7 Thursday
December 2023
2023 December 7
1445 Joumada I 24

മുസ്ലിംകളുടെ ശത്രു ആര്?

എളമരം കരീം

ശബാബ് ലക്കം 26ലെ പ്രതിപാദ്യ വിഷയങ്ങളോട് സി പി ഐ എം കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭാംഗവുമായ എളമരം കരീം പ്രതികരിക്കുന്നു.

ശബാബ് വാരിക 2022 ജനുവരി 21 ലക്കം മാര്‍ക്‌സിസത്തിനും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുമെതിരായ ഒരു പ്രത്യേക പതിപ്പ് പോലെയാണ് പുറത്ത് വന്നത്. 1848-ല്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കപ്പെട്ടതിന് ശേഷം ഒന്നര നൂറ്റാണ്ടിലധികം പിന്നിട്ടു. ഇപ്പോള്‍ മാര്‍ക്‌സിസ്റ്റ് ആശയങ്ങള്‍ ഇഴകീറി വിശകലനം ചെയ്യേണ്ട എന്ത് അടിയന്തിര സാഹചര്യമാണുണ്ടായതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. സമകാലീന രാഷ്ട്രീയത്തിലും, ദേശീയ രാഷ്ട്രീയത്തിലും ‘മാര്‍ക്‌സിസം’ വല്ല പുതിയ വെല്ലുവിളികളും ഉയര്‍ത്തിയോ? സമകാലീന ലോകത്ത് മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വിപത്ത് സാമ്രാജ്യത്വമാണെന്ന യാഥാര്‍ഥ്യം മറച്ച് വെക്കലാണോ ലക്ഷ്യം?
സോഷ്യലിസം, മുതലാളിത്തം, മതം, മാര്‍ക്‌സിസം തുടങ്ങിയ ഗഹനമായ വിഷയങ്ങള്‍ സംബന്ധിച്ച ഒരു സൈദ്ധാന്തിക വിശകലനത്തിന് ഈ ലേഖനത്തിലൂടെ ഞാന്‍ ശ്രമിക്കുന്നില്ല. സംവാദത്തെ ഭയപ്പെടുന്നത് കൊണ്ടോ ആശയദാരിദ്ര്യം കൊണ്ടോ അല്ല. മലയാളി വായനക്കാരുടെ മുമ്പില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട അടിയന്തിര പ്രശ്‌നത്തിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കേണ്ടതുള്ളത് കൊണ്ട് മാത്രം.
ഏത് വിഷയം വിശകലനം ചെയ്യുമ്പോഴും എഴുത്തുകാര്‍ പല രേഖകളെയും മറ്റ് എഴുത്തുകാരെയും ഉദ്ധരിക്കാറുണ്ട്. എല്ലാ എഴുത്തുകാര്‍ക്കും എല്ലാ പ്രശ്‌നങ്ങളിലും തങ്ങളുടേതായ നിലപാടുകള്‍ ഉണ്ടാവുമെന്നത് നിഷേധിക്കാനാവില്ല. അമേരിക്കക്കാരനായ, മാര്‍ക്‌സിസ്റ്റ് വിരുദ്ധന്‍ മാരിയോണ്‍ സ്മിത്തിനെ ഉദ്ധരിക്കുമ്പോള്‍ ‘സത്യസന്ധത’ എന്ന തത്വം ബലികഴിക്കപ്പെടുന്നു എന്നത് ലേഖകന്‍ കണക്കിലെടുത്തില്ല. എന്താണെഴുതേണ്ടതെന്ന് മുന്‍കൂട്ടി തീരുമാനിക്കുകയും അതിന് പറ്റാവുന്ന ‘ചവറ്’ ചരിത്രത്തിന്റെ ചവറ്റ് കൊട്ടയില്‍ നിന്ന് പരതിയെടുക്കുകയും ചെയ്യുന്നത് മാന്യതക്ക് ചേര്‍ന്നതല്ല.
ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ ഇന്ത്യയില്‍ നടന്ന 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരാനന്തരമാണ് ബ്രിട്ടീഷ് ചരിത്രകാരന്‍ ജെയിംസ് മില്‍ ഇന്ത്യാ ചരിത്രം എഴുതിയത്. ഇനിയൊരിക്കലും ജനങ്ങള്‍ മത-ജാതി വ്യത്യാസമില്ലാതെ ഒരുമിച്ച് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം നടത്താനിടയാവാത്ത വിധം ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കലായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അദ്ദേഹം കൊളോണിയല്‍ ചരിത്രകാരനായിരുന്നു. ഇന്നും ഇന്ത്യയില്‍ ശക്തിപ്പെട്ട് നില്‍ക്കുന്ന വര്‍ഗീയതയുടെ അടിവേരുകള്‍ ജയിംസ് മില്ലിന്റെ ചരിത്രരചനയില്‍ കാണാം. ഒരു ചരിത്രകാരന്‍ എന്ന നിലയില്‍ ജയിംസ് മില്ലിനെ ഉദ്ധരിച്ച് ലേഖനമെഴുതിയാല്‍ എത്രമാത്രം വസ്തുതാവിരുദ്ധമാകുമോ അത് പോലെയാണ് സോവിയറ്റ് വിരുദ്ധ ‘യാങ്കി’ സംസ്‌കാരത്തിന്റെ വക്താവ് മാരിയോണ്‍ സ്മിത്തിനെ ഉദ്ധരിക്കുന്നത് എന്ന് വിനയപൂര്‍വം ഓര്‍മിപ്പിക്കട്ടെ.
1917-ല്‍ രൂപംകൊണ്ട ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് രാഷ്ട്രത്തിലെ ഭരണാധികാരികള്‍ മതവിശ്വാസികളായ മനുഷ്യരെ ‘കൊന്നൊടുക്കിയ’ കെട്ടുകഥകള്‍ ആര്‍ക്കെങ്കിലും ആഹ്ലാദം നല്‍കുമെങ്കില്‍ ആവര്‍ത്തിക്കട്ടെ. 1940-കളില്‍ ലോകത്തെ ജനാധിപത്യ വ്യവസ്ഥ തകര്‍ത്ത് ‘ഫാസിസം’ സ്ഥാപിക്കാന്‍ ഒരുങ്ങിയിറങ്ങിയ അഡോള്‍ഫ് ഹിറ്റ്‌ലറുടെ സുശക്തമായ സൈനിക ശേഷിയെ തറപറ്റിക്കാനും ലോകത്തെ ഫാസിസ്റ്റ് വിപത്തില്‍ നിന്ന് സംരക്ഷിക്കാനും നേതൃത്വം കൊടുത്ത സ്റ്റാലിന്‍ എന്ന ഭരണകര്‍ത്താവിനെ അധിക്ഷേപിക്കുമ്പോള്‍ അവര്‍ നടത്തുന്നത് ചരിത്ര നിഷേധമാണ്. രണ്ട് കോടി റഷ്യന്‍ പൗരന്മാരാണ് ആ യുദ്ധത്തില്‍ വീരചരമം പ്രാപിച്ചത്. പാശ്ചാത്യ ലോകം പാടിപുകഴ്ത്തുന്ന മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ഭരണകാലത്താണ് ബ്രിട്ടീഷ് ഇന്ത്യയില്‍ 1943-ല്‍ ഭക്ഷണം ലഭിക്കാതെ 43 ലക്ഷം ജനങ്ങള്‍ ബംഗാള്‍ ക്ഷാമത്തില്‍ മരണം വരിച്ചത്. സ്റ്റാലിനെ അധിക്ഷേപിക്കുന്ന ഒരാളും ചര്‍ച്ചിലിനെ വിമര്‍ശിക്കുന്നില്ല. എല്ലാവര്‍ക്കും വായിക്കാന്‍ പ്രത്യേകം കണ്ണടകളുണ്ട്.
