29 Wednesday
November 2023
2023 November 29
1445 Joumada I 16

വ്യാജ ദേശീയതയും സങ്കലിത ദേശീയതയും

അഡ്വ. മുഹമ്മദ് ദാനിഷ് കെ എസ്


നമ്മുടെ രാജ്യത്തെക്കുറിച്ച് എഴുതപ്പെട്ട പുസ്തകങ്ങളില്‍ വിശേഷണം കൊണ്ട് ശ്രദ്ധേയമായ പുസ്തകമാണ് എ എല്‍ ബാഷാമിന്റെ ‘വണ്ടര്‍ ദാറ്റ് വാസ് ഇന്ത്യ.’ ഒരു ദേശം എന്ന അര്‍ഥത്തില്‍ രാജ്യം പിന്നിട്ട ഗതകാലവും ഒരു ആധുനിക ദേശരാഷ്ട്രമെന്ന രൂപപ്പെടലിലേക്ക് പരിവര്‍ത്തിക്കപ്പെടുന്ന കഴിഞ്ഞ നൂറ്റാണ്ടും പരിശോധിച്ചാല്‍ ‘ഇന്ത്യയെന്ന അത്ഭുതം’ അന്വര്‍ഥമെന്ന് ആരും അടിവരയിടും. സുദീര്‍ഘമായ അധിനിവേശ കാലഘട്ടം പിന്നിട്ട് സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേക്ക് രാജ്യം നടന്നടുത്തത് ലോകത്തിനു മാതൃകയായ ഉല്‍കൃഷ്ടവും ത്യാഗോജ്വലവുമായ സമരപോരാട്ടങ്ങളുടെ പരിണതിയായിട്ടാണ്. ‘ഈ അര്‍ധരാത്രിയില്‍, ലോകം മുഴുവന്‍ ഉറങ്ങുന്ന സമയത്ത് ഇന്ത്യ പുതുജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്’ എന്ന് രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയും ആധുനിക ഭാരതത്തിന്റെ ശില്‍പിയുമായ പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്‌റു വിഖ്യാതമായ ‘നിയതിയുമായി സമാഗമം’ എന്ന പ്രസംഗത്തില്‍ പറയുകയുണ്ടായി. പണ്ഡിറ്റ് നെഹ്‌റു അത്രയും പറയുമ്പോള്‍ അതിനു മുമ്പത്തെ ഏതാനും പതിറ്റാണ്ടുകളില്‍, എന്തായിരിക്കണം എങ്ങനെയായിരിക്കണം സ്വതന്ത്ര ഇന്ത്യ എന്ന് നമ്മുടെ ദേശീയ പ്രസ്ഥാനം അടിത്തറയിട്ടിരുന്നു എന്നു വേണം മനസ്സിലാക്കാന്‍.
മഹാത്മാ ഗാന്ധി 1914ല്‍ സൗത്ത് ആഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയ ശേഷമാണ് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം ചിറകുകള്‍ വിരിച്ച് പൂര്‍ണ വളര്‍ച്ച പ്രാപിക്കാന്‍ ശ്രമിക്കുന്നത്. ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ക്ക് അതുവരെ നിലവിലുണ്ടായിരുന്ന ധാരണയും ഉള്ളടക്കവും പിന്നീട് വരുന്ന പതിറ്റാണ്ടുകളില്‍ തന്റെ നേതൃശേഷിയില്‍ ഗാന്ധിജി ഇളക്കി പ്രതിഷ്ഠിക്കുന്നുണ്ട്. 1917ലെ ചമ്പാരന്‍ കര്‍ഷക സമരം ഇതില്‍ ആദ്യത്തേതാണെന്നു പറയാം. അതുവരെ ദേശീയ സമരങ്ങള്‍ക്ക് പരിചിതമല്ലാതിരുന്ന ‘കര്‍ഷകന്‍’ എന്നൊരു പരികല്‍പനയെ മൂര്‍ത്തരൂപത്തില്‍ ഗാന്ധിജി അവതരിപ്പിക്കുകയും അതുവഴി ദേശീയ സമരത്തെ ജനകീയവത്കരിക്കുന്നതില്‍ ഈ നീക്കം ചരിത്രപരമായ വിജയം നേടുകയും ചെയ്യുന്നത് പിന്നീട് കാണാം.
