9 Sunday
May 2021
2021 May 9
1442 Ramadân 26

അഡ്വ. പി എം മുഹമ്മദ്കുട്ടി പ്രസ്ഥാനത്തിന് കരുത്ത് പകര്‍ന്ന നേതാവ് – സി പി ഉമര്‍ സുല്ലമി

കെ എന്‍ എം സംസ്ഥാന വൈ.പ്രസിഡന്റായിരുന്ന പി എം മുഹമ്മദ്കുട്ടി സാഹിബ് നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. (ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍). മികച്ച നിയമജ്ഞനും നേതാവും വാഗ്മിയും പണ്ഡിതനുമായിരുന്നു അദ്ദേഹം. കെ എന്‍ എം സമ്മേളനങ്ങളിലെല്ലാം നല്ല പ്രഭാഷകനായി അദ്ദേഹം പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു.
താഴെ ചേളാരിയില്‍ ഇ കെ ഹസന്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സമസ്ത നേതാക്കള്‍ മുജാഹിദുകള്‍ക്കെതിരെ വലിയ പ്രചാരണം നടത്തിയ കാലമുണ്ടായിരുന്നു. മുജാഹിദുകള്‍ ഇസ്‌ലാമിന് പുറത്താണെന്നും മുനാഫിഖുകളാണെന്നും അവരോട് സലാം പറയാന്‍ പാടില്ലെന്നും മഹല്ലുകളിലും മറ്റും അടുപ്പിക്കരുതെന്നും അവരുടെ മയ്യിത്ത് മറവു ചെയ്യാന്‍ അനുവദിക്കരുതെന്നും തുടങ്ങി രൂക്ഷമായ പ്രചാരണങ്ങളും വിമര്‍ശനങ്ങളുമാണ് നടത്തിയിരുന്നത്. ഇതിനെ തുടര്‍ന്ന് തേഞ്ഞിപ്പലം മഹല്ലില്‍ മുജാഹിദ് പ്രവര്‍ത്തകരെ ബഹിഷ്‌ക്കരിക്കണമെന്ന് അഭിപ്രായമുയര്‍ന്നു. പി എം മുഹമ്മദ്കുട്ടി സാഹിബിന്റെ പിതാവ് ആ മഹല്ലിലെ ആദരിക്കപ്പെടുന്ന വ്യക്തിത്വമായിരുന്നു.
ബഹിഷ്‌കരണ വിഷയം ചേളാരിയിലെ മുജാഹിദുകള്‍ പി എം മുഹമ്മദ്കുട്ടി സാഹിബിനെ അറിയിച്ചു. അദ്ദേഹം അന്ന് മാവൂരിലായിരുന്നു താമസം. വല്ലപ്പോഴുമേ വീട്ടില്‍ വരാറുണ്ടായിരുന്നുള്ളൂ. ഈ വിഷയം അദ്ദേഹം പിതാവുമായി സംസാരിച്ചു. മുജാഹിദുകളെ ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചുവെന്ന് പിതാവ് പറഞ്ഞപ്പോള്‍ ഞാനും മുജാഹിദാണല്ലോ, എന്നെയും ബഹിഷ്‌ക്കരിക്കുമോ എന്ന് അദ്ദേഹം ചോദ്യമുയര്‍ത്തി. അത് പിതാവിനെ ചിന്തിപ്പിച്ചു.
ഈ വിഷയം പിതാവ് മഹല്ലില്‍ അവതരിപ്പിച്ചു. എന്നാല്‍ നിങ്ങളുടെ മകനെ ബഹിഷ്‌ക്കരിക്കാന്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു അവരുടെ മറുപടി. എന്നാല്‍ അവനും മുജാഹിദാണല്ലോ. അവനെ ഒഴിച്ചുനിര്‍ത്താന്‍ പറ്റുമോ എന്ന് അദ്ദേഹം തിരിച്ചുചോദിച്ചു. അവസാനം സമസ്തയുടെ നേതാക്കള്‍ക്ക് മുന്നില്‍ വിഷയമെത്തി. വിശദമായ ചര്‍ച്ച നടത്താമെന്ന് തിരുമാനമാവുകയും അതിനൊരു വേദി തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ സമസ്തപ്രതിനിധികള്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് ഈ ചര്‍ച്ച മുടങ്ങി. അത് പിന്നീട് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിച്ചു.