മതത്തിന്റെ പേരില്‍ ലോകത്തുണ്ടായ സംഘര്‍ഷങ്ങളും, കൂട്ടക്കുരുതികളും ചരിത്രത്തില്‍ നിന്ന് മായ്ച്ച് കളയാനാവില്ല. ‘കുരിശുയുദ്ധം’ എത്ര മനുഷ്യരെയാണ് കാലപുരിക്കയച്ചത്. ഇതിന്റെ ഉത്തരവാദിത്തം മാര്‍ക്‌സിസത്തിനാണോ? ഭൂമിയില്‍ ജീവിക്കാനാഗ്രഹിച്ച നിരപരാധികളായ ദശലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയും, അടിമകളാക്കിയുമാണ് വ്യവസായ വിപ്ലവാനന്തരം ആധുനിക മുതലാളിത്ത വ്യവസ്ഥ വളര്‍ന്നത്. ലോകത്ത് അന്നും ഇന്നും മേധാവിത്തം വഹിക്കുന്ന- സാമ്പത്തിക രംഗത്തും ആശയരംഗത്തും- പാശ്ചാത്യ ശക്തികള്‍, വൈജ്ഞാനിക വിപ്ലവം, വ്യവസായ വിപ്ലവം, ആധുനിക ജനാധിപത്യം തുടങ്ങിയ, അവര്‍ ലോകത്തിന് നല്‍കി എന്നവകാശപ്പെടുന്ന എല്ലാം പടുത്തുയര്‍ത്തിയത് ഏഷ്യന്‍ ആഫ്രിക്കന്‍ വന്‍കരകളിലെയും, തെക്കേ അമേരിക്കന്‍ വന്‍കരയിലെയും ജനങ്ങളുടെ രക്തമൊഴുക്കിയും അവരുടെ സമ്പത്ത് തട്ടിപ്പറിച്ചുമാണ്. അവര്‍ ചെയ്തതെല്ലാം ഉല്‍കൃഷ്ടമാണെന്ന ആശയവും അവര്‍ തന്നെ ഉല്‍പാദിപ്പിച്ച് ലോകത്തിനു മേല്‍ അടിച്ചേല്‍പിച്ചു.
എ ഡി 5-ാം നൂറ്റാണ്ടില്‍ മനുഷ്യ സാഹോദര്യത്തിന്റെ ഉല്‍കൃഷ്ടമായ പാഠങ്ങള്‍ മനുഷ്യരാശിക്ക് മുന്നില്‍ അവതരിപ്പിച്ച ഇസ്ലാമിക പ്രസ്ഥാനത്തെ ‘അപരിഷ്‌കൃതര്‍, കാടന്മാര്‍, ഭീകരര്‍’ എന്നെല്ലാം മുദ്രകുത്തിയതും പാശ്ചാത്യ മുതലാളിത്ത ശക്തികള്‍ തന്നെയാണ്. ആധുനിക ശാസ്ത്രം, ഭാഷ, സാഹിത്യം തുടങ്ങിയവക്കെല്ലാം മികച്ച സംഭാവന നല്‍കി അറേബ്യ മുതല്‍ പടിഞ്ഞാറ് സ്‌പെയിന്‍ വരെ വ്യാപിച്ച ഇസ്ലാമിക ഭരണത്തെക്കുറിച്ചും അതിന്റെ സംഭാവനകളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ഏതെങ്കിലും പാശ്ചാത്യ ഗ്രന്ഥകാരന്മാരെ ഉദ്ധരിക്കാനുണ്ടോ?
