22 Wednesday
September 2021
2021 September 22
1443 Safar 14

എന്ത് കൊണ്ടാണ് നെഹ്‌റു വീണ്ടും വേട്ടയാടപ്പെടുന്നത്?

സി കെ അബ്ദുല്‍അസീസ്‌


സ്വാതന്ത്ര്യസമരത്തിന്റെ സമുന്നത നേതാവും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയുമായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അന്തരിച്ചിട്ട് അമ്പത്തിയേഴ് വര്‍ഷങ്ങളായി. 1964-ലാണ് അദ്ദേഹം വിട പറഞ്ഞത്. ഏതാണ്ട് മൂന്നു ദശാബ്ദക്കാലം സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ മുന്‍നിരയില്‍ നില്‍ക്കുകയും നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്ത സമരസേനാനികളില്‍ പ്രമുഖനാണ് പണ്ഡിറ്റ് നെഹ്‌റു. സ്വാതന്ത്ര്യാനന്തരം പതിനേഴ് വര്‍ഷത്തോളം അദ്ദേഹം സര്‍ക്കാറിനെ നയിച്ചു. ദീര്‍ഘകാലത്തെ ബ്രിട്ടീഷ് കോളനി ഭരണത്തിന്റെ കൊടിയ ചൂഷണത്തിന് വിധേയമായി നാശോന്മുഖമായ സമ്പദ്‌വ്യവസ്ഥയെ പുനസ്സംഘടിപ്പിക്കുന്നതിലും രാഷ്ട്ര പുനര്‍നിര്‍മാണത്തിനായി ആസൂത്രിത വികസനമെന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചവത്സര പദ്ധതികള്‍ക്ക് രൂപകല്പന ചെയ്യുകയും ചെയ്ത ഭരണാധികാരിയാണ് നെഹ്‌റു. രാജ്യത്തിന്റെ രാഷ്ട്രീയ വ്യവസ്ഥയെ മതേതര ജനാധിപത്യത്തില്‍ അടിയുറപ്പിച്ചു നിര്‍ത്തിയ ചെയ്ത രാഷ്ട്രീയ നേതാവാണ് നെഹ്‌റുവെന്ന കാര്യത്തില്‍ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തെക്കുറിച്ച് സാമാന്യധാരണയെങ്കിലും ഉള്ളവര്‍ക്കാര്‍ക്കും സംശയമുണ്ടാവില്ല.
എന്നാല്‍ ഇന്ത്യാരാജ്യം ഇപ്പോള്‍ ഭരിച്ചുകൊണ്ടിരിക്കുന്ന ബി ജെ പി സര്‍ക്കാരിനും ഇന്ത്യയിലെ ചരിത്ര ഗവേഷണ പഠനങ്ങളുടെ ഔദ്യോഗിക സ്ഥാപനമായ ചരിത്ര കൗണ്‍സിലിനും (കഇഒഞ) ജവഹര്‍ലാല്‍ നെഹ്‌റുവെന്ന ചരിത്ര പുരുഷനെ സ്മരിക്കാതിരിക്കാനാണിഷ്ടം. ചരിത്ര കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള സ്വാതന്ത്ര്യദിനാഘോഷ പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ ഫ്‌ളക്‌സ് ബോര്‍ഡില്‍ നെഹ്‌റുവില്ല; അദ്ദേഹത്തിന് സ്മരണാഞ്ജലിയുമില്ല. സ്വാതന്ത്ര്യസമര സേനാനിയും നെഹ്‌റുവിന്റെ സഹപ്രവര്‍ത്തകനും സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയുമായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ചരിത്ര കൗണ്‍സിലിന് ഓര്‍മയുണ്ട്. മന്ത്രിസഭയെ നയിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മുമ്പില്‍ എത്തുമ്പോള്‍ ചരിത്ര കൗണ്‍സിലിന്റെ ഓര്‍മകള്‍ തളര്‍വാതം ബാധിച്ച മട്ടുണ്ട്.
