കലഹിച്ചുകൊണ്ടിരുന്നു. ഇതിനൊരു ഉദാഹരണമാണ് 1993ലെ ഓസ്‌ലോ കരാര്‍. ഇസ്രായേല്‍ കൈയേറിയ സ്ഥലങ്ങളില്‍ നിന്ന് ഇസ്രായേല്‍ പിന്മാറി ഗസ്സയും വെസ്റ്റ്ബാങ്കും ചേര്‍ത്ത് ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുക എന്ന വ്യവസ്ഥയില്‍ അന്നത്തെ ഇസ്രായേലി പ്രധാനമന്ത്രി യിത്‌സാക്ക് റബീനും പിഎല്‍ഒ നേതാവ് യാസിര്‍ അറഫാത്തും അമേരിക്കയുടെ മധ്യസ്ഥതയില്‍ ഒപ്പുവെച്ച കരാറായിരുന്നു അത്. പിഎല്‍ഒ ഇസ്രായേലിനെ ഔദ്യോഗികമായി അംഗീകരിക്കുകയും പകരം ഗസ്സയിലും വെസ്റ്റ്ബാങ്കിലും പിഎല്‍ഒക്ക് സ്വയംഭരണാവകാശം നല്‍കുകയും ചെയ്യുകയെന്നതായിരുന്നു ഓസ്‌ലോ ഉടമ്പടിയുടെ ചുരുക്കരൂപം.
ഈ കരാറിനെ ഹമാസ് എതിര്‍ത്തു. ഈ കരാറിന്റെ പേരില്‍ യാസിര്‍ അറഫാത്തിന് നൊബേല്‍ പുരസ്‌കാരം കിട്ടി എന്നതൊഴിച്ച് മറ്റു യാതൊരു സംഭവവും ഉണ്ടായില്ല. എന്നാല്‍ ബ്രദര്‍ഹുഡുമായും പൊളിറ്റിക്കല്‍ ഇസ്‌ലാമുമായും ബന്ധമുള്ള ഹമാസിന് 2007 മുതല്‍ ഗസ്സയില്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞു.
മിഡില്‍ഈസ്റ്റ്, വാഷിങ്ടണ്‍, ക്യാമ്പ് ഡേവിഡ് തുടങ്ങിയ ഇടങ്ങളിലെ ചര്‍ച്ചകള്‍ക്കു ശേഷം പല സമാധാന ശ്രമങ്ങളും ഉണ്ടായെങ്കിലും കൃത്യമായ ഒരു പരിഹാരമോ സമാധാനമോ ഉണ്ടാക്കാന്‍ സാധിച്ചില്ല. ഓസ്‌ലോ കരാര്‍ വലിയ പ്രതീക്ഷകള്‍ ജനിപ്പിച്ചുവെങ്കിലും അതിനും ഒരു പരിഹാരം കാണാന്‍ സാധിച്ചില്ല.
ഗസ്സയില്‍ സംഭവിച്ചത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് ഐക്യരാഷ്ട്ര സഭാ മേധാവി അന്റോണിയോ ഗുട്ടെറസ് പ്രസ്താവിച്ചു. കഴിഞ്ഞ 56 വര്‍ഷങ്ങള്‍ ഫലസ്തീന്‍ ജനത പൊറുതിമുട്ടി കഴിയുകയാണ്. അവരുടെ വീടുകളും സ്ഥലങ്ങളും തകര്‍ക്കപ്പെട്ടു. അതിനാല്‍ ഗസ്സയിലെ ആക്രമണം ശൂന്യതയില്‍ നിന്നല്ല സംഭവിച്ചതെന്നും ഗുട്ടെറസ് ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതി യോഗത്തില്‍ പറഞ്ഞു. ഹമാസ് ആക്രമണത്തെ ശക്തമായി എതിര്‍ത്ത അദ്ദേഹം ഇതിന്റെ പേരില്‍ ഫലസ്തീന്‍ ജനതയെ ഒന്നാകെ ശിക്ഷിക്കുന്നതിനെ കുറ്റപ്പെടുത്തിയും സംസാരിച്ചു.
ഇന്നത്തെ സാഹചര്യത്തില്‍ ഇസ്രായേലിന്റെയും ഫലസ്തീനിന്റെയും പ്രശ്‌നം രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-മതപരമായ വിപ്ലവങ്ങളിലൂടെയാണ് കടന്നുപോകുന്നത്. നിരന്തരമായ സംഘര്‍ഷങ്ങളും അധിനിവേശവും പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഫലസ്തീനികളുടെ ദൈനംദിന ജീവിതം അങ്ങേയറ്റം പ്രതിസന്ധിയിലായിരിക്കുകയാണ്. യുദ്ധത്തിന്റെ ഭീതിയും അധിനിവേശവും ബലപ്രയോഗവും ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു.
ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ആയിരങ്ങള്‍, മരിച്ചു ജീവിക്കുന്ന അനേകായിരം വിധവകള്‍, മാതാപിതാക്കള്‍ നഷ്ടപ്പെട്ട ബാല്യങ്ങള്‍, പിഞ്ചോമനമക്കള്‍ കണ്‍മുന്നില്‍ പിടഞ്ഞുമരിക്കുന്ന കാഴ്ച കണ്ട് ഹൃദയം പൊട്ടിയ മനുഷ്യര്‍, നിര്‍ഭയത്വത്തോടെ ഒന്ന് ഉറങ്ങാന്‍ കൊതിക്കുന്ന ജനത- ഇങ്ങനെ നീണ്ടുപോകുന്ന ദുരിതാവസ്ഥയിലാണെങ്കിലും തങ്ങളുടെ അചഞ്ചലമായ വിശ്വാസം കൊണ്ടും റബ്ബിന്റെ വാക്ക് പാഴാകില്ല എന്ന മനക്കരുത്തുകൊണ്ടും ഇന്നല്ലെങ്കില്‍ നാളെ ഞങ്ങള്‍ക്ക് അല്ലെങ്കില്‍ ഞങ്ങളുടെ വരും തലമുറകള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാനുള്ള ഒരു ദിവസം വന്നെത്തുമെന്ന വിശ്വാസം അവര്‍ക്ക് പോരാട്ടത്തില്‍ ഉറച്ചുനില്‍ക്കാനുള്ള ചാലകശക്തിയാണ്.

Back to Top