‘അബൂബക്കറിനെ പോലെ നാല്‍പത് പേരെങ്കിലും ജീവിച്ചിരുന്നെങ്കില്‍ ലോകം മുഴുവന്‍ മുഹമ്മദിന്റെ അനുയായികളെക്കൊണ്ട് നിറയുമായിരുന്നു’ എന്ന് എച്ച് ജി വെല്‍സ് എഴുതിയ കാര്യം എത്രപേര്‍ക്കറിയാം. ‘അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചുണ്ണുന്നവന്‍ എന്റെ സമുദായത്തില്‍ പെടുന്നവനല്ല’ എന്നും ‘വേലചെയ്യുന്നവന് അവന്റെ വിയര്‍പ്പ് വറ്റുന്നതിന് മുമ്പ് വേതനം നല്‍കണമെന്നും’, ‘തന്റെ കൈവശമുള്ള ഭൂമി മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി തരിശിട്ടാല്‍ അയാള്‍ക്ക് അതിന്മേലുള്ള അവകാശം നഷ്ടപ്പെടും’ എന്നും പ്രഖ്യാപിച്ച പ്രവാചകന്‍ മുഹമ്മദിന്റെ മഹത്വം ‘ആധുനികര്‍’ എന്ന് പറയുന്ന പാശ്ചാത്യ പണ്ഡിതര്‍ അംഗീകരിച്ചില്ലെങ്കിലും മാര്‍ക്‌സും, എംഗല്‍സും, ലെനിനും അംഗീകരിച്ചിരുന്നു.
19-ാം നൂറ്റാണ്ടില്‍ മാര്‍ക്‌സും, എംഗല്‍സും മാര്‍ക്‌സിസ്റ്റ് സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിച്ചപ്പോള്‍ അവര്‍ പറഞ്ഞു- ‘ഇന്നേ വരെയുള്ള തത്വജ്ഞാനികള്‍ ലോകത്തെ പലവിധത്തില്‍ വ്യഖ്യാനിച്ചു. നമുക്കതിനെ മാറ്റിമറിക്കുകയാണ് വേണ്ടത്’. പഴയതിനെ ഒന്നും നിഷേധിച്ചുകൊണ്ടല്ല ഈ നിലപാട്. പഴയതിനെ ഉള്‍ക്കൊണ്ട് അവയെ കാലോചിതമാക്കി മുന്നോട്ട് നയിക്കുകയാണ് മാര്‍ക്‌സിസം ചെയ്തത്.
ലോകത്ത് ഏറ്റവും വലിയ മനുഷ്യക്കുരുതി നടത്തിയത് അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വമാണ്. ‘സദ്ദാം ഹുസൈന്‍’ ഭീകരനാണെന്ന് നുണ പറഞ്ഞു കൊണ്ടാണ് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ചേര്‍ന്ന് ഇറാഖിനെ തകര്‍ത്തത്. പത്ത് ലക്ഷത്തിലധികം മനുഷ്യരാണ് ഇറാഖില്‍ മരിച്ചു വീണത്. പ്രവാചകന്‍ ജനിച്ച മണ്ണായ സഊദി അറേബ്യയിലെ ഭരണകൂടവും ഈ കൂട്ടക്കൊലക്ക് കൂട്ടുനിന്നു എന്നതാണ് ചരിത്രം. ലിബിയന്‍ അട്ടിമറിയില്‍ അമേരിക്ക കൊന്നൊടുക്കിയത് പതിനായിരങ്ങളെയാണ്. ലിബിയന്‍ ഭരണാധികാരിയായിരുന്ന ഗദ്ദാഫിയെയും വകവരുത്തി അമേരിക്ക സൃഷ്ടിച്ച ജൂതരാഷ്ട്രം- ഇസ്‌റാഈല്‍-ഫലസ്തീന്‍ ജനതയോട് കാണിക്കുന്ന ക്രൂരതക്ക് സമാനമായ എന്താണ് ലോകത്തുള്ളത്. അമേരിക്കന്‍-യൂറോപ്യന്‍ മുതലാളിത്ത ശക്തികളാണ് ഇസ്രായേലിന്റെ പിന്‍ബലം.
