3 Tuesday
December 2024
2024 December 3
1446 Joumada II 1

അടിമത്തം: പുതിയ ഭാവപ്പകര്‍ച്ചകള്‍ – ഖലീലുര്‍റഹ്മാന്‍ മുട്ടില്‍

ക്രൂരതയുടെ കറുത്തിരുണ്ട പ്രതീകങ്ങളിലൊന്നാകുന്നു അടിമത്തം. ഭൂമുഖം നിറയെ നിറഞ്ഞുനില്‍ക്കുന്ന അടിമത്തത്തിന്റെ സ്മാരകമുപയോഗിച്ച് പണം വാരിക്കൂട്ടുകയാണ് ആധുനിക മനുഷ്യന്‍. ആധുനിക യന്ത്രങ്ങള്‍ കണ്ടുപിടിക്കുന്നതിനു മുമ്പ് വന്‍ ശിലാപാളികളുപയോഗിച്ച് നിര്‍മിച്ച രാജകൊട്ടാരങ്ങളും കോട്ടകൊത്തളങ്ങളും കുടുംബ സമേതം കണ്ട് ആസ്വദിക്കുന്നവര്‍ക്ക് അവയ്ക്കു പിന്നിലെ അടിമത്തത്തിന്റെ നുകം പേറി നരക ജീവിതം കടിച്ചിറക്കിയവരുടെ കണ്ണീര്‍ ചാലുകള്‍ കാണാന്‍ കഴിയുന്നുണ്ടോ, ആവോ? ഇന്ന് ലോകരാഷ്ട്രങ്ങള്‍ നിയമം മൂലം അടിമത്തം നിരോധിച്ചിരിക്കുകയാണ്. എന്നാലും ഐക്യരാഷ്ട്രസഭ എല്ലാവര്‍ഷവും മാര്‍ച്ച് 25 അടിമത്ത ഓര്‍മ ദിനമായി ആചരിച്ചുവരുന്നുണ്ട്. ആധുനികാടിമത്തത്തിന്റെ നിറം മാറുന്ന മുഖഭാവങ്ങളാണ് ഇന്ന് ലോകം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്.
ആധുനികാടിമത്തം
യജമാനന്‍ പണമോ കായിക ശേഷിയോ ഉപയോഗിച്ച് മനുഷ്യരെ കീഴ്‌പ്പെടുത്തുന്ന പുരാതനാടിമത്തത്തിനു പകരം ബൗദ്ധിക ശേഷിയുപയോഗിച്ച് മനുഷ്യരെ അടിമകളാക്കി മാറ്റുന്നതാണ് ആധുനികാടിമത്തം. പുരാതന കാലത്തെ അടിമയ്ക്ക് പണം ലഭിക്കില്ലായിരുന്നു. ആധുനിക അടിമയ്ക്ക് പണം ലഭിക്കും. ലൈംഗിക തൊഴിലാളികളായി കഴിയുന്ന അടിമകള്‍ക്ക് ലൈംഗിക വ്യവസായികള്‍ ലാഭവിഹിതം നല്‍കുന്നതുപോലെ. പുരാതന അടിമയെ കയറുപയോഗിച്ചാണ് കെട്ടിയിരുന്നതെങ്കില്‍ ആധുനിക അടിമയെ കയറില്ലാതെ കെട്ടിയിടുന്നു. അടിമയെ വിവിധ മേഖലകളില്‍ വില്പനച്ചരക്കാക്കാന്‍ വേണ്ടി അവന്റെ കൈവശമുള്ള രേഖകള്‍ കൈവശപ്പെടുത്തുകയാണ് യജമാനന്‍ ചെയ്യുന്നത്. ഭക്ഷണവും പാര്‍പ്പിടവും നല്‍കാതെ, ചാട്ടവാറുപയോഗിക്കാതെ ലോകത്തിന്റെ ഏത് കോണിലിരുന്നും അടിമയെ നിയന്ത്രിക്കാന്‍ യജമാനന് കഴിയുന്നുവെന്നതാണ് ആധുനികാടിമത്തത്തിന്റെ പ്രത്യേകത.
