വിശ്വാസവും അന്ധവിശ്വാസവും
വിശ്വാസവും അന്ധവിശ്വാസവും ചര്‍ച്ചയാകുന്ന ചില സംഭവങ്ങള്‍ സമീപകാലത്ത് കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. നരബലിയും, ജ്യോതിഷവിധി പ്രകാരം ആദ്യ ഭര്‍ത്താവ് മരിക്കുമെന്ന പ്രവചനം വഴിയുണ്ടായ കൊലപാതകവുമെല്ലാം ചൂണ്ടിക്കാണിക്കുന്നത് അന്ധവിശ്വാസത്തിലേക്കാണ്. ഈ സാഹചര്യത്തില്‍ എല്ലാ വിശ്വാസവും അന്ധവിശ്വാസമാണെന്നു സ്ഥാപിക്കാനുള്ള ചില ശ്രമങ്ങളും നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള വ്യത്യാസവും അതിര്‍വരമ്പുകളും നാം കൃത്യമായി മനസ്സിലാക്കണം.
വിശ്വാസം എന്നതിന് നാം ഈമാന്‍ എന്നാണ് അറബിയില്‍ പറയാറുള്ളത്. ഈമാനിന്റെ വ്യാഖ്യാനം അനുസരിച്ച് അതിന്റെ ഭാഷാപരമായ ഉദ്ദേശ്യം സത്യപ്പെടുത്തലും അംഗീകാരം നല്‍കലുമാണ്. സൂറഃ യൂസുഫിലെ 17-ാം വചനത്തില്‍ യൂസുഫിനെ സഹോദരന്മാര്‍ അപായപ്പെടുത്തിയതിനു ശേഷം പിതാവിനോട് കാര്യം വിശദീകരിക്കുന്ന രംഗമാണ് പറയുന്നത്. ‘യൂസുഫിനെ ചെന്നായ പിടിച്ചുവെന്ന് ഞങ്ങള്‍ സത്യപ്പെടുത്തിയാലും താങ്കള്‍ വിശ്വസിക്കില്ലെ’ന്ന് അവര്‍ യഅ്ഖൂബ് നബിയോട് പറയുന്നുണ്ട്. ‘വമാ അന്‍ത ബി മുഅ്മിനിന്‍ ലനാ’ (താങ്കള്‍ ഞങ്ങളെ വിശ്വസിക്കില്ലല്ലോ) എന്നാണ് ഖുര്‍ആന്‍ ഉപയോഗിച്ചിരിക്കുന്നത്. അഥവാ സഹോദരന്മാര്‍ പറയുന്നതിനെ സത്യപ്പെടുത്തുമ്പോഴാണ് അക്കാര്യത്തില്‍ ഈമാന്‍ ഉണ്ടാകുന്നത്. ഈ ആയത്തിനെ അടിസ്ഥാനപ്പെടുത്തി വിശ്വാസമെന്നാല്‍ സത്യപ്പെടുത്തലാണ് എന്ന് ഭാഷാപരമായി അര്‍ഥമാക്കാറുണ്ട്. അതേസമയം, മതപരമായി ഈമാന്‍ എന്നതിന്റെ വിവക്ഷ കുറച്ചുകൂടി വിശാലമാണ്. സത്യപ്പെടുത്തലും അംഗീകാരം നല്‍കലുമാണ് അതിന്റെ സത്ത. ഈമാനിന്റെ അടിസ്ഥാനത്തെക്കുറിച്ച് അല്ലാഹു ഖുര്‍ആനില്‍ മറ്റൊരിടത്ത് ഇങ്ങനെ പറയുന്നുണ്ട്: ”നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം, എന്നാല്‍ അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദഗ്രന്ഥത്തിലും പ്രവാചകന്മാരിലും വിശ്വസിക്കുകയും (ചെയ്യുന്നതിലാകുന്നു പുണ്യം)” (ഖുര്‍ആന്‍ 2:177). നബി(സ)യുടെ കാലത്തുണ്ടായ ഖിബ്‌ല മാറ്റമാണ് ഈ വചനത്തിന്റെ അവതരണ പശ്ചാത്തലമെങ്കിലും ഇസ്‌ലാമികമായി വിശ്വാസം കൊണ്ട് അര്‍ഥമാക്കുന്നത് ഈ ആയത്തില്‍ നിന്നു വ്യക്തമാണ്. അല്ലാഹു, അന്ത്യദിനം, മലക്കുകള്‍, വേദഗ്രന്ഥം, പ്രവാചകന്മാര്‍ എന്നിവരില്‍ വിശ്വസിക്കാനാണ് ആവശ്യപ്പെടുന്നത്. അദൃശ്യവും ദൃശ്യവുമായ ലോകത്തെക്കുറിച്ചുള്ള (ആലമുല്‍ ഗൈ്വബി വശ്ശഹാദ) വിശ്വാസമാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്.