ഇറാനിലെ ജനത അമേരിക്കന്‍ പാവയായിരുന്ന ‘ഷാ’യുടെ ഏകാധിപത്യ ഭരണത്തിനെതിരെ പോരാടിയപ്പോള്‍ മരണം വരിക്കേണ്ടി വന്നത് ആയിരങ്ങള്‍ക്കാണ്. വിയറ്റ്‌നാം, കൊറിയ, കമ്പോഡിയ എന്നീ രാജ്യങ്ങളില്‍ അമേരിക്ക നടത്തിയ മനുഷ്യക്കുരുതിക്ക് എന്താണ് ന്യായീകരണം? രണ്ടാം ലോക മഹായുദ്ധം അവസാനിച്ചു കൊണ്ടിരുന്ന ഘട്ടത്തിലാണ് ജപ്പാനിലെ ഹിരോഷിമയിലും, നാഗസാക്കിയിലും അമേരിക്ക തങ്ങളുടെ പുതിയ ബോംബ് പ്രയോഗിച്ച് ലക്ഷക്കണക്കിന് മനുഷ്യരെ കാലപുരിക്കയച്ചത്.
അഫ്ഗാനിസ്താനില്‍ അധികാരത്തില്‍ വന്ന ‘പുരോഗമന-ജനാധിപത്യ’ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തീവ്രവാദികളെ ആയുധമണിയിച്ച് ആക്രമണത്തിനയച്ച അമേരിക്കയും പാശ്ചാത്യ ശക്തികളും ലോകശക്തികളുമടങ്ങുന്ന സാമ്രാജ്യത്വ പിന്തുണയോടെയുള്ള ആക്രമണം തടയാന്‍ കഴിയാതെ വന്നപ്പോള്‍, അഫ്ഗാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് കാബൂളില്‍ ചെന്ന സോവിയറ്റ് സൈന്യം ‘കൊലയാളികള്‍’ എന്ന വിശേഷണത്തിന് വിധേയരായി. പണം കൊണ്ടും, ആധുനിക സാങ്കേതിക വിദ്യ കൊണ്ടും ശക്തമായ സാമ്രാജ്യത്വ പ്രചരണായുധങ്ങള്‍ക്ക് മുമ്പില്‍ മറ്റുള്ളവര്‍ നിസ്സഹായര്‍. കാബൂളില്‍ ഡോ. നജീബ് നേതൃത്വം നല്‍കിയ സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടതിന് ശേഷം അമേരിക്ക അധികാരത്തിലേറ്റിയ താലിബാന്‍ ഭരണത്തിന്റെ ഗതിയെന്തായി?
2001-ല്‍ ന്യൂയോര്‍ക്കിലെ ലോക വ്യാപാര കേന്ദ്രത്തിന് നേരെ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് അമേരിക്ക ‘ഭീകരതക്കെതിരെ ആഗോള യുദ്ധം’ പ്രഖ്യാപിച്ചു. അഫ്ഗാനിലെ താലിബാന്‍ ഭരണത്തെ തകര്‍ത്തു. ഇതിനിടയില്‍ മരണമടഞ്ഞ സ്ത്രീ-പുരുഷന്മാര്‍-കുഞ്ഞുങ്ങള്‍ എത്രയെന്ന് തിട്ടപ്പെടുത്തുക പോലും ചെയ്തിട്ടില്ല. പാശ്ചാത്യ ‘പരിഷ്‌കൃത’ ഭരണകൂടങ്ങള്‍ കിഴക്കന്‍ ‘അപരിഷ്‌കൃത’രെ കൊന്നൊടുക്കുന്നത് ‘സംസ്‌കാരങ്ങള്‍ തമ്മിലുള്ള യുദ്ധം’ എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്.