വൈജ്ഞാനികാടിമത്തം
അടിമത്തത്തിലെ അതിപ്രധാനപ്പെട്ട ഒന്നാകുന്നു വൈജ്ഞാനികാടിമത്തം. ആധുനികാടിമത്തം സമൂഹത്തില്‍ പിടി മുറുക്കുന്നതിനു മുമ്പ് പണ്ഡിത്മാര്‍, സാധാരണക്കാര്‍ എന്നീ രണ്ടു തട്ടുകള്‍ സമൂഹത്തിലുണ്ടായിരുന്നു. ഇന്ന് എല്ലാവരും പണ്ഡിതന്മാരായിട്ടാണ് അഭിനയിക്കുന്നത്. അന്ന് പണ്ഡിതന്മാര്‍ തങ്ങളുടെ വൈജ്ഞാനിക മേഖലകളില്‍ നിരതരും ആഴങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നവരുമായിരുന്നു. എന്നാല്‍ വിദ്യാഭ്യാസ മേഖലയിലെ സാമൂഹികാഭിവൃദ്ധിയുടെ ഫലമായി സമൂഹത്തില്‍ വിദ്യാസമ്പന്നരുടെ തോത് ഗണ്യമായി വര്‍ധിച്ചു. പക്ഷെ, വിദ്യാസമ്പന്നരില്‍ ഭൂരിപക്ഷവും വിജ്ഞാനത്തിന്റെ മേല്‍പരപ്പില്‍ മാത്രം നീന്തുന്നവരായിരുന്നു. അവര്‍ക്ക് ആഴങ്ങളിലേക്കിറങ്ങാനുള്ള വൈജ്ഞാനിക ത്വരയുണ്ടായിരുന്നില്ല. പണ്ഡിതന്മാര്‍ എന്ന് അവര്‍ കരുതുന്നവരുടെ സൃഷ്ടികളില്‍ നിന്നും അവര്‍ക്ക് ഇഷ്ടപ്പെട്ടത് അടര്‍ത്തിയെടുത്ത് അവതരിപ്പിക്കലായിരുന്നു അവര്‍ നിര്‍വഹിച്ചിരുന്ന പ്രധാന ദൗത്യം. മുന്‍കാലത്തെ സാധാരണക്കാര്‍ കൈകൊണ്ട നിലപാടിനെക്കാള്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് വിദ്യാസമ്പന്നരെന്നു കരുതുന്നവരുടെ കോപ്പിയടിയിലൂ ടെയുള്ള ജ്ഞാനം സമൂഹത്തില്‍ ഉണ്ടാക്കുന്നത്.
പൊതു സമൂഹത്തിനു മുമ്പില്‍ ഇത്തരക്കാര്‍ പണ്ഡിതന്മാരായി ഗണിക്കപ്പെടുന്നതുകൊണ്ട് തങ്ങളുടെ പദവി ഇടിയുന്നത് അവര്‍ക്ക് ഓര്‍ക്കാന്‍ പോലും കഴിയാത്ത കാര്യമായി മാറി. തങ്ങളുടെ അല്പജ്ഞാനം മറ്റുള്ളവരറിയാതിരിക്കാന്‍ സമൂഹ മാധ്യമങ്ങളില്‍ നിന്നും മറ്റും ലഭിക്കുന്ന അറിവുകള്‍ അവര്‍ പൊടിപ്പും തൊങ്ങലും വെച്ചവതരിപ്പിക്കുന്നു. അവയുടെ അടിസ്ഥാനങ്ങള്‍ പരിശോധിക്കാനോ അവയെ വിമര്‍ശനാത്മകവും ഗവേഷണാത്മകവുമായി സമീപിക്കാനോ ആധുനിക വൈജ്ഞാനികാടിമത്തത്തിനു വിധേയരായ വൈജ്ഞാനികാടിമകള്‍ക്ക് സാധിക്കുന്നില്ല. ഇത്തരം അടിമകള്‍ സകലവൈജ്ഞാനിക മേഖലകളിലും പെരുകി വരുന്നു എന്നതാണ് യാഥാര്‍ഥ്യം. ശാസ്ത്രം, മതം, ചരിത്രം തുടങ്ങിയ മേഖലകളില്‍ കഥ, കവിത, സിനിമ തുടങ്ങിയ ഭാവനാധിഷ്ഠിത മേഖലകളിലും ഇതിന്റെ നീരാളിപ്പിടുത്തം നമുക്ക് കാണാന്‍ കഴിയും.