വിവാദങ്ങളുടെ ഉല്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഈ ‘നെഹ്‌റുവധം’ അത്ര വലിയ വിപണന മൂല്യമുള്ള ഒരു ഉല്പന്നമാകാനിടയില്ല. നെഹ്‌റുവിനോടുള്ള ഈ അനാദരവിനെതിരെ പ്രതിഷേധമുയര്‍ത്തേണ്ടവരില്‍ പ്രഥമസ്ഥാനീയരായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പ്രതിപക്ഷത്താണ് എന്നത് മാത്രമല്ല ഇതിന് കാരണം. നെഹ്‌റുവിന്റെ മരണാനന്തരം അദ്ദേഹം പ്രതിനിധാനം ചെയ്ത ആശയങ്ങളെ അറുകൊല ചെയ്തവരില്‍ കോണ്‍ഗ്രസിന് തന്നെയാണ് പ്രഥമ സ്ഥാനം.

സാമ്പത്തിക ഉദാരവല്ക്കരണ പരിപാടികള്‍ ഇന്ത്യന്‍ ജനതയുടെ മേല്‍ അടിച്ചേല്പിച്ചുകൊണ്ട് 1993-ല്‍ നരസിംഹറാവു നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് സര്‍ക്കാറാണ് നെഹ്‌റുവിന്റെ ആശയങ്ങളുടെ നെഞ്ചില്‍ ആദ്യത്തെ നിറയൊഴിച്ചത്. അതിനുശേഷം ചേരിചേരാ നയം തിരുത്തുകയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ആശ്രിത പദവിയിലേക്ക് റാവു ഇന്ത്യയെ കൊണ്ടെത്തിക്കുകയും ചെയ്തു. ഈ സുരക്ഷിതത്വത്തെ അടിമിത്തമാക്കി പരിവര്‍ത്തിപ്പിക്കുന്ന ചരിത്രദൗത്യമാണ് ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്തുണ്ടായ സമാധാനാവശ്യങ്ങള്‍ക്കുള്ള 1,2,3 ഇന്ത്യ – അമേരിക്ക ആണവ കരാറില്‍ ഒപ്പുവെച്ചുകൊണ്ട് അന്നത്തെ കോണ്‍ഗ്രസ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പൂര്‍ത്തീകരിച്ചത്. സാമ്രാജ്യത്വ വിരുദ്ധ സമരപോരാട്ടങ്ങളിലൂടെ രൂപംകൊണ്ട ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ ചൂണ്ടുവിരലാണ് അതോടെ മുറിഞ്ഞുപോയത്.
ഇപ്രകാരം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തന്നെ, ജവഹര്‍ലാല്‍ നെഹ്‌റുവെന്ന ചരിത്രനായകനെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പരികല്പനകളെയും നാമാവശേഷമാക്കിയതിന്റെ ചരിത്രം മുന്നിലുള്ളപ്പോള്‍, ബി ജെ പി സര്‍ക്കാറും ചരിത്രകൗണ്‍സിലും ഒരിക്കല്‍ക്കൂടി നെഹ്‌റുവിന്റെ നേര്‍ക്ക് കൊലക്കത്തി ഉയര്‍ത്തുന്നത്, പ്രഥമദൃഷ്ട്യാ പരിഹാസജനകമാണ്; കുഴിച്ചുമൂടപ്പെട്ടതിനെ വീണ്ടും കുഴിച്ചുമൂടാന്‍ സംഘ്പരിവാറിനെ നിര്‍ബന്ധിതരാക്കുന്ന വിധത്തില്‍ ബി ജെ പിക്കും സംഘ് പരിവാറിനും ഇപ്പോഴും നെഹ്‌റുവിനെ പേടിയാണോ? അഥവാ, ബി ജെ പി സംഘ് പരിവാര്‍ രാഷ്ട്രീയം നെഹ്‌റുവെന്ന് കേള്‍ക്കുമ്പോള്‍ ഭയചകിതരാവുന്നതെന്തുകൊണ്ട്? വര്‍ത്തമാന കാലഘട്ടത്തില്‍ ഉയിര്‍ത്തെഴുന്നേല്പ് നടത്തുന്ന ചില ചരിത്ര ഘടകങ്ങളിലാണ് ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ അന്വേഷിക്കേണ്ടത്.