സോവിയറ്റ് യൂണിയനിലും, ചൈനയിലും ‘മരണപ്പെട്ടു-കൊല്ലപ്പെട്ടു’ എന്നെല്ലാം പറയപ്പെടുന്ന മനുഷ്യരുടെ കണക്കെടുപ്പുകാര്‍ സാമ്രാജ്യത്വ ശക്തികള്‍ കൊന്നൊടുക്കിയ ദശലക്ഷക്കണക്കിന് മനുഷ്യരെക്കുറിച്ച് വ്യാകുലപ്പെടാത്തത് ‘കമ്മ്യൂണിസ്റ്റ് വിരോധം’ എന്ന രോഗം ബാധിച്ചതിനാലാണ്. കിഴക്കന്‍ പാകിസ്ഥാനെ ‘ബംഗ്ലാദേശ്’ എന്ന രാഷ്ട്രമാക്കാന്‍ പോരാടിയ മുപ്പത് ലക്ഷം ബംഗാളികളെയാണ്, ഇസ്ലാമിക രാജ്യം എന്നവകാശപ്പെടുന്ന പാകിസ്ഥാന്റെ സൈന്യം നിര്‍ദയം കൊന്നൊടുക്കിയത്. ബംഗ്ലാദേശില്‍ അക്കാലത്ത് ‘ബലാല്‍സംഗത്തിന്’ വിധേയരായ സ്ത്രീകള്‍ (മുസ്ലീം സ്ത്രീകള്‍) മൂന്ന് ലക്ഷം വരുമെന്നാണ് കണക്കാക്കപ്പെട്ടത്. പതിനായിരക്കണക്കിന് വീടുകള്‍ തീവെച്ച് നശിപ്പിക്കപ്പെട്ടു. 10 ദശലക്ഷം ബംഗാളികള്‍ ഇന്ത്യയിലേക്ക് കുടിയേറി. (സമകാലീന ഇന്ത്യയില്‍ ഹിന്ദു-മുസ്ലീം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ സംഘപരിവാര്‍ ഇപ്പോഴും ഉപയോഗിക്കുന്നത് ഈ ബംഗാള്‍ വംശജരെക്കുറിച്ചുള്ള നുണ പ്രചരണങ്ങളാണ്.)
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹമായിരുന്നു ഇത്. ഈ സംഭവങ്ങള്‍ക്ക് നേരിട്ടുത്തരവാദി ഇസ്ലാമിന്റെ പേരില്‍ പിറന്ന പാകിസ്ഥാന്‍ എന്ന രാഷ്ട്രം! മാര്‍ക്‌സിസത്തെ ആക്ഷേപിക്കാന്‍ ലോകത്തെമ്പാടും സഞ്ചരിച്ച ‘ലേഖകന്മാര്‍’ തൊട്ടടുത്ത സംഭവം കാണാതിരുന്നതോ, കണ്ടില്ലെന്ന് നടിക്കുന്നതോ?
1971 ല്‍ ‘ഓപ്പറേഷന്‍ സെര്‍ച്ച് ലൈറ്റ്’ എന്നായിരുന്നു പാകിസ്ഥാന്‍ പട്ടാള ഓപ്പറേഷന്റെ പേര്. 1971 മാര്‍ച്ച് 21 ന് ആരംഭിച്ച് 9 മാസങ്ങള്‍ നീണ്ട് നിന്ന അതിക്രമം ഐക്യരാഷ്ട്രസഭ ‘വംശഹത്യ’യായി അംഗീകരിച്ചില്ല. കാരണം അമേരിക്കന്‍ പിന്തുണയോടെയാണ് പാകിസ്ഥാന്‍ കൂട്ടക്കൊല ചെയ്തത്. അമേരിക്കക്ക് ഇഷ്ടമില്ലാത്തതൊന്നും ഐക്യരാഷ്ട്രസഭ ചെയ്യില്ല. അതേ യു എന്‍. ‘അര്‍മീനിയ’യിലെ അക്രമസംഭവങ്ങളില്‍ മരണപ്പെട്ടത് ‘വംശഹത്യ’യായി അംഗീകരിച്ചു. എന്നാല്‍ സാമ്രാജ്യത്വ പിന്തുണയോടെ നടന്ന ‘ബോസ്‌നിയ, കമ്പോഡിയ, റുവാണ്ട’ എന്നീ രാജ്യങ്ങളിലെ മനുഷ്യക്കുരുതികളെ ‘വംശഹത്യ’ എന്ന് അംഗീകരിച്ചില്ല. കിഴക്കന്‍ പാകിസ്ഥാനിലെ (ബംഗ്ലാദേശ്) മുസ്ലിംകള്‍, യഥാര്‍ഥ മുസ്ലിംകളല്ലെന്നാണ് പാകിസ്ഥാന്‍ പറഞ്ഞത്.