വൈജ്ഞാനികാടിമത്തം
മുസ്‌ലിംകള്‍ക്കിടയില്‍
അടിമത്തത്തെ മുളയില്‍ തന്നെ നുള്ളിക്കളഞ്ഞ മതമാണ് ഇസ്‌ലാം. ഇസ്‌ലാം നിരുത്സാഹപ്പെടുത്തിയ അടിമത്തം ശാരീരിക പീഡനങ്ങളേല്‍പ്പിക്കുന്ന ഉടമ- അടിമ ബന്ധം മാത്രമാണെന്ന് കരുതുന്നവരാണ് മുസ്‌ലിംകളിലധികവും. അത്തരം അടിമത്തത്തെ പിഴുതെറിയാന്‍ അടിമമോചനം ആരാധനയുടെ ഭാഗമായി നിശ്ചയിച്ച ഇസ്‌ലാം വൈജ്ഞാനികാടിമത്തത്തെയും ശക്തമായി വിമര്‍ശിക്കുന്നുണ്ട്. നിങ്ങള്‍ ചിന്തിക്കുന്നില്ലേ? പഠിക്കുന്നില്ലേ? ഉറ്റാലോചിക്കുന്നില്ലേ? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ മുസ്‌ലിംകള്‍ക്ക് വൈജ്ഞാനികാടിമത്തത്തെ ചെറുക്കാനുള്ള പ്രചോദനനം കൂടിയത് പ്രദാനം ചെയ്യുന്നത്.
”അപ്രകാരം ജനങ്ങളിലും ഇഴജന്തുക്കളിലും കന്നുകാലികളിലും വ്യത്യസ്ത നിറങ്ങളുള്ളവയുണ്ട്. തീര്‍ച്ചയായും അല്ലാഹുവിനെ ഭയപ്പെടുന്നത് അവന്റെ അടിമകളില്‍ പണ്ഡിതന്മാര്‍ മാത്രമാകുന്നു”(35:28) എന്ന ഖുര്‍ആനിന്റെ പ്രഖ്യാപനം ശ്രദ്ധേയമാകുന്നു. ഉലമാഅ് എന്ന പദപ്രയോഗമാണ് പണ്ഡിതന്മാരെ സൂചിപ്പിക്കാന്‍ ഖുര്‍ആന്‍ ഉപയോഗിച്ചിരിക്കുന്നത്. ആലിം എന്ന വാക്കിന്റെ ബഹുവചനമാകുന്നു അത്. ഗവേഷണാത്മകമായി അറിവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നവര്‍ക്കാണ് ഈ വാക്ക് ഉപയോഗിക്കുന്നത്. ഇരുപത് സ്ഥലങ്ങളിലായാണ് ഖുര്‍ആന്‍ ആലിം എന്ന പദപ്രയോഗം നടത്തിയിരിക്കുന്നത്. അതില്‍ പതിനഞ്ച് ഇടങ്ങളിലും അല്ലാഹുവിനെയാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. അഞ്ചിടങ്ങളില്‍ മാത്രമാണ് മനുഷ്യനെ ഉദ്ദേശിച്ച് ഈ പദം ഉപയോഗിച്ചിരിക്കുന്നത്. അതുതന്നെ ചിലന്തി വല, നിറവ്യത്യാസം, ഭാഷ, വൈവിധ്യം, ആകാശം, ഭൂമി എന്നീ ഗവേഷണാത്മക വിഷയങ്ങളെ പ്രതിപാദിച്ചതിനു ശേഷമാണത് എന്നത് ശ്രദ്ധേയമത്രെ. ഒരു കാര്യത്തില്‍ ആഴത്തില്‍ അറിവുള്ളവരാണ് ഖുര്‍ആനിന്റെ വീക്ഷണത്തില്‍ ആലിം. ആധുനിക വിജ്ഞാന ശാഖയായ ശാസ്ത്രത്തിന് അറബി ഭാഷയില്‍ ഉപയോഗിക്കുന്നത് ഇല്‍മ് എന്ന വാക്കു തന്നെയാകുന്നു. ശാസ്ത്രജ്ഞന് ആലിം എ ന്നും ഉപയോഗിക്കുന്നു. ഒരാള്‍ ശാസ്ത്രജ്ഞനാവണമെങ്കില്‍ എത്രമാത്രം ഗവേഷണാത്മകത ആവശ്യമാണോ അതുപോലെ ഖുര്‍ആനിനെ സമീപിക്കുന്ന ആള്‍ക്കും വേണ്ടതുണ്ട്. ഖുര്‍ആനിന്റെ വാക്കുകള്‍ അപഗ്രഥിക്കുന്നതിലും ആശയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനുമൊക്കെ ഈ ഗവേഷണാത്മകത മനസ്സിന്റെ സാന്നിധ്യമാവുന്നു അത്യാവശ്യപ്പെടുന്നത്. വൈജ്ഞാനികാടിമത്തത്തിന് വിധേയനായി മുമ്പേ പറഞ്ഞുവെച്ചവരുടെ ആശയങ്ങള്‍ ഒട്ടും പഠനവിധേയമാക്കാതെ പകര്‍ത്തിപ്പറയുന്നതിനെ ഇല്‍മ് എന്ന വാക്ക് ഉള്‍ക്കൊള്ളുന്നില്ല. ഇസ്‌ലാമിക വൈജ്ഞാനിക ശാഖകളിലെല്ലാം ഇതിനെ തഖ്‌ലീദ് (അന്ധമായ അനുകരണം) എന്നാകുന്നു പരിചയപ്പെടുത്തിയിരിക്കുന്നത്.
