30 Saturday
November 2024
2024 November 30
1446 Joumada I 28

സകാത്തിന്റെ നീതിശാസ്ത്രം

ബഷീര്‍ കൊടിയത്തൂര്‍


അന്‍സാറുകളില്‍പെട്ട ഒരാള്‍ നബി(സ)യുടെ അടുക്കല്‍ വന്ന് യാചിച്ചു. പ്രവാചകന്‍ ചോദിച്ചു: നിങ്ങളുടെ വീട്ടില്‍ ഒന്നുമില്ലേ? അയാള്‍ മറുപടി പറഞ്ഞു: ധരിക്കുന്ന ഒരു തുണിയും ഒരു വിരിപ്പും വെള്ളം കുടിക്കുന്ന ഒരു മരപ്പാത്രവും ഉണ്ട്. പ്രവാചകന്‍ പറഞ്ഞു: അവ എന്റെ അടുക്കല്‍ കൊണ്ടുവരിക. അയാള്‍ ആ വസ്തുക്കള്‍ കൊണ്ടുവന്നു. നബി അവ കൈകളില്‍ പിടിച്ച് അവിടെ കൂടിയിരുന്ന ആളുകളോട് ചോദിച്ചു: ആരാണ് ഇവ വാങ്ങുക? ഒരാള്‍ പറഞ്ഞു: ഞാന്‍ ഒരു ദിര്‍ഹത്തിന് വാങ്ങാം. ആരാണ് ഒരു ദിര്‍ഹത്തില്‍ കൂടുതല്‍ കൊടുക്കുക? മറ്റൊരാള്‍ പറഞ്ഞു: ഞാന്‍ അവ രണ്ടു ദിര്‍ഹത്തിന് വാങ്ങാം. പ്രവാചകന്‍ അവ അദ്ദേഹത്തിന് നല്‍കി. രണ്ട് ദിര്‍ഹമെടുത്ത് അന്‍സാറിന്റെ കയ്യില്‍ കൊടുത്തിട്ട് പറഞ്ഞു: ഒന്നുകൊണ്ട് ഭക്ഷണം വാങ്ങുക. മറ്റൊന്നുകൊണ്ട് ഒരു കോടാലി വാങ്ങി എന്റെ അടുക്കല്‍ കൊണ്ടുവരിക.
അയാള്‍ കോടാലിയുമായി വന്നു. നബി സ്വന്തം കൈകളാല്‍ ഒരു മരക്കമ്പ് എടുത്ത് പിടിയിട്ട് ഉറപ്പിച്ചു. പോയി വിറക് വെട്ടി വില്‍ക്കുക. രണ്ടാഴ്ച കഴിഞ്ഞ് കാണാനും പറഞ്ഞു. ആ മനുഷ്യന്‍ പോയി, വിറകു വെട്ടി വിറ്റു. പത്തു ദിര്‍ഹം സമ്പാദിച്ചപ്പോള്‍ അയാള്‍ വസ്ത്രങ്ങളും ഭക്ഷണങ്ങളുമായി നബിയുടെ അടുത്തുവന്നു. അപ്പോള്‍ നബി(സ) പറഞ്ഞു: അന്ത്യനാളില്‍ നിങ്ങളുടെ മുഖത്ത് ഒരു പാടായി കാണുന്ന യാചനയേക്കാള്‍ നല്ലതാണ് ഇത്.
