29 Friday
March 2024
2024 March 29
1445 Ramadân 19

വാക്ക്: ആനന്ദവും അലങ്കാരവും

ഡോ. മന്‍സൂര്‍ ഒതായി


ശരീരത്തിന്റെ രൂപവും ഭാവവും ഭംഗിയാക്കാന്‍ നാം ആഭരണങ്ങള്‍ ധരിക്കാറുണ്ട്. ഏറ്റവും സൗന്ദര്യമേകുന്ന ആഭരണം ഏതെന്നു ചോദിച്ചാല്‍ അത് സ്വര്‍ണാഭരണമാണെന്നു ധരിക്കേണ്ട. വജ്രമോതിരമോ പവിഴമാലയോ ആണെന്നു കരുതുകയും വേണ്ട. വാക്കാണ് മനുഷ്യന്റെ അലങ്കാരം. നമ്മുടെ വ്യക്തിത്വം ആകര്‍ഷണീയമാക്കുന്നത് നമ്മള്‍ ഉപയോഗിക്കുന്ന ഭാഷയും സംസാരരീതിയുമാണ്. വാക്ക് സ്‌നേഹം കലര്‍ന്നതും വിനയമുള്ളതുമാവുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് സന്തോഷം ലഭിക്കും. അവരുടെ മുഖത്ത് പുഞ്ചിരി വിടരും. ഇതിന്റെ പ്രതിഫലനം സംസാരിച്ചയാള്‍ക്കും കിട്ടുന്നു. വാക്ക് ദേഷ്യവും പകയും വിദ്വേഷവുമൊക്കെ കലര്‍ന്നതാവുമ്പോള്‍ അത് പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും അസ്വസ്ഥതയുണ്ടാക്കും.
വിവേകപൂര്‍വം വാക്കുകള്‍ തിരഞ്ഞെടുത്തായിരിക്കണം നമ്മുടെ ഭാഷണം. ചിന്തയെ വികാരം അട്ടിമറിക്കുമ്പോള്‍ ഉതിര്‍ന്നുവീഴുന്ന വാക്കുകള്‍ വലിയ അപകടം സൃഷ്ടിക്കും. പറഞ്ഞ വാക്ക് തിരിച്ചെടുക്കാനുമാവില്ലല്ലോ. ‘എറിഞ്ഞ കല്ലും പറഞ്ഞ വാക്കും’ കൈവിട്ടുപോയാല്‍ കഷ്ടമാണെന്നാണ് പഴമൊഴി. ആരോട് സംസാരിക്കുന്നു, എപ്പോള്‍ സംസാരിക്കുന്നു എന്നത് സംഭാഷണകലയിലെ പ്രധാന ഘടകങ്ങളാണ്. ‘ആളും തരവും നോക്കി സംസാരിക്കണം’ എന്നു കേട്ടിട്ടില്ലേ? അതായത് സംഭാഷണം ലക്ഷ്യപ്രാപ്തി നേടാന്‍ സമയവും സാഹചര്യവും അതിപ്രധാനം. ആശ്വാസം പകരേണ്ട സന്ദര്‍ഭത്തില്‍ കുത്തുവാക്കുകളാല്‍ മുറിവേല്‍പിക്കരുത്. ഗൗരവമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നേടത്ത് വില കുറഞ്ഞ തമാശ പറയുന്നവര്‍ സ്വയം അപഹാസ്യരാവും. തന്റേടത്തോടെ കാര്യങ്ങള്‍ പറയുമ്പോള്‍ ചിരി ഒഴിവാക്കുകയും വേണം. നോക്കിലും വാക്കിലുമെല്ലാം മറ്റുള്ളവരെ സന്തോഷിപ്പിക്കാനായാല്‍ നമ്മുടെ ജീവിതം ധന്യമാവും. മനുഷ്യരോട് മാത്രമല്ല, മിണ്ടാപ്രാണികളോടു പോലും കരുണയും കരുതലും വേണമെന്നാണ് മുഹമ്മദ് നബി(സ) പഠിപ്പിച്ചത്. മറ്റുള്ളവര്‍ക്ക് ആശ്വാസവും