തഫ്‌സീറുകള്‍ (ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍) അവതരിപ്പിക്കുന്ന ആശയങ്ങള്‍ മാത്രമാണ് ഖുര്‍ആനിനുള്ളത് എന്ന് കരുതുന്നവര്‍ മുസ്‌ലിംകള്‍ക്കിടയില്‍ ധാരാളമുണ്ട്. ഒരുതരം വൈജ്ഞാനികാടിമത്തത്തിന്റെ ഇരകളാണിവര്‍. തഫ്‌സീര്‍ രചയിതക്കളെ അവര്‍ ജീവിച്ചിരുന്ന കാലത്തെ വിജ്ഞാനങ്ങള്‍ സ്വാധീനിക്കുക സ്വാഭാവികമാണല്ലോ? ആ വിജ്ഞാനീയങ്ങള്‍ക്കനുസരിച്ച് ഖുര്‍ആന്‍ വചനങ്ങള്‍ സംവിദിക്കുന്നതിനായി അയാള്‍ക്കനുഭവപ്പെടുകയും ചെയ്യും. അറിവുകള്‍ക്കനുസരിച്ച് പ്രകടിപ്പിക്കുന്ന ആശയം തന്നെയാണ് ഖുര്‍ആനിന്റെ പൊരുള്‍ എന്ന് ശഠിക്കുന്നത് വൈജ്ഞാനികാടിമത്തമല്ലാതെ മറ്റെന്താണ്? ഭൂമി കാളക്കൊമ്പിലാണ് സ്ഥിതിചെയ്യുന്നതെന്നും കാള തലകുലുക്കുമ്പോഴാണ് ഭൂകമ്പവും മറ്റുമുണ്ടാകുന്നതെന്നും പൂര്‍വകാലക്കാര്‍ അഭിപ്രായപ്പെട്ടിരുന്നു. അവര്‍ ജീവിച്ചിരുന്ന കാലത്തെ ജ്ഞാനം അതായിരുന്നു. ആധുനിക കാലത്ത് ഈ വാദം ആരെങ്കിലും ഉന്നയിക്കുമോ? ഇതുപോലെ പ്രകൃതി പ്രതിഭാസങ്ങള്‍ മനുഷ്യജന്മം, ജീവിതം, മരണം എന്നിവയെക്കുറിച്ചെല്ലാം ഒട്ടേറെ അബദ്ധ ധാരണകള്‍ തഫ്‌സീറുകളില്‍ നമുക്ക് കാണാന്‍ കഴിയും. അതെല്ലാമാണ് ഖുര്‍ആന്‍ എന്നു ധരിക്കുന്നത് ഖുര്‍ആനിനെ അവഹേളിക്കുന്നതിന് തുല്യമത്രെ.