1920-ലെ നിസ്സഹകരണ സമരം 1930-ലെ നിയമലംഘന പ്രസ്ഥാനം 1942-ലെ ക്വിറ്റ് ഇന്ത്യാ സമരം എന്നതെല്ലാം നമ്മുടെ ദേശീയ പ്രസ്ഥാനത്തിന്റെ നാഴികക്കല്ലുകളും ഗാന്ധിയന്‍ സാരഥ്യത്തിന്റെ ദൃഷ്ടാന്തങ്ങളുമാണ്. ആ പ്രയാണത്തിന്റെ പരിണതിയായി 1947 ആഗസ്ത് 15ന്, ലോകം അതുവരെ കണ്ടിട്ടില്ലാത്ത ഒരു പുതിയ ഇന്ത്യയെ ബ്രിട്ടീഷ് വിരുദ്ധ ദേശീയ പ്രസ്ഥാനത്തിന്റെ ഉല്‍പന്നമായി കെട്ടിപ്പടുക്കുകയാണ് നമ്മള്‍ ചെയ്തത്. സാംസ്‌കാരിക ദേശീയതാവാദം ഉയര്‍ത്തി ബ്രിട്ടീഷ് കാലഘട്ടത്തില്‍ തന്നെ ഭൂരിപക്ഷ മേല്‍ക്കോയ്മാ വാദക്കാര്‍ അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും സങ്കലിത ദേശീയത എന്ന മറുമരുന്ന് പ്രയോഗിച്ച് എല്ലാവര്‍ക്കും ഇടമുള്ള ഒരു ഇന്ത്യ നിര്‍മിക്കുകയാണ് രാഷ്ട്രശില്‍പികള്‍ ചെയ്തത്. രാജ്യത്തിന്റെ മുന്നോട്ടുള്ള ഗമനത്തെ നിര്‍ണയിക്കുന്ന ഭരണഘടന രൂപം കൊള്ളുന്നത് ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാര്‍ക്ക് അധികാര കൈമാറ്റം നടത്തുന്ന കാലഘട്ടത്തിനിടയിലാണ്. വര്‍ഷങ്ങള്‍ നീണ്ട സുദീര്‍ഘ ചര്‍ച്ചകള്‍ക്കും അപഗ്രഥനങ്ങള്‍ക്കും ശേഷം 1950 ഫെബ്രുവരി 26ന് രാജ്യത്തിന്റെ ഭരണഘടന നിലവില്‍ വരുമ്പോള്‍, ഉള്ളടക്കമായി ദേശീയ പ്രസ്ഥാനം മുന്നോട്ടുവെച്ച സങ്കലിത ദേശീയത എന്ന അതിപ്രധാനമായ മര്‍മം പ്രത്യക്ഷവും പരോക്ഷവുമായി ഉറപ്പുവരുത്തുന്നതില്‍ അന്നത്തെ നേതൃത്വം കണിശക്കാരായിരുന്നു.