ഏഷ്യന്‍-ആഫ്രിക്കന്‍-തെക്കേ അമേരിക്കന്‍ വന്‍കരകളിലെ വനങ്ങള്‍ വെട്ടി നശിപ്പിച്ചതും, ധാതു വിഭവങ്ങള്‍ കവര്‍ന്നെടുത്തതും സാമ്രാജ്യത്വ ശക്തികളാണ്. ലോക ജനത ഇന്ന് നേരിടുന്ന കാലാവസ്ഥ വ്യതിയാനത്തിന് കാരണക്കാര്‍ ലാഭക്കൊതി മൂത്ത മുതലാളിത്തമാണ്. മനുഷ്യ രാശിയുടെ യഥാര്‍ഥ ശത്രുക്കള്‍ മുതലാളിത്തമാണ്. ലോകം മുഴുവന്‍ കൊറോണ മഹാമാരി നാശം വിതക്കുമ്പോള്‍ ‘വാക്‌സിന്‍’ ഉല്‍പാദിപ്പിച്ച് വിതരണം നടത്തി കോടാനുകോടി ഡോളര്‍ വാരിക്കൂട്ടുന്ന ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ പ്രതിനിധാനം ചെയ്യുന്ന മുതലാളിത്ത വ്യവസ്ഥയെ വിചാരണ ചെയ്യാന്‍ കഴിയാത്തവര്‍ മനുഷ്യവിരുദ്ധരാണ്.
ഇന്നത്തെ ഇന്ത്യന്‍ പ്രശ്‌നം ‘ജനാധിപത്യ-മതനിരപേക്ഷ’ രാഷ്ട്രമായ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള സംഘപരിവാര്‍ പദ്ധതിയാണ്. 1925 ലാണ് ആര്‍ എസ് എസ് രൂപം കൊണ്ടത്. 2025 ആര്‍ എസ് എസിന്റെ ശതാബ്ദിയാണ്. അന്നേക്ക് ‘ഹിന്ദു രാഷ്ട്രം’ യാഥാര്‍ഥ്യമാക്കലാണ് അവരുടെ ലക്ഷ്യം. പൗരത്വനിയമ ഭേദഗതി, കാശ്മീരിനുള്ള പ്രത്യേകപദവി എടുത്തുകളയല്‍, പുതിയ വിദ്യാഭ്യാസ നയം, ചരിത്രം മാറ്റിയെഴുതല്‍, മുസ്ലീം പേരുകള്‍ മായ്ച്ചുകളയല്‍ തുടങ്ങിയവ സംഘപരിവാര്‍ ലക്ഷ്യം പൂര്‍ത്തീകരിക്കാനുള്ള നടപടികളാണ്. മാര്‍ക്‌സിസത്തെയും, സോവിയറ്റ് കാലത്തെയും എതിര്‍ക്കാന്‍ വിയര്‍പ്പൊഴുക്കുന്നവര്‍ ‘ക്രിസ്റ്റോഫ് ജെഫര്‍ ലോട്ട്’ എന്ന എഴുത്തുകാരന്‍ രചിച്ച ‘മോഡീസ് ഇന്ത്യ’ എന്ന പുസ്തകം വായിച്ചു നോക്കൂ. ഇന്ത്യന്‍ ഭരണഘടനക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ ജനങ്ങളില്‍ ഭൂരിപക്ഷത്തെ വര്‍ഗീയവല്‍ക്കരിച്ച് ഭൂരിപക്ഷം നേടി ഭരണം കരസ്ഥമാക്കി തങ്ങളുടെ ലക്ഷ്യം നേടാന്‍ സംഘപരിവാര്‍ നടത്തുന്ന ശ്രമങ്ങളെ കൃത്യമായി വിവരിച്ചിട്ടുണ്ട്. ഈ ഭീഷണമായ സാഹചര്യത്തിലും മാര്‍ക്‌സിസത്തിന്റെ സൈദ്ധാന്തിക വശങ്ങളും, ‘പദാര്‍ഥ’ത്തെ സംബന്ധിച്ചും വിശകലനം ചെയ്യുന്നവര്‍ ഇരിക്കുന്ന കൊമ്പാണ് മുറിച്ചു കൊണ്ടിരിക്കുന്നതെന്ന് മനസ്സിലാക്കുന്നില്ല.