ഖുര്‍ആനിലെ പല വിഷയങ്ങളിലും മുന്‍ഗാമികളേക്കാള്‍ ഖുര്‍ആനിന് അനുകൂലമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ പിന്‍ഗാമികള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് കാണാന്‍ കഴിയും. മുന്‍ഗാമികളുടെ അഭിപ്രായങ്ങള്‍ തെറ്റായിപ്പോയത് ഖുര്‍ആനിന്റെ പോരായ്മ കൊണ്ടല്ല. കാലത്തെ അതിജീവിക്കാനുള്ള ഖുര്‍ആനിന്റെ ശേഷിയും പിന്‍ഗാമികള്‍ ജീവിക്കുന്ന കാലത്തെ വൈജ്ഞാനികാഭിവൃദ്ധിയുമാകുന്നു. ഉദാഹരണമായി മനുഷ്യനെ സൃഷ്ടിച്ചത് നുത്വ്ഫ അംശാജില്‍ നിന്നാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു (76:2). ഈ പദത്തിന് പൂര്‍വകാല ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ മിക്കവരും നല്‍കിയ വിശദീകരണം കൂടിക്കലര്‍ന്ന സ്ത്രീ-പുരുഷ ശുക്ലം എന്നാകുന്നു. പില്‍ക്കാലക്കാരാണ് അതിന്റെ യഥാര്‍ഥ ആശയത്തിലെത്തിച്ചേര്‍ന്നത്. സ്ത്രീ-പുരുഷ ശുക്ലത്തിലെ ഒരു ബീജവും അണ്ഡവും സംയോജിച്ചുണ്ടാവുന്ന സിക്താണ്ഡമാണതെന്ന് വ്യക്തമാക്കാന്‍ അവര്‍ക്ക് ധൈര്യം നല്‍കിയത് ആധുനിക ശാസ്ത്രം കണ്ടെത്തിയ ശാസ്ത്ര യാഥാര്‍ഥ്യവും ഖുര്‍ആനിന്റെ പദപ്രയോഗങ്ങളിലെ പൊരുത്തവുമാകുന്നു. മതത്തിന്റെയും ശാസ്ത്രത്തിന്റെയും ആഴമറിഞ്ഞ പണ്ഡിതന്മാരാകുന്നു ശാസ്ത്രജ്ഞാനമില്ലാത്ത മത പണ്ഡിതന്മാരേക്കാള്‍ മതയാഥാര്‍ഥ്യങ്ങള്‍ പ്രകാശിപ്പിക്കുന്നവര്‍. അതുകൊണ്ടുതന്നെ മത വിഷയങ്ങള്‍ പൂര്‍വകാല പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന പിടിവാശി കാലത്തെ അതിജീവിക്കാനുള്ള മതത്തിന്റെ ശേഷിയെ ചോദ്യം ചെയ്യലാവുന്നു. പൂര്‍വാഭിപ്രായങ്ങളെയും ആധുനിക ലോകത്തെയും സമന്വയിപ്പിക്കാനോ, പൂര്‍വാഭിപ്രായങ്ങളിലെ അബദ്ധങ്ങള്‍ തിരുത്തുവാനോ ശ്രമിക്കലാവുന്നു വൈജ്ഞാനികാടിമത്തം മതത്തിലില്ലെന്ന് തെളിയിക്കാനുള്ള മാര്‍ഗം.
വൈജ്ഞാനികാടിമത്തം
ശാസ്ത്രലോകത്തും
ഭൗതിക വൈജ്ഞാനിക മേഖലയില്‍ അത്യുന്നത സ്ഥാനമാണ് ശാസ്ത്രത്തിനുള്ളത്. ഗവേഷണാത്മകതയാണ് അതിന്റെ ഉള്‍ക്കരുത്ത്. നിരന്തര പഠനങ്ങളിലൂടെ സങ്കല്പങ്ങളില്‍ നിന്നും യാഥാര്‍ഥ്യത്തിലേക്ക് എത്തിച്ചേരാനുള്ള വഴികളാണ് ശാസ്ത്രം താണ്ടുന്നത്. അതുകൊണ്ടുതന്നെ ശാസ്ത്ര യാഥാര്‍ഥ്യങ്ങള്‍ക്ക് മൂന്ന് സവിശേഷ ഗുണങ്ങളുണ്ടാവണമെന്ന് ശാസ്ത്രലോകം നിഷ്‌കര്‍ഷിക്കുന്നുണ്ട്. നിരീക്ഷണാത്മകം, പരീക്ഷണാത്മകത പ്രവചനാത്മകത എന്നിവയാണവ.
