16 Tuesday
April 2024
2024 April 16
1445 Chawwâl 7

അല്ലാഹു കൈവിട്ടാല്‍ ആരുണ്ട് സഹായിക്കാന്‍?

ഡോ. ജമാലുദ്ദീന്‍ ഫാറൂഖി


അല്ലാഹു നിങ്ങളെ സഹായിക്കുന്ന പക്ഷം നിങ്ങളെ പരാജയപ്പെടുത്താന്‍ ആരുമില്ല. അവന്‍ നിങ്ങളെ കൈവെടിയുകയാണെങ്കില്‍ പിന്നീട് നിങ്ങളെ സഹായിക്കുവാന്‍ ആരാണുള്ളത്? അതിനാല്‍ വിശ്വാസികള്‍ അല്ലാഹുവില്‍ തവക്കുല്‍ ചെയ്യട്ടെ. (ആലു ഇംറാന്‍ 160)

മുസ്‌ലിമിന് അല്ലാഹുവുമായുള്ള ഹൃദയബന്ധം എത്ര ശക്തമായിരിക്കണം എന്നതാണ് മേല്‍ വചനം പഠിപ്പിക്കുന്നത്. അല്ലാഹു എപ്പോഴും തന്നോടൊപ്പമുണ്ടെന്ന ബോധ്യമാണ് ഈമാനിന്റെ കാതലെന്ന് നബി(സ) പറയുന്നു. ഭൗതികാര്‍ജിത നേട്ടങ്ങള്‍ കൊണ്ട് മാത്രം മനുഷ്യന്റെ ജീവിതത്തിന് പൂര്‍ണത കൈവരുന്നില്ല. സ്വന്തം ആസൂത്രണങ്ങളെക്കാള്‍ അല്ലാഹുവിന്റെ തൗഫീഖും പിന്തുണയുമാണ് എല്ലാ വിജയങ്ങളുടേയും നിദാനം. ജീവിത നേട്ടങ്ങള്‍ക്ക് പിന്നിലുള്ള ഈ ദൈവിക രീതി ശാസ്ത്രം ഒരിക്കലും വിസ്മരിക്കരുത്. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു പോയാലും താളപ്പിഴ സംഭവിച്ചാലും അല്ലാഹുവിന്റെ സഹായം ലഭിക്കുമെന്ന ആത്മധൈര്യം നിലനിര്‍ത്താന്‍ തവക്കുല്‍ അനിവാര്യമാണ്.
ദീര്‍ഘമായി ഗൃഹപാഠം നടത്തി രൂപപ്പെടുത്തുന്ന പല പദ്ധതികളും പാതി വഴിയില്‍ പരാജയപ്പെട്ട അനുഭവങ്ങള്‍ നമുക്ക് ധാരാളമുണ്ട്. നമ്മുടെ ആസൂത്രണങ്ങള്‍ക്കപ്പുറത്ത് ഒരു ശക്തി നമ്മെ നിയന്ത്രിക്കുന്നുണ്ട് എന്ന് ബോധ്യപ്പെടുത്തുകയാണ് ഇത്തരം പരാജയങ്ങള്‍. എല്ലാ സന്ദര്‍ഭങ്ങളിലും അല്ലാഹു തന്നെ സഹായിക്കും എന്ന ആശ്വാസം വെറുതെ ലഭിക്കുന്നതല്ല. മനസ്സിലെ ഉദ്ദേശ്യ ശുദ്ധിയും ബോധപൂര്‍വമായ സല്‍പ്രവര്‍ത്തനങ്ങളും അതിന് ആവശ്യമാണ്. ഈ ചിന്തയുടെ നിറവിലായിരിക്കണം സ്വകാര്യതകളും പൊതുരംഗത്തെ ജീവിതവും. അല്ലാഹുവിനെ കൂട്ട് പിടിച്ചാല്‍ മാത്രമെ വളരെ ചെറിയ കാര്യം പോലും നേടാന്‍ കഴിയൂ എന്ന മാനസികാവസ്ഥയില്‍ സ്വയം ശാക്തീകരണം നടത്താനുള്ള ആഹ്വാനമാണ് ഈ ഖുര്‍ആന്‍ വചനം.