ഉന്നം നെഹ്‌റുവല്ല
നെഹ്‌റുവിനെതിരായ സംഘ്പരിവാര്‍ ആക്രമണങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സ്വാതന്ത്ര്യ സമരകാലത്തും സ്വാതന്ത്ര്യാനന്തരവും നെഹ്‌റുവിനെ വളഞ്ഞിട്ടാക്രമിക്കാന്‍ പല ശ്രമങ്ങളും സംഘ് നേതൃത്വം നടത്തിയിട്ടുണ്ട്. മതേതര ജനാധിപത്യത്തോടുള്ള നെഹ്‌റുവിന്റെ പ്രതിബദ്ധതയായിരുന്നു സ്വാതന്ത്ര്യ സമരകാലത്ത് സംഘ് പരിവാറിന്റെ നെഹ്‌റു വിരോധത്തിന് മൂര്‍ച്ച കൂട്ടിയത്. മതേതര ജനാധിപത്യം ഒരു പാശ്ചാത്യ ആശയമാണെന്നും ഭാരതീയ സംസ്‌കാരത്തിന്റെ അന്ത:സത്തയെ അത് അടിമുടി തകര്‍ക്കുമെന്നുമായിരുന്നു ഗോള്‍വാര്‍ക്കറിനെപ്പോലുള്ള സംഘ് സൈദ്ധാന്തികരുടെ പ്രധാന വാദം. കോണ്‍ഗ്രസ്സിന്റെ നേതൃത്വം പിടിച്ചടക്കാന്‍ ഹിന്ദു മഹാസഭക്കാര്‍ നടത്തിയ അശ്രാന്ത ശ്രമങ്ങളൊന്നും വിജയിക്കാതെ പോയതിന്റെ പ്രധാന കാരണം നെഹ്‌റുവാണെന്നാണ് സംഘ് നേതൃത്വം വിശ്വസിച്ചിരുന്നത്.
സ്വാതന്ത്ര്യാനന്തരം നെഹ്‌റു വിരോധത്തിന് പുതിയ ഭാഷ്യം നല്കിയാണ് അവതരിപ്പിച്ചത്. ഇന്ത്യാ വിഭജനത്തിനുത്തരവാദി പണ്ഡിറ്റ് നെഹ്‌റുവാണെന്നായിരുന്നു ഈ പുതിയ ഭാഷ്യത്തിന്റെ ആകര്‍ഷണീയമായ വശം. വിഭജനത്തിലേക്ക് നയിച്ച രാഷ്ട്രീയ സാഹചര്യങ്ങളും ഉപോല്‍ബലകമായ ചരിത്രരേഖകളും പരിശോധിക്കുമ്പോള്‍, 1946-ലെ ക്യാബിനറ്റ് മിഷന്‍ നിര്‍ദേശങ്ങളിലെ അവിഭക്ത ഇന്ത്യ എന്ന ആശയത്തെ അംഗീകരിച്ച മുസ്‌ലിംലീഗിനെ 1936-ലെ പാകിസ്താന്‍ പ്രമേയത്തിലേക്ക് തിരിച്ചോടിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ഈ നിര്‍ദേശങ്ങളിലെ അധികാര വിഭജനത്തെക്കുറിച്ച് (കേന്ദ്രത്തിനും പ്രവിശ്യകള്‍ക്കുമിടയിലെ) സര്‍ദാര്‍ പട്ടേലിനുണ്ടായ ആശങ്കകളാണ് പ്രധാന പങ്കുവഹിച്ചതെന്ന് കാണാവുന്നതാണ്.