1930കളില്‍ ഗാന്ധിയന്‍ നേതൃകാലഘട്ടത്തില്‍ രൂപം കൊണ്ട ഇന്ത്യന്‍ ദേശീയതയാണ് രാജ്യത്തിന്റെ ഈ സമ്പാദ്യങ്ങളുടെയെല്ലാം കാതല്‍. ലോകത്ത് പല രാജ്യത്തും കണ്ട പുറംതള്ളല്‍ ദേശീയത ഇന്ത്യക്ക് പരിചയമില്ലെന്നു മാത്രമല്ല, ഉള്‍ക്കൊള്ളല്‍ ദേശീയതയുടെ പ്രയോഗരൂപം ഇന്ത്യയില്‍ ഒരു യാഥാര്‍ഥ്യമാണ്. 1893 സെപ്തംബര്‍ 11നു ഷിക്കാഗോയില്‍ നടന്ന ലോക മതസമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്‍ പറഞ്ഞ ‘എല്ലാ വേട്ടയാടപ്പെട്ട മതങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കും അഭയം കൊടുത്ത’ ഞാന്‍ അഭിമാനിക്കുന്ന എന്റെ രാജ്യം എന്നത് ആധുനിക ദേശരാഷ്ട്ര ഭാവത്തില്‍ സ്വാതന്ത്ര്യത്തോടെ യാഥാര്‍ഥ്യമായി.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി 2022 മെയ് 13 മുതല്‍ 15 വരെ രാജസ്ഥാനിലെ ഉദയ്പൂരില്‍ സംഘടിപ്പിച്ച ‘ചിന്തന്‍ ശിബിര്‍’ വാര്‍ത്തകളില്‍ ഇടം പിടിച്ച, മതേതര ഇന്ത്യ ശ്രദ്ധിച്ച സമ്മേളനമാണ്. ചിന്തന്‍ ശിബിറില്‍ എ ഐ സി സി പ്രസ്താവിച്ച പ്രധാനപ്പെട്ട വാചകം ‘This is a fight between Indian nationalists vs pseudo nationalists എന്നതാണ്. ഈ പോരാട്ടം ഇന്ത്യന്‍ ദേശീയതയും വ്യാജ ദേശീയതയും തമ്മിലുള്ളതാണെന്ന് പരിഭാഷ. നമ്മുടെ കാലത്ത് രാജ്യം എത്തിനില്‍ക്കുന്ന സവിശേഷമായ സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു ഈടുവെപ്പായി പരിഗണിക്കേണ്ട പ്രസ്താവനയാണിത്. രാഷ്ട്രശില്‍പികള്‍ രൂപം കൊടുത്ത മതേതര ജനാധിപത്യ മൂല്യങ്ങള്‍ക്കോ അടിത്തറകള്‍ക്കോ വില കല്‍പിക്കാതെ ലോകത്തിനു മുമ്പില്‍ രാജ്യത്തിന്റെ പ്രതിച്ഛായ എന്തെന്നു പരിഗണിക്കാതെ രാജ്യത്തെ വിവിധ ജനവിഭാഗങ്ങളെ അധികാരത്തിനായി ധ്രുവീകരിക്കുന്ന ഒരു ഭരണകൂടം കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി രാജ്യം ഭരിക്കുകയാണ്.
2014ല്‍ അധികാരം ലഭിച്ചതിനു തുടര്‍ച്ചയായി 2019ലും സംഘ്പരിവാര്‍ നിയന്ത്രിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിക്ക് അധികാരം ലഭിച്ചപ്പോള്‍ ആര്‍ എസ് എസിന്റെ തലവന്‍ മോഹന്‍ ഭാഗവത് പ്രഖ്യാപിച്ചത് ‘ഇത് സംഘ് ആശയങ്ങളുടെ വിജയകാലം’ എന്നാണ്. നമ്മുടെ മാധ്യമങ്ങളോ പൊതുസമൂഹമോ വേണ്ടത്ര ചര്‍ച്ച ചെയ്യാതെപോയ, മതനിരപേക്ഷ ജനാധിപത്യ ഇന്ത്യക്ക് ഏല്‍ക്കാവുന്ന ഏറ്റവും കടുത്ത ഭീഷണിയാണ് ആര്‍ എസ് എസ് തലവന്റെ വാചകം. ആ പ്രഖ്യാപനത്തിന് അടിവരയിടുന്ന പ്രവര്‍ത്തനങ്ങള്‍ പിന്നീട് രാജ്യം അക്ഷരാര്‍ഥത്തില്‍ ദര്‍ശിച്ചു. ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഭരണഘടനാ വാഗ്ദാനങ്ങള്‍ക്ക് വിരുദ്ധമായ, അതുവഴി രാജ്യതാല്‍പര്യത്തിനു വിരുദ്ധമായ നിരവധി നിയമനിര്‍മാണങ്ങളും നിയമഭേദഗതികളും കഴിഞ്ഞ വര്‍ഷങ്ങളില്‍ നമ്മള്‍ കണ്ടു. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ 1925ല്‍ രൂപീകരിച്ച ആര്‍ എസ് എസ്, രൂപീകരിച്ച് ഒരു നൂറ്റാണ്ട് തികയുമ്പോള്‍ സ്വതന്ത്ര ഇന്ത്യയുടെ ജനാധിപത്യ സാധ്യതകള്‍ തന്നെ ഉപയോഗിച്ച് പൗരത്വ ഭേദഗതി നിയമം പാസാക്കി. സംഘ്പരിവാറിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളുടെ സാക്ഷാത്കാരം എന്നതിന്റെ നാഴികക്കല്ലാണ് പൗരത്വ ഭേദഗതി നിയമം.