യാചനയെക്കാള്‍ നല്ലത് സ്വന്തമായി അധ്വാനിച്ച് അതില്‍ നിന്നു ജീവിതം കണ്ടെത്തുകയാണെന്ന സന്ദേശം നല്‍കുന്ന ഈ ഹദീസ് ഇസ്‌ലാമിലെ സാമ്പത്തിക സാമൂഹിക വ്യവഹാരത്തിലേക്കുള്ള ചൂണ്ടുപലകയാണ്. കോടാലിക്ക് ഒരു പിടി ഇട്ടു നല്‍കിയതിലൂടെ പ്രവാചകന്‍ കൈമാറുന്ന സന്ദേശവും അതാണ്. എന്നും ആശ്രിതനായി കഴിയാന്‍ ഒരു മനുഷ്യനെയും ഇസ്‌ലാം അനുവദിക്കുന്നില്ല. യാചനയിലും ഔദാര്യത്തിലും കഴിയുന്നതിനു പകരം സ്വന്തമായി ജീവിതം കരുപിടിപ്പിക്കാന്‍ തയ്യാറുള്ളവര്‍ക്ക് സാമ്പത്തിക പിന്തുണ ലഭ്യമാക്കാനുള്ള നിരവധി വഴികളില്‍ ഒന്നായി സകാത്തിനെ മാറ്റണം. സ്വദഖയും വഖ്ഫും ഇതിനു ശക്തി പകരുന്ന ഘടകങ്ങളാണ്. നല്ല മാര്‍ഗത്തില്‍ ചെലവഴിക്കാന്‍ മുസ്‌ലിമിനോടുള്ള നിര്‍ദേശവും ഇതിന് പിന്തുണയാണ്. ഇതെല്ലാം ഏറ്റെടുത്ത് പ്രാവര്‍ത്തികമാക്കേണ്ടത് സമൂഹത്തിന്റെ ചുമതലയാണ്.
ഇസ്‌ലാം സംരംഭകത്വത്തെയും സമ്പത്ത് സൃഷ്ടിയെയും പ്രോത്സാഹിപ്പിക്കുന്ന മതമാണ്. തങ്ങളുടെ സമ്പത്തിന്റെ ഒരു ഭാഗം നല്ല കാര്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ അത് വിശ്വാസികളെ നിര്‍ബന്ധിക്കുന്നുണ്ട്. ജീവിതത്തില്‍ നന്മക്ക് മുന്‍ഗണന നല്‍കണമെന്ന ഖുര്‍ആന്‍ അധ്യാപനങ്ങളില്‍ അധിഷ്ഠിതമായി സാമ്പത്തിക അഭിവൃദ്ധി നേടുന്നതും അനുവദനീയമാണ്. അവിശ്വാസത്തിനെതിരായ പോരാട്ടം പോലെതന്നെയാണ് ദാരിദ്ര്യത്തെയും ഇസ്‌ലാം കാണുന്നത്. നബി പറയുന്നു: ”അവിശ്വാസത്തില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും ഞാന്‍ അല്ലാഹുവില്‍ നിന്ന് അഭയം തേടുന്നു.” അതിനാല്‍തന്നെ ദാരിദ്ര്യത്തിനെതിരെ വ്യവസ്ഥാപിതമായ സംവിധാനങ്ങളെ കുറിച്ച് ഇസ്‌ലാം നേരത്തെതന്നെ ചിന്തിച്ചിട്ടുണ്ട്.
ഇസ്‌ലാമില്‍ ഇന്‍ഫാഖ്, സ്വദഖ, സകാത്ത്, വഖ്ഫ് എന്നിവ ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികളായി അവതരിപ്പിച്ചിട്ടുണ്ട്. ഇന്‍ഫാഖ് എന്നാല്‍ ചെലവഴിക്കുക എന്നര്‍ഥം. വരുമാനത്തിന് അനുസരിച്ച് ചെലവഴിക്കു ക എന്നതാണ് സമൂഹത്തിന്റെ സാമ്പത്തിക ചലനാത്മകതയെ സജീവമാക്കുന്നത്.