കമ്യൂണല്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യാ വിഭജനമേ മാര്‍ഗമുള്ളൂ എന്ന മൗണ്ട് ബാറ്റന്‍ നിര്‍ദേശത്തെ ആദ്യം അംഗീകരിച്ചതും സര്‍ദാര്‍ പട്ടേല്‍ തന്നെയാണ്. സ്വതന്ത്ര ഇന്ത്യയുടെ അധികാരം പങ്കിടുന്നതിനെ സംബന്ധിച്ച് ഹിന്ദു – മുസ്‌ലിം ഭരണവര്‍ഗങ്ങള്‍ക്കിടയില്‍ ഉടലെടുത്ത കിടമത്സരങ്ങളാണ് ഇന്ത്യാവിഭജനത്തിന് കളമൊരുക്കിയത്. അതില്‍ കോണ്‍ഗ്രസും ലീഗും പട്ടേലും ആസാദും നെഹ്‌റുവുമെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പങ്കാളികളാണ്. ഇതില്‍ സര്‍ദാര്‍ പട്ടേലിനെ ഇന്ത്യക്കാരനായും പണ്ഡിറ്റ് നെഹ്‌റുവിനെ ‘ഇംഗ്ലീഷ്’ കാരനായും വേര്‍തിരിച്ചു കാണേണ്ട ഒരു ചരിത്ര വസ്തുതകളെയും അക്കാലത്തെ ഉഭയകക്ഷി – ത്രികക്ഷി ചര്‍ച്ചകളില്‍ നിന്നും കോണ്‍ഗ്രസ് – ലീഗ് ഉടമ്പടികളില്‍ നിന്നും കണ്ടെത്താനാവുകയില്ല.
വല്ലഭായി പട്ടേലിനെ സംഘികള്‍ സ്വതന്ത്രമാക്കാന്‍ ശ്രമിക്കുന്നത്, അദ്ദേഹം സംഘനുകൂലിയായിരുന്നതുകൊണ്ടല്ല. ഭൂരിപക്ഷവാദത്തോട് പട്ടേലിന് കൂടുതല്‍ ആഭിമുഖ്യമുണ്ടായിരുന്നുവെന്നത് ശരിയായിരുന്നുവെങ്കിലും സംഘ് രാഷ്ട്രീയത്തെ അദ്ദേഹം അനുകൂലിച്ചതിന് ചരിത്രത്തില്‍ നിന്നും തെളിവുകളൊന്നും എടുത്തു കാണിക്കാന്‍ സാധിക്കുകയില്ല. സംഘ് കുതന്ത്രം എന്നതിലപ്പുറം അതിനൊന്നും പട്ടേല്‍ പ്രേമത്തിന് മറ്റൊരു സാധ്യതയുമില്ല താനും.
പക്ഷെ, സ്വാതന്ത്ര്യാനന്തര വിഭജനത്തിന്റെ ഉത്തരവാദിത്തം നെഹ്‌റുവില്‍ കെട്ടിയേല്പിക്കാന്‍ തുനിഞ്ഞിറങ്ങുകയാണ് സംഘ് വൃത്തങ്ങള്‍ ചെയ്തത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ മന്ത്രിസഭയില്‍ ആര്‍ എസ് എസ്സിനും സാന്നിധ്യമുണ്ടായിരുന്ന കാര്യം ഇന്നാരും അധികം ഓര്‍ക്കാറില്ല. ശ്യാമപ്രസാദ് മുഖര്‍ജിയായിരുന്നു അന്ന് മന്ത്രിസഭയിലെ ആര്‍ എസ് എസ് എസ് പ്രതിനിധി. 1948-ല്‍ തന്നെ അദ്ദേഹം മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു പുറത്തു പോരുകയും ചെയ്തു. വിഭജന കാലത്ത് ഇരുപക്ഷത്തുമുണ്ടായിരുന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ഇരകളായ ന്യൂനപക്ഷങ്ങളുടെ മുറിവുകള്‍ ഉണക്കാനും ക്ഷേമമുറപ്പിക്കാനും ഇരു രാഷ്ട്രങ്ങള്‍ക്കും എന്തു ചെയ്യാനാവുമെന്ന ഇന്ത്യാ- പാക് ഉഭയകക്ഷി ചര്‍ച്ചയാണ് ശ്യാമപ്രസാദ് മുഖര്‍ജിയെ രാജിക്ക് പ്രേരിപ്പിച്ചത്.