സമകാലീന ഇന്ത്യയില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നിഗൂഢ പദ്ധതികളെയും, ആക്രമങ്ങളെയും വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുന്നത് ഇടതുപക്ഷം മാത്രമാണ്. സംഘപരിവാറിന്റെ ‘ഹിന്ദുത്വ’ പദ്ധതികളെയും, ന്യൂനപക്ഷ വേട്ടയെയും ഉറച്ച് നിന്നെതിര്‍ക്കുന്നതും ഇടതുപക്ഷമാണ്. പൗരത്വനിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരളത്തില്‍ നടന്ന ബഹുജനപ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാരായിരുന്നു. പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കാനുള്ള കേന്ദ്രനടപടി കേരളത്തില്‍ നടപ്പാക്കില്ലെന്ന ഉറച്ച പ്രഖ്യാപനമുണ്ടായതും എല്‍ ഡി എഫ് മുഖ്യമന്ത്രിയില്‍ നിന്നാണ്.
ഇത്തരം ഗൗരവമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട ധൈഷണിക പ്രസിദ്ധീകരണങ്ങള്‍ ‘ലൈറ്റ് ഓഫ് മിഹ്‌റാബി’ന്റെ താത്വിക അടിത്തറയെക്കുറിച്ചും, വഖഫ് ബോര്‍ഡിലെ ജീവനക്കാരുടെ നിയമനം പി എസ് സിക്ക് വിടാന്‍ നിയമസഭ പാസ്സാക്കിയ നിയമം എല്ലാ വിഭാഗം ആളുകളുടെയും അഭിപ്രായം മാനിച്ചുകൊണ്ട് മാത്രമേ നടപ്പാക്കൂ എന്ന് സംസ്ഥാന മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന്, ആശങ്കകള്‍ ഉന്നയിച്ചവര്‍ക്ക് ബോധ്യമായിട്ടും അതിന്മേലും കസര്‍ത്തു കാണിക്കുകയും ചെയ്യുന്നതിന്റെ ലക്ഷ്യമെന്താണ്?
കേരളത്തിലെ മുസ്ലിംകളില്‍ ഒരുകാലത്ത് മൂല്യാധിഷ്ഠിത പ്രബോധനം നടത്തിയ മുജാഹിദ് പ്രസ്ഥാനത്തിന് പില്‍ക്കാലത്ത് രൂപ-ഭാവ ഭേദങ്ങളുണ്ടായി. ആ സാഹചര്യത്തിന്റെ അനിവാര്യ സൃഷ്ടിയാണ് കെ എന്‍ എം മര്‍കസുദ്ദഅ്‌വ. ആ പ്രസ്ഥാനത്തിന്റെ പ്രസിദ്ധീകരണം, കേരളത്തിലെ മുസ്ലിംകളുടെ പേരില്‍ രാഷ്ട്രീയ വ്യാപാരം നടത്തുന്നവര്‍ക്ക് ഓശാന പാടുന്നവരുടെ താവളമാവുന്നത് ഖേദകരമാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x