ആദ്യം നിന്റെ കുടുംബത്തില്‍ നിന്ന് തുടങ്ങുക. പിന്നീട് ബന്ധുക്കളിലേക്കും അയല്‍ക്കാരിലേക്കും വ്യാപിപ്പിക്കുക എന്ന സന്ദേശം സാമ്പത്തികമായി മറ്റുള്ളവരെ സഹായിക്കുക എന്നത് ബാധ്യതയാണെന്ന് ബോധ്യപ്പെടുത്തുന്നു. സമ്പന്നനായ ഒരാള്‍ തന്റെ മക്കള്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ പര്യാപ്തമായ സംവിധാനങ്ങള്‍ ഒരുക്കേണ്ടത് ഒരു മുസ്‌ലിമിന് നിര്‍ബന്ധമാണ്. സകാത്തിന് അര്‍ഹരല്ലാത്തവരും എന്നാല്‍ സാമ്പത്തികമായി പ്രയാസപ്പെടുന്നവരുമായ കുടുംബാംഗങ്ങളെ സഹായിക്കുകയും ചെയ്യണം. അവരെ മുന്‍നിരയിലേക്ക് കൊണ്ടുവന്ന് സാമ്പത്തിക അഭിവൃദ്ധി നേടാന്‍ പ്രാപ്തരാക്കുകയും അതുവഴിയുള്ള നേട്ടം പ്രയോജനപ്പെടുത്തുകയും ചെയ്യണമെന്ന് ഇസ്‌ലാം നിര്‍ദേശിക്കുന്നു.
ഇത്തരത്തിലുള്ള ഒരു ചങ്ങല യാഥാര്‍ഥ്യമാകുമ്പോള്‍ സമ്പത്തിന്റെ വിനിയോഗവും വരുമാനവും അഭിവൃദ്ധിയിലേക്ക് നയിക്കപ്പെടും. കുടുംബത്തിന്റെ പര്യാപ്തതയാണ് ആദ്യം വരുന്നത്.
ഇന്‍ഫാഖ്, സ്വദഖ, സകാത്ത്, വഖ്ഫ് തുടങ്ങിയവ സാമ്പത്തിക സുരക്ഷാ സംവിധാനമായിട്ടാണ് ഇസ്‌ലാം കാണുന്നത്. ഇവയുടെ ഫലപ്രദമായ വിനിയോഗത്തിന് ഉത്തരവാദിത്വമുള്ള സ്ഥാപനങ്ങളുടെയോ മേല്‍നോട്ടം നിര്‍ബന്ധമാണ്. സമൂഹത്തിന്റെ സാമ്പത്തിക ആവശ്യങ്ങളെ അടിയന്തരമായി പരിഹരിക്കാന്‍ സ്വദഖ മതി. അതൊരു താല്‍കാലിക സംവിധാനമാണ്. ബഹുജനപങ്കാളിത്തത്തിലൂടെ വലിയ തുകകള്‍ കുറഞ്ഞ സമയത്തിനകം സംഘടിപ്പിക്കാനും പ്രതിസന്ധി തരണം ചെയ്യാനും സ്വദഖക്ക് കഴിയും.
എന്നാല്‍ സകാത്ത് സ്ഥിരം സംവിധാനമാണ്. അത് വ്യക്തിക്കുമേല്‍ നിര്‍ബന്ധമാണ്. അതിന് നടത്തിപ്പും കണക്കുസൂക്ഷിപ്പും തുടര്‍ച്ചയും ആവശ്യമാണ്. ഒരാളുടെ ഒരു വര്‍ഷത്തെ സമ്പാദ്യത്തിന്റെ നികുതിയാണ് സകാത്ത്. അവ കൃത്യമായി വിതരണം ചെയ്യപ്പെടുകയും തുടര്‍ച്ച സൂക്ഷിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. സകാത്ത് കൈാര്യത്തിന് സ്ഥാപനങ്ങളോ സര്‍ക്കാര്‍ സംവിധാനങ്ങളോ ഇല്ലാത്ത ഇടങ്ങളില്‍ വിശ്വസ്തരായ ആളുകളാണ് അവ നിര്‍വഹിക്കേണ്ടത്. ചെയ്ത കാര്യങ്ങളെ കുറിച്ചുള്ള വിശകലനവും മേല്‍നോട്ടവും നിര്‍ബന്ധമാവുന്ന പോലെ തുടര്‍ച്ചയും അനിവാര്യമാണ്.