‘അല്ലാഹുവില്‍ ആരെങ്കിലും ഭരമേല്‍പ്പിച്ചാല്‍ അവന് അല്ലാഹു മതി’ (65:03) എന്ന ആയത്തും വിഷയത്തിന് കൂടുതല്‍ വ്യക്തത നല്‍കുന്നു. നാം ഉദ്ദേശിക്കുന്ന ഏത് പ്രവര്‍ത്തനവും മനസാന്നിധ്യത്തോടെ ചെയ്യാനുള്ള ഇഛാ ശക്തി പ്രദാനം ചെയ്യുന്നത് തവക്കുലാണ്. അല്ലാഹുവിന്റെ വിധി നിശ്ചയം തനിക്ക് അനുകൂലമാക്കുവാനും പ്രതിസന്ധികളെ തട്ടിമാറ്റാനുമുള്ള പ്രാര്‍ഥനയും തവക്കുലിന്റെ ഭാഗമാണ്.
പരാജയങ്ങളും നഷ്ടങ്ങളും എത്ര തീവ്രമാണെങ്കിലും അതിനപ്പുറത്ത് എളുപ്പവും വിജയവും അല്ലാഹു ഒരുക്കി വെച്ചിരിക്കുന്നു എന്ന ഉള്‍വിളിയുണ്ടാക്കുന്നത് തവക്കുലാണ്. ഈമാനും ഇസ്ലാമും നമ്മില്‍ പൂര്‍ണത പ്രാപിക്കുന്നതും തവക്കുലിന്റെ സാന്നിധ്യത്തിലാണ്. പ്രബോധന രംഗത്ത് കടുത്ത പരീക്ഷണങ്ങളുണ്ടായ സന്ദര്‍ഭങ്ങളില്‍ പ്രവാചകന്‍മാര്‍ ധൈര്യം സംഭരിച്ചത് തവക്കുല്‍ കൊണ്ടായിരുന്നുവെന്ന് ഖുര്‍ആന്‍ പറയുന്നു.
ഒന്നും ചെയ്യാതെ അലസമായിരുന്നാല്‍ എല്ലാം അല്ലാഹു തരുമെന്ന മൂഢ ധാരണയല്ല തവക്കുല്‍. ഇതിന് നബി വിശദീകരണം നല്‍കുന്നു. ‘നിങ്ങള്‍ അല്ലാഹുവില്‍ യഥാവിധി തവക്കുല്‍ ചെയ്താല്‍, പക്ഷികള്‍ക്ക് അന്നം നല്‍കുന്നത് പോലെ നിങ്ങള്‍ക്കും നല്‍കുന്നതാണ്. ഒട്ടിയ വയറുമായി അവ വെളുപ്പിന് കൂട്ടില്‍ നിന്നിറങ്ങുന്നു, നിറ വയറുമായി വൈകുന്നേരം കൂടണയുന്നു’.
തവക്കുല്‍ ഉണ്ടാക്കുന്ന പ്രവര്‍ത്തന ക്ഷമതയാണ് നബി വിവരിക്കുന്നത്. ഏതാനും ധാന്യ മണികള്‍ കൊണ്ട് വിശപ്പടക്കാം പക്ഷികള്‍ക്ക്, എന്നിട്ടും വെളുപ്പിന് തന്നെ കൂട് വിട്ടിറങ്ങുക എന്നതാണ് അല്ലാഹു നല്‍കിയ സഹജ ബോധം. അഞ്ചാറ് ധാന്യ മണികള്‍ക്കും രണ്ട് മുറുക്ക് വെള്ളത്തിനും പകലന്തിയോളം പണിയെടുക്കണമെന്ന സന്ദേശമാണ് തവക്കുലിന്റെ ബാലപാഠമായി നബി(സ) നമ്മെ ബോധ്യപ്പെടുത്തുന്നത്. ഇങ്ങോട്ട് ലഭിച്ചാലും ഇല്ലെങ്കിലും ബാധ്യത നിര്‍വഹിക്കുന്നതില്‍ അലസത പാടില്ല എന്നതും തവക്കുലിന്റെ ഭാഗമാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x