ഈ രാജ്യം ബ്രിട്ടീഷ് വിരുദ്ധമായ സമരങ്ങളുടെ തീജ്ജ്വാലയില്‍ രൂപീകരിച്ച ഏകത്വവും ഐക്യവും അതുവഴി വരുന്ന ദേശീയതാ സങ്കല്‍പവും, മുസ്‌ലിം വിഭാഗത്തെ മാത്രം ഒഴിവാക്കിക്കൊണ്ടുള്ള പൗരത്വ ഭേദഗതി നിയമത്തില്‍ ദയനീയമായി വിസ്മരിക്കപ്പെട്ടു. 1930-ല്‍ നിയമലംഘനം പ്രഖ്യാപിച്ചുകൊണ്ട് ഗാന്ധിജി ദണ്ഡിയില്‍ ഉപ്പു കുറുക്കാന്‍ പുറപ്പെടുമ്പോള്‍ അതിനോട് ഐക്യപ്പെട്ടുകൊണ്ട് കേരളത്തില്‍ കോഴിക്കോട് കടപ്പുറത്ത് മെയ് 12ന് ഒരു സംഘം ഉപ്പു കുറുക്കാന്‍ പുറപ്പെടുന്നുണ്ട്. കേരളത്തിന്റെ വീരപുത്രന്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് നേതൃത്വം കൊടുത്ത ആ ഐതിഹാസിക സമരം എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്നതായിരുന്നു. അധിനിവേശ ശക്തിക്കെതിരില്‍ ‘ഉപ്പ്’ എന്ന സാധാരണക്കാരന്റെ നിത്യോപയോഗ വസ്തു മുന്‍നിര്‍ത്തി നടത്തിയ സാമ്രാജ്യത്വവിരുദ്ധ സമരം ബ്രിട്ടീഷ് പോലീസ് കിരാതമായ മര്‍ദനമുറകളോടെ കോഴിക്കോട് കടപ്പുറത്തു വെച്ച് അടിച്ചമര്‍ത്തി.

അറസ്റ്റിനു പിന്നാലെ ‘അല്‍അമീന്‍’ പത്രത്തില്‍ ജയിലില്‍ നിന്ന് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് എഴുതിയ സ്‌തോഭജനകമായ ലേഖനത്തിന്റെ തലക്കെട്ട് ‘ജിഹാദുല്‍ അക്ബര്‍’ എന്നായിരുന്നു. സ്വാതന്ത്ര്യസമര വീഥിയില്‍ അണിനിരക്കേണ്ടത് മുസല്‍മാന്റെ ബാധ്യതയാണെന്നും മഹാത്മാഗാന്ധിയുടെ കൈകള്‍ക്ക് ശക്തി പകരേണ്ടത് ചരിത്രദൗത്യമെന്നും വീരോചിതമായി പ്രഖ്യാപിക്കുന്ന ലേഖനം, എഴുതപ്പെടുന്ന കാലഘട്ടത്തിലെ സംഘ്പരിവാറിന്റെ സൈദ്ധാന്തികരുടെ രാഷ്ട്രസംബന്ധിയായ നിലപാടുകളും രചനകളും വെച്ച് ഉരച്ചുനോക്കേണ്ടതാണ്. ജനിച്ച മണ്ണിന്റെ സ്വാതന്ത്ര്യത്തിനായുള്ള സമരത്തിന്റെ തീക്ഷ്ണമായ പോരാട്ടവീഥിയില്‍ സര്‍വം സമര്‍പ്പിച്ച് ഉരുകിത്തീര്‍ന്ന അബ്ദുറഹ്മാന്‍ സാഹിബിനെപ്പോലുള്ളവരുടെ പിന്‍തലമുറയെ പൗരത്വം കൊടുക്കുന്നതില്‍ നിന്ന് ഇന്ത്യാ രാജ്യം മാറ്റിനിര്‍ത്തുന്നത് ചരിത്രനിഷേധവും അധികാരഗര്‍വുമാണ്.