സകാത്തിന്റെ കൈകാര്യം ഇന്ന് അതിന്റെ ആത്യന്തിക ലക്ഷ്യത്തെ പ്രയോഗവത്കരിക്കുന്ന തരത്തിലാണോ നിര്‍വഹിക്കപ്പെടുന്നത് എന്നത് ആശങ്കയുള്ള കാര്യമാണ്. പ്രായോഗികമായി സകാത്ത് ഫണ്ടുകളുടെ ഉപയോഗം പലപ്പോഴും സകാത്തിന്റെ ഉദ്ദേശ്യത്തെ പരാജയപ്പെടുത്തുന്ന തരത്തിലാണെന്ന് പഠനങ്ങള്‍ പറയുന്നു. ഇസ്‌ലാമില്‍ സകാത്ത് എന്നത് വ്യക്തികളുടെ നേരിട്ടുള്ള ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള ഉപാധി മാത്രമല്ല. മറിച്ച്, വിശപ്പ്, കമ്പോളത്തിലെ ദോഷങ്ങള്‍ മൂലമുണ്ടാകുന്ന സമ്പത്ത് അസമത്വം തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിനുള്ള ഉപകരണം കൂടിയാണ്.
ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ സകാത്തിന്റെയും വഖ്ഫിന്റെയും ഇടപെടല്‍ പരോക്ഷമാണ്. വ്യവസ്ഥാപരമായ ദാരിദ്ര്യ നിര്‍മാര്‍ജന ശ്രമങ്ങളെ പിന്തുണയ്ക്കുക എന്നതാണ് അവയുടെ ലക്ഷ്യം. ചരിത്രപരമായ കാരണങ്ങളും ഈ നിര്‍ദേശത്തെ പിന്തുണയ്ക്കുന്നുണ്ട്. കാരണം വിതരണം ചെയ്യാവുന്ന സകാത്തിന്റെ അളവിനപ്പുറവും സകാത്ത് ശേഖരണത്തില്‍ മിച്ചമുണ്ടായിട്ടും മുസ്‌ലിം സമൂഹങ്ങളില്‍ ദാരിദ്ര്യത്തിന്റെ പ്രശ്‌നം വ്യാപകമാണ്. ഇടയ്ക്കിടെ സമൃദ്ധിയുടെ കാലങ്ങള്‍ ഉണ്ടായിട്ടും ദാരിദ്ര്യ നിര്‍മാര്‍ജനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ കഴിഞ്ഞില്ല. സംരംഭകത്വവും വ്യാപാരവും കൊണ്ടുള്ള നേട്ടങ്ങള്‍ വഴി ദാരിദ്ര്യത്തെ നേരിട്ട് ലക്ഷ്യം വയ്ക്കണം എന്നതാണ് ഇസ്‌ലാമിലെ കാഴ്ചപ്പാട്. അത് അര്‍ഹരായവരില്‍ എത്തിക്കുകയും വേണം.
ദുര്‍ബലരായ ആളുകളുടെ സാമ്പത്തിക ശാക്തീകരണവും ലക്ഷ്യമാവണം. പട്ടിണി, ദാരിദ്ര്യം, അസമത്വം എന്നിവയെ നേരിടാന്‍ സകാത്തും വഖ്ഫ് സംവിധാനങ്ങളും പ്രയോജനകരമാണ്. എന്നിരുന്നാലും, ദാരിദ്ര്യത്തിന്റെ കാര്യത്തില്‍ സാമ്പത്തിക ശാക്തീകരണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. നേരത്തെ പറഞ്ഞ ഹദീസില്‍ സൂചിപ്പിച്ചതുപോലെ, ദാനധര്‍മത്തെ ആശ്രയിക്കുന്നത് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല.