മതേതര ജനാധിപത്യത്തിലധിഷ്ഠിതമായ ഭരണഘടനക്ക് വേണ്ടിയുള്ള കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി ചര്‍ച്ചകളിലും തുടര്‍ന്ന് ആര്‍ട്ടിക്കിള്‍ 370 ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെയുമെല്ലാം സംഘ് രാഷ്ട്രീയം വലിയ പ്രതിരോധമുയര്‍ത്തിയെങ്കിലും അവര്‍ക്കതിനെ പിന്തുണയ്ക്കാന്‍ ജനങ്ങളെ കിട്ടിയില്ല. നെഹ്‌റുവിന്റെ ആദര്‍ശങ്ങള്‍ക്കും (നെഹ്‌റുവിയന്‍ സോഷ്യലിസം) അദ്ദേഹം വിഭാവനം ചെയ്ത മതേതര വ്യവസ്ഥയ്ക്കും ആ വ്യവസ്ഥയില്‍ ന്യൂനപക്ഷങ്ങളോട് സ്വീകരിച്ച സമീപനങ്ങള്‍ക്കും ലഭിച്ച സ്വീകാര്യതയാണ് വാസ്തവത്തില്‍, കോണ്‍ഗ്രസ്സിനുള്ളിലെ സംഘ് അനുഭാവികളെപ്പോലും നിശ്ശബ്ദരാക്കിയത്.

ഈ കാലഘട്ടം അവസാ നിക്കുകയും സംഘ് രാഷ്ട്രീയത്തിന് അതിന്റെ ചരിത്രത്തിലൊരിക്കലും ലഭിച്ചിട്ടില്ലാത്ത വിധത്തിലുള്ള ജനപിന്തുണയും സ്വീകാര്യതയും രാഷ്ട്രീയ വിജയവും കരസ്ഥമാക്കാന്‍ സാധിക്കുകയും ചെയ്ത വര്‍ത്തമാന കാലത്ത്, നെഹ്‌റു വിരോധം ഇടക്കിടക്ക് കുത്തിപ്പൊക്കിക്കൊണ്ടിരിക്കുന്നതിന്റെ സാംഗത്യമെന്താണ്? നെഹ്‌റുവിന്റെ സജീവസാന്നിധ്യമുണ്ടായിരുന്ന ഭൂതകാലത്തില്‍ നിന്നല്ല, നെഹ്‌റുവിയന്‍ ആശയങ്ങള്‍ അന്യം നിന്നുപോയ വര്‍ത്തമാന കാലത്തോടുള്ള ഭയവിഹ്വലതകളില്‍ നിന്നാണ് അതുയര്‍ന്നു വരുന്നത്.
2004-ല്‍ ആര്‍ എസ് എസ് സത്‌സംഘ് ചാലക് ആയിരുന്ന കെ എസ് സുദര്‍ശന്‍ ചണ്ഡിഗഡില്‍ നടത്തിയ ഒരു പ്രഭാഷണം ഔട്ട്‌ലുക്ക് മാസിക വലിയ വാര്‍ത്തയാക്കിയിരുന്നു. നെഹ്‌റുവായിരുന്നു ആ പ്രസംഗത്തിലെ പ്രധാന ശത്രുപക്ഷം. ഗാന്ധിയന്‍ വികസന പരിപാടിയെ നെഹ്‌റു അട്ടിമറിച്ചുവെന്നായിരുന്നു സുദര്‍ശന്റെ പ്രധാന വിമര്‍ശം.