ഇന്ത്യയുടെ ഭരണഘടനയുടെ ആമുഖം ‘We the people of India’ എന്നു പറഞ്ഞുകൊണ്ടാണ് തുടങ്ങുന്നത്. ‘നമ്മള്‍ ഇന്ത്യയിലെ ജനങ്ങള്‍’ അല്ലെങ്കില്‍ ‘നാം ഇന്ത്യക്കാര്‍’ എന്ന് അര്‍ഥം വെക്കാം. സ്വാതന്ത്ര്യത്തിന്റെ ഉല്‍പന്നമെന്നോണം നമ്മള്‍ എന്നെന്നും പരിപാലിക്കേണ്ട സങ്കല്‍പമാണ്, മറ്റൊരര്‍ഥത്തില്‍ ഭരണഘടനയുടെ തന്നെ ആത്മാവാണ് ആ തുടക്കം. എത്രതന്നെ ഭേദഗതികള്‍ക്കു വിധേയമായാലും ഭരണഘടനയുടെ അടിസ്ഥാന ഘടന ഭേദഗതികള്‍ക്ക് വഴങ്ങില്ല എന്നത് സുവിദിതമാണ്.
ഗാന്ധിയന്‍ പ്രത്യയശാസ്ത്രത്തിലെ ‘സര്‍വധര്‍മ സമഭാവന’ എന്ന ആശയത്തിന്റെ വികസിച്ച രൂപമാണ് നമ്മുടെ ഭരണഘടനയുടെ അനുച്ഛേദം 25ല്‍ വിശ്വാസസ്വാതന്ത്ര്യമായി മൗലികാവകാശമായി പൗരന്മാര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. ലോകത്ത് ജനാധിപത്യം തളിരിട്ട രാജ്യങ്ങള്‍ പ്രയോഗിച്ചതില്‍ നിന്നു വിഭിന്നമായി മതേതരത്വം എന്നത് മതസഹിതമായി ഉള്‍ക്കൊണ്ടതാണ് നമ്മുടെ പാരമ്പര്യം. പുതിയ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ വൈകാരികമായ സമീപനങ്ങള്‍ക്കപ്പുറം വിഷയത്തിലെ ‘കോണ്‍സ്റ്റിറ്റിയൂഷണല്‍ റെമഡി’ അറിവുള്ളവര്‍ തെരയുന്നത് ഈ വ്യവസ്ഥ നമ്മള്‍ കൂടി ചേര്‍ന്ന് രൂപം കൊടുത്തതാണെന്ന ധാരണകൊണ്ടുകൂടിയാണ്. ദേശീയതയെ മുന്‍നിര്‍ത്തിയുള്ള വ്യാജ അവകാശവാദങ്ങളെ തിരിച്ചറിഞ്ഞ് അതിനെ ചെറുക്കുന്നതിനോടൊപ്പം 1947 ആഗസ്ത് 15നു പൂര്‍വികര്‍ രൂപം കൊടുത്ത, എല്ലാവര്‍ക്കും ഇടമുള്ള ഒരു ദേശവും ദേശീയതയും പരിപാലിക്കുക എന്നതാവണം നമ്മുടെ കടമ.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x