പുതിയ സംരംഭങ്ങളിലൂടെ പുരോഗതിയും വ്യാപാരം പോലെയുള്ളവയിലൂടെ സാമ്പത്തിക നേട്ടവും സ്വന്തമാക്കി സ്വയം പര്യാപ്തതയിലേക്ക് നയിക്കുക എന്ന സംവിധാനമാണ് സകാത്ത് വിനിയോഗത്തില്‍ കരണീയമായത്. സമകാലിക ഇസ്‌ലാമിക മൈക്രോഫിനാന്‍സ് രീതികളുമായി വളരെ സാമ്യമുള്ളതാണ് ഈ സാമ്പത്തിക ശാക്തീകരണ സമീപനങ്ങള്‍. ശേഖരിച്ചതോ നല്‍കാന്‍ നീക്കിവെച്ചതോ ആയ സകാത്ത് മിച്ചം വെക്കുന്നതിനെക്കാള്‍ അഭികാമ്യം അത് പ്രയോഗിക്കുന്നിടത്ത് പൂര്‍ണമായി നല്‍കുക എന്നതാണ്. അതിന് ആളുകളെ പരിപാലിക്കാന്‍ പ്രാപ്തമാക്കുന്ന തരത്തില്‍ സാമ്പത്തിക വ്യവസ്ഥ രൂപകല്പന ചെയ്തിരിക്കണം. ഒരു വ്യക്തി വഴി അയാളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന സംരംഭമാണെങ്കിലും കച്ചവടമാണെങ്കിലും അതിന്റെ ബലാരിഷ്ഠതകളെ മറികടക്കാന്‍ കൂടെയുണ്ടാവുക എന്നത് പ്രധാനമാണ്. നിക്ഷേപത്തില്‍ വരുന്ന വേലിയേറ്റങ്ങള്‍, വിപണിയിലെ ചാഞ്ചാട്ടങ്ങള്‍, മുന്നോട്ട് നീങ്ങാന്‍ വരുന്ന അധിക ചെലവ് എന്നിവയും പരിഗണിക്കണം. പലിശയെയും ഇടനിലക്കാരുടെ ചൂഷണത്തെയും മറികടക്കാനുള്ള മാര്‍ഗവും ഒരുക്കണം. അവരുടെ ബിസിനസ് ഇടപാടുകളില്‍ ചൂഷണം ചെയ്യുന്നവരില്‍ നിന്നുള്ള സംരക്ഷണം ദുര്‍ബലരായ ആളുകള്‍ക്ക് ആവശ്യമാണ്. ഇതിനെല്ലാം സകാത്ത് ഫണ്ടിന്റെ സഹായമുണ്ടാവണം. ഇസ്‌ലാം പലിശ നിരോധിക്കുകയും വിപണിയില്‍ ന്യായമായ വില ഉറപ്പാക്കുകയും ചെയ്യുന്നതോടൊപ്പം കുത്തകകളെ അനുവദിക്കാതെയും അതിന്റെ മുതലെടുപ്പില്ലാതെ വിപണികളില്‍ രൂപീകരണം സാധ്യമാക്കുകയും ചെയ്യുന്നുണ്ട്. ഇതിനു കരുത്തേകുന്ന പദ്ധതികളായിരിക്കണം സകാത്ത് വഴി സംരംഭത്തിലേക്ക് നീങ്ങിയ ആളുകള്‍ക്ക് തുണയാവേണ്ടത്.
സ്വദഖ ഒഴികെയുള്ള സഹായങ്ങള്‍ ഉപയോഗിച്ച് ദാരിദ്ര്യത്തിന്റെ പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യപ്പെടണം. പട്ടിണിയും അസമത്വവും ഇല്ലാതാക്കാന്‍ പര്യാപ്തമായ ഒരു ബിസിനസ് അന്തരീക്ഷം പ്രാപ്തമാക്കിക്കൊണ്ടായിരിക്കണം അത്. ആളുകളെ സാമ്പത്തികമായി ശാക്തീകരിക്കാന്‍ കഴിവുള്ള ഇസ്‌ലാമിക് മൈക്രോഫിനാന്‍സ് സംവിധാനത്തിന് സകാത്തിന്റെയും വഖ്ഫിന്റെയും പിന്തുണ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.