ഗ്രാമസ്വരാജിലൂന്നിയ ഗാന്ധിയന്‍ വികസന പരിപാടിക്ക് പകരം പാശ്ചാത്യ ആശയങ്ങളും സങ്കല്പങ്ങളുനുസരിച്ച് രാഷ്ട്രത്തെ മുന്നോട്ടു കൊണ്ടുപോയതാണ് പ്രശ്‌നം. സംസ്‌കാരത്തെ പിന്തുടരാതെ രാജ്യത്തിന്റെ വികസനം സാധ്യമാവില്ല. ഹിന്ദിക്ക് പകരം ഹിന്ദുസ്ഥാനികളും രാജ്യത്തെ ഇംഗ്ലീഷ് വിദ്യാലയങ്ങളും നെഹ്‌റുവിന്റെ ഈ തെറ്റായ പരികല്പനകളുടെ പരിണിത ഫലമാണ്. ഭാരതീയ സംസ്‌കാരത്തിന്റെ മഹോന്നത മൂല്യങ്ങള്‍ വിട്ട് ജനങ്ങള്‍ ശരീരപ്രദര്‍ശനത്തിലും അധാര്‍മികതയിലും ആമഗ്‌നരായിരിക്കുകയാണ്. നെഹ്‌റുവാണിതിനെല്ലാം കാരണം. ഇതായിരുന്നു പ്രഭാഷണത്തിന്റെ രത്‌നച്ചുരുക്കം.
മോദി സര്‍ക്കാര്‍ നടപ്പില്‍ വരുത്തുന്ന നവലിബറല്‍ നയങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തരം ഗീര്‍വാണങ്ങളുടെ പൊള്ളത്തരങ്ങള്‍ തിരിച്ചറിയാനധികം പ്രയാസമുണ്ടാവില്ല. 2014 ലാണ് കേരളത്തിലെ ബി ജെ പി നേതാവ് ആര്‍ എസ് എസ് ജിഹ്വയായ കേസരിയില്‍ ‘ഗോഡ്‌സെക്ക് ഉന്നം പിഴച്ചു’ എന്ന വിധ്വംസാത്മകമായ പരാമര്‍ശം നടത്തുന്നുന്നത്. 2021 ആഗസ്ത് 14-ന് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ സന്ദേശം വിഭജന ദിനം ആചരിക്കുന്നതിനെക്കുറിച്ചാണ്. അതിനെത്തുടര്‍ന്നാണ് പണ്ഡിറ്റ് നെഹ്‌റു ചരിത്ര കൗണ്‍സിലിന്റെ കാഴ്ചശക്തിക്കു മുമ്പില്‍ ഒരു വെല്ലുവിളിയായത്.

ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ ഒരു കാര്യം സുവ്യക്തമാണ്. സംഘ്പരിവാരങ്ങളും ബി ജെ പിയും ചരിത്രം വായിക്കാന്‍ തുടങ്ങിയിരിക്കുന്നു. ചരിത്രം വായിക്കാന്‍ അവര്‍ നിര്‍ബന്ധിതരായിരിക്കുന്നുവെന്ന് പറയുന്നതാവും ഉചിതം. ദേശീയ മാധ്യമങ്ങളില്‍ അവരിപ്പോള്‍ ചരിത്രപരമായ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയിരിക്കുന്നു. 1942 ക്വിറ്റ് ഇന്ത്യാ സമരത്തില്‍ കമ്യൂണിസ്റ്റുകാരും അംബേദ്കറും വിട്ടുനിന്നതുപോലെ, സ്വാതന്ത്ര്യസമരത്തില്‍ നിന്ന് ഞങ്ങളും വിട്ടുനിന്നുവെന്നാണ് പുതിയ വാദം. ചരിത്രഹീനര്‍ ചരിത്രം വായിക്കാന്‍ തുടങ്ങിയാല്‍ അത് ചരിത്രത്തിനു നേരെയുള്ള യുദ്ധപ്രഖ്യാപനം പോലെ അക്രമോത്സുകമായിത്തീരും. സമരത്തിനിറങ്ങുന്നത് പോയിട്ട് കൊളോണിയല്‍ ഭരണത്തെ ഒരു അനീതിയായി കാണാന്‍ പോലും ആര്‍ എസ് എസ് തയ്യാറായില്ല എന്നതാണ് സത്യം.
