30 Saturday
November 2024
2024 November 30
1446 Joumada I 28

അണികളുടെ  വ്യാജ പ്രചാരണങ്ങള്‍ക്ക്  ആര് തടയിടും?  -അബൂആദില്‍

പ്രഗത്ഭരായ രണ്ടു പണ്ഡിതരായിരുന്നു ശൈഖ് അഹമ്മദ് രിഫാഈയും ശൈഖ് അബ്ദുല്‍ഖാദര്‍ ജീലാനിയും. തങ്ങളുടെ ജീവിതം ഇസ്‌ലാമിനും സമുദായത്തിനും വേണ്ടി മാറ്റിവെച്ച രണ്ടു പ്രഗത്ഭര്‍. ഖുര്‍ആനും സുന്നത്തും മുറുകെ പിടിച്ചു ജീവിക്കാന്‍ അവര്‍ ആളുകളോട് ആഹ്വാനം ചെയ്തു. രണ്ടു പേരും ആറാം നൂറ്റാണ്ടില്‍ ജീവിച്ചവര്‍. രണ്ടു പേര്‍ക്കും ഒരുപാട് ശിഷ്യന്മാരും ഉണ്ടായിരുന്നു. പക്ഷെ നമ്മുടെ നാട്ടില്‍ ഈ രണ്ടുപേരും അറിയപ്പെടുന്നത് മറ്റു പലതിന്റെയും പേരിലാണ്. അവരുടെ പേരില്‍ പറഞ്ഞു പരത്തുന്ന അത്ഭുത കഥകള്‍ എങ്ങനെ ഉണ്ടായി എന്ന് ചോദിച്ചാല്‍ അതിനുള്ള മറുപടിയാണ് ഇന്ന് നാം അനുഭവിച്ചു കൊണ്ടിരിക്കുന്ന പലതും.
ഉസ്താദുമാരോട് അവരുടെ ശിഷ്യന്മാര്‍ക്ക് ഭക്തിയുണ്ടാവുക സ്വാഭാവികം. തങ്ങളുടെ ഉസ്താദാണ് കൂടുതല്‍ മെച്ചം എന്ന് എല്ലാവരും വാദിക്കും. പ്രവാചക ജീവിതവും സഹാബത്തിന്റെ ജീവിതവും നമ്മുടെ മുന്നിലുണ്ട്. അവര്‍ക്കില്ലാത്ത പലതുമാണ് അതിനു ശേഷം വന്ന പലര്‍ക്കും നാം കേട്ട് വരുന്നത്. കേരളത്തില്‍ തന്നെ അതിന് ഉദാഹരണം പലതാണ്. ഉസ്താദ് അറിയാതെ അല്ലാഹു ഒന്നും ചെയ്യില്ല എന്നതും പല ഭാവി കാര്യങ്ങളും ഉസ്താദ് അറിഞ്ഞിരുന്നെന്നും അണികള്‍ നാടുനീളെ പാടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഖുര്‍ആനും സുന്നത്തും മുറുകെ പിടിച്ചു ജീവിക്കണം എന്ന് ആഹ്വാനം ചെയ്ത പണ്ഡിതരുടെ അവസ്ഥയാണ് നാം മുകളില്‍ കണ്ടത്. അതെ സമയം വിശ്വാസത്തെ പലപ്പോഴും വികലമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നവരുടെ അണികളില്‍ നിന്നും അത്തരത്തിലുള്ള പ്രവണതകള്‍ ഉണ്ടാവുക എന്നത് ഒരു അത്ഭുതമല്ല. തങ്ങളുടെ നേതാവ് മഹാനാണ് എന്ന് കാണിക്കാന്‍ അണികള്‍ ഉയര്‍ത്തി കൊണ്ട് വരുന്ന ഇത്തരം വ്യാജങ്ങള്‍ സമയാ സമയങ്ങളില്‍ തിരുത്താന്‍ സന്നദ്ധമായില്ലെങ്കില്‍ അത് അവിടെ തന്നെ നില്‍ക്കും.
നമ്മുടെ മുന്നില്‍ ജീവിച്ചു മരിച്ചു പോയ പലരുടെയും മഹത്വം ആരംഭിക്കുന്നത് പലപ്പോഴും അദ്ദേഹത്തിന്റെ മരണത്തോട് കൂടിയാണ്. അതെ സമയം യഥാര്‍ത്ഥ മഹാന്മാരുടെ മഹത്വം അവരുടെ ജീവിത കാലത്തു തന്നെ അറിയപ്പെടും. അത്ഭുത വിദ്യകള്‍ കൊണ്ട് ആളുകളുടെ മഹത്വം അളക്കുക എന്നത് മറ്റു ചില മതങ്ങളുടെ സ്വഭാവ രീതിയാണ്. അവര്‍ മരണ ശേഷം കാണിക്കുന്ന അത്ഭുത വിദ്യകളാണ് അവരെ വാഴത്തപ്പെട്ടവരായി കണക്കാന്‍ മാനദണ്ഡം. ഇസ്ലാമില്‍ മരണത്തിനു മുമ്പാണ് മഹത്വം കണക്കാക്കുക. ഒരാളുടെ ജീവിതം നോക്കിയാണ് അത് കണക്കാക്കേണ്ടതും. അങ്ങിനെ നോക്കിയാല്‍ ഈ മഹത്വം ഉദ്‌ഘോഷിക്കുന്നവരുടെ അവസ്ഥ നമുക്കു തന്നെ തീരുമാനിക്കാം.
ശിഷ്യര്‍ക്ക് ഉസ്താദിനോടും അണികള്‍ക്ക് നേതാവിനോടും ഉണ്ടാകേണ്ടത് ഭക്തിയല്ല. സ്‌നേഹവും ബഹുമാനവുമാണ്. ഒരാളെ കുറിച്ച് ഉള്ളത് പറയുക എന്നതാണ് അയാളോട് ചെയ്യാന്‍ കഴിയുന്ന നല്ല കാര്യം. ഇല്ലാത്ത കാര്യം നുണയുടെ പരിധിയില്‍ വരും. ശൈഖ് അഹമ്മദ് രിഫാഇയെയും ശൈഖ് അബ്ദുല്‍ ഖാദര്‍ ജീലാനിയെയും കുറിച്ച് അവരുടെ മരണ ശേഷമാണ് അപരാധം പറഞ്ഞു തുടങ്ങിട്ടുണ്ടാവുക. അവരുടെ സ്വഭാവം പരിഗണിച്ച് അത്തരം നിലപാടുകള്‍ അവര്‍ തിരുത്തും. അതെ സമയത്തു ജീവിച്ചിരിക്കുമ്പോള്‍ തന്നെ കുറിച്ച് ശിഷ്യര്‍ പറഞ്ഞു കൊണ്ടിരിക്കുന്ന നുണകള്‍ കേട്ട് രസിക്കുന്ന നേതാക്കള്‍ വാസ്തവത്തില്‍ അണികളെ കൂടുതല്‍ തിന്മയിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്.
Back to Top