ഒടുവില്‍ സമസ്തയുടെ വികല ആദര്‍ശങ്ങളെ വിമര്‍ശിച്ച് ഒരു പ്രസംഗപരമ്പര ആരംഭിച്ചു. ഈ പരമ്പരയില്‍ ഒരു ദിവസം പ്രസംഗിക്കാന്‍ ശൈഖ് മൗലവി അദ്ദേഹത്തിനു പകരം എന്നെയായിരുന്നു പറഞ്ഞയച്ചത്. സ്ഥലത്തെത്തി മുഹമ്മദ് കുട്ടി സാഹിബിനെ കണ്ട് ശൈഖ് മൗലവി ഏല്‍പിച്ച കാര്യം ഞാന്‍ അറിയിച്ചു. ഞങ്ങള്‍ അതിനുമുമ്പ് അത്ര അടുത്തബന്ധം ഉണ്ടായിരുന്നില്ല. എന്നാല്‍ ചെറുപ്പക്കാരനായ എന്റെ പ്രസംഗത്തെക്കുറിച്ച് അദ്ദേഹത്തിന് വലിയ മതിപ്പുണ്ടായിരുന്നില്ല. പണ്ഡിതന്മാര്‍ അണിനിരക്കുന്ന സമസ്തയുടെ മുന്നില്‍വെച്ചാണല്ലോ സംസാരിക്കേണ്ടത്. എന്തായിരിക്കും അതിന്റെ പരിണിത ഫലമെന്നതില്‍ അദ്ദേഹം ബേജാറിലായിരുന്നു. എന്നാല്‍ സംസാരം തുടങ്ങി അല്‍പം കഴിഞ്ഞപ്പോഴാണ് ബേജാറ് മാറിയതെന്ന് അദ്ദേഹം പ്രസംഗശേഷം എന്നെ അറിയിക്കുകയുണ്ടായി. പ്രസംഗശേഷം വന്ന് എന്നെ അഭിനന്ദിക്കുകയും ചെയ്തു. ആ സംഭവത്തിനുശേഷം ഞങ്ങള്‍ വളരെ അടുപ്പത്തിലായി. പലപ്പോഴും എന്നെ പ്രസംഗത്തിനു വിളിക്കുകയും ഞാന്‍ പോകുന്ന പല സ്ഥലങ്ങളിലേക്കും അദ്ദേഹത്തെ കൂട്ടുകയും ചെയ്യാറുണ്ടായിരുന്നു.

മലപ്പുറം ജില്ലാ കെ എന്‍ എമ്മിന്റെ പ്രസിഡന്റായി എം കെ ഹാജിയും സെക്രട്ടറിയായി ഞാനും പ്രവര്‍ത്തിക്കുന്ന സമയം. ആ ഘട്ടത്തിലാണ് യൂനിവേഴ്‌സിറ്റി ഭാഗത്ത് ഒരു പള്ളി വേണമെന്ന ആവശ്യം വരുന്നത്. എം കെ ഹാജി അന്ന് കെ എന്‍ എമ്മിന്റെ ജന.സെക്രട്ടറിയായിരുന്ന കെ പി മുഹമ്മദ് മൗലവിയുമായി ബന്ധപ്പെട്ടു. പെട്ടെന്നു തന്നെ അത് നടക്കണമെന്നും ഇല്ലെങ്കില്‍ പള്ളിക്കായി കണ്ടെത്തിയ സ്ഥലം കിട്ടിയില്ലെന്ന് വരുമെന്നും ബോധിപ്പിച്ചു. അങ്ങനെ കെ എം മൗലവി, എം കെ ഹാജി, പി എം മുഹമ്മദ് കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തില്‍ പള്ളിക്ക് തറക്കല്ലിടല്‍ നടന്നു. ഇന്നത്തെ കോഹിനൂര്‍ സലഫി മസ്ജിദാണ് ആ പള്ളി. അന്ന് അവിടെ ആള്‍ത്താമസമോ കെട്ടിടങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. പരിപാടിയുടെ സമാപന സമ്മേളനത്തില്‍ എം കെ ഹാജി സാഹിബ് തൊട്ടടുത്ത ആഴ്ച ജുമുഅ തുടങ്ങുകയാണെന്ന് പ്രഖ്യാപിച്ചു. തറക്കല്ലിടല്‍ മാത്രമേ നടന്നിട്ടുള്ളൂ. അപ്പോഴാണ് ജുമുഅ തുടങ്ങുന്നു എന്ന് പറഞ്ഞത്. മുഹമ്മദ് കുട്ടി സാഹിബിനോട് നിങ്ങള്‍ ഓലയും മുളയും കുറച്ച് കൊടുത്തയക്കൂ. നമുക്ക് ഇവിടെ ഒരു പന്തലിട്ട് ജുമുഅ തുടങ്ങാമെന്നായിരുന്നു എം കെ ഹാജി പറഞ്ഞത്. അങ്ങനെ അടുത്തുള്ള സ്ഥലങ്ങളില്‍ നിന്ന് സാധനങ്ങള്‍ കൊണ്ടുവന്ന് ഷെഡ് കെട്ടി അതില്‍ ജുമുഅ തുടങ്ങി.