സകാത്ത് അര്‍ഹര്‍ക്കാണ് നല്‍കേണ്ടത് എന്നതുപോലെ ഭാവിയില്‍ സകാത്ത് നല്‍കുന്നവരായി മാറ്റാനുള്ള കാര്യത്തില്‍ പുരോഗതിയും ലക്ഷ്യമാവേണ്ടതുണ്ട്. വ്യക്തികളെ കേന്ദ്രീകരിച്ചും വ്യക്തി കേന്ദ്രീകൃതവുമാണ് സകാത്തിന്റെ പരിസരം. അന്യനാട്ടിലാണെങ്കില്‍ പോലും അടുത്തുള്ള പാവപ്പെട്ടവനെ പരിഗണിക്കാതെ സകാത്ത് വിഹിതം സ്വന്തം നാട്ടിലേക്ക് അയക്കരുത് എന്ന സന്ദേശം അതാണ് സൂചിപ്പിക്കുന്നത്. എവിടെയാണോ ശേഖരിക്കപ്പെടുന്നത് അവിടെതന്നെ വിതരണം ചെയ്ത് അവിടുത്തെ ആവശ്യം പൂര്‍ത്തീകരിക്കുകയാണ് വേണ്ടത്.
മാത്രമല്ല പണമോ പണവുമായി ബന്ധമുള്ള തരത്തിലുള്ളതോ ആയിരിക്കണം വിതരണം. ഭക്ഷ്യവസ്തുക്കള്‍ നേരിട്ട് വിശപ്പിനെയാണ് അഭിസംബോധന ചെയ്യുന്നതെങ്കില്‍ പണം ദാരിദ്ര്യത്തിന് പരിഹാരം കാണുന്ന ഉപകരണമായി വര്‍ത്തിക്കുന്നു. കമ്പനി ഓഹരികള്‍, ഷെയറുകള്‍, പങ്കാളിത്തം, ശാഖകളുടെ നടത്തിപ്പ് എന്നിവയായും സകാത്ത് നല്‍കുന്ന രീതിയുണ്ട്. എന്നാല്‍ ഇതിന് പരിമിതികളുണ്ട്. കമ്പനിയുടെ നിയമങ്ങളും അധികാരപരിധിയും ആര്‍ക്കാണോ ഈ സംവിധാനം സകാത്തായി നല്‍കുന്നത് അവര്‍ക്ക് വന്നുചേരാത്തതിനാല്‍ ഈ വിനിയോഗം സകാത്തിന്റെ ഉദ്ദേശത്തിലെത്തുന്നില്ല. നല്‍കപ്പെടുന്നതിന്റെ ഉടമസ്ഥാവകാശം അതിന്റെ ഗുണഭോക്താവിന് പൂര്‍ണമായും ലഭിക്കണമെന്നതാണ് സകാത്തിന്റെ ലക്ഷ്യം.
ബാലന്‍സ് ഷീറ്റിന്റെയും വരുമാന കണക്കിന്റെയും അടിസ്ഥാനത്തില്‍ തന്നെയാകണം സകാത്ത് കണക്കുകൂട്ടുകയും വിതരണം നടത്തുകയും ചെയ്യേണ്ടത്. അല്ലാതെ നിക്ഷേപത്തില്‍ നിന്ന് ഒരു ഭാഗമോ സാമ്പത്തിക സ്രോതസില്‍ നിന്ന് ഒരു വിഹിതമോ നല്‍കുന്നത് സകാത്ത് ആകില്ല.