ശാസ്ത്രലോകവും വൈജ്ഞാനികാ ടിമത്തത്തിന് വിധേയമായിട്ടുണ്ട്. പരിണാമ സിദ്ധാന്തം ഈ അടിമത്തത്തിന്റെ ഒന്നാംതരം തെളിവാകുന്നു. ഒന്ന് പരിണമിച്ചിട്ടാണ് മറ്റൊരു ജീവി ഉണ്ടാകുന്നതെന്ന പരിണാമ സിദ്ധാന്തത്തിന്റെ അടിസ്ഥാന തത്വം നിരന്തര നിരീക്ഷണത്തിലൂടെയോ പരീക്ഷണത്തിലൂടെയോ തെളിയിക്കാന്‍ ശാസ്ത്രലോകത്തിനു കഴിഞ്ഞിട്ടില്ല. കാരണം നാലു കാലില്‍ നടക്കുന്ന ജീവി രണ്ടു കാലില്‍ നടക്കാന്‍ പ്രാപ്തനാകണമെങ്കില്‍ ചുരുങ്ങിയത് അതിന്റെ നട്ടെല്ല് നിവരുകയും കാലുകളിലെ എല്ലുകളും പേശികളും ബലിഷ്ഠമാവുകയും വേണം. ഇതിന്റെ ഓരോ ഘട്ടവും പൂര്‍ണമാവാന്‍ നൂറ്റാണ്ടുകള്‍ പിന്നിടുമെന്നും പുതിയൊരു ജീവി പരിണമിച്ചുണ്ടാവാന്‍ ദശലക്ഷം വര്‍ഷങ്ങളുടെ കാലദൈര്‍ഘ്യം വരുമെന്നും പരിണാമ വാദികള്‍ തന്നെ അവകാശപ്പെടുന്നു. ശാസ്ത്രജ്ഞരില്‍ എത്ര പേര്‍ നൂറ്റാണ്ടുകളോളം ജീവിച്ചിരുന്നിട്ടുണ്ട്? ചാള്‍സ് ഡാര്‍വിനെപ്പോലുള്ളവര്‍ പ്രഗത്ഭരായി അറിയപ്പെട്ടതുകൊണ്ട് അവരെ തള്ളിപ്പറഞ്ഞാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുകയില്ലെന്ന ബോധ്യവും ബദല്‍മാര്‍ഗം കണ്ടെത്തുന്നതിലുള്ള നിസ്സഹായാവസ്ഥയുമാണ് പില്‍ക്കാലക്കാരായ പരിണാമ വാദികളെ നിര്‍ബന്ധിതരാക്കുന്നത് എന്നതാണ് വസ്തുത. പൂര്‍വികരോടുള്ള അന്ധമായ അനുകരണം മാത്രമാണിത്. ഇതില്‍പരം വലിയ വൈജ്ഞാനികാടിമത്തം മറ്റെന്തുണ്ട്? അതുപോലെത്തന്നെ ഇത്ര കാലങ്ങള്‍ക്കു ശേഷം മനുഷ്യന്‍ പരിണമിച്ച് മറ്റൊരു ജീവിയിത്തീരുമെന്ന് പ്രവചിച്ചുകൊണ്ട് ശാസ്ത്രത്തിന്റെ പ്രവചനാത്മകത പരിണാമ സിദ്ധാന്തത്തിനുണ്ടെന്ന് ഉറപ്പുവരുത്താനും ഇന്നുവരെ ശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ലെന്നും ചേര്‍ത്തുവായിക്കേണ്ടിയിരിക്കുന്നു.
താന്‍ അടിമയായി മാറുന്നത് ഒരാള്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ടാണ് എല്ലാ തരത്തിലുള്ള അടിമത്തവും നിലനിര്‍ക്കുന്നത്. വൈജ്ഞാനികാടിമത്തവും അങ്ങനെ തന്നെയാവുന്നു. വൈജ്ഞാനികാടിമത്തത്തില്‍ വ്യക്തി മാത്രമല്ല നശിക്കുന്നത്, സമൂഹവും അതിന്റെ നീരാളിപ്പിടുത്തത്തിലമരുന്നുണ്ട്. അതുകൊണ്ടാവുന്നു ബൗദ്ധികാടിമത്തത്തിനെതിരില്‍ ജാഗ്രത പുലര്‍ത്താന്‍ ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്. (43:22)
Back to Top