വിശ്വാസം ഇല്ലാതെ മനുഷ്യന് ഭൗതികലോകത്തു പോലും ജീവിക്കാന്‍ സാധിക്കില്ല. ഒരാള്‍ കോണിപ്പടി കയറുന്നത് മുകളിലേക്കുള്ള ഓരോ പടിയും ഉറപ്പുള്ളതാണ് എന്ന വിശ്വാസത്തിലാണ്. രോഗം വന്നാല്‍ ഡോക്ടറെ കാണിക്കുന്നതും, മുമ്പില്‍ കൊണ്ടുവെച്ചിരിക്കുന്ന ഭക്ഷണം കഴിക്കുന്നതുമെല്ലാം വിശ്വാസം കൂടി ഉള്ളതുകൊണ്ടാണ്. എന്നാല്‍, ഈ വിശ്വാസരംഗത്ത് അറിവു കൂടി ഉപോദ്ബലകമായി വര്‍ത്തിക്കുന്നുണ്ട്. ഡോക്ടര്‍ക്ക് വൈദ്യശാസ്ത്രത്തില്‍ ബിരുദമുണ്ടെന്ന അറിവാണ് നമ്മുടെ വിശ്വാസം. ഈ വിശ്വാസമേഖലകളൊന്നും തന്നെ ശാസ്ത്രീയമായി പരീക്ഷണം നടത്തി തെളിയിച്ചതല്ല. അതുകൊണ്ടുതന്നെ ഭൗതികമായ പരീക്ഷണങ്ങളിലൂടെ വിജയിച്ച് നേടിയ അറിവ് മാത്രമല്ല നമ്മുടെ വിശ്വാസത്തിന്റെ ആധാരം. അതുകൊണ്ടുതന്നെ വിശ്വാസം എന്നതിന്റെ വിപരീത പദം യുക്തിബോധമല്ല, മറിച്ച് അന്ധവിശ്വാസമാണ്. വിശ്വാസം അല്ലെങ്കില്‍ യുക്തി എന്ന രൂപത്തില്‍ അതു രണ്ടും വിപരീത ദിശകളില്‍ സഞ്ചരിക്കുന്ന മേഖലകളാണ് എന്നു ചിലര്‍ വ്യാഖ്യാനിക്കാറുണ്ട്. വിശ്വാസത്തിന്റെ വിപരീതദിശയില്‍ സഞ്ചരിക്കുന്നത് അന്ധവിശ്വാസമാണ്.
അന്ധവിശ്വാസം എന്നാല്‍ ഒരു നിരീശ്വരവാദിയോ ഈശ്വരവിശ്വാസിയോ അദൃശ്യകാര്യങ്ങളെക്കുറിച്ച് നടത്തുന്ന അന്ധത നിറഞ്ഞ വിശദീകരണങ്ങളാണ്. ദൈവം, സ്വര്‍ഗം, നരകം തുടങ്ങിയവയെക്കുറിച്ച് വെളിച്ചം പകരുന്ന അറിവുകള്‍ അല്ലാഹു നല്‍കിയിട്ടുണ്ട്. ജ്ഞാനശാസ്ത്രമനുസരിച്ച് അറിവിന്റെ സ്രോതസ്സുകളില്‍ ദിവ്യബോധനവും ഉള്‍പ്പെടുന്നതാണ്. അദൃശ്യലോകത്തെക്കുറിച്ച് അല്ലാഹു നല്‍കിയ ദിവ്യബോധനമാണ് യഥാര്‍ഥ അറിവ്.
അതേസമയം, ഒരു യുക്തിവാദിയോ നിരീശ്വരവാദിയോ അല്ലെങ്കില്‍ ദൈവവിശ്വാസി തന്നെയോ അദൃശ്യലോകത്തെക്കുറിച്ചുള്ള ദിവ്യബോധനത്തെ അസന്നിഹിതമാക്കി നടത്തുന്ന വിശദീകരണങ്ങളും വ്യാഖ്യാനങ്ങളുമാണ് അന്ധവിശ്വാസം. ഇത്തരം അന്ധവിശ്വാസങ്ങളെല്ലാം തന്നെ അനാചാരങ്ങളിലേക്കും മനുഷ്യത്വവിരുദ്ധമായ നടപടികളിലേക്കും ചെന്നെത്തിക്കും. അതിനാല്‍ തന്നെ യഥാര്‍ഥ ദൈവവിശ്വാസിക്ക് അന്ധവിശ്വാസിയാകാന്‍ സാധിക്കില്ല. എന്നാല്‍ യുക്തിവാദി-നിരീശ്വരവാദികളും ദൈവവിശ്വാസത്തെ വേണ്ടത്ര മനസ്സിലാക്കാത്തവരും അന്ധവിശ്വാസത്തിലേക്ക് വീണുപോവാന്‍ സാധ്യതയുണ്ട്.