ആനന്ദവുമേകുന്ന വാക്കുകള്‍ പറഞ്ഞും പറയാന്‍ പ്രേരിപ്പിച്ചും റസൂല്‍(സ) മാതൃക കാണിച്ചു. രോഗവും പ്രയാസവും അനുഭവിക്കുന്നവരെ സന്ദര്‍ശിച്ച് അവര്‍ക്ക് ആശ്വാസവചനങ്ങള്‍ നല്‍കിയിരുന്നു റസൂല്‍(സ). ആളുകള്‍ക്ക് എളുപ്പവും സന്തോഷവും പകരുന്ന വാക്കും പ്രവൃത്തിയുമാണ് പ്രവാചകന്‍ പ്രോത്സാഹിപ്പിച്ചത്. മതപരമായ കാര്യത്തില്‍ പോലും തീവ്രത കാണിക്കുന്നതിനെ അദ്ദേഹം നിരുത്സാഹപ്പെടുത്തി: ”നിങ്ങള്‍ എളുപ്പമാക്കിക്കൊടുക്കുക, ഞെരുക്കമുണ്ടാക്കരുത്. ജനങ്ങളെ സന്തുഷ്ടരാക്കുക, അവരുടെ മനസ്സ് വെറുപ്പിക്കരുത്” (ബുഖാരി).
നമ്മള്‍ പറയുന്ന ഓരോ വാക്കും കേവലം അക്ഷരങ്ങളോ ശബ്ദസങ്കലനമോ അല്ല. മറ്റുള്ളവരുടെ മനസ്സില്‍ മധുരം നിറയ്ക്കാനും അവരുടെ മനസ്സിനെ മുറിപ്പെടുത്താനുമുള്ള ആയുധമാണ് വാക്കുകള്‍. നാവിനെ നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുന്നവര്‍ക്ക് സ്വര്‍ഗം സന്തോഷവാര്‍ത്ത അറിയിച്ചു റസൂല്‍(സ). ദുര്‍മാര്‍ഗത്തില്‍ ഉപയോഗപ്പെടുത്തുന്നവര്‍ക്ക് നരകം ശിക്ഷയായി ലഭിക്കുമെന്ന് താക്കീതു ചെയ്യുകയും ചെയ്തു. മനുഷ്യനു നല്‍കപ്പെട്ട വലിയ അനുഗ്രഹമായ സംസാരശേഷി പുണ്യങ്ങള്‍ വാരിക്കൂട്ടാനുള്ള നല്ലൊരു മാര്‍ഗമാണ്. സത്യം പറയാന്‍, തിന്മ തടയാന്‍, നന്മ വളര്‍ത്താന്‍, ബന്ധങ്ങള്‍ ദൃഢപ്പെടുത്താന്‍, രഞ്ജിപ്പുണ്ടാക്കാന്‍, നീതി നടപ്പാക്കാന്‍, അറിവു നേടാന്‍ എന്നുവേണ്ട, ജീവിതവിഭവങ്ങള്‍ സമ്പാദിക്കാന്‍ സഹായകമാകുന്നതു പോലും നമ്മുടെ സംസാരശേഷിയാണ്. മേല്‍പറഞ്ഞ കാര്യങ്ങളെല്ലാം ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും നല്‍കുന്നവയാണ്.
നല്ല സംസാരം ഹൃദയത്തിന് കുളിര്‍മയും മനസ്സിന് സന്തോഷവും നല്‍കുന്നു. മധുരഭാഷണം മധുരജീവിതം എന്നാണല്ലോ ചൊല്ല്. അതിനാല്‍ നല്ല വാക്കുകളാല്‍ ജീവിതം മനോഹരമാവട്ടെ. പ്രവാചകന്‍(സ) പറഞ്ഞു: ”അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവന്‍ നല്ലതു പറയട്ടെ, അല്ലെങ്കില്‍ മൗനം പാലിക്കട്ടെ” (മുസ്‌ലിം).

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x