ക്വിറ്റ് ഇന്ത്യാ സമരത്തിനായി രാജ്യം തയ്യാറെടുക്കുന്ന വേളയില്‍ ഗോള്‍വാര്‍ക്കര്‍ പ്രസ്താവിച്ചതിങ്ങനെയാണ്: ‘സമൂഹത്തിന്റെ ഇപ്പോഴത്തെ ജീര്‍ണമായ സ്ഥിതിയില്‍ ആരെയും കുറ്റപ്പെടുത്താന്‍, സംഘ് ആഗ്രഹിക്കുന്നില്ല. ജനങ്ങള്‍ മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ തുടങ്ങുമ്പോള്‍, അവരിലെ ബലഹീനതയാണ് അത് വെളിവാക്കുന്നത്. ബലഹീനരര്‍ക്കെതിരായ അനീതികള്‍ക്ക് പ്രബലരെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. സംഘിന് അതിന്റെ വിലപ്പെട്ട സമയം മറ്റുള്ളവരെ കുറ്റപ്പെടുത്തിയോ ആക്ഷേപിച്ചോ പാഴാക്കേണ്ട ആവശ്യമൊന്നുമില്ല. വന്‍മത്സ്യം ചെറുമത്സ്യത്തെ ഭക്ഷിക്കുകയാണെങ്കില്‍ അതിന് വന്‍മത്സ്യത്തെ കുറ്റപ്പെടുത്തുന്നത് ശുദ്ധ അസംബന്ധമാണ്. നല്ലതായാലും അല്ലെങ്കിലും, പ്രകൃതി നിയമം എല്ലായ്‌പ്പോഴും ഒരുപോലെയാണ്. അന്യായമെന്നു വിളിക്കുന്നതിലൂടെ ആ നിയമം മാറുകയില്ല.’ ശംസുല്‍ ഇസ്‌ലാം ഉദ്ധരിച്ചത് (ഇന്ത്യന്‍ ദേശീയതയുടെ മതമാനങ്ങള്‍: ശംസുല്‍ ഇസ്‌ലാം പരിഭാഷ, എം എന്‍ സത്യദാ സ് – പേജ്, 206).
ഇന്ന് ചരിത്രം വായിക്കാന്‍ സംഘ് രാഷ്ട്രീയത്തെ നിര്‍ബന്ധിതമാക്കുന്നത് വര്‍ത്തമാനകാലത്തു വന്നുകൊണ്ടിരിക്കുന്ന പുതിയ രാഷ്ട്രീയ മുന്നേറ്റങ്ങളാണ്.
ഉയിര്‍ത്തെഴുന്നേല്ക്കുന്ന ചരിത്ര ഘടകങ്ങള്‍
മൃഗീയ ഭൂരിപക്ഷത്തോടെ 2019-ല്‍ അധികാരത്തില്‍ തിരിച്ചുവന്നതിനു ശേഷം നരേന്ദ്രമോദി സര്‍ക്കാരിനെ ആവേശിച്ച വിജയോന്മാദം ആദ്യം പ്രതിഫലിപ്പിക്കപ്പെടുന്നത് കശ്മീരിന്റെ ഭരണഘടനാ പദവി നീക്കം ചെയ്യുന്ന കാര്യത്തിലാണ്. അതിനെത്തുടര്‍ന്ന് മുത്ത്വലാഖ് ബില്ലും പൗരത്വബില്ലും കൊണ്ടുവന്നു. നാശോന്മുഖമായിത്തീര്‍ന്ന പ്രതിപക്ഷകക്ഷികളുടെ നിസ്സഹായാവസ്ഥ മുന്നില്‍ കണ്ടുകൊണ്ടാവണം ഇത്തരം നടപടികള്‍ വിജയിപ്പിച്ചെടുക്കാമെന്ന വ്യാമോഹം ബി ജെ പിയെ പിടികൂടിയത്. പക്ഷെ, എന്തായിരുന്നു പരിണിത ഫലം?
രാജ്യത്തുടനീളം തെരുവു പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരികയും പ്രതിപക്ഷ കക്ഷികളുടെ സഹായവും ഒത്താശയുമില്ലാതെ തന്നെ വമ്പിച്ച തോതിലുള്ള ജനമുന്നേറ്റങ്ങള്‍ മുമ്പോട്ടുപോവുകയും ചെയ്തു. പോലീസിനെയും യു എ പി എ നിയമത്തെയും ഉപയോഗിച്ച് ഈ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചിട്ടും ഭരണകൂട ശക്തിക്ക് കീഴൊതുങ്ങാത്ത വിധത്തില്‍ സാധാരണ ജനങ്ങള്‍ പ്രത്യേകിച്ച് മുസ്‌ലിം സ്ത്രീകള്‍, സമരസജ്ജരായി.