ഇറാന്‍ പോലുള്ള രാജ്യത്ത് കമ്പനികളുടെ ഇക്വിറ്റി, ഓഹരികള്‍, ശാഖകള്‍, കമ്പനിയുടെ അധീനതയില്‍ ഉള്ള വസ്തുവഹകള്‍ എന്നിവ സകാത്തിനായി വഖ്ഫ് മന്ത്രാലയത്തെ ഏല്‍പ്പിക്കാറുണ്ട്. വ്യക്തികള്‍ക്ക് കൂടി ഇടം നല്‍കുന്ന തരത്തിലുള്ള അതിന്റെ നടത്തിപ്പ് സങ്കീര്‍ണമാണ്. നേരിട്ട് അര്‍ഹരിലേക്ക് എന്നതാണ് കരണീയമെങ്കിലും അതിന്റെ വിനിമയം സുഗമവും കാര്യക്ഷമവുമാക്കാന്‍ സ്ഥാപനങ്ങളോ സംവിധാനങ്ങളോ ആകാവുന്നതാണ്. എന്നാല്‍ അവ കര്‍ശനമായ മേല്‍നോട്ടത്തിലായിരിക്കണമെന്ന് പ്രത്യേകം നിഷ്‌കര്‍ഷിക്കപ്പെട്ടിട്ടുണ്ട്.
നബിയുടെ കാലത്ത് സകാത്ത് വിനിയോഗത്തിന് പ്രത്യേകം ജീവനക്കാരുണ്ടായിരുന്നു. ഇന്ന് അതില്ല. അതിനാല്‍ തന്നെ സര്‍ക്കാര്‍ തലത്തിലോ മറ്റോ ഉള്ള ഇന്നത്തെ താല്‍ക്കാലിക സംവിധാനങ്ങള്‍ അവരുടെ താല്‍പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന പരാതി വ്യാപകമാണ്. സകാത്തിനെ കുറിച്ച് അല്ലാഹുവിന്റെ ചോദ്യം വ്യക്തിപരമായതിനാല്‍ അതിന്റെ നിര്‍വഹണത്തിലും വ്യക്തികള്‍ കാര്യക്ഷമമായി ഇടപെടേണ്ടതുണ്ട്.
ഇസ്‌ലാമിക സാമൂഹിക ഘടനയില്‍ ഇന്‍ഫാഖ്, സ്വദഖ, സകാത്ത്, വഖ്ഫ് എന്നിവയിലൂടെ രൂപപ്പെടുന്ന സാമൂഹിക സുരക്ഷാ സംവിധാനങ്ങള്‍ക്ക് വിശാലമായ തലമുണ്ട്. ഇവയില്‍ നിന്നു ലഭിക്കുന്ന സാമ്പത്തിക പിന്തുണയാണ് ദാരിദ്ര്യത്തെയും സാമ്പത്തിക അസമത്വത്തെയും ഇല്ലാതാക്കാന്‍ പര്യാപ്തമാവുന്ന തരത്തില്‍ പ്രയോജനപ്പെടുത്തേണ്ടത്. ചെലവഴിക്കല്‍ എന്ന കേവല അര്‍ഥത്തിലല്ല ഇന്‍ഫാഖ്. സമൂഹത്തിന്റെ ആവശ്യം പൂര്‍ത്തീകരിക്കുന്നതിന് എത്ര അളവില്‍ വേണ്ടതുണ്ടോ അത്രയും അളവില്‍ ഇന്‍ഫാഖ് ചെയ്യാന്‍ ഇസ്‌ലാമിക സമൂഹം ബാധ്യസ്ഥമാണ്. സകാത്ത് ഫണ്ട് ഉപയോഗിച്ച് താല്‍ക്കാലികമായിട്ടല്ല, ശാശ്വതമായ സംവിധാനങ്ങളാണ് ഒരുക്കേണ്ടത്. അതുവഴിയുണ്ടാവുന്ന പുരോഗതിയും നേട്ടവും വീണ്ടും സമൂഹത്തില്‍ തന്നെ വന്നുചേരുന്നു എന്നതാണ് ഇതിന്റെ ഗുണം.

Back to Top