മര്‍ഹൂം എം കെ ഹാജി മരണപ്പെടുന്നത് ആയിടെക്കാണ്. തിരൂരങ്ങാടി യതീംഖാനയിലേക്ക് പി എം മുഹമ്മദ്കുട്ടി സാഹിബിനെ മാനേജറായി ക്ഷണിക്കുകയും ചെയ്തു. ഞങ്ങളൊരുമിച്ച് യാത്ര ചെയ്യവേ മുഹമ്മദ്കുട്ടിസാഹിബ് ആ ക്ഷണം സംബന്ധിച്ച് അഭിപ്രായമാരാഞ്ഞു. അദ്ദേഹത്തെപ്പോലുള്ള ആളുകളുടെ സാന്നിധ്യം യതീംഖാനക്ക് ആവശ്യമാണെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. ആ സ്ഥാപനത്തില്‍ ജോലി ചെയ്യാനും സ്ഥാപനത്തെ ഉയര്‍ത്തിക്കൊണ്ടുവരാനും താങ്കള്‍ തിരൂരങ്ങാടിയില്‍ പോകണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം മാനേജരായി സ്ഥാനമേറ്റെടുക്കുമ്പോള്‍ ഞാന്‍ അറബിക് കോളെജില്‍ അധ്യാപകനായി വരുമോ എന്നദ്ദേഹം ചോദിച്ചു. അങ്ങനെയാണ് അദ്ദേഹം അവിടെ മാനേജരായി ചാര്‍ജെടുക്കുന്നതും ഞാന്‍ അറബിക് കോളെജില്‍ വരുന്നതും.
ആയിടെ അദ്ദേഹത്തിന്റെ ജാമാതാവിന്റെ ഭര്‍ത്താവ് മരണപ്പെട്ടു. അവിടെ ആളില്ലാത്തതിനാല്‍ തിരൂരങ്ങാടിയില്‍ വരുന്നത് അദ്ദേഹത്തിന് പ്രയാസകരമായി. ഇതിനെ തുടര്‍ന്ന് നാല് മാസത്തേക്ക് അദ്ദേഹം ലീവെടുത്തു. തുടര്‍ന്ന് താല്ക്കാലിക മാനേജരായി എന്നെ നിയമിച്ചു. നാല് മാസത്തിനുശേഷവും അദ്ദേഹത്തിന് വരാന്‍ സാധിക്കാതെ വന്നതോടെ മാനേജര്‍ ചുമതല എന്നെ ഏല്‍പിക്കുകയായിരുന്നു.
ശരീഅത്ത് വിഷയം രൂക്ഷമായപ്പോള്‍ പി എം മുഹമ്മദ്കുട്ടി സാഹിബിന്റെ സാന്നിധ്യം വളരെയേറെ പ്രയോജനകരമായിരുന്നു. ഒരു നിയമജ്ഞന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അറിവും മതപരമായ പാണ്ഡിത്യവും ശരീഅത്ത് വിഷയത്തില്‍ ശരിയായ നിലപാട് പറയാനും അതില്‍ ഇടപെടാനും അദ്ദേഹത്തിന് കൂടുതല്‍ കരുത്ത് നല്‍കി. എം എസ് എസിലും എം ഇ എസിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ചന്ദ്രിക, ശബാബ്, അല്‍മനാര്‍ തുടങ്ങി വിവിധ പ്രസിദ്ധീകരണങ്ങളില്‍ നിയമപരമായ വശങ്ങളില്‍ കനപ്പെട്ട ലേഖനങ്ങള്‍ രചിക്കുകയുണ്ടായി. ദീര്‍ഘകാലം കെ എന്‍ എമ്മിന്റെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ വിയോഗം സംഘടനയ്ക്കും സമൂഹത്തിനും ഒരുപോലെ നഷ്ടമാണ്. പടച്ചവന്‍ അദ്ദേഹത്തെയും നമ്മെയും സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുമാറാകട്ടെ.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x