തുടര്‍ന്ന് കോവിഡ് മഹാമാരിയുടെ ഭീതിയിലേക്ക് രാജ്യം മുഴുവന്‍ വഴുതി വീണ നേരത്ത് കര്‍ഷക ബില്ലുമായി ഭരണകൂടം വീണ്ടും രംഗപ്രവേശം ചെയ്തു. എന്തായിരുന്നു പരിണിത ഫലം? കര്‍ഷകരൊന്നടങ്കം, ആബാലവൃദ്ധ ജനങ്ങള്‍ ന്യൂഡല്‍ഹിയിലേക്ക് മാര്‍ച്ചുചെയ്തു. ‘സാമൂഹ്യ അകല’മെന്ന കോവിഡ് നിയമത്തെയൊന്നും അവര്‍ ശ്രദ്ധിച്ചില്ല. കര്‍ഷക സമരം ഇപ്പോഴും തുടരുക തന്നെയാണ്. ഇങ്ങനെ, രാജ്യത്തുടനീളം ബി ജെ പി ഭരണത്തിന്റെയും സംഘ് പരിവാര്‍ ശക്തികള്‍ അഴിച്ചുവിടുന്ന അരാജകത്വത്തിന്റെയും ഭീഷണിക്കു മുമ്പില്‍ മുട്ടുമടക്കാതെ ജനങ്ങള്‍ സമരസജ്ജരായി അടിയുറച്ചു നില്‍ക്കുക തന്നെയാണ്.

ഒരുപക്ഷെ, സ്വാതന്ത്ര്യ സമരകാലത്തുണ്ടായിരുന്ന സമരാവേശത്തിന്റെ ഉന്നതതലത്തിലേക്കാണ് ഇന്ത്യന്‍ ജനത മുന്നേറിക്കൊണ്ടിരിക്കുന്നത്. ഈ സമരാവേശത്തെയും ജനങ്ങളുടെ പടയണിയെയുമാണ് ബി ജെ പിയും സംഘ് പരിവാറും ഇപ്പോള്‍ ഉന്നം വെക്കുന്നത്. അവരോടുള്ള യുദ്ധപ്രഖ്യാപനമാണ് ബി ജെ പിയുടെ ചരിത്രവായന. സ്വാതന്ത്ര്യ സമരത്തിന്റെയും മതേതര രാഷ്ട്രീയത്തിന്റെയും പ്രതീകമാണ് നെഹ്‌റു. സ്വാതന്ത്ര്യ സമര ചരിത്രത്തെ യുദ്ധം ചെയ്തു തോല്പിക്കാമെന്ന്് ബി ജെ പിക്കും സംഘികള്‍ക്കും ആത്മധൈര്യമില്ല. ചരിത്രത്തോടു യുദ്ധം ചെയ്യാന്‍ അവര്‍ക്ക് ശിഖണ്ഡി വേണം.
മഹാഭാരത കഥയില്‍, ഭീഷ്മരെ അമ്പെയ്തു വീഴ്ത്താന്‍ ശിഖണ്ഡിയെ നിയോഗിച്ചതു പോലെ. അപ്രകാരം ശിഖണ്ഡികളെ മുന്നില്‍ നിര്‍ത്തി യുദ്ധം ജയിക്കാമെന്നാണ് വ്യാമോഹം. ചരിത്രം തിരുത്തുന്നതില്‍ ഒരുപക്ഷെ താല്ക്കാലികമായി വിജയിച്ചേക്കാം. പക്ഷെ പുതിയ ചരിത്രം സൃഷ്ടിക്കുന്ന ജനമുന്നേറ്റങ്ങളെ ചെറുത്തു തോല്പിക്കാന്‍ ഈ ശിഖണ്ഡികളുടെ ചരിത്ര നിര്‍മിതികള്‍ക്കാവുകയില്ല. അത് തീര്‍ച്ചയാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x